2009, ഫെബ്രുവരി 16, തിങ്കളാഴ്‌ച

എന്നെ കരയിച്ച ഒതപ്പ്‌



സാറാ ജോസഫിന്റെ ഒതപ്പെന്ന നോവല്‍ വായിക്കണമെന്ന്‌ പലവട്ടം ആഗ്രഹിച്ചതാണ്‌. ചിലപ്പോഴൊക്കെ പുസ്‌തകം വാങ്ങാനായി ചെന്നപ്പോള്‍ കിട്ടിയില്ല. പിന്നിടെപ്പോഴോ അത്‌ വിസ്‌മൃതിയിലാവുകയുംചെയ്‌തു.

എന്റെയൊരു സഹപ്രവര്‍ത്തകന്‍ തീര്‍ച്ചയായും വായിച്ചിരിക്കണെന്ന്‌ പറഞ്ഞ്‌ കൊണ്ടുവന്ന്‌ തന്നപ്പോഴാണ്‌ എനിയ്‌ക്ക്‌ വായിക്കാനവസരമൊത്തത്‌. വിശകലനബുദ്ധിയോടെ പറഞ്ഞാല്‍ നോവല്‍ പ്രസിദ്ധീകരിച്ച കാലത്തേതിലും വായനാപ്രാധാന്യം അതിനിപ്പോള്‍ കൈവന്നിരിക്കുന്നു.

സിസ്‌റ്റര്‍ അഭയ കേസിന്റെ പശ്ചാത്തലത്തില്‍ എന്നുവേണമെങ്കില്‍ പറയാം. കൂടുതല്‍ പറയുകയാണെങ്കില്‍ ക്രിസ്‌ത്യന്‍ സെമിനാരികളിലും മഠങ്ങളിലും നടക്കുന്ന പലതും പുറം ലോകം അറിഞ്ഞുതുടങ്ങിയ ഈ കാലത്ത്‌. എല്ലാത്തിലും പൊളിച്ചെഴുത്തുകള്‍ വേണമെന്ന്‌ മതത്തിനുള്ളില്‍നിന്നുതന്നെ ആവശ്യങ്ങളുയരുന്ന ഇക്കാലത്ത്‌ ഒതപ്പ്‌ വായിച്ചിരിക്കേണ്ട ഒന്നുതന്നെ.

ഒതപ്പെന്ന വാക്കിന്റെ അര്‍ത്ഥം പ്രലോഭനമെന്നാണ്‌, ആ വാക്ക്‌ തൃശൂര്‍ക്കാരണ്‌ കൂടുതലായും ഉപയോഗിക്കുന്നതും. കഴിഞ്ഞ ദിവസം രാത്രി 2.30നാണ്‌ ഞാന്‌ നോവല്‍ വായിച്ചവസാനിപ്പിച്ചത്‌. കണ്ണടയ്‌ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയ കണ്ണുനീരിനെയും പിന്നാലെ വന്നെത്തിയ ചെറിയ തേങ്ങലിനെയും പ്രൊജക്ടില്‍ മനം കുരുക്കിയിരിക്കുകയായിരുന്ന എന്റെ റൂമേറ്റില്‍ നിന്നും മറയ്‌ക്കാന്‍ എനിക്ക്‌ കഴിഞ്ഞില്ല. ലാപ്‌ടോപ്പ്‌ അടച്ചുവച്ച്‌ അവളെന്റെ അടുത്തുവന്നിരുന്നു. ഒതപ്പിലെ കഥ പറഞ്ഞുകൊടുത്ത്‌ ഞാനവളുടെ ചുമലില്‍ക്കിടന്ന്‌ കരഞ്ഞുതീര്‍ത്തു.

