ഇത്തരത്തില്‍ സ്വപ്‌നം കാണാറുള്ള സ്ഥലങ്ങളില്‍ ഹിമാലയന്‍ താഴ്‌വരയും സ്വിറ്റ്‌സര്‍ലാന്റിലെ പൂപ്പാടങ്ങളുമെന്നുവേണ്ട ഇന്നേവരെ നേരിട്ട് കണ്ടിട്ടില്ലാത്ത പലതുമുണ്ട്, ബിവര്‍ളി ഹില്‍സും, ഹോളിവുഡും കൂടിയുണ്ടായിരുന്നു അക്കൂട്ടത്തില്‍. പറഞ്ഞുവരുന്നത് അതിനെക്കുറിച്ചുതന്നെ, യുഎസിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ ലോസ്ആഞ്ജലസ് സിറ്റിയിലുള്ള ബിവര്‍ളിഹില്‍സും ഹോളിവുഡും തന്നെ. ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന സമയത്തോ മറ്റോ ആണ് ഞാന്‍ ഈ ലോകസിനിമയെ അടക്കിവാഴുന്ന ഹോളിവുഡ് എന്നത് ലോസ്ആഞ്ജലസ് നഗരത്തിലെ ഒരു നഗരമാണെന്ന് മനസ്സിലാക്കിയത്. സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ ഏതോ അധ്യാപകന്റെ വാക്കുകളില്‍ നിന്നാണ് ആ അറിവ് വീണുകിട്ടിയത്. അക്കാലത്തൊന്നും ഞാന്‍ ഹോളിവുഡിനെ പകല്‍ക്കിനാവിലേയ്ക്ക് കൊണ്ടുവന്നിട്ടില്ല.
പി.ജി പഠിത്തവും കഴിഞ്ഞാണ് ഇംഗ്ലീഷ് ചിത്രങ്ങള്‍ കൂടുതല്‍(എന്നുവച്ച് ഞാന്‍ ഇംഗ്ലീഷ് പടമേ കാണാറുള്ള എന്ന് വിചാരിക്കരുത്, കണ്ടവ വളരെ കുറവാണ്) കാണുകയും ചെയ്തിട്ടുള്ളത്. പിന്നീട് ജേര്‍ണലിസം കഴിഞ്ഞ് ബാംഗ്ലൂരില്‍ ജോലിയും കിട്ടിക്കഴിഞ്ഞപ്പോള്‍ ഈ താല്‍പര്യം കൂടുകയും അങ്ങനെ ആ സിനിമാ നഗരം ഒന്നുകാണാന്‍ കഴിഞ്ഞെങ്കിലെന്ന് വെറുതേ ആഗ്രഹിയ്ക്കുകും ചെയ്തുതുടങ്ങി. യാത്രാവിവരണ ബ്ലോഗുകളാണ് കാണാന്‍ സാധ്യതയില്ലാത്ത ഹോളിവുഡിനെ എന്റെ പകല്‍ക്കിനാവുകളിലേയ്ക്ക് തള്ളിക്കയറ്റിയത്.
ഹോളിവുഡിനോടുള്ള ഇഷ്ടത്തിനൊപ്പമാണ് പലപ്രമുഖ താരങ്ങളുടെയും വസതികളുള്ള ബിവര്‍ളി ഹില്‍സിനെയും ഇഷ്ടപ്പെട്ടുതുടങ്ങിയത്. ഇഷ്ടതാരമായ മൈക്കല്‍ ജാക്‌സണന്റെ വസതിയും ഇവിടെയുണ്ടെന്നും ജാക്‌സണ്‍ പഠിച്ചസ്‌കൂളും, പരിപാടികള്‍ നടത്തിയിരുന്ന ഓഡിറ്റോറിയവുമെല്ലാം ഇവിടെയാണെന്നുമൊക്കെയുള്ള വാര്‍ത്തകളും കാര്യങ്ങളും ബിവര്‍ളിയോടുള്ള ഇഷ്ടത്തെ കൂട്ടിക്കൊണ്ടിരുന്നു. ജോലിക്കിടെ ഹോളിവുഡ് കഥകള്‍ വാര്‍ത്തയാക്കേണ്ടിവന്നപ്പോള്‍ ഇവയെക്കുറിച്ച് കൂടുതലറിയേണ്ടതായി വന്നു. അങ്ങനെ ഗൂഗിള്‍ ചെയ്ത് ഗൂഗിള്‍ ചെയ്ത് ഞാന്‍ നിര്‍വൃതിയടഞ്ഞു.
