2012, ഓഗസ്റ്റ് 8, ബുധനാഴ്‌ച

യൂണിവേഴ്‌സല്‍ സ്റ്റുഡിയോ -പേടിയ്ക്കാം അതിശയിയ്ക്കാം




യൂണിവേഴ്‌സല്‍ സ്റ്റുഡിയോ,  മലകയറിച്ചെല്ലുന്ന വഴിയില്‍ കാര്യമായ ഒരു ഓളമൊന്നും തോന്നില്ലെങ്കിലും അകത്ത് വിശാലമായ ഷോറൂം എന്ന് പറയുന്ന കണക്കാണ് ഇതിന്റെ കാര്യം, ഉള്ളിലെത്തിയാല്‍ എങ്ങോട്ട് ഓടിക്കയറണമെന്ന് തോന്നുന്ന തരത്തില്‍ ഒരു പങ്കപ്പാടില്‍പ്പെട്ടുപോകും ആരും, പ്രത്യേകിച്ച് കുട്ടികള്‍(കുട്ടികളുടെ മനസ്സുള്ളവരും).

നൂറുവര്‍ഷം പഴക്കമുണ്ട് യൂണിവേഴ്‌സല്‍ സ്റ്റുഡിയോയുടെ പെരുമയ്ക്ക്. ലോകസിനിമാ ചരിത്രത്തില്‍ മാറ്റിനിര്‍ത്താന്‍ കഴിയാത്ത സ്ഥാനമാണ് ഇതിനുള്ളത്. യൂണിവേഴ്‌സലിന്റെ ചരിത്രമെന്ന് പറഞ്ഞാല്‍ ഹോളിവുഡ് സിനിമയുടെ ചരിത്രംകൂടിയാണ്. തീംപാര്‍ക്കും, സ്റ്റുഡിയോയും ഹോട്ടലുകളും ഷോപ്പിങ് സ്ട്രീറ്റുമെല്ലാം ഉള്‍പ്പെടുന്ന ഈ സ്ഥലത്തെ യൂണിവേഴ്‌സല്‍ സിറ്റിയെന്നാണ് പറയുന്നത്(ചരിത്രം കൂടുതല്‍പറയാന്‍ എനിയ്ക്ക് മനസ്സില്ല, ഗൂഗിള്‍ ചെയ്താമതി)

കുന്നുകളുടെ പലതട്ടുകളിലായിട്ടാണ് യൂണിവേഴ്‌സല്‍ സ്റ്റുഡിയോ പണിതുയര്‍ത്തിയിരിക്കുന്നത്. നമ്മുടെ നാട്ടിലാണെങ്കില്‍ ആ കുന്നാ ഇടിച്ചുനിരത്തി സ്റ്റുഡിയോ ഇടാം എന്നേ ചിന്തിയ്ക്കൂ. ഇവിടെയാണെങ്കില്‍ ഇറങ്ങാനും കയറാനുമായി എലിവേറ്ററുകളും ഗോവണികളും തയ്യാറാക്കി, പ്രകൃതിയെ അധികം വേദനിപ്പിക്കാതെ സംഭവങ്ങള്‍ അടിപൊളിയായി ക്രമീകരിച്ചിരിക്കുകയാണ്.



കാര്‍ പാര്‍ക്ക് ചെയ്ത് ടിക്കറ്റുമെടുത്ത് ഉള്ളില്‍ക്കയറിയപ്പോള്‍ എവിടെത്തുടങ്ങണം എന്നതായിരുന്നു സംശയം. ഒടുവില്‍ ട്രാസ്‌ഫോര്‍മേഴ്‌സ് റൈഡില്‍ കയറാനാണ് തീരുമാനമായത്. ക്യൂ നിന്ന് റൈഡിനുള്ളില്‍ കയറുമ്പോള്‍ പാവം ഞാനറിഞ്ഞതേയില്ല കാത്തിരിക്കുന്ന ഭീകരത എന്താണെന്ന്. പേടിയ്ക്കില്ലല്ലോ ഇല്ലല്ലോയെന്ന് ലവന്‍ ഇടക്കിടെ ചോദിക്കുമ്പോഴും ഞാന്‍ ഓര്‍ത്തതേയില്ല, ഹൃദയസ്തംഭനമുണ്ടാക്കാന്‍ പോകുന്ന ഒരു അനുഭവത്തിലേയ്ക്കാണ് ഞാന്‍ കാലെടുത്ത് വയ്ക്കുന്നതെന്ന്. പൊതുവേ യുദ്ധങ്ങളും, അക്രമങ്ങളും സ്‌ക്രീനില്‍പ്പോലും കാണാനുള്ള കെല്‍പ്പില്ലാത്ത ഞാന്‍ ഒരു യുദ്ധമുഖത്തേയ്ക്കാണ് പോകുന്നതെന്ന് അറിഞ്ഞതേയില്ല.