അവളെന്നെ ഉപദേശിച്ചു ഇപ്പോഴത്തെ ഈ വയ്യാത്ത അവസ്ഥയില്‍ നീയിത്തരം പുസ്‌തകങ്ങള്‍ വായിക്കല്ലേയെന്ന്‌. കാല്‍പ്പനിക ജീവിയെന്ന വിശേഷണം ഇതിന്‌ മുമ്പ്‌ എനിക്ക്‌ കിട്ടിയിട്ടുണ്ട്‌. ഈ പോസ്‌റ്റോടെ അതിലപ്പുറവും ഞാന്‍ പ്രതീക്ഷിക്കണം. അതില്‍ എനിക്കൊട്ടും കുറച്ചില്‍ തോന്നുന്നില്ല.

തിരുവസ്‌ത്രത്തിനുള്ളില്‍ മാനുഷിക വികാരങ്ങള്‍ കൊണ്ട്‌ പൊറുതിമുട്ടിപ്പോയ രണ്ടു ജന്മങ്ങള്‍ സിസ്റ്റര്‍ മാര്‍ഗലീത്തയും കൊച്ചച്ചന്‍ റോയ്‌ ഫ്രാന്‍സിസ്‌ കരീക്കനും. തിരുവസ്‌ത്രത്തിനുള്ളില്‍ നിന്നുകൊണ്ടുതന്നെ പരസ്‌പരം പ്രലോഭിഭിച്ചുകൊണ്ടിരുന്ന രണ്ടുപേര്‍. തിരുവസ്‌ത്രത്തില്‍ നിന്നും പുറത്തുകടന്ന്‌ പച്ച മനുഷ്യയാവാന്‍ ആദ്യം തീരുമാനിച്ചത്‌ മാര്‍ഗലീത്ത, മാര്‍ഗലീത്തയില്‍ നിന്നും മനമടര്‍ത്താന്‍ കഴിയാതെ ദൈവത്തിലേയ്‌ക്ക്‌ ഏകാഗ്രമാക്കപ്പെടാന്‍ കഴിയാതെ ഇടവക വികാരിയായി നിയമിക്കുന്നതിന്റെ തലേന്ന്‌ ഉടുപ്പുപേക്ഷിച്ച്‌ മാര്‍ഗലീത്തയെ തേടിയെത്തുന്ന കരീക്കന്‍...

പിന്നീട്‌ സമൂഹത്തിന്റെ അവഹേളമേറ്റുള്ള ജീവിതം. ഒരിട ഒന്നിലും ഉറച്ചുനില്‍ക്കാന്‍ കഴിയാതെ കുറ്റബോധത്തില്‍ നീറി തന്റേടമില്ലാതെ മാര്‍ഗലീത്തയെ ഉപേക്ഷിച്ച്‌ നാടുവിടുന്ന കരീക്കന്‍. എല്ലാം ഒരെഴുത്തില്‍ പറഞ്ഞ്‌ മാപ്പപേക്ഷിച്ച്‌ സ്വന്തം സമാധാനം തേടിപ്പോയ മനുഷ്യന്‍. ജീവിക്കുമെന്നുറപ്പിച്ച്‌ യാത്രക്കിടെ കിട്ടിയ വളര്‍ത്തുപുത്രനേയും വയറ്റില്‍ വളരുന്ന കരീക്കന്റെ കുഞ്ഞിനെയും മാറോടടുക്കിപ്പിടിച്ച്‌ ഉറങ്ങാന്‍ കിടന്ന മാര്‍ഗലീത്ത.

എന്തോ എനിക്ക്‌ സഹിയ്‌ക്കാന്‍കഴിഞ്ഞില്ല. ആ സഹിക്കാന്‍ കഴിയായ്‌കയിലാണ്‌ സാറാ ജോസഫ്‌ എന്ന എഴുത്തുകാരിയുടെ വിജയമെന്ന്‌ അപ്പോള്‍ ചിന്തിക്കാന്‍ എനിക്ക്‌ കഴിഞ്ഞില്ല. ജാലകവിരി നീക്കി താമസസ്ഥലത്തിന്റെ തൊട്ടപ്പുറത്തെ കന്യാസ്‌ത്രീ മഠത്തിലേയ്‌ക്ക ഞാന്‍ നോക്കി. ഇരുളില്‍ പുതച്ചുനില്‍ക്കുന്ന മഠം, ആലോചിച്ചപ്പോള്‍ എന്റെ മനസ്സു കലങ്ങി അവിടെ മാര്‍ഗലീത്തമാരുണ്ടാകുമോ കുറച്ചപ്പുറത്തുള്ള അച്ചനാകാന്‍ പഠിക്കുന്നവരുടെ ഹോസ്‌റ്റലില്‍ കരീക്കന്മാരുണ്ടാകുമോ.

