2009, ഏപ്രിൽ 27, തിങ്കളാഴ്‌ച

എന്നെ കാത്തുകിടന്ന ചെറിയമ്മ


മരണം കാലത്തിന്റെ അനിവാര്യതയാണ്‌. എല്ലാവരും മരിക്കാന്‍വേണ്ടിത്തന്നെ ജീവിക്കുന്നവരാണ്‌. എല്ലെങ്കില്‍ ജനിച്ച്‌ മരണത്തിലേയ്‌ക്ക്‌ ഒറ്റയ്‌ക്കു നീങ്ങുന്നവരാണ്‌ എല്ലാമനുഷ്യരും ഇതൊക്കെ പറഞ്ഞു തേഞ്ഞുപഴകിയ വാക്കുകളും വാചകങ്ങളുമാണ്‌.

എത്രപേര്‍ക്ക്‌ ഇതെല്ലാം സ്വാന്തനം നല്‍കും. സ്വന്തങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ നടുങ്ങി നില്‍ക്കുന്നവരോട്‌ ഇങ്ങനെ തന്നെയാണ്‌ എല്ലാവരും പറയാറുള്ളത്‌. അതേ പറയാന്‍കഴിയൂ അല്ലെങ്കില്‍ പറയാനുള്ളുവെന്നതാണ്‌ സത്യം.

അടുത്ത ദിവസങ്ങളിലായി ഞാനേറ്റവും കൂടുതല്‍ കേട്ടുകൊണ്ടിരുന്ന വാചകങ്ങളാണിവ. വിഷുവിന്‌ വീട്ടില്‍ച്ചെല്ലാത്ത പരിഭവം തീര്‍ക്കാനും അച്ഛനും അമ്മയും അനിയനുമൊത്ത്‌ കേരളത്തിന്‌ പുറത്തേയ്‌ക്ക്‌ ഒരു യാത്രപോകാനും തീരുമാനിച്ചുകൊണ്ട്‌ വീട്ടിലെത്തിയ എന്നെ സ്വീകരിച്ചത്‌ ഫ്രീസറില്‍ മരവിച്ചുകിടക്കുന്ന ചെറിയമ്മയുടെ ശരീരമാണ്‌.

എന്റെ അസുഖത്തെ പരിഗണിച്ച്‌ മരണവിവരം അറിയിക്കാതെ ഞാനെത്തുംവരെ ഫോണില്‍പ്പോലും ഒന്നു വിതുമ്പാതെ എല്ലാവരും പിടിച്ചുനിന്നു. ഏപ്രില്‍ 15ന്‌ രാത്രികണ്ട ദുസ്സപ്‌നങ്ങള്‍ പകല്‍ മുഴുവന്‍ അസ്വസ്ഥതയുണ്ടാക്കിയപ്പോള്‍ ഞാന്‍ പലവട്ടം വീട്ടിലേയ്‌ക്ക്‌ വിളിച്ചു. അച്ഛന്റെ സ്വരത്തില്‍ ഉന്മേഷമില്ലായ്‌മ തോന്നിയപ്പോള്‍ കാര്യം അന്വേഷിച്ചു. ഒന്നുമില്ലെന്ന്‌ പറഞ്ഞ്‌ അച്ഛന്‍ ഒഴിഞ്ഞുമാറി.

പിന്നെ വെറുതെ ചിലനേരത്തുണ്ടാകുന്ന മാനസികമായ അസ്വസ്ഥതകളാവുമെന്ന്‌ കരുതി 16ന്‌ വൈകീട്ട്‌ ഞാന്‍ വണ്ടി കയറി. യാത്രയ്‌ക്കുള്ള എല്ലാ ഒരുക്കങ്ങളോടുംകുടിത്തന്നെ. ബസ്സിറങ്ങി വീട്ടിലെത്തുംവരെ അച്ഛന്‍ ഒന്നും മിണ്ടാതെ വണ്ടിയോടിച്ചുകൊണ്ടിരുന്നു. വീട്ടിലെത്തിയപ്പോള്‍ വല്ലാത്ത ഒരു നിശബ്ദത എന്റെ നായ്‌ക്കുട്ടികള്‍ പോലും മിണ്ടാതെ അനങ്ങാതെ ഇരിക്കുന്നു.