കയറി ട്രോളിയില്‍ ഇരുന്നു, അത് പതിയെ നീങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ഇരുട്ട് പൊടുന്നതെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് ആരാന്നറിയേണ്ടേ ഒരു റോബോട്ടിക് ഭീകരന്‍, ലവന്‍ ഞങ്ങളുടെ വണ്ടിയെ എടുത്തിട്ടൊന്നു കുലുക്കി, അപ്പോള്‍ മാത്രമാണ് ഞാന്‍ അപകടം മനസ്സിലാക്കിയത്. അപ്പോഴേയ്ക്കും മറ്റൊരുവന്‍ വന്ന് വണ്ടി വലിച്ചോണ്ട് പോയി കറക്കിയെറിഞ്ഞു.  പിന്നാലെ മറ്റൊരുവന്‍ വിളിച്ചുപറയുന്നു, നമ്മള്‍ നമ്മുടെ ഗ്രഹത്തെ ട്രാന്‍സ്‌ഫോര്‍മേര്‍സില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി യുദ്ധമുഖത്തെത്തിയിരിക്കുന്നു, യുദ്ധം ചെയ്യുക വിജയിച്ചുവരുക.... പിന്നെ അങ്ങോട്ടൊരു കഥതന്നെയായിരുന്നു, യുദ്ധം എന്ന് പറഞ്ഞാപ്പോര ഗഡാഗഡിയന്‍ പോരായിരുന്നു. ഇടയ്ക്ക് ഒരു സമാധാനം കിട്ടാനായി ഞാന്‍ ത്രിഡി കണ്ണട മാറ്റിവയ്ക്കും. എന്താലും ട്രോളി എടുത്തെറിയുന്നതിനും കുലുക്കുന്നതിനുമൊന്നും ഒരു മനുഷ്യത്വമേയില്ല. എല്ലാവരും ആര്‍ക്കുന്നു, കൂവുന്നു, കരയുന്നു, ഞാന്‍ ദൂരെനാട്ടില്‍ കിടന്നുറങ്ങുന്ന അച്ഛനെയും അമ്മയെയും വിളിച്ചു കാറിക്കരഞ്ഞു. ധൈര്യം തരാനായി അവനെന്റെ കയ്യില്‍ മുറുകെ പിടിക്കുന്നുണ്ടായിരുന്നെങ്കിലും, ആ ധൈര്യമൊന്നും എനിയ്ക്കു മതിയായില്ല. ഇവിടെ വച്ചാണെന്റെ അവസാനമെന്നുവരെ ഞാന്‍ ചിന്തിച്ചുപോയി. പതിനഞ്ചുമിനിറ്റ് നീണ്ടു നിന്ന കറങ്ങലും തിരിയലും വെടിവെപ്പുമെല്ലാം കഴിഞ്ഞ് മറ്റൊരു അനൗണ്‍സ്‌മെന്റ് യു സേവ്ഡ് യുവര്‍ പ്ലാനറ്റ് ഗയ്‌സ്, വെല്‍ ഡണ്‍, ഹോ സമാധാനം കഴിഞ്ഞല്ലോ പണ്ടാരം, വണ്ടി പുറത്തെത്തിക്കഴിഞ്ഞിട്ട് തലകറക്കം കാരണം എനിയ്ക്ക് എഴുന്നേല്‍ക്കാല്‍ കഴിയുന്നില്ല. അവന്‍ ഒരു വിധം എന്നെ വലിച്ചു പുറത്തിട്ടു. പുറത്തിറങ്ങിക്കഴിഞ്ഞപ്പോള്‍ അകത്തേയ്ക്ക് കയറാനുള്ളവരുടെ ക്യൂ കണ്ട് ഞാന്‍ ഞെട്ടി, പേടിച്ച് വിറയ്ക്കാനായി ആളുകള്‍ പൊരിവെയിലത്ത് ക്യൂനില്‍ക്കുന്നു. വട്ട് എന്നല്ലാതെ എന്ത് പറയാനെന്നാണ് എനിയ്ക്ക് തോന്നിയത്(സാഹസികര്‍ ക്ഷമിയ്ക്കുക). പൈസ കൊടുത്ത് പേടിയ്ക്കുക, ചര്‍ദ്ദിയ്ക്കുക എന്തൊരു തമാശ!