അവരെങ്ങനെ ഈ തിരുവസ്‌ത്രത്തിനുള്ളില്‍ ഞെരുങ്ങി ജീവിക്കും. ഞാന്‍ ചിന്തിക്കേണ്ടാത്ത കാര്യമാണ്‌. എങ്കിലും എനിക്ക്‌ മനസ്സമാധാനം നഷ്ടപ്പെട്ടു. നോവലില്‍ മാര്‍ഗലീത്തയെക്കുറിച്ച്‌ പറയുന്നിടത്തെല്ലാം എന്റെയുള്ളില്‍ ഓടിയെത്തിയത്‌ മഠത്തിലെ പൂന്തോട്ടം നോട്ടക്കാരിയായ വെളുത്തുമെലിഞ്ഞ സിസ്‌റ്ററിന്റെ മുഖമാണ്‌്‌.

പലവേള ഞാനാ ചിന്തയെ വിലക്കിയെങ്കിലും എന്റെ മാര്‍ഗലീത്തയ്‌ക്ക്‌ ഈ സിസ്റ്ററിന്റെ മുഖമായിപ്പോയി. പിന്നെ ഞാന്‍ ചിന്തയോട്‌ ബലം പിടിക്കാന്‍ പോയില്ല. ചിലപ്പോഴൊക്കെ ചെടികള്‍ക്ക്‌ വെള്ളമൊഴിക്കുന്നതിനിടെ ഞാന്‍ നോക്കിനില്‍ക്കുമ്പോള്‍ സിസ്‌റ്റര്‍ എന്നോട്‌ മനോഹരമായി ചിരിക്കാറുണ്ട്‌. വല്ലാത്ത ഒരു തേജസ്‌ ആ മുഖത്ത്‌ എന്തിന്‌ വിരലുകളില്‍പ്പോലും ഉണ്ടെന്ന്‌ എനിക്ക്‌ തോന്നാറുണ്ട്‌.

വായനയും കരച്ചിലും കഴിഞ്ഞ്‌ മണിക്കൂറൊന്നു കഴിഞ്ഞിട്ടും നെരിപ്പോടുപോലെ മനസ്സു നീറാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കാറ്റ്‌ സ്‌റ്റീവന്‍സിലേയ്‌ക്ക്‌ പോയി. 'ഇഫ്‌ യു വാണ്ട്‌ ടു സിങ്‌ ഔട്ട്‌......... സിങ്‌ ഔട്ട്‌ ...........'എന്ന്‌ കേട്ടുകൊണ്ട്‌ എപ്പോഴോ ഞാന്‍ ഉറക്കത്തിലേയ്‌ക്ക്‌ തെന്നി.

രാവിലെ എഴുന്നേറ്റ്‌ ജാലകവിരിനീക്കിയപ്പോള്‍ എന്റെ അയല്‍ക്കാരി സിസ്‌റ്റര്‍ ചിരിച്ചുകൊണ്ട്‌ ജനലിലേയ്‌ക്ക്‌ നോക്കുന്നു. വെറുതെ എന്റെയുള്ളില്‍ ഒരു പ്രാര്‍ത്ഥന നിറഞ്ഞു ഈ സിസ്റ്റര്‍ ഒരു മാര്‍ഗലീത്തയാകല്ലേയെന്ന്‌.....

14 അഭിപ്രായങ്ങൾ:

  1. പോസ്റ്റ് വളരെ നന്നായി.

