2009, ഫെബ്രുവരി 21, ശനിയാഴ്‌ച

പ്രണയത്തിന്റെ കണക്കുപുസ്‌തകം


പ്രണയമെന്നാല്‍ എന്താണ്‌ പകുത്തുനല്‍കലാണോ? ആണെന്നാണ്‌ പ്രയിച്ചവര്‍, പ്രണയിക്കുന്നവര്‍ പലരും പറയുന്നത്‌. ആരോ തന്നിട്ടുപോയ സ്വപ്‌നങ്ങളുടെ മഴച്ചാറ്റല്‍ നനകൊള്ളുക സുഖമുള്ള അനുഭവമായിരിക്കും, ആയിരിക്കുമെന്നല്ല ആണ്‌. എന്നാല്‍ ചിലര്‍ക്കെങ്കിലും പ്രണയം മുറിവുകളാണ്‌. ആഴത്തിലുള്ള മുറുവകള്‍ ഓര്‍മ്മകള്‍ കീറിമുറിക്കുമ്പോള്‍ ആഴം കൂടിക്കൊണ്ടിരിക്കുന്ന മുറിവുകള്‍. ചിലര്‍ക്കാകട്ടെ അത്‌ പലപ്പോഴും ചിരിച്ചും പുച്ഛിച്ചും തള്ളാനുള്ളതുമായിരിക്കും.

ചിലര്‍ പ്രണയത്തില്‍ ജിവിതം നേടുന്നു, ചിലരാകട്ടെ പ്രണയത്തില്‍ സ്വയം നഷ്ടപ്പെടുത്തുന്നു. നഷ്ടപ്രണയത്തെ മഹത്വവല്‍ക്കരിച്ച്‌ ഓര്‍മ്മയില്‍ പിന്നീടൊരിക്കല്‍ അതൊരു വെറും നീര്‍ക്കുമിളയാകുന്നുവെന്ന്‌ തിരിച്ചറിയുന്നവരും കുറവല്ല.

അടുത്തിടെ ഞാനൊരു കഥകേട്ടു, കഥയെന്നാല്‍ സംഭവിച്ച ഒരു കാര്യം എന്റെ കൂട്ടുകാരിയുടെ കൂട്ടുകാരിയ്‌ക്കുണ്ടായ ഒരു അനുഭവം. അഞ്ചോ ആറോ വര്‍ഷത്തോളം തീവ്രപ്രണയവുമായി നടന്ന രണ്ടുപേര്‍. വിവാഹം കഴിയ്‌ക്കാനുറച്ചുതന്നെ പ്രണയിച്ച രണ്ടുപേര്‍. എന്നോ ഒരിക്കല്‍ കാമുകന്‍ വിശ്വാസ വഞ്ചന കാണിച്ചു, അതിനെച്ചോദ്യം ചെയ്‌ത കാമുകിയോട്‌ അയാള്‍ പിരിയാമെന്ന്‌ പറയുന്നു.

അവസാനം രണ്ടുപേരും ഒരു മ്യൂച്ച്വല്‍ അണ്ടര്‍സ്റ്റാന്റിംഗില്‍ പിരിയാന്‍ തീരുമാനിച്ചു. ഇതിനായി തീരുമാനിക്കപ്പെട്ട ദിവസം കാമുകന്‍ എത്തിയത്‌ ഒരു കണക്കുപുസ്‌തകവുമായിട്ടാണ്‌. പ്രണയം മൊട്ടിട്ട കാലം മുതല്‍ കാമുകിയ്‌ക്ക്‌ സമ്മാനിച്ച നാരങ്ങാ മിഠായിയുടെയും ഐസ്‌ക്രീമിന്റെയും മറ്റു പ്രണയസമ്മാനങ്ങളുടെയും കണക്കുമായിട്ട്‌(ഇവനാണ്‌ ആണ്‍കുട്ടിയെന്ന്‌ ചിലര്‍ക്കെങ്കിലും തോന്നുക സ്വാഭാവികം)


പുസ്‌തകത്തിലെ കണക്കുപ്രകാരം മൊത്തം 13000 രൂപ കാമുകി തിരിച്ച്‌ നല്‍കണം. തലേരാത്രിമുഴുവന്‍ കരഞ്ഞ്‌ കരഞ്ഞ്‌ പിരിയാന്‍ തീരുമാനവുമെടുത്ത്‌ വന്ന അവള്‍ നടുങ്ങിച്ചിതറിപ്പോയി. ഒരു കണക്കുപുസ്‌തകം സൂക്ഷിയ്‌ക്കാതെ പോയതാണ്‌ തന്റെ കുറ്റമെന്ന്‌ അവള്‍ തിരിച്ചറിഞ്ഞത്‌ അപ്പോള്‍ മാത്രമായിരുന്നു.