പുറത്തെത്തിയ ഉടനേ എന്റെ റിക്വസ്റ്റ് 'ഇനി ഈ ജാതി സംഗതികളില്‍ കയറണ്ട', അപ്പോളതാ അവന്റെ മുഖം വാടുന്നു, സാഹസികന്മാര്‍ക്ക് അങ്ങനെയാണല്ലോ. അവന്റെ മുഖത്തെ നിരാശ കണ്ടപ്പോള്‍ ഒരു നല്ല അടിപിടിയ്ക്കുള്ള സാധ്യത ഞാന്‍ മണത്തു. യൂണിവേഴ്‌സല്‍ സ്റ്റുഡിയോ മുറ്റത്ത് അങ്കം വേണ്ടെന്ന് കരുതി ഞാന്‍ മനസ്സുമാറ്റി. 'ഏതിലാച്ചാലും കയറാം, പ്രശ്‌നാക്കണ്ട, ഞാന്‍ അഡ്ജസ്റ്റ് ചെയ്യാം'. കേള്‍ക്കേണ്ട താമസം അവന്‍ എന്നേം കൂട്ടി പാഞ്ഞത് ഒരു വാട്ടര്‍ റൈഡിലേയ്ക്ക്, അതും  അവിടന്നും ഇവിടന്നുമായി കൂറ്റന്‍ ദിനോസറുകള്‍ പാഞ്ഞടുക്കുകയും ചീറുകയും ചെയ്യുന്നു. ആദ്യമാദ്യമൊന്നും വലിയ പ്രശ്‌നം തോന്നിയില്ല, ഞാന്‍ അല്‍പസ്വല്‍പം ആസ്വദിച്ചു. പെട്ടെന്നതാ വണ്ടി കുത്തനേ മുകളിലേയ്ക്ക് കയറുന്നു, അതോടെ എന്റെ ആറാമിന്ദ്രിയം പ്രവര്‍ത്തനം തുടങ്ങി, അത് പറഞ്ഞുകൊണ്ടേയിരുന്നു 'ജാഗ്രതൈ! ജാഗ്രതൈ! ഇതൊന്നും താങ്ങാനുള്ള ശക്തി നിനിക്കില്ല....' ഞാന്‍ ജാഗരൂകയായി, കൂറ്റന്‍ കയറ്റത്തിന്റെ മുകളിലെത്തിയപ്പോള്‍ ജൂറാസിക് പാര്‍ക്കിലെ പഴയ അതേ ഭീകരന്‍ ദിനോസര്‍ വണ്ടിയെ വിഴുങ്ങാന്‍ വായ തുറക്കുന്നു രക്ഷപ്പെടാനായി വണ്ടി ദിനോസറിന്റെ താടിയ്ക്കുകീഴിലൂടെ താഴേയ്ക്ക് ഒരു വീഴ്ചയാണ്. എന്റെ കുടല്‍മാല കയറി തൊണ്ടയിലെത്തി, അത് ഇറക്കാനും ചര്‍ദ്ദിക്കാനുമാവാതെ ഏതാനും സെക്കന്റുകള്‍..അപ്പോഴേയ്ക്കും വെള്ളം തെറിച്ച് ഉടുപ്പൊക്കെ ആകെ നനഞ്ഞ് കുതിര്‍ന്നിരുന്നു. അങ്ങനെ ആ മാരണവും കഴിഞ്ഞു.

