നീണ്ടുപുളഞ്ഞ് അനന്തതയില്‍,
അവ്യക്തമാകുന്ന ചില ഒറ്റയടിപ്പാതകള്‍...
അങ്ങേയറ്റത്ത് ആരോ,
കാത്തിരിപ്പുണ്ടെന്നൊരു,
കളിവാക്കുകേട്ട്,
ഇറങ്ങിപ്പോന്നതാണ്.....
പോകെപ്പോകെ, ഇന്നലെകളില്‍പ്പെയ്ത,
മഞ്ഞുറഞ്ഞ് അവ്യക്തമായ വഴിത്താരകള്‍
മുന്പേ നടന്ന്,
മഞ്ഞില്‍ മറഞ്ഞുപോയവരുടെ,
ചിതറിവീണു, മരവിച്ച സ്വപ്നങ്ങള്‍.....
ചിലയിടങ്ങളില്‍ മുനിഞ്ഞുകത്തുന്ന,
ചില പ്രതീക്ഷകള്‍,
ചില കയറ്റിറക്കങ്ങളില്‍,
തൊണ്ടയിലേക്കടിച്ചുകയറി,
രസമുകുളങ്ങളെ മടുപ്പിച്ച ,
കരിന്തിരിപ്പുകമണം...
ഇന്നും നാളയുമില്ലാതെ
ഇന്നലെയില്‍ ഉറഞ്ഞുപോയ കാലം,
ലക്ഷ്യമില്ലാത്തവരുടെ മാത്രം വഴിയാണെ-
ന്നോര്‍മ്മിപ്പിച്ച് ഇടക്കിടെ,
ചുഴിയുമായി വന്നലയ്ക്കുന്ന കാറ്റ്...
ഇന്നലെകളില്‍ പെയ്തു തീര്‍ന്ന,
മഞ്ഞിന്‍കണങ്ങളുടെ തണുപ്പ്..
പിന്നെയും പിന്നെയും മാടിവിളിയ്ക്കുന്ന
നരച്ച തണുപ്പ് ....
വേഗം വേഗം അവസാനത്തിലേയ്ക്കെത്തുകെന്നോതി,
മനമിരുന്നു പിടിയ്ക്കുന്നു,
മഞ്ഞില്‍പ്പുതഞ്ഞാരോ,
കാത്തിരിപ്പുണ്ടെന്ന് കാതിലോതി,
വാരിയെടുത്തുകൊണ്ടുപോകാനൊരുങ്ങിയീ കാറ്റ്....
പിന്നെയും.....
കാറ്റ് -
മറുപടിഇല്ലാതാക്കൂജീവന്റ്റെ അടയാളമാണ്.
ഒറ്റയടിപ്പാതകള്‍ താരതമ്യേന പുതിയ വഴികള്‍ ആണ്‍്.
അധികം ഉപയോഗിക്കാത്തവ.
അങ്ങേയറ്റത്ത് ആരെങ്കിലും ഉണ്ടാവും.
ഒറ്റയടിപ്പാതകള്‍ ഇണചേരാറുണ്ടല്ലോ.
കാലടിപ്പാതകള്‍ ആശ്വാസമാണ്. അതിനു മുകളില്‍ ജീവന്‍ സ്പന്ദിച്ചിരുന്നു.
മരവിച്ച സ്വപ്നങ്ങളെ മാറോടുചേര്‍ത്ത്
ചൂടുപകര്‍ന്ന്...
നിന്റെ കാലടി എത്തുംവരെയെങ്കിലും കൊണ്ടുപോകുക.
കൈപകര്‍ന്ന് ഒരുനാള്‍...
മുനിഞ്ഞുകത്തുന്ന പ്രതീക്ഷകളില്‍ സ്നേഹത്തിന്റെ എണ്ണപകരുക.
കരിന്തിരി മാറട്ടെ.
പ്രതീക്ഷകളുടെ തിരിവെട്ടത്തില്‍
കാലം പ്രയാണം തുടരും.
ശ്രദ്ധിക്കൂ..കാറ്റിനു മറ്റെന്തോ പറയാനില്ലേ..?
നരച്ച തണുപ്പിനു മികച്ച പൂരകം
ചുവന്ന മിടിയ്ക്കുന്ന ഹൃത്തിന്റെ ചൂട്.
വഴിയത്രെയും താണ്ടുക തന്നെ.
വിസ്മയക്കാഴ്ചകള്‍ കാത്തിരിക്കുന്നു.
കാറ്റ്
ജീവന്റെ അടയാളമാണ്.