2009, ഫെബ്രുവരി 28, ശനിയാഴ്‌ച

ചിതറിപ്പോയ നിന്‍റെ ചിത്രം



അമ്മ വിളന്പിത്തന്ന ചോറ്
കണ്ണീരിന്‍റെ തിളക്കത്തില്‍ അതില്‍ നിന്‍റെ മുഖം തെളിയുന്നു
ഒന്നുറക്കെ കരയാന്‍ കഴിയാതെ
കരച്ചില്‍ എന്‍റെ തൊണ്ടയെ പിളര്‍ക്കുന്നു

ചോറില്‍ തറ, പറ വരച്ച് തലകുനിച്ച് ഞാനിരുന്നു
പിന്നില്‍ നിന്നും അമ്മയുടെ കൈ
എന്‍റെ ശിരസ്സില്‍ തൊട്ട് പതിയെ ചുമലിലേയ്ക്ക്
വീണ്ടുമെന്‍റെ മുടിയിഴകളില്‍ തഴുകി
നെറ്റിയില്‍ വിരലുകളമര്‍ത്തി

വീണ്ടും പാത്രത്തിലെ‍ ചോറില്‍ നിന്‍റെ ചിത്രം
കറിയ്ക്ക് നിന്‍റെ ചുംബനത്തിന്‍റെ സിഗരറ്റുചുവ
ഓക്കാനം വന്നു ഞാന്‍ എഴുന്നേല്‍ക്കാനോങ്ങി
അമ്മ പിടിച്ചിരുത്തി, മുഴുവന്‍ കഴിയ്ക്കാന്‍

അവസാനം കരച്ചില്‍ വന്നടഞ്ഞ തൊണ്ടയെ
വേദനിപ്പിച്ചുകൊണ്ട് ഞാന്‍ വറ്റുകളെ ചവയ്കാതെ വിഴുങ്ങി
ഒഴിഞ്ഞ പാത്രത്തിലേയ്ക്ക് എന്‍റെ കണ്ണില്‍ നിന്നും
നിന്‍റെ രൂപം അടര്‍ന്നുവീണു ചിതറി

എന്‍റെ കണ്ണീരില്‍ കുതിര്‍ന്ന നിന്‍റെ ചിത്രം
ചിതറിയ നിന്‍റെ കഷണങ്ങള്‍
അമ്മ കാണാതെ ചേര്‍ത്ത് ഞാന്‍ ചില്ലിട്ടുവച്ചു
അവസാനം നെഞ്ചിന്‍റെ ഭിത്തിയില്‍ ആണിയടിച്ച് തൂക്കിയിട്ടു

ഇപ്പോള്‍ നീ അവിടെക്കിടന്ന് ചെറുകാറ്റില്‍പ്പോലും ആടുന്നു
സിഗരറ്റില്ലാതെ മദ്യമില്ലാതെ നീ ശുഷ്കിച്ചുപോയിരിക്കുന്നു
ഇത് നിനക്കുള്ള എന്‍റെ വിധിയാണ്

ചിത്രമിളകിപ്പോരുന്പോള്‍ ആണി വീണ്ടും വീണ്ടും ഞാനാഞ്ഞു തറയ്ക്കുന്നു
ചുടുചോര തൂവുന്നത് നിനക്ക് കാണാമോ, രുചിയ്ക്കാമോ
കാണാം.... അതുകണ്ട് നിന്‍റെ മുഖം അറപ്പാല്‍ ചുളിയുന്നു
അത് കണ്ട് ആത്മനിന്ദകൊള്ളാന്‍ എനിക്ക് അഭിമാനം തോന്നുന്നു

2009, ഫെബ്രുവരി 26, വ്യാഴാഴ്‌ച

എന്റെ കൂട്ടുകാരി ഇരട്ടപ്രസവിച്ചു!!!!!





ഇരട്ടകള്‍ ജനിക്കണേയെന്ന്‌ പ്രാര്‍ത്ഥിച്ച്‌ സ്വന്തം വീട്ടിലും അടുത്തവീട്ടിലും ഉണ്ടാകുന്ന ഇരട്ടപ്പഴങ്ങള്‍ മുഴുവന്‍ തട്ടിയെടുത്ത്‌ കഴിച്ച എന്റെ കൂട്ടുകാരി ഒടുവില്‍ ഇരട്ടപ്രസവിച്ചു.  ഫെബ്രുവരി ഒന്‍പതിന്‌ നൂലുപോലെ മെലിഞ്ഞ അവള്‍ ഇരട്ട ആണ്‍കുട്ടികളെ പ്രസവിച്ചുവെന്ന അവന്റെ എസ്‌എംഎസ്‌ വായിച്ച്‌ ഞാന്‍ ആകെ പരവേശപ്പെട്ടുപോയി.

രണ്ടുപേരേം കൂടി എങ്ങനെ മാനേജ്‌ ചെയ്യുമെന്നതായിരുന്നു ഞാനാലോചിച്ചത്‌. കുട്ടികള്‍ക്ക്‌ കുപ്പായങ്ങളും വാങ്ങി ഞാന്‍ അവളെ കാണാന്‍ പോയി. അമ്മയായതിന്റെ നിര്‍വൃതി അവളുടെ മുഖത്ത്‌ അച്ഛനായതിന്റെ അഭിമാനത്തില്‍ അവനും. അവര്‍ രണ്ടുപേരും ചേരന്ന്‌ മക്കളെ കൊച്ചുണ്ടാപ്രിയെന്നും കിച്ചുണ്ടാപ്രിയെന്നും വിളിച്ചു.......ജനനസര്‍ട്ടിഫിക്കറ്റിലെ പേര്‌ സഫ്‌ദര്‍ ലാല്‍, ഷാവേസ്‌ ലാല്‍ എങ്ങനെ അടിപൊളിയല്ലേ???????

2009, ഫെബ്രുവരി 23, തിങ്കളാഴ്‌ച

ഒരു വാക്ക്

വാക്ക്, ചിലപ്പോള്‍ ചീഞ്ഞു നാറുന്ന
ചിലപ്പോള്‍ സുഗന്ധം പരത്തുന്ന
വാക്കെന്നെ ജീവിപ്പിക്കുന്നു
ചിലനേരങ്ങളില്‍ ഉള്ളില്‍ കൊളുത്തിവലിച്ച്
ചില നേരങ്ങളില്‍ വിശ്വാസത്തില്‍ വഴുക്കാതെ
വാക്കെന്നെ കാക്കുന്നു

ഇടയ്ക്ക് വിഷം ചീറ്റി ഉള്‍ത്തടങ്ങളെ കരിയിച്ച്
ഇനിയും ചിലപ്പോള്‍ ഇണചേര്‍ന്ന് തൊലയുരിച്ചിട്ട്
ഇഴഞ്ഞുപോകുന്നു ചില വാക്കുകള്‍

ഇണചേരലിനിടയില്‍ ഉടലറിവുകളില്‍
വിറയ്ക്കുന്ന വാക്കുകള്‍
വരളുന്ന വാക്കുകള്‍
സീല്‍ക്കാരമാകുന്ന വാക്കുകള്‍
തീര്‍ത്തും അര്‍ത്ഥശൂന്യങ്ങള്‍