ഓരോന്നും കഴിയുമ്പോള്‍ അവന്റെ എനര്‍ജി ലെവല്‍ കത്തിക്കയറുകയായിരുന്നു. ഞാനാണെങ്കില്‍ പതിവ് ലോ ബിപിയിലേയ്ക്ക് പോവുന്നു, തലപെരുക്കുന്നു. പക്ഷേ അത് പറഞ്ഞ്  നിരാശപ്പെടുത്താനും വയ്യ. ഇതൊക്കെ ആലോചിച്ച് ആലോചിച്ച് ഞാന്‍ നോക്കുമ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നത് മമ്മി റൈഡിലേയ്ക്കുള്ളു ക്യൂവിലാണ്. ഇതിന് മുമ്പേ കയ്യിലുള്ള എല്ലാ സാധനങ്ങളും ലോക്കറില്‍ വച്ച് പൂട്ടണമായിരുന്നു. അത് കണ്ടപ്പോത്തന്നെ കാത്തിരിക്കുന്നത് ചില്ലറക്കാര്യമൊന്നുമല്ലെന്ന് മനസ്സിലായി. എന്തായാലും വരുന്നത് വരട്ടെ തലകറങ്ങി വീഴുന്നെങ്കില്‍ ആവട്ടെയെന്നും കരുതി ഞാന്‍ അനുസരണയോടെ ക്യൂവില്‍ നിന്നു. ഒന്നു മിണ്ടാന്‍ കൂടിയുള്ള ത്രാണി എനിക്കില്ലായിരുന്നു, നേരത്തേയുള്ള വിട്ടുവീഴ്ചാ മനോഭാവം എന്നെ വിട്ടകലുന്നു, ഞാന്‍ ഒരു തല്ലിനുള്ള മൂഡിലേയ്ക്ക് വരുന്നു, അത് മനസ്സിലാക്കിയെന്നോണം അവന്‍-' കയറേണ്ടാ എന്നാണേ ക്യൂവില്‍ നിന്നും മാറാം' കിട്ടിയ അവസരമല്ലേ ഞാനത് മുതലാക്കി, ഒരു ചെറിയ ഔദാര്യവും കൊടുത്തു. 'വേണ്ട ഇതുംകൂടി ആകാം ഇനി ഞാന്‍ ഒന്നിലും കയറില്ല, പുറത്തിരിയ്ക്കും'.



പറഞ്ഞുതീരും മുമ്പേ വണ്ടി വന്നു നിന്നു ഞങ്ങള്‍ കയറിയിരുന്നു. അടുത്ത സീറ്റിലിരിക്കുന്ന ആളിനെ നോക്കി ഞാനൊന്ന് ദയനീയമായി ചിരിച്ചു, വേണ്ടിവന്നാല്‍ ഞാന്‍ നിങ്ങളുടെ കയ്യിലും കയറിപ്പിടിക്കുമെന്നാണ് എന്റെ നോട്ടത്തിന്റെ അര്‍ത്ഥമെന്ന് ആ മനുഷ്യന് മനസ്സിലായില്ലെന്ന് തോന്നുന്നു. ചിന്തിച്ചുതീരും മുമ്പേ വണ്ടി ഓട്ടം തുടങ്ങി, മമ്മി സിനിമയിലെ കഥാപാത്രങ്ങള്‍ ഓരോരുത്തരായി വരുകയാണ്, എല്ലാവരും നമ്മളെ എടുത്തിട്ട് പെരുമാറുന്നു. ചിലപ്പോള്‍ ഇരുട്ട് ചിലപ്പോള്‍ പ്രകാശം എന്നുവേണ്ട പീഡനങ്ങള്‍ പലതരം, അവസാനം പ്രേതം വന്ന് നമ്മുടെ വണ്ടിയെ തൂക്കിയെടുത്തെറിയുന്നതോടെ ആ പാതകം അവസാനിയ്ക്കുന്നു. പുറത്തിറങ്ങുമ്പോഴേയ്ക്കും ബിപി വല്ലാതെ പിണങ്ങി. പിന്നെ കുറച്ചുസമയം അവിടെക്കണ്ട കസേരയില്‍ ഇരുന്ന് ഞാന്‍ സമനില വീണ്ടെടുത്തു.

