2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച

അമ്മ, ഞാനും

മൂര്‍ധാവില്‍ അച്ഛന്‍ ഉമ്മവച്ചേടത്തു-
നിന്നൊരു മിന്നല്‍പ്പിണര്‍ പുളഞ്ഞ്,
അടിവയറ്റില്‍ തൊട്ട് ,
ഒരു നിണപ്പുഴയൊഴുക്കി,
വേദനിപ്പിച്ച് , കരഞ്ഞ്. പിടഞ്ഞ്, വഴുക്കി
പുറത്തേയ്ക് വന്നതാണ് ഞാനെന്ന്,
അമ്മ........

ഇനിയും ജീവന്‍ കിളിര്‍പ്പിച്ച്,
വേദനിച്ച് പുളഞ്ഞൊടുവിലൊരു,
അമ്മ വിളികേട്ട്,
നിറവില്‍ ചിരിയ്ക്കേണ്ടവളാണ് ഞാനെന്ന്,
വെറുതേ വീണ്ടും വീണ്ടും,
അമ്മ പറഞ്ഞുകൊണ്ടേയിരിക്കുന്നു.....

ഒട്ടും പുതുമയില്ലെന്ന് പറഞ്ഞ്...
ചിറികോട്ടി ചിരിച്ചപ്പോള്‍,
ദേഷ്യം കനപ്പിച്ച് അമ്മ,
വീണ്ടും അടുക്കളച്ചൂടിലേയ്ക്ക്,
ഒന്നുമറിയാതെ അകത്ത് അച്ചന്റെ,
മുറിയില്‍ ഒരു നേര്‍ത്ത താരാട്ട് മുറിയുന്നു....

മനസ്സിലൊഴുകിപ്പരന്ന നിണപ്പുഴയില്‍
എത്ര പേര്‍ ജനിച്ചു മരിച്ചു......
കണക്കില്ലാത്ത സ്വപ്ന ബീജങ്ങള്‍,
കൈകാല്‍ മുളച്ചെഴുന്നേറ്റുവന്നു,
തൊട്ടടുത്ത ശൈത്യത്തില്‍ മരവിച്ചും,
പിന്നാലെ വന്ന വേനലില്‍,
പൊള്ളിയും മരിച്ചുപോയ്.......

ഇടര്‍ച്ച തളര്‍ത്തുന്ന,
ചില നേരങ്ങളില്‍,
അമ്മയ്ക്ക് മുഖം കൊടുക്കാതെ,
ചില ശുഭ്ര സ്വപ്നങ്ങളിനിയുമുണ്ടന്ന് ,
കള്ളം പറഞ്ഞ്, പ്രതീക്ഷയുടെ
ഒരു പിടി പാഴ്വാക്കുകളുച്ചരിച്ച്,
മടക്കയാത്രയ്ക്ക് ഭാണ്ഡം മുറുക്കുന്നു.....

അമ്മ വീണ്ടുമൊരു സ്വപ്നത്തിന്,
വെള്ളവും വളവും കോരി,
വീണ്ടും അടുക്കളവേവില്‍,
പലഹാരങ്ങള്‍ പൊതികെട്ടിയൊരുക്കി......

ഒടുവില്‍ ഞാന്‍ പടിയിറങ്ങുന്പോള്‍,
ഇവിടെ ഞങ്ങള്‍ രണ്ടുപേര്‍,
നിന്നിലൂടൊരു ജന്മപുണ്യത്തിന്,
കാത്തിരിക്കയാണെന്നോര്‍മ്മിപ്പിച്ച്,
അച്ഛന്റെ ഇടംചുമലില്‍ തലചേര്‍ത്തമ്മ
വീണ്ടും സാരിത്തലപ്പ് മുഖത്തേയ്ക്കടുപ്പിച്ചു........

8 അഭിപ്രായങ്ങൾ:

  1. അമ്മക്ക് പകരം അമ്മ മാത്രം..

    മറുപടിഇല്ലാതാക്കൂ
  2. ഒരു ജീവന്റെ പുഴ കടലിലെത്താതെ...
    കുത്തൊഴുക്കിനു മുന്നിലുള്ളൊരു സമതലത്തില്‍ ഭൂമിയും കാലവും
    ഊറ്റിക്കുടിച്ചു ധൂര്‍ത്തമായ് തീരുംബോഴുള്ള പര്‍വ്വത ശിഖരങ്ങളുടെ
    നൈരാശ്യം പറഞ്ഞറിയിക്കാമോ.... ???!!!!
    ചിത്രകാരന്റെ ആശംസകള്‍ !!!

    മറുപടിഇല്ലാതാക്കൂ
  3. അമ്മ,അച്ഛന്‍,മകള്‍
    മകളിലൂടെ വീണ്ടും
    ജനനത്തിന്റെ
    ഇന്ദ്രധനുസ്സുകള്‍.
    ഒപ്പം ദുഖത്തിന്റെ
    മിഴി നനവുകള്‍.
    വളരെ നല്ല കവിത.
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  4. അമ്മ, എല്ലാം അമ്മ. ജീവിതമാകുന്ന ദീപശിഖ തലമുറകളിലേക്ക് കൈമാറുന്ന അമ്മ. നല്ല കവിത.

    മറുപടിഇല്ലാതാക്കൂ