ഹോളിവുഡും, ബിവര്‍ളി ഹില്‍സും പകല്‍ക്കിനാക്കളിലുണ്ടായിരുന്നെങ്കിലും ഒരു അമേരിക്കന്‍ യാത്രയെക്കുറിച്ച് ഞാന്‍ ആലോചിക്കാറുപോലുമില്ലായിരുന്നു. സ്വപ്‌നം കാണുമ്പോള്‍ ഞാന്‍ വെറുതെ ഹോളിവുഡില്‍ വന്നുനില്‍ക്കും, അങ്ങോട്ടും ഇങ്ങോട്ടും നടക്കും, ചിലപ്പോള്‍ പ്രിയതാരങ്ങളെ കണ്ടുമുട്ടും അത്രയൊക്കെയേ ഉണ്ടായിരുന്നുള്ളു. അപ്പോഴൊന്നും ഈ രണ്ടു സ്ഥലങ്ങളും അമേരിക്കയിലാണല്ലോ എന്നുപോലും ഞാന്‍ ചിന്തിക്കുമായിരുന്നില്ല. കുഞ്ഞുന്നാളില്‍ ഹിരോഷിമയില്‍ അണുബോംബിട്ട കഥ കേട്ടതുമുതല്‍ അമേരിക്കയോട് എനിയ്ക്ക് എന്തോ ഒരു വല്ലാത്ത അകല്‍ച്ചയും അനിഷ്ടവുമായിരുന്നു.
പക്ഷേ നിനച്ചിരിക്കാതെ പെട്ടെന്നൊരുനാള്‍ എനിക്ക് ബാംഗ്ലൂരും നാടുമെല്ലാം വിട്ട് ഇവിടേയ്ക്ക് വരേണ്ടിവരുന്നു, അതും കൂട്ടുകാരനൊപ്പം. കല്യാണം കഴിഞ്ഞ് രണ്ടാമത്തെമാസം ഭാണ്ഡം മുറുക്കി ഞങ്ങള്‍ പോന്നു. ആദ്യം കണ്ടപ്പോള്‍ത്തന്നെ അമേരിക്ക അമേരിക്കയെന്ന് ആളുകള്‍ വിളിച്ചുകൂവുന്ന സ്ഥലമിതാണോ എന്നതോന്നലായിരുന്നു എനിയ്ക്ക്, നാട്ടില്‍ എല്ലാവരെയും ഇട്ടിട്ടുപോന്നതിന്റെ സങ്കടം കൊണ്ടുതന്നെ ആദ്യമൊക്കെ ഇവിടം ഇഷ്ടപ്പെടാന്‍ ബുദ്ധിമുട്ടായി, അമേരിക്കന്‍ കാറ്റുകൊണ്ടാല്‍ ചര്‍ദ്ദിയ്ക്കുമെന്ന അവസ്ഥ. പിന്നെ എല്ലാം പതിവുപോലെ. ഇങ്ങോട്ട് കെട്ടുകെട്ടുമ്പോള്‍ അച്ഛനെ കാണാതിരിക്കുന്നതോര്‍ത്ത് പലപ്പോഴും ആശങ്കപ്പെട്ട എനിയ്ക്ക് അവന്‍ തന്നുകൊണ്ടിരുന്ന പ്രലോഭനം ഒരുപാട് യാത്രകള്‍ ചെയ്യാമെന്ന വാക്കായിരുന്നു.