അടുത്തിരുന്ന് അവന്റെ പിറുപിറുക്കല്‍ 'നിന്നെം കൊണ്ട് ഇത്തരം കാര്യങ്ങള്‍ക്ക് പോകരുതെന്ന് മനസ്സിലായി. ഇനിയില്ല..' അങ്ങനെ അങ്ങനെ നിരാശ മുറ്റുന്ന വാക്കുകള്‍. എന്തുചെയ്യാം ഇനി സ്വയം പീഡിപ്പിക്കാന്‍ എനിയ്ക്കുവയ്യ. ഞാന്‍ ഒരു പരിഹാരം പറഞ്ഞുകൊടുത്തു, 'ഞാന്‍ പുറത്തു കറങ്ങാം താന്‍ എല്ലാത്തിലും കയറി ഇറങ്ങി വാ.' പക്ഷേ അതവന് സ്വീകാര്യമായില്ല. കുറച്ചുപേര്‍ ഉത്തരവാദിത്തത്തോടെ കൊണ്ടുനടക്കണമെന്നും പറഞ്ഞ് ഏല്‍പ്പിച്ച സാധനം യൂണിവേഴ്‌സല്‍ സ്റ്റുഡിയോവില്‍ കളഞ്ഞുപോയി എന്ന് നാട്ടില്‍ പോയി പറയാനുള്ള ധൈര്യമില്ലാത്തോണ്ടാവണം, അവന്‍ റൈഡ് പ്രണയം മാറ്റിവച്ചു, അതോടെ ഞാന്‍ ഹാപ്പി.

അപ്പോഴേയ്ക്കും വയറു പൊരിയാന്‍ തുടങ്ങിയിരുന്നു, അസ്സലൊരു ചിക്കന്‍ സലാഡും കഴിച്ച് ഇനിയെന്ത് എന്നും നോക്കി നടക്കുമ്പോഴാണ് അനിമല്‍ ആക്ടേഴ്‌സ് എന്ന ഷോയ്ക്കുള്ള സമയമായെന്ന് അറിയുന്നത്. പരിശീലനം നല്‍കിയ പക്ഷികളും നായകളുമൊക്കെ പരിശീലകര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നു. സംഭവത്തില്‍ വലിയ പുതുമയൊന്നുമില്ലെങ്കിലും ഇത്തിരി വിശ്രമവും ഒപ്പം ഭീകരാനുഭവത്തില്‍ നിന്നുള്ള ഒരു ചേഞ്ചുമായി എനിയ്ക്കത്. അതുകഴിഞ്ഞപ്പോള്‍ സിനിമ ഷൂട്ടിങ്ങിന്റെ ചുരുള്‍ നിവര്‍ത്തുന്ന മറ്റൊരു ഷോയ്ക്കായിരുന്നു കയറിയത്. സിനിമയിലെ ബോട്ടുയാത്രകള്‍, ബഹിരാകാശയാത്ര, സ്രാവുകളുടെ ആക്രമണം, കാറ്റും മഴയും എന്നുവേണ്ട സിനിമയില്‍ നമ്മള്‍ കാണാറുള്ള അതിശയിപ്പിക്കുന്ന രംഗങ്ങളെല്ലാം വെറുമൊരു സ്റ്റേജില്‍ വച്ച് ചിത്രീകരിയ്ക്കുകയാണ് അത് സ്‌ക്രീനില്‍ കാണുന്നമ്പോള്‍ എല്ലാം യഥാര്‍ത്ഥ അന്തരീക്ഷത്തില്‍ ഷൂട്ട് ചെയ്തതാണെന്നല്ലാതെ മറിച്ച് ചിന്തിക്കാനേ കഴിഞ്ഞില്ല. നല്ല ഇന്‍ഫര്‍മേറ്റീവ് ആയ ഷോയായിരുന്നു അത്.

അതു കഴിഞ്ഞുകയറിയത് ഷ്രക്കിന്റെ 4 ഡി ഷോയ്ക്കാണ്. എന്റെ ആദ്യ 4 ഡി അനുഭവം. നായകന്‍ പ്രിയഷ്രെക്കും ഡോങ്കിയും ഫിയോണയും ഒക്കെ ആയതുകൊണ്ടുതന്നെ എനിയ്ക്ക് പെരുത്ത് സന്തോഷം. ഷ്രക്ക് കുതിരവണ്ടിയില്‍ക്കയറിപ്പോകാന്‍ തുടങ്ങുമ്പോള്‍ ഇരിയ്ക്കുന്ന സീറ്റും കുതിരവണ്ടിയുടെ താളത്തില്‍ ആടു. ഞാനാകെ ത്രില്ലടിച്ചുപോയി. നഴ്‌സറിയിലെ കുതിരയെയാണ് എനിയ്‌ക്കോര്‍മ്മവന്നത്. പിന്നെ ഇടയ്ക്ക് കാലുകളിലേയ്ക്ക് വെള്ളം ചീറ്റുന്നു സീറ്റ് കുലുങ്ങുന്നു ആടുന്നു- എന്തായാലും ഷ്രക്ക് 4 ഡി അടിപൊളിയായിരുന്നുവെന്ന് പറയാതെ വയ്യ.


