feminism എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
feminism എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 മാർച്ച് 24, ചൊവ്വാഴ്ച

അഴീക്കോട്‌ മാഷെന്താ ഇങ്ങനെ പറഞ്ഞത്‌ ?


നാട്ടിലെ ഫെമിനിസ്റ്റ്‌ പട്ടാളം അറിഞ്ഞിട്ടുണ്ടോ അതോ അറിഞ്ഞിട്ടും ഹാ പോട്ടേന്നും കരുതി അറിഞ്ഞില്ലെന്ന മട്ടിലിരിക്കുകയാണോ എന്നൊന്നും എനിക്കറിയില്ല.

പക്ഷേ കാര്യം അറിഞ്ഞപ്പോള്‍ എന്റെ കണ്ണു തള്ളിപ്പോയി, കരളു കിടുങ്ങിപ്പോയി. പിന്നല്ലാതെ ഇമ്മാതിരി കാര്യങ്ങളൊക്കെ ഇങ്ങനെ പറഞ്ഞാല്‍ അതും പ്രഗത്ഭരും പ്രശസ്‌തരും ഗുരുസ്ഥാനീയരുമൊക്കെ ആയവര്‍ പറഞ്ഞാല്‍ എന്നെപ്പോലുള്ള അല്‍പജ്ഞാനികള്‍ക്ക്‌ എങ്ങനെ ദഹിക്കും.

സ്‌ത്രീ-പുരുഷ സമത്വത്തിലും തുല്യതയിലും വിശ്വസിക്കുകയും നാടിനും വീടിനും അത്‌ ഗുണം ചെയ്യുമെന്ന്‌ കരുതുകയും ചെയ്യുന്ന എന്നെപ്പോലുള്ള ചില പാവം ഹ്യുമനിസ്റ്റുകളും സോഷ്യല്‍ ഫെമിനിസ്റ്റുകളും ഇതൊക്കെ കേട്ടാല്‍ നടുങ്ങുമെന്നുറപ്പ്‌.

എന്താണ്‌ കാര്യമെന്ന്‌ മനസ്സിലായോ സ്‌ത്രീയും പുരുഷനും തുല്യരായാല്‍ വംശം മുടിയും എന്ന്‌ ഞാന്‍ പത്രത്തില്‍ വായിച്ചു- ഇത്‌ പറഞ്ഞയാളെക്കൂടി അറിയുമ്പോഴേ എന്റെ ഷോക്കിന്റെ ഒരു കടുപ്പം എത്രയാണെന്ന്‌ മനസ്സിലാക്കാന്‍ കഴിയൂ സാക്ഷാന്‍ അഴീക്കോട്‌ മാഷ്‌ അതായത്‌ നമ്മുടെ സാഹിത്യ നിരൂപകനും പ്രാസംഗികനുമായ സാക്ഷാല്‍ സുകുമാര്‍ അഴീക്കോട്‌.

പല പത്രങ്ങളില്‍ നിന്നാണ്‌ വാര്‍ത്ത കണ്ടത്‌. ചിലേടത്ത്‌ വംശം മുടിയുമെന്നും ചിലേടത്ത്‌ സ്‌ത്രീ കുലം മുടിയുമെന്നുമാണ്‌ അച്ചടിച്ചു വന്നിരിക്കുന്നത്‌. കൊച്ചിയില്‍ തിങ്കളാഴ്‌ച ശിശുവികസന കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം യഥാര്‍ത്ഥത്തില്‍ പറഞ്ഞതെന്തെന്ന്‌ അറിയാന്‍ ചാനലുകളൊന്നും കാണാനും പറ്റിയില്ല.

പത്രങ്ങളില്‍ പറഞ്ഞതനുസരിച്ച്‌ പറഞ്ഞത്‌ ഇതുതന്നെയാണ്‌. എന്താണെങ്കിലും ഇതുകൊണ്ട്‌ എന്താണ്‌ അദ്ദേഹം ഉദ്ദേശിച്ചതെന്നും വ്യക്തമാകുന്നില്ല. പുരുഷനും സ്‌ത്രീയും മാസികമായും ശാരീരികമയും തുല്യതയിലെത്തിയാല്‍ പുരുഷന്‍ സ്‌ത്രീകളെപ്പോലെ പ്രസവിക്കാന്‍ തുടങ്ങുമെന്നും സ്‌ത്രീയ്‌ക്ക്‌ മാത്രമായി കിട്ടിയ ആ അവകാശം പുരുഷന്മാര്‍ തട്ടിയെടുക്കുമെന്നുമാണോ

പുരുഷന്‍ പ്രവിക്കുന്ന ഇക്കാലത്ത്‌ ഇത്തരമൊരു വാദത്തിന്‌ പ്രസക്തിയില്ലല്ലോ. ഇനി അല്ല രണ്ടുകൂട്ടരും കൂടി ഒന്നിച്ച്‌ തോളോടുതോള്‍ ചേര്‍ന്ന്‌ ജീവിച്ചാല്‍ വംശം മുടിയുമെന്നായിരിക്കുമോ. ആണെങ്കില്‍ അതെങ്ങനെയായിരിക്കും സംഭവകിക്കുക.

