2009, നവംബർ 19, വ്യാഴാഴ്‌ച

അലയുകയാണ്



നിന്നെത്തിരഞ്ഞുള്ള ഓരോ യാത്രകളും
ഉള്ളിലുള്ളൊരാത്മാവിനെ
പുറത്തെവിടെയോ തിരയുന്ന
ബുദ്ധിശൂന്യതയാണ്

കടലിലേയ്ക്ക് തന്നെയാണ്
ഒഴുകുന്നതെന്നോര്‍ക്കാതെ
ഇടക്ക് മുറിഞ്ഞ് വഴിമാറിയൊഴുകി
കൈവഴിയാകുന്ന പുഴയുടെ
വിഡ്ഢിത്തം പോലെ

എങ്കിലും ഈ ഒഴുക്കിന്റെ വഴികളില്‍
ഇളം കാടുകുളിര്‍പ്പിക്കാന്‍
പരല്‍മീനുകളെ ഗര്‍ഭം ധരിക്കാന്‍
കുളക്കോഴിക്ക് അത്താഴമൊരുക്കാന്‍....
നിനച്ചിരിക്കാതെ ഭാഗ്യങ്ങള്‍

ഇടക്കൊരു ചൂണ്ടക്കാരനാണ്
നിശബ്ദതയെ ഭേദിച്ച് ഒച്ചവച്ചത്
പുഴയൊഴുകി കടലില്‍ച്ചേര്‍ന്നെന്ന്
ഈ വഴി കടലിലേക്കിനിയും
കാതങ്ങളുണ്ടെന്ന്
വഴിമാറേണ്ടിയിരുന്നില്ലെന്ന്

ഇനിയൊരു തിരിച്ചൊഴുക്കില്ല
കല്ലുകളില്‍ തട്ടിത്തെറിച്ച് പിടഞ്ഞ്
വേനലില്‍ മുറിഞ്ഞും വറ്റിയും മരിച്ചും
മഴയില്‍ മദിച്ചുതുള്ളിയും
കടല്‍ തേടിയൊഴുകാം

വീണ്ടും പുറത്തേയ്ക്ക് തുളുന്പുകയാണ്
വെറുതെ ഇല്ലാത്ത വഴികളില്‍
നിന്നെത്തേടിയലഞ്ഞ്
കടല്‍ നഷ്ടപ്പെടുത്തുകയാണ്

നിഗൂഡമായ താഴ്വാരത്തില്‍
എവിടെയാണു നീ ഒളിച്ചിരിക്കുന്നത്
തെല്ലിടയെങ്കിലും പുറത്തുവരിക
ഒരുനോക്കു കണ്ടു ഞാന്‍
ഒഴുക്കു തുടര്‍ന്നിടാം
തിരിച്ചൊഴുക്കില്ല ഇനിയൊരിക്കലും

16 അഭിപ്രായങ്ങൾ:

  1. കടലിലേയ്ക്ക് തന്നെയാണ്
    ഒഴുകുന്നതെന്നോര്‍ക്കാതെ
    ഇടക്ക് മുറിഞ്ഞ് വഴിമാറിയൊഴുകി
    കൈവഴിയാകുന്ന പുഴയുടെ
    വിഡ്ഢിത്തം പോലെ"

    :)

    മറുപടിഇല്ലാതാക്കൂ
  2. ജീവിതം നിറഞ്ഞൊഴുകുന്ന വരികള്‍ :)

    മറുപടിഇല്ലാതാക്കൂ
  3. ഇനിയൊരു തിരിച്ചൊഴുക്കില്ല
    കല്ലുകളില്‍ തട്ടിത്തെറിച്ച് പിടഞ്ഞ്
    വേനലില്‍ മുറിഞ്ഞും വറ്റിയും മരിച്ചും
    മഴയില്‍ മദിച്ചുതുള്ളിയും
    കടല്‍ തേടിയൊഴുകാം

    ഗഹനമായ അര്‍ത്ഥം പേറുന്ന വരികള്‍. നദിയുടെ കടലിലേക്കുള്ള ഒഴുക്കു പോലെത്തന്നെ ജീവിതവും. നല്ല വരികള്‍. നല്ല കവിത.

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2009, നവംബർ 19 9:36 PM

    മനോഹരം ഈ കവിത......
    ജീവിതത്തിനെ, ജീവിതത്തിലെ ചില തീരുമാനങ്ങലെ അതിമനോഹരമായി പുഴയുടെ കൂടെ ഒഴുകാന്‍ വിട്ടിരിക്കുന്നു......

