2009, ഡിസംബർ 28, തിങ്കളാഴ്‌ച

ജന്മങ്ങള്‍











അറിയില്ല.....
മുമ്പേ നടക്കുന്ന നിന്റെ
കാല്‍പ്പാടുകളില്‍
അമര്‍ത്തിച്ചവിട്ടി
ഗര്‍വ്വോടെ നടക്കുമ്പോള്‍
ഇടറി വീഴുന്നതെവിടെയാകുമെന്ന്......

ഉറപ്പുണ്ട്.....
ഇനിയും വീഴ്ചയില്ലാതെ
ഇടര്‍ച്ചയില്‍ത്തന്നെ
പ്രാണനുപേക്ഷിച്ച്
പോകാന്‍ കഴിയുമെന്ന്......

പ്രണയമെന്ന് ചെവിയില്‍
അടക്കം പറഞ്ഞ് നീ
കയ്യിലേല്‍പ്പിച്ചു പോയ
മരണം നിറച്ച ആ പാത്രം
ഇപ്പോഴുമുണ്ടെന്റെ കയ്യില്‍.....

ഒരിടര്‍ച്ചയ്ക്ക് കാത്ത്
ചുവടുവയ്ക്കുകയാണ്
നിന്റെ പ്രണയം രുചിച്ച്
ഇടറിവീണ്.....
മണ്ണില്‍ പുതച്ചുറങ്ങി....
പുതുമഴയില്‍ വീണ്ടും മുളച്ച് .....
കൊടുംകാറ്റും വരള്‍ച്ചയും കൊണ്ട് ....
വീണ്ടും ജന്മങ്ങള്‍ പൊഴിഞ്ഞുവീഴാന്‍....

2009, ഡിസംബർ 8, ചൊവ്വാഴ്ച

മുറിവ്









കാറ്റിനും ക്രൂരതയാണ്
മഴയില്‍ പെയ്യുന്നത് കനലുകള്‍
പച്ചത്തലപ്പുകള്‍ തീപിടിച്ചുലയുന്പോള്‍,
കണ്ണുപൊത്തിക്കളി കഴിഞ്ഞ്
നീ മടങ്ങിയതറിയാതെ
ഞാനീ ഇറയത്ത് തനിയെ......

വെറുമൊരു നിഴലായിരുന്നു
വെറും ഒരു നിഴല്‍...
കെട്ടിവയ്ക്കാനും പൂട്ടിയിടാനും
കഴിയാത്തൊരു നിഴല്‍....
തിരഞ്ഞു തിരഞ്ഞു ഞാനലഞ്ഞൊരു
പാഴ് നിഴല്‍....

വെറുമൊരു തോന്നലായിരുന്നു
എത്തിപ്പിടിച്ചുവെന്ന
ഒരു തോന്നല്‍.....
കനല്‍ ചിന്നിച്ചിതറിയപ്പോഴാണ്
പൊള്ളിയത് .....
അപ്പോഴാണ് കൈവലിച്ചതും

പൊള്ളിയിരിക്കുന്നു
ഒരു ചന്ദ്രക്കലപോലെ
ഉള്ളിലൊരു കോണില്‍
ഒരു കനല്‍വീണു പൊള്ളി
വെറുതെ....
വെറുതെയൊരു പൊള്ളല്‍
മഴപെയ്ത് പഴുക്കട്ടെ
കനല്‍മഴ പെയ്ത് പഴുക്കട്ടെ.....

പിന്നെ തൊലിയുരിച്ചുകളയാം
നിറംകൂടിയൊരു
അടയാളമായി
അവശേഷിപ്പിക്കാം
ഒരു പാട് നിറക്കൂട്ടുകളുള്ള
വെറുമൊരു അടയാളമാക്കാം.......




ഈ മുറിവിന് പിന്നിലുണ്ടൊരു വലിയ കടപ്പാട്.......

2009, ഡിസംബർ 4, വെള്ളിയാഴ്‌ച

സ്വപ്നങ്ങള്‍

അവര്‍ വിലങ്ങണിയിച്ച്
കൊണ്ടുപോകുന്പോഴാണ്
ദീനതയോടെ ആദ്യമായി
എന്നെയവര്‍ നോക്കുന്നത്
എന്റെ സ്വപ്നങ്ങള്‍
ഇരുന്പഴിയ്ക്കുള്ളില്‍ ദ്രിവിച്ചുതീരാന്‍
വിധിക്കപ്പെട്ടവര്‍

ഉദയാസ്തമയങ്ങള്‍ക്കിടയില്‍
നേര്‍ത്ത ഒരു നിശ്വാസം മാത്രമായി
അവശേഷിക്കുന്പോഴും
പുറത്ത് കാത്തിരിക്കുകയാണ്
പരോളെങ്കിലും കിട്ടി പുറത്തിറങ്ങുന്ന
സ്വപ്നങ്ങള്‍ക്ക് വേണ്ടി

അവകാശികള്‍ വേറെയുമുണ്ടിവിടെ
കീറപ്പായയ്ക്കരികില്‍
വിലകൂടിയ ഇംഗ്ലീഷ് പത്രം വിരിച്ചുറങ്ങുന്നവര്‍
കയ്യൂക്കുള്ളവര്‍
ഒരിക്കലും കാണാത്ത
സ്വപ്നങ്ങള്‍ക്ക് വേണ്ടി
അവകാശം പറഞ്ഞ്
കാത്തിരിക്കുന്നവര്‍

പുറത്തിറങ്ങുന്പോള്‍
നെഞ്ചേറ്റി നടന്ന എന്നെയവര്‍
ഉപേക്ഷിച്ചേയ്ക്കും
അവര്‍ക്ക് കുടിയേറാന്‍
കഴിയാത്തത്രയും ക്ഷീണിച്ച
വെറുമൊരു നിശ്വാസം,
അതുമാത്രമാണ് ഞാന്‍

മറ്റവര്‍ക്കൊപ്പം തന്നെ പൊയ്ക്കൊള്‍ക
വിലകൂടിയ സപ്രമഞ്ചത്തില്‍
നിങ്ങള്‍ക്ക് ശയിയ്ക്കാം
നിദ്രാഭംഗമില്ലാതെ ജീവിക്കാം
ഇടയ്ക്കെന്നെങ്കിലും സ്വയം സാക്ഷാത്കരിക്കാം
എനിയ്ക്കൊപ്പമെങ്കില്‍
വെറും മോഹഭംഗങ്ങളായി
നിങ്ങള്‍ക്കവശേഷിക്കേണ്ടിവരും

2009, നവംബർ 19, വ്യാഴാഴ്‌ച

അലയുകയാണ്



നിന്നെത്തിരഞ്ഞുള്ള ഓരോ യാത്രകളും
ഉള്ളിലുള്ളൊരാത്മാവിനെ
പുറത്തെവിടെയോ തിരയുന്ന
ബുദ്ധിശൂന്യതയാണ്

കടലിലേയ്ക്ക് തന്നെയാണ്
ഒഴുകുന്നതെന്നോര്‍ക്കാതെ
ഇടക്ക് മുറിഞ്ഞ് വഴിമാറിയൊഴുകി
കൈവഴിയാകുന്ന പുഴയുടെ
വിഡ്ഢിത്തം പോലെ

എങ്കിലും ഈ ഒഴുക്കിന്റെ വഴികളില്‍
ഇളം കാടുകുളിര്‍പ്പിക്കാന്‍
പരല്‍മീനുകളെ ഗര്‍ഭം ധരിക്കാന്‍
കുളക്കോഴിക്ക് അത്താഴമൊരുക്കാന്‍....
നിനച്ചിരിക്കാതെ ഭാഗ്യങ്ങള്‍

ഇടക്കൊരു ചൂണ്ടക്കാരനാണ്
നിശബ്ദതയെ ഭേദിച്ച് ഒച്ചവച്ചത്
പുഴയൊഴുകി കടലില്‍ച്ചേര്‍ന്നെന്ന്
ഈ വഴി കടലിലേക്കിനിയും
കാതങ്ങളുണ്ടെന്ന്
വഴിമാറേണ്ടിയിരുന്നില്ലെന്ന്

ഇനിയൊരു തിരിച്ചൊഴുക്കില്ല
കല്ലുകളില്‍ തട്ടിത്തെറിച്ച് പിടഞ്ഞ്
വേനലില്‍ മുറിഞ്ഞും വറ്റിയും മരിച്ചും
മഴയില്‍ മദിച്ചുതുള്ളിയും
കടല്‍ തേടിയൊഴുകാം

വീണ്ടും പുറത്തേയ്ക്ക് തുളുന്പുകയാണ്
വെറുതെ ഇല്ലാത്ത വഴികളില്‍
നിന്നെത്തേടിയലഞ്ഞ്
കടല്‍ നഷ്ടപ്പെടുത്തുകയാണ്

നിഗൂഡമായ താഴ്വാരത്തില്‍
എവിടെയാണു നീ ഒളിച്ചിരിക്കുന്നത്
തെല്ലിടയെങ്കിലും പുറത്തുവരിക
ഒരുനോക്കു കണ്ടു ഞാന്‍
ഒഴുക്കു തുടര്‍ന്നിടാം
തിരിച്ചൊഴുക്കില്ല ഇനിയൊരിക്കലും

2009, നവംബർ 14, ശനിയാഴ്‌ച

മരുഭൂമിയിലെ.......


ഒരു കള്ളിമുള്‍ച്ചെടി
പണ്ട് മതിലരികില്‍ നിന്നും
കൈമുറിയാതെ വെട്ടി
മുള്ളുകള്‍ ചെത്തിമാറ്റി
സ്ലേറ്റിലെ കുത്തിവരകള്‍ മായ്ക്കാന്‍ നീ
പെന്‍സില്‍ പെട്ടിയിലടച്ചുവച്ച
അതേ മുള്‍ച്ചെടി

അന്നു നീ മുള്ളുകളടര്‍ത്തിയപ്പോള്‍
മരിച്ചു തുടങ്ങിയതാണ്
സ്ലേറ്റു മായ്ക്കാന്‍ നീരുതേടി
ഉടലില്‍ നീ ഉല്‍ഖനനം ചെയ്തപ്പോള്‍
നഖമുനകേളേറ്റ പാടിതാ,
ഇവിടെ നിനക്ക് കാണാം

മായാതെ നില്‍ക്കുകയാണ്
നിന്റെ നഖപ്പാടുകള്‍
ഇപ്പോള്‍ എന്നില്‍
നിറയെ മുള്ളുകളാണ്
ഇനിയാരും മുറിച്ചെടുക്കാതിരിക്കാന്‍
ഞാന്‍ മുള്ളുകള്‍ മുളപ്പിച്ചെടുത്തിരിക്കുന്നു
മതിലരികില്‍ നിന്നും
ഞാനീ മരുഭൂമിയിലേക്ക് താമസം മാറ്റി

എനിക്കറിയാം, നീ വരും
വേനലും വര്‍ഷവും കഴിഞ്ഞ്
കുന്നും മലയും മഞ്ഞും കടന്ന്
ഈ മരുഭൂമിയില്‍!
അന്ന് എന്നെ തിരയുന്പോള്‍
ഇതാണ് അടയാളം
നീ തന്ന, കരിയാത്ത മുറിപ്പാടുകള്‍!

കണ്ടില്ലെന്ന് നടിച്ച് നീ
മരുപ്പച്ചകള്‍ തേടുന്പോള്‍
സ്വയം പിഴുതെടുത്ത്
നീ കടന്നുപോയ വഴിയിലേക്ക്
വന്ന് അവിടെ ഞാന്‍ വീണടിയും
പിന്നീട് , മണ്ണില്‍ പുതഞ്ഞ്
പാടുണങ്ങാത്ത
ഒരു കള്ളിമുള്‍ച്ചെടിയുടെ
ഫോസിലായി അവശേഷിയ്ക്കും

2009, നവംബർ 4, ബുധനാഴ്‌ച

കഞ്ഞിപ്പാത്രത്തില്‍പ്പോലും.......

പഴകിയ പാത്രത്തില്‍
ആരോ വിളമ്പിയ ഒരു
കുമ്പിള്‍ കഞ്ഞി
ആര്‍ത്തിപൂണ്ട്
ചുണ്ടോടടുപ്പിക്കുമ്പോള്‍
ചുട്ടുപൊള്ളുന്ന ചൂട്

പണ്ടേറ്റൊരു
നിശ്വാസത്തിന്റെ കൊടും ചൂട്
കറുപ്പു കറ വീണ പാത്രത്തില്‍
വറ്റുകള്‍
തീയിലെന്നപോലെ
തിളയ്ക്കുന്നു

വേനല്‍ പാത്രത്തിലേക്കിറങ്ങി
തിളയ്ക്കുന്നപോലെ!
കൊടുങ്കാറ്റില്‍ ഗന്ധങ്ങള്‍
ആവാഹിക്കപ്പെടുന്നതുപോലെ !

വിശക്കുന്നു
പക്ഷേ കഴിയ്ക്കവയ്യ
കാറ്റില്‍ ചുഴിഞ്ഞെത്തുന്ന
മാങ്ങാച്ചുനയുടെ മണം
ഏതോ നിശ്വാസത്തിന്റെ ഈണം

വേദനയുടെ കയങ്ങളിലാണ്ടും
തളര്‍ച്ചയുടെ ചുരങ്ങള്‍ കയറിയും
കഞ്ഞിപ്പാത്രത്തിനരികില്‍
പലവട്ടം ചെന്നിരുന്നു

തണുത്തു വെറുങ്ങലിച്ചിട്ടും
അതു തിളച്ചു പൊങ്ങുന്നു
പഴയ നിശ്വാസത്തിന്റെ ചൂട്
പരത്തിക്കൊണ്ടേയിരിക്കുന്നു

വിശപ്പ് കത്തുകയാണ്
വയറെരിഞ്ഞ് കത്തുന്നു
നെഞ്ച് ഉരുകുകയാണ്
നിശ്വാസത്തില്‍
ഉരുകിത്തിളയ്ക്കുന്നു

ഒരു കുമ്പിള്‍ കഞ്ഞി
അവിടെയും
തിളയ്ക്കുന്നില്ലേ?
തണുത്തു വിറങ്ങലിച്ച
പാത്രത്തിലിരുന്ന്
അതൊരു പഴയ കഥ പറയുന്നില്ലേ?

2009, നവംബർ 1, ഞായറാഴ്‌ച

ഇതാ അവര്‍ ഇവിടെത്തന്നെയുണ്ട് !!

ഉറക്കം തൂങ്ങിനിന്ന പുതിയൊരു ഞായറാഴ്ച......... ചെയ്യാന്‍ കാര്യങ്ങളേറെയുണ്ടായിട്ടും മടിപിടിച്ച് ചുരുണ്ടുകൂടിയിരുന്നു. ബംഗാളി സഹമുറിയത്തി മറ്റുവഴികളൊന്നുമില്ലാതെ ബോയ് ഫ്രണ്ടിനൊപ്പം ലിവ് ഇന്‍ ചെയ്യാന്‍ തീരുമാനിച്ച് ഭാണ്ഡം മുറുക്കുന്നു. അതോര്‍ക്കുമ്പോഴുള്ള അസ്വസ്ഥതകള്‍ ഒരു വശത്ത്. ഞായറാഴ്ചകള്‍ കൊണ്ടുവന്ന് സമ്മാനിക്കാറുള്ള പതിവ് ഹെവിനസ്സ് മറുവശത്ത്.

മൂടിക്കിടക്കുന്ന അന്തരീക്ഷത്തെ ചെറുതായെങ്കിലുമൊന്ന് ചൂടുപിടിക്കാന്‍ ഗിറ്റാറിലും വയലിനിലും ഗുസ്തിപിടിച്ച് അവസാനം തോല്‍വി സമ്മതിച്ച് ഞാന്‍ അടുക്കളയില്‍ കയറി പരീക്ഷണങ്ങള്‍ തുടങ്ങി. ഇതിനിടെ പുതപ്പിനുള്ളില്‍ നിന്നും കണ്ണതുറക്കാതെ തപ്പിത്തടഞ്ഞ് അടുക്കളയില്‍ കയറിവന്ന് മേരി കഴിഞ്ഞ ദിവസം എനിക്ക് മെയിലില്‍ വന്ന ക്ഷണക്കത്തിന്റെ കാര്യം പറഞ്ഞത്.

ഇവിടത്തെ മലയാളി യുവകൂട്ടായ്മ നടത്തുന്ന പ്രബോധിനി ലൈംബ്രറിയുടെ മാഗസിന്‍ പ്രകാശനം. പോകാം പോകാം എന്നവള്‍ നിര്‍ബ്ബന്ധിച്ചുകൊണ്ടേയിരുന്നു. മനസ്സില്‍ ആഗ്രമുണ്ട് ശരീരമനുവദിക്കുന്നില്ലെന്നും പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുമാറിക്കൊണ്ടേയിരുന്നു. ആള്‍ക്കൂട്ടത്തോടുള്ള ചെറിയ പേടി. അതിനുള്ളില്‍ തനിച്ചായിപ്പോകുന്ന അസഹനീയത. ഇതുരണ്ടും എന്നെയിങ്ങിനെ പിന്നോട്ട് വലിച്ചുകൊണ്ടേയിരുന്നു.

ബ്രേക്ക്ഫാസ്റ്റും ലഞ്ചുമെല്ലാം ഒരുമിച്ച് കഴിച്ച്, സീലിങ് നോക്കി ഞാന്‍ പകല്‍ക്കിനാവ് നെയ്യാന്‍ തുടങ്ങിയപ്പോള്‍ അവള്‍ വീണ്ടും വന്നിരുന്ന് അസ്വസ്ഥതയുണ്ടാക്കിക്കൊണ്ടിരുന്നു. ഒരേ വാശി പോകണം, നീ പോകണം ഞാന്‍ കൊണ്ടുപോകും. നിനക്ക് പറ്റുന്ന ഗ്രൂപ്പായിരിക്കും അങ്ങനെ അങ്ങനെ പ്രലോഭനങ്ങള്‍ ഏറെ. കേട്ടമട്ടുകാണിക്കാതെ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.

സമയം മൂന്നരയോടടുത്തപ്പോള്‍ കുളിക്കാന്‍ പറഞ്ഞ് അവളെന്നെ കുളിമുറിയില്‍ കയറ്റി പുറത്തുനിന്നും വാതിലടച്ചു. വേറെ നിവൃത്തിയില്ല കുളിച്ചിറങ്ങി. പിന്നെ അവളുടെ കല്‍പ്പനകളായിരുന്നു. അവസാനം ഒരുങ്ങിയിറങ്ങി. സ്ഥലം കണ്ടെത്തിയാല്‍ കയറിയിരിക്കാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ സ്ഥലം നമ്മള്‍ കണ്ടുപിടിക്കുമെന്നും പറഞ്ഞ് അവള്‍ മുമ്പേ നടന്നു.

വഴിനീളെ ഞാന്‍ ആഗ്രഹിച്ചുകൊണ്ടേയിരുന്നു സ്ഥലം കണ്ടുപിടിക്കാന്‍ കഴിയല്ലേ കഴിയല്ലേ എന്ന്. അവസാനം അവളുടെ കൂര്‍മ്മബുദ്ധി സ്ഥലം കണ്ടുപിടിച്ചുകളഞ്ഞു, ചടങ്ങുനടക്കുന്ന സ്ഥലത്തിന് തൊട്ടുമുന്നില്‍ ഒരു ചെറിയ ആള്‍ക്കൂട്ടം. ഞാനവളുടെ കൈവിട്ട് നമുക്ക് വലിയാം എന്നും പറഞ്ഞ് തരിഞ്ഞോടാന്‍ ശ്രമിച്ചപ്പോള്‍ അവളെന്നേം പിടിച്ചുവലിച്ച് ആള്‍ക്കൂട്ടത്തിനിടയിലേക്ക് കടന്നു.

കയറിച്ചെല്ലുമ്പോള്‍ മുന്‍പരിചയമില്ലാത്ത ഒരാള്‍ സിജിയല്ലേന്ന് ചോദിച്ചതോടെ എന്റെ സര്‍വ്വധൈര്യവും ചോര്‍ന്നു. സ്വന്തം പേരും പടോം വച്ച് ബ്ലോഗെഴുതി വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങിയിറങ്ങിയ എന്റെ വിഡ്ഢിത്തത്തെ സ്വയം ശപിച്ചുകൊണ്ട് ഞാന്‍ അകത്തുകയറിയിരുന്നു.

നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍, ഇന്‍ക്വിലാബ് സിന്ദാബാദ് When injustice becomes law, resistance becomes dtuy - ചെയുടെ വാചകം,
എല്ലാം ആ കുഞ്ഞുഹാളിന്റെ വാതിലില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. ആ കോറിവച്ച കറുത്ത അക്ഷരങ്ങളിലുണ്ടായിരുന്നു. അവിടെച്ചേരുന്ന കൂട്ടായ്മയുടെ സര്‍വ്വ ഊര്‍ജ്ജവും. ഇത് ഞാനെത്തേണ്ടുന്ന അല്ലെങ്കില്‍ ഞാന്‍ തേടിക്കൊണ്ടിരുന്ന ഒരു സ്ഥലമാണെന്ന തിരിച്ചറിവ് മെല്ലെ എന്റെ അന്യഥാബോധത്തെ മാറ്റിക്കൊണ്ടിരുന്നു.

പതിയെ പതിയെ സംഭവം വാംഅപ്പാവുന്നു. എവിടേം ഒരു യൂത്ത്ഫുള്‍നസ്. പുസ്തക പ്രകാശനത്തിനെത്തുന്നത് പ്രശസ്ത നര്‍ത്തകി ശ്രീദേവി ഉണ്ണി( നടിമോനിഷയുടെ അമ്മ) ആണെന്നറിഞ്ഞപ്പോള്‍ അവരെകാണാമല്ലോന്ന ഒരു സന്തോഷം തോന്നുകയും ചെയ്തു. ഇരുപതോളം വരുന്ന ചെറുപ്പക്കാരുടെ, ചെറുപ്പക്കാരികളുടെ(പലരും പുലികളും പുപ്പുലികളുമാണെന്ന് പറയാതെവയ്യ) ഒരു കൂട്ടം.

ഏറെനാളത്തെ അവരുടെ അധ്വാനം വിജയങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു. അതിന്റെയൊരു സന്തോഷം എല്ലാ മുഖങ്ങളിലുമാണ്ടായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയ പ്രബോധിനി എന്ന ലൈബ്രറി ഇപ്പോള്‍ മൂന്നാം വര്‍ഷത്തെ മാഗസിന്‍(വൈഖരി) പ്രകാശനത്തില്‍ എത്തിനില്‍ക്കുന്നു. ആയിരത്തിയഞ്ഞൂറോളം പുസ്തകങ്ങളും അവര്‍ സ്വരൂപിച്ചു.

കൂട്ടായ്മയില്‍ കൂടുതലും ഐടി പ്രൊഫഷണല്‍സ്. സമയത്തിന്റെ കൃത്യതയില്ലാതെ ജോലിചെയ്യേണ്ടിവരുന്നവര്‍. എന്നിട്ടും ശക്തമായ ഒരു കൂട്ടായ്മയ്ക്ക് രൂപം നല്‍കാനും അതിനെ വിപുലീകരിച്ചുകൊണ്ടിരിക്കാനും അവര്‍ക്ക് കഴിയുന്നു. കാര്യം ചെറുതല്ല. ഹാളിനകത്ത് കയറി ഇരുന്നതില്‍പ്പിന്നെ പരിസരനിരീക്ഷണത്തിലൂടെ വന്നതു നന്നായി എന്നൊരു തോന്നല്‍ പതിയെ മനസ്സിലുടലെടുത്തു.

ആല്‍ക്കൂട്ടത്തെ ഫേസ് ചെയ്യാന്‍ അടുത്തകാലത്തെന്നോ വന്നുചേര്‍ന്ന ഈ മടി മാറ്റി ഇനിയെങ്കിലും ധൈര്യമുണ്ടാക്കിയെടുക്കണമെന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിക്കുകയും ചെയ്തു. ചീഫ് ഗസ്റ്റിനായി കാത്തിരിക്കമ്പോള്‍ ഓരോരോ ഉത്തരവാദിത്തങ്ങളുമായി ഓടി നടക്കുന്നവര്‍, ഇടക്ക് പതിയെ മനസ്സ യൂണിവേഴ്‌സിറ്റിക്കാലത്തിലേക്ക് മടങ്ങിക്കൊണ്ടേയിരുന്നു.

അവസാനം ചീഫ് ഗസ്റ്റ് എത്തുന്നു. വളരെ ലളിതമായ ചടങ്ങില്‍ നാട്യങ്ങളേതുമില്ലാതെ ആ നര്‍ത്തകി ഒരുമ്മയുടെ വാത്സല്യത്തോടെ പുസ്തകത്തിന് കെട്ടിവച്ച സ്വര്‍ണ്ണക്കടലാസിനുള്ളില്‍ നിന്നും സ്വാതന്ത്ര്യമേകി. അതു കണ്ടപ്പോള്‍ വിവേചിച്ചറിയാന്‍ കഴിയാത്ത ഒരു സുഖം. യൂണിവേഴ്‌സിറ്റിക്കാലത്തിന് ശേഷം എന്റെ അക്ഷരങ്ങള്‍ വീണ്ടും അച്ചടിമഷി പുരണ്ടിരിക്കുന്നു.

പ്രോബോധിനിയുടെ അണിയറക്കാര്‍ എന്നോടും ഒരു സൃഷ്ടി ആവശ്യപ്പെട്ടിരുന്നു. കൊള്ളാവുന്നതെന്ന് പോലുംഅവകാശപ്പെടാന്‍ കഴിയില്ലെങ്കിലും ഞാനൊന്ന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.

