2010, മേയ് 14, വെള്ളിയാഴ്‌ച

എന്റെ മഞ്ചാടിമരം..........




മുറ്റത്ത് ചുവപ്പുരാശി പടര്‍ത്തി, മനസ്സില്‍ പ്രണയം മുളപ്പിയ്ക്കൂവെന്നും പറഞ്ഞ് കാറ്റിലുലഞ്ഞിരുന്ന എന്റെ മഞ്ചാടി, വിത്തിട്ട് മുളപ്പിച്ച് മഴയും വെയിലുമെടുത്തുപോകാതെ ഞാനും ചേച്ചിയും പോറ്റിവളര്‍ത്തിയ മഞ്ചാടി, ചേച്ചിയുടെ പ്രണയത്തിന്റെ മഞ്ചാടിമരം.....

ഇടനേരങ്ങളില്‍ ഞങ്ങള്‍ ചാരിയിരുന്ന് കഥപറയാറുണ്ടായിരുന്ന മഞ്ചാടി മരം...... മഴയിലും കാറ്റിലും അടുത്തവീടിന്റെ മുകളില്‍ മുറിഞ്ഞുവീഴുമെന്ന് പറഞ്ഞ് മുറ്റത്തെ പ്രണയമരം ഏട്ടനും വല്യച്ഛനും ചേര്‍ന്ന് മുറിച്ചുകളഞ്ഞു.

കഴിഞ്ഞ മഴക്കാലത്തേ ഏട്ടനതിന് മരണം നിശ്ചയിച്ചതായിരുന്നു, അന്ന് ഞാനും ചേച്ചിയും ചേച്ചീയെ വാവയും വട്ടം ചുറ്റിപ്പിടിച്ച് കരഞ്ഞ് സമരം ചെയ്തപ്പോള്‍ വേണ്ടെന്നു വച്ചതാണ്. ഇപ്പോള്‍ ഞാനും ചേച്ചിയും ഇല്ലാതിരുന്നപ്പോള്‍ മുറിച്ചുകളഞ്ഞു. വേദനിച്ചുതന്നെയാവണം ഏട്ടനും മഞ്ചാടിമരം വെട്ടിയത്. കാരണം ഞങ്ങളുടെ മഞ്ചാടിക്കൊതിയെ ഏട്ടന്‍ കളിയാക്കാറുണ്ടായിരുന്നു, വാവ മണികള്‍ വിഴുങ്ങുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.

കുട്ടികളെയെല്ലാം മഞ്ചാടിപെറുക്കാന്‍ പഠിപ്പിയ്ക്കണമന്ന് ഞാനും ചേച്ചിയും പറയുമായിരുന്നു, ഇനിയും പിറക്കാനിരിക്കുന്നവരും ഇപ്പോള്‍ പിച്ചവയ്ക്കുന്നവരും കൂട്ടമായിരുന്ന് മുറ്റത്തും പറന്പിലും വീണ മഞ്ചാടി പെറുക്കുന്നത് ഞങ്ങള്‍ സ്വപ്നം കണ്ടു. വലിയ വലിയ പളുങ്കു പാത്രങ്ങളില്‍ ഞങ്ങള്‍ മഞ്ചാടിമണികള്‍ പെറുക്കി സൂക്ഷിച്ചു. സ്വപ്നങ്ങളുടെ തുള്ളിപോലെ മുറ്റത്ത് വീണുകിടന്ന മഞ്ചാടിമണികള്.........

പാതിരാത്രിയ്ക്ക് തൊണ്ടയിടറിക്കൊണ്ട് ചേച്ചിയുടെ എസ്എംഎസ് മഞ്ചാടി മരം മുറിച്ചു........... ഇങ്ങകലെ ഓര്‍മ്മകളില്‍ മഞ്ചാടിമണിയുടെ നിറവും ഗന്ധവും പേറി ഉള്ളുപിടഞ്ഞ് ഉറങ്ങാന്‍ കഴിയാതെ ഞാന്‍......

പ്രണയത്തിന്റെ വേവുകാലത്തെന്നോ ചേച്ചിയ്ക്ക് കൂട്ടുകാരന്‍ കൊടുത്ത പ്രണയസമ്മാനം, ഒരു മഞ്ചാടിമണി, നട്ടുമുളപ്പിച്ച് കാവലിരുന്ന് ചേച്ചി വളര്‍ത്തിയ മരം, അവരുടെ പ്രണയത്തിനൊപ്പം വളര്‍ന്ന് പൂവിട്ട മരം....അതു പൂവിട്ട് ആദ്യമായി ചെമന്ന മണികളുണ്ടായപ്പോള്‍ ചേച്ചിയും ചേട്ടനും കൂടി കാണാന്‍ വന്നത്, ഓടിവന്ന് ചേച്ചിയെന്നെ കെട്ടിപ്പിടിച്ച് ഉമ്മവച്ചത്......എല്ലാം ഒരു ഫ്രെയിമില്‍ മിന്നിമാഞ്ഞു

അച്ഛന്റെയും അമ്മയുടെയും പ്രണയമരത്തിന്റെ മണികള്‍ പെറുക്കാന്‍ വാവയും ശീലിച്ചിരുന്നു.രണ്ടാമത്തെ വയസ്സില്‍ മഞ്ചാടി സൂക്ഷിച്ചുവയ്ക്കേണ്ട ഒന്നാണെന്ന് അമ്മയ്ക്ക് പ്രിയപ്പെട്ടതാണെന്നും അവന്‍ പഠിച്ചുവച്ചിരിക്കുന്നു.

