ഉറക്കം തൂങ്ങിനിന്ന പുതിയൊരു ഞായറാഴ്ച......... ചെയ്യാന്‍ കാര്യങ്ങളേറെയുണ്ടായിട്ടും മടിപിടിച്ച് ചുരുണ്ടുകൂടിയിരുന്നു. ബംഗാളി സഹമുറിയത്തി മറ്റുവഴികളൊന്നുമില്ലാതെ ബോയ് ഫ്രണ്ടിനൊപ്പം ലിവ് ഇന്‍ ചെയ്യാന്‍ തീരുമാനിച്ച് ഭാണ്ഡം മുറുക്കുന്നു. അതോര്‍ക്കുമ്പോഴുള്ള അസ്വസ്ഥതകള്‍ ഒരു വശത്ത്. ഞായറാഴ്ചകള്‍ കൊണ്ടുവന്ന് സമ്മാനിക്കാറുള്ള പതിവ് ഹെവിനസ്സ് മറുവശത്ത്.
മൂടിക്കിടക്കുന്ന അന്തരീക്ഷത്തെ ചെറുതായെങ്കിലുമൊന്ന് ചൂടുപിടിക്കാന്‍ ഗിറ്റാറിലും വയലിനിലും ഗുസ്തിപിടിച്ച് അവസാനം തോല്‍വി സമ്മതിച്ച് ഞാന്‍ അടുക്കളയില്‍ കയറി പരീക്ഷണങ്ങള്‍ തുടങ്ങി. ഇതിനിടെ പുതപ്പിനുള്ളില്‍ നിന്നും കണ്ണതുറക്കാതെ തപ്പിത്തടഞ്ഞ് അടുക്കളയില്‍ കയറിവന്ന് മേരി കഴിഞ്ഞ ദിവസം എനിക്ക് മെയിലില്‍ വന്ന ക്ഷണക്കത്തിന്റെ കാര്യം പറഞ്ഞത്.
ഇവിടത്തെ മലയാളി യുവകൂട്ടായ്മ നടത്തുന്ന പ്രബോധിനി ലൈംബ്രറിയുടെ മാഗസിന്‍ പ്രകാശനം. പോകാം പോകാം എന്നവള്‍ നിര്‍ബ്ബന്ധിച്ചുകൊണ്ടേയിരുന്നു. മനസ്സില്‍ ആഗ്രമുണ്ട് ശരീരമനുവദിക്കുന്നില്ലെന്നും പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുമാറിക്കൊണ്ടേയിരുന്നു. ആള്‍ക്കൂട്ടത്തോടുള്ള ചെറിയ പേടി. അതിനുള്ളില്‍ തനിച്ചായിപ്പോകുന്ന അസഹനീയത. ഇതുരണ്ടും എന്നെയിങ്ങിനെ പിന്നോട്ട് വലിച്ചുകൊണ്ടേയിരുന്നു.
ബ്രേക്ക്ഫാസ്റ്റും ലഞ്ചുമെല്ലാം ഒരുമിച്ച് കഴിച്ച്, സീലിങ് നോക്കി ഞാന്‍ പകല്‍ക്കിനാവ് നെയ്യാന്‍ തുടങ്ങിയപ്പോള്‍ അവള്‍ വീണ്ടും വന്നിരുന്ന് അസ്വസ്ഥതയുണ്ടാക്കിക്കൊണ്ടിരുന്നു. ഒരേ വാശി പോകണം, നീ പോകണം ഞാന്‍ കൊണ്ടുപോകും. നിനക്ക് പറ്റുന്ന ഗ്രൂപ്പായിരിക്കും അങ്ങനെ അങ്ങനെ പ്രലോഭനങ്ങള്‍ ഏറെ. കേട്ടമട്ടുകാണിക്കാതെ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.
സമയം മൂന്നരയോടടുത്തപ്പോള്‍ കുളിക്കാന്‍ പറഞ്ഞ് അവളെന്നെ കുളിമുറിയില്‍ കയറ്റി പുറത്തുനിന്നും വാതിലടച്ചു. വേറെ നിവൃത്തിയില്ല കുളിച്ചിറങ്ങി. പിന്നെ അവളുടെ കല്‍പ്പനകളായിരുന്നു. അവസാനം ഒരുങ്ങിയിറങ്ങി. സ്ഥലം കണ്ടെത്തിയാല്‍ കയറിയിരിക്കാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ സ്ഥലം നമ്മള്‍ കണ്ടുപിടിക്കുമെന്നും പറഞ്ഞ് അവള്‍ മുമ്പേ നടന്നു.