മുറിവുകള്‍ക്ക് മേല്‍
വിഷം ചാലിച്ച ആ വെറുക്കപ്പെട്ട വാക്ക്
വീണ്ടും കാതില്‍
പിന്നെയൊടുക്കം അത് തൊലിയുരിഞ്ഞിട്ട്
വേഗത്തില്‍ ഇഴഞ്ഞുപോകുന്നു

വീണ്ടും വാക്കിന്‍റെ കൈപിടിച്ച്
ഒരു പൂര്‍ണവിരാമത്തിലേയ്ക്ക്
തിരികെ വീണ്ടുമെത്തുന്നത് ഒരു അര്‍ദ്ധവിരാമത്തില്‍
ഇതിനിടെ ഓടിത്തളര്‍ന്ന് വിയര്‍ക്കുന്പോള്‍
അതേ വാക്ക് വീണ്ടും വിഷം വമിപ്പിച്ച്

എന്‍റെ കാതില്‍
എന്‍റെയുള്ളില്‍
അവസാനമെന്‍റെ ജഡത്തില്‍
കളവെഴുതിവയ്ക്കുന്നു

ഓസ്കാര്‍ വന്നത് ദാവൂദ് വഴി?????


രണ്ട് ഇന്ത്യക്കാര്‍ക്ക് ഓക്സാര്‍ പുരസ്കാരം ലഭിച്ചുവെന്ന വാര്‍ത്തകേള്‍ക്കുന്പോള്‍ ഒരിന്ത്യക്കാരന്‍ അഭിമാനം തോന്നില്ലേ? നേരേ കാണുകയാണെങ്കില്‍ അയാളെ ഒന്ന് അഭിനന്ദിക്കാന്‍ തോന്നില്ലേ?

അതല്ല അവാര്‍ഡ് കിട്ടിയവര്‍ ഏത് മതക്കാരാണ്. അവാര്‍ഡ് കിട്ടിയത് മുസ്ലീമിനാണെങ്കില്‍ അത് പാകിസ്താന്‍റെയോ മുസ്ലീംങ്ങളായ അധോലോക നേതാക്കളുടെയോ ശുപാര്‍ശ പ്രകാരം കിട്ടിയതാണ്. ഹിന്ദുക്കളാണെങ്കില്‍ അത് ഇന്ത്യയിലെ ഹിന്ദുത്വവാദികളുടെ പരിശ്രമംകൊണ്ട് കിട്ടിയതാണ് എന്ന് ചിന്തിക്കാന്‍ കഴിയുമോ.

അല്ലെങ്കില്‍ മുസ്ലീംങ്ങള്‍ മുഴുവന്‍ പാക് ചാരന്മാരാണെന്ന് ചിന്തിക്കാന്‍ കഴിയുമോ കഴിയുമെന്ന് ചില ഇന്ത്യക്കാര്‍ തനി കേരളീയര്‍ തെളിയിച്ചിരിക്കുന്നു.

എആറ്‍ റഹ്മാന്‍, റസൂല്‍ പൂക്കുട്ടി എന്നീ പ്രതിഭകള്‍ക്ക് ഓസ്കാര്‍ അവാര്‍ഡ് കിട്ടിയതായി ഒരു സൈറ്റില്‍ വന്ന വാര്‍ത്തയ്ക്കുതാഴെ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വാധീനം കൊണ്ടു ചില പാക്കിസ്ഥാന്‍ ചാരന്‍മാര്‍ക്ക് നേടിക്കൊടുത്ത സമ്മാനം എന്നാണ് ഒരു ഇന്ത്യന് കമന്‍റിയത്.

റഹ്മാനും റസൂലും മുസ്ലീങ്ങളാണെന്ന ബോധംതന്നെ ഒരുപക്ഷേ ഇത്തരം പ്രതികരണങ്ങളായിരിക്കും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.ഇങ്ങനെ ചിന്തിക്കാന്‍ കഴിയുന്ന അഭ്യസ്തവിദ്യര്‍ നമ്മുടെ നാട്ടിലുള്ളതില്‍ നമ്മള്‍ തീര്‍ച്ചയായും അഭിമാനിയ്ക്കണം..

റസൂലിനും റഹ്മാനും നല്‍കിയതിലും വലിയ അവാര്‍ഡുകള്‍ നമ്മള്‍ ഇത്തരക്കാരെ തിരഞ്ഞ് പിടിച്ച നല്‍കണം. ഓസ്കാറിന്‍റെ ചരിത്രത്തില്‍ കേരളത്തിന്‍റെ പേര് ആദ്യം എഴുതിച്ചേര്‍ത്തത് ഒരു മുസ്ലീമാണെന്ന് കരുതി അതിന്‍റെ തിളക്കം കുറയുമോ? റഹ്മാന്‍റെ പാട്ടുകള്‍ മുസ്ലീംങ്ങള്‍ മാത്രമേ കേള്‍ക്കുന്നുള്ളു?????

തീവ്രവാദത്തിനും വര്‍ഗീയതയ്ക്കുമെതിരെ സമരം പ്രഖ്യാപിയ്ക്കുന്ന നമ്മള്‍ ഓരോരുത്തര്‍ക്കും ഉള്ളില്‍ ഒരു വീഷമുള്ള വര്‍ഗീയവാദി ഉറങ്ങിക്കിടന്നാല്‍ എന്ത് കാര്യം? നാലുപാടും വിഷം ചീറ്റി വര്‍ഗീയതയ്ക്ക് വളംവെയ്ക്കുകയല്ലാതെ.

എനിക്കുറപ്പുണ്ട് ഓസ്കാര്‍ പുരസ്കാര ദാനച്ചടങ്ങ് വീക്ഷിച്ചവരും അതില്‍ അഭിമാനം കൊള്ളുന്നവരും വാര്‍ത്ത കേട്ടയുടന്‍ ഓ രണ്ടുപേരും മുസ്ലീങ്ങളാണല്ലോ ഇതില്‍ പാകിസ്താന് അഭിമാനം കൊള്ളാം എന്ന് ചിന്തിച്ചുകാണില്ലെന്ന്. ഈ വര്‍ഗീയവാദിയായ വായനക്കാരന്‍റെ കമന്‍റിന് വന്ന മറുപടിക്കമന്‍റ് നമുക്ക് ഈ പ്രത്യാശയ്ക്ക് വകനല്‍കുന്നു.

കമന്‍റ് കോളങ്ങള്‍ മുഴുവന്‍ പിതൃത്വ ശൂന്യത കാണിക്കാനുള്ള ഇടമല്ലെന്ന് ആര്‍ക്ക് ആരെ എങ്ങനെ മനസ്സിലാക്കിക്കാന്‍ കഴിയും? ഇതെല്ലാം മറന്ന് നമുക്ക് അഭിമാനക്കാം റസൂലും റഹ്മാനും ഇന്ത്യക്കാരാണ് മനുഷ്യരാണ്, കലാകാരന്മാരാണ് ലോകം അവരെ അംഗീകരിച്ചുകഴിഞ്ഞു ജാതിയും മതവും നോക്കാതെ പിന്നെ അരക്കിറുക്കന്മാരെ നമ്മള്‍ക്ക് അവരുടെ വഴിയ്ക്ക് വീടാം.

ഇന്ത്യനെന്ന് പേര് സ്വീകരിച്ചിരിക്കുന്ന ആ മാന്യദേഹത്തിന്റെ കമന്റ് ലിങ്കില്‍ കാണാം.