ആര്‍ക്കും കൊടുക്കാതെ ചേച്ചി തീരാത്ത കൊതിയോടെ സ്വന്തമാക്കുന്ന ഒരേയൊരു കാര്യം മഞ്ചാടിമണികള്‍മാത്രമായിരുന്നു. ആര്‍ക്കെങ്കിലും കൊടുക്കുന്നുവെങ്കില്‍ അതെനിയ്ക്കുമാത്രമായിരുന്നു. എന്നെ പ്രണയിയ്ക്കാന്‍ പഠിപ്പിച്ച ചേച്ചിയുടെ ചോരച്ച പ്രണയത്തിന്റെ തുള്ളികള്‍...

മുറിഞ്ഞ് നിലത്തേയ്ക്കു വീഴുന്പോള്‍ എന്റെ മരം എന്നെയോര്‍ത്ത് ആത്മഗതം കൊണ്ടുകാണും നിന്റെ പ്രണയം ചുവപ്പിക്കാന്‍ മഞ്ചാടി മണികള്‍ തരാന്‍ കഴിയാതെ ഞാന്‍ വിടപറയുകയാണെന്ന്.

ഞാനും സ്വപ്നം കണ്ടിരുന്നു വലിയൊരു പളുങ്കുപാത്രത്തില്‍ നിറയെ മഞ്ചാടിമണികള്‍ എന്റെ പ്രണയത്തിന് സമ്മാനിയ്ക്കുന്നത് ....... അവനത് നിധിപോലെ സൂക്ഷിയ്ക്കുന്നത്........ സ്വരുക്കൂട്ടിയവയെല്ലാം ആര്‍ക്കെന്നില്ലാതെ കൊടുത്തുപോതിനാല്‍ ഇനിയും എനിക്ക് മഞ്ചാടിമണികള്‍പെറുക്കിക്കൂട്ടേണ്ടിയിരുന്നു, എല്ലാം ഭ്രാന്തന്‍ കാറ്റിന്റെ മറപറ്റി വന്ന ഈ മഴക്കാലത്തോടെ.....

എല്ലാര്‍ക്കും പറയാം ഇനിയുമൊരു മഞ്ചാടിമരം നടാല്ലോന്ന് പക്ഷേ സ്വപ്നങ്ങളുടെ ശോണിമ നഷ്ടപ്പെട്ട് അതു നരയ്ക്കുന്നകാലത്തേയ്ക്കെങ്കിലും ആ മരം പൂവിടുമോയെന്ന് ആരുകണ്ടു.

8 അഭിപ്രായങ്ങൾ:

  1. മഴയുടെ പച്ചവഴുക്ക് മിനുങ്ങുന്ന മുറ്റത്തെ മഞ്ചാടിച്ചുവപ്പ് വെറുതെ ഓര്‍മ്മയില്‍ക്കിടന്ന് ചുവന്നു തുടക്കുന്നു.....

    മറുപടിഇല്ലാതാക്കൂ
  2. ഓരോ നഷ്ടവും ഒരു നൊമ്പരമാണല്ലോ.....
    ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന തിരിച്ചറിവ് അതിനെ ഏറെ നൊമ്പരപ്പെടുത്തുന്നു...

    മറുപടിഇല്ലാതാക്കൂ
  3. പാവം മഞ്ചാടി മരത്തിന്റെ ഹൃദയ വേദന ആരറിയാന്‍...

    മറുപടിഇല്ലാതാക്കൂ
  4. നഷ്ടത്തിന്‍റെ തീവ്രത ഇന്ന് വരെ ഒരു നേട്ടത്തിനും ഉണ്ടായിട്ടില്ല... സഹിക്കൂ സോദരീ..

    മറുപടിഇല്ലാതാക്കൂ
  5. എല്ലാര്‍ക്കും പറയാം ഇനിയുമൊരു മഞ്ചാടിമരം നടാല്ലോന്ന് പക്ഷേ സ്വപ്നങ്ങളുടെ ശോണിമ നഷ്ടപ്പെട്ട് അതു നരയ്ക്കുന്നകാലത്തേയ്ക്കെങ്കിലും ആ മരം പൂവിടുമോയെന്ന് ആരുകണ്ടു.

    മറുപടിഇല്ലാതാക്കൂ
  6. സ്വന്തമായി ഒരു മഞ്ചാടി മരം ഇല്ലാതവളും ഒരുപാട് മഞ്ചാടി മണികളെ കിനാവ് കണ്ടിരുന്നു...
    nice post..

    മറുപടിഇല്ലാതാക്കൂ
  7. ഇത് ഒരു കഥ പോലെ വായിക്കാം. ഞാന്‍ ഇതിനെ ഒരു കവിതയായി എന്നിലേക്ക്‌ ആവാഹിക്കുന്നു...

    മറുപടിഇല്ലാതാക്കൂ