2009, ഏപ്രിൽ 30, വ്യാഴാഴ്‌ച

പനിക്കിടക്കയുടെ മണം


മഴയ്‌ക്കും മരണത്തിനും സ്വപ്‌നത്തിനും മണമുണ്ട്‌
ഞാനിത്‌ ആവര്‍ത്തിച്ച്‌ പറഞ്ഞപ്പോള്‍
അവരെന്നെ മുറിയില്‍ ചങ്ങലയ്‌ക്കിട്ടു
ചങ്ങലത്താഴുകൊണ്ട്‌ കാലിനുണ്ടായ വ്രണത്തിനും

മണമമുണ്ടെന്ന്‌ വളിച്ചുപറയുകയാണ്‌ ഞാനിപ്പോള്‍
മണമെന്നല്ല നാറ്റമെന്ന്‌
മറ്റുള്ളവര്‍ പിറുപിറുക്കുന്നത്‌ എനിക്കിവിടെ കേള്‍ക്കാം
ചങ്ങലത്താഴിനും കഥപറയുന്നൊരു മണമുണ്ട്‌

അതേ ഉണ്ട്‌ പനിക്ക്‌ മണമുണ്ട്‌
മഴയ്‌ക്ക്‌ മണമുണ്ട്‌, സ്‌നേഹത്തിനും
സങ്കടത്തിനും മണമുണ്ട്‌
ഓര്‍മ്മകള്‍ക്ക്‌ മണമുണ്ട്‌
മാവിന്‍ ചുവട്ടിലെ മണ്ണിന്‌ മണമുണ്ട്‌
മാങ്ങാച്ചുനയുടെ മണം
അവന്റെ ചുംബനത്തിന്‌ മണമുണ്ട്‌
സിഗരറ്റിന്റെ മടുപ്പിക്കുന്ന മണം

ഓര്‍മ്മകളില്‍ തെളിയുന്നത്‌ മാങ്ങാച്ചുനയുടെ മണം
ഊഞ്ഞാല്‍ക്കയറിന്റെ മണം
കാവിലെ കരിഞ്ഞ എണ്ണയുടെ മണം
മഞ്ചാടിക്കുരുവിന്റെ മണം
അമ്മയുടെ നെഞ്ചിന്റെ മണം
അച്ഛന്റെ കണ്ണീരിന്റെ മണം


അവന്‍ കിടന്ന പനിക്കിടക്കയുടെ മണം
ആരോ കിടന്ന മരണക്കിടക്കയുടെ മണം
എനിക്ക്‌ ചുറ്റും മണങ്ങള്‍ മാത്രമാണ്‌

മരണത്തിനൊരു മണമുണ്ട്‌
പനിക്കിടയ്‌ക്കും മരണക്കിടയ്‌ക്കക്കും മണമുണ്ട്‌
ഞാനിപ്പോള്‍ മണങ്ങള്‍ തിരിച്ചറിയാനിരിക്കുകയാണ്‌
അടുത്തതായി വരുന്ന മണമേതായിരിക്കും
മരണത്തിന്റെ മണം ഇവിടെ ചൂഴ്‌ന്നുനില്‍ക്കുന്നു

മടങ്ങിപ്പോയ എന്റെ ചെറിയമ്മ
ഹാപ്പി വെക്കേഷന്‍ ആശംസിച്ചയച്ച
എന്റെ സഹപ്രവര്‍ത്തകന്‍
മണ്ണപ്പം ചുട്ട്‌ കൂടെക്കളിച്ച എന്റെ കൂട്ടുകാരി
എല്ലാവരും പോയത്‌ മരണത്തിന്റെ മണം
മാത്രം ബാക്കിവച്ചുകൊണ്ടാണ്‌

ഞാനീ മണങ്ങളെ ആത്മാവിലേയ്‌ക്ക്‌ ആവാഹിച്ച്‌
ഒരു മണ്‍കുടത്തില്‍ തളച്ചിടുന്നു
മണങ്ങള്‍ നഷ്ടപ്പെടുന്ന നാളേയ്‌ക്കുവേണ്ടി
മണങ്ങള്‍ മറുന്നുപോവുന്ന മൂക്കിന്‌ വേണ്ടി
എന്റെ ബോധത്തിനുവേണ്ടി

