
പലരും പറഞ്ഞിട്ടുണ്ട് ഇപ്പോഴും പറയാറുണ്ട് കളിയാക്കാറുണ്ട് ഞാനൊരു ഫെമിനിസ്റ്റാണെന്നേ. ഹ്യൂമനിസ്റ്റ് മാത്രമാണെന്ന് തിരുത്തിയാലും അവര്‍ വീണ്ടും വീണ്ടും ഫെമിനിസ്റ്റ് എന്ന് എന്റെ മേല്‍ മുദ്രകുത്തി.
സത്യം പറഞ്ഞാല്‍ അന്നൊന്നും ഈ പെണ്ണിസത്തെക്കുറിച്ച് എനിയ്ക്കൊന്നും അറിയില്ലായിരുന്നു. സ്ലീവ് ലസ് ബ്ലൗസിട്ട് ചുണ്ടില്‍ ചായവും തേച്ച് നടക്കുന്ന അമ്മച്ചിമാര് ഭര്ത്താക്കന്മാരെ ഭരിക്കാനുപയോഗിക്കുന്ന ഒരു തന്ത്രമാണ് ഇതെന്നായിരുന്നു എന്റെ വിശ്വാസം.
പിന്നീട് പിജിയ്ക്ക് പഠിയ്ക്കുന്പോഴാണ് സ്ത്രീസമത്വതാ വാദമെന്ന ഈ ഫെമിനിസത്തിന് ഒരു ചരിത്രമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത്. വെര്‍ജിനിയ വൂള്‍ഫിനെക്കുറിച്ച് കേട്ടിട്ടില്ലേ, ഫെമിനിസത്തിന്റെ ആധികാരിക ഗ്രന്ഥമെന്ന് വിളിയ്ക്കാവുന്ന എ റൂം ഓഫ് വണ്‍സ് ഓണ്‍ എന്ന പുസ്തകം എഴുതിയ ഇംഗ്ലീഷ് എഴുത്തുകാരി.
പുസ്തകത്തിന്റെ ചുരുക്കം ഇതാണ് "പെണ്ണിന് സ്വന്തമായി ഒരു മുറിയും സ്വന്തമായി പണവും വേണം എങ്കിലേ സ്ത്രീസമത്വം സാധ്യമാകൂ". പുസ്തകം വായിച്ച് വായിച്ച് ഞാന്‍ ആകെ ഒരു ചിന്താകുഴപ്പത്തിലായി.
വീട്ടില്‍ സ്വന്തം മുറിയുണ്ടായിട്ടും അത് എന്റെ സ്വന്തമായിരിക്കണമന്ന് ഞാന്‍ വാശിപിടിച്ചു. അനിയന്റെ സാധനങ്ങളൊക്കെ കൊണ്ടുപോയി അവന്റെ മുറിയില്‍ വച്ചു. വാതിലിന് പുറത്ത് മൈ ഓണ്‍ റൂം എന്നെഴുതിവച്ചു. അതിഥികല്‍ വരുന്പോള്‍ പോലും മുറി പങ്കുവയ്ക്കന്‍ സമ്മതിക്കാതായതോടെ അമ്മയും അച്ഛനും പകച്ചുപോയി.
കാര്യം ചോദിച്ചപ്പോള്‍ ഞാന്‍ വെര്‍ജിനീയ വൂള്‍ഫിനെക്കുറിച്ചും ഒരു പെണ്ണിന് സ്വന്തമായി മുറിയും പണവും ഉണ്ടാവേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും ചെറിയൊരു പ്രസംഗം നടത്തി.
അല്പസ്വല്പം ഫെമിനിസ്റ്റായ അമ്മപോലും അന്തിച്ചുപോയി. ഇടക്കിടെവന്ന കല്യാണാലോചനകള്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ അമ്മ ഉറപ്പിച്ചു വായിച്ച് വായിച്ച് ഇവളൊരു റാഡിക്കല്‍ ഫെമിനിസ്റ്റായെന്ന്, പുരുഷന്മാരെ അമ്പേ തള്ളിക്കളയുന്ന ഒരു ഹാര്‍ഡ് കോഡ് ഫെമിനിസ്റ്റായിപ്പോയെന്ന്..
