2009, മേയ് 10, ഞായറാഴ്‌ച
ഇതെന്റെ അമ്മയ്‌ക്ക്
അമ്മ എന്നും അങ്ങനെയാണ് അച്ഛനൊപ്പം തന്നെ ഏത് പതര്‍ച്ചയിലും തളര്‍ച്ചയിലും നിഴലുപോലെ കൂടെനിന്ന് സ്വയം സംഭരിച്ച ധൈര്യം മുഴവന്‍ പകര്‍ന്ന് കൊടുക്കുക. അച്ഛനോടാണ് മാനസികമായി കൂടുതല്‍ അടുപ്പമുള്ളതെന്നുകൊണ്ടുവരെ വളര്‍ച്ചയുടെ ഒരു ഘട്ടംവരെ അമ്മ എന്നില്‍ അത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നില്ല.
എന്നാല്‍ ഡിഗ്രി പഠനകാലത്ത് അസുഖം വന്ന് വീട്ടില്‍ കിടപ്പായസമയത്താണ് അമ്മയിലെ എന്റെ അമ്മയെ ഞാന്‍ തിരിച്ചറിയുന്നത്. അനിയന്‍ കുട്ടിയോടാണ് സ്‌നേഹക്കൂടുതലെന്ന് പറഞ്ഞ് ഞാന്‍ വമ്പന്‍ ബഹളം വച്ച ഒരു ദിവസം അമ്മയെന്നോട് പറഞ്ഞ വാക്കുകള്‍.... പലപ്പോഴും അതാലോചിക്കുമ്പോള്‍ എങ്ങനെയെങ്കിലും ഓടി വീട്ടിലെത്തി അമ്മയെ വട്ടം ചുറ്റിപ്പിടിച്ച് ഒരു കറക്കം കറങ്ങണം എന്ന് തോന്നാറുണ്ട്.
അമ്മ അന്ന് പറയുകയായിരുന്നു. അവന്‍ ആണ്‍കുട്ടിയാണ് വീട്ടില്‍ വേണ്ടത്ര പരിഗണന കിട്ടിയില്ലെങ്കില്‍ ആണ്‍കുട്ടികളുടെ മനസ്സില്‍ എന്നും അതൊരു മുറിവായിരിക്കും, അവര് വഴിതെറ്റിപ്പോകാന്‍ വേറൊന്നും വേണ്ട, നീ എന്റെ മോളല്ലെ.... ഞാന്‍ തന്നെയല്ലേ.... പിന്നെ നിന്നോട് എന്തിനാണ് ഞാന്‍ പ്രത്യേകമൊരു സ്‌നേഹം കാണിക്കുന്നതെന്ന് അതില്‍പ്പിന്നെ ഒരിക്കലും ഞാനമ്മയുടെ സ്‌നേഹത്തെ അളന്നു തൂക്കിയിട്ടില്ല.
അച്ഛനാണ് അമ്മയുടെ ആത്മാവ് എങ്കിലും അച്ഛനോട് പറയരുതെന്ന് പറഞ്ഞ് ഞാനൊരു കാര്യം പറഞ്ഞാല്‍ അത് എല്ലാ കാലത്തും അമ്മയുടെ മനസ്സില്‍ ഭദ്രമാണ്. അച്ഛന്‍ പറയാറുണ്ട് അച്ഛന്റെ എല്ലാ ഐശ്വര്യവും അമ്മയാണെന്ന്. ഗള്‍ഫില്‍ ജോലിചെയ്യുന്നതിനിടെ ഉണ്ടായ വിഷമതകള്‍ മുഴുവന്‍ സഹിച്ച് പിടിച്ചുനില്‍ക്കാന്‍ അച്ഛന് കഴിഞ്ഞത് അമ്മയുടെ ഒരു സപ്പോര്‍ട്ട് കൊണ്ട് മാത്രമാണെന്ന്. പലപ്പോഴും അവരുടെ സ്‌നേഹവും പരസ്‌പരധാരണയും കണ്ട് ഞാന്‍ അതിശയിച്ചു പോയിട്ടുണ്ട്.
എനിയ്‌ക്ക് നല്ല ഓര്‍മ്മയുണ്ട്, ഒരിക്കല്‍ ഒരായുഷ്‌കാലം മുഴുവന്‍ ഒരു പുരുഷന്റെ മാത്രം മുഖം കണ്ട് ഉറക്കമുണരുമ്പോള്‍ ബോറടിക്കാറില്ലേ എന്ന് ചോദ്യം ഞാന്‍ ചോദിച്ച് തീരും മുമ്പേ കയ്യില്‍ കിട്ടിയ ചട്ടുകവുമെടുത്ത് അമ്മ എന്റെ പിന്നാലെ ഓടിയത്. പിന്നെയാണ് ഹോ ചോദ്യം എത്ര അബദ്ധമായിപ്പോയെന്ന് എനിക്ക് തോന്നിയത്.
