2009, ജൂൺ 11, വ്യാഴാഴ്‌ച

കുടിയിറക്കല്‍


കുടിയിറക്കപ്പെട്ടവരുടെ മനസ്സ്‌
നാടുകടത്തപ്പെട്ടവരുടെ മനസ്സ്‌
അവയ്‌ക്കുള്ളില്‍ എന്തായിരിക്കും
അവയ്‌ക്ക്‌ അടയാളപ്പെടുത്താനുള്ളത്‌
ഒരേതരം വേദനതന്നെയാകുമോ
എങ്കില്‍ ഞാനും അവരും തമ്മില്‍ സാമ്യപ്പെട്ടിരിക്കും
ഞാനിതാ പലവട്ടം കുടിയിറക്കപ്പെട്ടിരിക്കുന്നു

ആദ്യമായി അമ്മയുടെ ഉദരത്തില്‍ നിന്നും
പിന്നെ അച്ഛന്റെ നെഞ്ചില്‍ നിന്നും
ഒടുവില്‍ ആരുടെയൊക്കെയോ മനസ്സില്‍ നിന്നും
ഇപ്പോള്‍ എന്റെയുള്ളില്‍ നിന്നുതന്നെ

ആദ്യത്തെ കുടിയിറക്കം
അമ്മയുടെ ഉദരത്തില്‍ നിന്നും
ഭൂമിയിലേയ്‌ക്ക്‌ കുടിയിറക്കപ്പെട്ടപ്പോള്‍
എല്ലാവരും അതൊരാഘോഷമാക്കി

അച്ഛന്റെ നെഞ്ചിലും മടിയിലും
ഇരിക്കാവുന്ന കാലം കഴിഞ്ഞുപോയെന്ന്‌ കാണിച്ച്‌
വീണ്ടുമൊരു കുടിയിറക്കല്‍
അതൊരു ആഘോഷമായിരുന്നു
സ്വകാര്യതയുള്ള ഒരാഘോഷം

പിന്നെയുള്ള എന്റെ ചേക്കേറലുകള്‍ ആരറിഞ്ഞു
അമ്മയറിഞ്ഞത്‌ കുടിയിറക്കപ്പെട്ടുകഴിഞ്ഞാണ്‌
അച്ഛനിപ്പോഴും അത്‌ വായിച്ചു തീരാത്ത ഒരു കഥ
ഞാന്‍ സ്വയം നാടുകടത്താന്‍ തീരുമാനിച്ചു
നാടുകടത്തലോ അതോ നാടുകടക്കലോ
ആരെങ്കിലും തീരുമാനിക്കട്ടെ

ആദ്യം സ്വയം ചോദിച്ചുവാങ്ങിയ കുടിയിറക്കം
പിന്നെ അതുമറയ്‌ക്കാന്‍ ഒരൊളിച്ചോട്ടം
ചേക്കേറാനൊരിടം തന്ന്‌ വീണ്ടുമൊരു മരം വിളിച്ചു
ഒരു ദിവസം പറന്നു തളര്‍ന്നെത്തിയപ്പോള്‍
തലേന്നു കണ്ട ശിഖരമില്ല കൂടുമില്ല
ഞാന്‍ പോലുമറിയാതെ ഞാന്‍ കുടിയിറക്കപ്പെട്ടു

ഇനി ശാഖികള്‍ തേടിഞാനലയുന്നില്ല
നിതാന്തമായ നിശബ്ദതയിലേയ്‌ക്കും
അനാദിയായ അന്ധകാരത്തിലേയ്‌ക്കും
ഞാന്‍ സ്വയം നാടുകടത്തുന്നു

എന്നെങ്കിലും ഒരിക്കല്‍ കുറിച്ചിടും
സ്വയം നാടുകടത്തപ്പെട്ടവളുടെ
ദുരിതങ്ങളെക്കുറിച്ച്‌
വീണ്ടും വീണ്ടും കുടിയിറക്കപ്പെട്ടതിന്റെ
വേദനയെക്കുറിച്ച്‌