വന്ന് സെറ്റിലായി അധികം കഴിയും മുമ്പേ യാത്രകള്‍ തുടങ്ങി, അങ്ങനെ പതിയെ ഇവിടത്തെ സ്ഥലങ്ങളെയും മനുഷ്യരെയും ഞാന്‍ ഇഷ്ടപ്പെടാന്‍ പഠിച്ചു. എങ്കിലും പുറത്തൊന്നു നടക്കാനിറങ്ങിയാല്‍ തൊട്ടുമുന്നില്‍ കാണുന്ന അപരിചിതര്‍ ഹായ്, ഹൗ ആര്‍ യു എന്ന് ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ ഇയാള്‍ക്ക് വട്ടാണോയെന്നോര്‍ത്ത് ഒരുമിനിറ്റ് താമസിക്കാതെ എനിയ്ക്ക് മറുപടി പറയാനും തിരിച്ച് വിഷ് ചെയ്യാനും ഇപ്പോഴും കഴിയുന്നില്ല എന്നത് അവന് വലിയ സങ്കടമുള്ള കാര്യമാണ്. ബേസിക്കലി ഐ ആം എ കണ്‍ട്രി എന്നു പറഞ്ഞ് ഞാനിക്കാര്യത്തില്‍ അവനെ സമാധാനിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
കാലിഫോര്‍ണിയയിലെ സിറ്റി ഓഫ് സാന്റ ക്ലാരയില്‍ താമസം തുടങ്ങി നാളുകള്‍ കഴിഞ്ഞിട്ടും ഹോളിവുഡ് കാണാന്‍ പോകാനുള്ളൊരു സാധ്യത എന്റെ മനസ്സില്‍ തെളിഞ്ഞില്ല. പക്ഷേ അഞ്ചാം മാസം ഓഫര്‍വന്നു, ഒരു ദിവസം ഓഫീസില്‍ നിന്നും വരുന്നത് വീക്ക് എന്‍ഡില്‍ എല്‍എയ്ക്കുപോകാം എന്നും പറഞ്ഞുകൊണ്ടാണ്. കേള്‍ക്കേണ്ടതാമസം ഞാന്‍ തയ്യാറെടുപ്പും തുടങ്ങി. അവിടെ ചെയ്യാനുള്ളതും കാണാനുള്ളതും എല്ലാം തപ്പിയെടുത്തു. മറ്റെന്തൊക്കെയുണ്ടെങ്കിലും ഹോളിവുഡും ബിവര്‍ളി ഹില്‍സും വിട്ട് ഒരു കളിയുമില്ലല്ലോ. മാത്രവുമല്ല, സാന്റ ക്ലാര സിറ്റി മുതല്‍ ലോസ്ആഞ്ജലസ് നഗരം വരെ ഡ്രൈവ് ചെയ്താണ് യാത്ര, അതും ഞങ്ങള്‍ രണ്ടും തനിച്ച്. ഹോ പ്രിയസ്ഥലത്തേയ്ക്കുള്ള യാത്ര വളരെ റൊമാന്റിക്കായിരിക്കുമെന്നോര്‍ത്ത് ഞാന്‍ പുളകം കൊണ്ടു.
ലോസ്ആഞ്ജലസിലേയ്ക്കുള്ള വഴി
ഉച്ചയ്ക്ക് രണ്ടുമണിയ്ക്കാണ് യാത്ര തുടങ്ങിയത്. പച്ചക്കറി വയലുകള്‍ക്കും പിസ്തത്തോട്ടങ്ങള്‍ക്കുമിടിയിലൂടെയും കുന്നുകയറിയും ഇറങ്ങിയുമുള്ളയാത്ര. ഇടയ്ക്ക് വിശപ്പുതീര്‍ക്കാനും വണ്ടിയില്‍ ഇന്ധനം നിറയ്ക്കാനുമായി രണ്ടിടത്ത് ഇറങ്ങിയതൊഴിച്ചാല്‍ വിശ്രമം അധികമില്ല, രാത്രി എട്ടരയോടെ ഞങ്ങള്‍ എല്‍എ നഗരം പൂകി, ഹോളിവുഡ് എന്ന പച്ചയില്‍ വെളുത്ത അക്ഷരങ്ങളുള്ള ബോര്‍ഡ് കണ്ടപ്പോള്‍ത്തന്നെ ആവേശം ഉച്ചിയിലെത്തി. പിന്നെ ഹോട്ടലിലെത്തി കുളിയുംകഴിഞ്ഞ് പിറ്റേന്നത്തെ യാത്രകളും പ്ലാന്‍ചെയ്ത് ഉറക്കം. അവന്‍ നേരത്തേ വന്നിട്ടുണ്ടെന്നതുകൊണ്ടുതന്നെ എവിടെപ്പോണം, എന്തുചെയ്യണമെന്നെല്ലാമുള്ള ആലോചനകള്‍ക്ക് വലിയ സ്ഥാനമില്ലായിരുന്നു.