മക്കള്‍ രണ്ടുപേരും ദൂരത്തായിരിക്കുന്നതിന്റെ വിഷമത്തനിടയിലും അച്ഛനും അമ്മയും ജീവിതം ആഘോഷിക്കുന്നു. എത്ര അകലത്തലായിരിക്കുമ്പോഴും അതാണ് എന്റെയൊരു സമാധാനം. അച്ഛന് അമ്മയും അമ്മയ്‌ക്ക് അച്ഛനും ഉണ്ട്.
വീട്ടില്‍ വന്നുപോയിട്ടുള്ള എന്റെ കൂട്ടുകാരെല്ലാം എന്നോട് അസൂയപ്പെടുന്ന ഓരേയൊരു കാര്യം ഇതാണ് അമ്മേടേം അച്ഛന്റേം പ്രേമം, സ്വന്തം അച്ഛന്റെ പിന്തുണയോടെ അമ്മയെ വിളിച്ചിറക്കിക്കൊണ്ടുവരാന്‍ പോയതും പിന്നീട് നാണക്കേട് ഭയന്ന് അമ്മയുടെ അച്ഛന്‍ വാശിവിട്ട് കല്യാണം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ കഥയുമൊക്കെ പറയുമ്പോള്‍ അച്ഛനിപ്പോഴും ആ പഴയ ഇരുപതികളിലെത്തുന്നതുപോലെ തോന്നാറുണ്ട്.
ഉഗ്രമായ വഴക്കില്‍ അകന്നു കഴിഞ്ഞിരുന്ന രണ്ടു കുടുംബങ്ങള്‍ ആ കല്യാണത്തോടെ ഹൃദയം കൊണ്ട് ഏറ്റവും അടുത്തവരായി. ആര്‍ക്കു കൊടുത്താലും മകളെ സുരേന്ദ്രന് കൊടുക്കില്ലെന്ന് പറഞ്ഞ മുത്തശ്ശന് സുരേന്ദ്രന്‍ പിന്നെ സ്വന്തം മകനേക്കാള്‍ പ്രധാനിയായി. അമ്മേടെ വീട്ടില്‍ എന്തിനും ഏതിനും അച്ഛനില്ലാതെ പറ്റില്ലെന്ന സ്ഥിതിയായി.
അച്ഛന് ഒരു ചെറിയ തലവേദന വന്നാല്‍ അമ്മയ്‌ക്കും, അമ്മയ്‌ക്കൊരു ചെറിയ പനി വന്നാല്‍ അച്ഛനും കാണിക്കുന്ന വെപ്രാളം കണ്ട് എനിക്ക് പലപ്പോഴും തോന്നാറുണ്ടായിരുന്നു. എന്താ ഇപ്പോ ഇത്ര പ്രശ്‌നം ഡോക്ടറെ ചെന്നു കണ്ടാല്‍പ്പോരേന്ന്. ഒരിക്കല്‍ ഇക്കാര്യം ഞാന്‍ ചോദിച്ചാ അച്ഛന്‍ പറയുകയായിരുന്നു വളര്‍ന്നുകഴിയുമ്പോ അതൊക്കെ മോള്‍ക്ക് മനസ്സിലാവുമെന്ന്.
വിവാഹത്തിന്റെ ഈ മുപ്പതാം വര്‍ഷത്തിലും അവര്‍ പഴയ പ്രണയം അതുപോലെ സൂക്ഷിക്കുന്നുവെന്ന് അച്ഛന്റെ പല കൂട്ടുകാരും പറയാറുണ്ട്. അതുകേള്‍ക്കുമ്പോള്‍ എന്റെയുള്ളിലുണ്ടാവാറുള്ള സന്തോഷം എതെങ്ങനെ പറഞ്ഞറിയിക്കുമെന്ന് എനിക്കുതന്നെ അറിയില്ല.
കഴിഞ്ഞ തവണ വീട്ടില്‍ ചെന്നപ്പോള്‍ അമ്മയുടെ കൈ പൊള്ളിയിരിക്കുന്നു. കാര്യം എന്താണന്ന് ചോദിച്ചപ്പോള്‍ അമ്മയും അച്ഛനും ഉരുണ്ടു കളിയ്‌ക്കുന്നു. പിന്നെ മുത്തശ്ശിയാണ് സസ്‌പെന്‍സ് പൊട്ടിച്ചത്. അമ്മ വിഷുക്കണിവയ്‌ക്കാന്‍ ഉണ്ണിയപ്പം ഉണ്ടാക്കാനായി മാവ് എണ്ണയിലേയ്‌ക്കൊഴിക്കുമ്പോള്‍ അച്ഛന്‍ വളരേ റൊമാന്റിക്കായി തീര്‍ത്തും അപ്രതീക്ഷിതമായി പിന്നിലൂടെ വന്ന് ഒരു കെട്ടിപ്പിടുത്തം അമ്മയുടെ കയ്യില്‍ നിന്നും മാവും തവിയും എല്ലാം കൂടെ എണ്ണയില്‍ വീണ് പിന്നെ ഒന്നും പറയേണ്ടല്ലോ കയ്യും വയറും ഒക്കെ പൊള്ളി നാശമായി.