വായിച്ച് കഴിഞ്ഞപ്പോള്‍ ആ ഇന്ത്യനെ തിരഞ്ഞുപിടിച്ച് കഴുത്തറ്റം കുഴിച്ചിട്ട് കോഴിയെക്കൊണ്ട് കൊത്തിയ്ക്കണം നായയെക്കൊണ്ട് മുള്ളിയ്ക്കണം എന്ന് തോന്നുന്നില്ലേ.......സത്യം പറയൂ

2009, ഫെബ്രുവരി 21, ശനിയാഴ്‌ച

പ്രണയത്തിന്റെ കണക്കുപുസ്‌തകം


പ്രണയമെന്നാല്‍ എന്താണ്‌ പകുത്തുനല്‍കലാണോ? ആണെന്നാണ്‌ പ്രയിച്ചവര്‍, പ്രണയിക്കുന്നവര്‍ പലരും പറയുന്നത്‌. ആരോ തന്നിട്ടുപോയ സ്വപ്‌നങ്ങളുടെ മഴച്ചാറ്റല്‍ നനകൊള്ളുക സുഖമുള്ള അനുഭവമായിരിക്കും, ആയിരിക്കുമെന്നല്ല ആണ്‌. എന്നാല്‍ ചിലര്‍ക്കെങ്കിലും പ്രണയം മുറിവുകളാണ്‌. ആഴത്തിലുള്ള മുറുവകള്‍ ഓര്‍മ്മകള്‍ കീറിമുറിക്കുമ്പോള്‍ ആഴം കൂടിക്കൊണ്ടിരിക്കുന്ന മുറിവുകള്‍. ചിലര്‍ക്കാകട്ടെ അത്‌ പലപ്പോഴും ചിരിച്ചും പുച്ഛിച്ചും തള്ളാനുള്ളതുമായിരിക്കും.

ചിലര്‍ പ്രണയത്തില്‍ ജിവിതം നേടുന്നു, ചിലരാകട്ടെ പ്രണയത്തില്‍ സ്വയം നഷ്ടപ്പെടുത്തുന്നു. നഷ്ടപ്രണയത്തെ മഹത്വവല്‍ക്കരിച്ച്‌ ഓര്‍മ്മയില്‍ പിന്നീടൊരിക്കല്‍ അതൊരു വെറും നീര്‍ക്കുമിളയാകുന്നുവെന്ന്‌ തിരിച്ചറിയുന്നവരും കുറവല്ല.

അടുത്തിടെ ഞാനൊരു കഥകേട്ടു, കഥയെന്നാല്‍ സംഭവിച്ച ഒരു കാര്യം എന്റെ കൂട്ടുകാരിയുടെ കൂട്ടുകാരിയ്‌ക്കുണ്ടായ ഒരു അനുഭവം. അഞ്ചോ ആറോ വര്‍ഷത്തോളം തീവ്രപ്രണയവുമായി നടന്ന രണ്ടുപേര്‍. വിവാഹം കഴിയ്‌ക്കാനുറച്ചുതന്നെ പ്രണയിച്ച രണ്ടുപേര്‍. എന്നോ ഒരിക്കല്‍ കാമുകന്‍ വിശ്വാസ വഞ്ചന കാണിച്ചു, അതിനെച്ചോദ്യം ചെയ്‌ത കാമുകിയോട്‌ അയാള്‍ പിരിയാമെന്ന്‌ പറയുന്നു.

അവസാനം രണ്ടുപേരും ഒരു മ്യൂച്ച്വല്‍ അണ്ടര്‍സ്റ്റാന്റിംഗില്‍ പിരിയാന്‍ തീരുമാനിച്ചു. ഇതിനായി തീരുമാനിക്കപ്പെട്ട ദിവസം കാമുകന്‍ എത്തിയത്‌ ഒരു കണക്കുപുസ്‌തകവുമായിട്ടാണ്‌. പ്രണയം മൊട്ടിട്ട കാലം മുതല്‍ കാമുകിയ്‌ക്ക്‌ സമ്മാനിച്ച നാരങ്ങാ മിഠായിയുടെയും ഐസ്‌ക്രീമിന്റെയും മറ്റു പ്രണയസമ്മാനങ്ങളുടെയും കണക്കുമായിട്ട്‌(ഇവനാണ്‌ ആണ്‍കുട്ടിയെന്ന്‌ ചിലര്‍ക്കെങ്കിലും തോന്നുക സ്വാഭാവികം)


പുസ്‌തകത്തിലെ കണക്കുപ്രകാരം മൊത്തം 13000 രൂപ കാമുകി തിരിച്ച്‌ നല്‍കണം. തലേരാത്രിമുഴുവന്‍ കരഞ്ഞ്‌ കരഞ്ഞ്‌ പിരിയാന്‍ തീരുമാനവുമെടുത്ത്‌ വന്ന അവള്‍ നടുങ്ങിച്ചിതറിപ്പോയി. ഒരു കണക്കുപുസ്‌തകം സൂക്ഷിയ്‌ക്കാതെ പോയതാണ്‌ തന്റെ കുറ്റമെന്ന്‌ അവള്‍ തിരിച്ചറിഞ്ഞത്‌ അപ്പോള്‍ മാത്രമായിരുന്നു.

കാശ്‌ തിരിച്ചുവേണമെന്ന്‌ വാശി പിടിച്ചഅവനോട്‌ രണ്ടുദിവസത്തെ അവധി പറഞ്ഞ്‌ തിരിച്ചുപോരുമ്പോള്‍ പതിനായിരത്തില്‍ താഴെ മാത്രം ശംബളം വാങ്ങിക്കുന്ന അവള്‍ക്ക്‌ അതെങ്ങനെ തിരിച്ചുനല്‍കുമെന്നതിനെക്കുറിച്ച്‌ ഒരു രൂപവുമില്ലായിരുന്നു. ഹോസ്‌റ്റലില്‍ എത്തിയശേഷം കൂട്ടുകാരികളോട്‌ കാര്യം പറഞ്ഞപ്പോള്‍ എന്റെ കൂട്ടുകാരി ഉള്‍പ്പെടെയുള്ളവരാണ്‌ അവള്‍ക്കൊപ്പം നിന്നത്‌.

അവനെ ഒഴിവാക്കാന്‍ അവള്‍ക്കുവേണ്ടി അവര്‍ ഓരോരുത്താരായി അയ്യായിരം രൂപവരെ സംഭാവന നല്‍കി. രണ്ടാമത്തെ ദിവസംതന്നെ അവനെ വിളിച്ചുവരുത്തി അവള്‍ പണം നല്‍കി, (പണം കൈപ്പറ്റിയതായി അവള്‍ അവനെക്കൊണ്ട്‌ മുദ്രപ്പത്രത്തില്‍ എഴുതി ഒപ്പിട്ടുവാങ്ങി. ഇതെന്റെ കൂട്ടുകാരിയുടെ ബുദ്ധിയായിരുന്നു).

