2010, ഫെബ്രുവരി 11, വ്യാഴാഴ്‌ച

വേനല്‍മഴ










നെഞ്ചില്‍ കനല്‍ നീറ്റിയാണീ ഇരിപ്പ്
മറഞ്ഞുപോകുന്ന പോക്കുവെയില്‍
നോക്കി മോഹിച്ചിരിയ്ക്കവേ,
നടന്നുപോയതാണ്, യാത്ര പറയാതെ

ഇരുളിറങ്ങിപ്പരന്നപ്പോഴും
വെറുതെയൊരു പിന്‍വിളി മോഹിച്ചെത്രനാള്‍
ഇരുളിനും പകലിനുമുണ്ടായിരുന്നു പറയാന്‍
നാനാര്‍ത്ഥങ്ങള്‍ പേറുന്ന വാക്കുകള്‍
വെയിലില്‍ തിളച്ചുരുകി,
മഴയില്‍ പടര്‍ന്നൊലിയ്ക്കുന്ന,
പഴയ വെറുംവാക്കുകള്‍....

ഇപ്പോഴിവിടെ ഇരുളം പകലും
മിണ്ടാന്‍ കഴിയാതെ നിശ്ചലം
പഴയ പാഴ്വാക്കുകളുടെ സഞ്ചി
ദൂരെ വലിച്ചെറിഞ്ഞിവിടെ
തനിച്ചിരിക്കുന്പോഴാണ്
വീണ്ടും നിനച്ചിരിക്കാതെ ഈ മഴ,
ഒരു വേനല്‍മഴ.....

ആകെ നനച്ച് കുളിര്‍കോരി
തണുപ്പു പരക്കുന്ന
നാട്ടിടവഴികളില്‍ കൂട്ടുനടന്ന്
പഴയ കനല്‍ക്കടലുകള്‍ ഓര്‍ത്തെടുത്ത്
ഇപ്പോഴുമെരിയുന്ന കനലുകളില്‍
മഴത്തുള്ളികള്‍ കുടഞ്ഞ് , കെടുത്തി

എന്നെ നീ നിന്നിലേയ്ക്ക് പടര്‍ത്തുകയാണ്
ചായക്കൂട്ടുകളുടെ അകന്പടികളില്ലാതെ
വെറും കറുപ്പിലും വെളുപ്പിലും ചാലിച്ച
ഒരു നേര്‍രേഖയായി, പകര്‍ത്തിവയ്ക്കുകയാണ്

വീണ്ടും തണുപ്പേറ്റി
മഴപെയ്തുവരുന്നുണ്ട്
ഈ മരത്തണലിലും
മഴ പെയ്യുകയാണ് എങ്കിലും
കൈകളാല്‍ കാത്തുവച്ചിട്ടുണ്ടീ
നേര്‍ത്ത ഒറ്റവരയെ...
പടര്‍ന്നലിഞ്ഞു പെയ്തുപോകാതെ...
പെയ്തൊഴിഞ്ഞുപോകാതെ...

5 അഭിപ്രായങ്ങൾ:

  1. എന്നെ നീ നിന്നിലേയ്ക്ക് പടര്‍ത്തുകയാണ്
    ചായക്കൂട്ടുകളുടെ അകന്പടികളില്ലാതെ
    വെറും കറുപ്പിലും വെളുപ്പിലും ചാലിച്ച
    ഒരു നേര്‍രേഖയായി, പകര്‍ത്തിവയ്ക്കുകയാണ്

    മറുപടിഇല്ലാതാക്കൂ
  2. ഈ വേനല്‍ മഴ ഇങ്ങനെ തോരാതെ പെയ്തുകൊണ്ടുരിക്കട്ടെ ..

    മറുപടിഇല്ലാതാക്കൂ
  3. ആ നേര്‍രേഖ ഒരിക്കലും മാറാതെ മായാതെ തുടരുമാറകട്ടെ...

    മറുപടിഇല്ലാതാക്കൂ
  4. കൈകളാല്‍ കാത്തുവച്ചിട്ടുണ്ടീ
    നേര്‍ത്ത ഒറ്റവരയെ...
    പടര്‍ന്നലിഞ്ഞു പെയ്തുപോകാതെ...
    പെയ്തൊഴിഞ്ഞുപോകാതെ.

    മറുപടിഇല്ലാതാക്കൂ
  5. ആരു പറഞ്ഞു,.. വെറും വെളുപ്പെന്ന്??? സപ്തവര്‍ണ്ണങ്ങളും ഉള്ളിലൊളിപ്പിച്ചിരിക്കുന്നു വെളുപ്പ്... ഒരു പ്രിസത്തൊലൂടൊന്നു കടത്തിവിട്ടു നോക്കു... :)

    മറുപടിഇല്ലാതാക്കൂ