ഇടയ്‌ക്ക് ഞാന്‍ വെറുതേ രണ്ടുപേരെയും ശ്രദ്ധിക്കുന്നേയില്ലെന്ന മട്ടില്‍ ഇരിക്കുമ്പോള്‍ ഇങ്ങനെയും മനുഷ്യര്‍ക്ക് പ്രേമിക്കാന്‍ കഴിയുമോ എന്ന് ആശ്ചര്യപ്പെട്ടുപോയിട്ടുണ്ട്. ചിലപ്പോഴൊക്കെ നല്ല മുട്ടന്‍ വഴക്കു കഴിഞ്ഞ് ചിലപ്പോള്‍ രണ്ടുപേരും ഉണ്ണാവ്രതം ഒക്കെ അനുഷ്ടിച്ചായിരിക്കും രാത്രി കിടക്കാന്‍ പോകുന്നത്.
ഹോ രണ്ടും കൂടി തല്ലുകൂടിച്ചത്തോ എന്നറിയാതെ രാവിലെ കണ്ണും തിരുമ്മി എഴുന്നേറ്റ് അടുക്കളയിലേയ്‌ക്ക് വരുമ്പോ ദേണ്ടെ അമ്മ അച്ഛനോട് കറിയിലെ ഉപ്പു നോക്കാന്‍ പറയുന്നു. അച്ഛന്‍ ചപ്പാത്തി പരത്തുന്നു രണ്ടുപേരേം തറപ്പിച്ചു ഒരു നോട്ടത്തിലൂടെ ഇതെന്തു കഥയെന്നചോദ്യം ചോദിച്ച് ബ്രഷും പേസ്റ്റുമെടുത്ത് ഞാന്‍ അടുക്കളയില്‍ നിന്നും ഇറങ്ങിപ്പോരും. അച്ഛന്റെ മുഖത്ത് അപ്പോഴുണ്ടാകാറുള്ള ചിരിക്ക് നല്ല അസ്സല്‍ ചമ്മലിന്റെ ഒരു ചാരുതയുണ്ട്.
വഴക്കിനിടെ അച്ഛന്‍ പലപ്പോഴും പറയുന്ന ഒരു കാര്യമിതാണ് ഹൊ ഇത്രേം വലിയ ഒരു ശല്യത്തെ ഞാന്‍ തലയിലെടുത്ത് വച്ചല്ലോ ആ നേരം കൊണ്ട് സ്വന്തം മുറപ്പെണ്ണിനെ കെട്ടിയാ മതിയായിരുന്നുവെന്ന്. കേള്‍ക്കേണ്ട താമസം അമ്മ ചന്ദ്രഹാസമിളക്കിക്കൊണ്ട് പണ്ട് വീട്ടില്‍ നിന്നും വിളിച്ചിറക്കാന്‍ വന്നതിക്കുറിച്ച് പറഞ്ഞ് അച്ഛന്റെ വായടയ്‌ക്കും.
അച്ഛന്റെ മുറപ്പെണ്ണ് ഇപ്പോഴും കല്യാണം കഴിയ്‌ക്കാതിരിക്കുന്നതുകൊണ്ടുതന്നെ അച്ഛന്‍ ആ മുറപ്പെണ്ണിന്റെ പേരു പറയുന്നത് പോലെ അമ്മയ്‌ക്ക് ശുണ്ട്‌ഠിയുണ്ടാക്കുന്ന മറ്റൊരു കാര്യവുമില്ല. ആ മുറപ്പെണ്ണിനെ കെട്ടാന്‍ അച്ഛന്റെ അപ്പച്ചി അച്ഛനോട് പറഞ്ഞപ്പോഴാണത്രേ അച്ഛന്റേം അമ്മേടേം പ്രണയകഥ കുടുംബത്ത് പാട്ടായത്. അതോടെ അച്ഛനെ മൗനമായി പ്രണയിച്ച അവര്‍ കല്യാണം വേണ്ടെന്ന് വയ്‌ക്കുകയായിരുന്നുവത്രേ. അച്ഛന്റെ മോളായതുകൊണ്ടായിരിക്കും എന്നോട് വല്യ സ്‌നേഹമാണ് ഒരു മാനസപുത്രി അപ്രോച്ച്
പലപ്പോഴും ഇവരുടെ പ്രണയം കണ്ട് അസൂയ തോന്നി ഞാന്‍ രണ്ടുപേരുടെയും ഇടയില്‍ കയറി ഒറ്റയിരിപ്പങ്ങ് ഇരിക്കും. ഇക്കാര്യത്തില്‍ എന്റെ അനിയന്‍ കുട്ടന്‍ വളരെ ഡിപ്ലോമാറ്റിക് ആണ് കേട്ടോ, ഭാവിയില്‍ കല്യാണം കഴിഞ്ഞാല്‍ സ്വന്തം ഭാര്യയ്‌ക്കുനേരെ അമ്മ പോരെടുക്കാതിരിക്കാന്‍ അവന്‍ അമ്മയെ കുപ്പീലാക്കാന്‍ ശ്രമിക്കുന്നതാണെന്നും അറിയില്ല.