തൊട്ടപ്പുറത്ത്‌ ചെറിയമ്മയുടെ വീട്ടിന്‌ മുറ്റത്ത്‌ കെട്ടിയ നീല ടാര്‍പോളിനാണ്‌ എന്റെ ഉള്ളിലേയ്‌ക്ക്‌ അസ്വസ്ഥതയുടെ ഒരു തുള്ളി വിതറിയത്‌. ബാഗുകളെല്ലാം മുറ്റത്തിട്ട്‌ ഓടിച്ചെന്ന എന്നെക്കാത്ത്‌ ചെറിയമ്മയും എരിഞ്ഞു കത്തുന്ന ഒരു നിലവിളക്കും. ആരും നിലവിളിക്കരുതെന്ന ചെറിയമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ എല്ലാവരും കണ്ണുനീരിനെ അടക്കിനിര്‍ത്തിയിരിക്കുന്നു.

സഹിക്കാന്‍ കഴിയാത്ത ഒരു നിശ്ശബ്ദത. കഴിഞ്ഞ അഞ്ചുവര്‍ഷമായി പലഅസുഖങ്ങള്‍ക്കായി ചെറിയമ്മ ചികിത്സയിലായിരുന്നു. തിരിച്ചുകിട്ടില്ലെന്ന്‌ ഞങ്ങള്‍ക്ക്‌ തോന്നിയ ഒരു സന്ദര്‍ഭത്തിലും ചെറിയമ്മ മരണത്തെക്കുറിച്ച്‌ സംസാരിച്ചിരുന്നില്ല. വേദന കടിച്ചമര്‍ത്തി എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ടിരുന്നു.

 ചെറിയച്ചനിലെ വിപ്ലവകാരിയെ പ്രണയിച്ച്‌ വിവാഹം ചെയ്‌ത ചെറിയമ്മ. ചെറിയച്ചന്‍ കടുത്ത നിരീശ്വരവാദിയാണെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ ദൈവങ്ങളെയെല്ലാം സ്വന്തം മനസ്സില്‍ കുടിയിരുത്തി. അമ്പലങ്ങളില്‍പ്പോലും പോകാതെ ഭര്‍ത്താവിന്റെ നിഴല്‍പോലെ ജീവിച്ച ചെറിയമ്മ ഒരു പക്ഷേ ചിലപ്പോഴൊക്കെ ചെറിയച്ഛനേക്കാള്‍ വിപ്ലവകാരിയായിരുന്നു. ചെറിയച്ചന്‍ രാഷ്‌്‌്‌ട്രീയവും നാടകവുമായി നടന്ന കാലത്ത്‌ സര്‍ക്കാരുദ്യോഗസ്ഥയായ ചെറിയമ്മയായിരുന്നു ചെറിയച്ഛനും കുട്ടികള്‍ക്കും താങ്ങ്‌.

മരവിച്ചു കിടക്കുന്ന ചെറിയമ്മയെക്കണ്ട്‌ കുഞ്ഞുന്നാള്‍മുതല്‍ കഴിഞ്ഞ അവധിക്കാലം വരെ എന്റെ മുന്നിലൂടെ മാറിമറിഞ്ഞുപോയി. കഴിഞ്ഞ തവണ എന്നെ കാണണമെന്ന്‌ ആഗ്രഹം പറഞ്ഞ്‌ വിളിപ്പിക്കുകയായിരുന്നു. അന്ന്‌ നല്ലകുട്ടിയായിരിക്കണമെന്നും എല്ലാ ആവശ്യങ്ങള്‍ക്കും ചെറിയച്ഛനൊപ്പമുണ്ടാകണമെന്നുമൊക്കെ എന്നോട്‌ പറഞ്ഞിരുന്നു. പിന്നെ ഒരിക്കലും കയ്യിലുള്ള ജോലി കളയരുതെന്ന ഒരു ശാസനയും തന്നു