ഈയിടെ നേരിട്ട്‌ സംസാരിച്ചപ്പോള്‍ ആ കുട്ടി എന്നോട്‌ പറഞ്ഞു. ആരെയെങ്കിലും പ്രണയിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അവരോട്‌ വാങ്ങുന്നതും അവര്‍ക്ക്‌ നല്‍കുന്നതുമായ എല്ലാ വസ്‌തുക്കളുടെയും കണക്കും വിലയും സൂക്ഷിക്കാന്‍. അവള്‍ക്ക്‌ സ്വന്തം പ്രണയം നല്‍കിയ പാഠമായിരുന്നു അത്‌.

പക്ഷേ അങ്ങനെ എന്തിനെല്ലാം വിലയിട്ടുവെയ്‌ക്കുമെന്നതായിരുന്നു എന്റെയുള്ളിലെ ചോദ്യം. ഇങ്ങനെ എത്ര കാമുകന്മാരും കാമുകിമാരും കണക്കുപുസ്‌തകം സൂക്ഷിക്കുന്നുണ്ടാകും. എന്നെങ്കിലും എല്ലാകണക്കുകളും തീര്‍ക്കണമെന്ന്‌ വിചാരിച്ച്‌. ജീവിതത്തില്‍ ഒരു കണക്കുപുസ്‌തകം സൂക്ഷിക്കുന്നവര്‍ പ്രണയിക്കാതിരിക്കുകയായിരിക്കും നല്ലതെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. അല്ലെങ്കില്‍ത്തന്നെ അങ്ങനെയുള്ളവര്‍ക്ക്‌ പ്രണയിക്കാന്‍ കഴിയുമോ

ഈയിടെ പ്രമുഖ സാഹിത്യകാരി ഗ്രേസി എഴുതിയ ഒരു കുറിപ്പ്‌ വായിക്കാനിടയായി പ്രണയസ്‌മൃതി അയവിറക്കുന്ന ഏതോ ഒരു ഫീച്ചറില്‍ പ്രമുഖര്‍ക്കൊപ്പം അവരും യൗവ്വനകാലത്തെ സ്വന്തം പ്രണയത്തെക്കുറിച്ച്‌ എഴുതിയിരുന്നു. ഏതോ ഒരു പുതിയ പുസ്‌തകം പ്രസിദ്ധീകരിച്ചപ്പോള്‍ അവര്‍ക്ക്‌ അത്‌ പഴയ കാമുകന്‌ അയച്ചുകൊടുക്കണമെന്ന്‌ തോന്നി.

മേല്‍വിലാസവും ഫോണ്‍നമ്പറും തപ്പിപ്പിടിച്ച്‌ അവര്‍ പൂര്‍വ്വകാമുകനെ വിളിച്ചു. താനിങ്ങനെ ഒരു പുസ്‌തകമെഴുതിയിട്ടുണ്ടെന്നും അതിന്റെ ഒരു കോപ്പി അയച്ചുതരട്ടേയെന്നും ചോദിച്ചു. അപ്പോള്‍ മലയാളം ഒട്ടും വായിക്കാറില്ലെന്നും എങ്കിലും ഒരു കോപ്പി അയച്ചേയ്‌ക്കൂ എന്നുമായിരുന്നുവത്രേ അദ്ദേഹത്തിന്റെ മറുപടി. തീര്‍ത്തും നിര്‍വ്വികാരമായി.

ഈ പ്രതികരണം അവര്‍ക്ക്‌ ദഹിച്ചില്ലെന്ന്‌. മലയാളം പ്രാണവായുവാണെന്ന്‌ കരുതുന്ന താന്‍ അത്‌ അറിയില്ലെന്ന്‌ നടിക്കുന്ന ഒരു അന്യഗ്രഹജീവിയെക്കുറിച്ചോര്‍ത്താണോ തന്റെ യൗവ്വനം മുഴുവന്‍ നശിപ്പിച്ചതെന്നോര്‍ത്ത്‌ തനിക്ക്‌ ലജ്ജ തോന്നിയെന്നും ഗ്രേസി പറയുന്നു.

ആ ഫീച്ചറിലെ മറ്റെല്ലാ ഓര്‍മ്മക്കുറിപ്പുകളേക്കാളും നന്നായെന്ന്‌ തോന്നിയത്‌ ഇതാണ്‌. എന്താണെന്നറിയില്ല ചില കാലത്ത്‌ നമ്മളുടെ രക്തത്തിലും എന്തിന്‌ ഹൃദയതാളത്തില്‍പ്പോവും ഉണ്ടെന്ന്‌ കരുതി കൂടെക്കൊണ്ടു നടക്കുന്ന പലതും എത്രയോ നിര്‍ഗുണവും വിലകെട്ടതുമായിരുന്നുവെന്ന്‌ നമ്മള്‍ തിരിച്ചറിയുന്നത്‌ വളരെ വൈകിയായിരിക്കും.

ചിലരെങ്കിലും ഈ അനുഭവത്തിലൂടെ കടന്നുപോയിട്ടുമുണ്ടാകും. അതോടെ അതുവരെയുള്ള ആയുസ്സും ഊര്‍ജ്ജവും പാഴാക്കി നമ്മുടെ നെഞ്ചിലിരുന്ന കനം ഒറ്റയടിക്ക്‌ ഇല്ലാതാവും ഒരു പക്ഷേ അതൊരു അനുഗ്രഹവുമായിത്തീര്‍ന്നെന്നിരിക്കും. എങ്കിലും ഇപ്പോഴും പ്രണയിക്കുന്നവരെ, പ്രണയിക്കാന്‍ ഒരുങ്ങുന്നവരെ, പ്രണയിക്കപ്പെടണമെന്ന്‌ ആഗ്രഹിക്കുന്നവരെ കുറ്റം പറയാനും കഴിയില്ലല്ലോ. അതൊരു സംഭവിക്കലല്ലേ.................?

2009, ഫെബ്രുവരി 16, തിങ്കളാഴ്‌ച

എന്നെ കരയിച്ച ഒതപ്പ്‌



സാറാ ജോസഫിന്റെ ഒതപ്പെന്ന നോവല്‍ വായിക്കണമെന്ന്‌ പലവട്ടം ആഗ്രഹിച്ചതാണ്‌. ചിലപ്പോഴൊക്കെ പുസ്‌തകം വാങ്ങാനായി ചെന്നപ്പോള്‍ കിട്ടിയില്ല. പിന്നിടെപ്പോഴോ അത്‌ വിസ്‌മൃതിയിലാവുകയുംചെയ്‌തു.

എന്റെയൊരു സഹപ്രവര്‍ത്തകന്‍ തീര്‍ച്ചയായും വായിച്ചിരിക്കണെന്ന്‌ പറഞ്ഞ്‌ കൊണ്ടുവന്ന്‌ തന്നപ്പോഴാണ്‌ എനിയ്‌ക്ക്‌ വായിക്കാനവസരമൊത്തത്‌. വിശകലനബുദ്ധിയോടെ പറഞ്ഞാല്‍ നോവല്‍ പ്രസിദ്ധീകരിച്ച കാലത്തേതിലും വായനാപ്രാധാന്യം അതിനിപ്പോള്‍ കൈവന്നിരിക്കുന്നു.