ഈ വാചകത്തിന്‌ പിന്നാലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുവെന്ന്‌ വച്ച്‌ സ്‌ത്രീകള്‍ പുരുഷനൊപ്പം എത്തില്ല. സ്‌ത്രീയുടെ ദുര്‍ബലത തന്നെയാണ്‌ അവളുടെ ഏറ്റവും വലിയ ശക്തി, പിന്നെ സ്‌ത്രീ നന്മയുടെ ഉറവിടമാണ്‌ , മാതൃത്വം ഇത്യാദി കാര്യങ്ങളെയൊക്കെ അദ്ദേഹം പൊക്കിപ്പറഞ്ഞിട്ടുണ്ട്‌.

എന്നാലും ഈ വംശം മുടിയുന്നതെങ്ങനെയെന്ന്‌ എനിക്ക്‌ ഒരു പിടിയും കിട്ടുന്നില്ല. മാത്രമല്ല ഇത്‌ വായിച്ചിട്ട്‌ എനിക്കാതെ ചൊറിഞ്ഞ്‌ കയറി എന്നു പറഞ്ഞാല്‍ ഒട്ടും തെറ്റില്ല. പണ്ടത്തേപ്പോലെ അദ്ദേഹം എഡിറ്ററായിരുന്നകാലത്ത്‌ വര്‍ത്തമാനം ദിനപ്പത്രത്തില്‍ ജോലിചെയ്യുമ്പോഴായിരുന്നു ഈ സംഭവമെങ്കില്‍ ഇടക്കിടെ അദ്ദേഹം ഓഫീസില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഞാനിതിന്റെ അര്‍ത്ഥം വളരെ ഭവ്യയും വിനീതയുമായി നേരിട്ടു ചോദിച്ചു മനസ്സിലാക്കിയേനെ.

പക്ഷേ ഇപ്പോ എന്താ ചെയ്യാ. നേരിട്ട്‌ വിളിച്ചിട്ട്‌ അങ്ങെന്താണ്‌ ഇങ്ങനെയൊക്കെ സ്‌ത്രീ-പുരുഷ തുല്യതയെക്കുറിച്ച്‌ പറഞ്ഞതെന്ന്‌ ചോദിക്കാന്‍ പറ്റാത്ത ഒരു പരമകീടമായിപ്പോയസ്ഥിതിയ്‌ക്ക്‌ ഒന്നും സാധിയ്‌ക്കുകയുമില്ല.

സ്‌ത്രീയും പുരുഷനും മത്സരിച്ച്‌ സമത്വം കൈവരിക്കണമെന്നോ പുരുഷന്മാരെപ്പോയൊക്കെ സ്‌ത്രീകള്‍ക്ക്‌ നടക്കാന്‍ സാധിക്കണമെന്നോ ഒന്നുമല്ല എന്റെ വാദം. മറിച്ച്‌ സ്‌ത്രീ സമത്വം സ്‌ത്രീ സംവരണം എന്നൊക്കെപ്പറഞ്ഞ്‌ നമ്മളെത്രകാലമായി ഇങ്ങനെ സ്വപ്‌നം കാണാന്‍ തുടങ്ങിയിട്ട്‌.

അപ്പോള്‍ ഇത്രേം പ്രമുഖനായ ഒരാള്‍ അത്‌ വംശം മുടിപ്പിക്കുമെന്ന്‌ പറഞ്ഞത്‌ ഏതര്‍ത്ഥത്തില്‍ മനസ്സിലാക്കണം. തിരഞ്ഞെടുപ്പില്‍ സ്‌ത്രീകള്‍ മത്സരിക്കുന്നത്‌ പുരുഷനോളമെത്താന്‍ വേണ്ടിയാണോ, അല്ലല്ലോ സ്‌ത്രീയായത്തന്നെ തിരഞ്ഞെടുപ്പിന്‌ ശേഷം (ജയിച്ചാല്‍) പ്രവര്‍ത്തിക്കാന്‍ വേണ്ടിത്തന്നെയല്ലേ.