ഇടക്കിടയ്‌ക്ക് ഏറ്റവും പുതുതായി റിലീസ് ചെയ്‌ത സിനിമയ്‌ക്ക് വേണ്ടി കാലേക്കൂട്ടി രണ്ടുപേര്‍ക്കുമായി ഓരോ ടിക്കറ്റ് റിസര്‍വ്വ് ചെയ്യും. അപ്രതീക്ഷിതമായി രണ്ടുപേരേം കൂട്ടി പുറത്തെവിടെയെങ്കിലും ഒരു ഡിന്നര്‍ ഇതൊക്കെയാണ് അവന്റെ ഏര്‍പ്പാടുകള്‍.
ആള്‍ക്കൂട്ടത്തിനിടയില്‍വച്ചും റോഡ് മുറിച്ച് കടക്കുമ്പോഴുമൊക്കെ അച്ഛന്‍ അമ്മയെ ചേര്‍ത്തു പിടിക്കുന്നത് കാണുമ്പോള്‍ ചെറുപ്പത്തില്‍ എനിക്ക് നാണക്കേട് തോന്നാറുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അച്ഛന്‍ അമ്മയെ ചേര്‍ത്തുപിടിച്ചില്ലെങ്കില്‍ അച്ഛനിട്ട് ഒരിടി കൊടുക്കാനാണ് എനിക്ക് തോന്നാറുള്ളത്. അമ്മയെ ചേര്‍ത്തു പിടിക്കാന്‍ കിട്ടുന്ന ഒരവസരവം അച്ഛന്‍ പാഴാക്കില്ലെന്നത് പിന്നെപന്നെ ഞാന്‍ മനസ്സിലാക്കി എന്തായാലും പുള്ളിക്കാരനും പുള്ളിക്കാരിയും വീട്ടില്‍ സ്വസ്ഥം സുഖം സന്തോഷം.
പ്രണയം തുടങ്ങി ഇന്നേവരെ അമ്മയുടെ ഒറ്റ പിറന്നാളം, വിവാഹവാര്‍ഷികവും മറന്നുപോകാതെ അച്ഛന്‍ സമ്മാനങ്ങള്‍ കൊടുത്തിരിക്കുന്നു അച്ഛന്റെ അനിയന്‍മാര്‍ പറയുന്നത് ഈ ഏട്ടനെ സമ്മതിക്കണം എന്നാണ് ഇവരില്‍പ്പലരും സ്വന്തം വിവാഹദിവസം പോലും ഓര്‍ത്തുവയ്‌ക്കാത്തവരാണെന്നതുകൊണ്ടുതന്നെ ചെറിയമ്മമാര്‍ക്കെല്ലാം അച്ഛന്‍ ഐഡിയല്‍ ഭര്‍ത്താവാണ്.
പലപ്പോഴും ഞാനോര്‍ക്കാറുണ്ട്. ഇവരില്‍ ആരെങ്കിലും ഒറ്റയ്‌ക്കായിപ്പോകുന്ന ഒരവസ്ഥയെക്കുറിച്ച്. ഇരുവരും ആ ശൂന്യതയെ എങ്ങനെ സഹിക്കുമെന്നോര്‍ത്തിട്ട്. വേര്‍പാട് സഹിച്ച് ഒരാള്‍ മാത്രം സങ്കടത്തോടെ ജീവിക്കുന്നതോര്‍ക്കുമ്പോഴേ എനിയ്‌ക്ക് നെഞ്ച് കുടുങ്ങുന്ന ഒരു വേദന തോന്നും.
ജീവിതത്തില്‍ പതറിപ്പോയ പലഘട്ടങ്ങളിലും അമ്മയായിരുന്നു എന്റെ താങ്ങ്. പുസ്‌കതക്കൂട്ടത്തിലേയ്‌ക്ക് കൈപിടിച്ചു നടത്തി. അടുക്കളയിലെ രുചിഭേദങ്ങള്‍ പറഞ്ഞു തന്ന് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ പഠിപ്പിച്ച് അങ്ങനെ അമ്മയെന്നെ ചേര്‍ത്തു നടത്തി. എന്നിട്ടും ഞാന്‍ തിരിച്ച് നല്‍കിയത് പലപ്പോഴും അമ്മയുടെ സ്വപ്‌നങ്ങളെ കരിയിച്ചു കളയുന്ന പലതുമായിരുന്നു.
മകളെ ഒരു പിഎച്ച്‌ഡിക്കാരിയാക്കണമെന്ന് അമ്മ സ്വപ്‌നം കണ്ടപ്പോള്‍ ഞാന്‍ പോയത് മറ്റൊരു വഴിക്ക്. പിന്നെ എന്നോ ഒരിക്കല്‍ നിരാശയോടെ അമ്മയിക്കാര്യം പറഞ്ഞപ്പോള്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് എങ്കിലും എഴുതിയെടുക്കുക എന്നതായിരുന്നു എന്റെ മുന്നിലുള്ള ഒരേയൊരു വഴി. യുജിസി സര്‍ട്ടിഫിക്കറ്റ് കൊണ്ടുചെന്ന് കയ്യില്‍ കൊടുത്തപ്പോള്‍ അമ്മയെന്നെ ചേര്‍ത്തു പിടിച്ച് നെറ്റിയില്‍ത്തന്ന മുത്തത്തിന് എന്നത്തേതിലും തണുപ്പും നനവുമുണ്ടിയിരുന്നു. അച്ഛന്റെ മനസ്സിലെ വിളക്കായി, വീടിന്റെ നാദമായി, മുത്തശ്ശിയുടെ താങ്ങായി എന്റെയും അനിയന്റെയും അവകാശമായി ഞങ്ങളുടെ അമ്മ.