സിസ്‌റ്റര്‍ അഭയ കേസിന്റെ പശ്ചാത്തലത്തില്‍ എന്നുവേണമെങ്കില്‍ പറയാം. കൂടുതല്‍ പറയുകയാണെങ്കില്‍ ക്രിസ്‌ത്യന്‍ സെമിനാരികളിലും മഠങ്ങളിലും നടക്കുന്ന പലതും പുറം ലോകം അറിഞ്ഞുതുടങ്ങിയ ഈ കാലത്ത്‌. എല്ലാത്തിലും പൊളിച്ചെഴുത്തുകള്‍ വേണമെന്ന്‌ മതത്തിനുള്ളില്‍നിന്നുതന്നെ ആവശ്യങ്ങളുയരുന്ന ഇക്കാലത്ത്‌ ഒതപ്പ്‌ വായിച്ചിരിക്കേണ്ട ഒന്നുതന്നെ.

ഒതപ്പെന്ന വാക്കിന്റെ അര്‍ത്ഥം പ്രലോഭനമെന്നാണ്‌, ആ വാക്ക്‌ തൃശൂര്‍ക്കാരണ്‌ കൂടുതലായും ഉപയോഗിക്കുന്നതും. കഴിഞ്ഞ ദിവസം രാത്രി 2.30നാണ്‌ ഞാന്‌ നോവല്‍ വായിച്ചവസാനിപ്പിച്ചത്‌. കണ്ണടയ്‌ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയ കണ്ണുനീരിനെയും പിന്നാലെ വന്നെത്തിയ ചെറിയ തേങ്ങലിനെയും പ്രൊജക്ടില്‍ മനം കുരുക്കിയിരിക്കുകയായിരുന്ന എന്റെ റൂമേറ്റില്‍ നിന്നും മറയ്‌ക്കാന്‍ എനിക്ക്‌ കഴിഞ്ഞില്ല. ലാപ്‌ടോപ്പ്‌ അടച്ചുവച്ച്‌ അവളെന്റെ അടുത്തുവന്നിരുന്നു. ഒതപ്പിലെ കഥ പറഞ്ഞുകൊടുത്ത്‌ ഞാനവളുടെ ചുമലില്‍ക്കിടന്ന്‌ കരഞ്ഞുതീര്‍ത്തു.

അവളെന്നെ ഉപദേശിച്ചു ഇപ്പോഴത്തെ ഈ വയ്യാത്ത അവസ്ഥയില്‍ നീയിത്തരം പുസ്‌തകങ്ങള്‍ വായിക്കല്ലേയെന്ന്‌. കാല്‍പ്പനിക ജീവിയെന്ന വിശേഷണം ഇതിന്‌ മുമ്പ്‌ എനിക്ക്‌ കിട്ടിയിട്ടുണ്ട്‌. ഈ പോസ്‌റ്റോടെ അതിലപ്പുറവും ഞാന്‍ പ്രതീക്ഷിക്കണം. അതില്‍ എനിക്കൊട്ടും കുറച്ചില്‍ തോന്നുന്നില്ല.

തിരുവസ്‌ത്രത്തിനുള്ളില്‍ മാനുഷിക വികാരങ്ങള്‍ കൊണ്ട്‌ പൊറുതിമുട്ടിപ്പോയ രണ്ടു ജന്മങ്ങള്‍ സിസ്റ്റര്‍ മാര്‍ഗലീത്തയും കൊച്ചച്ചന്‍ റോയ്‌ ഫ്രാന്‍സിസ്‌ കരീക്കനും. തിരുവസ്‌ത്രത്തിനുള്ളില്‍ നിന്നുകൊണ്ടുതന്നെ പരസ്‌പരം പ്രലോഭിഭിച്ചുകൊണ്ടിരുന്ന രണ്ടുപേര്‍. തിരുവസ്‌ത്രത്തില്‍ നിന്നും പുറത്തുകടന്ന്‌ പച്ച മനുഷ്യയാവാന്‍ ആദ്യം തീരുമാനിച്ചത്‌ മാര്‍ഗലീത്ത, മാര്‍ഗലീത്തയില്‍ നിന്നും മനമടര്‍ത്താന്‍ കഴിയാതെ ദൈവത്തിലേയ്‌ക്ക്‌ ഏകാഗ്രമാക്കപ്പെടാന്‍ കഴിയാതെ ഇടവക വികാരിയായി നിയമിക്കുന്നതിന്റെ തലേന്ന്‌ ഉടുപ്പുപേക്ഷിച്ച്‌ മാര്‍ഗലീത്തയെ തേടിയെത്തുന്ന കരീക്കന്‍...

പിന്നീട്‌ സമൂഹത്തിന്റെ അവഹേളമേറ്റുള്ള ജീവിതം. ഒരിട ഒന്നിലും ഉറച്ചുനില്‍ക്കാന്‍ കഴിയാതെ കുറ്റബോധത്തില്‍ നീറി തന്റേടമില്ലാതെ മാര്‍ഗലീത്തയെ ഉപേക്ഷിച്ച്‌ നാടുവിടുന്ന കരീക്കന്‍. എല്ലാം ഒരെഴുത്തില്‍ പറഞ്ഞ്‌ മാപ്പപേക്ഷിച്ച്‌ സ്വന്തം സമാധാനം തേടിപ്പോയ മനുഷ്യന്‍. ജീവിക്കുമെന്നുറപ്പിച്ച്‌ യാത്രക്കിടെ കിട്ടിയ വളര്‍ത്തുപുത്രനേയും വയറ്റില്‍ വളരുന്ന കരീക്കന്റെ കുഞ്ഞിനെയും മാറോടടുക്കിപ്പിടിച്ച്‌ ഉറങ്ങാന്‍ കിടന്ന മാര്‍ഗലീത്ത.

എന്തോ എനിക്ക്‌ സഹിയ്‌ക്കാന്‍കഴിഞ്ഞില്ല. ആ സഹിക്കാന്‍ കഴിയായ്‌കയിലാണ്‌ സാറാ ജോസഫ്‌ എന്ന എഴുത്തുകാരിയുടെ വിജയമെന്ന്‌ അപ്പോള്‍ ചിന്തിക്കാന്‍ എനിക്ക്‌ കഴിഞ്ഞില്ല. ജാലകവിരി നീക്കി താമസസ്ഥലത്തിന്റെ തൊട്ടപ്പുറത്തെ കന്യാസ്‌ത്രീ മഠത്തിലേയ്‌ക്ക ഞാന്‍ നോക്കി. ഇരുളില്‍ പുതച്ചുനില്‍ക്കുന്ന മഠം, ആലോചിച്ചപ്പോള്‍ എന്റെ മനസ്സു കലങ്ങി അവിടെ മാര്‍ഗലീത്തമാരുണ്ടാകുമോ കുറച്ചപ്പുറത്തുള്ള അച്ചനാകാന്‍ പഠിക്കുന്നവരുടെ ഹോസ്‌റ്റലില്‍ കരീക്കന്മാരുണ്ടാകുമോ.

അവരെങ്ങനെ ഈ തിരുവസ്‌ത്രത്തിനുള്ളില്‍ ഞെരുങ്ങി ജീവിക്കും. ഞാന്‍ ചിന്തിക്കേണ്ടാത്ത കാര്യമാണ്‌. എങ്കിലും എനിക്ക്‌ മനസ്സമാധാനം നഷ്ടപ്പെട്ടു. നോവലില്‍ മാര്‍ഗലീത്തയെക്കുറിച്ച്‌ പറയുന്നിടത്തെല്ലാം എന്റെയുള്ളില്‍ ഓടിയെത്തിയത്‌ മഠത്തിലെ പൂന്തോട്ടം നോട്ടക്കാരിയായ വെളുത്തുമെലിഞ്ഞ സിസ്‌റ്ററിന്റെ മുഖമാണ്‌്‌.