അന്നത്‌ വായിക്കപ്പെടാത്ത
ഒരാത്മകഥയായി
തേളും പാറ്റയും ഇരട്ടവാലനും കൂടുവയ്‌ക്കുന്ന
വെറും കടലാസുതാളുകളായി അവശേഷിയ്‌ക്കും

2009, ജൂൺ 7, ഞായറാഴ്‌ച

അഗ്നി ശുദ്ധി


ഒരു വാക്കില്‍
ഒരു നോക്കില്‍
ഒരു കനല്‍ പേറി നീ
അകലെയിരിക്കുവതെന്തു താപം
വാടിത്തളരുന്നു ഞാനിതാ
നിന്‍ കനല്‍ നീറലില്‍

ഓര്‍മ്മകളില്‍ നീ മായുന്ന മരുപ്പച്ച
പിന്നെയൊരു വേവുന്ന മരുഭൂമി
പിന്നെയൊരു കൂര്‍ത്ത മുള്‍ച്ചെടി
കൊണ്ടുകോറുന്നിതായെന്റെ
ആത്മാവിലാകെയായ്‌

ഇവിടെ പെയ്യുന്നു മഴ
കൊടും തീമഴ
ഒഴുകിപ്പരക്കുന്നതും
തിളയ്‌ക്കുന്ന തീ തന്നെ

വെറുമൊരു വിറയലായി
ചെറിയൊരു പിടച്ചിലായി
ഇവിടെ ഞാനൊടുങ്ങുന്നു
നീ അഗ്നിയായ്‌ പൊഴിച്ചിട്ട
ഓര്‍മ്മകള്‍ തന്നുള്ളില്‍
നിന്‍റെ ഉള്ളിന്റെയുള്ളില്‍

സൂക്ഷിച്ചു നോക്കുക
ഇതാ എന്റെ ജഡത്തില്‍
കൂര്‍ത്തൊരു പഴുത്തിരുമ്പാല്‍
കോറിമുറിച്ചിട്ട ഒരു പേര്‌
ഇത്‌ നിന്റേത്‌ തന്നെയല്ലേ?

2009, ജൂൺ 3, ബുധനാഴ്‌ച

ഇങ്ങനെയും വരച്ചിടാം


അതൊരു മഴക്കാലമായിരുന്നു
ഒരു സമ്മാനവുമായി
നീ നനഞ്ഞൊലിച്ച്‌ കയറിവന്നത്‌
കൂരിരുട്ടില്‍ മെഴുകുതിരി തെളിയിച്ച്‌
ഞാന്‍ നിനക്ക്‌ അത്താഴം വിളമ്പിയത്‌

പിന്നെ എപ്പോഴോ നീ വന്യമായി പെയ്‌തു
മഴതോര്‍ന്നപ്പോള്‍ ഇറങ്ങിപ്പോവുകയായിരുന്നോ
പിറ്റേന്ന്‌ വെളുത്തപ്പോള്‍ ഞാന്‍ മരിച്ചിരുന്നു
നിന്നെ വിളിക്കാനായി ചുണ്ടുവിടര്‍ത്തിയപ്പോള്‍
അത്‌ തുന്നിച്ചേര്‍ത്തിരിക്കുന്നു
തെളിവുകള്‍ അവശേഷിക്കാതിരിക്കാനാവും
കറുത്ത നൂലുകള്‍ കൊണ്ട്‌
എന്റെ ചുണ്ടുകള്‍ നീ ബന്ധിച്ചത്‌

തലേന്ന്‌ നീ ബാക്കിവച്ച എച്ചിലില്‍
അപ്പോഴും ഈച്ചയാര്‍ക്കുന്നുണ്ടായിരുന്നു
മുറിയുടെ ചുമരിനരികിലൂടെ
ചാലിട്ട്‌ അരിച്ചരിച്ചു പോകുന്ന
ഉറുമ്പുകള്‍ മെല്ലെ എന്റെയടുത്തേയ്‌ക്കെത്തി
കണ്ണിലും മൂക്കിലും വായിലും
അവര്‍ കയറിയിറങ്ങി കൂടുവച്ചു
വേദനിച്ചു.....പക്ഷേ
മരിച്ചതിനാല്‍ എനിക്ക്‌ കരയാന്‍ കഴിഞ്ഞില്ല