എവിടെനിന്നും ആശ്വാസം കിട്ടുന്നില്ലെന്ന് തോന്നുന്ന അവസരങ്ങളിള്‍ ഇപ്പോഴെനിക്ക് എന്റെ അമ്മയുടെ നെഞ്ചില്‍ച്ചേര്‍ന്ന് കരഞ്ഞുതീര്‍ക്കാം. കാരണം എന്തെന്ന് അമ്മയെന്നോട് ചോദിക്കില്ല. എന്റെ ഇടര്‍ച്ചകളും പതര്‍ച്ചകളും അമ്മയറിയുന്നു. അമ്മ കാത്തിരിക്കുകയാണ് വേദനകളില്‍ നിന്നും മുക്തി നേടി ഞാന്‍ പഴയപോലെ ബഹളക്കാരിയായി നടക്കുന്ന ആ കാലത്തിന് വേണ്ടി.
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അങ്ങനെ ഒരു അച്ഛനും അമ്മയും എല്ലാരുക്കും ഉണ്ടാകട്ടെ .ഭുമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം.
മറുപടിഇല്ലാതാക്കൂഅമ്മയ്ക്ക് വേണ്ടി സമര്‍പ്പിച്ച ഈ പോസ്റ്റ് വളരെ മനോഹരമായിരിക്കുന്നു.മാനസപുത്രിയേപ്പോലെ കരുതുന്ന ആ അമ്മയ്ക്കും(അച്ഛന്‍റെ മുറപ്പെണ്ണ്) കൂടി ഇത് സമര്‍പ്പിക്കാമായിരുന്നു.
മറുപടിഇല്ലാതാക്കൂഅമ്മയെയും അച്ചനെയും കുറിച്ചുള്ള ഒരു മകളുടെ കാഴ്ച്ചപ്പാട് അതിഘംഭീരം തന്നെ .....വളരെ നന്നായിരിക്കുന്നു ...വാക്കുകളുടെ അര്‍ത്ഥം അറിയന്നമെങ്ങില്‍ താല്‍ക്കാലിക വേര്‍പാടിന്റെ അര്‍ത്ഥം കൂടി അറിയന്നം ....വിജയന്‍ മഠത്തില്‍
മറുപടിഇല്ലാതാക്കൂkollam.....valare nannayittundu....serikkum ishtapettu...sijiyude itharam ezhuthanu 'enikku' kooduthal ishtakunnathu..."valaneyyunnavar" onnum dehikkanulla vivaram enikku ayittilla....njan mattu blogukal vayichu vivaram koottan sremikkunnundu....thanks for ur advice
മറുപടിഇല്ലാതാക്കൂMother lives inside your laughter and she's crystallized in every tear drop
മറുപടിഇല്ലാതാക്കൂgood post
ഇന്നേ ദിവസം ഒരമ്മയ്ക്ക് മകള്‍ നല്‍കുന്ന ഈ സമ്മാനം ഏറ്റവും മികച്ചതാണ്. ആശംസകള്‍.
മറുപടിഇല്ലാതാക്കൂപ്രണയം തുടങ്ങി ഇന്നേവരെ അമ്മയുടെ ഒറ്റ പിറന്നാളം, വിവാഹവാര്‍ഷികവും മറന്നുപോകാതെ അച്ഛന്‍ സമ്മാനങ്ങള്‍ കൊടുത്തിരിക്കുന്നു അച്ഛന്റെ അനിയന്‍മാര്‍ പറയുന്നത് ഈ ഏട്ടനെ സമ്മതിക്കണം എന്നാണ് ഇവരില്‍പ്പലരും സ്വന്തം വിവാഹദിവസം പോലും ഓര്‍ത്തുവയ്‌ക്കാത്തവരാണെന്നതുകൊണ്ടുതന്നെ ചെറിയമ്മമാര്‍ക്കെല്ലാം അച്ഛന്‍ ഐഡിയല്‍ ഭര്‍ത്താവാണ്
മറുപടിഇല്ലാതാക്കൂഇതിൽ പറയുന്ന ഇളയച്ഛന്മാരെ പോലെയാണ് പൊതുവേ ഭർത്താക്കന്മാർ എന്നു വിചാരിച്ച് ഒരു ജീവിതത്തിലേക്കു കടക്കണേ സിജി. സിജിയുടെ അച്ഛനെപ്പോലെയൊരാളെ പ്രതീക്ഷിക്കരുത്. കാരണം അങ്ങനുള്ളവരെ വിരലിലെണ്ണാൻ പോലും കിട്ടില്ല. അഥവാ കിട്ടിയാൽ അതാണു സിജിക്കു ഈ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ലോട്ടറി :)
എല്ലാ അമ്മമാരും, അച്ഛന്മാരും ഇതുപൊലൊക്കെ തന്നെ.... മക്കള്‍ ആണ് അവര്‍ക്ക് എല്ലാം.... ഞാനും 2 പെണ്മക്കളുടെ അച്ഛനാണ്!!!