പക്ഷേ സ്വന്തമായി റൂം മാത്രമല്ല സന്പത്തിനെ പെണ്ണുങ്ങളില്‍ നിന്നും മാറ്റിവച്ച് കീശയുള്ള കുപ്പായങ്ങള്‍ സ്വന്തമാക്കിയ പുരുഷ മേധാവിത്ത സമൂഹത്തിനെതിരെ ഞാന്‍ സമരം പ്രഖ്യാപിച്ചു. പാവാടയ്ക്കും ചുരിദാറിനും ഒക്കെ ഞാന്‍ കീശകള്‍ തുന്നിച്ചു. പക്ഷേ കീശയിലിടാന്‍ പണം അച്ഛനോടോ അമ്മയോടോ വാങ്ങിയ്ക്കണം.
അതോര്‍ത്തപ്പോഴാണ് ശരിയ്ക്കും പറഞ്ഞാല്‍ എന്റെയുള്ളിലെ ഫെമിനിസ്റ്റിന് ചിന്തിയ്ക്കാന്‍ ശേഷിയുണ്ടായത്. അതുപറഞ്ഞ് അച്ഛനും അമ്മയും കളിയാക്കിയതില്‍പ്പിന്നെ സ്വന്തമായി കാശുണ്ടാക്കുന്നതുവരെ കീശയ്ക്കുവേണ്ടി വഴക്കുണ്ടാക്കിയില്ല. ഒരു ദിവസം ആരും കാണാതെ വാതിലിന് മുകളില്‍ പതിച്ചുവച്ച എന്റെ മുറിയെന്ന നോട്ടീസ് ഞാന്‍ കീറിക്കളഞ്ഞു.
അമ്മ പറഞ്ഞു ഇസങ്ങളെല്ലാം മനുഷ്യന്റെ നന്മയ്ക്കുവേണ്ടിയുള്ളതാണെന്ന്. അത് ആരോടും യുദ്ധം പ്രഖ്യാപിക്കാനുള്ളതല്ലെന്ന്. അച്ഛനൊരു ഫെമിനിസ്റ്റാണെന്ന് പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്. വീട്ടില്‍ നടത്തിയ നീരീക്ഷണത്തില്‍ എനിയ്ക്കത് മനസ്സിലാവുകയും ചെയ്തു.
അമ്മയ്ക്ക് സ്വന്തമായി ഉപയോഗിക്കാന്‍ ഒരു മേശയുണ്ട്, അത് അമ്മയോട് പറയാതെ അച്ഛന് തുറക്കുന്നത് ഞാന്‍ കണ്ടിട്ടില്, സാന്പ്ത്തിക കാര്യങ്ങളിലും തീരുമാനങ്ങളിലും അമ്മയ്ക്കും തുല്യ പങ്കാളിത്തം. അമ്മയ്ക്ക് അച്ഛനോടുള്ള സ്നേഹത്തിന്റെ ഗുട്ടന്‍സും അപ്പോഴാണെനിയ്ക്ക് മനസ്സിലായത്. പതിയെ അമ്മയും അച്ഛനും ചേര്‍ന്ന് എന്നെയൊരു ഹ്യുമനിസ്റ്റാക്കി
പക്ഷേ വെര്‍ജിനിയ വൂള്‍ഫിനെ ഞാന്‍ മറന്നുകളഞ്ഞില്ല. സ്വന്തമായി പണമുണ്ടെങ്കിലേ സ്ത്രീയ്ക്ക് പുരുഷനൊപ്പം നില്ക്കാന് കഴിയൂയെന്ന് അവര്‍ പറഞ്ഞത് എത്ര ശരിയാണ്. സ്വന്തമായി അവള്‍ക്കൊരു മുറി വേണമെന്ന് അവര്‍ പറഞ്ഞതും ശരിയല്ലേ. സത്യം പറഞ്ഞാല്‍ അവരെന്നെ ഒരു ഫെമിനിസ്റ്റാക്കി, പിന്നീട് ഞാനൊരു ഹ്യുമനിസ്റ്റായി.