2009, ഏപ്രിൽ 6, തിങ്കളാഴ്‌ച

നിനക്കുവേണ്ടി മാത്രം


എന്തേ ഞാന്‍ സ്വപ്നങ്ങള്‍ക്ക് പുറകേ പോയത്?
എന്തേ ഞാനെന്നെ കൊല്ലാന്‍ ശ്രമിച്ചത്?
അച്ഛന്‍റെ നെഞ്ചിലെ വേവോര്‍ക്കാതെ
അമ്മയുടെ ഉള്ളിലെ എരിയുന്ന കനലോര്‍ക്കാതെ
കുഞ്ഞനിയന്‍റെ തമാശകളോര്‍ക്കാതെ

ഇല്ല! ഞാനോര്‍ക്കുന്നു അച്ഛന്‍ നടത്തിയപോലെ
നീയെന്നെ കൈപിടിച്ചു നടത്തിയത്
അമ്മയെപ്പോലെ ഞാന്‍ നിന്നെ കുഴച്ചൂട്ടിയത്
നീ ആരായിരുന്നു?
പ്രണയമോ? അതോ മരണമോ?

ഇവിടെ ഇപ്പോള്‍ നരച്ച പകലുകളാണ്
നിലാവില്ലാതെ വിളറിയ രാത്രികളും
നിനക്കു നക്ഷത്രങ്ങളെ കാണാന്‍ കഴിയുന്നുണ്ടോ?
ഉണ്ടായിരിക്കണം, അന്നേ നിന്‍റെ
കാഴ്ചകള്‍ക്ക് തെളിച്ചമുണ്ടായിരുന്നല്ലോ

കണ്ണില്‍ നിന്നും നീ വീണുപോയെങ്കില്‍
എന്നുകരുതി ഞാന്‍ കരയാതിരിക്കുന്നു
ഒന്നു കരയാന്‍ നീ പറഞ്ഞിരുന്നെങ്കില്‍
എനിയ്ക്കൊന്നു കരഞ്ഞുതീര്‍ക്കാന്‍ കഴിഞ്ഞേനേ

നിന്‍റെ കണ്ണിലെ എന്‍റെ രൂപം
ഇപ്പോള്‍ തീര്‍ത്തും മങ്ങിയതായിരിക്കും
ഒരിക്കല്‍ അത് തീര്‍ത്തും അവ്യക്തമായി
നിന്‍റെ കണ്ണുകളില്‍ നിന്നുമടര്‍ന്ന്
വെറും നിലത്ത് വീണ് ചിതറും

അന്നും കണ്ണില്‍ എന്‍റെ രൂപമില്ലാതെ
നിനക്കെന്നെ ഓര്‍മ്മിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍
എങ്കില്‍ നീയെന്നെ സ്നേഹിക്കുന്നു
കടലിന്‍റെ കരകള്‍ക്കിടയിലുള്ള അകലത്തോളം

എങ്കിലും നീ സമ്മാനിച്ച അപമാനങ്ങള്‍ക്ക് മേല്‍
മണ്ണുവാരിയിട്ട് ഓര്‍മ്മകളെ ഒഴിക്കിക്കളയാന്‍
വരാനിടയില്ലാത്ത ഒരു പ്രളയകാലത്തെയും കാത്ത്
ഞാനിവിടെ തനിച്ചിരിക്കുകയാണ്

മുറിവില്‍ നിന്നിറ്റുവീഴുന്ന രക്തത്തില്‍
നിന്‍റെ പേരെഴുതി നിനക്ക് ആശംസകളെഴുതി
ഞാന്‍ സമ്മാനപ്പൊതി ഒരുക്കുകയാണ്
നിനക്കുവേണ്ടി മാത്രം

14 അഭിപ്രായങ്ങൾ:

  1. "കണ്ണില്‍ നിന്നും നീ വീണുപോയെങ്കില്‍
    എന്നുകരുതി ഞാന്‍ കരയാതിരിക്കുന്നു"

    വേദനയില്‍ നിന്നുയര്‍ന്ന വാക്കുകള്‍...
    Touching.

    മറുപടിഇല്ലാതാക്കൂ
  2. ഹഹഹ ന്റെ സിജ്യേ, ഇതു കഴിഞ്ഞില്ലേ? :))

    മറുപടിഇല്ലാതാക്കൂ
  3. എന്റെ കൊച്ചെ, വീണിടത്ത് കിടന്ന് കരഞ്ഞു വിളിക്കാതെ എണീറ്റ് പൊടിയും തട്ടി നിന്നാലേ ലോകം വില വക്കൂ. അതിനവനവള്‍‍(/ന്‍) തന്നെ ശ്രമിക്കണം.