മറുപടിഇല്ലാതാക്കൂനല്ല അസ്സല് കുറിപ്പ്. മുറപ്പെണ്ണിന്റെ കാര്യം കേട്ട് സങ്കടമായി.. ന്നാലും..
മറുപടിഇല്ലാതാക്കൂഒരു ദിവസങ്ങളും ഓര്‍ത്തുവയ്ക്കാതെ നമ്മളെ മനസ്സിലാക്കാതെ ജീവിതം ഇങ്ങനെ യാന്ത്രികമായി തള്ളിനീക്കുന്നആളുകളെ സഹിക്കാന്‍ കഴിയില്ലെന്നതുകൊണ്ടുതന്നെയാണ് ഞാന്‍ കല്യാണത്തോട് ഇപ്പോഴും നോ പറഞ്ഞുകൊണ്ടിരിക്കന്നത്. പരസ്പരം ഒരു താങ്ങാവാന്‍ കഴിയാത്ത ബന്ധങ്ങളുടെ ആവശ്യമുണ്ടോ? ലക്ഷ്മി പറഞ്ഞത് ശരിയാണ് പലരും അങ്ങനെതന്നെ പക്ഷേ ചിലര്‍ അങ്ങനെയല്ല.
മറുപടിഇല്ലാതാക്കൂരണ്ട് പെണ്‍കുട്ടികളുടെ അച്ഛന്‍റെ കമന്‍റ് കണ്ടപ്പോ വലിയ സന്തോഷം തോന്നി. നീര്‍വിളാകന്‍ ചേട്ടന് ഒരു സ്പെഷ്യല്‍ thanks
മറുപടിഇല്ലാതാക്കൂഅമ്മയ്ക്കും അച്ഛനും...!
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂശരിക്കും ആസ്വദിച്ചു .....നല്ല കുറിപ്പ്
മറുപടിഇല്ലാതാക്കൂKothiyaakunnu... Vallathe.. vallathe... Manoharam. Ashamsakal..!!!
മറുപടിഇല്ലാതാക്കൂഎന്റെ പുതിയ ഒരു ബ്ലോഗിനെ പരിചയപ്പെടുത്തുന്നു
മറുപടിഇല്ലാതാക്കൂhttp://keralaperuma.blogspot.com/
ഇതിനൊപ്പമോ ഇതിലപ്പുറമോ ഇന്നും പ്രണയിക്കുന്ന അച്ഛനമ്മമാരുടെ മകനായി ജനിച്ചതാണ് ഭാഗ്യമെന്നു നിരന്തരമോർക്കാറുണ്ട്,ഞാൻ.
മറുപടിഇല്ലാതാക്കൂകൂടുതലെഴുതുന്നില്ല.
ഈ പോസ്റ്റ് ശരിക്കും മനസ്സിലുടക്കി.
Very touching and lovely !!!!
മറുപടിഇല്ലാതാക്കൂഒറ്റ ഇരുപ്പില്‍ ഒരുപാടു പറഞ്ഞല്ലോ
മറുപടിഇല്ലാതാക്കൂനല്ല എഴുത്ത്
വളരെ വളരെ സന്തോഷം തോന്നി ഈ പോസ്റ്റ് വായിച്ചപ്പോൾ..
മറുപടിഇല്ലാതാക്കൂമുറപ്പെണ്ണിന്റെ കാര്യത്തിൽ ഒരു സങ്കടവും
സ്നേഹ സമ്പന്നരായ മാതാ പിതാക്കളുടെ മക്കളായി ജനിക്കുക എന്നത് തന്നെ ഭാഗ്യം . ഈ കാഴ്ചയും ഓർമ്മയും ഇവിടെ ചേർക്കുന്നു
ആശംസകൾ
വളരെ വളരെ സന്തോഷം തോന്നി ഈ പോസ്റ്റ് വായിച്ചപ്പോൾ..
മറുപടിഇല്ലാതാക്കൂമുറപ്പെണ്ണിന്റെ കാര്യത്തിൽ ഒരു സങ്കടവും
സ്നേഹ സമ്പന്നരായ മാതാ പിതാക്കളുടെ മക്കളായി ജനിക്കുക എന്നത് തന്നെ ഭാഗ്യം . ഈ കാഴ്ചയും ഓർമ്മയും ഇവിടെ ചേർക്കുന്നു
ആശംസകൾ
സിജി ഇപ്പൊഴും കണ്ടുപിടിക്കാന്‍ ശ്രമിക്കാത്ത(കഴിയാത്ത) ഒരു രസതന്ത്രം അവരുടെ ബന്ധത്തിനിടയിലുണ്ട്. ഓരോ അച്ഛനുമമ്മയും ഇങ്ങനെ വിജയികളാവുമ്പോള്‍ അതിനു വേണ്ടിയവര്‍ മന:പൂര്‍വ്വം തിന്ന വേദനകള്‍..അതിനുള്ള സന്നദ്ധത..
