2009, മേയ് 17, ഞായറാഴ്‌ച
മൂഷികവധം!!!!!!!!!!!!!!!!!!!!
രണ്ട് രണ്ടരയാഴ്‌ച മുമ്പായിരിക്കും ഞങ്ങളുടെ മുറിയില്‍ ഒരു പുതിയ അതിഥിയെത്തി ഒരു മൂഷികന്‍ മീന്‍സ് എലി. എന്റെ സഹമുറിയത്തി മേരി മിക്‌സ്‌ചര്‍ ഇട്ടുവച്ചിരുന്ന കവര്‍ പൊട്ടിച്ച ദിവസമാണ് ഞങ്ങള്‍ ഇങ്ങനെ ഒരാള്‍ മുറിയില്‍ നുഴഞ്ഞുകയറിയ കാര്യം കണ്ടെത്തുന്നത്.
വൈകീട്ട് ജോലി കഴിഞ്ഞ് ഞാന്‍ മുറിയിലെത്തുമ്പോള്‍ ആരായിരിക്കും മിക്‌സ്‌ചറിന്റെ കവര്‍ പൊട്ടിച്ചതെന്നറിയാനായി മേരി മലര്‍ന്നും കമിഴ്‌ന്നും പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അവള്‍ക്കൊപ്പം ഞാനും ചേര്‍ന്നു.
സഹമുറിയത്തിയല്ലേ സഹായിക്കാതെ.... അവസാനം രാത്രി ഒന്‍പത് മണിയോടെ തിരച്ചില്‍ അവസാനിപ്പിച്ച് അയുധങ്ങളും മടക്കി ഞങ്ങള്‍ എന്‍ഡിടിവി ഇമാജിനില്‍ കണ്ണും നട്ടിരിക്കുമ്പോള്‍ ദേണ്ടെ രണ്ട് ചെവികള്‍ വളരെ കൂര്‍പ്പിച്ച് വളരെ ഡിപ്ലോമാറ്റിക്കായി ആ രൂപം ഇങ്ങനെ മേരിയുട പലഹാരസ്റ്റാന്റിന്റെ അടുത്തേയ്‌ക്ക് വരുന്നു. മുറിയില്‍ ഒരു തിയേറ്റര്‍ എഫക്ട് കിട്ടാനായി ടിവി തുറന്നാല്‍ ഞങ്ങള്‍ ലൈറ്റ് ഓഫ് മാടും.
ഞാന്‍ ഈ പതുങ്ങിപ്പതുങ്ങി വരുന്ന രൂപത്തെ കണ്ട് കിടന്ന കിടപ്പില്‍ നിന്നും എഴുന്നേറ്റിരുന്നു. മേ.....എന്നു തുടങ്ങി രീ....യില്‍ അവസാനിക്കുന്നതിന് മുമ്പേ ഞങ്ങളുടെ ബംഗാളി സുഹൃത്ത് പ്രിയങ്ക മൂഷിക് യാര്‍ എന്നും പറഞ്ഞ് അലറി വിളിച്ച് ലൈറ്റിട്ടു. അതോടെ മൂഷിക സുഹൃത്തി അവിടത്തെ ഫര്‍ണിച്ചറുകള്‍ക്കിടയില്‍ എവിടെയോ ഒളിച്ചു. മേരീം പ്രിയങ്കേം കൂടി ബാറ്റും ചൂലും ഒക്കെ എടുത്ത് മൂഷിക വേട്ട തുടങ്ങി.
