2009, ജനുവരി 31, ശനിയാഴ്‌ച

എന്‍റെ ഇതിഹാസകാരന് .....


മഴ പെയ്യുന്നു മഴ മാത്രമേയുള്ളു
കാലവര്‍ഷത്തിന്‍റെ വെളുത്ത മഴ
മഴ ഉറങ്ങി, മഴ ചെറുതായി, രവി ചാഞ്ഞു കിടന്നു
അയാള്‍ ചിരിച്ചു.. അനാദിയായ മഴവെള്ളത്തിന്‍റെ സ്പര്‍ശം
ചുറ്റും പുല്‍ക്കൊടികള്‍ മുളപൊട്ടി
രോമകൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു
മുകളില്‍ വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി
ബസ് വരുവാനായി രവി കാത്തുകിടന്നു.....

ഈ ഓര്‍മ്മയില്‍ നിന്നാണ് ഇതിഹാസം വീണ്ടും വായിക്കാന്‍ എനിക്ക് തോന്നിയത്. സാധാരണ മഴക്കാലത്താണ് ഖസാക്കിലൂടെ വീണ്ടും വീണ്ടും നടക്കാന്‍ എനിക്ക് തോന്നാറുള്ളത്. ഇതെന്തോ കാലംതെറ്റി വന്ന മഴപോലെ തടഞ്ഞുനിര്‍ത്താന്‍ കഴിയാത്ത ഒരാഗ്രഹം.

പുസ്തകക്കൂട്ടത്തില്‍ നിന്നും ഇതിഹാസം വലിച്ചെടുത്തപ്പോഴും ആദ്യമായി വായിക്കാന്‍ പോകുന്ന ഒരു തരം തിടുക്കം. എന്തായിരുന്നു അങ്ങനെ തോന്നാനെന്ന് എനിക്കറിയില്ല.

ഒരു പാടുവട്ടം പണ്ടും ഈ പുസ്തകം വായിച്ചതാണ്. അമ്മയുടെ പുസ്തകക്കൂട്ടത്തില്‍ നിന്നും എടുത്ത് ആദ്യം വായിച്ചത് എട്ടാം ക്ലാസില്‍ വച്ചായിരുന്നു. അന്ന് ഖസാക്കിന്‍റെ ഇതിഹാസമെന്ന പുസ്തകം ചെതലി മലയെക്കാള്‍ വലുപ്പത്തില്‍ എന്‍റെ മുന്നില്‍ നിലകൊണ്ടു.

ഒന്നും മനസ്സിലാകാതെ ഞാനതിന് മുന്നില്‍ പകച്ചുനിന്നു. പിന്നീട് പലവട്ടം വായിച്ചു. പത്താം ക്ലാസ് പരീക്ഷയുടെ സ്റ്റഡി ലീവിനിടെ അമ്മകാണാതെ പുസ്തകത്തിനുള്ളില്‍ വച്ചും വായിച്ചു. അന്നും പണ്ടേപോലെ അപ്പുക്കിളിയെക്കുറിച്ച് മാത്രം എനിക്ക് മനസ്സിലായി.

പിന്നീടും പലവട്ടം വായിച്ചപ്പോള്‍ മാത്രമാണ് എനിക്ക് ഇതിഹാസത്തിന്‍റെ ഒര്‍പ്മെങ്കിലും പിടികിട്ടിയത്. വളര്‍ച്ചയുടെ ഓരോ പടവിലും ഞാനതിനെ കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കി. ഇതിഹാസം എന്നല്ലാതെ അതിനെ തസറാക്കിന്‍റേത് മാത്രമായി നല്കാന്‍ എങ്ങനെയാണ് കഴിയുക.

ഏറ്റവും ഒടുവിലത്തെ വായന ഇതിഹാസകാരന്‍റെ വേര്പാടിന്‍റെ തലേന്നായിരുന്നു. പുസ്തകം വായിച്ചു കഴിഞ്ഞ് നേരം പുലര്‍ന്നത് ഒവി വിജയന്‍ വിടപറഞ്ഞുവെന്ന വാര്‍ത്ത വായിച്ചുകൊണ്ടാണ്.

രവിയെന്നും ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിച്ചു. അയാളില്‍ ഒരു ഈഡിപ്പസുണ്ട്, അവധൂതനുണ്ട്, അസ്ഥിത്വവാദിയുണ്ട്, അരാജകനുണ്ട് ഇതൊക്കെ മാത്രമേയുള്ളോ എനിക്കിപ്പോഴും അറിയില്ല.

അദ്ദേഹത്തിന്‍റെ മരണം കഴിഞ്ഞും ഇതിഹാസത്തെക്കുറിച്ച് പലരും എഴുതി. പക്ഷേ ഒന്നും പൂര്‍ണമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. വൈകാരികമായി ഞാനതുമായി അടുത്തുപോയതുകൊണ്ടാവാം.

പണ്ടെന്നോ ടൗണ്‍ ഹാളില്‍ നടന്ന ഒരു ചടങ്ങിനിടെ കഥാകാരന്‍റെ കയ്യൊപ്പു വാങ്ങിയ ഈ പുസ്തകം വീണ്ടും തുറന്നപ്പോള്‍ ശരിയ്ക്കും എനിക്ക് വല്ലാത്തൊരു നഷ്ടബോധം. വായനയിലൂടനീളം അദ്ദേഹത്തിന്‍റെ ഒരു ശീതള സാന്നിധ്യം വെറുതെ എനിക്ക് തോന്നിയതാവാം.....

7 അഭിപ്രായങ്ങൾ:

  1. മലയാള സാഹിത്യം ഒരു നോബല്‍ പ്രൈസ് അര്‍ഹിക്കുന്നുവെങ്കില്‍ അതു ഒ വി വിജയന്‍ മാത്രം

    മറുപടിഇല്ലാതാക്കൂ
  2. നല്ല പോസ്റ്റ്!!
    8 വര്ഷം മുന്‍പ് വായിച്ചപ്പോള്‍ ഇതെന്തു ഇതിഹാസം എന്നു തോന്നി
    2 മസം മുന്‍പ് വായിച്ചപ്പോള്‍ തോന്നി,ഇതണു ഞാന്‍ വായിച്ച ഏക ഇതിഹസം.

    മറുപടിഇല്ലാതാക്കൂ
  3. ഇതിഹാസം ഇന്നും ഒരിതിഹാസമായി നിൽക്കുന്നു. എത്ര വായിച്ചാലും മതിയാവാത്ത അനുഭൂതി.... ഒറോവട്ടം വായിക്കുമ്പോഴും നഷ്ടപ്പെടാത്ത പുതുമ.... അതേ, ആ വിയോഗം ഭാഷയ്ക്ക് ഒരു തീരാനഷ്ടമാണ്.

    ആ ഓർമ്മകൾ വീണ്ടും എത്തിച്ചതിന് നന്ദി...

    നല്ലയെഴുത്ത്...

    ആശംസകളോടെ...

    മറുപടിഇല്ലാതാക്കൂ
  4. നന്നയി ഇതിഹാസകാരനേയും ഇതിഹാസത്തേയും ഓര്‍മ്മപ്പെടുത്തിയതിന്.
    ഇതിഹാസം എന്റേയും ഇഷ്ടപ്പെട്ട പുസ്തകങ്ങളിലൊന്നാണ്. എത്ര വായിച്ചാലും മതിവരില്ല.

    മറുപടിഇല്ലാതാക്കൂ