വഴിനീളെ ഞാന്‍ ആഗ്രഹിച്ചുകൊണ്ടേയിരുന്നു സ്ഥലം കണ്ടുപിടിക്കാന്‍ കഴിയല്ലേ കഴിയല്ലേ എന്ന്. അവസാനം അവളുടെ കൂര്‍മ്മബുദ്ധി സ്ഥലം കണ്ടുപിടിച്ചുകളഞ്ഞു, ചടങ്ങുനടക്കുന്ന സ്ഥലത്തിന് തൊട്ടുമുന്നില്‍ ഒരു ചെറിയ ആള്‍ക്കൂട്ടം. ഞാനവളുടെ കൈവിട്ട് നമുക്ക് വലിയാം എന്നും പറഞ്ഞ് തരിഞ്ഞോടാന്‍ ശ്രമിച്ചപ്പോള്‍ അവളെന്നേം പിടിച്ചുവലിച്ച് ആള്‍ക്കൂട്ടത്തിനിടയിലേക്ക് കടന്നു.
കയറിച്ചെല്ലുമ്പോള്‍ മുന്‍പരിചയമില്ലാത്ത ഒരാള്‍ സിജിയല്ലേന്ന് ചോദിച്ചതോടെ എന്റെ സര്‍വ്വധൈര്യവും ചോര്‍ന്നു. സ്വന്തം പേരും പടോം വച്ച് ബ്ലോഗെഴുതി വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങിയിറങ്ങിയ എന്റെ വിഡ്ഢിത്തത്തെ സ്വയം ശപിച്ചുകൊണ്ട് ഞാന്‍ അകത്തുകയറിയിരുന്നു.
നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍, ഇന്‍ക്വിലാബ് സിന്ദാബാദ് When injustice becomes law, resistance becomes dtuy - ചെയുടെ വാചകം,
എല്ലാം ആ കുഞ്ഞുഹാളിന്റെ വാതിലില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. ആ കോറിവച്ച കറുത്ത അക്ഷരങ്ങളിലുണ്ടായിരുന്നു. അവിടെച്ചേരുന്ന കൂട്ടായ്മയുടെ സര്‍വ്വ ഊര്‍ജ്ജവും. ഇത് ഞാനെത്തേണ്ടുന്ന അല്ലെങ്കില്‍ ഞാന്‍ തേടിക്കൊണ്ടിരുന്ന ഒരു സ്ഥലമാണെന്ന തിരിച്ചറിവ് മെല്ലെ എന്റെ അന്യഥാബോധത്തെ മാറ്റിക്കൊണ്ടിരുന്നു.
പതിയെ പതിയെ സംഭവം വാംഅപ്പാവുന്നു. എവിടേം ഒരു യൂത്ത്ഫുള്‍നസ്. പുസ്തക പ്രകാശനത്തിനെത്തുന്നത് പ്രശസ്ത നര്‍ത്തകി ശ്രീദേവി ഉണ്ണി( നടിമോനിഷയുടെ അമ്മ) ആണെന്നറിഞ്ഞപ്പോള്‍ അവരെകാണാമല്ലോന്ന ഒരു സന്തോഷം തോന്നുകയും ചെയ്തു. ഇരുപതോളം വരുന്ന ചെറുപ്പക്കാരുടെ, ചെറുപ്പക്കാരികളുടെ(പലരും പുലികളും പുപ്പുലികളുമാണെന്ന് പറയാതെവയ്യ) ഒരു കൂട്ടം.
ഏറെനാളത്തെ അവരുടെ അധ്വാനം വിജയങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു. അതിന്റെയൊരു സന്തോഷം എല്ലാ മുഖങ്ങളിലുമാണ്ടായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയ പ്രബോധിനി എന്ന ലൈബ്രറി ഇപ്പോള്‍ മൂന്നാം വര്‍ഷത്തെ മാഗസിന്‍(വൈഖരി) പ്രകാശനത്തില്‍ എത്തിനില്‍ക്കുന്നു. ആയിരത്തിയഞ്ഞൂറോളം പുസ്തകങ്ങളും അവര്‍ സ്വരൂപിച്ചു.
കൂട്ടായ്മയില്‍ കൂടുതലും ഐടി പ്രൊഫഷണല്‍സ്. സമയത്തിന്റെ കൃത്യതയില്ലാതെ ജോലിചെയ്യേണ്ടിവരുന്നവര്‍. എന്നിട്ടും ശക്തമായ ഒരു കൂട്ടായ്മയ്ക്ക് രൂപം നല്‍കാനും അതിനെ വിപുലീകരിച്ചുകൊണ്ടിരിക്കാനും അവര്‍ക്ക് കഴിയുന്നു. കാര്യം ചെറുതല്ല. ഹാളിനകത്ത് കയറി ഇരുന്നതില്‍പ്പിന്നെ പരിസരനിരീക്ഷണത്തിലൂടെ വന്നതു നന്നായി എന്നൊരു തോന്നല്‍ പതിയെ മനസ്സിലുടലെടുത്തു.