ബാംഗ്ലൂരിലെ യുവാക്കള്‍ക്കും യുവതികള്‍ക്കുമടിയിലുള്ള മൂല്യച്യുതിയെക്കുറിച്ച് മാത്രം കേട്ടവര്‍ക്ക് ഇതൊരു പുതിയ അനുഭവമായിരിക്കുമെന്നതില്‍ സംശയമേയില്ല. എന്റെ അയല്‍പക്കത്ത് ഇങ്ങനെയൊരു കൂട്ടമാളുകളുണ്ടെന്ന് നാലുവര്‍ഷമായിട്ടും എനിക്കും കണ്ടെത്താന്‍ കഴിഞ്ഞില്ല.

പുസ്തകങ്ങള്‍ കണ്ടാല്‍ ചതുര്‍ത്ഥികാണുന്നപോലെ മുഖം ചുളിക്കുന്ന മേരിപോലും അവിടത്തെ യുവത്വത്തിന്റെ ഊര്‍ജ്ജത്തില്‍ ഇംപ്രസ്ഡായി. സ്‌നേഹോഷ്മളമായ ഒരു അന്തരീക്ഷം. ജാഡകളില്ലാത്ത കുറേ മനുഷ്യര്‍. അക്ഷരങ്ങളെ സ്‌നേഹിക്കുന്ന അതിലുപരി ബന്ധങ്ങളുടെ ഊഷ്മളത നഷ്ടപ്പെടാതെ സൂക്ഷിക്കുന്ന ഒരുകൂട്ടം ആളുകള്‍.

ഇറക്കമിളച്ചും പരസ്യപ്പണത്തിനായി കയറിയിറങ്ങിയും അനുഭവിച്ച പ്രതിബന്ധങ്ങളെക്കുറിച്ച് അവര്‍ പറഞ്ഞുകേട്ടപ്പോള്‍ നേരിട്ട് സാധിച്ചില്ലെങ്കിലും മനസ്സുകൊണ്ട് നൂറ് ചുവപ്പന്‍ അഭിവാദ്യം അര്‍പ്പിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. മുന്‍നിര ഐടി കമ്പനികളില്‍ രാപ്പകലില്ലാതെ അധ്വാനിക്കുന്നവരാണ്, നന്നേ ജോലിഭാരം തലയിലേറ്റുന്നവരാണ് ഇതിന് പിന്നിലെന്നറിയുമ്പോള്‍ അവരുടെ സ്വപ്‌നങ്ങളെ പ്രതീക്ഷകളെ എങ്ങനെ കുറച്ചുകാണാന്‍ കഴിയും.

മൂന്നാമത്തെ മാഗസിനായ വൈഖരിയിലേയ്ക്കുള്ള അവരുടെ യാത്രയെക്കുറിച്ച് വിവരിച്ച് കേട്ടപ്പോള്‍ മുമ്പ് എന്റെ ഒരു സുഹൃത്തും കൂട്ടരുംകൂടി രൂപം കൊടുത്ത ഒരു ഫിലിം സൊസൈറ്റിയെയാണ് ഓര്‍മ്മവന്നത്. പ്രവര്‍ത്തനത്തിനിടയില്‍ പ്രണയവും ലൈംഗിതയും, ഈഗോയും, സാമ്പത്തിക പ്രശ്‌നവും ഉടലെടുത്തപ്പോള്‍ ക്രിയേറ്റിവിറ്റി നഷ്ടപ്പെട്ടുപോയ ഒരു കൂട്ടം ആള്‍ക്കാര്‍.

ഇതൊരു മാതൃകയാണ് ആര്‍ക്കും! പ്രവാസത്തിന്റെ നഷ്ടങ്ങളില്‍നിന്നും സ്വത്വം കണ്ടെടുക്കാനായി കണ്ണാടിപോലെ അവര്‍ അക്ഷരങ്ങളെയും സ്വപ്‌നങ്ങളെയും കൂടെനടത്തുന്നു. ചടങ്ങുകള്‍ അവസാനിച്ച് തിരിച്ച് പോകമ്പോള്‍ മനസ്സിങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു.......... ഇത് നിന്റെയും കൂടി ഇടമാണ്...........

പ്രബോധിനിയെ എനിക്ക് പരിചയപ്പെടുത്തിയ രജീന്ദ് മുമ്പേ പരിചയമുള്ള ഒരാളെപ്പെലെ സംസാരിച്ച് എന്റെ അപരിചിതത്വത്തെ അലിയിച്ചു കളഞ്ഞ ജ്യോതി തുടങ്ങി എല്ലാവര്‍ക്കും ഞാന്‍ നന്ദിപറയുന്നു. ഞാനും ഇറങ്ങുകയാണ് ഈ കൂട്ടത്തിലേക്ക്. അതിന്റെ യൗവ്വനത്തിലേക്ക്.

ഫോറത്തിലും, സ്പാറിലും, ജെ നഗറിലും മാറിമാറി കറങ്ങി നടന്നാലും കിട്ടാറില്ലാത്ത ഒരു സന്തോഷവും ചര്‍ച്ചചെയ്യാന്‍ ഒരുപാട് കാര്യങ്ങളും സ്വന്തമാക്കി നേര്‍ത്തതണുപ്പുമായി കനിഞ്ഞിറങ്ങുന്ന സന്ധ്യയിലേക്ക് ഞാനും അവളും ഇറങ്ങി നടന്നു.

2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

ഏകാന്തത


അന്നേ പറഞ്ഞതാണ്
നുരഞ്ഞുപൊങ്ങുന്ന
വീഞ്ഞുപാത്രത്തിലേക്ക്
നീയെന്നെയിങ്ങനെ
പകര്‍ത്തരുതെന്ന്

ലഹരിയാകുന്പോള്‍
അര്‍ത്ഥമില്ലാതായിപ്പോകുന്ന
എന്നെക്കുറിച്ച്
ഒരു വേളയെങ്കിലും
നിനക്കോര്‍ക്കാമായിരുന്നില്ലേ

എന്നെ കുടിച്ചിറക്കുന്പോഴേറ്റ
പൊള്ളലിന്റെ ഉന്മത്തതയെക്കുറിച്ച്
നീ വാചാലനാവുന്നതെങ്ങനെ
നോക്കൂ ഇവിടെ നിന്റെ തൊട്ടടുത്ത്
ഞാന്‍ തീര്‍ത്തും തനിച്ചാണ്

ഏകാന്തതയെന്ന വാക്ക്
ഉച്ഛരിച്ച് തുടങ്ങുന്പോഴേ
തനിച്ചായിരുന്നു
സ്പന്ദനങ്ങള്‍ പോലും
നിശ്ചലമായിപ്പോയ
ഏകാന്തത

കയങ്ങളില്‍
കുഴിച്ചിറങ്ങുന്പോള്‍
അന്തര്‍ പ്രവാഹങ്ങളില്‍
ഏകാന്തത കുടിച്ച്
അനാദികാലത്തേക്ക്
മയങ്ങിപ്പോയവരുടെ
ശരീരങ്ങളില്‍ തട്ടിവീണു

അവിടെയാണ് വീഴാന്‍ പഠിച്ചത്
പിന്നെ നടക്കാന്‍ പഠിച്ചത്
ഇവിടെത്തന്നെയാണ്
അതേ, ഇവിടെത്തന്നെയാണ്
നമ്മളാദ്യം കണ്ടത്!

ഓര്‍ക്കുക, ഇനിയും
ഈ കയങ്ങളിലേക്ക്
ഇറങ്ങി വരരുത്
ഇവിടുത്തെ
ഏകാന്തതയില്‍
നിശ്വാസങ്ങള്‍ കൊണ്ട്
പ്രകന്പനം തീര്‍ക്കരുത്

2009, ഒക്‌ടോബർ 18, ഞായറാഴ്‌ച

ഒറ്റക്കാലന്‍ സ്വപ്നങ്ങള്‍!

ഇരുട്ടിറങ്ങുന്പോള്‍
കൂടെയിറങ്ങുന്ന ചില
ഒറ്റക്കാലന്‍ സ്വപ്നങ്ങള്‍
മരണമില്ലാത്ത ആത്മാക്കള്‍

ഇറയത്തും തിണ്ണയിലും
പ്രാഞ്ചി നടന്ന്, ചടച്ചിരുന്ന്
വീര്‍ത്തകാലിലെ നീരുകുത്തി
ദുഷ്ട സ്വപനങ്ങളുടെ വിത്തുപാകന്‍
പഴുതുതേടുന്നവര്‍

പാതിരാവില്‍ ഇറയം വിട്ട്
താക്കോല്‍ പഴുതിലൂടെ
അകത്ത് കയറി
ഒറ്റക്കാലുകളില്‍
എത്തിവലിഞ്ഞ്
ഉറക്കത്തിന്റെ
കണ്‍പോളകള്‍ വലിച്ചതുറന്ന്
അകക്കണ്ണിലേയ്ക്ക്
ചലംനിറഞ്ഞ സ്വപ്നങ്ങളുടെ
വിത്തെറിയുന്നു

പകലെന്നും രാത്രിയെന്നുമില്ല
നീരുകുത്തി വീര്‍ത്ത
സ്വപ്നങ്ങള്‍
ഓര്‍മ്മയുടെ ശ്മശാനങ്ങളില്‍
പെറ്റുപെരുകുന്നു
സ്വപ്നങ്ങളുടെ വളര്‍ച്ചയളന്ന്
ഒറ്റക്കാലന്മാര്‍ ഇറയത്തിരിപ്പുണ്ട്

നീരും ചലവും വമിപ്പിക്കുന്ന
വെറുത്ത മണത്തില്‍
ജീവതമത്രയും
മുങ്ങിനിവര്‍ന്നിങ്ങിനെ
എത്രനാള്‍
ഇവയ്ക്കിടയില്‍ ഒറ്റക്കാലുകള്‍
വെട്ടിയറക്കുന്ന
ഒരേയൊരു സുന്ദരസ്വപ്നം മാത്രം

2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

ജീവചരിത്രം

അച്ഛന്‍റെ പ്രണയം കണ്ടുപിടിച്ച്
അമ്മയോട് സ്വകാര്യം പറഞ്ഞ ദിവസം ,
ഉറുന്പിന്‍ കൂട്ടില്‍ കെട്ടിയിട്ട്
അവന്റെ നിഷ്കളങ്കതയ്ക്കുമേല്‍
അച്ഛന്‍ മായാത്ത മുദ്രകള്‍ പതിപ്പിച്ചു

മകന്‍ പറഞ്ഞ അച്ഛന്റെ
പ്രണയകഥ ചിരിച്ചുതള്ളിയ
അമ്മയുടെ നെഞ്ചടര്‍ത്തിക്കൊണ്ട് ആ വാര്‍ത്ത,
അമ്മയെയും മക്കളെയും
ആത്മഹത്യാമുനന്പിലേയ്ക്ക് വലിച്ചെറിഞ്ഞ്
അച്ഛന്‍ അയല്‍ക്കാരിക്കൊപ്പം ഒളിച്ചോടി!

മരിച്ചുകൊണ്ട് ജീവിച്ച
അമ്മയുടെ വരണ്ട കണ്ണുകള്‍
കണ്ടുശീലിച്ച്
സ്വന്തം കണ്ണീര്‍ വറ്റിച്ച്
അവന്‍ നെഞ്ചകമൊരു
ഉപ്പുപാറയാക്കി

മാറൊട്ടിക്കിടന്ന കാമുകിയോട്
അമ്മയുടെ കണ്ണുനീരിന്‍റെയും
അച്ഛന്‍റെ കണ്ണുനീരില്ലായ്മയുടെയും
കഥകള്‍ പറഞ്ഞ്
മൂവന്തികളില്‍ അവന്‍
ദീര്‍ഘനിശ്വാസങ്ങള്‍ പൊഴിച്ചു

പിന്നീടൊരിക്കല്‍
ഉറക്കത്തില്‍
അവളുടെ ശരീരത്തില്‍
സ്വന്തം രക്തത്തിന്റെ തനിനിറം എഴുതിവച്ച്
അവളറിയാതെ അടര്‍ന്ന്
ഇരുളില്‍ അവന്‍ ആര്‍ക്കൊപ്പമോ ഒളിച്ചോടി

ശീതരക്തത്തില്‍ ജനിച്ച ആ അക്ഷരങ്ങള്‍
ദീര്‍ഘവും ഹ്രസ്വവുമായി നിശ്വസിച്ച്
നിറമില്ലാത്ത അടയാളമായി
പല്ലിളിക്കുന്ന ഒരു വഞ്ചനയായി
പാരന്പര്യത്തെ വിളിച്ചോതി
ഒരു ജീവചരിത്രത്തിന്റെ
പുറം ചട്ടയില്‍ ഇടം നേടി
സായൂജ്യമടഞ്ഞു

2009, സെപ്റ്റംബർ 20, ഞായറാഴ്‌ച

മൗനം?



ചിന്തകളുടെ ഒരു കുത്തിയൊഴുക്കാണ്‌
ചിലപ്പോഴെങ്കിലും
ഒരു ഹര്‍ഷാരവം മറ്റു ചിലപ്പോള്‍
മദിച്ചുപെയ്യുന്ന ഒരു പേമഴയും
ഒരു വേള
ഒരു തുള്ളി കണ്ണുനീരായി
മറ്റൊരു കണ്ണിലിറ്റുവീണലിഞ്ഞ്‌
ഉള്ളു പൊള്ളിച്ച്‌ നീറിപ്പുകച്ച്‌
ചെറിയൊരു കനല്‍ച്ചിന്തുമാവാം


ഇനിയും ചിലപ്പോള്‍
ഇരമ്പുന്ന കടല്‍പോലെ
നിറഭേദങ്ങള്‍ കാണിച്ച്‌
കാഴ്‌ചക്കാരെ വിസ്‌മയിപ്പിച്ച്‌
കേള്‍വിക്കാരെ
ആകാംഷയുടെ മുള്‍മുനയേറ്റി
ചിന്തകളില്‍ വഴിതെറ്റിച്ച്‌
വ്യാഖ്യാനങ്ങള്‍ക്കും
വളച്ചൊടിക്കലുകള്‍ക്കും
പഴുതുകളൊളിപ്പിച്ച്‌
സത്യമെന്ന്‌ തോന്നിപ്പിക്കുന്ന
വലിയൊരു കള്ളത്തരവുമാകാം

വീണ്ടും നീളുമ്പോള്‍
അര്‍ത്ഥഗര്‍ഭമെന്ന്‌ തോന്നിച്ച്‌
അര്‍ത്ഥശൂന്യതയായി അവശേഷിച്ച്‌
നിഷേധവും പ്രതിഷേധവും കനപ്പിച്ച്‌
ആത്മനിന്ദയ്‌ക്ക്‌
പകര്‍ന്നാട്ട വേദിയൊരുക്കുകയുമാകാം

2009, സെപ്റ്റംബർ 15, ചൊവ്വാഴ്ച

തേങ്ങയില്‍ കൂടോത്രം!!!

ഇതാ കിട്ടിപ്പോയ് എന്ന് മനപ്പായസം കുടിച്ച് തിരകളിലൊഴുകിവരുന്ന തേങ്ങയെക്കാത്ത് എന്റെയൊരു കൂട്ടുകാരന്‍ .........
അടുത്തുവന്നപ്പോള്‍ അവന്‍ അകന്നുമാറി, തേങ്ങയില്‍ കൂടോത്രം!, കണ്ടില്ലേ തറച്ചുവച്ച ഒന്‍പത് ആണികള്‍. ആരോ ആര്‍ക്കിട്ടോ പണിത ഒരു കൂടോത്രം.....!

2009, സെപ്റ്റംബർ 6, ഞായറാഴ്‌ച

നീ ഇറങ്ങുക

കൂട്ടിമുട്ടാത്ത സമാന്തരങ്ങളായി
നമ്മള്‍ സ്വയം രേഖപ്പെടുത്തുന്നു
കാണാന്‍ കണ്ണില്ലെന്ന് സ്വയം
പറഞ്ഞു പഠിപ്പിച്ചിങ്ങനെ എത്രനാള്‍?

എന്തിന് നാമിങ്ങനെ
പരസ്പരം കളവിന്റെ പര്യായങ്ങളാവണം?
ഈ കാപട്യം പങ്കുവെയ്ക്കണം?

വേനലും വര്‍ഷവും കഴിഞ്ഞിട്ടും മനംമടുത്തിട്ടും
എന്റെ മടുക്കുന്ന ഗന്ധം സഹിച്ച്
പാതിരാച്ചിത്രങ്ങളിലെ നായികമാരെയോര്‍ത്ത്
പുറം തിരിഞ്ഞുകിടന്ന് ഉള്ളുകൊണ്ട് മദിച്ച്
നീയിങ്ങനെ എത്രനാള്‍?

ചിലനനേരത്ത് നിന്റെ നോട്ടങ്ങളില്‍
കൂരന്പുകള്‍ ഒളിച്ചിരിപ്പുണ്ട്
ശാപങ്ങള്‍ പെയ്യാനൊരുങ്ങുന്നുണ്ട്
മുഷ്ടി ചുരുട്ടുന്നൊരു നിരാശയുണ്ട്

ഞാന്‍ തളര്‍ച്ചയാണ്
ഉയര്‍ത്തെഴുന്നേല്‍പ്പില്ലാത്ത തളര്‍ച്ച
ഞാന്‍ മരവിപ്പാണ്
കുത്തിമുറിച്ചാല്‍പ്പോലും
അറിയാത്ത മരവിപ്പ്

പിന്നെ ഞാനെങ്ങനെ
കന്പളത്തിനടിയില്‍ നിനക്കിടം തരും?
മോഹം കൊണ്ട് നീ
അടുത്ത് വരുന്പോള്‍
ഞാന്‍ വിറച്ചുപോകുന്നു
നിന്റെ നിശ്വാസത്തിന്‍റെ ചൂടില്‍
എനിക്ക് പൊള്ളലേല്‍ക്കുന്നു

ഞാനൊരു തരിശാണ്
ഇനിയൊരിക്കലുമൊരു
മഴക്കാടാവാന്‍
എനിക്ക് കഴിയില്ല

പായയുടെ രണ്ടറ്റത്തും
ഒരിക്കലും സ്പര്‍ശിക്കാന്‍ കഴിയാത്ത
തീരങ്ങളായി നമുക്ക് പരസ്പരം രേഖപ്പെടുത്താം
വയ്യെങ്കില്‍ നീ ഇറങ്ങുക
ഞാനിവിടെക്കിടന്ന്
പുഴുവരിയ്ക്കട്ടെ

2009, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

ക്വട്ടേഷന്‍ എടുക്കപ്പെടും

വളരെ മുമ്പ്‌ അതായത്‌ അപ്പന്റിസൈറ്റിസ്‌ വരുന്നതിനൊക്കെ എത്രയോ മുമ്പ്‌ നടന്നൊരു സംഭവമാണേ. കഴിഞ്ഞ ദിവസം വീട്ടിലേയ്‌ക്ക്‌ നടന്നുപോകുമ്പോള്‍ ഞാനാ പഴയ മുഖം കണ്ടു. ഇപ്പോഴാണ്‌ അന്നത്തെ സംഭവം ഒരു ഫ്‌ളാഷ്‌ ബാക്കുപോലിങ്ങനെ മനസ്സിലൂടെ മിന്നിമറിഞ്ഞു പോയത്‌.

ഡിപ്രഷന്‍ കാലത്ത്‌ ആന്റി ഡിപ്രസന്റ്‌സ്‌ കഴിച്ച്‌ ഞാന്‍ വല്ലാതെ തടിവച്ചപ്പോ എന്റെ ഡോക്ടര്‍ എന്നോടു പറഞ്ഞു ഒരു ഫിറ്റ്‌നസ്‌ സെന്ററില്‍ പോയി തടിയൊക്കെ ഒന്നു മെലിയിച്ചെടുക്കാന്‍. പറഞ്ഞപടി ഞാന്‍ ഒരു ഹെല്‍ത്ത്‌ ക്ലബ്ബില്‍ ചേര്‍ന്ന്‌ ഡിഷ്യം ഡിഷ്യും തുടങ്ങി.

ഒരാഴ്‌ച പനി പിടിച്ച്‌ കിടപ്പിലായിപ്പോയെങ്കിലും പലതരം വ്യായാമങ്ങള്‍ ഞാന്‍ അനായാസേന പഠിച്ചെടുത്തു. ഫിറ്റ്‌നസ്സിന്‌ വേണ്ടിമാത്രമല്ല അത്മരക്ഷയ്‌ക്കു വേണ്ടിയുള്ള ചില നമ്പറുകളും എന്റെ ഇന്‍സ്‌ട്രക്ടര്‍ എനിക്ക്‌ പറഞ്ഞു തന്നുകൊണ്ടിരുന്നു. അങ്ങനെ ഒരു വൈകുന്നേരം ഞാനും കൂട്ടുകാരും കൂടി ഞങ്ങളുടെ പച്ചക്കറിപ്പറുദീസയായ സ്‌പാറിലേയ്‌ക്ക്‌ ഷോപ്പിങിന്‌ പോയി.

മൂന്നു പേരും കണ്ണില്‍ കണ്ടതൊക്കെ ട്രോളിയില്‍ വാരിയിട്ട്‌ ബില്ലാക്കി. ചേന, തേങ്ങ, ഉരുളക്കിഴങ്ങ്‌, ബിറ്റ്‌റൂട്ട്‌, മത്തി, കോഴി, കോഴിമുട്ട, കപ്പ എന്നുവേണ്ട കേരളീയ മണമുള്ളതും അല്‍പം മോഡേണായതുമായ സകല പച്ചക്കറികളും ബില്ലിങ്‌ ചേട്ടന്മാര്‍ മൂന്നു കവറുകളിലാക്കിത്തന്നു.

ചുമടേന്തി ഞങ്ങള്‍ മൂന്നുപേരുമിങ്ങനെ കുറേദൂരം നടന്നു. റോഡിന്റെ അരികുചേര്‍ന്നാണെങ്കിലും റോഡ്‌ തറവാട്ടുവകയാക്കി ഞങ്ങള്‍ മൂന്നുപേരും നിരന്നങ്ങനെ നടക്കുകയാണ്‌. നേരം അല്‍പം ഇരുട്ടിത്തുടങ്ങിയിരുന്നു. എന്നാലും ആളുകളെ നന്നായി തിരിച്ചറിയാം. കുറേ ദൂരെ നിന്നേ റോഡ്‌ തറവാട്ടുവകയാണെന്ന ഞങ്ങളുടെ അതേ ഭാവത്തില്‍ ഒരു സംഘം ആളുകള്‍ നടന്നടുക്കുന്നു.

അവര്‍ ഞങ്ങള്‍ മൂന്നെണ്ണത്തിന്റെയും ഇടയിലൂടെ തട്ടിയും മുട്ടിയും കടന്നുപോയി. കടന്നുപോകുന്നതിനിടയ്‌ക്ക്‌ എന്റെ ഇടതുവശത്തു നടന്നവന്‍ എന്റെ ഷോള്‍ഡറില്‍ ആഞ്ഞൊന്നു മുട്ടിയിട്ട്‌ നടന്നുപോയി. വേദനകൊണ്ട്‌ കണ്ണുകാണാതെ ഞാനെന്റെ കയ്യിലിരുന്ന കവര്‍ നിലത്തുവച്ചു.

കൂട്ടുകാരില്‍ കത്തിവച്ചുകൊണ്ട്‌ സംഭവമൊന്നുമറിയാതെ കുറേ മന്നോട്ടു നടന്നിരുന്നു. വായില്‍ വന്ന സകല വാക്കുകളും മനസ്സില്‍ പറഞ്ഞുകൊണ്ട്‌ തിരിഞ്ഞുനോക്കിയപ്പോള്‍ ആ വഷളന്‍ തിരിഞ്ഞുനോക്കി ചിരിക്കുന്നു. എന്റെ തള്ളവിരലില്‍ നിന്നും ഒരു പെരുക്കം മേലോട്ട്‌ പാഞ്ഞുകേറി.

കൂട്ടത്തിലുള്ളതില്‍ വേണ്ടത്ര ആരോഗ്യമുള്ളതിനാല്‍ തേങ്ങ, ചേന, തുടങ്ങി ഭാരമുള്ളവയെല്ലാമുള്ള കവര്‍ എന്റെ കയ്യിലാണ്‌. പിന്നെ ഞാനൊന്നുമോര്‍ത്തില്ല കവറൊന്നു ആഞ്ഞ്‌ ചുറ്റി കയ്യില്‍പ്പിടിച്ച്‌ ഓടിച്ചെന്ന്‌ ചേട്ടന്റെ നടുപ്പുറത്തിട്ടൊന്നു കൊടുത്തു.
കുഞ്ഞുന്നാളില്‍ കളരിച്ചുവടുകള്‍ പഠിപ്പിച്ച അച്ഛനെയും വലിയച്ഛനെയും മനസ്സില്‍ ധ്യാനിച്ച്‌.

ചാടി വലതുമറിഞ്ഞ്‌ േേേേേേേേഠേ

ചേട്ടന്‍ വേദനകൊണ്ട്‌ പുളഞ്ഞ്‌ നരിയ്‌ക്ക്‌ മുറിഞ്ഞാലെന്നപോലെ തിരിഞ്ഞുനിന്നതും അതേ ശക്തിയില്‍ ഞാന്‍ വീണ്ടും കവര്‍ ചുറ്റിപ്പിടിച്ച്‌ അടിക്കാന്‍ നോക്കിയപ്പോഴാണ്‌ കൂട്ടുകാരികള്‍ സംഭവമെന്തെന്ന്‌ അറിയാതെ തിരിച്ചുവരുന്നത്‌. അപ്പോഴേയ്‌ക്കും അടുത്തുണ്ടായിരുന്ന കടകളില്‍ നിന്നും അളുകള്‍ ഇറങ്ങിവന്നു.