അപ്പോഴാണ് എനിക്ക് സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറിനെയും ഭൂമിയുടെ അവകാശികളെയും കുറിച്ച് ഓര്‍മ്മവന്നത്. പിന്നെ വീട്ടില്‍ എലിയെക്കണ്ടാല്‍ ഗണപതിയുടെ വാഹനമാണെന്ന് പറഞ്ഞ് കൊല്ലാന്‍ സമ്മതിക്കാത്ത മുത്തശ്ശിയെയും ഞാനോര്‍ത്തു. ഉടനെ ഞാന്‍ ചൂലും ബാറ്റും ഒക്കെ പിടിച്ചുവാങ്ങി. ലെറ്റ് ഇറ്റ് ഗോ എന്നും പറഞ്ഞ് മുറിയുടെ വാതില്‍ തുറന്നിട്ടു. കുറെ എന്നെ ശപിച്ചെങ്കിലും അവര്‍ രണ്ടുപേരും എന്നോട് സഹകരിച്ചു. ചെന്നൈയില്‍ നിന്നും വാങ്ങിക്കോണ്ടുവന്ന മധുരവും എരിവും കലര്‍ന്ന അപൂര്‍വ്വ മിക്‌സ്‌ചര്‍ മൂഷിക് കവര്‍ന്നതിന്റെ അരിശമായിരുന്നു മേരിയ്‌ക്ക്. പ്രിയങ്കയ്‌ക്കാകട്ടെ റാറ്റ് ഫീവര്‍ ഭയം.
പിന്നീട് രണ്ടു ദിവസം മൂഷികിനെക്കുറിച്ച് ഒരു അറിവുമില്ല. പാവം തുറന്ന വാതില്‍വഴിയേ പോയിട്ടുണ്ടാകുമെന്ന് കരുതി ഞങ്ങളും സമാധാനിച്ചു. ഞങ്ങളുടെ അടുത്ത വീട്ടില്‍ ഒരു സായിപ്പ് കുടുംബം താമസിക്കുന്നുണ്ട്. ആ മദാമ്മച്ചേച്ചി ഇടക്കിടെ ഞങ്ങളുടെ മുറിയില്‍ വന്നിരിക്കുക പതിവാണ്.
അങ്ങനെ ഒരു ദിവസം വന്നപ്പോള്‍ ഞാന്‍ ചായംകൊണ്ട് കളിക്കുന്നത് അവര്‍ കണ്ടുപിടിച്ചു. ഞാനൊരു വലിയ ചിത്രകാരിയാണെന്ന് തെറ്റിദ്ധരിച്ച് മൂന്നടി വീതി, മൂന്നടി നീളത്തില്‍ ഒരു പോട്രിയേറ്റ് വേണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ ഓകെ പറഞ്ഞു. പിറ്റേ ദിവസം തന്നെ ഞാന്‍ ഈ മൂന്നടി പോട്രിയേറ്റിന്റെ പണി തുടങ്ങി( മദാമ്മച്ചേച്ചി എനിക്ക് 1000 രൂപ വാഗ്‌ദാനം ചെയ്‌തിരുന്നു)
അങ്ങനെ മൂന്നാമത്തെ ദിവസം കാര്യങ്ങളൊക്കെ ഒരുവിധം പൂര്‍ത്തിയാക്കി എണ്ണച്ചായത്തില്‍തീര്‍ത്ത ചിത്രം ഞാന്‍ ഉണങ്ങാന്‍ വച്ചു. പിറ്റേന്ന് രാവിലെ കണ്ണും തിരുമ്മി എഴുന്നേറ്റ് ചിത്രം നോക്കിയപ്പോള്‍ ബോധം കെട്ടില്ലെന്നേയുള്ളു മുഷിക് തന്റെ കാലും കയ്യും ഉപയോഗിച്ച് അതിനെ ഒരുഗ്രന്‍ മോഡേണ്‍ ആര്‍ട് ആക്കി മാറ്റിയിരിക്കുന്നു.