ആല്‍ക്കൂട്ടത്തെ ഫേസ് ചെയ്യാന്‍ അടുത്തകാലത്തെന്നോ വന്നുചേര്‍ന്ന ഈ മടി മാറ്റി ഇനിയെങ്കിലും ധൈര്യമുണ്ടാക്കിയെടുക്കണമെന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിക്കുകയും ചെയ്തു. ചീഫ് ഗസ്റ്റിനായി കാത്തിരിക്കമ്പോള്‍ ഓരോരോ ഉത്തരവാദിത്തങ്ങളുമായി ഓടി നടക്കുന്നവര്‍, ഇടക്ക് പതിയെ മനസ്സ യൂണിവേഴ്‌സിറ്റിക്കാലത്തിലേക്ക് മടങ്ങിക്കൊണ്ടേയിരുന്നു.
അവസാനം ചീഫ് ഗസ്റ്റ് എത്തുന്നു. വളരെ ലളിതമായ ചടങ്ങില്‍ നാട്യങ്ങളേതുമില്ലാതെ ആ നര്‍ത്തകി ഒരുമ്മയുടെ വാത്സല്യത്തോടെ പുസ്തകത്തിന് കെട്ടിവച്ച സ്വര്‍ണ്ണക്കടലാസിനുള്ളില്‍ നിന്നും സ്വാതന്ത്ര്യമേകി. അതു കണ്ടപ്പോള്‍ വിവേചിച്ചറിയാന്‍ കഴിയാത്ത ഒരു സുഖം. യൂണിവേഴ്‌സിറ്റിക്കാലത്തിന് ശേഷം എന്റെ അക്ഷരങ്ങള്‍ വീണ്ടും അച്ചടിമഷി പുരണ്ടിരിക്കുന്നു.
പ്രോബോധിനിയുടെ അണിയറക്കാര്‍ എന്നോടും ഒരു സൃഷ്ടി ആവശ്യപ്പെട്ടിരുന്നു. കൊള്ളാവുന്നതെന്ന് പോലുംഅവകാശപ്പെടാന്‍ കഴിയില്ലെങ്കിലും ഞാനൊന്ന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.
ബാംഗ്ലൂരിലെ യുവാക്കള്‍ക്കും യുവതികള്‍ക്കുമടിയിലുള്ള മൂല്യച്യുതിയെക്കുറിച്ച് മാത്രം കേട്ടവര്‍ക്ക് ഇതൊരു പുതിയ അനുഭവമായിരിക്കുമെന്നതില്‍ സംശയമേയില്ല. എന്റെ അയല്‍പക്കത്ത് ഇങ്ങനെയൊരു കൂട്ടമാളുകളുണ്ടെന്ന് നാലുവര്‍ഷമായിട്ടും എനിക്കും കണ്ടെത്താന്‍ കഴിഞ്ഞില്ല.
പുസ്തകങ്ങള്‍ കണ്ടാല്‍ ചതുര്‍ത്ഥികാണുന്നപോലെ മുഖം ചുളിക്കുന്ന മേരിപോലും അവിടത്തെ യുവത്വത്തിന്റെ ഊര്‍ജ്ജത്തില്‍ ഇംപ്രസ്ഡായി. സ്‌നേഹോഷ്മളമായ ഒരു അന്തരീക്ഷം. ജാഡകളില്ലാത്ത കുറേ മനുഷ്യര്‍. അക്ഷരങ്ങളെ സ്‌നേഹിക്കുന്ന അതിലുപരി ബന്ധങ്ങളുടെ ഊഷ്മളത നഷ്ടപ്പെടാതെ സൂക്ഷിക്കുന്ന ഒരുകൂട്ടം ആളുകള്‍.
ഇറക്കമിളച്ചും പരസ്യപ്പണത്തിനായി കയറിയിറങ്ങിയും അനുഭവിച്ച പ്രതിബന്ധങ്ങളെക്കുറിച്ച് അവര്‍ പറഞ്ഞുകേട്ടപ്പോള്‍ നേരിട്ട് സാധിച്ചില്ലെങ്കിലും മനസ്സുകൊണ്ട് നൂറ് ചുവപ്പന്‍ അഭിവാദ്യം അര്‍പ്പിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. മുന്‍നിര ഐടി കമ്പനികളില്‍ രാപ്പകലില്ലാതെ അധ്വാനിക്കുന്നവരാണ്, നന്നേ ജോലിഭാരം തലയിലേറ്റുന്നവരാണ് ഇതിന് പിന്നിലെന്നറിയുമ്പോള്‍ അവരുടെ സ്വപ്‌നങ്ങളെ പ്രതീക്ഷകളെ എങ്ങനെ കുറച്ചുകാണാന്‍ കഴിയും.