സംഗതി പ്രശ്‌നമാവുമെന്ന്‌ മനസ്സിലാക്കിയ ചേട്ടന്മാര്‍ ഒരു ബലപരീക്ഷണത്തിന്‌ നില്‍ക്കാതെ വേഗം എന്നുവച്ചാല്‍ സൂപ്പര്‍ഫാസ്റ്റ്‌ കണക്കെ തിരിച്ചു നടന്നു. കടകളില്‍നിന്നിറങ്ങിവന്നവരെല്ലാം എന്നെ അഭിനന്ദിച്ചു. മിക്കവാറും മലയാളികളുടെ കടകളാണ്‌. ഇങ്ങനെ വേണം മോളെ, ഇങ്ങനെ കിട്ടാത്തതിന്റെ കുറവാ അവന്മാര്‍ക്ക്‌ എന്നുവേണ്ട പുകഴ്‌ത്തലും അഭിനന്ദനങ്ങളും എനിക്കാകെ കുളിരുകോരി. ആകെയൊരു താരപരിവേഷം.


ഇവളുടെ കൂട്ടുകാരികളാണെന്നും പറഞ്ഞ്‌ കൂടെയുള്ള രണ്ടെണ്ണവും അതിന്റെ പങ്കും പറ്റി. ഒരു കടക്കാന്‍ എനിക്കൊരു അഞ്ചുരൂപയുടെ മഞ്ച്‌ സമ്മാനമായി തന്നു. പിന്നെ ഒന്നും അഭിമാനം തലയ്‌ക്കുപിടിച്ച്‌ നിലം തൊടാതെ മെല്ലെ പറന്നുപറന്നങ്ങനെയാണ്‌ ഞാന്‍ വീട്ടിലെത്തിയത്‌. പിന്നെ കൂട്ടുകാരികള്‍ വിവരം പറഞ്ഞപ്പോള്‍ അങ്കിളിന്റേം ആന്റീടേം വക പ്രശംസ, ശ്ശൊ ഇപ്പോ ഓര്‍ക്കുമ്പോ ഒരുതവണകൂടി ആ ദിവസമൊന്നു തിരിച്ചുവന്നെങ്കിലെന്ന്‌ ഞാന്‍ അറിയാതെയങ്ങ്‌ ആശിച്ചുപോകുന്നു.

പിന്നെ ഒരു നൂറു രൂപയ്‌ക്ക്‌ ഫോണും റി ചാര്‍ജ്‌ ചെയ്‌തുവന്ന്‌ അച്ഛന്‍ മുതല്‍ അമ്മാവന്‍ വരെയുള്ളവരെയൊക്കെ വിളിച്ച്‌ ഞാന്‍ എന്റെ സാഹസിക കൃത്യം വിളമ്പി. അച്ഛന്‍ ഒക്കെ മൂളിക്കേട്ടെങ്കിലും. പറഞ്ഞകാര്യം എന്നെ ഇത്തിരി നിരാശപ്പെടുത്തി. കാരണം അന്യനാടാണ്‌ സൂക്ഷിക്കണം. എടുപിടീന്ന്‌ പ്രതികരിക്കരുത്‌ കയറി തല്ലരുത്‌ എന്നൊക്കെ. ആദ്യം അത്ര സുഖിച്ചില്ലെങ്കിലും പിന്നീട്‌ ആലോചിച്ചപ്പോ കാര്യം എനിക്ക്‌ ബോധിച്ചു. പിന്നെ ഒരു സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയ്‌ക്ക്‌ രണ്ടാഴ്‌ച ഞാന്‍ സ്‌പാറിന്റെ വഴിയിലേയ്‌ക്കേ പോയില്ല.

മുമ്പ്‌ കോഴിക്കോട്‌ ബസ്‌ സ്‌റ്റാന്റില്‍ വച്ച്‌ ഞരമ്പ്‌ രോഗിയെ കൈവച്ചതിന്റെ പേരില്‍ ഞാന്‍ മാത്രമല്ല അച്ഛനേം ഞാന്‍ കമ്മീഷണര്‍ ഓഫീസ്‌ കയറ്റിച്ചിട്ടുണ്ട്‌. അന്നൊക്കെ അച്ഛന്റെയും വീട്ടിലെ മറ്റു പുരുഷാരങ്ങളുടെയും ഉറച്ച പിന്തുണയുണ്ടായിരുന്നു. എന്നാലും പോക്രിത്തരം കാണിക്കുന്നവരെ ആണായാലും പെണ്ണായാവും വെറുതെ അങ്ങ്‌ വിടുന്നതെങ്ങനെ

ഇതിനിടെ സംഭവം അറിഞ്ഞ മറ്റ്‌ കൂട്ടുകാരെല്ലാവരും ചേര്‍ന്ന്‌ ക്വട്ടേഷന്‍കാരിയെന്ന ഓമനപ്പേരും ചാര്‍ത്തിത്തന്നു. ഫോണ്‍ ചെയ്‌താല്‍പ്പോലും ഒരു ക്വട്ടേഷന്‍ എടുക്കുമോയെന്ന ചോദ്യം. എടുക്കാം പക്ഷേ അമ്പത്‌ രൂപയില്‍ കൂടുതലുള്ള ക്വട്ടേഷന്‍ തരരുത്‌ പ്ലീസ്‌.

2009, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ചതുരംഗം



ഉള്ളിലിരുന്നൊരു ചോദ്യം
മൂളിക്കൊണ്ടിരിക്കുന്നു
നീ ആരാണ്?
ഞാന്‍ ആരാണ്?

നീ ഞാന്‍ തന്നെയെന്നും
ഞാന്‍ നീതന്നെയെന്നും പറയുന്പോള്‍
എന്താണ് അങ്ങനെയല്ലാതാവുന്നത്?
ഞാന്‍ നീയല്ലാതാവുന്ന കാലത്ത്
സൂര്യന്‍ രാത്രിയില്‍ ഉദിച്ചുതുടങ്ങും!
നീ ഞാനല്ലാതാവുന്ന കാലത്ത്
ചന്ദ്രന്‍ കത്തിജ്വലിക്കുമെന്നുമുറപ്പ് !

ചിലവെറുക്കപ്പെട്ട വാക്കുകള്‍
അറപ്പുളവാക്കുന്ന ചില ശബ്ദങ്ങള്‍
നീയും! ഞാനും!
വെറുക്കപ്പെട്ട വാക്കുകള്‍ കൊണ്ട്
ചതുരംഗക്കളങ്ങളില്‍ ചെക്ക് പറഞ്ഞ്
കാലാള്‍പ്പടയെ മുഴുവന്‍ കുരുതികൊടുത്ത്
തേരേറ്റിയ ആനകളെ കുത്തിമലര്‍ത്തി
നീ വിജയിച്ചു മുന്നേറിയപ്പോള്‍

ചില ചീഞ്ഞ വാക്കുകള്‍ ചേര്‍ത്തുവച്ച്
ഞാന്‍ പ്രതിഷേധമറിയിച്ചു
എന്‍റെ സാമ്രാജ്യത്തില്‍ മുഴുവന്‍
അഗ്നിവിത്തുകള്‍ വാരിയെറിഞ്ഞു
വെള്ളമൊഴിച്ച് നീയത് മുളപ്പിച്ചെടുത്തു

മരുഭൂമിയാക്കപ്പെട്ട
സാമ്രാജ്യത്തില്‍ മോഹിക്കാന്‍
നീ വച്ചുപോയ മരുപ്പച്ചകള്‍!
അതു കണ്ടു ഞാന്‍ വിസ്മയിക്കുകയാണ്
ദൂരെ ചക്രവാളത്തില്‍
നെറ്റിയില്‍ എന്‍റെ വാള്‍മുനയേറ്റ
മുറിവില്‍
നിന്നും
നീ വടിച്ചുകളഞ്ഞ രക്തത്തുള്ളികള്‍ ‍
ശോണിമ തീര്‍ക്കുന്നു!

ഇവിടെ ചതുരംഗക്കളങ്ങള്‍ എപ്പോഴും തയ്യാറാണ്
സ്വന്തമാക്കാനുള്ള സാമ്രാജ്യങ്ങളും
ഒരു തവണയെങ്കിലും
സിംഹാസനത്തില്‍ നിന്നും താഴെവരിക
കാലാളും കുതിരയുംമില്ലാതെ
യുദ്ധത്തിനൊരുങ്ങുക

ഒരിക്കലെങ്കിലും ഞാനൊന്നു
ചെക് പറയട്ടെ!
അന്നെങ്കിലും പുറത്തുവരാതിരിക്കില്ല
നീയാരെന്നും ഞാനാരെന്നുമുള്ള സത്യങ്ങള്‍!

2009, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

വഴിയരികിലെ നിഷ്കളങ്കത



ഊട്ടിയാത്രക്കിടയില്‍ വണ്ടിയില്‍ നിന്നും ഒരു സ്നാപ്പ്

2009, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

പേരിടാന്‍ വയ്യ....

പുറത്തുമഴയെങ്കിലും
അകത്തിവിടെ വേനല്‍ തിളയ്‌ക്കുന്നു
ഒരു സ്വപ്‌നത്തെ ഉള്ളിലിട്ട്‌
കീറിമുറിച്ച്‌
അവര്‍ എത്രയെളുപ്പം
പുറത്തേയ്‌ക്ക്‌ വലിച്ചെറിഞ്ഞു
അരുതെന്ന്‌ ഒരിക്കലെങ്കിലും
നീ പറഞ്ഞിരുന്നോ

ആരുമറിയാതെ ഞാന്‍ നോറ്റിരുന്ന്‌
പാകി മുളപ്പിച്ചൊരു വിത്ത്‌
മുളയില്‍ത്തന്നെ കരിയാനുള്ള വിധിവാങ്ങി
എന്നെ നോക്കി ശാപം ചൊരിയുന്നു
ശപിക്കപ്പെട്ടവളെന്ന്‌ ആരോ
ചുവരുകളിലെഴുതിവച്ചിരിക്കുന്നു

ജന്മാന്തരങ്ങളിലെവിടെയോ പെയ്‌ത
ഒരു മഴയുടെ ദ്രുതതാളം
ആര്‍ത്തിരമ്പി കണ്ണുനീരിനെയലിയിച്ച്‌
കൂടെപെയ്‌ത്‌ തോരുന്നു
മഴയിലും ചുവരെഴുത്തുകള്‍
അലിയാന്‍ മടിയ്‌ക്കുന്നു

മൗനം തേങ്ങിനില്‍ക്കുന്ന ഇടനാഴികള്‍
തിരികെ വിളിക്കുകയാണ്‌
വിരലുകളില്‍ കൊരുത്തൊരു കൈ
മുന്നോട്ടുവലിക്കുന്നു
വയ്യ, തിരിച്ചുപോകണം

ഒരു വേള, ഒരു വേളയെങ്കിലും
ഒന്നു നെഞ്ചോടു ചേര്‍ക്കണം
ശൂന്യമാം ആ ഇരുട്ടിനെ
തേങ്ങിയിടറുന്ന ആ ഹൃദയത്തെ

ജന്മാന്തരങ്ങളിലേയ്‌ക്കുള്ള
വ്യഥയാണ്‌ നീ
കാണാതെ പോയ നിന്റെ മുഖവും
കേള്‍ക്കാതെ പോയ നിന്റെ കൊഞ്ചലും
നിന്റെ പിടച്ചിലോര്‍ക്കവയ്യാതെ
ഞാനിവിടെ പിടഞ്ഞുതീരുകയാണ്‌

ഒരു താരാട്ടിനെ ഞാനിവിടെ ഉപേക്ഷിക്കുന്നു
ഒരു തവണയെങ്കിലും
നീയൊന്നു കാതോര്‍ക്കുക
അത്‌ സ്വയം മൂളുകയാണ്‌
നീ മയക്കം വിട്ടുണരാതിരിക്കാന്‍

2009, ജൂലൈ 30, വ്യാഴാഴ്‌ച

യാത്ര

അകന്നകന്നു നീ പോവതും നോക്കീ
നെഞ്ചുനീറി ഞാനന്നു വിറച്ചിരുന്നതും
നിന്‍റെ യാത്രാമൊഴി വന്നുവീണപ്പോള്‍
ആ ചൂളം വിളി വന്നലച്ചതും.....
വീണ്ടും വീണ്ടും ഉണ്ടായിരുന്നെങ്കില്‍ എന്നു തോന്നിപ്പോകുന്ന ഒരു യാത്രക്കിടയിലെ ഒരു പുറം കാഴ്ച

2009, ജൂലൈ 24, വെള്ളിയാഴ്‌ച

ഞാനൊരു വികലാംഗയായി

എന്താപ്പോ പറയാ മനുഷ്യജീവിതംന്നൊക്കെ വച്ചാ ഇങ്ങനെയാ രണ്ടു നാലു ദിനം കൊണ്ടെന്നൊക്കെ പൂന്താനം പറഞ്ഞതെത്ര സത്യാന്ന്‌ ഇപ്പോഴാ ഞാന്‍ ശരിക്കും മനസ്സിലാക്കുന്നേ. നിങ്ങളൊക്കെ ചിന്തിച്ചില്ലേ ങ്‌ഹേ ഇവളിതെവിടെപ്പോയി എന്ന്‌?. ചിന്തിച്ചിട്ടുണ്ടാകുംന്നെ എന്നിക്കറിയാം.

ഒരു മാസത്തിനുള്ളില്‍ ഞാനൊരു വികലാംഗയായി. അപ്പന്റിസൈറ്റിസിന്റെ സംഹാരതാണ്ഡവത്തില്‍ വീണുപോയി. പിന്നെ ശസ്‌ത്രിക്രിയ, വിശ്രമം അങ്ങനെ ഒരു മാസോ ഒരാഴ്‌ചേം ശൂന്നങ്ങ്‌ പോയി. കൃത്യമായിപ്പറഞ്ഞാല്‍ ജൂണ്‍ 16ന്‌ പുലര്‍ച്ചെ ബാംഗ്ലൂരില്‍ സെന്റ്‌ജോണ്‍സ്‌ മെഡിക്കല്‍ കോളെജിലെ സര്‍ജന്‍ ആ കൃത്യനിര്‍വ്വഹണം നടത്തി.

അന്നേ ദിവസം വൈകുന്നേരമായപ്പോള്‍ അമ്മേം അച്ഛനും അനിയന്‍കുട്ടിയുമെല്ലാം വീട്ടില്‍ നിന്നും ബാംഗ്ലൂരില്‍ ലാന്റ്‌ ചെയ്‌തു. പിന്നെ അഞ്ചു ദിവസം സുഖമായ ആശുപത്രി വാസം. സത്യം പറഞ്ഞാല്‍ ഈ വേദനയ്‌ക്കു പുറമേ എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്നതാണ്‌ സത്യം. സഹമുറിയത്തി മേരിയ്‌ക്കായിരുന്നു സകല പാടും വിധീം, പിന്നെ അടുത്ത വീട്ടിലെ രണ്ടു ചേട്ടന്മാര്‍ക്കും.

വേദനതാങ്ങാന്‍ കഴിയാതെ ബോധംമെല്ലെ മെല്ലെ മറഞ്ഞുപോകുമ്പോള്‍ മേരി കൂവി താഴത്തേ ചേട്ടന്മാരെ വിളിച്ച്‌ അവര്‌ രണ്ടുപേരും തൂക്കിയെടുത്ത്‌ വണ്ടിയിലിട്ടെന്നെ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ വയറിലൊന്ന്‌ ആഞ്ഞൊരു അമര്‍ത്തല്‍ കിടക്കയില്‍ നിന്നും സ്‌പ്രിംങ്‌ ആക്ഷന്‍കൊണ്ടെന്നപോലെ ഞാന്‍ എഴുന്നേറ്റ്‌ ആര്‍ത്തുവിളിച്ചു.

അപ്പന്റിസൈറ്റിസ്‌ ആവാനാണ്‌ സാധ്യതയെന്ന്‌ ഡോക്ടര്‍, അപ്പോഴേയ്‌ക്കും ഡ്രിപ്പും സിറിഞ്ചം ഒക്കെയായി നഴ്‌സുമാരെത്തി പിടിച്ചുവെച്ച്‌ എന്റെ കയ്യില്‍ ഞരമ്പുകള്‍ക്കായി തിരച്ചില്‍ തുടങ്ങി. അവസാനം ഡോക്ടര്‍മാര്‍ എന്നെ സ്‌കാനിങിന്‌ വിട്ടു, അപ്പന്റിസൈറ്റിസ്‌ തന്നെ എന്ന്‌ സ്‌കാനിങ്‌ ചെയ്‌ത്‌ ലേഡി എഴുതി ഒപ്പിട്ടു.

ഉടന്‍ സര്‍ജറി വേണമെന്ന്‌ ഡോക്ടര്‍മാര്‍, ആശുപത്രി സാഗര്‍ അപ്പോളോ ആയതിനാല്‍ കൂടെയുണ്ടായിരുന്ന ചേട്ടന്‍ ആകെമൊത്തം ടോട്ടല്‍ എന്ത്‌ ചെലവാകുമെന്ന്‌ അന്വേഷിച്ചു. സര്‍ജറിയ്‌ക്ക്‌ മാത്രം ഒരു അറുപതിനായിരം, പിന്നെ റൂം റെന്റ്‌, കണ്‍സള്‍ട്ടിങ്‌ ഫീ, മെഡിസിന്‍ എല്ലാം കൂടി എന്തായാലും ഒരു ഒന്നന്നര ലക്ഷത്തിനടത്താക്കിത്തരാമെന്ന്‌ ആശുപത്രിക്കാന്‍ പറഞ്ഞപ്പോള്‍.

രോഗി ചത്താലും വേണ്ടില്ലെന്ന്‌ എഴുതിക്കൊടുത്ത്‌ ചേട്ടന്മാരും മേരീം എന്നെ വലിച്ച്‌ കാറിലിട്ട്‌ സെന്റ്‌ ജോണ്‍സ്‌ ലക്ഷ്യമാക്കി പറന്നു. അവിടെയെത്തി വീണ്ടും പരിശോധന, സ്‌കാനിങ്‌, അതിനിടെ മനുഷ്യനെ പേടിപ്പിക്കുന്ന മറ്റുചില വെളിപ്പെടുത്തലുകള്‍, കിടന്നകിടപ്പില്‍ മരിച്ചാമതിയെന്ന്‌ തോന്നിപ്പോയ സമയം.

അവസാനം സര്‍ജറിക്കാര്യം തീരുമാനമായി. ഇതിനിടെ ബിപി കുറഞ്ഞ്‌ എനിക്ക്‌ വിറ തുടങ്ങി. അസ്സലൊരു വാളിന്റെ കുറവേ എനിക്കുണ്ടായിരുന്നുവെന്നാണ്‌ മാര്‍ഷലേട്ടന്‍ പറയുന്നത്‌. അതുകൂടിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ നമ്മുടെ നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാടിനെവരെ തോല്‍പ്പിക്കുമായിരുന്നുവത്രേ.

എന്തായാലും ടെസ്റ്റുകളൊക്കെ കഴിഞ്ഞ്‌ ഓപ്പറേഷന്‍ ടേബിളിലേയ്‌ക്ക്‌...... ഇതിനിടെ ഭര്‍ത്താവാണെന്ന്‌ കരുതി നഴ്‌സ്‌ കൂടെയുണ്ടായിരുന്ന ചേട്ടന്റെയടുത്ത്‌ ഒപ്പുവാങ്ങാന്‍ എത്തി, ചേട്ടന്‍ നിന്ന്‌ പരുങ്ങുന്നത്‌ കണ്ട്‌ ഞാന്‍ നഴ്‌സിനെ വിളിച്ച്‌ ഹി ഈസ്‌ ജസ്റ്റ്‌ എ ഫ്രണ്ട്‌ എന്നും പറഞ്ഞ്‌ എന്ത്‌ പണ്ടാരവും ചെയ്‌തോളാന്‍ ഒപ്പിട്ടുകൊടുത്തു.

പിന്നെ എല്ലാവരോടും സ്‌റ്റൈലില്‍ യാത്ര പറഞ്ഞ്‌ ഞാന്‍ തിയേറ്ററിലേയ്‌ക്ക്‌. എന്റെ നെറ്റിയിലും ചുണ്ടിലും ഹോളി ക്രോസ്‌ വരച്ചു തന്ന്‌ മേരി എന്നെ യാത്രയാക്കി. പുതിയ ഒരു ലോകം, ജീവിതത്തിലെ ആദ്യാനുഭവം. പേടിയൊക്കെ എവിടെയോ പോയി. പകരം മറ്റെന്തോ ഒരു വികാരം.

ഇതിനിടെ എത്ര കുട്ടികളുണ്ടെന്ന സര്‍ജന്റെ ചോദ്യം ഞാന്‍ മിഴിച്ചു നോക്കിയപ്പോള്‍ എന്റെ സിഖുകാരന്‍ ഡോക്ടറുടെ മറുപടി ഷി ഈസ്‌ സിങ്കിള്‍. പിന്നെ ഡോക്ടര്‍ സ്‌നേഹപൂര്‍വ്വം അനസ്‌തീഷ്യ തന്നു. പിന്നെ കണ്ണുതുറക്കുമ്പോള്‍ മൂക്കിലൂടെ ഒരു റ്റിയൂബൊക്കെയിട്ട്‌ ഞാനിങ്ങനെ ഫുള്‍ സെറ്റപ്പില്‍ മുറിയില്‍ കിടക്കുന്നു.

മേരി എന്റെ നെറ്റിയില്‍ തടവിക്കൊണ്ട്‌ അടുത്ത്‌. തൊട്ടപ്പുറത്ത്‌ ചേട്ടന്മാര്‍. പിന്നെ ആകെ തമാശയായിരുന്നു. സര്‍ജറി വൈകിയപ്പോള്‍ ഞാന്‍ ഓപ്പറേഷന്‍ ടെബിളില്‍ നിന്നും ഇറങ്ങി പിന്നാമ്പുറത്തൂടെ പോയിക്കാണുമെന്നാണ്‌ കരുതിയതെന്ന്‌ മാര്‍ഷലേട്ടന്‍. അതിനിടെ ഞാനൊരു കാര്യം കണ്ടുപിടിച്ചു. മറ്റേ ചേട്ടന്റെ കണ്ണ്‌ സദാസമയവും മേരിയുടെ മേലിങ്ങനെ പാറി പറക്കുന്നു.

കാര്യം സ്വകാര്യമായി മേരിയോട്‌ പറഞ്ഞപ്പോഴാണ്‌ ആ സത്യം ഞാനറിഞ്ഞത്‌. തലേന്ന്‌ എന്നെ സാഗര്‍ അപ്പോളോയില്‍ കൊണ്ടുപയോതുമുതല്‍ മറ്റേ ചേട്ടന്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന്‌. അതുകേട്ട്‌ ഉറക്കെ ചിരിച്ചപ്പോള്‍ വയറ്റില്‍ നിന്നൊരു വല്ലാത്ത വേദന തൊണ്ടയിലൊരു കുരുങ്ങല്‍, ഹോ അപ്പോഴാണ്‌ ഈ സര്‍ജറീടെ കാര്യവും മൂക്കിലെ കുഴലിന്റെ കാര്യവും ഞാനോര്‍ത്തത്‌.

എന്റെ ഭക്ഷണകാര്യത്തെക്കുറിച്ച്‌ ഡോക്ടറോട്‌ ചോദിക്കാനായി മേരി പുറത്തപോയപ്പോള്‍ ചേട്ടന്‍മാര്‍ പറഞ്ഞകാര്യം കേട്ട്‌ അതുവരെയുള്ള തമാശകളൊക്കെ മാറി എനിക്ക്‌ കുറേശ്ശെ സങ്കടം വന്നു തുടങ്ങി. തിയേറ്ററിലേയ്‌ക്ക്‌ എന്നെ കൊണ്ടുപോയതുമുതല്‍ പുറത്തെത്തുന്നതുവരെ എന്റെ മേരി മുട്ടുകാലില്‍ നിന്ന്‌ കൊന്ത ചൊല്ലുകയായിരുന്നുവെന്ന്‌ കേട്ടപ്പോള്‍.

അവള്‍ തിരിച്ചെത്തി എന്റെയടുത്ത്‌ വന്നിരുന്ന്‌ വീണ്ടും നെറ്റിയില്‍ തലോടാന്‍ തുടങ്ങി. കൈപിടിച്ചപ്പോള്‍ എന്റെ നാവില്‍ വന്നത്‌ താങ്ക്‌സ്‌ എന്ന ആ നശിച്ച വാക്കായിരുന്നു. പക്ഷേ ബദ്ധപ്പെട്ട്‌ ഞാനത്‌ വിഴുങ്ങി അവളുടെ കയ്യില്‍ ഒരു മുത്തം കൊടുത്തു. അവള്‍ കുനിഞ്ഞ്‌ എന്റെ നെറ്റിയില്‍ ഒരു മുത്തം തന്ന്‌ ഞാനുണ്ടെടാ എന്ന്‌ പറഞ്ഞപ്പോള്‍ അച്ഛനും അമ്മയും അടുത്തില്ലാഞ്ഞതിന്റെ സങ്കടമൊക്കെ എവിടെയോ അലിഞ്ഞുപോയി. കുറച്ചു കഴിഞ്ഞ്‌ മൂക്കിലെ റ്റിയൂബ്‌ വലിച്ചെടുക്കുന്ന നഴ്‌സിന്റെ സാഹസം കണ്ട്‌ എന്റെ സഹപ്രവര്‍ത്തകയ്‌ക്ക്‌ തലചുറ്റി. അപ്പോഴാണ്‌ ഈ വായ്‌യ്‌ക്കും വയറിനും ഇടയില്‍ എത്ര കിലോമീറ്റര്‍ ഉണ്ടെന്ന്‌ എനിക്ക്‌ മനസ്സിലായത്‌.

പിന്നെ വൈകീട്ടായപ്പോള്‍ അച്ഛന്‍ അമ്മ അനിയന്‍ എല്ലാവരും എത്തി അച്ഛന്റെ പതിവുള്ള അടക്കിപ്പിടിച്ചുള്ള കരച്ചില്‍ അമ്മയുടെ മുഖത്തെ വേദന, അനിയന്റെ വെപ്രാളം ആകെ കുറേനേരം സെന്റിസീനുകളായിരുന്നു. പിന്നെ സുഹൃത്തുക്കളുടെ ഇടവിടാതെയുള്ള സന്ദര്‍ശനം. അപ്പോഴാണ്‌ ഞാനോര്‍ത്തത്‌ വെറും മൂന്നു വര്‍ഷം കൊണ്ട്‌ ഇവിടെ എനിക്ക്‌ സ്വന്തമെന്ന്‌ പറയാന്‍ എത്രയോ പേരുണ്ടായിരിക്കുന്നു.