ജനപ്രതിനിധിയെന്ന രീതിയില്‍ ഒരു പുരുഷന്‌ ചെയ്യുന്നതൊക്കെ സ്‌ത്രീയ്‌ക്കും ചെയ്യാന്‍ കഴിയില്ലേ. ഇല്ലെങ്കില്‍ നമ്മുടെ വനിതാ നേതാക്കളൊക്കെ എങ്ങനെയുണ്ടായി. ഞങ്ങളോടൊപ്പം എത്തില്ല നിങ്ങള്‍ എന്നും പറഞ്ഞാണോ ഓരോ പാര്‍ട്ടിയിലെയും പുരുഷപ്രതിനിധികള്‍ വനിതാസ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുകയും അവര്‍ക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്യുന്നത്‌. എനിക്കിപ്പോള്‍ ഇതേ സംശയമുള്ള ഈ സ്‌ത്രീ-പുരുഷ സമത്വം എന്ന്‌ വച്ചാല്‍ എന്താ?

വാര്‍ത്ത മാതൃഭൂമിയില്, കൗമുദിയില്‍

2009 ഫെബ്രുവരി 5, വ്യാഴാഴ്‌ച

അവരെന്നെ ഫെമിനിസ്റ്റാക്കി



പലരും പറഞ്ഞിട്ടുണ്ട് ഇപ്പോഴും പറയാറുണ്ട് കളിയാക്കാറുണ്ട് ഞാനൊരു ഫെമിനിസ്റ്റാണെന്നേ. ഹ്യൂമനിസ്റ്റ് മാത്രമാണെന്ന് തിരുത്തിയാലും അവര്‍ വീണ്ടും വീണ്ടും ഫെമിനിസ്റ്റ് എന്ന് എന്‍റെ മേല്‍ മുദ്രകുത്തി.

സത്യം പറഞ്ഞാല്‍ അന്നൊന്നും ഈ പെണ്ണിസത്തെക്കുറിച്ച് എനിയ്ക്കൊന്നും അറിയില്ലായിരുന്നു. സ്ലീവ് ലസ് ബ്ലൗസിട്ട് ചുണ്ടില്‍ ചായവും തേച്ച് നടക്കുന്ന അമ്മച്ചിമാര്‍ ഭര്‍ത്താക്കന്മാരെ ഭരിക്കാനുപയോഗിക്കുന്ന ഒരു തന്ത്രമാണ് ഇതെന്നായിരുന്നു എന്‍റെ വിശ്വാസം.

പിന്നീട് പിജിയ്ക്ക് പഠിയ്ക്കുന്പോഴാണ് സ്ത്രീസമത്വതാ വാദമെന്ന ഈ ഫെമിനിസത്തിന് ഒരു ചരിത്രമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത്. വെര്‍ജിനിയ വൂള്‍ഫിനെക്കുറിച്ച് കേട്ടിട്ടില്ലേ, ഫെമിനിസത്തിന്‍റെ ആധികാരിക ഗ്രന്ഥമെന്ന് വിളിയ്ക്കാവുന്ന എ റൂം ഓഫ് വണ്‍സ് ഓണ്‍ എന്ന പുസ്തകം എഴുതിയ ഇംഗ്ലീഷ് എഴുത്തുകാരി.

പുസ്തകത്തിന്‍റെ ചുരുക്കം ഇതാണ് "പെണ്ണിന് സ്വന്തമായി ഒരു മുറിയും സ്വന്തമായി പണവും വേണം എങ്കിലേ സ്ത്രീസമത്വം സാധ്യമാകൂ". പുസ്തകം വായിച്ച് വായിച്ച് ഞാന്‍ ആകെ ഒരു ചിന്താകുഴപ്പത്തിലായി.

വീട്ടില്‍ സ്വന്തം മുറിയുണ്ടായിട്ടും അത് എന്‍റെ സ്വന്തമായിരിക്കണമന്ന് ഞാന്‍ വാശിപിടിച്ചു. അനിയന്‍റെ സാധനങ്ങളൊക്കെ കൊണ്ടുപോയി അവന്‍റെ മുറിയില്‍ വച്ചു. വാതിലിന് പുറത്ത് മൈ ഓണ്‍ റൂം എന്നെഴുതിവച്ചു. അതിഥികല്‍ വരുന്പോള്‍ പോലും മുറി പങ്കുവയ്ക്കന്‍ സമ്മതിക്കാതായതോടെ അമ്മയും അച്ഛനും പകച്ചുപോയി.

കാര്യം ചോദിച്ചപ്പോള്‍ ഞാന്‍ വെര്‍ജിനീയ വൂള്‍ഫിനെക്കുറിച്ചും ഒരു പെണ്ണിന് സ്വന്തമായി മുറിയും പണവും ഉണ്ടാവേണ്ടതിന്‍റെ ആവശ്യത്തെക്കുറിച്ചും ചെറിയൊരു പ്രസംഗം നടത്തി.