മറുപടിഇല്ലാതാക്കൂബിരുദം പഠിച്ചാല്‍ ഫാനിനു താഴെ കസേരയിലിരുന്നുള്ള ജോലിയേ ചെയ്യൂ എന്ന വാശിയാണോ ജീവിതത്തെ കുറിച്ച് സിജിയ്ക്കുള്ളത് ? അതോ ആത്മവിശ്വാസക്കുറവു കൊണ്ട് പകച്ചു നില്‍ക്കുകയാണോ ? ഇത്രേം നല്ല അച്ഛനുമമ്മയുമുണ്ടായിട്ടും.....
എല്ലാവരെയും ഞാനെന്‍റെ സന്തോഷം അറിയിയ്ക്കുന്നു. പിന്നെ സമാന്തരന്‍ ചോദിച്ച ഈ ചോദ്യം -"ബിരുദം പഠിച്ചാല്‍ ഫാനിനു താഴെ കസേരയിലിരുന്നുള്ള ജോലിയേ ചെയ്യൂ എന്ന വാശിയാണോ ജീവിതത്തെ കുറിച്ച് സിജിയ്ക്കുള്ളത് ?" ഇതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്കറിയില്ല. അറിയാവുന്ന ജോലി എന്തായാലും അത് ചെയ്യുന്നതില്‍ ഒരു കുറവും എനിക്ക് തോന്നിയിട്ടില്ല എന്ന് പറയട്ടെ. ആ ചോദ്യത്തിന്‍റെ അര്‍ത്ഥം എന്താണെന്ന് മനസ്സിലായാല്‍ കൂടുതല്‍ വ്യക്തമായ ഉത്തരം തരാന്‍ എനിക്ക് കഴിഞ്ഞേയ്ക്കും.
മറുപടിഇല്ലാതാക്കൂഎന്തൊരു സുന്ദരമായ ഒരു റിലേഷന്‍..
മറുപടിഇല്ലാതാക്കൂകൊതിയാവുന്നു..
സിജി... സിജീടെ ഭാഗ്യം..
ഇനി എന്റെ ആഗ്രഹം..
അതുപോലൊരു അച്ഛനും അമ്മയും.. ആയിത്തീരണം..
എന്നാ...
സ്നേഹത്തിനു.. അതിരുകളില്ലെന്നും....
വാത്സല്യത്തിനു.. ദിശാബോധമില്ലെന്നും...
തിരിച്ചറിയണം....
ല്ലെ??
സിജി, ആദ്യമായാണിവിടെ.
മറുപടിഇല്ലാതാക്കൂമാതാപിതാക്കളുടെ ദിവ്യപ്രണയത്തെക്കുറിച്ച് ഒരു മകൾ എഴുതിക്കണ്ടതിൽ വളരെ സന്തോഷം.
ജാതിയും സ്ത്രീധനവും ഒക്കെ നോക്കി നടത്തുന്ന അറേഞ്ജ്ഡ് കല്യാണങ്ങളിൽ ഇതൊന്നും ഉണ്ടാകില്ലല്ലോ.. സിജിക്കും ഇത്തരം ഒരു ജീവിത പങ്കാളി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
പോസ്റ്റുകളില്‍ ചിലതിലും അഭിപ്രായ പ്രകടനങ്ങളിലും ജീവിതത്തിലെ ശുഭാപ്തി വിശ്വാസമില്ലായ്മ വ്യക്തമാക്കിയിട്ടുണ്ട് സിജി. ചിലര്‍ അത് ചര്‍ച്ചക്കിട്ടപ്പോഴും നിലപാടുകള്‍ മാറിയിരുന്നില്ല. കുടുംബജീവിതത്തിന്റെ വിജയത്തെ കുറിച്ചുള്ള ആശങ്കകള്‍ വേണ്ടുവോളമുണ്ടെന്ന് ചില എഴുത്തില്‍ വ്യക്തമാണ്. തുറന്നു വെച്ച പുസ്തകം പോലെ അച്ഛനും അമ്മയും മുന്നിലുള്ള ഒരാള്‍ എന്തേ അത് പഠിച്ച് ഇത്തരം ചിന്തകള്‍ മാറ്റിയില്ല? അത്യാവശ്യം പഠിച്ചാല്‍ പിന്നെ ചില ജോലികള്‍ ചെയ്യാന്‍ തയ്യാറാകത്തമാനസികാവസ്ഥ കുറച്ചുകാലം മുന്‍പുവരെ നമ്മുടെ നാട്ടില്‍ ഏറെ പേര്‍ക്കുണ്ടായിരുന്നു. ജീവിതത്തിലെ നല്ലകാലം മുഴുവന്‍ അങ്ങനെ തീര്‍ത്ത ചിലരുണ്ട്. അതൊരു വാശിയും പക്വതക്കുറവുമാണെന്ന് തിരിച്ചറിയാതെ പോയവര്‍. അല്ലെങ്കില്‍ ജീവിതം ഇങ്ങനെയേ(ഇഷ്ടപ്രകാരം) ആകാവൂ എന്ന് വാശിവെയ്ക്കില്ലല്ലോ.. ജീവിക്കുക എന്നത് ഒരു ഏറ്റുമട്ടലാണെന്ന് എന്റെ അനുഭവം . തൃപ്തി കണ്ടെത്തിയേ മതിയാകൂ. ആരും കൊണ്ട് തരില്ല.അതിന് ജീവിതമെന്ന പാരാവാരത്തിലിറങ്ങിയേ മതിയാകൂ.വേണ്ടത് വിശ്വാസവും. കൂടെ ഇറങ്ങി പോന്നവളാണ് എന്റെ ശ്രീമതി. പ്രേമിച്ചു നടന്നപ്പോള്‍ കരുതി ഞങ്ങള്‍ പരസ്പരം മനസ്സിലാക്കികഴിഞ്ഞൂന്ന്. അതുകോണ്ട് ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു.എല്ലാവരും പറയും പോലെ, ജീവിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി അതെന്താണെന്ന്.ഒന്നിച്ച് സ്നേഹോഷ്മളതയോടെ യുള്ള ജീവിതമായിരിക്കണം ലക്ഷ്യമെന്ന ഞങ്ങളുടെ തിരിച്ചറിവില്‍ ഇന്ന് വേണ്ടതെല്ലാം പടവെട്ടി പിടിക്കുന്നു..സംതൃപ്തിയോടെ ജീവിക്കുന്നു.