ചുരിദാര്‍ തുന്നിത്തരുന്ന ചേച്ചി മുതല്‍ സ്ഥിരമായി സാധനം വാങ്ങിക്കുന്ന കടയിലെ ചേട്ടന്‍വരെ എന്റെ സൗഹൃദ വലയം കണ്ട്‌ അച്ഛനും അമ്മേം അമ്പരന്നുപോയെന്നതാണ്‌ സത്യം. അഞ്ചു ദിവസം ആശുപത്രി മുറി ഞങ്ങളൊരു കോമഡി സിനിമപോലെയാക്കി മാറ്റി.

അഞ്ചാം ദിവസം ഡിസ്‌ചാര്‍ജ്‌ ആവുമ്പോള്‍ യാത്രപറയാന്‍ മലയാളി നഴ്‌സുമാര്‍ ഓരോരുത്തരും എത്തി. അവസാനം ഡോക്ടറും അച്ഛന്‍ വാങ്ങിത്തന്ന പേന അദ്ദേഹത്തിന്‌ കൊടുത്ത്‌ ഞാന്‍ താങ്ക്‌സ്‌ പറഞ്ഞു. അപ്പോ ഡോക്ടര്‍ പറഞ്ഞത്‌ തിരിച്ചെത്തിയാല്‍ വന്ന്‌ കാണണം ഡിപ്രഷന്‌ നല്ലൊരു കൗണ്‍സിലിങ്‌ ഏര്‍പ്പെടുത്തിത്തരാമെന്നായിരുന്നു.

പിന്നെ വീട്ടിലേയ്‌ക്ക്‌ ബന്ധുക്കളും സുഹൃത്തുക്കളും ഇടമുറിയാതെ.... ആദ്യം മുതല്‍ അവസാനം വരെ കഥ പറഞ്ഞുപറഞ്ഞ്‌ എനിക്ക്‌ ഏതാണ്ട്‌ മടുത്തു. ഒരു മാസോം ഒരാഴ്‌ചേം വളരെ വേഗത്തില്‍ ഓടിപ്പോയി. തിരിച്ചുവരുമ്പോള്‍ വീണ്ടും അച്ഛന്റേം അമ്മേടേം വേദന തിങ്ങിയ മുഖം.

എന്നാലും ഞാന്‍ തിരിച്ചുപോന്നു. ഓഫീസിലെത്തിയപ്പോള്‍ ആകെ ഒരു വ്യത്യാസം പോലെ, എന്തുപറ്റിയെന്നുചോദിച്ച്‌ ചേര്‍ത്ത്‌ പിടിച്ച്‌ എന്നെ വരവേറ്റത്‌ ഞങ്ങളുടെ ഹൗസ്‌ കീപ്പിങ്‌ ആന്റിയായിരുന്നു. രണ്ടുപേരും ഒരു പോലെ ഇമോഷണല്‍ ആയിപ്പോയി. ആന്റിയുടെ കണ്ണില്‍ സ്‌നേഹത്തിന്റെ വല്ലാത്ത ഒരു തിളക്കം, പതിവില്‍ക്കൂടുതല്‍ സന്തോഷം കാണിച്ച്‌ ഞാനാ സങ്കടത്തെ അലിയിച്ചു കളഞ്ഞു.

ഇപ്പോ വീണ്ടും ജോലി, മുറിയിലെ തമാശകള്‍, മേരി, പ്രിയങ്ക, ബന്ധുക്കളെപ്പോലെയായ താഴത്തെ വീട്ടിലെ ചേട്ടന്മാര്‍. ഇതിനിടെ പാച്ചിക്കുട്ടിച്ചേച്ചി എന്നെ കാണാനില്ലാഞ്ഞ്‌ മെയിലുകള്‍ അയച്ചു. അവസാനം സിജിയെ കണ്ടവരുണ്ടോയെന്ന്‌ ചോദിച്ച്‌ പോസ്‌റ്റ്‌ ഇടുന്നതിന്റെ തൊട്ടുമുന്നേ ഞാന്‍ മെയിലിന്‌ മറുപടി കൊടുത്തു. ഇല്ലെങ്കില്‍ ബൂലോകത്ത്‌ ഞാനാകെ നാറി നാണം കെട്ടേനെ. എന്റെ പാച്ചിക്കുട്ടിച്ചേച്ചീ എന്നോട്‌ ക്ഷമിയ്‌ക്കൂ.

2009, ജൂൺ 11, വ്യാഴാഴ്‌ച

കുടിയിറക്കല്‍


കുടിയിറക്കപ്പെട്ടവരുടെ മനസ്സ്‌
നാടുകടത്തപ്പെട്ടവരുടെ മനസ്സ്‌
അവയ്‌ക്കുള്ളില്‍ എന്തായിരിക്കും
അവയ്‌ക്ക്‌ അടയാളപ്പെടുത്താനുള്ളത്‌
ഒരേതരം വേദനതന്നെയാകുമോ
എങ്കില്‍ ഞാനും അവരും തമ്മില്‍ സാമ്യപ്പെട്ടിരിക്കും
ഞാനിതാ പലവട്ടം കുടിയിറക്കപ്പെട്ടിരിക്കുന്നു

ആദ്യമായി അമ്മയുടെ ഉദരത്തില്‍ നിന്നും
പിന്നെ അച്ഛന്റെ നെഞ്ചില്‍ നിന്നും
ഒടുവില്‍ ആരുടെയൊക്കെയോ മനസ്സില്‍ നിന്നും
ഇപ്പോള്‍ എന്റെയുള്ളില്‍ നിന്നുതന്നെ

ആദ്യത്തെ കുടിയിറക്കം
അമ്മയുടെ ഉദരത്തില്‍ നിന്നും
ഭൂമിയിലേയ്‌ക്ക്‌ കുടിയിറക്കപ്പെട്ടപ്പോള്‍
എല്ലാവരും അതൊരാഘോഷമാക്കി

അച്ഛന്റെ നെഞ്ചിലും മടിയിലും
ഇരിക്കാവുന്ന കാലം കഴിഞ്ഞുപോയെന്ന്‌ കാണിച്ച്‌
വീണ്ടുമൊരു കുടിയിറക്കല്‍
അതൊരു ആഘോഷമായിരുന്നു
സ്വകാര്യതയുള്ള ഒരാഘോഷം

പിന്നെയുള്ള എന്റെ ചേക്കേറലുകള്‍ ആരറിഞ്ഞു
അമ്മയറിഞ്ഞത്‌ കുടിയിറക്കപ്പെട്ടുകഴിഞ്ഞാണ്‌
അച്ഛനിപ്പോഴും അത്‌ വായിച്ചു തീരാത്ത ഒരു കഥ
ഞാന്‍ സ്വയം നാടുകടത്താന്‍ തീരുമാനിച്ചു
നാടുകടത്തലോ അതോ നാടുകടക്കലോ
ആരെങ്കിലും തീരുമാനിക്കട്ടെ

ആദ്യം സ്വയം ചോദിച്ചുവാങ്ങിയ കുടിയിറക്കം
പിന്നെ അതുമറയ്‌ക്കാന്‍ ഒരൊളിച്ചോട്ടം
ചേക്കേറാനൊരിടം തന്ന്‌ വീണ്ടുമൊരു മരം വിളിച്ചു
ഒരു ദിവസം പറന്നു തളര്‍ന്നെത്തിയപ്പോള്‍
തലേന്നു കണ്ട ശിഖരമില്ല കൂടുമില്ല
ഞാന്‍ പോലുമറിയാതെ ഞാന്‍ കുടിയിറക്കപ്പെട്ടു

ഇനി ശാഖികള്‍ തേടിഞാനലയുന്നില്ല
നിതാന്തമായ നിശബ്ദതയിലേയ്‌ക്കും
അനാദിയായ അന്ധകാരത്തിലേയ്‌ക്കും
ഞാന്‍ സ്വയം നാടുകടത്തുന്നു

എന്നെങ്കിലും ഒരിക്കല്‍ കുറിച്ചിടും
സ്വയം നാടുകടത്തപ്പെട്ടവളുടെ
ദുരിതങ്ങളെക്കുറിച്ച്‌
വീണ്ടും വീണ്ടും കുടിയിറക്കപ്പെട്ടതിന്റെ
വേദനയെക്കുറിച്ച്‌

അന്നത്‌ വായിക്കപ്പെടാത്ത
ഒരാത്മകഥയായി
തേളും പാറ്റയും ഇരട്ടവാലനും കൂടുവയ്‌ക്കുന്ന
വെറും കടലാസുതാളുകളായി അവശേഷിയ്‌ക്കും

2009, ജൂൺ 7, ഞായറാഴ്‌ച

അഗ്നി ശുദ്ധി


ഒരു വാക്കില്‍
ഒരു നോക്കില്‍
ഒരു കനല്‍ പേറി നീ
അകലെയിരിക്കുവതെന്തു താപം
വാടിത്തളരുന്നു ഞാനിതാ
നിന്‍ കനല്‍ നീറലില്‍

ഓര്‍മ്മകളില്‍ നീ മായുന്ന മരുപ്പച്ച
പിന്നെയൊരു വേവുന്ന മരുഭൂമി
പിന്നെയൊരു കൂര്‍ത്ത മുള്‍ച്ചെടി
കൊണ്ടുകോറുന്നിതായെന്റെ
ആത്മാവിലാകെയായ്‌

ഇവിടെ പെയ്യുന്നു മഴ
കൊടും തീമഴ
ഒഴുകിപ്പരക്കുന്നതും
തിളയ്‌ക്കുന്ന തീ തന്നെ

വെറുമൊരു വിറയലായി
ചെറിയൊരു പിടച്ചിലായി
ഇവിടെ ഞാനൊടുങ്ങുന്നു
നീ അഗ്നിയായ്‌ പൊഴിച്ചിട്ട
ഓര്‍മ്മകള്‍ തന്നുള്ളില്‍
നിന്‍റെ ഉള്ളിന്റെയുള്ളില്‍

സൂക്ഷിച്ചു നോക്കുക
ഇതാ എന്റെ ജഡത്തില്‍
കൂര്‍ത്തൊരു പഴുത്തിരുമ്പാല്‍
കോറിമുറിച്ചിട്ട ഒരു പേര്‌
ഇത്‌ നിന്റേത്‌ തന്നെയല്ലേ?

2009, ജൂൺ 3, ബുധനാഴ്‌ച

ഇങ്ങനെയും വരച്ചിടാം


അതൊരു മഴക്കാലമായിരുന്നു
ഒരു സമ്മാനവുമായി
നീ നനഞ്ഞൊലിച്ച്‌ കയറിവന്നത്‌
കൂരിരുട്ടില്‍ മെഴുകുതിരി തെളിയിച്ച്‌
ഞാന്‍ നിനക്ക്‌ അത്താഴം വിളമ്പിയത്‌

പിന്നെ എപ്പോഴോ നീ വന്യമായി പെയ്‌തു
മഴതോര്‍ന്നപ്പോള്‍ ഇറങ്ങിപ്പോവുകയായിരുന്നോ
പിറ്റേന്ന്‌ വെളുത്തപ്പോള്‍ ഞാന്‍ മരിച്ചിരുന്നു
നിന്നെ വിളിക്കാനായി ചുണ്ടുവിടര്‍ത്തിയപ്പോള്‍
അത്‌ തുന്നിച്ചേര്‍ത്തിരിക്കുന്നു
തെളിവുകള്‍ അവശേഷിക്കാതിരിക്കാനാവും
കറുത്ത നൂലുകള്‍ കൊണ്ട്‌
എന്റെ ചുണ്ടുകള്‍ നീ ബന്ധിച്ചത്‌

തലേന്ന്‌ നീ ബാക്കിവച്ച എച്ചിലില്‍
അപ്പോഴും ഈച്ചയാര്‍ക്കുന്നുണ്ടായിരുന്നു
മുറിയുടെ ചുമരിനരികിലൂടെ
ചാലിട്ട്‌ അരിച്ചരിച്ചു പോകുന്ന
ഉറുമ്പുകള്‍ മെല്ലെ എന്റെയടുത്തേയ്‌ക്കെത്തി
കണ്ണിലും മൂക്കിലും വായിലും
അവര്‍ കയറിയിറങ്ങി കൂടുവച്ചു
വേദനിച്ചു.....പക്ഷേ
മരിച്ചതിനാല്‍ എനിക്ക്‌ കരയാന്‍ കഴിഞ്ഞില്ല

ദേഹം ചീഞ്ഞഴുകിയപ്പോഴാണ്‌
തുറന്നിട്ട വാതില്‍ കണ്ട്‌ ആളുകള്‍ കയറിയത്‌
അനന്തരം അവരെന്നെ ഒരു പായയില്‍ പൊതിഞ്ഞ്‌
പുറത്തേയ്‌ക്കെടുത്തു
തുറക്കാന്‍ കഴിയാതെ അടഞ്ഞുകിടന്നകണ്ണുകള്‍
അവ വലിച്ചുതുറന്ന്‌ ഞാന്‍
നിനക്കുവേണ്ടി തിരഞ്ഞു ഇല്ല,
പക്ഷേ എവിടെയോ
നിന്റെ ശബ്ദം എനിക്ക്‌ കേള്‍ക്കാമായിരുന്നു

ആളുകള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു
ആരൊക്കെയോ മൂക്കിലും കണ്ണിലും വായിലും
കയറിപ്പാര്‍ത്ത ഉറുമ്പുകളെ തട്ടിമാറ്റി
അവസാനം ആരോ കയ്യില്‍പ്പിടിച്ചു
അതില്‍ ഞാന്‍ മുറികെപ്പിടിച്ചിരുന്നു
നിന്റെ സമ്മാനം!!!!!!!!!!
അയാളെന്റെ കൈവിടര്‍ത്താന്‍ തുനിഞ്ഞു
അപ്പോള്‍ നിന്റെ ശബ്ദം.... അതെടുക്കരുത്‌

ഞാനാശ്വസിച്ചു നീയെന്നെ തിരിച്ചറിഞ്ഞല്ലോ
പിന്നെ ആളുകള്‍ കൂട്ടം കൂടിനിന്ന്‌
തര്‍ക്കം തുടങ്ങി
എവിടെ സംസ്‌കരിക്കും
ഒരാള്‍ പറഞ്ഞു വഞ്ചിക്കപ്പെട്ടവര്‍ക്കായുള്ള
സ്ഥലത്ത്‌ കുഴിയെടുക്കാം
വീണ്ടും നിന്റെ ശബ്ദം
വേണ്ട ആത്മവഞ്ചന നടത്തിയവര്‍ക്കുള്ളിടത്താവട്ടെ

അവസാനം ആ ആറടി നീളമുള്ള
കുഴിയിലേക്ക്‌ ഞാന്‍ എറിയപ്പെട്ടു
ആദ്യ പിടി മണ്ണു വന്നു വീണത്‌ ചുണ്ടിലായിരുന്നു
അതു ചെയ്‌തത്‌ നീയായിരുന്നോ
അതില്‍ നിന്റെ വിരലുകളുടെ തണുപ്പുണ്ടായിരുന്നു
പിന്നെ മണ്ണുംകല്ലുംവന്നു വീണുകൊണ്ടേയിരുന്നു
ആത്മവഞ്ചന ചെയ്‌തവരുടെ കൂട്ടത്തില്‍
നീയെന്നെ സസൂക്ഷ്‌മം
രേഖപ്പെടുത്തിയിരിക്കുന്നു

പക്ഷേ അനാദികാതം അകലെ ആരോ ഒരാള്‍
വിലങ്ങുവീണ കൈകള്‍ കൊണ്ട്‌
എന്നെയൊരു നേര്‍രേഖയായി വരച്ചിടാന്‍ ശ്രമിക്കുന്നു
ആ വര പൂര്‍ത്തിയാകുന്നില്ല
എന്റെ കൈകള്‍ മണ്ണിനുള്ളിലാണല്ലോ
ഞാനതെങ്ങനെ വരച്ച്‌ പൂര്‍ത്തിയാക്കും
വേണ്ട അത്‌ പൂര്‍ത്തിയാവാതെതന്നെ കിടക്കട്ടെ

2009, മേയ് 31, ഞായറാഴ്‌ച

ഇനിയും പൂക്കും ആ നീര്‍മാതളം പക്ഷേ....


ഇന്നലെ സഹപ്രവര്‍ത്തകന്റെ കോളാണെന്നെ ഉണര്‍ത്തിയത്‌. ആ വിളിച്ചുണര്‍ത്തല്‍ തന്നത്‌ സഹിക്കാന്‍ വയ്യാത്ത ഒരു പിടയലായിരുന്നു. മാധവിക്കുട്ടി മരിച്ചു. പത്തുമണികഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതെ കിടന്ന എന്റെയുള്ളില്‍ നിന്നും ഞായറാഴ്‌ചയുടെ മടിയും ആലസ്യവും എവിടെയോ പോയൊളിച്ചു.

മരണമെന്നത്‌ യാഥാര്‍ത്ഥ്യമാണെങ്കിലും ഒരിക്കലും മരിക്കാതിരുന്നെങ്കില്‍ എന്ന്‌ ഞാനാഗ്രഹിച്ചവരുടെ കൂട്ടത്തില്‍ എന്റെ പ്രിയകഥാകാരിയും ഉണ്ടായിരുന്നു. ഈ യാഥാര്‍ത്ഥ്യം എനിക്ക്‌ സമ്മാനിച്ചത്‌ മൂടിക്കെട്ടിയ ഒരു മെയ്‌മാസ ദിനമായിരുന്നു. വേര്‍പാടിയില്‍ വിങ്ങിയെന്നപോലെ പ്രകൃതിയും കണ്ണീര്‍ തോര്‍ത്തു, പതിവില്ലാതെ മഴ.... ആ മഴയൊടുങ്ങിയപ്പോഴാണ്‌ ഒരിത്തിരിയെങ്കിലും ആ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞത്‌.

ആദ്യമായി ഞാന്‍ വായിച്ചത്‌ അവരുടെ നെയ്‌പ്പായസമെന്ന ചെറുകഥയായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വെക്കേഷന്‍ കാലത്ത്‌ പനിവന്നുകിടന്ന ഒരു ദിവസമാണ്‌ ആ കഥ വായിച്ചത്. മക്കള്‍ക്കുവേണ്ടി നെയ്‌പ്പായസമൊരുക്കിവച്ച്‌ മരിച്ചുപോയ ഒരമ്മ. കഥാകാരി വരച്ചുവച്ച സ്‌നേഹത്തിന്റെയും മരണത്തിന്റെയും തണുപ്പൂറിയ ആ നെയ്‌പ്പായസത്തിന്റെ ചിത്രത്തിന്‌ വല്ലാത്ത രുചിയും മണവുമുണ്ടായിരുന്നു.

ആ കഥ തന്നെ വായനാസുഖത്തില്‍ നിന്നാണ്‌ ഞാന്‍ മാധവിക്കുട്ടിയെ പ്രണയിച്ചുതുടങ്ങിയത്‌. പിന്നീട്‌ പുസ്‌തകക്കൂട്ടത്തിലുള്ളതെല്ലാം കഴിഞ്ഞപ്പോള്‍ ഇല്ലാത്തവ തേടപ്പിടിച്ച്‌ വായിച്ചു. എന്നിട്ടും വായിക്കാന്‍ കഴിയാതെ പോയി പലതും. നീര്‍മാതളം പൂത്തകാലവും നഷ്ടപ്പെട്ട നീലാംബരിയും തന്നത്‌ തീര്‍ത്തും വ്യത്യസ്ഥമായ വായനാനുഭവങ്ങള്‍. പലരും പറയാന്‍ മടിച്ചത്‌ വിളിച്ചുപറയുന്ന അവര്‍ക്ക്‌ എന്റെയുള്ളില്‍ ധീരയായ സ്‌ത്രീയുടെ പരിവേഷമായിരുന്നു.

ടിവിയിലെ അഭിമുഖങ്ങളില്‍ കാണുമ്പോള്‍ പലപ്പോഴും ഞാനാഗ്രഹിച്ചിരുന്നു ഒന്ന്‌ നേരിട്ട്‌ കാണാന്‍ കഴിഞ്ഞെങ്കിലെന്ന്‌. അത്‌ സാധിച്ചത്‌ കാലമേറെക്കഴിഞ്ഞാണ്. ഒരു സാഹിത്യയാത്രയെന്ന്‌ പേരിട്ട്‌ തസറാക്കിലേയ്‌ക്കുള്‍പ്പെടെ നടത്തിയ യാത്രയുടെ അവസാനത്തില്‍ ഞങ്ങള്‍ കയറിയത്‌ മലയാളത്തിന്റെ കഥാകാരിക്കടുത്തായിരുന്നു.

എല്ലാവരും ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കാറ്റില്‍ ചെറുതായി ആടുന്ന അവരുടെ ശിരോവസ്‌ത്രവും കയ്യിലെ മൈലാഞ്ചിച്ചോപ്പും കണ്ണിലെ തിളക്കവും നോക്കിയിരുന്നത്‌. അതെ ശരിയ്‌ക്കും അവര്‍ സ്‌നേഹത്തിന്റെ ഒരു സ്ഥായീ ഭാവമായിരുന്നു.

പിന്നീട്‌ അവിടെനിന്നും പോരുമ്പോള്‍ മതം മാറ്റത്തിന്റെ പേരില്‍ അവരെ ചോദ്യം ചോദിച്ച്‌ കുഴക്കിയ കൂട്ടുകാരോട്‌ ഞാന്‍ വഴക്കിട്ട്‌ പിണങ്ങി. എന്റേത്‌ ആവശ്യമില്ലാത്ത അന്ധമായ ആരാധനയാണെന്ന്‌ പറഞ്ഞ്‌ അവരോരോരുത്തരും എന്നെ കുറ്റപ്പെടുത്തി. അതേ എനിക്ക്‌ അന്ധമായ ആരാധന തന്നെയാണ്‌.

മതം മാറിയെങ്കില്‍ അതവരുടെ അവകാശം, നമുക്ക്‌ വായിക്കാന്‍ ഒട്ടേറെ എഴുതിത്തന്നുവെന്നും അതിന്റെ പേരില്‍ അറിയപ്പെട്ടുവെന്നും കരുതി. അവര്‍ക്ക്‌ മതം മാറാനും മാറാതിരിക്കാനും ഒക്കെ അവകാശമില്ലേ. ഉണ്ട്‌. എല്ലാവര്‍ക്കുമെന്നപോലെ അവര്‍ക്കും അവകാശങ്ങളുണ്ട്‌.

അതിന്റെ പേരില്‍ വിവാദങ്ങളുണ്ടാക്കുകയും പകല്‍മാന്യത ചമഞ്ഞ്‌ അവരെ അന്തിക്കൂട്ടിന്‌ വിളിച്ചുകൊണ്ടുവരെ കത്തുകളെഴുതുകയും ചെയ്‌തവരെയാണ്‌ കല്ലെറിയേണ്ടത്‌. ഇക്കൂട്ടരെല്ലാം അവരുടെ വ്യക്തിത്വത്തില്‍ അസൂയപ്പെട്ടിരുന്നുവെന്നുതന്നെ വിശ്വസിക്കാനാണ്‌ അവരെ ആരാധിക്കുന്നവര്‍ക്ക്‌ തോന്നുക, ഞാനും അക്കൂട്ടത്തിലാണ്‌.

അവര്‍ വരച്ചിട്ട എത്രയോ ചിത്രങ്ങള്‍, നീര്‍മാതളവും, നാലപ്പാട്ട്‌ തറവാടും, ആമിയെന്ന കൗമാരക്കാരിയും തേളും തേരട്ടയും വിഹരിക്കുന്ന നാലപ്പാട്ടെ കുളിമുറിയും വരെ തെളിമയോടെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നില്ലേ. മരണത്തിന്‌ അവയെ കവര്‍ന്നെടുക്കാന്‍ കഴിയില്ലല്ലോ. അവയിലൂടെ രൂപമില്ലാത്ത ഒരു വിഗ്രഹമായി മാധവിക്കുട്ടിയെന്ന ദീപ്‌തമായ ഓര്‍മ്മ..........................

ഇന്നും എനിക്കൊരു സങ്കടം ബാക്കിയാണ്‌ എവിടെയൊക്കെ തിരഞ്ഞിട്ടും ഓര്‍മ്മകളില്‍ പൂവിട്ട്‌ നില്‍ക്കന്ന ഒരു നീര്‍മാതളത്തിന്റെ തൈ കണ്ടെത്താന്‍ എനിക്ക്‌ കഴിഞ്ഞില്ല. പുന്നയൂര്‍ കുളത്തുപോയി അത്‌ കാണാനും എനിയ്‌ക്കവസരമൊത്തില്ല. എനിക്കറിയില്ല അവര്‍ വാക്കുകള്‍ കൊണ്ട്‌ വരച്ചിട്ടത്‌ കണ്ട്‌ ഞാന്‍ മനസ്സില്‍ വരച്ചിട്ട നീര്‍മാതളത്തിന്‌ പുന്നയൂര്‍കുളത്തെ നീര്‍മാതളത്തിന്റെ അതേ രൂപമാണോയെന്ന്‌. ഞാനതിന്റെ ഒരു കുഞ്ഞുതൈയ്‌ക്കുവേണ്ടി ഇപ്പോഴും അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്‌. എന്നെങ്കിലും ആ നീര്‍മാതളം എന്റെ മുറ്റത്ത്‌ പൂവിടും.

