2009, ഏപ്രിൽ 10, വെള്ളിയാഴ്‌ച

മടങ്ങിയ വസന്തം


പതുങ്ങിപ്പതുങ്ങി വന്ന ഒരു പദനിസ്വനം
ആത്മാവുവരെയെത്തുന്ന സുഗന്ധവും പേറി
അതേ അവള്‍ വസന്തം
വസന്ത ഋതു, വന്നുവോ?

ഉവ്വെന്നവള്‍ ചിരിച്ചു
പരാഗരേണുക്കള്‍ വച്ചുനീട്ടി
കണ്ണുകള്‍ ചെന്നെത്തിയത്‌
തലേന്നാല്‍ വെട്ടിക്കളഞ്ഞ
പൂച്ചെടികളിലേയ്‌ക്കാണ്‌

ഈ പരാഗരേണുക്കള്‍ ആര്‍ക്കു നല്‍കും
പുതുതായി വച്ചുപിടിപ്പിച്ച
പൂക്കാത്ത ചെടികള്‍ക്കോ
അതോ വീണ്ടും പൂച്ചെടികള്‍
നട്ടു നനയ്‌ക്കണമെന്നാണോ
അതുവരെ ഈ പരാഗരേണുക്കളെ
ആരു കരുതി വയ്‌ക്കും?

ആരറിഞ്ഞു ഗ്രീഷ്‌മം കഴിഞ്ഞെന്ന്‌
ഋതുക്കള്‍ മാറിയെന്ന്‌
വസന്തം എത്താറായെന്ന്‌
നിശ്ചലമായ ഘടികാരസൂചികളിലല്ലേ
എന്റെ കാലവും നിന്നുപോയത്‌

വസന്തത്തെ പടിവാതില്‍ക്കല്‍ നിര്‍ത്തി
ഞാനെന്റെ ഘടികാരത്തിനടുത്തെത്തി
അനങ്ങാത്ത സൂചികളെ പിടിച്ചു നടത്താന്‍ ശ്രമിച്ചു
തുരുമ്പിച്ച സൂചികള്‍ ഇളകി കയ്യില്‍പോന്നു
പെന്റുലം തൂങ്ങിയ നിലയില്‍ നിന്നും
നിലത്തുവീണുപൊട്ടിച്ചിരിച്ചു

അതേ, ചിരിയിലൊരു പരിഹാസം
ചിരികളുടെ പ്രതിധ്വനി വിഡ്‌ഢീ എന്ന്‌ നീട്ടി വിളിക്കുന്നു
ശബ്ദം കേട്ട്‌ അവള്‍ ഭയന്നുവോ?
വാതില്‍പ്പടിയില്‍ അവളെ കണ്ടില്ല

ഉമ്മറപ്പിടിയില്‍ നിന്നും
എത്തിനോക്കുമ്പോള്‍ അവളതാ
അടുത്തുള്ള ശവപ്പറമ്പിലെ
ശവംനാറിച്ചെടികളില്‍
വസന്തപരാഗങ്ങള്‍ വിതറുന്നു
തിരികെ വിളിക്കണോ?

വേണ്ട അവിടെ വസന്തം വിടരട്ടെ
വാതില്‍പ്പടിയില്‍ നിന്നും
ആ വസന്തത്തെ കണികണ്ട്‌
അടുത്ത വസന്തം വരുന്നതുവരെ കാത്തിരിക്കാം

പുതിയൊരു ഘടികാരം വാങ്ങി ചുവരില്‍ തൂക്കാം
കാലത്തിനൊപ്പം നടക്കാന്‍,
ചിലപ്പോഴൊക്കെ കുറുകെയും പിന്നോട്ടും
സൂചികളെ വലിച്ചും നീട്ടിയും വയ്‌ക്കാം
പെന്റുലത്തെ പിടിച്ചു കെട്ടിവയ്‌ക്കാം

അടുത്ത വരവില്‍ ഈ ശവപ്പറന്പില്‍
എത്താതിരിക്കാന്‍ അവള്‍ക്ക്‌ കഴിയില്ല
കാരണം അവിടെ കാത്തിരിക്കുന്ന എനിയ്‌ക്ക്‌
ശവംനാറിപ്പൂക്കള്‍ താരിതിരിക്കാന്‍
അവള്‍ക്കു കഴിയുമോ?
ഇല്ല കഴിയില്ല, അവള്‍ വരും

5 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2009, ഏപ്രിൽ 10 8:56 AM

    the first three stanza are thought evoking .!!
    ബാക്കി കഥ ഒന്നുമേ പുരിയല്ലേ :(
    തിരുമ്പീ വന്നു പിന്നെയും വായിക്കാം :)

    മറുപടിഇല്ലാതാക്കൂ
  2. അപൂര്‍ണമോ ഈ മുന്നൊരുക്കം? വ്യര്ത്ഥമോ ഈ കാത്തിരിപ്പ്‌? അറിയില്ല.... പ്രതീക്ഷയുടെ തിരിനാളങ്ങള്‍ കെടാതിരിക്കുമ്പോള്‍ സ്വപ്‌നങ്ങള്‍ കണ്ടുകൊള്ളുക....