പലവേള ഞാനാ ചിന്തയെ വിലക്കിയെങ്കിലും എന്റെ മാര്‍ഗലീത്തയ്‌ക്ക്‌ ഈ സിസ്റ്ററിന്റെ മുഖമായിപ്പോയി. പിന്നെ ഞാന്‍ ചിന്തയോട്‌ ബലം പിടിക്കാന്‍ പോയില്ല. ചിലപ്പോഴൊക്കെ ചെടികള്‍ക്ക്‌ വെള്ളമൊഴിക്കുന്നതിനിടെ ഞാന്‍ നോക്കിനില്‍ക്കുമ്പോള്‍ സിസ്‌റ്റര്‍ എന്നോട്‌ മനോഹരമായി ചിരിക്കാറുണ്ട്‌. വല്ലാത്ത ഒരു തേജസ്‌ ആ മുഖത്ത്‌ എന്തിന്‌ വിരലുകളില്‍പ്പോലും ഉണ്ടെന്ന്‌ എനിക്ക്‌ തോന്നാറുണ്ട്‌.

വായനയും കരച്ചിലും കഴിഞ്ഞ്‌ മണിക്കൂറൊന്നു കഴിഞ്ഞിട്ടും നെരിപ്പോടുപോലെ മനസ്സു നീറാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കാറ്റ്‌ സ്‌റ്റീവന്‍സിലേയ്‌ക്ക്‌ പോയി. 'ഇഫ്‌ യു വാണ്ട്‌ ടു സിങ്‌ ഔട്ട്‌......... സിങ്‌ ഔട്ട്‌ ...........'എന്ന്‌ കേട്ടുകൊണ്ട്‌ എപ്പോഴോ ഞാന്‍ ഉറക്കത്തിലേയ്‌ക്ക്‌ തെന്നി.

രാവിലെ എഴുന്നേറ്റ്‌ ജാലകവിരിനീക്കിയപ്പോള്‍ എന്റെ അയല്‍ക്കാരി സിസ്‌റ്റര്‍ ചിരിച്ചുകൊണ്ട്‌ ജനലിലേയ്‌ക്ക്‌ നോക്കുന്നു. വെറുതെ എന്റെയുള്ളില്‍ ഒരു പ്രാര്‍ത്ഥന നിറഞ്ഞു ഈ സിസ്റ്റര്‍ ഒരു മാര്‍ഗലീത്തയാകല്ലേയെന്ന്‌.....

2009, ഫെബ്രുവരി 14, ശനിയാഴ്‌ച

എന്റെ വാലന്റൈന്‍ ...........


ഓര്‍ക്കുന്പോള്‍ സുഖനൊന്പരമോ നഷ്ടബോധമോ എന്താണെന്ന് എനിയ്ക്ക് വിവേചിച്ചറിയാന്‍ കഴിയുന്നില്ല.

എവിടേയോ മറഞ്ഞിരുന്ന് ഒരാള്‍ നമ്മളെ സ്നേഹിക്കുക അതും തീവ്രമായി. അയാള്‍ നമ്മുടെ കണ്‍മുന്നില്‍ ഉണ്ടായിരിക്കുക, പക്ഷേ തിരിച്ചറിയാന്‍ കഴിയാതിരിക്കുക. അത് നമ്മളറിയുകയും ആയാളെ കണ്ടെത്താനുള്ള ഓരോ ശ്രമങ്ങളും പരാജയപ്പെട്ടുപോവുക.....

ഇപ്പോഴും യാത്രക്കിടെ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കവാടത്തിന് മുന്നിലൂടെ കടന്നുപോകുന്പോള്‍ പോലും മേല്‍വിലാസമില്ലാത്ത ആ സ്നേഹം എന്‍റെയുള്ളില്‍ മുള്ളു കോറുന്ന വേദനയുണ്ടാക്കുന്നു.

പിജി സെമസ്റ്റര്‍ എക്സാമിനുവേണ്ടി യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ നിന്നും നോട്ടുണ്ടാക്കി തിരിച്ച് മുറിയില്‍ വന്നപ്പോഴാണ് നോട് ബുക്കിനകത്തുനിന്നും എനിക്കാ കത്ത് കിട്ടുന്നത്. അതിനെ വെറുമൊരു കത്തെന്ന് വിളിച്ച് കുറച്ചുകാണാന്‍ എനിക്കിനിയും കഴിയുന്നില്ല.

യൂണിവേഴ്‌സിറ്റി മാഗസിനില്‍ പ്രസിദ്ധീകരിച്ച എന്റെ കഥയെ ക്രൂരമായി വിമര്‍ശിച്ചുകൊണ്ട്‌ തുടങ്ങിയ ആ എഴുത്ത്‌ അവസാനിച്ചത്‌ എന്തൊക്കെയോ എന്റെയുള്ളില്‍ അവശേഷിപ്പിച്ചുകൊണ്ടായിരുന്നു.

എന്റെ ചിരിയ്‌ക്ക്‌ വിഷാദഛായയാണെന്നും ഞാന്‍ നടക്കുന്നത്‌ ശബ്ദം കേള്‍പ്പിക്കാതെയാണെന്നുംമൊക്കെയുള്ള പുതിയ തിരിച്ചറിവുകള്‍. കളിയാക്കുന്നതുപോലെ എന്താണീ വൈകാരികഭാരത്തിന്‍റെ കാരണമെന്ന ചോദ്യം......(എനിയ്ക്ക് പ്രത്യേകിച്ച് വൈകാരിക ഭാരമൊന്നുമില്ലായിരുന്നുവെന്നത് വേറെ കാര്യം)

എന്നും ഞാന്‍ തിരിഞ്ഞുനോക്കുമെന്ന്‌ പ്രതീക്ഷിച്ച്‌ പിന്നില്‍ കാത്തുനില്‍ക്കാറുണ്ടായിരുന്ന ഏതോ ഒരാള്‍.... തിരിഞ്ഞുനോക്കിയാലും എന്നെ പ്രതീക്ഷിച്ച്‌ ആരും അവിടെയില്ലെന്ന്‌ അറിയാവുന്നതുകൊണ്ടുതന്നെ ഞാന്‍ തിരിഞ്ഞ്‌ നോക്കാറുമില്ലായിരുന്നു.

പക്ഷേ ഈ എഴുത്തിന്‌ ശേഷം ഞാന്‍ എന്നും തിരിഞ്ഞുനോക്കാന്‍ തുടങ്ങി. പക്ഷേ നടന്നുപോകുന്ന കുട്ടികള്‍ക്കിടയില്‍ നിന്നും ഞാന്‍ ആരെയാണ്‌ കണ്ടെത്തുക. എന്നെപ്പോലെതന്നെ എന്റെ അടുത്ത കൂട്ടുകാരും ആ കത്തിന്റെ സ്രഷ്ടാവിന്‌ വേണ്ടി തിരച്ചില്‍ നടത്തി. പക്ഷേ പ്രത്യേകിച്ച്‌ ഒന്നും സംഭവിച്ചില്ല. കയ്യക്ഷരം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ആ എഴുത്ത്‌ അമ്മയെ കൊണ്ടുചെന്ന്‌ കാണിച്ചപ്പോള്‍ എഴുതാന്‍ നല്ല കഴിവുള്ള ആരോ എഴുതിയതാണെന്നായിരുന്നു അമ്മയുടെ കമന്റ്‌. അമ്മ അതിപ്പോഴും സൂക്ഷിച്ചുവച്ചിരിക്കുന്നു. അടുത്തിടെ വീട്ടില്‍ പോയപ്പോള്‍ അമ്മയോട്‌ അത്‌ വാങ്ങി ഞാന്‍ വീണ്ടും വീണ്ടും വായിച്ചു.