2009, ഏപ്രിൽ 27, തിങ്കളാഴ്‌ച

എന്നെ കാത്തുകിടന്ന ചെറിയമ്മ


മരണം കാലത്തിന്റെ അനിവാര്യതയാണ്‌. എല്ലാവരും മരിക്കാന്‍വേണ്ടിത്തന്നെ ജീവിക്കുന്നവരാണ്‌. എല്ലെങ്കില്‍ ജനിച്ച്‌ മരണത്തിലേയ്‌ക്ക്‌ ഒറ്റയ്‌ക്കു നീങ്ങുന്നവരാണ്‌ എല്ലാമനുഷ്യരും ഇതൊക്കെ പറഞ്ഞു തേഞ്ഞുപഴകിയ വാക്കുകളും വാചകങ്ങളുമാണ്‌.

എത്രപേര്‍ക്ക്‌ ഇതെല്ലാം സ്വാന്തനം നല്‍കും. സ്വന്തങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ നടുങ്ങി നില്‍ക്കുന്നവരോട്‌ ഇങ്ങനെ തന്നെയാണ്‌ എല്ലാവരും പറയാറുള്ളത്‌. അതേ പറയാന്‍കഴിയൂ അല്ലെങ്കില്‍ പറയാനുള്ളുവെന്നതാണ്‌ സത്യം.

അടുത്ത ദിവസങ്ങളിലായി ഞാനേറ്റവും കൂടുതല്‍ കേട്ടുകൊണ്ടിരുന്ന വാചകങ്ങളാണിവ. വിഷുവിന്‌ വീട്ടില്‍ച്ചെല്ലാത്ത പരിഭവം തീര്‍ക്കാനും അച്ഛനും അമ്മയും അനിയനുമൊത്ത്‌ കേരളത്തിന്‌ പുറത്തേയ്‌ക്ക്‌ ഒരു യാത്രപോകാനും തീരുമാനിച്ചുകൊണ്ട്‌ വീട്ടിലെത്തിയ എന്നെ സ്വീകരിച്ചത്‌ ഫ്രീസറില്‍ മരവിച്ചുകിടക്കുന്ന ചെറിയമ്മയുടെ ശരീരമാണ്‌.

എന്റെ അസുഖത്തെ പരിഗണിച്ച്‌ മരണവിവരം അറിയിക്കാതെ ഞാനെത്തുംവരെ ഫോണില്‍പ്പോലും ഒന്നു വിതുമ്പാതെ എല്ലാവരും പിടിച്ചുനിന്നു. ഏപ്രില്‍ 15ന്‌ രാത്രികണ്ട ദുസ്സപ്‌നങ്ങള്‍ പകല്‍ മുഴുവന്‍ അസ്വസ്ഥതയുണ്ടാക്കിയപ്പോള്‍ ഞാന്‍ പലവട്ടം വീട്ടിലേയ്‌ക്ക്‌ വിളിച്ചു. അച്ഛന്റെ സ്വരത്തില്‍ ഉന്മേഷമില്ലായ്‌മ തോന്നിയപ്പോള്‍ കാര്യം അന്വേഷിച്ചു. ഒന്നുമില്ലെന്ന്‌ പറഞ്ഞ്‌ അച്ഛന്‍ ഒഴിഞ്ഞുമാറി.

പിന്നെ വെറുതെ ചിലനേരത്തുണ്ടാകുന്ന മാനസികമായ അസ്വസ്ഥതകളാവുമെന്ന്‌ കരുതി 16ന്‌ വൈകീട്ട്‌ ഞാന്‍ വണ്ടി കയറി. യാത്രയ്‌ക്കുള്ള എല്ലാ ഒരുക്കങ്ങളോടുംകുടിത്തന്നെ. ബസ്സിറങ്ങി വീട്ടിലെത്തുംവരെ അച്ഛന്‍ ഒന്നും മിണ്ടാതെ വണ്ടിയോടിച്ചുകൊണ്ടിരുന്നു. വീട്ടിലെത്തിയപ്പോള്‍ വല്ലാത്ത ഒരു നിശബ്ദത എന്റെ നായ്‌ക്കുട്ടികള്‍ പോലും മിണ്ടാതെ അനങ്ങാതെ ഇരിക്കുന്നു.