അസുഖത്തിന്റെ അത്രവലിയ അസ്വസ്ഥതകളൊന്നുമില്ലാത്തതുകൊണ്ടുതന്നെ അതില്‍ ഒരു ഉപദേശത്തിന്റെ ധ്വനി മാത്രമേ ഞാന്‍ കേട്ടുള്ളു. ഒരു വേര്‍പാടിന്റെ ധ്വനി അറിയാന്‍ എനിക്ക്‌ കഴിഞ്ഞിരുന്നില്ല. വൈകിയുള്ള വിവാഹം കഴിഞ്ഞ്‌ കുട്ടികളുണ്ടാകാന്‍ വീണ്ടും വൈകിയപ്പോള്‍ ഞാനായിരുന്നു ചെറിയമ്മയുടെ കുട്ടി ആ അവകാശം എനിക്കെന്നുമുണ്ടായിരുന്നു.

ചെറിയമ്മയുടെ ആഗ്രഹം പോലെ ഞാനും കരഞ്ഞില്ല ദേഹം എടുക്കുന്നതുവരെ ആരും വിതുമ്പിയില്ല. അവസാനം ശരീരം ശ്‌മശാനത്തിലേയ്‌ക്ക്‌ കൊണ്ടുപോകാറായപ്പോള്‍ ചെറിയച്ഛന്‍ ചെറിയമ്മയുടെ മുഖത്ത്‌ മുത്തം നല്‍കി തളര്‍ന്നു വീണപ്പോള്‍ ആര്‍ക്കും കണ്ടുസഹിക്കാന്‍ കഴിഞ്ഞില്ല. അതുവരെ കരച്ചിലൊതുക്കിപ്പിടിച്ച്‌ ചുവന്ന കലങ്ങിയ കണ്ണുകളെല്ലാം നിലവിട്ടൊഴുകി. അവസാനം ഇലക്ട്രിക്‌ ശ്‌മശാനത്തില്‍ ചെറിയമ്മയ്‌ക്ക്‌ അന്ത്യവിശ്രമം.

ഇപ്പോള്‍ ഒരു കുടത്തില്‍ ചിതാഭസ്‌മമായി ചെറിയമ്മ ഞങ്ങള്‍ക്കൊപ്പം. ഇപ്പോഴും വെറുങ്ങലിച്ച്‌ കിടന്ന ആ ദേഹം ഓര്‍മ്മിക്കുമ്പോള്‍ കണ്ണുനിറയുമെങ്കിലും ചെറിയമ്മ പറഞ്ഞു തന്ന ജീവിതപാഠങ്ങള്‍ എനിക്ക്‌ ധൈര്യമേകുന്നു. ചെറിയച്ഛന്‌ ജോലി കിട്ടുന്നതുവരെ സ്വന്തം ശംബളം കൊണ്ട്‌ ഒരു പരാതിയുമില്ലാതെ കുടുംബം പോറ്റിയ ചെറിയമ്മ എന്നെ സംബന്ധിച്ച്‌ ഉദാത്തമായ ഒരു ഉദാഹരണമാണ്‌. എങ്ങനെ ജീവിക്കാമെന്നതിന്റെ.

എങ്കിലും ഇനി കൂടെയില്ലല്ലോയെന്ന തോന്നലില്‍ ഇടയ്‌ക്ക്‌ ഇടറിപ്പോകുമ്പോഴും കരച്ചിലിനെ വെറുത്തിരുന്ന ഭയപ്പെട്ടിരുന്ന ചെറിയമ്മയ്‌ക്കുവേണ്ടി ഞാനെന്റെ കണ്ണുകള്‍ നിറയാതെ സൂക്ഷിക്കുന്നു. ഓര്‍മ്മകളില്‍ നിറവുള്ള ഒരു ചിത്രമായി ഞാനെന്റെ ചെറിയമ്മയെ നെഞ്ചോടു ചേര്‍ത്തുവയ്‌ക്കുന്നു...