വെറുതെ, ഭാവനയില്‍പ്പോലും ഒരു മുഖം കണ്ടെത്താന്‍ എനിക്ക്‌ സാധിച്ചില്ല. പക്ഷേ ഒരു ഫീല്‍ എവിടെയോ അങ്ങനെയൊരാളുണ്ടെന്ന ഒരു തോന്നല്‍. ഒരു പക്ഷേ കൂട്ടുകാരില്‍ത്തന്നെ ആരെങ്കിലും എന്നെ പറ്റിയ്‌ക്കാന്‍ ചെയ്‌തതായിരിക്കാം. എങ്കിലും ഒരു മാറാത്ത വേദന, ഇടയ്‌ക്കെപ്പോഴെങ്കിലും കാമ്പസിനെക്കുറിച്ച്‌ ചിന്തിയ്‌ക്കുമ്പോള്‍ വീണ്ടും ചിന്തിച്ചിരിക്കാന്‍ തോന്നുന്ന ഒരു മാസ്‌മരികത ആ എഴുത്തിനുണ്ടായിരുന്നു.

അങ്ങനെ ഒരു ആളുണ്ടായിരുന്നെങ്കില്‍ത്തന്നെ ഇപ്പോള്‍ എവിടെയായിരിക്കും. ഏത്‌ അവസ്ഥയിലായിരിക്കും. മുഖമില്ലാതെ... ശരീരമില്ലാതെ എന്നെ വലയം ചെയ്‌ത്‌ നില്‍ക്കുന്ന ഒരു സ്‌നേഹം അല്ലെങ്കില്‍ ഒരു സാന്ത്വനം എന്താണ്‌ ഞാനതിനെ വിളിക്കേണ്ടത്‌..... എനിക്കറിയില്ല.

അന്ന്‌ ആ ആളിനെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ സ്വപ്‌നങ്ങള്‍കൊണ്ട്‌ ആകാശത്ത്‌ ഏറ്റുമാടം കെട്ടി നക്ഷത്രങ്ങളെ കാവലാക്കി ഞാന്‍ നിനക്കുവേണ്ടി കാത്തിരിക്കുമെന്ന്‌ ഞാന്‍ പറഞ്ഞിരുന്നേനെ. പക്ഷേ സമയം അതിക്രമിച്ചുപോയ ഈ വേളയില്‍ ഞാനെന്ത് ചെയ്യാന്‍......

2009, ഫെബ്രുവരി 5, വ്യാഴാഴ്‌ച

അവരെന്നെ ഫെമിനിസ്റ്റാക്കി



പലരും പറഞ്ഞിട്ടുണ്ട് ഇപ്പോഴും പറയാറുണ്ട് കളിയാക്കാറുണ്ട് ഞാനൊരു ഫെമിനിസ്റ്റാണെന്നേ. ഹ്യൂമനിസ്റ്റ് മാത്രമാണെന്ന് തിരുത്തിയാലും അവര്‍ വീണ്ടും വീണ്ടും ഫെമിനിസ്റ്റ് എന്ന് എന്‍റെ മേല്‍ മുദ്രകുത്തി.

സത്യം പറഞ്ഞാല്‍ അന്നൊന്നും ഈ പെണ്ണിസത്തെക്കുറിച്ച് എനിയ്ക്കൊന്നും അറിയില്ലായിരുന്നു. സ്ലീവ് ലസ് ബ്ലൗസിട്ട് ചുണ്ടില്‍ ചായവും തേച്ച് നടക്കുന്ന അമ്മച്ചിമാര്‍ ഭര്‍ത്താക്കന്മാരെ ഭരിക്കാനുപയോഗിക്കുന്ന ഒരു തന്ത്രമാണ് ഇതെന്നായിരുന്നു എന്‍റെ വിശ്വാസം.

പിന്നീട് പിജിയ്ക്ക് പഠിയ്ക്കുന്പോഴാണ് സ്ത്രീസമത്വതാ വാദമെന്ന ഈ ഫെമിനിസത്തിന് ഒരു ചരിത്രമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത്. വെര്‍ജിനിയ വൂള്‍ഫിനെക്കുറിച്ച് കേട്ടിട്ടില്ലേ, ഫെമിനിസത്തിന്‍റെ ആധികാരിക ഗ്രന്ഥമെന്ന് വിളിയ്ക്കാവുന്ന എ റൂം ഓഫ് വണ്‍സ് ഓണ്‍ എന്ന പുസ്തകം എഴുതിയ ഇംഗ്ലീഷ് എഴുത്തുകാരി.

പുസ്തകത്തിന്‍റെ ചുരുക്കം ഇതാണ് "പെണ്ണിന് സ്വന്തമായി ഒരു മുറിയും സ്വന്തമായി പണവും വേണം എങ്കിലേ സ്ത്രീസമത്വം സാധ്യമാകൂ". പുസ്തകം വായിച്ച് വായിച്ച് ഞാന്‍ ആകെ ഒരു ചിന്താകുഴപ്പത്തിലായി.

വീട്ടില്‍ സ്വന്തം മുറിയുണ്ടായിട്ടും അത് എന്‍റെ സ്വന്തമായിരിക്കണമന്ന് ഞാന്‍ വാശിപിടിച്ചു. അനിയന്‍റെ സാധനങ്ങളൊക്കെ കൊണ്ടുപോയി അവന്‍റെ മുറിയില്‍ വച്ചു. വാതിലിന് പുറത്ത് മൈ ഓണ്‍ റൂം എന്നെഴുതിവച്ചു. അതിഥികല്‍ വരുന്പോള്‍ പോലും മുറി പങ്കുവയ്ക്കന്‍ സമ്മതിക്കാതായതോടെ അമ്മയും അച്ഛനും പകച്ചുപോയി.

കാര്യം ചോദിച്ചപ്പോള്‍ ഞാന്‍ വെര്‍ജിനീയ വൂള്‍ഫിനെക്കുറിച്ചും ഒരു പെണ്ണിന് സ്വന്തമായി മുറിയും പണവും ഉണ്ടാവേണ്ടതിന്‍റെ ആവശ്യത്തെക്കുറിച്ചും ചെറിയൊരു പ്രസംഗം നടത്തി.

അല്പസ്വല്പം ഫെമിനിസ്റ്റായ അമ്മപോലും അന്തിച്ചുപോയി. ഇടക്കിടെവന്ന കല്യാണാലോചനകള്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ അമ്മ ഉറപ്പിച്ചു വായിച്ച് വായിച്ച് ഇവളൊരു റാഡിക്കല്‍ ഫെമിനിസ്റ്റായെന്ന്, പുരുഷന്മാരെ അമ്പേ തള്ളിക്കളയുന്ന ഒരു ഹാര്ഡ് കോഡ് ഫെമിനിസ്റ്റായിപ്പോയെന്ന്..