2009, മേയ് 30, ശനിയാഴ്‌ച

അവര്‍ ഇത്രേം വളര്‍ന്നു




ഓര്‍ക്കുന്നില്ലേ ഇവരെ കൊച്ചുണ്ടാപ്രീം കിച്ചുണ്ടാപ്രീം (ഷാവേസ് ലാല്‍ , സഫ്ദര്‍ ലാല്‍)
രണ്ടുപേരും മഹാകുറുന്പന്മാരാണെന്നാണ് അവള്‍ പറയുന്നത്. അവര്‍ അമ്മയോടൊപ്പം
.

2009, മേയ് 28, വ്യാഴാഴ്‌ച

വഴുക്കുന്ന മഴപ്പച്ച

അന്ന് പെയ്ത മഴ നീ ഓര്‍ക്കുന്നുവോ?
മുറ്റത്തെ വഴുക്കില്‍ ഞാനിന്ന് വഴുതി വീണു
മഴയുടെ പച്ചപിടിച്ച വഴുക്ക്
അന്ന് നീ വിടപറഞ്ഞപ്പോള്‍ പെയ്ത മഴ....

പിന്നെ ഞാന്‍ മഴ കണ്ടില്ല
മഴ കേട്ടുമില്ല.....
പക്ഷേ മുറ്റത്തിപ്പോഴും ആ മഴപ്പച്ച
അതില്‍ അന്നത്തെ മഴപ്പെരുക്കം

നിന്‍റെ വിടപറച്ചില്‍
വണ്ടിയെടുക്കും വരെ ഒരു കുടയില്‍
പപ്പാതി നനഞ്ഞ് നമ്മള്‍ നിന്നത്
ആരൊക്കെയോ അത് നോക്കി നിന്നത്
അവര്‍ കണ്ണുകള്‍ കൊണ്ട് ചോദ്യങ്ങള്‍ ചോദിച്ചത്

വേര്‍പാടിന്‍റെ വേദനയില്‍
നെഞ്ചു പിടഞ്ഞുകൊണ്ട് കയ്യില്‍ അമര്‍ത്തിപ്പിടിച്ച്
ഇനിയും വരുമെന്ന് നീയെന്നോട് പറഞ്ഞത്
നിനക്കോര്‍മ്മയില്ലേ?
ഞാനിവിടെ കാത്തിരിക്കുകയാണ്...

മഴയ്ക്കിടയില്‍ നിന്‍റെ ചിരിയുടെ
താളപ്പെരുക്കം കേള്‍ക്കാന്‍
പഴങ്കഥകള്‍കേട്ട് അതിശയിക്കാന്‍
കാത്തുകാത്തെന്‍റെ കണ്ണു കഴയ്ക്കുന്നു

ഞാന്‍ നരച്ചുപോയിരിക്കുന്നു
പ്രായം ചെന്നനക്ഷത്രങ്ങള്‍
ജന്മം വെടിഞ്ഞ് ഉരുകിയൊലിച്ച് പെയ്യുന്നു
നിറമില്ലാത്ത മഴയായി
നിന്‍റെ പ്രണയം പോലെ, നിറമില്ലാതെ.....

ഇനിയും നക്ഷത്രങ്ങള്‍ പിറക്കും കൊഴിയും
അന്നും ഞാനീ ഓര്‍മ്മകളുടെ വഴുക്കില്‍
തെന്നിവീണുകൊണ്ടേയിരിക്കും
എത്ര മഴക്കാലങ്ങള്‍ പെയ്തുപോയാലും.........

2009, മേയ് 25, തിങ്കളാഴ്‌ച

നീ ഇറങ്ങി വരുകയാണോ?


രാവില്‍ മഴപ്പക്ഷികള്‍ ഉഴറിക്കരയുമ്പോള്‍
മനസ്സില്‍ നീ ഇറങ്ങി നടക്കാന്‍ തുടങ്ങുന്നു
മഴത്തുള്ളികളുടെ നേര്‍ത്ത ശബ്ദത്തിനിടയില്‍
മഴപ്പക്ഷിയുടെ ഉള്ളിടറിയ കരച്ചിലിനിടയില്‍
വെറുതെ ഒരു പദനിസ്വനത്തിന്‌
കാതോര്‍ത്ത്‌ ഞാനിരിക്കുന്നു

ഇവിടെ എന്റെ വിഭ്രമം തുടങ്ങുന്നു
നിന്റെ കൈകളില്‍ക്കിടന്ന്‌ ബോധം നശിയ്‌ക്കണമെന്നും
നിന്റെ മടിയില്‍ക്കിടന്ന്‌ മരണത്തെ വരിക്കണമെന്നും
ഞാനത്രമേല്‍ ആശിച്ചുപോകുന്നു
അത്രമേല്‍ ഞാനെന്നെ തനിച്ചാക്കിയിരിക്കുന്നു

നിന്നെയോര്‍ക്കുമ്പോള്‍
എന്റെ ശ്വാസഗതിപോലും
ഇന്നും വിറയ്‌ക്കുന്നതെന്താണ്‌
നീ അരികത്തുണ്ടെന്നപോലെ
ഞാന്‍ താരാട്ട്‌ മൂളുന്നതെന്തിനാണ്‌
വെറുതെ പിറിപിറുക്കുന്നതെന്തിനാണ്‌

ഇന്നും ചോരമണമുള്ള ഒരോര്‍മ്മയായി നീ
എന്നിലവശേഷിക്കുന്നു
നീ തന്ന മുറിവുകളില്‍ ചോര തോര്‍ന്നിട്ടില്ല
എനിക്ക്‌ മരിക്കാന്‍ തോന്നുമ്പോള്‍
നിന്നെയൊന്ന്‌ കാണാന്‍
എനിക്ക്‌ ജീവിക്കാന്‍ തോന്നുമ്പോള്‍
നിന്നെയൊന്നു മറക്കാന്‍
ഞാന്‍ എവിടെയാണ്‌ കാണിക്കയിടേണ്ടത്‌

ഓര്‍മ്മകള്‍ ഉരുകിയൊലിച്ച്‌ പരക്കുകയാണ്‌
അതില്‍ തിരിച്ചറിയാനാകാത്ത ഗന്ധങ്ങള്‍
കൂടിക്കലരുകയാണ്‌
എവിടെയായിരുന്നു എന്റെ തുടക്കം?
എവിടെയായിരിക്കും എന്റെ ഒടുക്കം?
നിനക്ക്‌ പറഞ്ഞുതരാന്‍ കഴിയുമോ?

ആഴക്കയത്തിലേയ്‌ക്ക്‌ ഞാനൂര്‍ന്നുപോകുമ്പോള്‍
നീട്ടിയ കൈ പിന്‍വലിച്ച്‌ നീ നടന്നകന്നത്‌
ഒരിക്കലും ഞാന്‍ കൈ നീട്ടിയിരുന്നില്ലെന്ന്‌
നീ എല്ലാവരോടും വിളിച്ചുപറഞ്ഞത്‌

അതെന്റെ ചെവിയിലിപ്പോഴും മുഴങ്ങുന്നു
നിന്റെ ശബ്ദമാണെന്റെ ബോധം നിറയെ
നിന്റെ ഗന്ധമാണെന്റെ ഓര്‍മ്മ നിറയെ
നീ തന്നെ മുറിവുകളാണെന്റെ ഉടല്‍ നിറയെ

നിനക്കെങ്ങനെ കഴിയുന്നു?
അതോ നിനക്കും കഴിയുന്നില്ലേ?
എല്ലാം സ്വപ്‌നമായിരുന്നിരിക്കാം
ആ സ്വപ്‌നത്തിന്‌ കടുന്നുവരാതിരിക്കാമായിരുന്നു
ഓര്‍മ്മകളില്‍ എന്നെ ഇത്രമേല്‍
തനിച്ചാക്കാതിരിക്കാന്‍
വേദനകളും വിഭ്രമവും തന്നെന്നെ
മൃതപ്രായയാക്കാതിരിക്കാന്‍

2009, മേയ് 24, ഞായറാഴ്‌ച

വൈകിപ്പോയ ഒരു വഴിപാട്


ഒരാഴ്‌ച കഴിഞ്ഞുപോയത്‌ ഞാന്‍ അറിഞ്ഞതേയില്ല. യാത്രകളും പ്രാര്‍ത്ഥകളും ഒക്കെയായി ഒരാഴ്‌ചയിലെ മുഴുവന്‍ സമയവും ഞാന്‍ എന്റെ കുടുംബത്തിനൊപ്പമായിരുന്നു. മുത്തശ്ശിയുടെ നേര്‍ച്ചപ്രകാരം ഗുരുവായൂരില്‍ തൊഴല്‍, പൂജകള്‍, പ്രാര്‍ത്ഥന എന്നിങ്ങനെ പറയേണ്ട പൂരം മൊത്തം ആത്മീയമായിരുന്നു ഇക്കഴിഞ്ഞയാഴ്‌ച മുഴുവന്‍.

ഏറെ നാള്‍ കഴിഞ്ഞാണ്‌ ഗുരുവായൂരപ്പനെ കാണാന്‍ പോകുന്നത്‌. അദ്ദേഹത്തിന്‌ വലിയ വ്യത്യാസം ഒന്നും ഇല്ലെങ്കിലും ചുറ്റുപാടുകളില്‍ നല്ല മാറ്റം. എന്തായാലും എനിക്ക്‌ വേണ്ടിയുള്ള മുത്തശ്ശീടെം അമ്മേടേം പ്രാര്‍ത്ഥനകളും വഴിപാടുകളും ഒക്കെ കഴിയുമ്പോഴേയ്‌ക്കും അച്ഛന്റെ കീശ ഏതാണ്ട്‌ കാലിയായിക്കാണുമെന്നുറപ്പ്‌.

മൂന്നു ദിവസം ഗുരുവായൂരില്‍ ഞങ്ങള്‍ അടിച്ചുപൊളിച്ചു. അനിയന്‍കുട്ടീം കൂടെയുണ്ടായിരുന്നതുകൊണ്ട്‌. പലപ്പോഴും ഇന്‍സ്‌റ്റന്റ്‌ തമാശകള്‍ കാരണം ഇരിക്കപ്പൊറുതിയുണ്ടായിരുന്നില്ല. സാധാരണ അമ്പലത്തില്‍ പോകാന്‍ പറയുമ്പോഴൊക്കെ മുഖം തിരിച്ച്‌ നില്‍ക്കാറുണ്ടായിരുന്ന ഞാന്‍ ഗുരുവായൂരില്‍ പോകാം എന്നൊരു ഓപ്‌ഷന്‍ അച്ഛന്‍ മുന്നോട്ട്‌ വച്ചപ്പോ ചാടി അപ്രൂവ്‌ ചെയ്‌തു.

മുത്തശ്ശിയ്‌ക്കും അമ്മയ്‌ക്കും ആകെ അമ്പരപ്പായിരുന്നു. കമ്യൂണിസ്റ്റുകാരായ ചെറിയച്ഛന്മാര്‍ എന്നെ ഒരു നിരീശ്വരവാദി ആക്കിമാറ്റിയെന്ന്‌ പരാതി പറയാറുള്ള അവര്‍ പിന്നെ ഞാന്‍ ഗുരുവായൂരേയ്‌ക്ക്‌ ചാടി പുറപ്പെട്ടാ അമ്പരക്കാതിരിക്യോ. അങ്ങനെ യാത്ര തുടങ്ങി. നിര്‍മ്മാല്യം തൊഴാന്‍ തിക്കിത്തിരക്കി അകത്ത്‌ കടന്ന്‌ പ്രസാദോം വാങ്ങി കൊടിമരത്തിന്‌ കീഴില്‍ എത്തിയപ്പോ ഞാന്‍ പെട്ടെന്ന്‌ അടിയെണ്ണി പ്രദക്ഷിണം വയ്‌ക്കാന്‍ തുടങ്ങി.

( പുരുഷന്മാര്‍ ശയനപ്രദക്ഷിണം നടത്തുന്നതുപോലെ സ്‌ത്രീകള്‍ക്ക്‌ ചെയ്യാവുന്ന ഒരു പ്രാര്‍ത്ഥനാ രീതിയാണിത്‌, സാധാരണ നടക്കുന്നതുപോലെ നടക്കുന്നതിന്‌ പകരം പ്രദക്ഷിണവഴി ഓരോ പാദവും അടുപ്പിച്ച്‌ വച്ച്‌ അളന്ന്‌ നടക്കുക)

അച്ഛന്‍ അമ്മ മുത്തശ്ശി അനിയന്‍ ആദിയായവരെല്ലാം ഇതെന്തുകഥയെന്നോര്‍ത്ത്‌ എന്റെ പിന്നാലെ വന്നു. ഞാന്‍ പറഞ്ഞു എനിക്ക്‌ അടിയെണ്ണി പ്രദക്ഷിണം വയ്‌ക്കണം അച്ഛന്‍ വീണ്ടും ചോദ്യഭാവത്തില്‍ എന്നെ നോക്കി ഞാനൊന്ന്‌ ചിരിച്ച്‌ കാണിച്ചു. അതോടെ അച്ഛന്‍ പോയി ഊട്ടുപുരേടെ പടിയിലിരുന്നു. മുത്തശ്ശിയ്‌ക്ക്‌ പെരുത്ത്‌ സന്തോഷായി. എന്റെ കുട്ടിയെ രക്ഷിയ്‌ക്കണേന്നും പറഞ്ഞ്‌ മുത്തശ്ശീം അനിയനും അമ്മയും എന്നെ അനുഗമിച്ചു. അടിയെണ്ണി മൂന്നു പ്രദക്ഷിണം ശ്ശി കടുപ്പായിരുന്നു.

ന്നാലും ഞാന്‍ അടിപിഴയ്‌ക്കാതെ മുന്നെണ്ണം വിജയകരമായി പൂര്‍ത്തിയാക്കി. നടക്കല്‍ കുമ്പിട്ട്‌ തൊഴുതു. എന്തോ എന്റെ മനസ്സിനാകെ ഒരു സമാധാനം. കുറച്ച്‌ കാലം പഴക്കമുള്ള ഒരു വഴിപാടായിരുന്നു അത്‌. എന്തായാലും ഗുരുവായൂരപ്പന്‌ അത്‌ വൈകിയതിലുള്ള പരിഭവം തീര്‍ന്നുകാണണം. എനിക്ക്‌ ഏറ്റവും അടുപ്പമുള്ളയൊരാള്‍ക്ക്‌ ഒരസുഖം വന്നപ്പോ അത്‌ വേഗം മാറ്റണേന്നും പറഞ്ഞ്‌ പേടിച്ച്‌ ഞാന്‍ നേര്‍ന്നതായിരുന്നു ഈ അടിയെണ്ണല്‍ പാര്‍ത്ഥനേം ഒരു നെയ്‌ വിളക്കും.

മുത്തശ്ശീം അനിയനും ഒക്കെ സന്തോഷത്തോടെ മെല്ലെ തുലാഭാരം നടത്താനുള്ള കൗണ്ടറിനടുത്തേയ്‌ക്ക്‌ നീങ്ങി. ഇതിനിടെ അമ്മ എന്റെ അടുത്ത്‌ വന്ന്‌ ഈ വഴിപാടിന്റെ രഹസ്യം അന്വേഷിച്ചു. കാര്യം ഞാന്‍ പറഞ്ഞപ്പോ, ചോദ്യഭാവത്തിലൊന്ന്‌ നോക്കി അമ്മ മുന്നോട്ട്‌ നടന്നു. കൗണ്ടറിനടുത്ത്‌ ക്യൂ നില്‍ക്കുന്നതിനിടെ ഞാന്‍ മറ്റൊരു വഴിപാടിന്റെ കൂടികാര്യം പറഞ്ഞപ്പോ അമ്മശരിയ്‌ക്കും സങ്കടപ്പെട്ടു. പക്ഷേ അച്ഛന്റെം അനിയന്റേം കണ്ണില്‍പ്പെടാതെ അമ്മ ആ വഴിപാടിനും പണമടച്ച്‌ റസീറ്റ്‌ വാങ്ങി.

വഴിപാടുകളും പ്രാര്‍ത്ഥനകളും എല്ലാം കഴിഞ്ഞ്‌ തിരിച്ച്‌ മുറിയിലേയ്‌ക്ക്‌ നടക്കുമ്പോള്‍ അമ്മയുടെ കണ്ണില്‍ ഒരു നനവുണ്ടായിരുന്നു. അച്ഛന്‍ എത്ര ചോദിച്ചിട്ടും അമ്മ ഒന്നും പറഞ്ഞില്ല. പക്ഷേ എനിക്കറിയാമായിരുന്നു. ആ നനവിന്റെ അര്‍ത്ഥം. ഞാനമ്മയുടെ കൈത്തലം എന്റെ കൈയ്‌ക്കുള്ളിലാക്കി ഒന്നു മുറുകെ പിടിച്ച്‌ ഉള്ളുനിറഞ്ഞ്‌ ഒന്നു ചിരിച്ചുകാണിച്ചു. അമ്മയ്‌ക്ക്‌ സമാധാനമായെന്ന്‌ തോന്നു. ഇതൊക്കെയല്ലെ അമ്മേ എനിക്ക്‌ ചെയ്യാന്‍ കഴിയൂ എന്ന്‌ ഞാന്‍ പറഞ്ഞപ്പോ. അമ്മയും വേദന നിറഞ്ഞ ഒരു ചിരി എനിക്ക്‌ സമ്മാനിച്ചു.

അപ്പോഴേയ്‌ക്കും അച്ഛനും കുട്ടനും മുത്തശ്ശീം കൂടി തെരുവോരത്തെ കടകളിലേയ്‌ക്ക്‌ നീങ്ങിയിരുന്നു. ഓരോന്നും വിലിച്ചിട്ട്‌ തപ്പിയെടുക്കുന്നതിനിടെ അച്ഛനും അനിയനും സ്ഥലത്തുനിന്നും പതിയെ സ്‌കൂട്ടായി റോഡിന്‌ മറുവശത്തുള്ള ഒരു കടയിലേയ്‌ക്ക്‌ നീങ്ങുന്നു. അച്ഛനെ അനിയന്‍ കെട്ടിപ്പിടിച്ചതില്‍ ഒരു വശപ്പിശക്‌ തോന്നിയാണ്‌ ഞാന്‍ അമ്മേം മുത്തശ്ശിയേം കടയിലാക്കി വേഗം റോഡ്‌ ക്രാസ്‌ ചെയ്‌ത്‌ അപ്പുറത്തെത്തിയത്‌.

അവിടെ അച്ഛനും മോനും തമ്മില്‍ തര്‍ക്കം നടക്കുന്നു. കാര്യം മറ്റൊന്നുമല്ല മകന്റെ കാമുകിയ്‌ക്ക്‌ ഒരു സമ്മാനം വാങ്ങണം. അനിയന്‍ ഓരോ തറ സാധനങ്ങള്‍ സെലക്ട്‌ ചെയ്യുന്നു, മാല, വള എന്നിങ്ങനെ, അച്ഛനാണേല്‍ ഒരു രാധാകൃഷ്‌ണ പ്രതിമയില്‍ പിടിച്ച്‌ ഇതുമതീംന്നും പറഞ്ഞ്‌ വാശിപിടിച്ച്‌ നില്‍ക്കുന്നു. നോക്കണേ കാര്യം അവസാനം ഞാനും അച്ഛന്റെ വശം ചേര്‍ന്നു.

അങ്ങനെ ഭാവി നാത്തൂന്‌ വേണ്ടി രാധാകൃഷ്‌ണ പ്രതിമ വാങ്ങി. പിന്നെ അമ്മേം മുത്തശ്ശീം തെരുവ്‌ മുഴുവന്‍ നടന്ന്‌ വേണ്ടതും വേണ്ടാത്തതും ഒക്കെക്കൂടി വാങ്ങി മുറിയില്‍ക്കയറി. അവിടെ ഞങ്ങളെല്ലാരുംകൂടി ഇരുന്ന്‌ ഗുസ്‌തി പിടിച്ചു. കത്തിവച്ചു, പാട്ടുപാടി അങ്ങനെ അങ്ങനെ ആകെ രസായിരുന്നു. പക്ഷേ അപ്പോഴും അമ്മയുടെ മുഖത്ത്‌ മാത്രം ചെറിയൊരു മ്ലാനത മറ്റേക്കാര്യം ഓര്‍ത്തിട്ടേ, അടിയെണ്ണല്‍.

ആസങ്കടം ഞാന്‍ തിരികെ ബാംഗ്ലൂരേയ്‌ക്ക്‌ വണ്ടികയറുന്നതുവരെ അമ്മയുടെ കണ്ണിലുണ്ടായിരുന്നു. കൂടുതലൊന്നും പറയാനില്ലാത്ത കാര്യമായതുകൊണ്ടാകാം അമ്മയൊന്നും ചോദിച്ചില്ല, ഞാനൊന്നും പറഞ്ഞുമില്ല. ഇതിനിടെ മറ്റൊരു മഹാസംഭവം നടന്നു. എന്റെ കല്യാണം നടക്കാന്‍ ദമ്പതീ പൂജ. എന്റമ്മോ ഒരു ദിവസം മുഴുവന്‍ വെള്ളം മാത്രം കുടിച്ച്‌ ഞാന്‍ വശം കെട്ടു.

അവസാനം ഉച്ചയോടടുത്തപ്പോ അച്ഛാ ഞാന്‍ വേണേല്‍ രണ്ടുകെട്ടിക്കോളാം എനിയ്‌ക്കിത്തിരി ചോറുതായെന്നും പറഞ്ഞ്‌ ഞാന്‍ കരയേണ്ടി വന്നു. പക്ഷേ ഏറ്റില്ല അവാസനം വൈകീട്ട്‌ അഞ്ചുമണിയ്‌ക്ക്‌ തുടങ്ങിയ പൂജ അവസാനിച്ചത്‌ രാത്രി 10 മണിയ്‌ക്ക്‌ പൂജയുടെ പ്രസാദമായിരുന്നു അന്നത്തെ ആകെയുള്ള എന്റെ ഭക്ഷണം.

ഒരു സിമ്പോളിക്‌ വിവാഹം അതാണ്‌ ദമ്പതീ പൂജ(ഇതൊക്കെ തപ്പിമനസ്സിലാക്കിയെടുക്കുന്നത്‌ മുത്തശ്ശിയാണേ) കല്യാണത്തിന്‌ വേണ്ടപോലെ പുടവയും മുല്ലപ്പൂവും എല്ലാം വേണം. വരനുള്ളത്‌ ഒരു താലത്തിലും വധുവിനുള്ളത്‌ മറ്റൊരു താലത്തിലും വയ്‌ക്കും. പൂജയ്‌ക്കിടെ എന്നോട്‌ ഏതെങ്കിലും ഒരു താലം എടുക്കാന്‍ പറഞ്ഞു.

വരന്‌ വച്ച താലത്തിലെ ഷര്‍ട്ടിനുള്ള ലൈറ്റ്‌ ബ്ലൂ സില്‍ക്‌ തുണി കണ്ടിട്ടോ എന്തോ ഞാന്‍ രണ്ടാമതൊന്ന്‌ ആലോചിക്കാതെ ആ താലമെടുത്തു. അപ്പോ പൂജാരി ചിരിച്ചുകൊണ്ട്‌ എന്നോട്‌ പറയാ ഇനി ഇഷ്ടമംഗല്യത്തിന്‌ വേണ്ടി പ്രാര്‍ത്ഥിച്ചോളൂ എന്ന്‌. അതുവരെ ശീഘ്ര മംഗല്യത്തിന്‌ വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞ പൂജാരി എന്തേ അങ്ങനെ പറയാനെന്ന്‌ എനിക്ക്‌ മനസ്സിലായില്ല.

എന്തായാലും മംഗല്യം എന്നൊരു പരിപാടിയെക്കുറിച്ച്‌ ചിന്തിക്കാത്തതുകൊണ്ടുതന്നെ അമ്മ ദീര്‍ഘ സുമംഗലിയായിരിക്കണേ എന്നും പ്രാര്‍ത്ഥിച്ച്‌ ഞാന്‍ പൂജേം കണ്ടു നിന്നു. അവസാനം തന്ന പ്രസാദം ആക്രാന്തത്തോടെ വലിച്ചുവാരി തിന്നു. തിരിച്ചുപോകുമ്പോ ഇങ്ങനെ ഓരോപൂജ നടത്തി എന്നെ ശിക്ഷിക്കുന്നതിന്‌ ഞാന്‍ മുത്തശ്ശിയ്‌ക്കിട്ട്‌ നല്ല കുത്തും നുള്ളും കൊടുത്തു. അല്ലാണ്ടെന്ത്‌ ചെയ്യാന്‍.

എന്തായാലും ദമ്പതീ പൂജേം ഗുരുവായൂര്‍ ദര്‍ശനോ ഒക്കെ കഴിഞ്ഞപ്പോഴേയ്‌ക്കും എന്റെ കാല്‌ പിണങ്ങി. പിന്നെ ഡോക്ടറെക്കണ്ട്‌ മരുന്നും കഴിച്ച്‌ പറഞ്ഞതില്‍ക്കൂടുതല്‍ അവധീം എടുത്ത്‌ അനങ്ങാതിരിക്കേണ്ടിവന്നു. അവസാനം നടക്കാന്‍ പാകമായപ്പോള്‍ ഞാന്‍ തിരികെ വണ്ടികയറി. എങ്കിലും രസായിരുന്നു. എല്ലാരുമൊത്ത്‌ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും അകന്ന്‌. അച്ഛനോടും അനിയോനോടും ഗുസ്‌തിപിടിച്ച്‌. അമ്മയോടും മുത്തശ്ശിയോടും കുറുമ്പ്‌ കാണിച്ച്‌ ഞാന്‍ ശരിയ്‌ക്കും ആസ്വദിച്ചു.