ഭൂമിയുടെ അവകാശിയായി അവനെ ഇനി നിലനിര്‍ത്തില്ലെന്ന് ഞാനുള്ളിലുറപ്പിച്ചു. വൈകീട്ട് മോര്‍ട്ടീന്‍ കമ്പനിയുടെ ഒരു റാറ്റ് കേക്കും വാങ്ങി ഞാന്‍ മറിയില്‍ വന്ന് കേക്കിന്റെ കഷണങ്ങള്‍ അവിടവിടെയായി വച്ചു. രണ്ടു ദിവസം കാത്തിരുന്നിട്ടും അനക്കമൊന്നും കണ്ടില്ല. കേക്കുകഷണങ്ങളില്‍ പലതും പാതി സേവിച്ച നിലയിലായിരുന്നു. ഇതിനിടെ മേരി വീട്ടില്‍പ്പോയി. ഇതെല്ലാം ഫ്‌ളാഷ് ബാക്ക്
ഇന്ന് സംഭവിച്ചതാണ് സംഭവം
ശനിയാഴ്‌ച തിരഞ്ഞെടുപ്പു ഫലത്തിന്റെ ആലസ്യവുമായി മുറിയില്‍ച്ചെന്നപ്പോള്‍ പ്രിയങ്ക അവിടെ ഇരിക്കുന്നു. സ്വന്തമായി ഒരു ബോയ്‌ഫ്രണ്ടുള്ള അവള്‍ ശനി ഞായര്‍ ദിവസങ്ങളില്‍ മുറിയില്‍ ഉണ്ടാവുക പതിവില്ല. കാര്യം അന്വേഷിച്ചപ്പോള്‍ അവനുമായി പിണങ്ങിയെന്നും കല്യാണം കഴിയ്‌ക്കണോയെന്നകാര്യം വീണ്ടും ചിന്തിക്കുകയാണെന്നുമക്കെ തുടങ്ങി, പൊതുവേ ഇപ്പോള്‍ പ്രണയത്തിലുള്ള ചീറ്റിങ് ട്രണ്ടിനെക്കുറിച്ചൊക്കെ ഞങ്ങള്‍ ചര്‍ച്ച ചെയ്‌തു.
ഇടക്ക് രവി അവളെ മനസ്സിലാക്കുന്നില്ലെന്നും പറഞ്ഞ് അവള്‍ ഇത്തിരി കരയുകേം ചെയ്‌തു. ഞാന്‍ പറഞ്ഞ് സമാധാനിപ്പിച്ച് അവസാനം ഉറങ്ങാന്‍ കിടന്നു. അവളുടെ പാചകം രാത്രി 12 മണിയ്‌ക്ക് ശേഷമാണ്. അതുകൊണ്ടുതന്നെ കിടക്കാന്‍ 2മണിയെങ്കിലും ആകും. കാലത്ത് ഒരു 11 മണിവരെ അതീവ ഹൃദ്യമായ കുംഭകര്‍ണസേവ നടത്തും.
ബോംബ് പൊട്ടിയാല്‍പ്പോലും അറിയാത്ത കുംഭകര്‍ണസേവ. എന്തായാലും കാലത്ത് ഞാന്‍ കയ്യും കാലുമൊക്കെ വലിച്ച് കുടഞ്ഞ് പുതപ്പ് മാറ്റി എഴുന്നേല്‍ക്കുമ്പോള്‍ ദേ എന്റെ മേശപ്പുറത്ത് ഒരു എഴുത്ത്, വെള്ളക്കടലാസില്‍ നീല മഷികൊണ്ട് എഴുതിയ ഒരു കത്ത്, ഡിയര്‍ സിജി എന്ന് തുടക്കം അവസാനം നോക്കിയപ്പോള് ബൈ പ്രിയങ്ക.
ഞാനാകെ തളര്‍ന്നുപോയി. കത്തിലെ ഉള്ളടക്കം വായിക്കാനുള്ള അതിബുദ്ധിയൊന്നും എനിക്കപ്പോള്‍ തോന്നിയില്ല. തലേന്ന് അവള്‍ പറഞ്ഞ പ്രശ്‌നങ്ങളും അവളുടെ കരച്ചിലുമായിരുന്നു എന്റെ മനസ്സിലേയ്‌ക്ക് ഓടിയെത്തിയത്. ഇതിനിടെ വിറച്ചു വിറച്ച് ചെന്ന് ഞാന്‍ അവളെ തട്ടിവിളിച്ചു, കുലുക്കി, മറിച്ചിട്ടു അവളാകെ തളര്‍ന്നപോലെ.
പേരറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ച് ഞാന്‍ താഴെ ഓണര്‍ ആന്റിയുടെ അടുത്തേയ്‌ക്കോടി, കാര്യം പറഞ്ഞപ്പോള്‍ ആന്റി, അങ്കിള്‍, മകന്‍ എന്നിവര്‍ സംഘം ചേര്‍ന്ന് മുറിയിലെത്തി. എനിക്കാണെങ്കില്‍ കരച്ചില്‍ സഹിക്കാന്‍ കഴിയുന്നില്ലായിരുന്നു. അവളുടെ കിടപ്പ് കണ്ട് ആന്റിയും അങ്കിളും കിടുങ്ങി.
എത്ര വിളിച്ചിട്ടും ആള് അറിയുന്നില്ല. അവാസാനം ആന്റി ഇത്തിരി വെള്ളം എടുത്ത് അവളുടെ മുഖത്ത് തളിച്ചു. ദേണ്ടെ ചാടി എഴുന്നേല്‍ക്കുന്നു. എന്നിട്ട് വാട്ട് ഹാപ്പന്റ് ഡിയര്‍ എന്നൊരു ചോദ്യവും രണ്ട് മൂന്ന് സെക്കന്റ് കഴിഞ്ഞാണ് അവള്‍ എനിക്കൊപ്പമുള്ള മറ്റ് മൂന്നുപേരെയും കാണുന്നത്. ഇതിനിടെ ആന്റിയുടെ ബഹളം കേട്ട് അപ്പുറത്തും ഇപ്പുറത്തുമുള്ള ടെറസില്‍ ചില തലകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു. ഇതിനിടെയാണ് ആന്റിയുടെ മകന്‍ അവളെഴുതിവച്ച കത്ത് മുഴുവന്‍ വായിച്ചത്. അതോടെ സംഭവങ്ങളാകെ മാറി മറിഞ്ഞു.
രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ വല്ലാത്ത നാറ്റം അനുഭവപ്പെട്ടെന്നും മൂഷിക് ചത്തു കാണണമെന്നും രാവിലെ എഴുന്നേല്‍ക്കമ്പോള്‍ ഏതുവിധേനയും അവളെ വിളിക്കണമെന്നും ഒരുമിച്ച് മുറി വൃത്തിയാക്കാമെന്നുമാണ് കത്തില്‍ എഴുതിയിരിക്കുന്നത്. ഞാനാണ് മുറിയില്‍ ആദ്യം എഴുന്നേല്‍ക്കുന്നത് അതുകൊണ്ടാണ് അവള്‍ എന്നെ ഉറക്കം ഉണര്‍ത്തേണ്ടെന്ന് കരുതി എഴുന്നേല്‍ക്കുമ്പോള്‍ കാണാന്‍ പാകത്തില്‍ എഴുത്തെഴുതി വച്ചത്.
എല്ലാവരും ഇങ്ങനെ തരിച്ചു നില്‍ക്കേ ആന്റീടെ മകന്‍ കാര്യം പറഞ്ഞു. ആന്റിക്ക് കയ്യില്‍ കിട്ടിയത് എന്റെ ഷട്ടില്‍ ബാറ്റാണ് ഹമ്മേ അതെന്റെ പുറത്ത് വീഴും മുമ്പേ ഞാന്‍ കട്ടിലും കസേരയും ഒക്കെ ചാടിക്കടന്ന് പടികള്‍ ഓടിയിറങ്ങി ഗെയ്‌റ്റും കടന്ന് ഒരു വിധം റോഡിലെത്തി അവിടെ കുത്തിയിരുന്ന് ചിരിച്ച് ചിരിച്ച് എനിക്ക് എല്ലുനുറുങ്ങി.
പിന്നാലെ എല്ലാരും കൂടെ ഇറങ്ങിവന്നു ഞാന്‍ ചെയ്‌ത ഒരു കാര്യമേ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തുവെന്ന് വരുത്തിത്തീര്‍ക്കാനല്ലേ ശ്രമിച്ചത്.എന്റമ്മോ അവളെങ്ങാനും മാനനഷ്ടത്തിന് കേസ് കൊടുത്താല്‍. എന്റെ കാര്യം പോക്കാ...