കാശ്‌ തിരിച്ചുവേണമെന്ന്‌ വാശി പിടിച്ചഅവനോട്‌ രണ്ടുദിവസത്തെ അവധി പറഞ്ഞ്‌ തിരിച്ചുപോരുമ്പോള്‍ പതിനായിരത്തില്‍ താഴെ മാത്രം ശംബളം വാങ്ങിക്കുന്ന അവള്‍ക്ക്‌ അതെങ്ങനെ തിരിച്ചുനല്‍കുമെന്നതിനെക്കുറിച്ച്‌ ഒരു രൂപവുമില്ലായിരുന്നു. ഹോസ്‌റ്റലില്‍ എത്തിയശേഷം കൂട്ടുകാരികളോട്‌ കാര്യം പറഞ്ഞപ്പോള്‍ എന്റെ കൂട്ടുകാരി ഉള്‍പ്പെടെയുള്ളവരാണ്‌ അവള്‍ക്കൊപ്പം നിന്നത്‌.

അവനെ ഒഴിവാക്കാന്‍ അവള്‍ക്കുവേണ്ടി അവര്‍ ഓരോരുത്താരായി അയ്യായിരം രൂപവരെ സംഭാവന നല്‍കി. രണ്ടാമത്തെ ദിവസംതന്നെ അവനെ വിളിച്ചുവരുത്തി അവള്‍ പണം നല്‍കി, (പണം കൈപ്പറ്റിയതായി അവള്‍ അവനെക്കൊണ്ട്‌ മുദ്രപ്പത്രത്തില്‍ എഴുതി ഒപ്പിട്ടുവാങ്ങി. ഇതെന്റെ കൂട്ടുകാരിയുടെ ബുദ്ധിയായിരുന്നു).

ഈയിടെ നേരിട്ട്‌ സംസാരിച്ചപ്പോള്‍ ആ കുട്ടി എന്നോട്‌ പറഞ്ഞു. ആരെയെങ്കിലും പ്രണയിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അവരോട്‌ വാങ്ങുന്നതും അവര്‍ക്ക്‌ നല്‍കുന്നതുമായ എല്ലാ വസ്‌തുക്കളുടെയും കണക്കും വിലയും സൂക്ഷിക്കാന്‍. അവള്‍ക്ക്‌ സ്വന്തം പ്രണയം നല്‍കിയ പാഠമായിരുന്നു അത്‌.

പക്ഷേ അങ്ങനെ എന്തിനെല്ലാം വിലയിട്ടുവെയ്‌ക്കുമെന്നതായിരുന്നു എന്റെയുള്ളിലെ ചോദ്യം. ഇങ്ങനെ എത്ര കാമുകന്മാരും കാമുകിമാരും കണക്കുപുസ്‌തകം സൂക്ഷിക്കുന്നുണ്ടാകും. എന്നെങ്കിലും എല്ലാകണക്കുകളും തീര്‍ക്കണമെന്ന്‌ വിചാരിച്ച്‌. ജീവിതത്തില്‍ ഒരു കണക്കുപുസ്‌തകം സൂക്ഷിക്കുന്നവര്‍ പ്രണയിക്കാതിരിക്കുകയായിരിക്കും നല്ലതെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. അല്ലെങ്കില്‍ത്തന്നെ അങ്ങനെയുള്ളവര്‍ക്ക്‌ പ്രണയിക്കാന്‍ കഴിയുമോ

ഈയിടെ പ്രമുഖ സാഹിത്യകാരി ഗ്രേസി എഴുതിയ ഒരു കുറിപ്പ്‌ വായിക്കാനിടയായി പ്രണയസ്‌മൃതി അയവിറക്കുന്ന ഏതോ ഒരു ഫീച്ചറില്‍ പ്രമുഖര്‍ക്കൊപ്പം അവരും യൗവ്വനകാലത്തെ സ്വന്തം പ്രണയത്തെക്കുറിച്ച്‌ എഴുതിയിരുന്നു. ഏതോ ഒരു പുതിയ പുസ്‌തകം പ്രസിദ്ധീകരിച്ചപ്പോള്‍ അവര്‍ക്ക്‌ അത്‌ പഴയ കാമുകന്‌ അയച്ചുകൊടുക്കണമെന്ന്‌ തോന്നി.