    മറുപടിഇല്ലാതാക്കൂ
  4. ആത്മാവില്‍ നിന്നും
    പുറപ്പെട്ട്‌
    ശരീരത്തെ ചുറ്റിവരിയുന്ന
    ഓര്‍മ്മകളുണ്ട്‌
    ഈ കവിതയില്‍...
    ചുട്ടുപൊള്ളുന്ന
    കണ്ണുനീര്‍ പ്രളയത്തില്‍
    ഒലിച്ചിറങ്ങിപ്പോകുന്ന
    ഹൃദയത്തിന്റെ
    വരണ്ട നിസ്സഹായതയുണ്ട്‌...
    നഷ്ടപ്പെടലിന്റെയും
    വിരഹത്തിന്റെയും
    മരവിപ്പുകളുണ്ട്‌...

    പക്ഷേ...
    അതിജീവനത്തിന്റെ പാതകള്‍
    താണ്ടിയാല്‍
    ഇനിയും കാണാം
    ആയിരം വസന്തങ്ങള്‍...


    ആശംസകള്‍...
    അഭിനന്ദനങ്ങള്‍....

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2009, ഏപ്രിൽ 6 10:50 AM

    സിജി,
    പ്രളയമായി തന്നെ വരും;
    നിന്നെ മാത്രം പ്രണയിക്കുന്ന ഒരു ഹൃദയത്തിന്‍ ഉഷ്മള തരംഗങ്ങള്‍....
    ഇത്തിരി കൂടെ ക്ഷമിക്കൂ :-)

    മനോഹരമായിരിക്കുന്നു :-)

    മറുപടിഇല്ലാതാക്കൂ
  6. സിജിയുടെ വരികളിലെ വികാരങ്ങളുടെ വീര്യം ഗംഭീരമാണ് . ബിംബസൃഷ്ടിയില്‍ കാണിക്കുന്നത് തികഞ്ഞ പക്വതയും.

    ന്നാലും ഈ ഠ വട്ടത്തിലെ കറക്കം ശരിയല്ല.

    മറുപടിഇല്ലാതാക്കൂ
  7. ആദ്യ ഭാഗം ഇഷ്ടായി .. പക്ഷെ അതു കഴിഞ്ഞ് ചങ്കരന്‍ വീണ്ടും തെങ്ങേല്‍ തന്നെ എന്നും തോന്നി. ഇനിയും എഴുതുക, തെങ്ങേല്‍ കയറാതെ എഴുതാന്‍ ശ്രമിക്കുക, പകരം പന ട്രൈ ചേയ്യു, ഒരു ചേഞ്ചിനു :)

    മറുപടിഇല്ലാതാക്കൂ
  8. ഞാന്‍ പാച്ചൂന്‍റെ സാഹസങ്ങളൊക്കെ ഒന്നു പഠിക്കട്ടെ കേട്ടോ എന്നിട്ട് പന പരീക്ഷിക്കാം :)

    മറുപടിഇല്ലാതാക്കൂ
  9. ഐ ആം ദി സോറീീ..ഡാ..ഐ ആം ദി സോറീീ..നി എന്തിനു ഞങ്ങളെ ഇങ്ങനെ കരയിക്കുന്നു..


    ചുമ്മ തമാശിച്ചതാ...കാര്യമാക്കല്ലെ!!!ഈ ഇരുട്ടിൽനിന്നും ഇറങ്ങി അൽപം ശുദ്ധവായൂ ശ്വസിക്കൂ..നല്ല ആശ്വാസം കിട്ടും..രചിക്കാൻ കഴുവുള്ളതുകൊണ്ട്‌ പുതിയ ആശയങ്ങളും...

    മറുപടിഇല്ലാതാക്കൂ
  10. ധൃഷ്ടദ്യുമ്നാ പാഞ്ചാലി അനുഭവിച്ചതോര്‍ക്കുന്നില്ലേ? അഞ്ചുപേരുണ്ടായിരുന്നിട്ടും അവള്‍ക്കെന്തൊക്കെ സഹിക്കേണ്ടിവന്നു. ഞാനും എല്ലാം സഹിച്ചുതീര്‍ക്കട്ടെ തീയില്‍ കുരുത്താലല്ലേ വെയിലത്തു വാടാതിരിക്കൂ......

    മറുപടിഇല്ലാതാക്കൂ
  11. hi siji i am really a fan of u.......really.....i am eagerly waiting for ur new post....i havnt any blog...but i always read blogs...becoz of u....thanks a lot

    മറുപടിഇല്ലാതാക്കൂ