അങ്കിള്‍ ഒരുവിധം ആന്റിയെ സമാധാനിപ്പിച്ച് എന്നെ റോഡില്‍ നിന്നും അകത്തേയ്‌ക്ക് വിളിച്ചു. ചമ്മി നാറിക്കുളമായി ഞാന്‍ കയറിച്ചെന്നപ്പോള്‍ അവിടെ കൂട്ടച്ചിരി. ദേഷ്യം വന്ന് ചുവന്ന ആന്റി പതിയെ തണുത്ത് വെളുത്ത നിറമായി. പക്ഷേ ആ കോലാഹലത്തിനിടയില്‍ ആന്റിയുടെ കറി ചട്ടിയില്‍ കിടന്ന് വറ്റി വരണ്ട് ഉണങ്ങിപ്പോയി, ദോശ കത്തിക്കരിഞ്ഞ് വിറകു കൊള്ളിപോലെയായി.
പിന്നെ പതിയെ ഞാന്‍ മുറിയിലേയ്‌ക്ക് കയറിച്ചെന്നു. പ്രിയങ്ക ചിരി നിയന്ത്രിക്കാന്‍ വയ്യാതെ നിക്കേം ഇരിക്ക്വേം എന്തൊക്കെയോ കാണിക്കുന്നു അതു കണ്ട് പിന്നേം എനിക്ക് കണ്‍ട്രോള്‍ പോയി ഞാന്‍ ചെന്ന് ബെഡില്‍ കയറി തല കുമ്പിട്ടിരുന്ന് ചിരിച്ചു.
അവസാനം ചിരി നിയന്ത്രണാധീനമായപ്പോള്‍ ചീഞ്ഞു നാറുന്ന മൂഷിക ജഡത്തിന് വേണ്ടി ഞങ്ങള്‍ തിരച്ചില്‍ തുടങ്ങി. അവസാനം എന്റെ ഷൂറാക്കിന് അടിയില്‍ നിന്നും സംഭവം ഞങ്ങള്‍ കണ്ടെടുത്തു. ചീര്‍ത്ത് വീര്‍ത്ത മൂഷിക ജഡം........!!!!!!!!!!!!!!!!!!!!!!! പിന്നെ ഒക്കെ എടുത്തു കൊണ്ടുപോയി കളഞ്ഞ്, ഡെറ്റോളും ഫിനോളുമൊക്കെ ഇട്ട് മുറി വൃത്തിയാക്കി. ഹാവൂ അവസാനം ഞാന്‍ വന്ന് ബെഡില്‍ ഇരുന്നു.
അപ്പോള്‍ പ്രിയങ്ക എന്നോട് കൈകൊണ്ട് ആംഗ്യം കാണിച്ചു കം ഹിയര്‍ ഞാന്‍ അവളുടെ ബെഡിന് അടുത്തേയ്‌ക്ക് ചെന്നു. അവള്‍ എനിക്ക് ശിക്ഷവിധിയ്‌ക്കുകയായിരുന്നു. അവള്‍ ആത്മഹത്യാ ശ്രമം നടത്തിയെന്ന തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച് മാനഹാനി വരുത്തിയതിന് ഞാന്‍ അമ്പത് തവണ ഹാവ്‌സ്‌ക്വാട്ട് ഇടണം, മനസ്സിലായില്ലേ ഏത്തമിടണം എന്ന്. പിന്നെ രക്ഷയില്ല അതു ചെയ്യാതെ അവളെന്നെ ഓഫീസിലേയ്‌ക്ക് വിടില്ലെന്നും പറഞ്ഞ് വാതിലടച്ച് താക്കോല്‍ ഒളിപ്പിച്ചു.
രക്ഷയില്ലാതെ കാലി വയറോടെ ഞാന്‍ എത്തമിട്ടു. ഹോ അവസാനം എട്ടരമണിയായപ്പോള്‍ ഞാന്‍ ബാഗും എടുത്ത് സ്ഥലം കാലിയാക്കി. ഓഫീസിലെത്തി ഒരു പിതനൊന്നര മണിയായപ്പോള്‍ ഒരു കോള്‍, ദേണ്ടെ!!!!!!!!!!! പ്രിയങ്ക വീണ്ടും!!!!!!!!!!!!!!! ഇനി അടുത്ത പണിഷ്‌മെന്റിനുള്ള പുറപ്പാടാണോയെന്ന് കരുതി കുറേ നേരം ഞാന്‍ ഫോണും നോക്കിയിരുന്നു അവസാനം അറ്റന്റ് ചെയ്‌തു.