മേല്‍വിലാസവും ഫോണ്‍നമ്പറും തപ്പിപ്പിടിച്ച്‌ അവര്‍ പൂര്‍വ്വകാമുകനെ വിളിച്ചു. താനിങ്ങനെ ഒരു പുസ്‌തകമെഴുതിയിട്ടുണ്ടെന്നും അതിന്റെ ഒരു കോപ്പി അയച്ചുതരട്ടേയെന്നും ചോദിച്ചു. അപ്പോള്‍ മലയാളം ഒട്ടും വായിക്കാറില്ലെന്നും എങ്കിലും ഒരു കോപ്പി അയച്ചേയ്‌ക്കൂ എന്നുമായിരുന്നുവത്രേ അദ്ദേഹത്തിന്റെ മറുപടി. തീര്‍ത്തും നിര്‍വ്വികാരമായി.

ഈ പ്രതികരണം അവര്‍ക്ക്‌ ദഹിച്ചില്ലെന്ന്‌. മലയാളം പ്രാണവായുവാണെന്ന്‌ കരുതുന്ന താന്‍ അത്‌ അറിയില്ലെന്ന്‌ നടിക്കുന്ന ഒരു അന്യഗ്രഹജീവിയെക്കുറിച്ചോര്‍ത്താണോ തന്റെ യൗവ്വനം മുഴുവന്‍ നശിപ്പിച്ചതെന്നോര്‍ത്ത്‌ തനിക്ക്‌ ലജ്ജ തോന്നിയെന്നും ഗ്രേസി പറയുന്നു.

ആ ഫീച്ചറിലെ മറ്റെല്ലാ ഓര്‍മ്മക്കുറിപ്പുകളേക്കാളും നന്നായെന്ന്‌ തോന്നിയത്‌ ഇതാണ്‌. എന്താണെന്നറിയില്ല ചില കാലത്ത്‌ നമ്മളുടെ രക്തത്തിലും എന്തിന്‌ ഹൃദയതാളത്തില്‍പ്പോവും ഉണ്ടെന്ന്‌ കരുതി കൂടെക്കൊണ്ടു നടക്കുന്ന പലതും എത്രയോ നിര്‍ഗുണവും വിലകെട്ടതുമായിരുന്നുവെന്ന്‌ നമ്മള്‍ തിരിച്ചറിയുന്നത്‌ വളരെ വൈകിയായിരിക്കും.

ചിലരെങ്കിലും ഈ അനുഭവത്തിലൂടെ കടന്നുപോയിട്ടുമുണ്ടാകും. അതോടെ അതുവരെയുള്ള ആയുസ്സും ഊര്‍ജ്ജവും പാഴാക്കി നമ്മുടെ നെഞ്ചിലിരുന്ന കനം ഒറ്റയടിക്ക്‌ ഇല്ലാതാവും ഒരു പക്ഷേ അതൊരു അനുഗ്രഹവുമായിത്തീര്‍ന്നെന്നിരിക്കും. എങ്കിലും ഇപ്പോഴും പ്രണയിക്കുന്നവരെ, പ്രണയിക്കാന്‍ ഒരുങ്ങുന്നവരെ, പ്രണയിക്കപ്പെടണമെന്ന്‌ ആഗ്രഹിക്കുന്നവരെ കുറ്റം പറയാനും കഴിയില്ലല്ലോ. അതൊരു സംഭവിക്കലല്ലേ.................?