    മറുപടിഇല്ലാതാക്കൂ
  3. ഇവിടെയെത്താന്‍ ലേശം വൈകിപ്പോയി ഇഷ്ടാ... നഷ്ടപരിഹാരമായി മുപ്പത്തിമൂന്ന്‌ പോസ്‌റ്റുകളും ആകെ മൊത്തം ടോട്ടല്‍ കമന്റുകളും ഒറ്റയടിയ്‌ക്ക്‌ വായിച്ചു തീര്‍ത്തു. ആദ്യം ഒരോ പോസ്‌റ്റിനും തറുതല എഴുതണമെന്ന്‌ കരുതി. പിന്നെ വേണ്ടെന്ന്‌ വെച്ചു. സമയം പാതിരാത്രി... അല്ല പുലര്‍ച്ചെ ആയി-അത്‌ കൊണ്ട്‌ തന്നെ. ക്ഷമിയ്‌ക്കുക. കുറച്ച്‌ തിരക്കുണ്ട്‌.

    മൊത്തത്തില്‍ പോസ്‌റ്റുകള്‍ കൊള്ളാം. ചില കവിതകള്‍ ഇഷ്ടപ്പെട്ടില്ല. മോശമായത്‌ കൊണ്ടാവില്ല. ദഹിക്കാത്തത്‌ കൊണ്ടാവും. മാപ്പാക്കുക. ഇഷ്ടപ്പെട്ട പല പോസ്‌റ്റിലും എഴുത്തുകാരിയുടെ ആത്മരതി നുരഞ്ഞ്‌ പതയുന്നുണ്ടോയെന്ന്‌ എനിക്ക്‌ സംശയം. ബ്ലോഗെഴുത്തിനെ ഒരുതരം ആത്മരതിയായി കാണുന്നവനാണ്‌ ഞാന്‍. ബൂലോഗ വാസികള്‍ എന്നോട്‌ ക്ഷമിക്കട്ടെ. പിന്നെ നല്ല വാക്കുകള്‍, നല്ല ശൈലി, നല്ല ടോപ്പിക്കുകള്‍. വണ്ടി മുന്നോട്ട്‌ പോട്ടെ...

    ങാ.. തിരക്കുണ്ടെന്ന്‌ പറഞ്ഞില്ലേ,

    ആദ്യ കമ്മ്യൂണിസ്റ്റിന്റെ രക്തസാക്ഷിത്വം കഴിഞ്ഞ്‌ മൂന്നാംപക്കം. പെണ്‍പിള്ളാരടക്കമുള്ള ആബാലവൃദ്ധം ചെറിയ ചാറ്റല്‍ മഴയത്ത്‌ പള്ളികളിലേക്ക്‌ നീങ്ങുന്നു. കുറച്ച്‌ നേരം അവരെയൊക്കെ ഒന്ന്‌ കണ്ട്‌ പുണ്യം നേടട്ടെ ബൈ ബൈ....

    മറുപടിഇല്ലാതാക്കൂ
  4. ഉം .. ഒരു മാറ്റം കാണുന്നു .. സത്യമാണോ, അതൊ ചുമ്മാ പറ്റിക്കലാണോ? അതോ ഇതു വെറും അബദ്ധം മാത്രമോ .. കാത്തിരുന്നു കണ്ട് അതിനെ പറ്റി കൂടുതല്‍ പറയാം ..

    എന്തായാലും , സബ്‌ജക്ടിലെ മാറ്റം കൊള്ളാം. തുടര്‍ന്നും എഴുതുക ..

    മറുപടിഇല്ലാതാക്കൂ
  5. വിഷു സ്പെഷല്‍ ഒന്നുമില്ലേ മോളെ?

    വിഷു ആശംസകള്‍

    please visit and join
    trichurblogclub.blogspot.com

    മറുപടിഇല്ലാതാക്കൂ