തൊട്ടപ്പുറത്ത്‌ ചെറിയമ്മയുടെ വീട്ടിന്‌ മുറ്റത്ത്‌ കെട്ടിയ നീല ടാര്‍പോളിനാണ്‌ എന്റെ ഉള്ളിലേയ്‌ക്ക്‌ അസ്വസ്ഥതയുടെ ഒരു തുള്ളി വിതറിയത്‌. ബാഗുകളെല്ലാം മുറ്റത്തിട്ട്‌ ഓടിച്ചെന്ന എന്നെക്കാത്ത്‌ ചെറിയമ്മയും എരിഞ്ഞു കത്തുന്ന ഒരു നിലവിളക്കും. ആരും നിലവിളിക്കരുതെന്ന ചെറിയമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ എല്ലാവരും കണ്ണുനീരിനെ അടക്കിനിര്‍ത്തിയിരിക്കുന്നു.

സഹിക്കാന്‍ കഴിയാത്ത ഒരു നിശ്ശബ്ദത. കഴിഞ്ഞ അഞ്ചുവര്‍ഷമായി പലഅസുഖങ്ങള്‍ക്കായി ചെറിയമ്മ ചികിത്സയിലായിരുന്നു. തിരിച്ചുകിട്ടില്ലെന്ന്‌ ഞങ്ങള്‍ക്ക്‌ തോന്നിയ ഒരു സന്ദര്‍ഭത്തിലും ചെറിയമ്മ മരണത്തെക്കുറിച്ച്‌ സംസാരിച്ചിരുന്നില്ല. വേദന കടിച്ചമര്‍ത്തി എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ടിരുന്നു.

 ചെറിയച്ചനിലെ വിപ്ലവകാരിയെ പ്രണയിച്ച്‌ വിവാഹം ചെയ്‌ത ചെറിയമ്മ. ചെറിയച്ചന്‍ കടുത്ത നിരീശ്വരവാദിയാണെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ ദൈവങ്ങളെയെല്ലാം സ്വന്തം മനസ്സില്‍ കുടിയിരുത്തി. അമ്പലങ്ങളില്‍പ്പോലും പോകാതെ ഭര്‍ത്താവിന്റെ നിഴല്‍പോലെ ജീവിച്ച ചെറിയമ്മ ഒരു പക്ഷേ ചിലപ്പോഴൊക്കെ ചെറിയച്ഛനേക്കാള്‍ വിപ്ലവകാരിയായിരുന്നു. ചെറിയച്ചന്‍ രാഷ്‌്‌്‌ട്രീയവും നാടകവുമായി നടന്ന കാലത്ത്‌ സര്‍ക്കാരുദ്യോഗസ്ഥയായ ചെറിയമ്മയായിരുന്നു ചെറിയച്ഛനും കുട്ടികള്‍ക്കും താങ്ങ്‌.

മരവിച്ചു കിടക്കുന്ന ചെറിയമ്മയെക്കണ്ട്‌ കുഞ്ഞുന്നാള്‍മുതല്‍ കഴിഞ്ഞ അവധിക്കാലം വരെ എന്റെ മുന്നിലൂടെ മാറിമറിഞ്ഞുപോയി. കഴിഞ്ഞ തവണ എന്നെ കാണണമെന്ന്‌ ആഗ്രഹം പറഞ്ഞ്‌ വിളിപ്പിക്കുകയായിരുന്നു. അന്ന്‌ നല്ലകുട്ടിയായിരിക്കണമെന്നും എല്ലാ ആവശ്യങ്ങള്‍ക്കും ചെറിയച്ഛനൊപ്പമുണ്ടാകണമെന്നുമൊക്കെ എന്നോട്‌ പറഞ്ഞിരുന്നു. പിന്നെ ഒരിക്കലും കയ്യിലുള്ള ജോലി കളയരുതെന്ന ഒരു ശാസനയും തന്നു

അസുഖത്തിന്റെ അത്രവലിയ അസ്വസ്ഥതകളൊന്നുമില്ലാത്തതുകൊണ്ടുതന്നെ അതില്‍ ഒരു ഉപദേശത്തിന്റെ ധ്വനി മാത്രമേ ഞാന്‍ കേട്ടുള്ളു. ഒരു വേര്‍പാടിന്റെ ധ്വനി അറിയാന്‍ എനിക്ക്‌ കഴിഞ്ഞിരുന്നില്ല. വൈകിയുള്ള വിവാഹം കഴിഞ്ഞ്‌ കുട്ടികളുണ്ടാകാന്‍ വീണ്ടും വൈകിയപ്പോള്‍ ഞാനായിരുന്നു ചെറിയമ്മയുടെ കുട്ടി ആ അവകാശം എനിക്കെന്നുമുണ്ടായിരുന്നു.

