2009, ജനുവരി 3, ശനിയാഴ്‌ച

കെഫേ ഡോറിനടിയിലെ കാലുകള്‍!!!

വിചിത്രമെന്നല്ലാതെ എന്തുപറയാനാണ്‌ ഒന്ന്‌ കബ്ബണ്‍ പാര്‍ക്കിലേയ്‌ക്കോ ലാല്‍ബാഗിലേയ്‌ക്കോ ഇറങ്ങിയാല്‍ ഒരു ഒളിവും മറവുമില്ലാതെ പലതും കാണാന്‍ കഴിയുന്ന നഗരത്തില്‍ കെഫേയ്‌ക്കുള്ളില്‍ ഒളിഞ്ഞുനോക്കി ആസ്വദിക്കുക. കേട്ടുകഴിഞ്ഞപ്പോള്‍ ഒരോരുത്തരുടെ അധ്വാനശീലമെന്നേ ഞങ്ങള്‍ക്ക്‌ പറയാന്‍ തോന്നിയുള്ളു.

എന്റെ കൂട്ടുകാരിയും ബാംഗ്ലാദേശികാമുകനുമാണ്‌ കഥയിലെ കേന്ദ്രകഥാപാത്രങ്ങള്‍. തെക്കന്‍ കേരളത്തിലെ വളരെ യാഥാസ്ഥിതികമായ ഒരു മുസ്ലിം കുടുംബത്തിലെ മൂത്തമകളാണ്‌ നായിക.(ആരെങ്കിലും തിരിച്ചറിഞ്ഞ്‌ വീട്ടുകാര്‍ അവളെപ്പിടിച്ച്‌ കെട്ടിച്ചാല്‍ ഒരു ഇന്റര്‍ കണ്ട്രി മാര്യേജ്‌ കാണാനുള്ള ഞങ്ങളുടെ ചാന്‍സ്‌ നഷ്ടമാകുമെന്നതിനാല്‍ അവളുടെ പേര്‌ ഞാന്‍ പറയില്ല :-) ). നായകനാകട്ടെ പഠിയ്‌ക്കാനായി ഇന്ത്യയിലെത്തിയ ഒരു ബംഗ്ലാ മുസ്ലിം പൗരനും.

കാര്യം അതിര്‍ത്തി പ്രശ്‌നമായതുകൊണ്ടതന്നെ കെട്ടുനടക്കുമോയെന്ന കാര്യത്തില്‍ ഇരുവര്‍ക്കും നല്ല ഉള്‍ഭയമുണ്ട്‌. ഈ ഉള്‍ഭയം ഇടക്കിടെ ഇരുവര്‍ക്കുമിടയില്‍ വന്‍ കലാപങ്ങളായി തലപൊക്കാറുമുണ്ട്‌. കണ്ണീരിനും മൂക്കുചീറ്റലിനും ഞങ്ങള്‍ സഹമുറിയത്തികള്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുമ്പോഴാണ്‌ പലപ്പോഴും കലാപങ്ങള്‍ കെട്ടടങ്ങിയിട്ടുള്ളത്‌. ചിലപ്പോഴൊക്കെ അതിര്‍ത്തി രക്ഷാസേനയെ ഇറക്കേണ്ടിവരും എന്നുവരെ തോന്നിപ്പോയിട്ടുണ്ട്‌.

രണ്ടുപേര്‍ക്കും സംസാരിക്കാന്‍ ഒരു പോലെ അറിയുന്നത്‌ ഇംഗ്ലീഷ്‌ ഭാഷ മാത്രമേയുള്ളുവെങ്കിലും തെറിവിളികള്‍ക്ക്‌ യാതൊരു കുറവുമില്ല. സ്‌നേഹത്തിന്‌ ഭാഷയില്ലെന്നതുപോലെ തെറിയും ഭാഷയ്‌ക്കതീതമാണെന്ന്‌ ഇരുവരും തെളിയിച്ചുകൊണ്ടിരിക്കുകയുമാണ്‌( തെറിയെന്നുദ്ദേശിച്ചത്‌ കുത്താ, കുത്തി.... എന്നിങ്ങനെമാത്രം എന്റെ കൂട്ടുകാരിയെക്കുറിച്ച്‌ അരുതാത്തത്‌ ചിന്തിയ്‌ക്കരുത്‌).