മറുപടിഇല്ലാതാക്കൂജീവിതത്തോട് അന്ധമായതോ പക്വതയില്ലാത്തതോ ആയ കാഴ്ചപ്പാടുണ്ടാകുമ്പോള്‍ നഷ്ടപ്പെടും പലതും.
കുടുംബജീവിതത്തെ കുറിച്ച് ഇപ്പോഴേ വേണ്ടത് ആശങ്കകളല്ല.അതും വളരെ ഉയര്‍ന്ന തലത്തില്‍ ചിന്തിക്കുന്ന മനസ്സിനുടമയായ സിജിയ്ക്ക്.
ഇത്രയും പറയാനേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. അതും അച്ഛനമ്മമാരെ പറ്റി പറഞ്ഞ് എന്നെ കൊതിപ്പിച്ചപ്പോള്‍... സിജി ചിന്തിച്ച് ഒഴിവാക്കിയ കാര്യങ്ങളാണെങ്കില്‍ സദയം ക്ഷമിക്കുക.
ജീവിതത്തെ അതന്‍റേതായ ഗൗരവത്തോടെ ഞാന്‍ സമീപിച്ചിരുന്നു. ബന്ധങ്ങളില്‍ അങ്ങേയറ്റം ആത്മാര്‍ത്ഥത പുലര്‍ത്തുകയുംചെയ്തിരുന്നു. എന്നിട്ടും എന്‍റേതല്ലാത്ത ചില തെറ്റുകള്‍ക്ക് എനിയ്ക്ക് എന്‍റെ ജീവിതം തന്നെ വിലയായി നല്‍കേണ്ടിവന്നു. അതുകണ്ടുതന്നെ ജീവിതം എനിക്കിപ്പോള്‍ ഒരു തമാശ മാത്രമാണ്. കഴിയുന്നതുവരെ അല്ലെങ്കില്‍ തോന്നുന്നത് വരെ ജീവിക്കുക. ഇതിനിടെ കുടുംബജീവിതം, വിവാഹം ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ഞാനൊട്ടും പ്രാധാന്യം നല്‍കുന്നില്ല. ഒറ്റയ്ക്കായിരിക്കുക എന്നതാണ് മറ്റുള്ളവര്‍ക്ക് നല്‍കാന്‍ എനിക്ക് സാധിക്കുന്ന ഏറ്റവും വലിയ സന്തോഷം. എന്‍റെ ഏക ദൗര്‍ബല്യവും ആകെയുള്ള സങ്കടവും അച്ഛനും അമ്മയും അനിയനും മാത്രമാണ്. ഒരു കാര്യത്തിനും നിര്‍ബന്ധിച്ച് അവരെന്നെ ധര്‍മ്മസങ്കടത്തിലാക്കാറില്ല. ഇപ്പോള്‍ ഇതൊക്കെയാണെന്‍റെ സന്തോഷം ഇത്തരം കമന്‍റുകള്‍ പലരും പറയുന്നുണ്ട്. ഞാനത് വളരെ പ്രാധാന്യത്തോടെതന്നെ വായിച്ച് മനസ്സിലാക്കാറുമുണ്ട്. പക്ഷേ പ്രാക്ടിക്കല്‍ ആക്കാന്‍ തക്ക മാനസികാരോഗ്യം ആയിട്ടില്ല. കമന്‍റിനും എന്‍റെ ചോദ്യത്തിന്‍റെ മറുപടിയ്ക്കും ഞാന്‍ നന്ദിപറയുന്നു.
മറുപടിഇല്ലാതാക്കൂdear saji,
മറുപടിഇല്ലാതാക്കൂreally touching!by the time time i finshed reading,my eyes were wet.
i feel the sad for your other mother.someone's sacrifice,other;s happiness!
hope you will find aloving partner soon........
own experiences make the posts interesting.
i have written apost for my dearest AMMA on MOTHER'S DAY!
saneham,
anu