ചെറിയമ്മയുടെ ആഗ്രഹം പോലെ ഞാനും കരഞ്ഞില്ല ദേഹം എടുക്കുന്നതുവരെ ആരും വിതുമ്പിയില്ല. അവസാനം ശരീരം ശ്‌മശാനത്തിലേയ്‌ക്ക്‌ കൊണ്ടുപോകാറായപ്പോള്‍ ചെറിയച്ഛന്‍ ചെറിയമ്മയുടെ മുഖത്ത്‌ മുത്തം നല്‍കി തളര്‍ന്നു വീണപ്പോള്‍ ആര്‍ക്കും കണ്ടുസഹിക്കാന്‍ കഴിഞ്ഞില്ല. അതുവരെ കരച്ചിലൊതുക്കിപ്പിടിച്ച്‌ ചുവന്ന കലങ്ങിയ കണ്ണുകളെല്ലാം നിലവിട്ടൊഴുകി. അവസാനം ഇലക്ട്രിക്‌ ശ്‌മശാനത്തില്‍ ചെറിയമ്മയ്‌ക്ക്‌ അന്ത്യവിശ്രമം.

ഇപ്പോള്‍ ഒരു കുടത്തില്‍ ചിതാഭസ്‌മമായി ചെറിയമ്മ ഞങ്ങള്‍ക്കൊപ്പം. ഇപ്പോഴും വെറുങ്ങലിച്ച്‌ കിടന്ന ആ ദേഹം ഓര്‍മ്മിക്കുമ്പോള്‍ കണ്ണുനിറയുമെങ്കിലും ചെറിയമ്മ പറഞ്ഞു തന്ന ജീവിതപാഠങ്ങള്‍ എനിക്ക്‌ ധൈര്യമേകുന്നു. ചെറിയച്ഛന്‌ ജോലി കിട്ടുന്നതുവരെ സ്വന്തം ശംബളം കൊണ്ട്‌ ഒരു പരാതിയുമില്ലാതെ കുടുംബം പോറ്റിയ ചെറിയമ്മ എന്നെ സംബന്ധിച്ച്‌ ഉദാത്തമായ ഒരു ഉദാഹരണമാണ്‌. എങ്ങനെ ജീവിക്കാമെന്നതിന്റെ.

എങ്കിലും ഇനി കൂടെയില്ലല്ലോയെന്ന തോന്നലില്‍ ഇടയ്‌ക്ക്‌ ഇടറിപ്പോകുമ്പോഴും കരച്ചിലിനെ വെറുത്തിരുന്ന ഭയപ്പെട്ടിരുന്ന ചെറിയമ്മയ്‌ക്കുവേണ്ടി ഞാനെന്റെ കണ്ണുകള്‍ നിറയാതെ സൂക്ഷിക്കുന്നു. ഓര്‍മ്മകളില്‍ നിറവുള്ള ഒരു ചിത്രമായി ഞാനെന്റെ ചെറിയമ്മയെ നെഞ്ചോടു ചേര്‍ത്തുവയ്‌ക്കുന്നു...

ഞാന്‍ അറിവായശേഷം അനുഭവിക്കുന്ന സഹിക്കാന്‍ കഴിയാത്ത രണ്ടാമത്തെ വേര്‍പാടാണിത്‌. മരണമെന്ന യാഥാര്‍ത്ഥ്യത്തെ ഞാന്‍ കൂടുതല്‍ മനസ്സിലാക്കുന്നു. അതിലേറെ ഭയപ്പെടുന്നു. പ്രിയ്യപ്പെട്ടവരൊന്നും ഇല്ലാതാകുന്ന ഒരു കാലം, കാലാകാലങ്ങളില്‍ ഓരോരുത്തരായി വിട്ടുപോകുമെന്ന തിരിച്ചറിവ്‌ ആ യാഥാര്‍ത്ഥ്യത്തിലേയ്‌ക്ക്‌ പ്രിയ്യപ്പെട്ടവരുടെ ഓരോരുത്തരുടെയും മുഖങ്ങള്‍ മാറി മാറി വരുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ഒരു മരവിപ്പ്‌ പതിയെ ബോധത്തിലേയ്‌ക്ക്‌ അരിച്ചു കയറുന്നു.