മൂന്നാമത്തെ മാഗസിനായ വൈഖരിയിലേയ്ക്കുള്ള അവരുടെ യാത്രയെക്കുറിച്ച് വിവരിച്ച് കേട്ടപ്പോള്‍ മുമ്പ് എന്റെ ഒരു സുഹൃത്തും കൂട്ടരുംകൂടി രൂപം കൊടുത്ത ഒരു ഫിലിം സൊസൈറ്റിയെയാണ് ഓര്‍മ്മവന്നത്. പ്രവര്‍ത്തനത്തിനിടയില്‍ പ്രണയവും ലൈംഗിതയും, ഈഗോയും, സാമ്പത്തിക പ്രശ്‌നവും ഉടലെടുത്തപ്പോള്‍ ക്രിയേറ്റിവിറ്റി നഷ്ടപ്പെട്ടുപോയ ഒരു കൂട്ടം ആള്‍ക്കാര്‍.
ഇതൊരു മാതൃകയാണ് ആര്‍ക്കും! പ്രവാസത്തിന്റെ നഷ്ടങ്ങളില്‍നിന്നും സ്വത്വം കണ്ടെടുക്കാനായി കണ്ണാടിപോലെ അവര്‍ അക്ഷരങ്ങളെയും സ്വപ്‌നങ്ങളെയും കൂടെനടത്തുന്നു. ചടങ്ങുകള്‍ അവസാനിച്ച് തിരിച്ച് പോകമ്പോള്‍ മനസ്സിങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു.......... ഇത് നിന്റെയും കൂടി ഇടമാണ്...........
പ്രബോധിനിയെ എനിക്ക് പരിചയപ്പെടുത്തിയ രജീന്ദ് മുമ്പേ പരിചയമുള്ള ഒരാളെപ്പെലെ സംസാരിച്ച് എന്റെ അപരിചിതത്വത്തെ അലിയിച്ചു കളഞ്ഞ ജ്യോതി തുടങ്ങി എല്ലാവര്‍ക്കും ഞാന്‍ നന്ദിപറയുന്നു. ഞാനും ഇറങ്ങുകയാണ് ഈ കൂട്ടത്തിലേക്ക്. അതിന്റെ യൗവ്വനത്തിലേക്ക്.
ഫോറത്തിലും, സ്പാറിലും, ജെ നഗറിലും മാറിമാറി കറങ്ങി നടന്നാലും കിട്ടാറില്ലാത്ത ഒരു സന്തോഷവും ചര്‍ച്ചചെയ്യാന്‍ ഒരുപാട് കാര്യങ്ങളും സ്വന്തമാക്കി നേര്‍ത്തതണുപ്പുമായി കനിഞ്ഞിറങ്ങുന്ന സന്ധ്യയിലേക്ക് ഞാനും അവളും ഇറങ്ങി നടന്നു.
സുനിലിന്റെ മാജിക് ഷോ-യെ പറ്റി ഒന്നും പറഞ്ഞില്ല...
മറുപടിഇല്ലാതാക്കൂമജീഷ്യൻ സുനിൽ പള്ളിക്കുന്നിന്റെ ആരാധകർ ഈ ബ്ലോഗ് ബഹിഷ്കരിക്കും :)
അയ്യോ സോറി :(
മറുപടിഇല്ലാതാക്കൂപുസ്തകപ്രകാശിനത്തിന് ശേഷം മജീഷ്യൻ സുനിൽ പള്ളിക്കുന്നിന്റെ മാജിക് ഷോ സദസ്സിലാകെ ചിരിപടര്‍ത്തി. ഇടക്കിടെ കുറേനാളായി ചെയ്തിട്ട് എന്നൊരു മുഖവുരയോടെ സുനില്‍ മനോഹരമായ മാജിക്കുകളും തമാശകളും ഇങ്ങനെ ആളുകള്‍ക്ക് മുന്നില്‍ കുടഞ്ഞിട്ടു.....
ഇത്രേം പോരെ രജീന്ദ്? :))
really HATS OF U PEOPLe
മറുപടിഇല്ലാതാക്കൂWelcome siji.. :)
മറുപടിഇല്ലാതാക്കൂ- jyothy
:-) Good
മറുപടിഇല്ലാതാക്കൂഞാന് കൂടി പങ്കെടുത്ത ഒരു പരിപാടിയുടെ നല്ലവിവരണം ഇവിടെയുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്.
മറുപടിഇല്ലാതാക്കൂഎല്ലാം നന്ന്
:-)
ഉപാസന