    ഈ വരികളില്‍ എവിദെയെങ്കിലും കവയത്രിയെ കാണാന്‍ സാധിക്കും എങ്കില്‍, എപ്പൊളൊ എടുത്ത ഒരു തീരുമാനത്തില്‍ വിഷമിക്കുന്ന ഒരു പെങ്കുട്ടിയെ ഞാന്‍ കാണുന്നു.......
    ഇനി ഇപ്പൊ ഇല്ലേല്‍ വിട്ടേക്ക്...ഞാന്‍ ചുമ്മ പറഞ്ഞതാ....

    മറുപടിഇല്ലാതാക്കൂ
  5. വെറുതെ ഇല്ലാത്ത വഴികളില്‍
    നിന്നെത്തേടിയലഞ്ഞ്
    കടല്‍ നഷ്ടപ്പെടുത്തുകയാണ്...

    കവിത നന്നായി..
    ഈ വരികളില്‍ എത്തിയപ്പോള്‍ പ്രത്യേകിച്ചും.

    മറുപടിഇല്ലാതാക്കൂ
  6. ഹഹഹ...
    ഭംഗിയായി എഴുതിയിരിക്കുന്നു.
    ജീവിതം ഓരോ പുതിയ പുഴകള്‍ തന്നെയാകണം.
    തിരിച്ചൊഴുകാനാകാത്ത പുഴയുടെ ഗദ്ഗദം കവിമനസ്സുകള്‍ തിരിച്ചറിയാതിരിക്കില്ല.
    ആശംസകല്‍ സുഹൃത്തേ...!

    മറുപടിഇല്ലാതാക്കൂ
  7. ചിത്രകാരന്‍,

    പഴയൊരു രചന

    http://rehnaliyu.blogspot.com/2006/12/blog-post_13.html


    ചര്‍‌വിത ചര്‍‌വണമെന്നൊക്കെ പഴികേള്‍ക്കുന്നുണ്ടെങ്കിലും മനസ്സ് കൊണ്ടൊരു തിരിച്ചൊഴുക്കല്ലെ ഓര്‍മ്മയുടെ ഓരോ ആവിഷ്കാരങ്ങളും.

    മറുപടിഇല്ലാതാക്കൂ
  8. ഒഴുക്കു തുടര്‍ന്നിടാം
    തിരിച്ചൊഴുക്കില്ല ഇനിയൊരിക്കലും
    നല്ല വരികള്‍...

    മറുപടിഇല്ലാതാക്കൂ
  9. "നിഗൂഡമായ താഴ്വാരത്തില്‍
    എവിടെയാണു നീ ഒളിച്ചിരിക്കുന്നത്
    തെല്ലിടയെങ്കിലും പുറത്തുവരിക
    ഒരുനോക്കു കണ്ടു ഞാന്‍
    ഒഴുക്കു തുടര്‍ന്നിടാം
    തിരിച്ചൊഴുക്കില്ല ഇനിയൊരിക്കലും "

    നല്ല വരികള്‍ ...... ചിലപ്പോഴെങ്കിലും ഒഴുകാതെ നിലക്കാന്‍ പറ്റിയിരുന്നെങ്കില്‍ !!

    മറുപടിഇല്ലാതാക്കൂ
  10. ഏതു വരിയാണു എടുത്തു പറയുകയെന്നറിയില്ല സോദരീ....

    മറുപടിഇല്ലാതാക്കൂ
  11. എല്ലാരോടും ഞാന്‍ എന്റെ സന്തോഷം പങ്കിടുന്നു.

    മറുപടിഇല്ലാതാക്കൂ
  12. തന്റെ കവിത “ആലാഹയുടെ പെണ്മക്കള്‍” പോലെയാണ്. വായിക്കുന്തോറും ഏറിവരുന്ന നൊമ്പരം.

    നല്ല കല്പന.

    “തീ കൂടുമ്പോ തിളക്കം കൂടും!”

    മറുപടിഇല്ലാതാക്കൂ
  13. ozhuki ozhuki chennethum sankethathil
    roopamozhichuLLathellaam thaanallaathayiitunnu
    appozhorthitaam santhOshikkaam piniitta vazhikaLil thaan cheaitha satkarmmangal.
    naalla kavith enikishtamqaayiii...!

    മറുപടിഇല്ലാതാക്കൂ
  14. തിരിച്ചൊഴുകിയാലും അത് പുതിയ പുഴയായിരിക്കും...സിജി
    ജീവിതം അതാണ്..
    തിരിച്ചുപിടിക്കാനാവാത്തതാണ് നഷ്ടപ്പെടുന്നത്..
    തിരിഞ്ഞുനോക്കുമ്പോഴാണ്
    അകന്നുപോകുന്ന ഓളത്തിന്റെ
    വിലയറിയുന്നത്...

    മറുപടിഇല്ലാതാക്കൂ