ഈയിടെ ജോലികിട്ടി(രണ്ടുപേരും തൊഴില്‍ രഹിതരാണ്‌) സാലറി ചിലവിടുന്ന കാര്യം പ്ലാന്‍ ചെയ്യുന്നതിനിടെ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു. ബാങ്ക്‌ ലോണും കാര്യങ്ങളും കുടുംബത്തിനോടുള്ള ഉത്തരവാദിത്തവും പറഞ്ഞ്‌ നല്ല അസ്സല്‍ വാഗ്വാദങ്ങള്‍. പ്രശ്‌നം സാധാരണപോലെ കെട്ടടങ്ങിയില്ല.

രണ്ടുമൂന്നുദിവസം ഫോണില്ല, വിളിയില്ല... പക്ഷേ നാലാംദിവസം പുള്ളിക്കാരന്‍ വിളിച്ചു, പുള്ളിക്കാരത്തി ഫോണെടുത്തു...'' മറുതലയ്‌ക്കല്‍ നിന്ന്‌ രണ്ടാലൊന്ന്‌ തീരുമാനിയ്‌ക്കണം ഒന്നുകില്‍ മുന്നോട്ട്‌ അല്ലെങ്കില്‍ വേര്‍പിരിയല്‍.. ''എല്ലാം സംസാരിച്ച്‌ തീരുമാനിക്കൂ എന്നുപറഞ്ഞ്‌ ഞങ്ങള്‍ മറ്റുള്ളവര്‍ അവളെ അനുഗ്രഹിച്ചയച്ചു.

ഞങ്ങളെല്ലാം ഒരുപോലെ സ്വപ്‌നംകണ്ട ഒരു ബംഗ്ലാ-കേരളക്കല്ല്യാണം മുടങ്ങിയേയ്‌ക്കുമോ എന്നുവരെ സംശയിച്ചു. പക്ഷേ നേരില്‍ക്കണ്ടപ്പോള്‍ കാര്യങ്ങളൊക്കെ ശുഭം. അടുത്ത പരിപാടി ഫുഡ്ഡടി.(ബംഗ്ലാദേശിയാണെങ്കിലും സാമ്പാറൊഴിച്ച്‌ ഉണ്ണുന്നതിലാണ്‌ പുള്ളിക്കാരന്‌ കമ്പം) അതും കഴിഞ്ഞ്‌ ഇത്തിരി ഓര്‍ക്കൂട്ടില്‍ത്തപ്പാമെന്ന്‌ കരുതി രണ്ടുപേരും ഒരു ഇന്റര്‍നെറ്റ്‌ കെഫേയിലേയ്‌ക്ക്‌.
രണ്ടുപേരും തൊഴില്‍ രഹിതരാണെന്ന്‌ നേരത്തേ പറഞ്ഞല്ലോ. അതുകൊണ്ടുതന്നെ പത്തുരൂപകൊടുത്ത്‌ ഒരേ ക്യൂബിക്കിളിലിരുന്ന്‌ ബ്രൗസിംഗാവാമെന്ന്‌ തീരുമാനിച്ച്‌ അകത്തുകയറി. മാത്രവുമല്ല ഓര്‍ക്കൂട്ടില്‍ ആരാധകര്‍ അയയ്‌ക്കുന്ന സ്‌ക്രാപ്പുകള്‍ ഒറ്റയ്‌ക്കുകയറിത്തപ്പി കുണ്‌ഠിതപ്പെടുന്നതും ഒഴിവാക്കാമല്ലോ.

നെറ്റില്‍ സമയം നീങ്ങുന്നു, കാമുകന്റെ ഊഴമായപ്പോള്‍ അവള്‍ വെറുതെ ഹാഫ്‌ ഡോറിനടിയിലൂടെ പുറത്തേയ്‌ക്ക്‌ കണ്ണോടിച്ചു. വളരെ പ്രയാസപ്പെട്ട്‌ എന്തിനോ യത്‌നിക്കുന്നപോലെ രണ്ടു കാലുകള്‍, നില്‍ക്കുകയല്ല ഇരുക്കുകയുമല്ല, എന്നാല്‍ ഇതുരണ്ടുകൂടിയാണെന്ന്‌ പറയാനും കഴിയില്ല, അവള്‍ സീറ്റില്‍ നിന്നും കുനിഞ്ഞ്‌ വാതിലിനടിയിലൂടെ നോക്കി.
അവളുടെ തന്നെ രീതിയില്‍പ്പറഞ്ഞാല്‍ 'ഉള്ളിലൊരാന്തല്‍ ഒരുത്തനങ്ങനെ നോക്കി ആര്‍മാദിക്കുന്നു. എന്തോ കാണാനാ ഇവനിങ്ങനെ'യെന്നും പിറുപിറുത്ത്‌ അവളവനെയും പിടിച്ചുവലിച്ച്‌ പുറത്തെത്തി.