അവള്‍ പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് കുളിര് കോരി എന്താണെന്നോ. അവള്‍ ഇതാദ്യമായിട്ടാ ഞാനിത്രേം മനസ്സുതുറന്ന് ചിരിക്കുന്നത് കാണുന്നതെന്ന്. നൗ യു ആര്‍ ഒകെ സിജി, നോ പ്രോബ്ലം വിത് യു. ഐം ഷ്വര്‍ യു ആര്‍ നോര്‍മ്മല്‍.
പിന്നീടാണ് ഞാനും ഓര്‍ത്തത് ഞാനിങ്ങനെയൊന്ന് ചിരിച്ചിട്ട് കാലമേറെയായിരിക്കുന്നു. അതോര്‍ത്തപ്പോള്‍ ഓഫീസില്‍ കസേരയില്‍ ഇരുന്ന ഇരുപ്പില്‍ ഞാനൊരു ഒരു വട്ടം കറങ്ങി എന്തായാലും മൂഷിക വധം ഏറ്റുവെന്ന് ചുരുക്കം. മേരി നാട്ടീന്ന് വന്നിട്ട് ഞാന്‍ വെക്കേഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയിട്ട് ഞങ്ങള്‍ മൂഷിക വധം വന്‍ ഹര്‍ഷാരവത്തോടെ ആഘോഷിക്കും.
മറ്റൊരു സന്തോഷവാര്‍ത്ത മൂഷിക് തന്റെ കയ്യൊപ്പു വച്ച ആ പോട്രിയേറ്റ് മദാമ്മച്ചേച്ചിയ്‌ക്ക് വളരെ ഇഷ്ടപ്പെട്ടു. അങ്ങനെ ആയിരം രൂപ എന്റെ പേഴ്‌സില്‍ വന്നു വീഴുകയും ചെയ്‌തു. അതിന് പരേതനായ അല്ല ഞാന്‍ കൊലപ്പെടുത്തിയ മൂഷികനോട് കടപ്പാട്
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സിജി,
മറുപടിഇല്ലാതാക്കൂമൂഷിക വധം വളരെ നന്നായിട്ടുണ്ട്. ഇത്തരം അബദ്ധങ്ങള്‍ ചിലപ്പോള്‍ ജീവിതത്തില്‍ എപ്പോഴും ഓര്‍മ്മിക്കുവാനുള്ള അവസരങ്ങളൊരുക്കും. ചിലത് ചിരിക്കുവാനുള്ളത്, ചിലത് കരയുവാനുള്ളത്. അത്രയേ വ്യത്യാസമുള്ളൂ. എന്തായാലും ഇലക്ഷന്‍ റിസള്‍ട്ടിന്റെ ഹാങോവറില്‍ ഇത്രയും ചിരിക്കുവാന്‍ വക കിട്ടിയതില്‍ സിജി ഭാഗ്യവതിയാണ്. വധിക്കുവാന്‍ എനിക്കും ഒരു മൂഷികനെ കിട്ടിയിട്ടുണ്ടായിരുന്നെങ്കില്‍ എന്ന് ഞാനിപ്പോള്‍ ആശിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം അത്ര മാത്രം എന്നെ തളര്‍ത്തിക്കളഞ്ഞു. വീണ്ടും എഴുതുക.
രാജന്‍ വെങ്കിടങ്ങ്.
easwara angane normal ayi alle..congrats !!!!!!
മറുപടിഇല്ലാതാക്കൂvayichu thudangiyappoley ariyamayirunnu savam kandey adangoonnu........pavam eli!!!!!