9 അഭിപ്രായങ്ങൾ:

  1. എന്‍റെ ഒരു സുഹൃത്തും ഇതേ അനുഭവത്തിലൂടെ കടന്നു പോകുകയുണ്ടായി, കുറച്ച് നാളുകള്‍ക്കു മുന്‍പ്. ഇവിടെ പക്ഷെ പെണ്‍കുട്ടി ആയിരുന്നു പ്രണയ സമ്മാനങ്ങള്‍ തിരിച്ചു ചോദിച്ചത് എന്ന് മാത്രം. ഈ കാലത്ത് എല്ലാത്തിനും ഒരു കണക്ക് പുസ്തകം വെക്കുന്നത് നല്ലതാണ്.....പ്രണയത്തിനും.

    മറുപടിഇല്ലാതാക്കൂ
  2. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. അതേ, അതൊരു സംഭവിക്കല്‍ തന്നെയാണ്.

    മറുപടിഇല്ലാതാക്കൂ
  4. "നഷ്ടപ്രണയത്തെ മഹത്വവല്‍ക്കരിച്ച്‌ ഓര്‍മ്മയില്‍ പിന്നീടൊരിക്കല്‍ അതൊരു വെറും നീര്‍ക്കുമിളയാകുന്നുവെന്ന്‌ തിരിച്ചറിയുന്നവരും കുറവല്ല.'
    "പ്രണയം മുറിവുകളാണ്‌. ആഴത്തിലുള്ള മുറുവകള്‍ ഓര്‍മ്മകള്‍ കീറിമുറിക്കുമ്പോള്‍ ആഴം കൂടിക്കൊണ്ടിരിക്കുന്ന മുറിവുകള്‍."
    പ്രണയം ഒരു കണക്കുപുസ്‌തകമാണ്‌ ജിവിതത്തിന്റെ കണക്ക് പുസ്തകം

    മറുപടിഇല്ലാതാക്കൂ
  5. പ്രണയമൊരു സംഭവിക്കലല്ലേ.....? സംഭവിച്ചുപോയതില്‍ വന്ന നേരില്ലായ്മ അനുഭവിക്കുന്നതാണ്‌ കണക്ക്‌. പ്രണയത്തില്‍ മാത്രമല്ല എന്തിലും ഏതിലും -നല്ലതും- ചീത്തയും- കണക്കുപുസ്തകവും- കുതികാല്‍ വെട്ടും- നഷ്ടസ്വപ്നങ്ങളെ താലോലിക്കലും- എല്ലാം ഉള്‍പ്പെടുന്നു. അതുകൊണ്ടുതന്നെ എല്ലം അകറ്റിനിറുത്താനാവുമൊ? കണക്കുപുസ്തകത്തില്‍ പറഞ്ഞതുപോലെ സംഭവിക്കുന്നു.......! എനിക്കു തോന്നുന്നു പുതുമ തേടല്‍ ഒരു പരിധിവരെ എല്ലാത്തിനും കാരണമാകുന്നു എന്ന്‌. ഭാഷയുടെ ഭംഗി നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  6. ചിലര്‍ പ്രണയത്തില്‍ ജിവിതം നേടുന്നു, ചിലരാകട്ടെ പ്രണയത്തില്‍ സ്വയം നഷ്ടപ്പെടുത്തുന്നു. നഷ്ടപ്രണയത്തെ മഹത്വവല്‍ക്കരിച്ച്‌ ഓര്‍മ്മയില്‍ പിന്നീടൊരിക്കല്‍ അതൊരു വെറും നീര്‍ക്കുമിളയാകുന്നുവെന്ന്‌ തിരിച്ചറിയുന്നവരും കുറവല്ല.

    ഉം ...

    മറുപടിഇല്ലാതാക്കൂ
  7. എങ്കിലും ഇപ്പോഴും പ്രണയിക്കുന്നവരെ, പ്രണയിക്കാന്‍ ഒരുങ്ങുന്നവരെ, പ്രണയിക്കപ്പെടണമെന്ന്‌ ആഗ്രഹിക്കുന്നവരെ കുറ്റം പറയാനും കഴിയില്ലല്ലോ. അതൊരു സംഭവിക്കലല്ലേ.................?
    (ഞാനും ഒപ്പുവച്ചു)

    മറുപടിഇല്ലാതാക്കൂ
  8. മനുഷ്യന് ജീവിതം മുഴുവനും പ്രണയിച്ച് പ്രണയിച്ച് മരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