2009, ഏപ്രിൽ 14, ചൊവ്വാഴ്ച

ഇതായിരുന്നു എന്റെ വിഷു


ഇത്തവണയും വിഷുവും വര്‍ഷവും വന്നില്ല.....നഗരത്തിലെ മലയാളിക്കടയില്‍ നിന്നും അഞ്ചുരൂപ കൊടുത്തുവാങ്ങിയ
ഒരു പിടി കൊന്നപ്പൂവും ആലിലക്കണ്ണന്റെ ചിത്രവും ഒരു പാത്രത്തില്‍ ഒരുക്കുവച്ച്‌ ഞാന്‍ വിഷുക്കണി കണ്ടു.

കണ്ണുപൊത്തിക്കൊണ്ടുവരാന്‍ അമ്മയില്ലാതെ കൈനീട്ടമായി അച്ഛന്റെ പൊന്നുമ്മയില്ലാതെ അനിയനുമൊത്ത്‌ പടക്കം പൊട്ടിക്കാതെ വീടുകള്‍ കയറിയിറങ്ങി പായസം രുചിക്കാത്ത കൂട്ടുചേര്‍ന്നുള്ള ഊഞ്ഞാലാട്ടമില്ലാതെ ഇതെന്റെ മൂന്നാമത്തെ വിഷു.

മൂന്നു വിഷുവും എന്റെ നഷ്ടങ്ങളായിരുന്നു. അതില്‍ രണ്ടുവിഷുക്കാലം തന്നതാകട്ടെ മരണം വരെ ഓര്‍ത്തുവയ്‌ക്കാനുള്ള വേദനയും. ഒരു വിഷുക്കാലത്ത്‌ ഞാന്‍ മതിമറന്നു സന്തോഷിച്ചു, അടുത്ത വിഷുക്കാലത്ത്‌ എന്റെയുള്ളില്‍ വിഷാദം ചേക്കേറി. തിരിച്ചറിയാനാകാത്ത ഒരു ഭാവം മാത്രം ഉള്ളില്‍ ബാക്കിയായി പുതിയ വിഷുവും കഴിഞ്ഞുപോയി.......

കൊടുംചൂടില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരങ്ങള്‍ ഒരു നോക്കു കാണാന്‍ കഴിയാതെ പോയി.... പൂത്തുലഞ്ഞ ഒരു കൊന്നമരം പോലും കാണാതെ എന്ത്‌ വിഷു? ഊഷരതയില്‍ പൂക്കുന്ന കൊന്ന, വിഷുവിന്‌ പീതവര്‍ണം നല്‍കുന്ന കൊന്ന... കൊന്നപ്പൂക്കള്‍ കൊഴിഞ്ഞു വീണ വഴികള്‍.....എല്ലാം ചൂടില്‍ വാടിക്കരിയുമ്പോള്‍ കൊന്നച്ചെടികള്‍ മാത്രം ചെറിയൊരഹങ്കാരത്തോടെ സൂര്യനെ വെല്ലുവിളിച്ചങ്ങനെ മഞ്ഞവര്‍ണം വിടര്‍ത്തി.....

മരണത്തിന്‌ മരവിച്ച മഞ്ഞനിറമാണെന്നെനിക്ക്‌ തോന്നിയിട്ടുണ്ട്‌ ചന്ദനത്തിരി ഗന്ധവും എന്നെയോര്‍മ്മിപ്പിക്കുന്നത്‌ മരണത്തിലെ നഷ്ടമാണ്‌. എന്നാല്‍ വിഷുക്കാലത്തെ കൊന്നയുടെ മഞ്ഞ വിഷുക്കണിയിലെ ചന്ദനത്തിരിയുടെ ഗന്ധം മരണത്തെ മനസ്സില്‍ നിന്നകറ്റുന്നു കവി പറഞ്ഞപോലെ ഇനിയും വിഷു വരും വര്‍ഷം വരും അതുകാത്തു ഞാന്‍ ഇറയത്തുതന്നെ നില്‍ക്കയാണിപ്പൊഴും.