ബസ്സിലിരുന്ന്‌ ഞാനാലോചിച്ചത്‌ ഇതായിരുന്നു ഞാന്‍ ഒരു ഈശ്വരവാദിയോ നിരീശ്വരവാദിയോ ഉത്തരം കിട്ടുന്നേയില്ല. ചിലപ്പോ ഈ അവസരവാദ രാഷ്ട്രീയക്കാരെപ്പോലെയാ ഞാന്‍ പെരുമാറുന്നേ. പലസമയത്തും ദൈവത്തിന്റെ മൈന്റ്‌ ചെയ്യാതെ ചില കാര്യങ്ങള്‍ സ്വന്തം കൈപ്പിടിയില്‍ നില്‍ക്കില്ലെന്ന്‌ തോന്നുമ്പോ ചാടിക്കേറി ഓരോ വഴിപാട്‌ അങ്ങ്‌ നേരും. ആലോചിച്ചപ്പോ എനിക്ക്‌ ചിരിവന്നു. പിന്നെ ഗുരുവായൂരപ്പനല്ലേ മൂപ്പര്‌ സഹിച്ചോളും എന്നതുമാത്രമാണെന്റെ ശിവനേ എന്റെയൊരു സമാധാനം

2009, മേയ് 17, ഞായറാഴ്‌ച

മൂഷികവധം!!!!!!!!!!!!!!!!!!!!


രണ്ട്‌ രണ്ടരയാഴ്‌ച മുമ്പായിരിക്കും ഞങ്ങളുടെ മുറിയില്‍ ഒരു പുതിയ അതിഥിയെത്തി ഒരു മൂഷികന്‍ മീന്‍സ്‌ എലി. എന്റെ സഹമുറിയത്തി മേരി മിക്‌സ്‌ചര്‍ ഇട്ടുവച്ചിരുന്ന കവര്‍ പൊട്ടിച്ച ദിവസമാണ്‌ ഞങ്ങള്‍ ഇങ്ങനെ ഒരാള്‍ മുറിയില്‍ നുഴഞ്ഞുകയറിയ കാര്യം കണ്ടെത്തുന്നത്‌.

വൈകീട്ട്‌ ജോലി കഴിഞ്ഞ്‌ ഞാന്‍ മുറിയിലെത്തുമ്പോള്‍ ആരായിരിക്കും മിക്‌സ്‌ചറിന്റെ കവര്‍ പൊട്ടിച്ചതെന്നറിയാനായി മേരി മലര്‍ന്നും കമിഴ്‌ന്നും പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അവള്‍ക്കൊപ്പം ഞാനും ചേര്‍ന്നു.

സഹമുറിയത്തിയല്ലേ സഹായിക്കാതെ.... അവസാനം രാത്രി ഒന്‍പത്‌ മണിയോടെ തിരച്ചില്‍ അവസാനിപ്പിച്ച്‌ അയുധങ്ങളും മടക്കി ഞങ്ങള്‍ എന്‍ഡിടിവി ഇമാജിനില്‍ കണ്ണും നട്ടിരിക്കുമ്പോള്‍ ദേണ്ടെ രണ്ട്‌ ചെവികള്‍ വളരെ കൂര്‍പ്പിച്ച്‌ വളരെ ഡിപ്ലോമാറ്റിക്കായി ആ രൂപം ഇങ്ങനെ മേരിയുട പലഹാരസ്റ്റാന്റിന്റെ അടുത്തേയ്‌ക്ക്‌ വരുന്നു. മുറിയില്‍ ഒരു തിയേറ്റര്‍ എഫക്ട്‌ കിട്ടാനായി ടിവി തുറന്നാല്‍ ഞങ്ങള്‍ ലൈറ്റ്‌ ഓഫ്‌ മാടും.

ഞാന്‍ ഈ പതുങ്ങിപ്പതുങ്ങി വരുന്ന രൂപത്തെ കണ്ട്‌ കിടന്ന കിടപ്പില്‍ നിന്നും എഴുന്നേറ്റിരുന്നു. മേ.....എന്നു തുടങ്ങി രീ....യില്‍ അവസാനിക്കുന്നതിന്‌ മുമ്പേ ഞങ്ങളുടെ ബംഗാളി സുഹൃത്ത്‌ പ്രിയങ്ക മൂഷിക്‌ യാര്‍ എന്നും പറഞ്ഞ്‌ അലറി വിളിച്ച്‌ ലൈറ്റിട്ടു. അതോടെ മൂഷിക സുഹൃത്തി അവിടത്തെ ഫര്‍ണിച്ചറുകള്‍ക്കിടയില്‍ എവിടെയോ ഒളിച്ചു. മേരീം പ്രിയങ്കേം കൂടി ബാറ്റും ചൂലും ഒക്കെ എടുത്ത്‌ മൂഷിക വേട്ട തുടങ്ങി.

അപ്പോഴാണ്‌ എനിക്ക്‌ സാക്ഷാല്‍ വൈക്കം മുഹമ്മദ്‌ ബഷീറിനെയും ഭൂമിയുടെ അവകാശികളെയും കുറിച്ച്‌ ഓര്‍മ്മവന്നത്‌. പിന്നെ വീട്ടില്‍ എലിയെക്കണ്ടാല്‍ ഗണപതിയുടെ വാഹനമാണെന്ന്‌ പറഞ്ഞ്‌ കൊല്ലാന്‍ സമ്മതിക്കാത്ത മുത്തശ്ശിയെയും ഞാനോര്‍ത്തു. ഉടനെ ഞാന്‍ ചൂലും ബാറ്റും ഒക്കെ പിടിച്ചുവാങ്ങി. ലെറ്റ്‌ ഇറ്റ്‌ ഗോ എന്നും പറഞ്ഞ്‌ മുറിയുടെ വാതില്‍ തുറന്നിട്ടു. കുറെ എന്നെ ശപിച്ചെങ്കിലും അവര്‍ രണ്ടുപേരും എന്നോട്‌ സഹകരിച്ചു. ചെന്നൈയില്‍ നിന്നും വാങ്ങിക്കോണ്ടുവന്ന മധുരവും എരിവും കലര്‍ന്ന അപൂര്‍വ്വ മിക്‌സ്‌ചര്‍ മൂഷിക്‌ കവര്‍ന്നതിന്റെ അരിശമായിരുന്നു മേരിയ്‌ക്ക്‌. പ്രിയങ്കയ്‌ക്കാകട്ടെ റാറ്റ്‌ ഫീവര്‍ ഭയം.

പിന്നീട്‌ രണ്ടു ദിവസം മൂഷികിനെക്കുറിച്ച്‌ ഒരു അറിവുമില്ല. പാവം തുറന്ന വാതില്‍വഴിയേ പോയിട്ടുണ്ടാകുമെന്ന്‌ കരുതി ഞങ്ങളും സമാധാനിച്ചു. ഞങ്ങളുടെ അടുത്ത വീട്ടില്‍ ഒരു സായിപ്പ്‌ കുടുംബം താമസിക്കുന്നുണ്ട്‌. ആ മദാമ്മച്ചേച്ചി ഇടക്കിടെ ഞങ്ങളുടെ മുറിയില്‍ വന്നിരിക്കുക പതിവാണ്‌.

അങ്ങനെ ഒരു ദിവസം വന്നപ്പോള്‍ ഞാന്‍ ചായംകൊണ്ട്‌ കളിക്കുന്നത്‌ അവര്‍ കണ്ടുപിടിച്ചു. ഞാനൊരു വലിയ ചിത്രകാരിയാണെന്ന്‌ തെറ്റിദ്ധരിച്ച്‌ മൂന്നടി വീതി, മൂന്നടി നീളത്തില്‍ ഒരു പോട്രിയേറ്റ്‌ വേണമെന്ന്‌ ആവശ്യപ്പെട്ടു. ഞാന്‍ ഓകെ പറഞ്ഞു. പിറ്റേ ദിവസം തന്നെ ഞാന്‍ ഈ മൂന്നടി പോട്രിയേറ്റിന്റെ പണി തുടങ്ങി( മദാമ്മച്ചേച്ചി എനിക്ക്‌ 1000 രൂപ വാഗ്‌ദാനം ചെയ്‌തിരുന്നു)

അങ്ങനെ മൂന്നാമത്തെ ദിവസം കാര്യങ്ങളൊക്കെ ഒരുവിധം പൂര്‍ത്തിയാക്കി എണ്ണച്ചായത്തില്‍തീര്‍ത്ത ചിത്രം ഞാന്‍ ഉണങ്ങാന്‍ വച്ചു. പിറ്റേന്ന്‌ രാവിലെ കണ്ണും തിരുമ്മി എഴുന്നേറ്റ്‌ ചിത്രം നോക്കിയപ്പോള്‍ ബോധം കെട്ടില്ലെന്നേയുള്ളു മുഷിക്‌ തന്റെ കാലും കയ്യും ഉപയോഗിച്ച്‌ അതിനെ ഒരുഗ്രന്‍ മോഡേണ്‍ ആര്‍ട്‌ ആക്കി മാറ്റിയിരിക്കുന്നു.

ഭൂമിയുടെ അവകാശിയായി അവനെ ഇനി നിലനിര്‍ത്തില്ലെന്ന്‌ ഞാനുള്ളിലുറപ്പിച്ചു. വൈകീട്ട്‌ മോര്‍ട്ടീന്‍ കമ്പനിയുടെ ഒരു റാറ്റ്‌ കേക്കും വാങ്ങി ഞാന്‍ മറിയില്‍ വന്ന്‌ കേക്കിന്റെ കഷണങ്ങള്‍ അവിടവിടെയായി വച്ചു. രണ്ടു ദിവസം കാത്തിരുന്നിട്ടും അനക്കമൊന്നും കണ്ടില്ല. കേക്കുകഷണങ്ങളില്‍ പലതും പാതി സേവിച്ച നിലയിലായിരുന്നു. ഇതിനിടെ മേരി വീട്ടില്‍പ്പോയി. ഇതെല്ലാം ഫ്‌ളാഷ്‌ ബാക്ക്‌

ഇന്ന്‌ സംഭവിച്ചതാണ്‌ സംഭവം

ശനിയാഴ്‌ച തിരഞ്ഞെടുപ്പു ഫലത്തിന്റെ ആലസ്യവുമായി മുറിയില്‍ച്ചെന്നപ്പോള്‍ പ്രിയങ്ക അവിടെ ഇരിക്കുന്നു. സ്വന്തമായി ഒരു ബോയ്‌ഫ്രണ്ടുള്ള അവള്‍ ശനി ഞായര്‍ ദിവസങ്ങളില്‍ മുറിയില്‍ ഉണ്ടാവുക പതിവില്ല. കാര്യം അന്വേഷിച്ചപ്പോള്‍ അവനുമായി പിണങ്ങിയെന്നും കല്യാണം കഴിയ്‌ക്കണോയെന്നകാര്യം വീണ്ടും ചിന്തിക്കുകയാണെന്നുമക്കെ തുടങ്ങി, പൊതുവേ ഇപ്പോള്‍ പ്രണയത്തിലുള്ള ചീറ്റിങ്‌ ട്രണ്ടിനെക്കുറിച്ചൊക്കെ ഞങ്ങള്‍ ചര്‍ച്ച ചെയ്‌തു.

ഇടക്ക്‌ രവി അവളെ മനസ്സിലാക്കുന്നില്ലെന്നും പറഞ്ഞ്‌ അവള്‍ ഇത്തിരി കരയുകേം ചെയ്‌തു. ഞാന്‍ പറഞ്ഞ്‌ സമാധാനിപ്പിച്ച്‌ അവസാനം ഉറങ്ങാന്‍ കിടന്നു. അവളുടെ പാചകം രാത്രി 12 മണിയ്‌ക്ക്‌ ശേഷമാണ്‌. അതുകൊണ്ടുതന്നെ കിടക്കാന്‍ 2മണിയെങ്കിലും ആകും. കാലത്ത്‌ ഒരു 11 മണിവരെ അതീവ ഹൃദ്യമായ കുംഭകര്‍ണസേവ നടത്തും.

ബോംബ്‌ പൊട്ടിയാല്‍പ്പോലും അറിയാത്ത കുംഭകര്‍ണസേവ. എന്തായാലും കാലത്ത്‌ ഞാന്‍ കയ്യും കാലുമൊക്കെ വലിച്ച്‌ കുടഞ്ഞ്‌ പുതപ്പ്‌ മാറ്റി എഴുന്നേല്‍ക്കുമ്പോള്‍ ദേ എന്റെ മേശപ്പുറത്ത്‌ ഒരു എഴുത്ത്‌, വെള്ളക്കടലാസില്‍ നീല മഷികൊണ്ട്‌ എഴുതിയ ഒരു കത്ത്‌, ഡിയര്‍ സിജി എന്ന്‌ തുടക്കം അവസാനം നോക്കിയപ്പോള്‌ ബൈ പ്രിയങ്ക.

ഞാനാകെ തളര്‍ന്നുപോയി. കത്തിലെ ഉള്ളടക്കം വായിക്കാനുള്ള അതിബുദ്ധിയൊന്നും എനിക്കപ്പോള്‍ തോന്നിയില്ല. തലേന്ന്‌ അവള്‍ പറഞ്ഞ പ്രശ്‌നങ്ങളും അവളുടെ കരച്ചിലുമായിരുന്നു എന്റെ മനസ്സിലേയ്‌ക്ക്‌ ഓടിയെത്തിയത്‌. ഇതിനിടെ വിറച്ചു വിറച്ച്‌ ചെന്ന്‌ ഞാന്‍ അവളെ തട്ടിവിളിച്ചു, കുലുക്കി, മറിച്ചിട്ടു അവളാകെ തളര്‍ന്നപോലെ.

പേരറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ച്‌ ഞാന്‍ താഴെ ഓണര്‍ ആന്റിയുടെ അടുത്തേയ്‌ക്കോടി, കാര്യം പറഞ്ഞപ്പോള്‍ ആന്റി, അങ്കിള്‍, മകന്‍ എന്നിവര്‍ സംഘം ചേര്‍ന്ന്‌ മുറിയിലെത്തി. എനിക്കാണെങ്കില്‍ കരച്ചില്‍ സഹിക്കാന്‍ കഴിയുന്നില്ലായിരുന്നു. അവളുടെ കിടപ്പ്‌ കണ്ട്‌ ആന്റിയും അങ്കിളും കിടുങ്ങി.

എത്ര വിളിച്ചിട്ടും ആള്‌ അറിയുന്നില്ല. അവാസാനം ആന്റി ഇത്തിരി വെള്ളം എടുത്ത്‌ അവളുടെ മുഖത്ത്‌ തളിച്ചു. ദേണ്ടെ ചാടി എഴുന്നേല്‍ക്കുന്നു. എന്നിട്ട്‌ വാട്ട്‌ ഹാപ്പന്റ്‌ ഡിയര്‍ എന്നൊരു ചോദ്യവും രണ്ട്‌ മൂന്ന്‌ സെക്കന്റ്‌ കഴിഞ്ഞാണ്‌ അവള്‍ എനിക്കൊപ്പമുള്ള മറ്റ്‌ മൂന്നുപേരെയും കാണുന്നത്‌. ഇതിനിടെ ആന്റിയുടെ ബഹളം കേട്ട്‌ അപ്പുറത്തും ഇപ്പുറത്തുമുള്ള ടെറസില്‍ ചില തലകള്‍ പ്രത്യക്ഷപ്പെട്ട്‌ തുടങ്ങിയിരുന്നു. ഇതിനിടെയാണ്‌ ആന്റിയുടെ മകന്‍ അവളെഴുതിവച്ച കത്ത്‌ മുഴുവന്‍ വായിച്ചത്‌. അതോടെ സംഭവങ്ങളാകെ മാറി മറിഞ്ഞു.

രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ വല്ലാത്ത നാറ്റം അനുഭവപ്പെട്ടെന്നും മൂഷിക്‌ ചത്തു കാണണമെന്നും രാവിലെ എഴുന്നേല്‍ക്കമ്പോള്‍ ഏതുവിധേനയും അവളെ വിളിക്കണമെന്നും ഒരുമിച്ച്‌ മുറി വൃത്തിയാക്കാമെന്നുമാണ്‌ കത്തില്‍ എഴുതിയിരിക്കുന്നത്‌. ഞാനാണ്‌ മുറിയില്‍ ആദ്യം എഴുന്നേല്‍ക്കുന്നത്‌ അതുകൊണ്ടാണ്‌ അവള്‍ എന്നെ ഉറക്കം ഉണര്‍ത്തേണ്ടെന്ന്‌ കരുതി എഴുന്നേല്‍ക്കുമ്പോള്‍ കാണാന്‍ പാകത്തില്‍ എഴുത്തെഴുതി വച്ചത്‌.

എല്ലാവരും ഇങ്ങനെ തരിച്ചു നില്‍ക്കേ ആന്റീടെ മകന്‍ കാര്യം പറഞ്ഞു. ആന്റിക്ക്‌ കയ്യില്‍ കിട്ടിയത്‌ എന്റെ ഷട്ടില്‍ ബാറ്റാണ്‌ ഹമ്മേ അതെന്റെ പുറത്ത്‌ വീഴും മുമ്പേ ഞാന്‍ കട്ടിലും കസേരയും ഒക്കെ ചാടിക്കടന്ന്‌ പടികള്‍ ഓടിയിറങ്ങി ഗെയ്‌റ്റും കടന്ന്‌ ഒരു വിധം റോഡിലെത്തി അവിടെ കുത്തിയിരുന്ന്‌ ചിരിച്ച്‌ ചിരിച്ച്‌ എനിക്ക്‌ എല്ലുനുറുങ്ങി.

പിന്നാലെ എല്ലാരും കൂടെ ഇറങ്ങിവന്നു ഞാന്‍ ചെയ്‌ത ഒരു കാര്യമേ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തുവെന്ന്‌ വരുത്തിത്തീര്‍ക്കാനല്ലേ ശ്രമിച്ചത്‌.എന്റമ്മോ അവളെങ്ങാനും മാനനഷ്ടത്തിന്‌ കേസ്‌ കൊടുത്താല്‍. എന്റെ കാര്യം പോക്കാ...

അങ്കിള്‍ ഒരുവിധം ആന്റിയെ സമാധാനിപ്പിച്ച്‌ എന്നെ റോഡില്‍ നിന്നും അകത്തേയ്‌ക്ക്‌ വിളിച്ചു. ചമ്മി നാറിക്കുളമായി ഞാന്‍ കയറിച്ചെന്നപ്പോള്‍ അവിടെ കൂട്ടച്ചിരി. ദേഷ്യം വന്ന്‌ ചുവന്ന ആന്റി പതിയെ തണുത്ത്‌ വെളുത്ത നിറമായി. പക്ഷേ ആ കോലാഹലത്തിനിടയില്‍ ആന്റിയുടെ കറി ചട്ടിയില്‍ കിടന്ന്‌ വറ്റി വരണ്ട്‌ ഉണങ്ങിപ്പോയി, ദോശ കത്തിക്കരിഞ്ഞ്‌ വിറകു കൊള്ളിപോലെയായി.

പിന്നെ പതിയെ ഞാന്‍ മുറിയിലേയ്‌ക്ക്‌ കയറിച്ചെന്നു. പ്രിയങ്ക ചിരി നിയന്ത്രിക്കാന്‍ വയ്യാതെ നിക്കേം ഇരിക്ക്വേം എന്തൊക്കെയോ കാണിക്കുന്നു അതു കണ്ട്‌ പിന്നേം എനിക്ക്‌ കണ്‍ട്രോള്‍ പോയി ഞാന്‍ ചെന്ന്‌ ബെഡില്‍ കയറി തല കുമ്പിട്ടിരുന്ന്‌ ചിരിച്ചു.

അവസാനം ചിരി നിയന്ത്രണാധീനമായപ്പോള്‍ ചീഞ്ഞു നാറുന്ന മൂഷിക ജഡത്തിന്‌ വേണ്ടി ഞങ്ങള്‍ തിരച്ചില്‍ തുടങ്ങി. അവസാനം എന്റെ ഷൂറാക്കിന്‌ അടിയില്‍ നിന്നും സംഭവം ഞങ്ങള്‍ കണ്ടെടുത്തു. ചീര്‍ത്ത്‌ വീര്‍ത്ത മൂഷിക ജഡം........!!!!!!!!!!!!!!!!!!!!!!! പിന്നെ ഒക്കെ എടുത്തു കൊണ്ടുപോയി കളഞ്ഞ്‌, ഡെറ്റോളും ഫിനോളുമൊക്കെ ഇട്ട്‌ മുറി വൃത്തിയാക്കി. ഹാവൂ അവസാനം ഞാന്‍ വന്ന്‌ ബെഡില്‍ ഇരുന്നു.

അപ്പോള്‍ പ്രിയങ്ക എന്നോട്‌ കൈകൊണ്ട്‌ ആംഗ്യം കാണിച്ചു കം ഹിയര്‍ ഞാന്‍ അവളുടെ ബെഡിന്‌ അടുത്തേയ്‌ക്ക്‌ ചെന്നു. അവള്‍ എനിക്ക്‌ ശിക്ഷവിധിയ്‌ക്കുകയായിരുന്നു. അവള്‍ ആത്മഹത്യാ ശ്രമം നടത്തിയെന്ന തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച്‌ മാനഹാനി വരുത്തിയതിന്‌ ഞാന്‍ അമ്പത്‌ തവണ ഹാവ്‌സ്‌ക്വാട്ട്‌ ഇടണം, മനസ്സിലായില്ലേ ഏത്തമിടണം എന്ന്‌. പിന്നെ രക്ഷയില്ല അതു ചെയ്യാതെ അവളെന്നെ ഓഫീസിലേയ്‌ക്ക്‌ വിടില്ലെന്നും പറഞ്ഞ്‌ വാതിലടച്ച്‌ താക്കോല്‍ ഒളിപ്പിച്ചു.

രക്ഷയില്ലാതെ കാലി വയറോടെ ഞാന്‍ എത്തമിട്ടു. ഹോ അവസാനം എട്ടരമണിയായപ്പോള്‍ ഞാന്‍ ബാഗും എടുത്ത്‌ സ്ഥലം കാലിയാക്കി. ഓഫീസിലെത്തി ഒരു പിതനൊന്നര മണിയായപ്പോള്‍ ഒരു കോള്‍, ദേണ്ടെ!!!!!!!!!!! പ്രിയങ്ക വീണ്ടും!!!!!!!!!!!!!!! ഇനി അടുത്ത പണിഷ്‌മെന്റിനുള്ള പുറപ്പാടാണോയെന്ന്‌ കരുതി കുറേ നേരം ഞാന്‍ ഫോണും നോക്കിയിരുന്നു അവസാനം അറ്റന്റ്‌ ചെയ്‌തു.

അവള്‍ പറഞ്ഞത്‌ കേട്ടപ്പോള്‍ എനിക്ക്‌ കുളിര്‌ കോരി എന്താണെന്നോ. അവള്‍ ഇതാദ്യമായിട്ടാ ഞാനിത്രേം മനസ്സുതുറന്ന്‌ ചിരിക്കുന്നത്‌ കാണുന്നതെന്ന്‌. നൗ യു ആര്‍ ഒകെ സിജി, നോ പ്രോബ്ലം വിത്‌ യു. ഐം ഷ്വര്‍ യു ആര്‍ നോര്‍മ്മല്‍.

പിന്നീടാണ്‌ ഞാനും ഓര്‍ത്തത്‌ ഞാനിങ്ങനെയൊന്ന്‌ ചിരിച്ചിട്ട്‌ കാലമേറെയായിരിക്കുന്നു. അതോര്‍ത്തപ്പോള്‍ ഓഫീസില്‍ കസേരയില്‍ ഇരുന്ന ഇരുപ്പില്‍ ഞാനൊരു ഒരു വട്ടം കറങ്ങി എന്തായാലും മൂഷിക വധം ഏറ്റുവെന്ന്‌ ചുരുക്കം. മേരി നാട്ടീന്ന്‌ വന്നിട്ട്‌ ഞാന്‍ വെക്കേഷന്‍ കഴിഞ്ഞ്‌ തിരിച്ചെത്തിയിട്ട്‌ ഞങ്ങള്‍ മൂഷിക വധം വന്‍ ഹര്‍ഷാരവത്തോടെ ആഘോഷിക്കും.