അടുത്തത് സ്റ്റുഡിയോ ടൂറായിരുന്നു. മുന്‍കാല സിനിമകള്‍ക്കായി തയ്യാറാക്കിയ സെറ്റുകള്‍. സ്പീല്‍ബര്‍ഗ് ചിത്രമായ ജോസിലെ കൂറ്റന്‍ സ്രാവ്(സ്രാവ് പെട്ടെന്ന് വെള്ളത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന് വണ്ടിയുടെ നേര്‍ക്ക് വരുമ്പോള്‍ ഞെട്ടിപ്പോകുമെന്ന് ഉറപ്പ്) ജൂറാസിക് പാര്‍ക്കിന്റെ സെറ്റ്, കിംങ് കോങ്ങിന്റെ സെറ്റ് എന്നുവേണ്ട ചില സെറ്റുകളില്‍ കയറുമ്പോള്‍ നേരത്തേ കയറിയ ചില റൈഡുകള്‍ പോലെ വണ്ടി കുലുങ്ങുകയും ചാടുകയും അപകടഭീതി പരത്തുകയും ചെയ്യുന്നു. എന്നാലും ആദ്യ റൈഡുകളുടെ അത്ര സമ്മര്‍ദ്ദമില്ല എന്നുതന്നെ പറയാം. ഒരു റെയില്‍വേ സ്റ്റേഷനില്‍ വെള്ളപ്പൊക്കമുണ്ടാകുന്ന ഒരു സെറ്റ്, മലയോരഗ്രാമത്തില്‍ പൊടുന്നനേ വെള്ളപ്പാച്ചിലും മഴയുമുണ്ടാകുന്ന സെറ്റ് ഇതെല്ലാം മനോഹരമാണ്.

പിന്നെ സെറ്റിട്ടുവച്ചിരിക്കുന്ന ന്യൂയോര്‍ക്ക് നഗരം, പ്രശസ്ത സിനിമകളിലെ കഥാപാത്രങ്ങള്‍ ഉപയോഗിച്ച വീടുകള്‍, കാറുകളും മറ്റും നടുറോഡില്‍ കത്തിയമരുന്ന രംഗങ്ങളുടെ ഡെമോ, ഷൂട്ടിങിനായി തകര്‍ത്തിട്ടിരിക്കുന്ന ഒരു ഒറിജിനല്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ എന്നുവേണ്ട പലതരം വിസ്മയങ്ങളാണ് സ്റ്റുഡിയോ ടൂറില്‍ കാണാനുള്ളത്. വലിയ പേടിയോ പകപ്പോയില്ലാതെ മനസ്സമാധാനത്തോടെ ഇരുന്ന് കാണാന്‍ കഴിയുന്ന കാര്യങ്ങള്‍.


സ്റ്റുഡിയോ ടൂര്‍ കഴിഞ്ഞതോടെ ഞങ്ങളുടെ യൂണിവേഴ്‌സല്‍ സ്റ്റുഡിയോ അനുഭവം അവസാനിയ്ക്കുകയാണ്. പുറത്തിറങ്ങി, പ്രിയപ്പെട്ട പാണ്ഡ എക്‌സ്പ്രസ് കണ്ടുപിടിച്ച് എന്തൊക്കെയോ വലിച്ചുവാരി കഴിച്ച്, രാത്രി യാത്രക്കിടെ കഴിയ്ക്കാനുള്ള പാര്‍സലും സംഘടിപ്പിച്ച് സുവനീറുകളും വാങ്ങി ഞങ്ങള്‍ മടക്കയാത്ര തുടങ്ങി.