കാര്യമനസ്സിലാകാതെ പകയ്‌ക്കുന്ന അവന്‌ അത്യദ്ധ്വാനം ചെയ്‌ത്‌ ക്ഷീണിച്ച്‌ ഒന്നിരിക്കാന്‍ പോലും കഴിയാത്ത ചേട്ടനെ ചൂണ്ടി അവള്‍ കാര്യം പറഞ്ഞു. പുള്ളിക്കാരന്‌ രക്തം തിളച്ചു. വളരെ മാന്യമായി അകത്തിരുന്ന്‌ ബ്രൗസ്‌ ചെയ്യുന്ന പ്രായപൂര്‍ത്തിയായ ആണിനെയും പെണ്ണിനെയും ഒളിഞ്ഞുനോക്കുകയോ ദേഷ്യത്തിനിടെ അവന്‌ വന്നത്‌ ശുദ്ധ ഹിന്ദി അവസാനം പറഞ്ഞതേ അവള്‍ക്ക്‌ മനസ്സിലായുള്ളു. ക്യാ ഭായീ!!!!!!!?????? അതുമാത്രം....(ഹിന്ദിയിലോ ബംഗാളിയിലോ വേണ്ടത്രേ വിവരമുണ്ടാക്കാഞ്ഞത്‌ വലിയ അബദ്ധമായിപ്പോയെന്ന്‌ കഥയ്‌ക്കിടെ അവള്‍ നിരാശപ്പെടുകയും ചെയ്‌തു)

മാന്യമായി വസ്‌ത്രംധരിച്ച്‌ കെഫെയില്‍ സീന്‍ കാണാനെത്തിയ കൗണാന്‍ നല്ല സുന്ദരനായ ചേട്ടന്‍ നാറിനാണം കെട്ട്‌. അവളുടെഭാഷയില്‍ പറഞ്ഞാല്‍ 'ചള്ളിച്ചളമായി വിളറി വെളുത്ത്‌ നാണംകെട്ട്‌...ദേണ്ടെ കിടക്കുന്നു'.

കാമുകന്റെ തെറിവിളി നീണ്ടു....കഫെയിലെ ആളുകള്‍ മുഴുവന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ചേട്ടന്‍ മെല്ലെ രംഗത്തുനിന്നും തടിയൂരി. ആ രംഗമൊന്ന്‌ കാണാന്‍ കഴിഞ്ഞില്ലല്ലോ ദൈവങ്ങളേയെന്നായിരുന്നു കഥ കേട്ടുകഴിഞ്ഞ്‌ മുറിയിലുയര്‍ന്ന ആരവം.
എന്തായാലും ഇത്രയും അദ്ധ്വാനിക്കാന്‍ തയ്യാറുള്ള യുവഹൃദയങ്ങള്‍ ബാംഗ്ലൂരിലുണ്ടെന്ന്‌ കേട്ട് ഞങ്ങള്‍ കുളിര് കോരി!!!!!!!!

1 അഭിപ്രായം:

  1. ഇത് കവിതയായി എഴുതിയതാന്ണൊ? അതൊ ഒരു അനുഭവം പങ്കുവച്ചതോ? കവിതയാണെങ്കില്‍ അയിട്ടില്ല എന്നു പറയാതെ വയ്യ. കുറച്ചു കൂടി സ്രധാപൂര്‍വ്വം കവിത എന്ന മാധ്യമത്തെ സമീപിക്കാനുള്ള കഴിവുണ്ട് എന്ന് തോന്നിയതിനാല്‍ ഈ അഭിപ്രായം...

    മറുപടിഇല്ലാതാക്കൂ