2009, ഏപ്രിൽ 10, വെള്ളിയാഴ്‌ച

മടങ്ങിയ വസന്തം


പതുങ്ങിപ്പതുങ്ങി വന്ന ഒരു പദനിസ്വനം
ആത്മാവുവരെയെത്തുന്ന സുഗന്ധവും പേറി
അതേ അവള്‍ വസന്തം
വസന്ത ഋതു, വന്നുവോ?

ഉവ്വെന്നവള്‍ ചിരിച്ചു
പരാഗരേണുക്കള്‍ വച്ചുനീട്ടി
കണ്ണുകള്‍ ചെന്നെത്തിയത്‌
തലേന്നാല്‍ വെട്ടിക്കളഞ്ഞ
പൂച്ചെടികളിലേയ്‌ക്കാണ്‌

ഈ പരാഗരേണുക്കള്‍ ആര്‍ക്കു നല്‍കും
പുതുതായി വച്ചുപിടിപ്പിച്ച
പൂക്കാത്ത ചെടികള്‍ക്കോ
അതോ വീണ്ടും പൂച്ചെടികള്‍
നട്ടു നനയ്‌ക്കണമെന്നാണോ
അതുവരെ ഈ പരാഗരേണുക്കളെ
ആരു കരുതി വയ്‌ക്കും?

ആരറിഞ്ഞു ഗ്രീഷ്‌മം കഴിഞ്ഞെന്ന്‌
ഋതുക്കള്‍ മാറിയെന്ന്‌
വസന്തം എത്താറായെന്ന്‌
നിശ്ചലമായ ഘടികാരസൂചികളിലല്ലേ
എന്റെ കാലവും നിന്നുപോയത്‌

വസന്തത്തെ പടിവാതില്‍ക്കല്‍ നിര്‍ത്തി
ഞാനെന്റെ ഘടികാരത്തിനടുത്തെത്തി
അനങ്ങാത്ത സൂചികളെ പിടിച്ചു നടത്താന്‍ ശ്രമിച്ചു
തുരുമ്പിച്ച സൂചികള്‍ ഇളകി കയ്യില്‍പോന്നു
പെന്റുലം തൂങ്ങിയ നിലയില്‍ നിന്നും
നിലത്തുവീണുപൊട്ടിച്ചിരിച്ചു

അതേ, ചിരിയിലൊരു പരിഹാസം
ചിരികളുടെ പ്രതിധ്വനി വിഡ്‌ഢീ എന്ന്‌ നീട്ടി വിളിക്കുന്നു
ശബ്ദം കേട്ട്‌ അവള്‍ ഭയന്നുവോ?
വാതില്‍പ്പടിയില്‍ അവളെ കണ്ടില്ല

ഉമ്മറപ്പിടിയില്‍ നിന്നും
എത്തിനോക്കുമ്പോള്‍ അവളതാ
അടുത്തുള്ള ശവപ്പറമ്പിലെ
ശവംനാറിച്ചെടികളില്‍
വസന്തപരാഗങ്ങള്‍ വിതറുന്നു
തിരികെ വിളിക്കണോ?

വേണ്ട അവിടെ വസന്തം വിടരട്ടെ
വാതില്‍പ്പടിയില്‍ നിന്നും
ആ വസന്തത്തെ കണികണ്ട്‌
അടുത്ത വസന്തം വരുന്നതുവരെ കാത്തിരിക്കാം

പുതിയൊരു ഘടികാരം വാങ്ങി ചുവരില്‍ തൂക്കാം
കാലത്തിനൊപ്പം നടക്കാന്‍,
ചിലപ്പോഴൊക്കെ കുറുകെയും പിന്നോട്ടും
സൂചികളെ വലിച്ചും നീട്ടിയും വയ്‌ക്കാം
പെന്റുലത്തെ പിടിച്ചു കെട്ടിവയ്‌ക്കാം