അല്പസ്വല്പം ഫെമിനിസ്റ്റായ അമ്മപോലും അന്തിച്ചുപോയി. ഇടക്കിടെവന്ന കല്യാണാലോചനകള്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ അമ്മ ഉറപ്പിച്ചു വായിച്ച് വായിച്ച് ഇവളൊരു റാഡിക്കല്‍ ഫെമിനിസ്റ്റായെന്ന്, പുരുഷന്മാരെ അമ്പേ തള്ളിക്കളയുന്ന ഒരു ഹാര്ഡ് കോഡ് ഫെമിനിസ്റ്റായിപ്പോയെന്ന്..

പക്ഷേ സ്വന്തമായി റൂം മാത്രമല്ല സന്പത്തിനെ പെണ്ണുങ്ങളില്‍ നിന്നും മാറ്റിവച്ച് കീശയുള്ള കുപ്പായങ്ങള്‍ സ്വന്തമാക്കിയ പുരുഷ മേധാവിത്ത സമൂഹത്തിനെതിരെ ഞാന്‍ സമരം പ്രഖ്യാപിച്ചു. പാവാടയ്ക്കും ചുരിദാറിനും ഒക്കെ ഞാന്‍ കീശകള്‍ തുന്നിച്ചു. പക്ഷേ കീശയിലിടാന്‍ പണം അച്ഛനോടോ അമ്മയോടോ വാങ്ങിയ്ക്കണം.

അതോര്‍ത്തപ്പോഴാണ് ശരിയ്ക്കും പറഞ്ഞാല്‍ എന്‍റെയുള്ളിലെ ഫെമിനിസ്റ്റിന് ചിന്തിയ്ക്കാന്‍ ശേഷിയുണ്ടായത്. അതുപറഞ്ഞ് അച്ഛനും അമ്മയും കളിയാക്കിയതില്‍പ്പിന്നെ ‍ സ്വന്തമായി കാശുണ്ടാക്കുന്നതുവരെ കീശയ്ക്കുവേണ്ടി വഴക്കുണ്ടാക്കിയില്ല. ഒരു ദിവസം ആരും കാണാതെ വാതിലിന് മുകളില്‍ പതിച്ചുവച്ച എന്‍റെ മുറിയെന്ന നോട്ടീസ് ഞാന്‍ കീറിക്കളഞ്ഞു.

അമ്മ പറഞ്ഞു ഇസങ്ങളെല്ലാം മനുഷ്യന്‍റെ നന്മയ്ക്കുവേണ്ടിയുള്ളതാണെന്ന്. അത് ആരോടും യുദ്ധം പ്രഖ്യാപിക്കാനുള്ളതല്ലെന്ന്. അച്ഛനൊരു ഫെമിനിസ്റ്റാണെന്ന് പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്. വീട്ടില്‍ നടത്തിയ നീരീക്ഷണത്തില്‍ എനിയ്ക്കത് മനസ്സിലാവുകയും ചെയ്തു.

അമ്മയ്ക്ക് സ്വന്തമായി ഉപയോഗിക്കാന്‍ ഒരു മേശയുണ്ട്, അത് അമ്മയോട് പറയാതെ അച്ഛന്‍ തുറക്കുന്നത് ഞാന്‍ കണ്ടിട്ടില്, സാന്പ്ത്തിക കാര്യങ്ങളിലും തീരുമാനങ്ങളിലും അമ്മയ്ക്കും തുല്യ പങ്കാളിത്തം. അമ്മയ്ക്ക് അച്ഛനോടുള്ള സ്നേഹത്തിന്‍റെ ഗുട്ടന്‍സും അപ്പോഴാണെനിയ്ക്ക് മനസ്സിലായത്. പതിയെ അമ്മയും അച്ഛനും ചേര്‍ന്ന് എന്നെയൊരു ഹ്യുമനിസ്റ്റാക്കി

പക്ഷേ വെര്‍ജിനിയ വൂള്‍ഫിനെ ഞാന്‍ മറന്നുകളഞ്ഞില്ല. സ്വന്തമായി പണമുണ്ടെങ്കിലേ സ്ത്രീയ്ക്ക് പുരുഷനൊപ്പം നില്‍ക്കാന്‍ കഴിയൂയെന്ന് അവര്‍ പറഞ്ഞത് എത്ര ശരിയാണ്. സ്വന്തമായി അവള്‍ക്കൊരു മുറി വേണമെന്ന് അവര്‍ പറഞ്ഞതും ശരിയല്ലേ. സത്യം പറഞ്ഞാല്‍ അവരെന്നെ ഒരു ഫെമിനിസ്റ്റാക്കി, പിന്നീട് ഞാനൊരു ഹ്യുമനിസ്റ്റായി.