ദേഹം ചീഞ്ഞഴുകിയപ്പോഴാണ്‌
തുറന്നിട്ട വാതില്‍ കണ്ട്‌ ആളുകള്‍ കയറിയത്‌
അനന്തരം അവരെന്നെ ഒരു പായയില്‍ പൊതിഞ്ഞ്‌
പുറത്തേയ്‌ക്കെടുത്തു
തുറക്കാന്‍ കഴിയാതെ അടഞ്ഞുകിടന്നകണ്ണുകള്‍
അവ വലിച്ചുതുറന്ന്‌ ഞാന്‍
നിനക്കുവേണ്ടി തിരഞ്ഞു ഇല്ല,
പക്ഷേ എവിടെയോ
നിന്റെ ശബ്ദം എനിക്ക്‌ കേള്‍ക്കാമായിരുന്നു

ആളുകള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു
ആരൊക്കെയോ മൂക്കിലും കണ്ണിലും വായിലും
കയറിപ്പാര്‍ത്ത ഉറുമ്പുകളെ തട്ടിമാറ്റി
അവസാനം ആരോ കയ്യില്‍പ്പിടിച്ചു
അതില്‍ ഞാന്‍ മുറികെപ്പിടിച്ചിരുന്നു
നിന്റെ സമ്മാനം!!!!!!!!!!
അയാളെന്റെ കൈവിടര്‍ത്താന്‍ തുനിഞ്ഞു
അപ്പോള്‍ നിന്റെ ശബ്ദം.... അതെടുക്കരുത്‌

ഞാനാശ്വസിച്ചു നീയെന്നെ തിരിച്ചറിഞ്ഞല്ലോ
പിന്നെ ആളുകള്‍ കൂട്ടം കൂടിനിന്ന്‌
തര്‍ക്കം തുടങ്ങി
എവിടെ സംസ്‌കരിക്കും
ഒരാള്‍ പറഞ്ഞു വഞ്ചിക്കപ്പെട്ടവര്‍ക്കായുള്ള
സ്ഥലത്ത്‌ കുഴിയെടുക്കാം
വീണ്ടും നിന്റെ ശബ്ദം
വേണ്ട ആത്മവഞ്ചന നടത്തിയവര്‍ക്കുള്ളിടത്താവട്ടെ

അവസാനം ആ ആറടി നീളമുള്ള
കുഴിയിലേക്ക്‌ ഞാന്‍ എറിയപ്പെട്ടു
ആദ്യ പിടി മണ്ണു വന്നു വീണത്‌ ചുണ്ടിലായിരുന്നു
അതു ചെയ്‌തത്‌ നീയായിരുന്നോ
അതില്‍ നിന്റെ വിരലുകളുടെ തണുപ്പുണ്ടായിരുന്നു
പിന്നെ മണ്ണുംകല്ലുംവന്നു വീണുകൊണ്ടേയിരുന്നു
ആത്മവഞ്ചന ചെയ്‌തവരുടെ കൂട്ടത്തില്‍
നീയെന്നെ സസൂക്ഷ്‌മം
രേഖപ്പെടുത്തിയിരിക്കുന്നു

പക്ഷേ അനാദികാതം അകലെ ആരോ ഒരാള്‍
വിലങ്ങുവീണ കൈകള്‍ കൊണ്ട്‌
എന്നെയൊരു നേര്‍രേഖയായി വരച്ചിടാന്‍ ശ്രമിക്കുന്നു
ആ വര പൂര്‍ത്തിയാകുന്നില്ല
എന്റെ കൈകള്‍ മണ്ണിനുള്ളിലാണല്ലോ
ഞാനതെങ്ങനെ വരച്ച്‌ പൂര്‍ത്തിയാക്കും
വേണ്ട അത്‌ പൂര്‍ത്തിയാവാതെതന്നെ കിടക്കട്ടെ