2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

പഴയവഴി

എന്നില്‍ നിന്നു നീയും
നിന്നില്‍ നിന്നു ഞാനും
അടര്‍ന്നു മാറുന്പോള്‍
നമ്മളില്ലാതാകുമെന്നോര്‍ക്കാതെ
ഞാനിന്നും ചില മിനുങ്ങുവെട്ടങ്ങളെത്തേടി
കാറ്റിനും മഴയ്ക്കുമൊപ്പം
പഴയവഴികളിയെ യാത്രക്കാരിയാകുന്നു...........

മതിലരികില്‍ എന്റെ കണ്ണിലെ നനവു തൊട്ടു,
നീ വരച്ചിട്ട ചിത്രങ്ങള്‍,
പായല്‍പിടിച്ച് മങ്ങിയ പച്ചനിറത്തില്‍,
ഇപ്പൊഴും കഥ പറഞ്ഞേയിരിക്കുന്നു......

എത്രയോ സത്യമായിരിക്കുന്നു,
പഴയ വഴി വീണ്ടും വന്നിരിക്കുമെന്ന്,
എന്നെയോര്‍ത്തുനീ ആത്മഗതം കൊണ്ടത്,
ഒടുക്കം വാതുവച്ച് കരയിച്ചത്........

ഇനി പല മഴയത്തും
തനിച്ചായിരിക്കുമെന്നോര്‍മ്മിപ്പിച്ച്,
ഉള്ളംകയ്യിലേയ്ക്ക് ധൈര്യമാവാഹിച്ചുതന്ന്,
പഴയമഴക്കാലത്തില്‍ ചേര്‍ത്തുനടത്തിയത്,
ഇന്നലെ അതേ മഴയുടെ ആവര്‍ത്തനത്തില്‍
ഞാന്‍ കുതിര്‍ന്ന്, വിറകൊണ്ട് തനിയേ നടന്നു

ഒരിക്കലും ഒന്നുചേരില്ലെന്ന് ശഠിച്ച് ,
ചില ഒറ്റയടിപ്പാതകള്‍,
നീണ്ടു നനഞ്ഞു കിടക്കുകയാണ്....
ചില വഴുക്കിന്റെ പാടുകള്‍ കാണിച്ച്,
ഓര്‍മ്മകളില്‍ മുറുകെപ്പിടിച്ചുകൊള്ളുകയെന്ന്,
മൗനമായ്പ്പറഞ്ഞ്,
അരികിലുണ്ടെന്നോര്‍മ്മിപ്പിച്ച്,
വെറുതെയൊരു മഴപ്പാട്ട്......
കാലംതെറ്റിപ്പെയ്യുന്ന മഴയ്ക്കൊപ്പം,
ഈണം തെറ്റി ആരോ പാടുന്നു,
പഴയ അതേ മഴപ്പാട്ട് .......

4 അഭിപ്രായങ്ങൾ:

  1. വഴുക്കലുള്ള ഒറ്റയടിപ്പാതകളില്‍ ഒര്‍മ്മയെ മുറുകെപ്പിടിച്ച് ഒറ്റക്കു നടക്കുകതന്നെയാണു ജീവിതം.

    മറുപടിഇല്ലാതാക്കൂ
  2. മഴ പെയ്യ്തു വീണ പടികളില്‍ പച്ച പായലും കരിയിലകളും മെല്ലെ വകഞ്ഞു മാറ്റിയാല്‍ കാണാം നിന്നെ തേടിയലഞ്ഞ എന്‍റെ കാല്‍പ്പാടുകള്‍.....എന്‍റെ സത്യങ്ങള്‍ എന്ന എന്‍റെ കഥയില്‍ നിന്ന്.....

    മഴ....നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. ഓര്‍മ്മകളില്‍ മുറുകെപ്പിടിച്ചുകൊള്ളുകയെന്ന്,
    മൗനമായ്പ്പറഞ്ഞ്,
    അരികിലുണ്ടെന്നോര്‍മ്മിപ്പിച്ച്,

    മറുപടിഇല്ലാതാക്കൂ