ഞാന്‍ അറിവായശേഷം അനുഭവിക്കുന്ന സഹിക്കാന്‍ കഴിയാത്ത രണ്ടാമത്തെ വേര്‍പാടാണിത്‌. മരണമെന്ന യാഥാര്‍ത്ഥ്യത്തെ ഞാന്‍ കൂടുതല്‍ മനസ്സിലാക്കുന്നു. അതിലേറെ ഭയപ്പെടുന്നു. പ്രിയ്യപ്പെട്ടവരൊന്നും ഇല്ലാതാകുന്ന ഒരു കാലം, കാലാകാലങ്ങളില്‍ ഓരോരുത്തരായി വിട്ടുപോകുമെന്ന തിരിച്ചറിവ്‌ ആ യാഥാര്‍ത്ഥ്യത്തിലേയ്‌ക്ക്‌ പ്രിയ്യപ്പെട്ടവരുടെ ഓരോരുത്തരുടെയും മുഖങ്ങള്‍ മാറി മാറി വരുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ഒരു മരവിപ്പ്‌ പതിയെ ബോധത്തിലേയ്‌ക്ക്‌ അരിച്ചു കയറുന്നു.

12 അഭിപ്രായങ്ങൾ:

  1. ദുഖത്തൽ പങ്കുചേരുന്നു..ജനിച്ച്‌ മരണത്തിലേയ്‌ക്ക്‌ ഒറ്റയ്‌ക്കു നീങ്ങുന്നവരാണ്‌ എല്ലാമനുഷ്യരും...അതേ പറയാന്‍കഴിയൂ അല്ലെങ്കില്‍ പറയാനുള്ളുവെന്നതാണ്‌... സത്യം

    മറുപടിഇല്ലാതാക്കൂ
  2. മരണമെന്ന യാഥാര്‍ത്ഥ്യത്തെ ഞാന്‍ കൂടുതല്‍ മനസ്സിലാക്കുന്നു. അതിലേറെ ഭയപ്പെടുന്നു. പ്രിയ്യപ്പെട്ടവരൊന്നും ഇല്ലാതാകുന്ന ഒരു കാലം, കാലാകാലങ്ങളില്‍ ഓരോരുത്തരായി വിട്ടുപോകുമെന്ന തിരിച്ചറിവ്‌ .........
    valare touching aayi ee post

    മറുപടിഇല്ലാതാക്കൂ
  3. ഹൃദയസ്പർശിയായ പോസ്റ്റ്.
    നാമിങ്ങറിയുവതൽ‌പ്പം....

    മറുപടിഇല്ലാതാക്കൂ
  4. ഒന്നും പറയാനില്ല,അനുശോചനങ്ങള്‍ മാത്രം.

    മറുപടിഇല്ലാതാക്കൂ
  5. മരണം ​രംഗബോധമില്ലാത്ത കോമാളിയാണ് --കടപ്പട് എം ടി

    മറുപടിഇല്ലാതാക്കൂ
  6. കമന്റുകള്‍ ഒന്നും പറയാനാവാത്തവണ്ണം ആദ്യം തന്നെ എല്ലാം പറഞ്ഞു വച്ചിരിക്കുന്നു.
    കാലം എല്ലാം മായ്ക്കും എന്നു മാത്രം കൂട്ടിച്ചേര്‍ക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  7. പ്രിയ്യപ്പെട്ടവരൊന്നും ഇല്ലാതാകുന്ന ഒരു കാലം....

    അന്ന് നമ്മൾ മരണത്തെ സ്നേഹിക്കാൻ തുടങ്ങുമായിരിയ്ക്കും അല്ലേ....?

    മറുപടിഇല്ലാതാക്കൂ
  8. ഇന്ന് ഞാന്‍ നാളെ നീ. മരണം നമ്മളെ തേടി വരും. നമ്മളറിയാതെ

    മറുപടിഇല്ലാതാക്കൂ
  9. :(

    ദു:ഖത്തിൽ പങ്കു ചേരുന്നു സിജി.

    മറുപടിഇല്ലാതാക്കൂ
  10. ഹൃദയത്തില്‍ തൊട്ട വരികള്‍. നന്മകള്‍ നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  11. സുഹൃത്തേ...ഹൃദയത്തില്‍ സ്പര്‍ശിച്ച വരികള്‍..എല്ലാ ഭാവുകങ്ങളും നേരുന്നു....

    മറുപടിഇല്ലാതാക്കൂ