മറ്റൊരു സന്തോഷവാര്‍ത്ത മൂഷിക്‌ തന്റെ കയ്യൊപ്പു വച്ച ആ പോട്രിയേറ്റ്‌ മദാമ്മച്ചേച്ചിയ്‌ക്ക്‌ വളരെ ഇഷ്ടപ്പെട്ടു. അങ്ങനെ ആയിരം രൂപ എന്റെ പേഴ്‌സില്‍ വന്നു വീഴുകയും ചെയ്‌തു. അതിന്‌ പരേതനായ അല്ല ഞാന്‍ കൊലപ്പെടുത്തിയ മൂഷികനോട്‌ കടപ്പാട്‌

2009, മേയ് 15, വെള്ളിയാഴ്‌ച

വിര്‍ച്വല്‍ റിയാലിറ്റി അഥവാ പ്രതീതി യാഥാര്‍ത്ഥ്യം


അക്ഷരത്തെറ്റുകളില്‍ നിന്ന്‌ എന്നെ
നേര്‍രേഖയിലേയ്‌ക്ക്‌ കൊണ്ടുവരാമെന്ന്‌ പ്രത്യാശിച്ച്‌
ഒരു പാവം മനുഷ്യന്‍
നൂറാവര്‍ത്തി ആലോചിച്ച്‌ എനിക്കൊരു
മെയില്‍ അയച്ചു

ചാറ്റ്‌ വിന്‍ഡോയില്‍
വര്‍ത്തമാനത്തിന്റെ എല്ലാ തലങ്ങളിലും
പോയ്‌ മടങ്ങിയിട്ടും
എന്റെ ഓര്‍മ്മകള്‍ക്ക്‌ മടക്കമില്ലെന്ന്‌ തിരിച്ചറിഞ്ഞ്‌
ഉദ്യമം ഉപേക്ഷിച്ച്‌ അയാള്‍
ഒരു വിര്‍ച്വല്‍ റിയാലിറ്റി മാത്രമായി
വിന്‍ഡോയ്‌ക്കിടയില്‍ മറഞ്ഞുപോയി

ഇതോ ചാറ്റില്‍ക്കേട്ട അതില്‍ക്കണ്ട രൂപവുമായി
സാമ്യമേതുമില്ലാഞ്ഞിട്ടോ എന്തോ പിന്നെ പിന്നെ
ആ വിര്‍ച്വല്‍ മനുഷ്യന്‍ വെറും വിര്‍ച്വലായി മാറിപ്പോയി
അതൊരു വിര്‍ച്വല്‍ റിയാലിറ്റി മാത്രമായിരുന്നു
അഥവാ വെറുമൊരു പ്രതീതി യാഥാര്‍ഥ്യം


താനെന്ന വിര്‍ച്വല്‍ റിയാലിറ്റിയെ
ഈ പെണ്‍കുട്ടി ഒരു റിയാലിറ്റിയാക്കിക്കളയുമോയെന്ന്‌
ഭയന്ന്‌ അയാള്‍ മെയില്‍ തുറന്നിട്ട്‌ ഇന്‍വിസിബിള്‍ ആയി
ചാറ്റെന്ന ഭ്രാന്ത്‌ തലയില്‍ക്കയറി പെണ്‍കുട്ടിയെപ്പോഴും
ചാറ്റ്‌ വിന്‍ഡോകളില്‍ ഇമോട്ടിക്കോണ്‍കൊണ്ട്‌
കളിയാട്ടം നടത്തുന്നു

അതേ വിര്‍ച്വല്‍ റിയാലിറ്റികള്‍ എല്ലാം
ഒരു യാഥാര്‍ത്ഥ്യ പ്രതീതിമാത്രമാണ്‌
വിര്‍ച്വല്‍ റിയാലിറ്റി റിയാലിറ്റിയായപ്പോഴൊക്കെ
ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന്‌
എഴുതപ്പെട്ടിരിക്കുന്നു

അതേ ഇവരൊക്കെ ബുദ്ധിയുള്ളവര്‍തന്നെ
അതി ബുദ്ധിമാന്‍മാരും ബുദ്ധിമതികളും
പ്രതീതി യാഥാര്‍ത്ഥ്യമുണ്ടാക്കി
ഇന്‍ബോക്‌സുകളില്‍ ജീവനില്ലാത്ത
കുറേ മെയിലുകളും
ചാറ്റ്‌ ഹിസ്‌റ്ററിയില്‍ വായിക്കപെടാത്ത
ചില സംസാരങ്ങളുമായി
അവര്‍ ഡിലീറ്റ്‌ ചെയ്യപ്പെടാതെ കിടക്കുന്നു

ഇതിനിടെ യൂസര്‍നെയിമും പാസ്‌വേര്‍ഡും
കട്ടെടുത്ത്‌ നുഴഞ്ഞു കയറുന്നവര്‍ വേറെ
ഈ മെയിലുകളും ചാറ്റ്‌ ഹിസ്റ്ററിയിലെ
വായിക്കപ്പെടാത്ത ചില വാചകങ്ങളുടെ
അര്‍ത്ഥങ്ങളും ചികഞ്ഞല്ലേ അവരും
നുഴഞ്ഞു കയറുന്നത്‌?

2009, മേയ് 10, ഞായറാഴ്‌ച

ഇതെന്റെ അമ്മയ്‌ക്ക്‌


അമ്മ എന്നും അങ്ങനെയാണ്‌ അച്ഛനൊപ്പം തന്നെ ഏത്‌ പതര്‍ച്ചയിലും തളര്‍ച്ചയിലും നിഴലുപോലെ കൂടെനിന്ന്‌ സ്വയം സംഭരിച്ച ധൈര്യം മുഴവന്‍ പകര്‍ന്ന്‌ കൊടുക്കുക. അച്ഛനോടാണ്‌ മാനസികമായി കൂടുതല്‍ അടുപ്പമുള്ളതെന്നുകൊണ്ടുവരെ വളര്‍ച്ചയുടെ ഒരു ഘട്ടംവരെ അമ്മ എന്നില്‍ അത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നില്ല.

എന്നാല്‍ ഡിഗ്രി പഠനകാലത്ത്‌ അസുഖം വന്ന്‌ വീട്ടില്‍ കിടപ്പായസമയത്താണ്‌ അമ്മയിലെ എന്റെ അമ്മയെ ഞാന്‍ തിരിച്ചറിയുന്നത്‌. അനിയന്‍ കുട്ടിയോടാണ്‌ സ്‌നേഹക്കൂടുതലെന്ന്‌ പറഞ്ഞ്‌ ഞാന്‍ വമ്പന്‍ ബഹളം വച്ച ഒരു ദിവസം അമ്മയെന്നോട്‌ പറഞ്ഞ വാക്കുകള്‍.... പലപ്പോഴും അതാലോചിക്കുമ്പോള്‍ എങ്ങനെയെങ്കിലും ഓടി വീട്ടിലെത്തി അമ്മയെ വട്ടം ചുറ്റിപ്പിടിച്ച്‌ ഒരു കറക്കം കറങ്ങണം എന്ന്‌ തോന്നാറുണ്ട്‌.

അമ്മ അന്ന്‌ പറയുകയായിരുന്നു. അവന്‍ ആണ്‍കുട്ടിയാണ്‌ വീട്ടില്‍ വേണ്ടത്ര പരിഗണന കിട്ടിയില്ലെങ്കില്‍ ആണ്‍കുട്ടികളുടെ മനസ്സില്‍ എന്നും അതൊരു മുറിവായിരിക്കും, അവര്‌ വഴിതെറ്റിപ്പോകാന്‍ വേറൊന്നും വേണ്ട, നീ എന്റെ മോളല്ലെ.... ഞാന്‍ തന്നെയല്ലേ.... പിന്നെ നിന്നോട്‌ എന്തിനാണ്‌ ഞാന്‍ പ്രത്യേകമൊരു സ്‌നേഹം കാണിക്കുന്നതെന്ന് അതില്‍പ്പിന്നെ ഒരിക്കലും ഞാനമ്മയുടെ സ്‌നേഹത്തെ അളന്നു തൂക്കിയിട്ടില്ല.

അച്ഛനാണ്‌ അമ്മയുടെ ആത്മാവ്‌ എങ്കിലും അച്ഛനോട്‌ പറയരുതെന്ന്‌ പറഞ്ഞ്‌ ഞാനൊരു കാര്യം പറഞ്ഞാല്‍ അത്‌ എല്ലാ കാലത്തും അമ്മയുടെ മനസ്സില്‍ ഭദ്രമാണ്‌. അച്ഛന്‍ പറയാറുണ്ട്‌ അച്ഛന്റെ എല്ലാ ഐശ്വര്യവും അമ്മയാണെന്ന്‌. ഗള്‍ഫില്‍ ജോലിചെയ്യുന്നതിനിടെ ഉണ്ടായ വിഷമതകള്‍ മുഴുവന്‍ സഹിച്ച്‌ പിടിച്ചുനില്‍ക്കാന്‍ അച്ഛന്‌ കഴിഞ്ഞത്‌ അമ്മയുടെ ഒരു സപ്പോര്‍ട്ട് ‌കൊണ്ട്‌ മാത്രമാണെന്ന്‌. പലപ്പോഴും അവരുടെ സ്‌നേഹവും പരസ്‌പരധാരണയും കണ്ട്‌ ഞാന്‍ അതിശയിച്ചു പോയിട്ടുണ്ട്‌.

എനിയ്‌ക്ക്‌ നല്ല ഓര്‍മ്മയുണ്ട്‌, ഒരിക്കല്‍ ഒരായുഷ്‌കാലം മുഴുവന്‍ ഒരു പുരുഷന്റെ മാത്രം മുഖം കണ്ട്‌ ഉറക്കമുണരുമ്പോള്‍ ബോറടിക്കാറില്ലേ എന്ന്‌ ചോദ്യം ഞാന്‍ ചോദിച്ച്‌ തീരും മുമ്പേ കയ്യില്‍ കിട്ടിയ ചട്ടുകവുമെടുത്ത്‌ അമ്മ എന്റെ പിന്നാലെ ഓടിയത്‌. പിന്നെയാണ്‌ ഹോ ചോദ്യം എത്ര അബദ്ധമായിപ്പോയെന്ന്‌ എനിക്ക്‌ തോന്നിയത്‌.

മക്കള്‍ രണ്ടുപേരും ദൂരത്തായിരിക്കുന്നതിന്റെ വിഷമത്തനിടയിലും അച്ഛനും അമ്മയും ജീവിതം ആഘോഷിക്കുന്നു. എത്ര അകലത്തലായിരിക്കുമ്പോഴും അതാണ്‌ എന്റെയൊരു സമാധാനം. അച്ഛന്‌ അമ്മയും അമ്മയ്‌ക്ക്‌ അച്ഛനും ഉണ്ട്‌.

വീട്ടില്‍ വന്നുപോയിട്ടുള്ള എന്റെ കൂട്ടുകാരെല്ലാം എന്നോട്‌ അസൂയപ്പെടുന്ന ഓരേയൊരു കാര്യം ഇതാണ്‌ അമ്മേടേം അച്ഛന്റേം പ്രേമം, സ്വന്തം അച്ഛന്റെ പിന്തുണയോടെ അമ്മയെ വിളിച്ചിറക്കിക്കൊണ്ടുവരാന്‍ പോയതും പിന്നീട്‌ നാണക്കേട്‌ ഭയന്ന്‌ അമ്മയുടെ അച്ഛന്‍ വാശിവിട്ട്‌ കല്യാണം നടത്തിക്കൊടുക്കാമെന്ന്‌ പറഞ്ഞ കഥയുമൊക്കെ പറയുമ്പോള്‍ അച്ഛനിപ്പോഴും ആ പഴയ ഇരുപതികളിലെത്തുന്നതുപോലെ തോന്നാറുണ്ട്‌.

ഉഗ്രമായ വഴക്കില്‍ അകന്നു കഴിഞ്ഞിരുന്ന രണ്ടു കുടുംബങ്ങള്‍ ആ കല്യാണത്തോടെ ഹൃദയം കൊണ്ട്‌ ഏറ്റവും അടുത്തവരായി. ആര്‍ക്കു കൊടുത്താലും മകളെ സുരേന്ദ്രന്‌ കൊടുക്കില്ലെന്ന്‌ പറഞ്ഞ മുത്തശ്ശന്‌ സുരേന്ദ്രന്‍ പിന്നെ സ്വന്തം മകനേക്കാള്‍ പ്രധാനിയായി. അമ്മേടെ വീട്ടില്‍ എന്തിനും ഏതിനും അച്ഛനില്ലാതെ പറ്റില്ലെന്ന സ്ഥിതിയായി.

അച്ഛന്‌ ഒരു ചെറിയ തലവേദന വന്നാല്‍ അമ്മയ്‌ക്കും, അമ്മയ്‌ക്കൊരു ചെറിയ പനി വന്നാല്‍ അച്ഛനും കാണിക്കുന്ന വെപ്രാളം കണ്ട്‌ എനിക്ക്‌ പലപ്പോഴും തോന്നാറുണ്ടായിരുന്നു. എന്താ ഇപ്പോ ഇത്ര പ്രശ്‌നം ഡോക്ടറെ ചെന്നു കണ്ടാല്‍പ്പോരേന്ന്‌. ഒരിക്കല്‍ ഇക്കാര്യം ഞാന്‍ ചോദിച്ചാ അച്ഛന്‍ പറയുകയായിരുന്നു വളര്‍ന്നുകഴിയുമ്പോ അതൊക്കെ മോള്‍ക്ക്‌ മനസ്സിലാവുമെന്ന്‌.

വിവാഹത്തിന്റെ ഈ മുപ്പതാം വര്‍ഷത്തിലും അവര്‍ പഴയ പ്രണയം അതുപോലെ സൂക്ഷിക്കുന്നുവെന്ന്‌ അച്ഛന്റെ പല കൂട്ടുകാരും പറയാറുണ്ട്‌. അതുകേള്‍ക്കുമ്പോള്‍ എന്റെയുള്ളിലുണ്ടാവാറുള്ള സന്തോഷം എതെങ്ങനെ പറഞ്ഞറിയിക്കുമെന്ന്‌ എനിക്കുതന്നെ അറിയില്ല.

കഴിഞ്ഞ തവണ വീട്ടില്‍ ചെന്നപ്പോള്‍ അമ്മയുടെ കൈ പൊള്ളിയിരിക്കുന്നു. കാര്യം എന്താണന്ന്‌ ചോദിച്ചപ്പോള്‍ അമ്മയും അച്ഛനും ഉരുണ്ടു കളിയ്‌ക്കുന്നു. പിന്നെ മുത്തശ്ശിയാണ്‌ സസ്‌പെന്‍സ്‌ പൊട്ടിച്ചത്‌. അമ്മ വിഷുക്കണിവയ്‌ക്കാന്‍ ഉണ്ണിയപ്പം ഉണ്ടാക്കാനായി മാവ്‌ എണ്ണയിലേയ്‌ക്കൊഴിക്കുമ്പോള്‍ അച്ഛന്‍ വളരേ റൊമാന്റിക്കായി തീര്‍ത്തും അപ്രതീക്ഷിതമായി പിന്നിലൂടെ വന്ന്‌ ഒരു കെട്ടിപ്പിടുത്തം അമ്മയുടെ കയ്യില്‍ നിന്നും മാവും തവിയും എല്ലാം കൂടെ എണ്ണയില്‍ വീണ്‌ പിന്നെ ഒന്നും പറയേണ്ടല്ലോ കയ്യും വയറും ഒക്കെ പൊള്ളി നാശമായി.

ഇടയ്‌ക്ക്‌ ഞാന്‍ വെറുതേ രണ്ടുപേരെയും ശ്രദ്ധിക്കുന്നേയില്ലെന്ന മട്ടില്‍ ഇരിക്കുമ്പോള്‍ ഇങ്ങനെയും മനുഷ്യര്‍ക്ക്‌ പ്രേമിക്കാന്‍ കഴിയുമോ എന്ന്‌ ആശ്ചര്യപ്പെട്ടുപോയിട്ടുണ്ട്‌. ചിലപ്പോഴൊക്കെ നല്ല മുട്ടന്‍ വഴക്കു കഴിഞ്ഞ്‌ ചിലപ്പോള്‍ രണ്ടുപേരും ഉണ്ണാവ്രതം ഒക്കെ അനുഷ്ടിച്ചായിരിക്കും രാത്രി കിടക്കാന്‍ പോകുന്നത്‌.

ഹോ രണ്ടും കൂടി തല്ലുകൂടിച്ചത്തോ എന്നറിയാതെ രാവിലെ കണ്ണും തിരുമ്മി എഴുന്നേറ്റ്‌ അടുക്കളയിലേയ്‌ക്ക്‌ വരുമ്പോ ദേണ്ടെ അമ്മ അച്ഛനോട്‌ കറിയിലെ ഉപ്പു നോക്കാന്‍ പറയുന്നു. അച്ഛന്‍ ചപ്പാത്തി പരത്തുന്നു രണ്ടുപേരേം തറപ്പിച്ചു ഒരു നോട്ടത്തിലൂടെ ഇതെന്തു കഥയെന്നചോദ്യം ചോദിച്ച്‌ ബ്രഷും പേസ്റ്റുമെടുത്ത്‌ ഞാന്‍ അടുക്കളയില്‍ നിന്നും ഇറങ്ങിപ്പോരും. അച്ഛന്റെ മുഖത്ത്‌ അപ്പോഴുണ്ടാകാറുള്ള ചിരിക്ക്‌ നല്ല അസ്സല്‍ ചമ്മലിന്റെ ഒരു ചാരുതയുണ്ട്‌.

വഴക്കിനിടെ അച്ഛന്‍ പലപ്പോഴും പറയുന്ന ഒരു കാര്യമിതാണ്‌ ഹൊ ഇത്രേം വലിയ ഒരു ശല്യത്തെ ഞാന്‍ തലയിലെടുത്ത്‌ വച്ചല്ലോ ആ നേരം കൊണ്ട്‌ സ്വന്തം മുറപ്പെണ്ണിനെ കെട്ടിയാ മതിയായിരുന്നുവെന്ന്‌. കേള്‍ക്കേണ്ട താമസം അമ്മ ചന്ദ്രഹാസമിളക്കിക്കൊണ്ട്‌ പണ്ട്‌ വീട്ടില്‍ നിന്നും വിളിച്ചിറക്കാന്‍ വന്നതിക്കുറിച്ച്‌ പറഞ്ഞ്‌ അച്ഛന്റെ വായടയ്‌ക്കും.

അച്ഛന്റെ മുറപ്പെണ്ണ്‌ ഇപ്പോഴും കല്യാണം കഴിയ്‌ക്കാതിരിക്കുന്നതുകൊണ്ടുതന്നെ അച്ഛന്‍ ആ മുറപ്പെണ്ണിന്റെ പേരു പറയുന്നത്‌ പോലെ അമ്മയ്‌ക്ക്‌ ശുണ്ട്‌ഠിയുണ്ടാക്കുന്ന മറ്റൊരു കാര്യവുമില്ല. ആ മുറപ്പെണ്ണിനെ കെട്ടാന്‍ അച്ഛന്റെ അപ്പച്ചി അച്ഛനോട്‌ പറഞ്ഞപ്പോഴാണത്രേ അച്ഛന്റേം അമ്മേടേം പ്രണയകഥ കുടുംബത്ത്‌ പാട്ടായത്‌. അതോടെ അച്ഛനെ മൗനമായി പ്രണയിച്ച അവര്‍ കല്യാണം വേണ്ടെന്ന്‌ വയ്‌ക്കുകയായിരുന്നുവത്രേ. അച്ഛന്റെ മോളായതുകൊണ്ടായിരിക്കും എന്നോട്‌ വല്യ സ്‌നേഹമാണ്‌ ഒരു മാനസപുത്രി അപ്രോച്ച്‌

പലപ്പോഴും ഇവരുടെ പ്രണയം കണ്ട്‌ അസൂയ തോന്നി ഞാന്‍ രണ്ടുപേരുടെയും ഇടയില്‍ കയറി ഒറ്റയിരിപ്പങ്ങ്‌ ഇരിക്കും. ഇക്കാര്യത്തില്‍ എന്റെ അനിയന്‍ കുട്ടന്‍ വളരെ ഡിപ്ലോമാറ്റിക്‌ ആണ്‌ കേട്ടോ, ഭാവിയില്‍ കല്യാണം കഴിഞ്ഞാല്‍ സ്വന്തം ഭാര്യയ്‌ക്കുനേരെ അമ്മ പോരെടുക്കാതിരിക്കാന്‍ അവന്‍ അമ്മയെ കുപ്പീലാക്കാന്‍ ശ്രമിക്കുന്നതാണെന്നും അറിയില്ല.

ഇടക്കിടയ്‌ക്ക്‌ ഏറ്റവും പുതുതായി റിലീസ്‌ ചെയ്‌ത സിനിമയ്‌ക്ക്‌ വേണ്ടി കാലേക്കൂട്ടി രണ്ടുപേര്‍ക്കുമായി ഓരോ ടിക്കറ്റ്‌ റിസര്‍വ്വ്‌ ചെയ്യും. അപ്രതീക്ഷിതമായി രണ്ടുപേരേം കൂട്ടി പുറത്തെവിടെയെങ്കിലും ഒരു ഡിന്നര്‍ ഇതൊക്കെയാണ്‌ അവന്റെ ഏര്‍പ്പാടുകള്‍.

ആള്‍ക്കൂട്ടത്തിനിടയില്‍വച്ചും റോഡ്‌ മുറിച്ച്‌ കടക്കുമ്പോഴുമൊക്കെ അച്ഛന്‍ അമ്മയെ ചേര്‍ത്തു പിടിക്കുന്നത്‌ കാണുമ്പോള്‍ ചെറുപ്പത്തില്‍ എനിക്ക്‌ നാണക്കേട്‌ തോന്നാറുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അച്ഛന്‍ അമ്മയെ ചേര്‍ത്തുപിടിച്ചില്ലെങ്കില്‍ അച്ഛനിട്ട്‌ ഒരിടി കൊടുക്കാനാണ്‌ എനിക്ക്‌ തോന്നാറുള്ളത്‌. അമ്മയെ ചേര്‍ത്തു പിടിക്കാന്‍ കിട്ടുന്ന ഒരവസരവം അച്ഛന്‍ പാഴാക്കില്ലെന്നത്‌ പിന്നെപന്നെ ഞാന്‍ മനസ്സിലാക്കി എന്തായാലും പുള്ളിക്കാരനും പുള്ളിക്കാരിയും വീട്ടില്‍ സ്വസ്ഥം സുഖം സന്തോഷം.

പ്രണയം തുടങ്ങി ഇന്നേവരെ അമ്മയുടെ ഒറ്റ പിറന്നാളം, വിവാഹവാര്‍ഷികവും മറന്നുപോകാതെ അച്ഛന്‍ സമ്മാനങ്ങള്‍ കൊടുത്തിരിക്കുന്നു അച്ഛന്റെ അനിയന്‍മാര്‍ പറയുന്നത്‌ ഈ ഏട്ടനെ സമ്മതിക്കണം എന്നാണ്‌ ഇവരില്‍പ്പലരും സ്വന്തം വിവാഹദിവസം പോലും ഓര്‍ത്തുവയ്‌ക്കാത്തവരാണെന്നതുകൊണ്ടുതന്നെ ചെറിയമ്മമാര്‍ക്കെല്ലാം അച്ഛന്‍ ഐഡിയല്‍ ഭര്‍ത്താവാണ്‌.

പലപ്പോഴും ഞാനോര്‍ക്കാറുണ്ട്‌. ഇവരില്‍ ആരെങ്കിലും ഒറ്റയ്‌ക്കായിപ്പോകുന്ന ഒരവസ്ഥയെക്കുറിച്ച്‌. ഇരുവരും ആ ശൂന്യതയെ എങ്ങനെ സഹിക്കുമെന്നോര്‍ത്തിട്ട്‌. വേര്‍പാട്‌ സഹിച്ച്‌ ഒരാള്‍ മാത്രം സങ്കടത്തോടെ ജീവിക്കുന്നതോര്‍ക്കുമ്പോഴേ എനിയ്‌ക്ക്‌ നെഞ്ച്‌ കുടുങ്ങുന്ന ഒരു വേദന തോന്നും.

ജീവിതത്തില്‍ പതറിപ്പോയ പലഘട്ടങ്ങളിലും അമ്മയായിരുന്നു എന്റെ താങ്ങ്‌. പുസ്‌കതക്കൂട്ടത്തിലേയ്‌ക്ക്‌ കൈപിടിച്ചു നടത്തി. അടുക്കളയിലെ രുചിഭേദങ്ങള്‍ പറഞ്ഞു തന്ന്‌ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ പഠിപ്പിച്ച്‌ അങ്ങനെ അമ്മയെന്നെ ചേര്‍ത്തു നടത്തി. എന്നിട്ടും ഞാന്‍ തിരിച്ച്‌ നല്‍കിയത്‌ പലപ്പോഴും അമ്മയുടെ സ്വപ്‌നങ്ങളെ കരിയിച്ചു കളയുന്ന പലതുമായിരുന്നു.

മകളെ ഒരു പിഎച്ച്‌ഡിക്കാരിയാക്കണമെന്ന്‌ അമ്മ സ്വപ്‌നം കണ്ടപ്പോള്‍ ഞാന്‍ പോയത്‌ മറ്റൊരു വഴിക്ക്‌. പിന്നെ എന്നോ ഒരിക്കല്‍ നിരാശയോടെ അമ്മയിക്കാര്യം പറഞ്ഞപ്പോള്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്‌ എങ്കിലും എഴുതിയെടുക്കുക എന്നതായിരുന്നു എന്റെ മുന്നിലുള്ള ഒരേയൊരു വഴി. യുജിസി സര്‍ട്ടിഫിക്കറ്റ്‌ കൊണ്ടുചെന്ന്‌ കയ്യില്‍ കൊടുത്തപ്പോള്‍ അമ്മയെന്നെ ചേര്‍ത്തു പിടിച്ച്‌ നെറ്റിയില്‍ത്തന്ന മുത്തത്തിന്‌ എന്നത്തേതിലും തണുപ്പും നനവുമുണ്ടിയിരുന്നു. അച്ഛന്റെ മനസ്സിലെ വിളക്കായി, വീടിന്റെ നാദമായി, മുത്തശ്ശിയുടെ താങ്ങായി എന്റെയും അനിയന്റെയും അവകാശമായി ഞങ്ങളുടെ അമ്മ.

എവിടെനിന്നും ആശ്വാസം കിട്ടുന്നില്ലെന്ന്‌ തോന്നുന്ന അവസരങ്ങളിള്‍ ഇപ്പോഴെനിക്ക്‌ എന്റെ അമ്മയുടെ നെഞ്ചില്‍ച്ചേര്‍ന്ന്‌ കരഞ്ഞുതീര്‍ക്കാം. കാരണം എന്തെന്ന്‌ അമ്മയെന്നോട്‌ ചോദിക്കില്ല. എന്റെ ഇടര്‍ച്ചകളും പതര്‍ച്ചകളും അമ്മയറിയുന്നു. അമ്മ കാത്തിരിക്കുകയാണ്‌ വേദനകളില്‍ നിന്നും മുക്തി നേടി ഞാന്‍ പഴയപോലെ ബഹളക്കാരിയായി നടക്കുന്ന ആ കാലത്തിന്‌ വേണ്ടി.

2009, മേയ് 6, ബുധനാഴ്‌ച

വലനെയ്യുന്നവര്‍


മഴപ്പാറ്റകള്‍ വിളക്കിന്‌ ചുറ്റും പറന്നു തുടങ്ങിയപ്പോഴാണ്‌ ഇന്നലെയും മഴപെയ്‌തിരുന്നുവെന്ന കാര്യം ഞാന്‍ അറിയുന്നത്‌. ഇപ്പോഴിങ്ങനെയാണ്‌ ഒരു പാട്‌ മോഹിച്ച്‌ കാത്തിരിക്കുമ്പോള്‍ നേര്‍ത്ത തണുപ്പുകൊണ്ട്‌ പുതപ്പിച്ചുറക്കി മഴ പലപ്പോഴും എന്റെ കണ്ണുകളെ പറ്റിച്ച്‌ രാവിന്റെ ഓരങ്ങളിലൂടെ ഒളിച്ചുപോവുക പതിവായിരിക്കുന്നു.