മരിച്ചു പോയ ആ മഹാനായ കലാകാരണ്റ്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ എണ്റ്റെ ആദരാഞ്ചലികല്‍
മറുപടിഇല്ലാതാക്കൂസംഭവം എല്ലാം കല്ലക്കി. ഏതായാലും മദാമ്മ ചേച്ചിടെ കയ്യീന്ന് കാശു കിട്ടിയല്ലോ...അതുമതി. പാവം വീടുടമസ്ഥ അവരുടെ അന്നേരത്തെ അവസ്ഥ....പിന്നെ ഒരേഒരു ഒരു വിയോജിപ്പ്... ആ പ്രിയങ്ക പെണ്ണ് ഫോണ്‍ ചെയ്തു പറഞ്ഞത് കേട്ടിട്ടാണ്...എന്‍റെ സിജി ആദ്യം വേണ്ടത് സ്വയം സന്തോഷവതി ആയി ഇരിക്കും ജീവിക്കും എന്ന സ്വന്തം ശക്തമായ തീരുമാനം ആണ്... എന്തായാലും ഇപ്പോ കിട്ടിയ മൂഡ് കളയണ്ട... അടിച്ചു പൊളിക്ക്...വായനയും കവിതയും നല്ല രുചിയുള്ള ഭക്ഷണവും നല്ല കൂട്ടുകാരും.നല്ലതുവരട്ടെ.
മറുപടിഇല്ലാതാക്കൂഒക്കത്ത് ഒരുകൊച്ചും, നിലത്തിരുന്നു കളിക്കുന്ന ഇളയതിന്റെ തലക്കടിച്ച മൂത്തവന്റെ പിറകെ പോകാന്‍ തുടങ്ങുമ്പോ ചേട്ടന്റെ ദോശ കരിയുമല്ലോ എന്നോര്‍ത്ത് അങ്ങോട്ട് ഓടും അപ്പൊ മണിഒന്‍പത്...അയ്യോ ഓഫീസില്‍ ഇന്നു നേരത്തെ പോകണം എന്നൊക്കെ ഓര്‍ക്കുമ്പോ...ഇതിനൊന്നും സമയം കിട്ടില്ല.... വെറുതെ പറഞ്ഞതാ... ഏതൊക്കെ ഒരു താളത്തില്‍ ഭംഗിയായികൊണ്ടുപോകാനുള്ള കപ്പാസിറ്റി തമ്പുരാന്‍ നമ്മളെ മെനഞ്ഞപ്പോഴേ തന്നെക്കുന്നതാ...
കാള പെറ്റെന്ന് കേട്ടപ്പോളേക്കും കയറുമെടുത്ത് ഇറങ്ങിത്തിരിച്ചുവല്ലേ... കൊള്ളാം :)
മറുപടിഇല്ലാതാക്കൂകൊള്ളാം, എന്തായാലും ഒരു കാര്യം ഉറപ്പായി: മനസ്സു തുറന്നൊന്ന് ചിരിപ്പിക്കാൻ കേവലമൊരു മൂഷികൻ വിചാരിച്ചാലും സാധിക്കും!!! ആ പോട്രെയിറ്റ് ഭംഗിയാക്കി തരിക കൂടി ചെയ്തിട്ടാണല്ലേ ആ പാവം മൃതിയടഞ്ഞത് :)
മറുപടിഇല്ലാതാക്കൂപിന്നെ കൂട്ടുകാരി ഏത്തമിടീച്ചതിൽ ഒരു തെറ്റുമില്ല. സിജിയുടെ ഉറക്കം കളയേണ്ടെന്നു കരുതി ഒരു കത്തെഴുതി വച്ചതിന് ആ പാവത്തിനെ സിജി ‘ആത്മഹത്യ’ ചെയ്യിച്ചില്ലേ...