ലോസ് ആഞ്ജലസിലേയ്ക്ക് പോയ വഴിയില്‍ നിന്നും അല്‍പം മാറി പുതിയൊരു അനുഭവത്തിനായി മറ്റൊരു വഴിയിലൂടെയായിരുന്നു യാത്ര. തക്കാളി, ലെറ്റസ്, ലാവണ്ടര്‍ എന്നിവയുടെ പാടങ്ങള്‍. പിസ്ത, ചെറി തോട്ടങ്ങള്‍ എന്നുവേണ്ട കണ്ടാല്‍ കൊതിതീരാത്ത അമേരിക്കന്‍ വില്ലേജ് കാഴ്ചകള്‍. കുറേ ദൂരം കഴിഞ്ഞ് ഇന്ധനമടിയ്ക്കാനായി ഒരു പെട്രോള്‍ ബങ്കില്‍ കയറിയപ്പോള്‍ വണ്ടിയുടെ അടുത്തേയ്ക്ക് വന്നൊരാള്‍ കുറച്ച് ഡോളര്‍ നല്‍കണമെന്ന് അപേക്ഷിയ്ക്കുന്നു. അരിസോണയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭാര്യാമാതാവിന്റെ അടുത്തേയ്ക്കുള്ള യാത്രയിലാണ് അയാളും ഭാര്യയും പെട്രോളടിയ്ക്കാന്‍ പൈസ തികയില്ല. ബങ്കില്‍ വരുന്നവരോടെല്ലാം ചോദിച്ച് അയാള്‍ പൈസ ഒപ്പിയ്ക്കുകയാണ്. കേട്ടപ്പോള്‍ അവന്‍ എന്റെ മുഖത്തുനോക്കി, പാന്റ്‌സും ഷര്‍ട്ടുമിട്ട് കാറുമായിട്ട് വന്ന് കൈനീട്ടുന്നവരെ കണ്ട് പരിചയമില്ലാത്തതിനാല്‍ എനിയ്ക്ക് ഒരു സംശയം, സംഭവം സത്യമായിരിക്കുമോ, എന്റെ സംശയം മാറും മുമ്പേ അവന്‍ എന്തോ പൈസയെടുത്ത് അയാള്‍ക്ക് നേരെ നീട്ടുന്നു. പിന്നാലെ മറ്റൊരു സ്ത്രീ വന്ന് അയാളോട് പറയുന്നു 20 ഡോളര്‍ കൊടുത്തിട്ടുണ്ട് ഗ്യാസ് നിറച്ചോളൂയെന്ന്. അങ്ങനെ രണ്ട് മൂന്നാളുകല്‍ അയാളെ സഹായിക്കുന്നു.

ഇന്ധനം നിറച്ച് കഴിഞ്ഞ് ഞങ്ങളും പോന്നു, രണ്ട് മൂന്ന് ദിവസമായി നമ്മളെത്രയോ പൈസ വെറുതേയെന്നോണം ചെലവാക്കി, ആ സ്ഥാനത്ത് അയാള്‍ക്ക് കൊടുത്തത് വളരെ തുച്ഛമാണെന്ന് അവന്‍. അപ്പോഴാണ് ഞാനുമോര്‍ത്തത്. ഓരോ രാജ്യത്ത് ഓരോ ലൈഫ് സ്റ്റൈല്‍, നമ്മുടെ നാട്ടില്‍ രോഡരികിലിരുന്ന് മുഷിഞ്ഞ തുണിയിടുത്ത് യാചിയ്ക്കുന്നവരെ മാത്രമേ കണ്ടിട്ടുള്ളു, ഇവിടെ അതിന് വ്യത്യാസമുണ്ട്, അത്രമാത്രം.

അങ്ങനെ കാത്തുകാത്തിരുന്ന ഒരു യാത്ര അവസാനിയ്ക്കുകയായിരുന്നു. വീട്ടിലെത്തി ഗ്യാരേജ് തുറക്കുന്ന ശബ്ദം കേട്ടപ്പോഴാണ് എനിയ്ക്ക് സ്ഥലകാലബോധമുണ്ടായത്. പാവത്തെ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യാന്‍ വിട്ടിട്ട്. ഞാന്‍ പോത്തുപോലെ കിടന്നുറങ്ങുകയായിരുന്നു, ഓര്‍ത്തപ്പോള്‍ എനിയ്ക്കാകെ ചളിപ്പായി, ഒരു സോറിയും കാച്ചി ഞാന്‍ ഓടി വീട്ടില്‍ കയറി...