2009, നവംബർ 14, ശനിയാഴ്‌ച

മരുഭൂമിയിലെ.......


ഒരു കള്ളിമുള്‍ച്ചെടി
പണ്ട് മതിലരികില്‍ നിന്നും
കൈമുറിയാതെ വെട്ടി
മുള്ളുകള്‍ ചെത്തിമാറ്റി
സ്ലേറ്റിലെ കുത്തിവരകള്‍ മായ്ക്കാന്‍ നീ
പെന്‍സില്‍ പെട്ടിയിലടച്ചുവച്ച
അതേ മുള്‍ച്ചെടി

അന്നു നീ മുള്ളുകളടര്‍ത്തിയപ്പോള്‍
മരിച്ചു തുടങ്ങിയതാണ്
സ്ലേറ്റു മായ്ക്കാന്‍ നീരുതേടി
ഉടലില്‍ നീ ഉല്‍ഖനനം ചെയ്തപ്പോള്‍
നഖമുനകേളേറ്റ പാടിതാ,
ഇവിടെ നിനക്ക് കാണാം

മായാതെ നില്‍ക്കുകയാണ്
നിന്റെ നഖപ്പാടുകള്‍
ഇപ്പോള്‍ എന്നില്‍
നിറയെ മുള്ളുകളാണ്
ഇനിയാരും മുറിച്ചെടുക്കാതിരിക്കാന്‍
ഞാന്‍ മുള്ളുകള്‍ മുളപ്പിച്ചെടുത്തിരിക്കുന്നു
മതിലരികില്‍ നിന്നും
ഞാനീ മരുഭൂമിയിലേക്ക് താമസം മാറ്റി

എനിക്കറിയാം, നീ വരും
വേനലും വര്‍ഷവും കഴിഞ്ഞ്
കുന്നും മലയും മഞ്ഞും കടന്ന്
ഈ മരുഭൂമിയില്‍!
അന്ന് എന്നെ തിരയുന്പോള്‍
ഇതാണ് അടയാളം
നീ തന്ന, കരിയാത്ത മുറിപ്പാടുകള്‍!

കണ്ടില്ലെന്ന് നടിച്ച് നീ
മരുപ്പച്ചകള്‍ തേടുന്പോള്‍
സ്വയം പിഴുതെടുത്ത്
നീ കടന്നുപോയ വഴിയിലേക്ക്
വന്ന് അവിടെ ഞാന്‍ വീണടിയും
പിന്നീട് , മണ്ണില്‍ പുതഞ്ഞ്
പാടുണങ്ങാത്ത
ഒരു കള്ളിമുള്‍ച്ചെടിയുടെ
ഫോസിലായി അവശേഷിയ്ക്കും

5 അഭിപ്രായങ്ങൾ:

  1. അന്ന് എന്നെ തിരയുന്പോള്‍
    ഇതാണ് അടയാളം
    നീ തന്ന, കരിയാത്ത മുറിപ്പാടുകള്...

    മറുപടിഇല്ലാതാക്കൂ
  2. good malayalam varunnila athu kodnu vishadhamayi ezhuthunnilla vayikkan pattiyathil sandhosham

    മറുപടിഇല്ലാതാക്കൂ
  3. "ഇനിയാരും മുറിച്ചെടുക്കാതിരിക്കാന്‍
    ഞാന്‍ മുള്ളുകള്‍ മുളപ്പിച്ചെടുത്തിരിക്കുന്നു"
    - mullu kollan ready aaya aarenkilum marubhoomiyil vannu muricheduthaal enthu cheyyum ?

    മറുപടിഇല്ലാതാക്കൂ
  4. കവിതകള്‍ക്ക് പൊതുവെ കമന്റാറില്ല, ചന്ദ്രകാന്തവും ദ്രൌപദിയുമൊഴിച്ച്...

    എന്നാലും...
    :-)
    ഉപാസന

    മറുപടിഇല്ലാതാക്കൂ
  5. ഇതൊരു ഔദാര്യമായിപ്പോയല്ലോ സഖാവേ :))

    മറുപടിഇല്ലാതാക്കൂ