പണ്ടൊക്കെയായിരുന്നുവെങ്കില്‍ അവരുണ്ടായിരുന്നു. ഉറക്കില്‍നിന്നുണര്‍ത്തി നിക്ക് മഴകാണിച്ചുതരാന്‍. മഴത്തുള്ളികളുടെ തിളക്കം എനിക്കുവേണ്ടി വലകളില്‍ സൂക്ഷിച്ചുവയ്‌ക്കാന്‍. പക്ഷേ ഇപ്പോള്‍ ഉണരുമ്പോള്‍ ജാലകങ്ങള്‍ക്കപ്പുറം മരങ്ങളുടെ തനിയാവര്‍ത്തനങ്ങള്‍ മാത്രം. ഇതില്‍ നിന്നുമാത്രമാണ്‌ ഞാനിപ്പോള്‍ മഴയെ അറിയുന്നത്‌.

മഴ കഴിഞ്ഞെത്തുന്ന മഴപ്പാറ്റകള്‍ മാത്രമാണ്‌ ഇപ്പോള്‍ മഴയെക്കുറിച്ച്‌ രണ്ടക്ഷരം മിണ്ടുന്നത്‌. ഒരു മഴക്കാലത്താണ്‌ ഞാനവരെ, എന്റെ കൂട്ടുകാരെ കണ്ടെത്തുന്നത്‌. ആദ്യമാദ്യമൊന്നും ഞാനവരെ അങ്ങനെ ശ്രദ്ധിച്ചിരുന്നേയില്ല. പകരം മഴത്തുള്ളികളും പാറ്റച്ചിറകുകളും വീണ്‌ ഇളവെയിലില്‍ തിളങ്ങുന്ന അവരുടെ വലകള്‍ മാത്രമേ ശ്രദ്ധയില്‍പ്പെട്ടിരുന്നുള്ളു.

എന്തൊരു ചാരുതയായരുന്നു അവയ്‌ക്ക്‌. ഈ വലകള്‍ അവര്‍ നെയ്യുന്നതാണത്രേ, ഇര പിടിക്കാന്‍വേണ്ടി. ഇരയെയും കാത്ത് വലകളില്‍ ചാഞ്ചാടി നേര്‍ത്ത മയക്കത്തില്‍ കഴിയാനാണത്രേ അവര്‍ക്കിഷ്ടം. ഇവരില്‍ ഏറെ കഷ്ടം പിതാക്കന്മാരുടെ കാര്യമാണ്‌. അവരങ്ങനെയാണത്രേ പുതിയ തലമുറയ്‌ക്കുവേണ്ടി രക്തസാക്ഷിത്വം വരിക്കുന്നവര്‍. അവസാനം ജന്മം നല്‍കിയതിന്റെ ശേഷിപ്പുകളായി പഴയ വകളിലും ഉത്തരങ്ങലിലും തൂങ്ങിക്കിടക്കാന്‍ വിധിക്കപ്പെട്ടവരാണവര്‍.

അതിലവര്‍ക്ക്‌ ഒരു പരാതിയും ഇല്ലെന്നാണ്‌ പറയുന്നത്‌. ഉണ്ടെങ്കില്‍ത്തന്നെ അതാരോട്‌ പറയാനാണെന്ന്‌ അവര്‍ ചോദിക്കാതെ ചോദിക്കുന്നു. ഇങ്ങനെ നടക്കുന്നിടത്തും ഇരിക്കുന്നിടത്തുമെല്ലാം പതിയെ പതിയെ അവരുടെ സാന്നിധ്യം. പിന്നെപ്പിന്നെ ഞങ്ങള്‍ പതിയെ കൂട്ടുകാരായി. നേര്‍ത്ത വെള്ളിനൂലുകള്‍ ചേര്‍ത്ത്‌ അവര്‍ വലനെയ്‌തെടുക്കുന്നത്‌ എത്ര ഞാന്‍ നോക്കി നിന്നിരിക്കുന്നു.

എന്തൊര്‌ ഏകാഗ്രതയാണവര്‍ക്ക്‌. ആ ഏകാഗ്രത കാണുമ്പോള്‍ ഞാന്‍ ആരെയൊക്കെയോ ഓര്‍ത്തുപോകാറുണ്ട്‌. വെറുതെ ഇരിക്കുന്ന ചില നേരങ്ങളില്‍ ചിന്തകളില്‍ അവന്‍ ആരെയോ ഓര്‍ത്ത്‌ വലനെയ്യുമായിരുന്നു. ആ വലക്കണ്ണികള്‍ക്കിടയില്‍ അവന്‍ മരുഭൂമികളും വേണുഗാനവും കണ്ണീരും സൂക്ഷിച്ചുവച്ചിരുന്നു.

ഇങ്ങനെ ചിന്തകള്‍ കൊണ്ട്‌ വലനെയ്‌ത്‌ അവനെന്നെ ചങ്ങലയ്‌ക്കിടുമ്പോള്‍ അവരുടെ ഇടയില്‍ നിന്നാരോ ഇറങ്ങിവരുന്നു. അതവളായിരുന്നു........... എന്റെ എട്ടുകാലിപ്പെണ്‍കൊടി............ ചിന്തകള്‍ വഴിതെറ്റുന്ന ഇടനേരങ്ങളില്‍ എനിയ്‌ക്കമ്മയും അമ്മൂമ്മയും ആയിരിക്കുന്നവള്‍, നക്ഷത്രത്തിളക്കമുള്ള കണ്ണുകളോടെ അവള്‍ അടുത്തിരിക്കുമ്പോള്‍ ഞാന്‍ ലോകത്തെ വിസ്‌മരിക്കുന്നു.

ഇങ്ങനെ നോക്കിയും കണ്ടും ഞാനുമെന്റെ എട്ടുകാലിക്കൂട്ടരും ഏറെ അടുത്തിരിക്കുന്നു. എത്രയോ മുമ്പേതന്നെ വീടിന്റെ ഉത്തരത്തില്‍ തൂങ്ങിക്കിടന്ന്‌ അവരെന്നെ കാണാറുണ്ടായിരുന്നുവത്രേ. ഞാനതിശയിച്ചുപോയി. ഇപ്പോള്‍ എന്റെ കാഴ്‌ചയിലും കാണാമറയത്തും അവര്‍ നിരന്നു നില്‍ക്കുന്നു. പാതിരാവോളം സിദ്ധാന്തങ്ങളെന്ന കീറാമുട്ടിയുമായി മലക്കം മറിഞ്ഞ്‌ തളരുമ്പോള്‍ വെള്ളിനൂലുകള്‍ ചേര്‍ത്തു തുന്നിയ നനുത്ത വലനൂലുകള്‍ കൊണ്ട് അവരെനിക്ക്‌ തൊട്ടിലുണ്ടാക്കുന്നു.

ഞാനുണരാതിരിക്കാന്‍ അവര്‍ ഘടികാരസൂചികള്‍പോലും വലകെട്ടി നിശ്ചലമാക്കുമായിരുന്നു. പിന്നെ ചില ഇടവേളകളില്‍ തട്ടിന്‍പുറത്തെ തുറന്ന അരങ്ങില്‍ അവര്‍ സംവാദങ്ങള്‍ നടത്തുന്നു. ഉത്തരാധുനികത, അത്യുത്തരാധുനികത, ലെവിസ്‌ട്രോസ്‌, ദെറിത, ഘടനാവാദം എല്ലാം വിഷയങ്ങള്‍. ചിലപ്പോഴൊക്കെ ഞാനും ചെന്നിരിക്കാറുണ്ട്‌. ഉത്തരാധുനികതയില്‍ അവര്‍ക്ക്‌ വലനെയ്യാന്‍ ഉത്തരങ്ങള്‍ ഇല്ലാതാവുമത്രേ. അത്യുത്തരാധുനികതയില്‍ അവര്‍ വീടുകള്‍ വിട്ട്‌ പുതിയ സങ്കേതങ്ങള്‍ തേടേണ്ടിവരുമെന്നും പ്രവചനമുണ്ടത്രേ.

അവരുടെ വാദങ്ങളും പ്രതിവാദങ്ങളും പലപ്പോഴും എനിക്ക്‌ മനസ്സിലായില്ല. അത്‌ ഒരു ഉത്തരാധുനിക കലാസൃഷ്ടിയെപ്പോലും തോല്‍പ്പിച്ചുകളയുന്നു. അല്ലെങ്കിലും ഉത്തരാധുനികതിയില്‍ എല്ലാവരും അങ്ങനെയല്ലേ മറ്റുള്ളവര്‍ക്ക്‌ മനസ്സിലാകാത്ത കാര്യങ്ങള്‍ മാത്രമേ പറയൂ എന്ന്‌ ശാഠ്യം പിടിക്കുന്നവര്‍.

എന്തൊക്കെയായാലും ചിലപ്പോള്‍ എന്റെ കൂട്ടുകാര്‍ മഹാ വികൃതികളാണ്‌. വിളമ്പിവച്ച ഊണില്‍ ചാടിവീഴുക. നടവഴികളില്‍ വല നെയ്‌ത്‌ വയ്‌ക്കുക. ഈ വലകള്‍ കണ്ണില്‍ കുരുങ്ങി ഞാനെത്ര വട്ടം ഉരുണ്ടു വീണിരിക്കുന്നു. ദേഷ്യംവന്ന്‌ തല്ലിയോടിക്കാന്‍ ചൂലുമായി ചെല്ലുമ്പോള്‍ നേര്‍ത്ത വലനൂലുകളില്‍ തൂങ്ങി തെന്നിത്തെന്നി അവരെനിക്ക്‌ സമ്മാനങ്ങള്‍ തരുന്നു. എട്ടുകാലിപ്പിതാക്കന്മാരുടെ തിരുശേഷിപ്പുകള്‍............ അവരെന്നോട്‌ പറയുന്നു അതുകൊണ്ട്‌ നല്ലൊരു കൊളാഷ്‌ നിര്‍മ്മിച്ച്‌ സ്വീകരണമുറിയില്‍ തൂക്കിയിടാന്‍.

ദേഷ്യം മറന്ന്‌ അവ കയ്യും നീട്ടി വാങ്ങുമ്പോള്‍ അവരുടെ കണ്ണില്‍ സ്‌നേഹത്തിന്റെ നീര്‍ത്തിളക്കം എനിയ്‌ക്കാകട്ടെ അറിയിക്കാന്‍ കഴിയാത്ത ആത്മനിന്ദയും. രാത്രികാല സംവാദങ്ങള്‍ക്കിടെ ഒരു ദിവസം വലനെയ്‌ത്ത്‌ പഠിപ്പക്കാമോ എന്ന്‌ ഞാന്‍ ചോദിച്ചപ്പോള്‍ കാതടപ്പിക്കുന്ന കൂട്ടച്ചിരിയായിരുന്നു മറുപടി. ആകെ നാണം കെട്ടുപോയി. എങ്കിലും എന്റെ പിടിവാശിക്കുമുന്നില്‍ അവര്‍ നിലംപരിശായി.

എന്നിട്ടും എന്നെ പിന്തിരിപ്പിക്കാന്‍ അവര്‍ ഓരോന്ന്‌ പറഞ്ഞുകൊണ്ടിരുന്നു. വലനെയ്യാന്‍ മുടിയിഴകളേക്കള്‍ നേര്‍ത്ത നൂലുകള്‍ വേണമെന്ന്‌ പിന്നെ ഏകാഗ്രത, കുഞ്ഞുമുള്ളുകളുള്ള എട്ട്‌ കാലുകള്‍ അങ്ങനെ പലതും. പക്ഷേ ഞാന്‍ പിന്മാറിയില്ല ഒരു വൈകുന്നേരം കിണറ്റുകയറുമായി ഞാന്‍ തട്ടിന്‍പുറത്ത്‌ ചെന്നു. അപ്പോഴും പഴയ അതേ കൂട്ടച്ചിരി. അവസാനം വലനെയ്യാനുള്ള നൂലുകളും താരമെന്ന്‌ അവര്‍തന്നെ ഏറ്റു.

ഇനി ഏകാഗ്രത കൂടുതല്‍ ഏകാഗ്രത കിട്ടണമെങ്കില്‍ തലകുത്തി നില്‍ക്കണമത്രേ. അത്രയല്ലേ വേണ്ടൂ ഭാരിച്ച ശരീരത്തെ തലയില്‍ത്താങ്ങി ഹാവൂ!!!!!!!!!!!!!!! ഏകാഗ്രത ഒരുവിധം കൈവെള്ളയിലായി!!!!!!!!!!!. ക്രമേണ തടസ്സങ്ങളെല്ലാം നീങ്ങി. അവരെന്നെ വലനെയ്യാന്‍ പടിപ്പിക്കുന്നു. പഠനം രാവേറും വെരെ നീളുന്ന പരിശീലനം. ആദ്യമാദ്യം ഒന്നു തൊടുമ്പോഴേയ്‌ക്കും വലനൂലുകള്‍ പൊട്ടപ്പോകുന്നു.

എങ്കിലും അവര്‍ ക്ഷമയോടെ അധ്യയനം നടത്തുന്നു. പാഠശാലയിലെ വിശ്വവിജ്ഞാനികളെല്ലാം എവിടെയോ പോയി ഒളിക്കുന്നു. ഞാനാവട്ടെ വലനെയ്‌ത്തിന്റെ മാസ്‌മരികമായ ഏകാന്തതയില്‍ സ്വയം മറക്കുന്നു. അവര്‍ ഇടക്കിടെ പറയാറുണ്ട്‌. ഇങ്ങനെ വലനെയ്‌ത്‌ കാലം കഴിക്കരുതെന്ന്‌. കാലത്തിന്‌ കുറുകേ നടക്കണമെന്ന്‌. നടന്നില്ലെങ്കില്‍ എന്താവും എന്ന്‌ ചോദിച്ചാല്‍ മടുപ്പിക്കുന്ന നിശ്ശബ്ദതമാത്രം.

ഒരിക്കല്‍ ഞാന്‍ സ്വയംമറന്ന്‌ സന്തോഷിച്ചിരുന്നു. എന്റെ പൂന്തോട്ടത്തില്‍ വസന്തം വന്നെന്ന്‌ ഞാന്‍ എല്ലാവരോടും വിളിച്ചുപറഞ്ഞു. പക്ഷേ പിന്നീടാണ്‌ അറിഞ്ഞത്‌ ആ വസന്തം വഴിതെറ്റിക്കയറിയതായിരുന്നുവെന്ന്‌. എന്റെ കൂട്ടുകാര്‍ പറഞ്ഞു വഴിതെറ്റിക്കയറിയ ആ വസന്തത്തെ പോകാന്‍ അനുവദിക്കണമെന്ന്‌. വഴിതെറ്റിക്കയറിയവരെ എന്തിന്‌ ബുദ്ധിമുട്ടിക്കണമെന്ന്‌ കരുതി ഞാനാ വസന്ത ഋതുവിന് ഒരു വമ്പന്‍ യാത്രയയപ്പ്‌ നല്‍കി.

അന്നുമുതല്‍ ഋതുപ്പകര്‍ച്ചകളെ ഞാന്‍ ആഗ്രഹിക്കാറേയില്ല. തോട്ടത്തിലെ പൂക്കുന്ന ചെടികളെല്ലാം വെട്ടിക്കളഞ്ഞ്‌ ഞാന്‍ പൂക്കാത്ത പാഴ്‌ച്ചെടികള്‍ വച്ചു പിടിപ്പിച്ചു. വസന്തം ഇനിയും വഴിതെറ്റിക്കയറാതിരിക്കാന്‍ ഞാനെന്റെ എട്ടുകാലിക്കൂട്ടരെ കാവല്‍മാലാഖമാരാക്കി. ചെയ്യുന്ന ജോലിക്ക്‌ അവര്‍ ബോണവും അലവന്‍സും ചോദിച്ചാല്‍? വലനെയ്യാനായി അവര്‍ക്കെന്റെ മുടിയിഴകള്‍ നല്‍കാം.

വലനെയ്‌ത്‌ നെയ്‌തു കാലമേറെക്കഴിഞ്ഞിരിക്കുന്നു. അവര്‍ പറയുന്നു ഇപ്പോള്‍ ഞാനൊരുവിധം നന്നായി വിലനെയ്യുമെന്ന്‌. എന്നിട്ടും വലനെയ്‌ത്തിന്റെ ഏതോ ഒരു പടവ്‌ അവര്‍ എന്നില്‍ നിന്നും മറച്ചുപിടിക്കുന്നു. എങ്കിലും അവസാനം എനിക്കാ ഘടകവും വെളിപ്പെട്ടു. ഇനിയവരെന്ത്‌ ഒളിച്ചുവയ്‌ക്കാനാണ്‌.

ഇന്ദ്രിയങ്ങളുടെ കവാടങ്ങളിലെല്ലാം വലനെയ്‌തുവയ്‌ക്കാം. എങ്കിലും ഇളം കാറ്റില്‍പ്പോലും വലകളിളകി അതിന്റെ പഴുതിലൂടെ ഭൂതവും വര്‍ത്തമാനവും ശക്തമാകുന്നു. ഭാവിമാത്രം തിരിച്ചറിവുകള്‍ തേടാതെ......... ഒരു വേള കാറ്റുനിലയ്‌ക്കുമ്പോള്‍ എല്ലാം വീണ്ടും ഭദ്രം. ഇതിനിടെ സ്വര്‍ഗത്തില്‍ നിന്നും വിടപറഞ്ഞ പ്രിയ്യപ്പെട്ടവര്‍ വന്നു വിളിച്ചു.

സ്വര്‍ഗത്തിലെ കൊതുകു കടിയില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ക്ക്‌ വലകള്‍ വേണമെന്ന്‌. അവര്‍ക്കായി ഞാന്‍ പഠിച്ച വിദ്യയുടെ സാങ്കേതികതയെ മാറ്റിമറിച്ചു. കൂട്ടുകാര്‍ ഭയന്നുപോയെന്നു തോന്നുന്നു. എങ്കിലും വകളെല്ലാം വിറ്റുപോയി, അതിനിടെ സ്വര്‍ഗത്തിനെക്കുറിച്ച്‌ ചോദിക്കാന്‍ ഞാന്‍ മറക്കുകയും ചെയ്‌തു.

പിന്നെ വീണ്ടും വേനല്‍മഴ കഴിഞ്ഞ്‌ മഴക്കാലം വന്നു. ഞാന്‍ വലനെയ്യാതായി, കൂട്ടുകാരില്‍പ്പലരും ഉത്തരങ്ങളില്‍ത്തൂങ്ങിക്കിടന്നു. ഇടക്ക്‌ ഞാന്‍ വീണ്ടും ചിന്തകളുടെ കുന്നുകള്‍ കയറി താഴ്‌ വാരങ്ങളിലൂടെ നദികള്‍കടന്ന് നിസ്സീമമായ കടല്‍ക്കരയില്‍. അതറിഞ്ഞ്‌ അവരിങ്ങിവന്നു. ചിന്തകളാല്‍ ചൂടുപിടിക്കുന്ന എന്റെ മസ്‌തിഷ്‌കത്തെ വീശിത്തണുപ്പിച്ച്‌ അവര്‍ ഉറക്കമിളച്ചിരിക്കുന്നു.

വലനെയ്‌ത്‌ ഞാന്‍ നിശ്ചലമാക്കിയ ഘടികാരസൂചികളില്‍ നിന്നും അവര്‍ വലകള്‍ പറിച്ചുമാറ്റുന്നു , പിന്നെ പതിയെ എന്റെ കണ്ണുകളില്‍ നിന്നും അവര്‍ വലകള്‍ എടുത്തുമാറ്റിക്കൊണ്ടിരിക്കുന്നു എനിക്ക്‌ മുറിയാതിരിക്കാന്‍ അവരേറെ ശ്രമിച്ചിരുന്നു. എന്നിട്ടും പലേടത്തും ചെറിയ ചെറിയ നീറ്റല്‍, ആ മുറിവുകള്‍ പഴുത്ത്‌ വ്രണമാവാതിരിക്കാന്‍ അവര്‍ ഉള്ളട്ടക്കരികള്‍ കൊണ്ടുവന്ന്‌ ഔഷധമാക്കുന്നു. അങ്ങനെ കാഴ്‌ചയിലെ മങ്ങല്‍ മാറി. അക്ഷരത്തെറ്റുകളില്‍ നിന്നും ഞാന്‍ പതിയെ ചിന്തയുടെ നേര്‍രേഖയിലേയ്‌ക്ക്‌.

ഇപ്പോള്‍ എനിക്ക്‌ കാണാം കൊടും താപമായി അരികിലുണ്ടായിരുന്ന ഒരു രൂപം പതിയെ തിരിച്ചു നടക്കുന്നത്‌. മഞ്ഞുമലകള്‍ താണ്ടി കാണാമറയത്താവുന്നത്‌. അസ്വാഭാവികതയുടെ നിഴലാട്ടം കഴിഞ്ഞ്‌ എന്നെ തിരികെയേല്‍പ്പിച്ച്‌ അവര്‍ വിടപറയാനൊരുങ്ങുന്നു. ഞാനെങ്ങനെയാണ്‌ വിട നല്‍കേണ്ടത്‌? ഇനിയെനിക്കാരാണ?യാത്രയാക്കാന്‍ വയ്യെന്ന്‌ പറയുമ്പോള്‍ അവര്‍ ഒരുമിച്ച്‌ പറയുന്നു.

ഞങ്ങളിനിയും വരും ചിന്തികള്‍ക്ക്‌ ചൂടുപിടിച്ച്‌ നീ തളരുന്പോള്‍ നേര്‍ത്ത വലകളുമായി സ്വീകരിയ്‌ക്കാന്‍. മതി അത്രയും മതി, എനിക്ക്‌ കാത്തിരിക്കാമല്ലോ. ഇനിയവര്‍ പോകുന്നത്‌ എന്റെ കൂട്ടുകാരനടുത്തേയ്‌ക്കാണ്‌ നനുത്ത തൂവലുകളാല്‍ അവന്‌ കളിത്തൊട്ടിലൊരുക്കാന്‍, നൂലുകളാല്‍ മഴമേഘങ്ങളെ കെട്ടിവലിച്ച്‌ കൊണ്ടുവന്ന്‌ അശാന്തമായ അവന്റെ ഭൂരൂപങ്ങളില്‍ മഴപെയ്യിക്കുവാന്‍

പിന്നെ ഏറെനാള്‍ ഞാനൊറ്റക്കായിരുന്നു. അവര്‍ പറഞ്ഞതുപോലെ ഞാന്‍ ആകുലതകളെ വാക്കുകളും വാചകങ്ങളുമാക്കുന്നു. ഇതിനിടെ മഴ നനഞ്ഞു വന്നവര്‍ പറഞ്ഞു. പുതിയ ദൗത്യത്തില്‍ അവര്‍ വിജയം കൈവരിച്ചെന്ന്‌. അസ്‌പഷ്ടതകളില്‍ നിന്നും അവനെപ്പിടിച്ച്‌ ജീവിതത്തിന്റെ സ്‌പഷ്ടമായ വഴിത്താരകളില്‍ കെട്ടിയിട്ട്‌ നക്ഷത്രങ്ങളെ കാവലാക്കിയെന്ന്‌.

മഴപെയ്‌തുപടരുന്ന അവന്റെ മരുഭൂമികളിലേയ്‌ക്ക്‌ ഞാനെന്റെ വസന്തത്തെ ഇഷ്ടദാനം നല്‍കുന്നു. പോവുന്നതിന്‌ മുമ്പ്‌ എട്ടുകാലിക്കൂട്ടരെനിക്ക്‌ മുമ്പില്‍ ഒരു ലക്ഷ്‌മണരേഖ വരച്ചിട്ടിരുന്നു. നിഴലുകളുമായി ഞാന്‍ കണ്ണുപൊത്തിക്കളിക്കാതിരിക്കാന്‍ പലപ്പോഴും ഞാനത്‌ മറികടന്നുപോയി, എങ്കിലും ഇപ്പോള്‍ നിഴലുകളും മുഖം മൂടികളും കണ്ട്‌ ഞാന്‍ ഭയപ്പെടാറില്ല മോഹിക്കാറുമില്ല.

ഇപ്പോള്‍ ഉത്തരങ്ങളിലൊന്നും അവരെക്കാണാറേയില്ല. ഇടക്ക്‌ നടവഴികളിലെ ചെടികളില്‍ച്ചിലതില്‍ കണ്ടെങ്കിലായി. എങ്കിലും ഉത്തരാധുനികതയില്‍ അവര്‍ക്ക്‌ വലനെയ്യുവാനായി ഞാനെന്റെ വീടിന്റെ ഉത്തരങ്ങള്‍ പൊളിക്കാതിട്ടിരിക്കുന്നു. അതില്‍ തലകീഴായിക്കുന്ന അവരോട്‌ എനിക്ക്‌ സംവദിക്കാന്‍.

അനാദികാലത്തോളം അവരെയും കാത്ത്‌ ഞാനിരിക്കും. ജന്മാന്തരങ്ങളിലെവിടെയോ നഷ്ടപ്പെട്ട പ്രിയ്യപ്പെട്ടവര്‍ക്കായിട്ടെന്നപോലെ. ഇനിയും എന്റെ ചിന്തകള്‍ക്ക്‌ തീപിടിച്ചെങ്കില്‍ അസ്‌പഷ്ടതയുടെ കാണാക്കയങ്ങളിലേയ്‌ക്ക്‌ ഞാന്‍ വീണുപോയെങ്കില്‍.......എങ്കിലവര്‍ വരുമായിരുന്നു നേര്‍ത്ത വലനൂലുകളുമായി. ഇനി വലനെയ്യാന്‍ ഇടമില്ലാഞ്ഞിട്ടാണെങ്കില്‍ അവരെന്റെ മുടിയിഴകളില്‍ കയറി വസിച്ചുകൊള്ളട്ടെ......