പക്ഷേ സ്വന്തമായി റൂം മാത്രമല്ല സന്പത്തിനെ പെണ്ണുങ്ങളില്‍ നിന്നും മാറ്റിവച്ച് കീശയുള്ള കുപ്പായങ്ങള്‍ സ്വന്തമാക്കിയ പുരുഷ മേധാവിത്ത സമൂഹത്തിനെതിരെ ഞാന്‍ സമരം പ്രഖ്യാപിച്ചു. പാവാടയ്ക്കും ചുരിദാറിനും ഒക്കെ ഞാന്‍ കീശകള്‍ തുന്നിച്ചു. പക്ഷേ കീശയിലിടാന്‍ പണം അച്ഛനോടോ അമ്മയോടോ വാങ്ങിയ്ക്കണം.

അതോര്‍ത്തപ്പോഴാണ് ശരിയ്ക്കും പറഞ്ഞാല്‍ എന്‍റെയുള്ളിലെ ഫെമിനിസ്റ്റിന് ചിന്തിയ്ക്കാന്‍ ശേഷിയുണ്ടായത്. അതുപറഞ്ഞ് അച്ഛനും അമ്മയും കളിയാക്കിയതില്‍പ്പിന്നെ ‍ സ്വന്തമായി കാശുണ്ടാക്കുന്നതുവരെ കീശയ്ക്കുവേണ്ടി വഴക്കുണ്ടാക്കിയില്ല. ഒരു ദിവസം ആരും കാണാതെ വാതിലിന് മുകളില്‍ പതിച്ചുവച്ച എന്‍റെ മുറിയെന്ന നോട്ടീസ് ഞാന്‍ കീറിക്കളഞ്ഞു.

അമ്മ പറഞ്ഞു ഇസങ്ങളെല്ലാം മനുഷ്യന്‍റെ നന്മയ്ക്കുവേണ്ടിയുള്ളതാണെന്ന്. അത് ആരോടും യുദ്ധം പ്രഖ്യാപിക്കാനുള്ളതല്ലെന്ന്. അച്ഛനൊരു ഫെമിനിസ്റ്റാണെന്ന് പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്. വീട്ടില്‍ നടത്തിയ നീരീക്ഷണത്തില്‍ എനിയ്ക്കത് മനസ്സിലാവുകയും ചെയ്തു.

അമ്മയ്ക്ക് സ്വന്തമായി ഉപയോഗിക്കാന്‍ ഒരു മേശയുണ്ട്, അത് അമ്മയോട് പറയാതെ അച്ഛന്‍ തുറക്കുന്നത് ഞാന്‍ കണ്ടിട്ടില്, സാന്പ്ത്തിക കാര്യങ്ങളിലും തീരുമാനങ്ങളിലും അമ്മയ്ക്കും തുല്യ പങ്കാളിത്തം. അമ്മയ്ക്ക് അച്ഛനോടുള്ള സ്നേഹത്തിന്‍റെ ഗുട്ടന്‍സും അപ്പോഴാണെനിയ്ക്ക് മനസ്സിലായത്. പതിയെ അമ്മയും അച്ഛനും ചേര്‍ന്ന് എന്നെയൊരു ഹ്യുമനിസ്റ്റാക്കി

പക്ഷേ വെര്‍ജിനിയ വൂള്‍ഫിനെ ഞാന്‍ മറന്നുകളഞ്ഞില്ല. സ്വന്തമായി പണമുണ്ടെങ്കിലേ സ്ത്രീയ്ക്ക് പുരുഷനൊപ്പം നില്‍ക്കാന്‍ കഴിയൂയെന്ന് അവര്‍ പറഞ്ഞത് എത്ര ശരിയാണ്. സ്വന്തമായി അവള്‍ക്കൊരു മുറി വേണമെന്ന് അവര്‍ പറഞ്ഞതും ശരിയല്ലേ. സത്യം പറഞ്ഞാല്‍ അവരെന്നെ ഒരു ഫെമിനിസ്റ്റാക്കി, പിന്നീട് ഞാനൊരു ഹ്യുമനിസ്റ്റായി.

2009, ഫെബ്രുവരി 3, ചൊവ്വാഴ്ച

എന്‍റെ ഇടം

ഓര്‍മ്മകളില്‍ ഓടിയോടി മടുക്കുന്പോള്‍
എനിക്ക് തിരിച്ചുപോകാനൊരിടം
ഓര്‍മ്മകളുടെ നുള്ളലും പിച്ചലും ഏല്‍ക്കാതെ
എനിക്ക് ഒളിച്ചിരിയ്ക്കാനൊരിടം

പക്ഷേ മറ്റുള്ളവര്‍ക്കെങ്ങനെ നമുക്കുള്ള
ഒരിടമായിരിക്കാന്‍ കഴിയും
കഴിയില്ല, അങ്ങനെ ഒരിടം കണ്ടെത്തിയെന്ന് ഞാന്‍ അഹങ്കരിച്ചു
ആ ഇടം മറ്റുള്ളവര്‍ വിലയ്ക്കെടുത്തിട്ടും
ആധാരവും പ്രമാണവുമില്ലാതിരുന്നിട്ടും
ഞാനതിനായി വാശിയില്‍ വ്യവഹാരം നടത്തുന്നു

അവളെന്നോട് ചോദിയ്ക്കാറുണ്ട്
എന്തിനാണ് നിനക്കൊരു ഇടം?
എനിയ്ക്കും തോന്നിയിട്ടുണ്ട്
എന്തിനാണ് എനിയ്ക്കൊരിടം?

പക്ഷേ എനിക്കൊരിടം വേണ്ടേ?
അങ്ങനെ ചോദിച്ചപ്പോള്‍ അവളെന്നോട് പറഞ്ഞു
കാശ് കൂട്ടിവച്ച് അഞ്ച് സെന്‍റ് ഭൂമി വാങ്ങിച്ച്
അവിടെയിരുന്ന് ഓര്‍മ്മകളെ ആട്ടിയോടിയ്ക്കാന്‍

എന്നിട്ടവള്‍ ഉറക്കെ ചിരിച്ചു
കാരണം അവള്‍ക്കൊര് അഞ്ച് സെന്‍റ് സ്വന്തമായിട്ടുണ്ട്
എനിയ്ക്കതില്ല, അതോര്‍ത്തപ്പോള്‍ എനിയ്ക്ക് ഭ്രാന്തുവന്നു
ഞാനവളുടെ കഴുത്തു പിടിച്ചമര്‍ത്തി

പ്രാണന്‍ കണ്ണില്‍ കിടന്ന് പിടയ്ക്കവേ അവള്‍ വാക്കു തന്നു
നിന്‍റെ ഇടത്തിനായി നമുക്കൊരുമിച്ച് യുദ്ധം ചെയ്യാമെന്ന്
പിന്നെ ഞങ്ങള്‍‍ അതിനായി
ഒരു കള്ളപ്രമാണവും ആധാരവും എഴുതാന്‍ കൊടുത്തു
പ്രാണനില്‍ കൊതിച്ച് അവള്‍ എന്‍റെയൊപ്പം നില്‍ക്കുന്നു