manoharamai hasyam kaikaryam cheyyan kazhiyunnuvaloo...nannaittundu..eanthinaa cheachi avasanam ee varikal"പിന്നീടാണ് ഞാനും ഓര്‍ത്തത് ഞാനിങ്ങനെയൊന്ന് ചിരിച്ചിട്ട് കാലമേറെയായിരിക്കുന്നു"athu vayichal ningale kurichortu pokum athoru vishamamulla earpadanu.pinne kurachu divasamai eanaikku kure nalla visheshamgal undai orupadu parayanundu..parayam.karaythilekku kadakkte-aa part avide ninnum ozhivakkiyal valare nannayirikkum..avide ninnum mathramalla manasil ninnum...eappozum eanthina ingane oru dukkaputhriayi swayam avtharippikkunnathu..santhoshamai kananu eanikkistam-eallarum,athinal thanne aa post eathra santhosham thannu eannariyamoo..koodathae ee post eazhuthunna aal oru vyajan alla eannum, manasilninnumulla varikalode choodum choorum oozhmalathayum manasodu cherthum thanne anu njan pinthudarunnathu..manasilakkunnathum..[pinthudarunnilla pin thudarnoote{follow}eanna eante adaya commentnulla reply ithuvare kittiyiyyila too]pinne njan adhayami malayalam adikkan padicha {varamozhi} divasam oru kavitha or gavitha chechikkai ennulla lebalil eazhuti commend ayi postiyirunnu pakshae eantho chila sankedika karanam moolam appol thannae athu mis ayi eanthennariyilla appol thanne eathra orthittum aa varikal eanne kondu ezhuthan sadichilla..athyirunnu malayalathil njan adhayamai netil postiya varikal...athil avasanam NB: eannu type cheythittu ingine ezhutiyirunnu"malayalam arriyath eanikku malayalam padippichu tharatha siji chechaikkai ithiri garvode sree eannu iniyum parayanudu ippol ithrum..orikkal koodi nalla aa postinu adhaya thenga udachukondum "moshikanu" andhaya koodasha padikkondum nirthate sasneham sree
മറുപടിഇല്ലാതാക്കൂഒരു എലി കാരണം ഇത്രയൊക്കെ ബഹളങ്ങള്‍
മറുപടിഇല്ലാതാക്കൂ:-)
NANNAYITTUNDU
മറുപടിഇല്ലാതാക്കൂNANNAYITTUNDU
മറുപടിഇല്ലാതാക്കൂdera siji,
മറുപടിഇല്ലാതാക്കൂenjoy life with friends!humour sense is GOD blessing!to get such friendly roommates and neighbours make your life cheerful!tell priyanka for a patch up!hope mary will get,ariyunda nad avalosunda that no rat can bite!
enjoyed.keep writing.
sasneham,
anu
സ്മൈല്‍ ആള്‍വെയ്സ് .. ആന്‍ഡ് മെയ്ക്ക് ലോട്ട് ഓഫ് സ്മൈത്സ് .. :)
മറുപടിഇല്ലാതാക്കൂസംഭവം കൊള്ളാം .. ഇഷ്ടായി! ഇനിയും പോരട്ടേ .. ഇതു മാതിരി സംഭവങ്ങള്‍.! :)
സങ്കടങ്ങളുടെ പെരുമഴക്കാലം കഴിഞ്ഞു ചിരിക്കാലം വരട്ടെ...
മറുപടിഇല്ലാതാക്കൂപ്രിയങ്കയുടെ കത്തിന്റെ അവിടെ എത്തിയപ്പോ ശെരിക്കും വല്ലാത്ത ജിജ്ഞാസയും ഭയവും ഉണ്ടായി..
ആശംസകള്‍..
:D
മറുപടിഇല്ലാതാക്കൂകമന്റുകളെ തുറന്നുവിടാന്‍ അല്‍പം വൈകിപ്പോയി, ക്ഷമിക്കുക. എല്ലാവരോടും ഞാനെന്‍റെ സന്തോഷം പങ്കിടുന്നു. പുതിയതായി ഇവിടെ എത്തിനോക്കിയവര്‍ക്കെല്ലാം സുസ്വാഗതം.
മറുപടിഇല്ലാതാക്കൂഎഴുത്തിലെ മാറ്റം സന്തോഷം നല്‍കുന്നു,എന്നും ഇതുപോലെ ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുക :)
മറുപടിഇല്ലാതാക്കൂ