അടുത്ത വരവില്‍ ഈ ശവപ്പറന്പില്‍
എത്താതിരിക്കാന്‍ അവള്‍ക്ക്‌ കഴിയില്ല
കാരണം അവിടെ കാത്തിരിക്കുന്ന എനിയ്‌ക്ക്‌
ശവംനാറിപ്പൂക്കള്‍ താരിതിരിക്കാന്‍
അവള്‍ക്കു കഴിയുമോ?
ഇല്ല കഴിയില്ല, അവള്‍ വരും

2009, ഏപ്രിൽ 6, തിങ്കളാഴ്‌ച

നിനക്കുവേണ്ടി മാത്രം


എന്തേ ഞാന്‍ സ്വപ്നങ്ങള്‍ക്ക് പുറകേ പോയത്?
എന്തേ ഞാനെന്നെ കൊല്ലാന്‍ ശ്രമിച്ചത്?
അച്ഛന്‍റെ നെഞ്ചിലെ വേവോര്‍ക്കാതെ
അമ്മയുടെ ഉള്ളിലെ എരിയുന്ന കനലോര്‍ക്കാതെ
കുഞ്ഞനിയന്‍റെ തമാശകളോര്‍ക്കാതെ

ഇല്ല! ഞാനോര്‍ക്കുന്നു അച്ഛന്‍ നടത്തിയപോലെ
നീയെന്നെ കൈപിടിച്ചു നടത്തിയത്
അമ്മയെപ്പോലെ ഞാന്‍ നിന്നെ കുഴച്ചൂട്ടിയത്
നീ ആരായിരുന്നു?
പ്രണയമോ? അതോ മരണമോ?

ഇവിടെ ഇപ്പോള്‍ നരച്ച പകലുകളാണ്
നിലാവില്ലാതെ വിളറിയ രാത്രികളും
നിനക്കു നക്ഷത്രങ്ങളെ കാണാന്‍ കഴിയുന്നുണ്ടോ?
ഉണ്ടായിരിക്കണം, അന്നേ നിന്‍റെ
കാഴ്ചകള്‍ക്ക് തെളിച്ചമുണ്ടായിരുന്നല്ലോ

കണ്ണില്‍ നിന്നും നീ വീണുപോയെങ്കില്‍
എന്നുകരുതി ഞാന്‍ കരയാതിരിക്കുന്നു
ഒന്നു കരയാന്‍ നീ പറഞ്ഞിരുന്നെങ്കില്‍
എനിയ്ക്കൊന്നു കരഞ്ഞുതീര്‍ക്കാന്‍ കഴിഞ്ഞേനേ

നിന്‍റെ കണ്ണിലെ എന്‍റെ രൂപം
ഇപ്പോള്‍ തീര്‍ത്തും മങ്ങിയതായിരിക്കും
ഒരിക്കല്‍ അത് തീര്‍ത്തും അവ്യക്തമായി
നിന്‍റെ കണ്ണുകളില്‍ നിന്നുമടര്‍ന്ന്
വെറും നിലത്ത് വീണ് ചിതറും

അന്നും കണ്ണില്‍ എന്‍റെ രൂപമില്ലാതെ
നിനക്കെന്നെ ഓര്‍മ്മിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍
എങ്കില്‍ നീയെന്നെ സ്നേഹിക്കുന്നു
കടലിന്‍റെ കരകള്‍ക്കിടയിലുള്ള അകലത്തോളം

എങ്കിലും നീ സമ്മാനിച്ച അപമാനങ്ങള്‍ക്ക് മേല്‍
മണ്ണുവാരിയിട്ട് ഓര്‍മ്മകളെ ഒഴിക്കിക്കളയാന്‍
വരാനിടയില്ലാത്ത ഒരു പ്രളയകാലത്തെയും കാത്ത്
ഞാനിവിടെ തനിച്ചിരിക്കുകയാണ്

മുറിവില്‍ നിന്നിറ്റുവീഴുന്ന രക്തത്തില്‍
നിന്‍റെ പേരെഴുതി നിനക്ക് ആശംസകളെഴുതി
ഞാന്‍ സമ്മാനപ്പൊതി ഒരുക്കുകയാണ്
നിനക്കുവേണ്ടി മാത്രം