    ഒതപ്പ് വായിക്കാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല. ആലാഹയുടെ പെണ്മക്കള്‍ കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴാണ് വായിച്ചത്. ഏതായാലും ഒതപ്പിനെ പരിചയപ്പെടുത്തിയത് ഉചിതമായി. ഒപ്പം ഒതപ്പ് എന്ന വാക്കിന്റെ അര്‍ത്ഥവും. കഥാപാത്രങ്ങള്‍ മനസ്സില്‍ നിന്നും മായാതിരിക്കുകയും വായനക്കാര്‍ അവരുടെ ദു:ഖം ഏറ്റുവാങ്ങുകയും ചെയ്യുന്നത് എഴുത്തിന്റെ വിജയമാണ്.

    പിന്നെ സിജിയുടെ മനസ്സില്‍ തറഞ്ഞ ഒതപ്പിലെ നായികയ്ക്കു മുഖം നല്‍കിയ ആ കന്യാസ്തീയെപ്പറ്റി - പൂന്തോട്ടങ്ങള്‍ നനച്ചു നനച്ച് അവര്‍ പുഷ്പിക്കാത്ത സ്വന്തം ജീവിതത്തിന്റെ വിരസത മാറ്റുകയാവാം. ഓരോ പൂക്കളോടും സ്വന്തം കുഞ്ഞുങ്ങളോടെന്ന പോലെ അവര്‍ ചിരിക്കുമായിരിക്കും. സ്വന്തം ഗര്‍ഭപാത്രത്തിനോട് മാപ്പു പറഞ്ഞ് മുട്ടില്‍ വീണു പ്രാര്‍ത്ഥിക്കുമായിരിക്കും. ഈ ക്രിസ്തീയ സഭകള്‍ മനുഷ്യരോടു ചെയ്യുന്നത് ഒരിക്കലും ദൈവത്തിനു നിരക്കാത്തതാണെന്ന് എന്നാണാവോ ഇവരെല്ലാം മനസ്സിലാക്കുക?

    മറുപടിഇല്ലാതാക്കൂ
  2. മുഖം മൂടികള്‍ മാപ്പര്‍ഹിക്കുന്നില്ല ...!! ഇവരൊക്കെയും ഒരു നിമിഷതെക്കേങ്കിലും മാര്‍ഗലീതമാര്‍ ആയവരായിരിക്കാം... അഴിച്ച്‌വെക്കട്ടെ പുറം പൂച്ചുകള്‍...! നല്ല എഴുത്ത്.. സാറാ ജോസേഫിനെ കുറിച്ചു പറയേണ്ടതില്ലല്ലോ .. അസാധ്യം...

    മറുപടിഇല്ലാതാക്കൂ
  3. Ee book parichayappeduthi thannathil nandi.(Ethra Margaleethamaar kaaragruhathilennapole kazhiyunnundennariyamo? Avarkkellam nanmakal asamsichukondu....)

    മറുപടിഇല്ലാതാക്കൂ
  4. :)
    എന്നില്‍ ജിജ്ഞാസ വളര്‍ത്തി കഴിഞ്ഞു....
    ഇനി പുസ്തകം കൂടി കിട്ടിയാ മതി ...

    മറുപടിഇല്ലാതാക്കൂ
  5. ഈ പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി. :-)

    മറുപടിഇല്ലാതാക്കൂ
  6. സാറാ ജോസഫ് കാണിച്ചുതന്ന മാര്‍ഗ്ഗലീത്തയും മറ്റും സ്വാതന്ത്ര്യത്തിന്റെ വ്യത്യസ്തതയുള്ള മുഖങ്ങളാണ് . തോന്ന്യാക്ഷരങ്ങളിലെ കുറിപ്പ് ഒതപ്പിനെ ഇനിയും വായിക്കാന്‍ പ്രേരിപ്പിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  7. സിജി,
    ഈ നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നപ്പോഴേ വായിച്ചിട്ടുണ്ട്.
    ഹൃദയത്തെ സ്പർശിച്ച കഥയും ആഖ്യാനവും. മാർഗലീത്ത ഇന്നും മനസ്സിൽ ചേർന്നു നിൽക്കുന്നു.
    ഇതു വായിച്ച് സിജിക്ക് കരച്ചിൽ വന്നു എന്നു പറയുന്നു. തിരുവസ്ത്രമെന്ന മതിൽക്കെട്ടിനുള്ളിലെ വീർപ്പുമുട്ടലിൽനിന്ന് പുറത്തുചാടാൻ ധൈര്യം കാണിച്ച, വെറുമൊരു ഭീരുവായ കരീക്കൻ ഉപേക്ഷിച്ചു പോയിട്ടും ജീവിക്കുമെന്നുതന്നെ ഉറപ്പിയ്ക്കുന്ന, മാർഗലീത്തയെക്കുറിച്ച് എനിയ്ക്ക് പക്ഷേ സന്തോഷവും അഭിമാനവുമാണ് തോന്നിയത്.

    മറുപടിഇല്ലാതാക്കൂ
  8. കാല്‍പ്പനിക ജീവി...പുസ്തകം ഞാന്‍ വായിച്ചില്ല ...വായിക്കണം എന്തായ്യാലും

    മറുപടിഇല്ലാതാക്കൂ
  9. മാര്‍ഗലീത്തയെയോര്‍ത്ത്‌ ഞാനും അഭിമാനിക്കുന്നു...പക്ഷേ സത്യസന്ധത കാണിച്ചപ്പോള്‍ അവര്‍ക്ക്‌ അനുഭവിക്കേണ്ടിവന്ന ഒറ്റപ്പെടല്‍ അതാണ്‌ വായനയുടെ അവസാനത്തില്‍ എന്റെ കണ്ണു നനയിച്ചത്‌. മാര്‍ഗലീത്തയുടേത്‌ സമൂഹത്തിന്‌ അംഗീകരിക്കാന്‍ കഴിയാത്തൊരു സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നു. അതുവഴി സ്‌ത്രീസ്വാതന്ത്ര്യത്തിന്റെ പുതിയ വഴിത്താരകളാണ്‌ കഥാകാരി തുറന്നിട്ടത്‌. മാര്‍ഗലീത്തമാരെല്ലാം പുറത്തുവരേണ്ടവരാണ്‌, അതിനുള്ള ആര്‍ജ്ജവം അവര്‍ക്കുണ്ടാകട്ടെ

    മറുപടിഇല്ലാതാക്കൂ
  10. നന്മയുടെ വിജയം കണ്ടാലും,
    പരാചയം കണ്ടാലും,
    നന്മയില്‍ വിശ്വസിക്കുന്നവര്‍ക്ക്
    കണ്ണു നിറയും.
    ദുഷ്ടതയല്ലോ സന്തോഷപ്രദം !
    ഒതപ്പ് വായിച്ചില്ല.
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  11. വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ക്കും നന്ദി......ഒതപ്പിന്‍റെ വായന തീര്‍ത്തും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. ശരിയ്ക്കും പറഞ്ഞാന്‍ ഹൃദയസ്പര്‍ശിയായ ഒരു വായനാനുഭവം. അത് എല്ലാവരുമായും പങ്കുവയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം

    മറുപടിഇല്ലാതാക്കൂ
  12. ചില സിനിമകളെപ്പോലെ പുസ്തകങ്ങളും കരയിക്കാറുണ്ട്, ഒതപ്പ് ഇന്ന് വാങ്ങി, വെറുതേ തിരഞ്ഞപ്പോള്‍ ഈ ലിങ്കിലെത്തി...

    മാറ്റാത്തി ഇഷ്ടപ്പെട്ടരുന്നു, ആ പ്രതീക്ഷയിലാണ് ഇത് വാങ്ങിയത്...

    തെറ്റില്ലെന്ന്(പ്രതീക്ഷ) തോന്നുന്നു ഇത് വായിച്ച ശേഷം

    മറുപടിഇല്ലാതാക്കൂ