കാലത്ത് ആദ്യത്തെ ലക്ഷ്യം എല്‍എ ഡൗണ്‍ടൗണ്‍ ആയിരുന്നു. ഞങ്ങള്‍ താമസിക്കുന്ന സാന്റ ക്ലാരയിലെപ്പോലെയല്ല, ആളുകളുണ്ട് നിറയെ, ബസുകളും മറ്റ് വാഹനങ്ങളുമുണ്ട് നിരത്തില്‍ , സാന്റ ക്ലാരയില്‍ ഒരു ബസ് കണ്ടുകിട്ടണമെങ്കില്‍ ചുരുങ്ങിയത് ഒരുമണിക്കൂര്‍ നടക്കണം, സിറ്റിയെന്നാണ് പറച്ചിലെങ്കിലും ചില്ലറ ഷോപ്പുകളും അപ്പാര്‍ട്‌മെന്റുകളുമൊഴിച്ചാല്‍ സാന്റ ക്ലാര എപ്പോഴും ഉറങ്ങിക്കിടക്കുന്നതുപോലെയാണ്. ആളനക്കം കേള്‍ക്കണമെങ്കില്‍ അപ്പുറത്ത് സാന്‍ ഹോസെയിലെത്തണം., ഡൗണ്‍ ടൗണിലേയ്ക്കുള്ള വഴിയില്‍ ഡിസ്‌നി കണ്‍സേര്‍ട്ട് ഹാളും, മ്യൂസിക് സെന്ററും അടുത്തുള്ള കാത്തലിക് ചര്‍ച്ചും കണ്ടു. പള്ളിയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ സന്ദര്‍ശനം നടത്തിയകാലത്ത് ഇട്ട കോട്ടും ഇരുന്ന കസേരയുമെല്ലാം സൂക്ഷിച്ച് വച്ചിട്ടുണ്ട്. പള്ളിയിലെ ചിത്രങ്ങളും ശില്‍പങ്ങളുമെല്ലാം ഗംഭീരമാണ്.
പിന്നെ പോയത് ടോക്കിയോ ടൗണിലേയ്ക്കാണ്. ജപ്പാന്‍കാര്‍ ഏറെയുള്ള സ്ഥലമാണിത്. ജപ്പാന്‍ ശൈലിയിലുള്ള കെട്ടിടങ്ങളും ജപ്പാനീസ് ഭക്ഷണവും വസ്ത്രങ്ങളും കിട്ടുന്ന കടകളുമെല്ലാം ഏറെയുണ്ടിവിടെ. അടുത്തലക്ഷ്യം ഈ ഭാഗത്തുള്ള ചൈന ടൗണ്‍അന്വേഷിച്ചായിരുന്നു. പക്ഷേ ചെന്നെത്തിയത് പഠിച്ച മാപ്പിലൊന്നും അധികം കാണാതിരുന്ന ഒരു ഭാഗത്ത്. മെക്‌സിക്കോക്കാരുടെ ഒരു പരമ്പരാഗത വീഥിലിയേക്കാണ്. അവിടെ മെക്‌സിക്കന്‍ വസ്ത്രങ്ങളും, തുകല്‍ ഉല്‍പ്പന്നങ്ങളും കരകൗശലവസ്തുക്കളുമെല്ലാം വില്‍ക്കുന്ന ചെറിയചെറിയ കടകള്‍(നമ്മുടെ നാട്ടിലെ പെട്ടിക്കടപോലെ)നിരനിരയായി കിടക്കുന്നു. പിന്നെ മെക്‌സിക്കന്‍ ഭക്ഷണം കിട്ടുന്ന റസ്റ്റോറന്റുകള്‍ എല്ലാമുണ്ട്. കണ്ടാല്‍ ഇഷ്ടപ്പെടുന്ന എന്തൊക്കേയോ ഉണ്ട്, ചിലതെല്ലാം ഞാന്‍ വാങ്ങി, ചിലതില്‍ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറിലുള്ള ഡോളര്‍ കണ്ട് ഞെട്ടി ഞാനതുപോലെതന്നെ തിരിച്ചുവച്ചു. കൂട്ടത്തില്‍ തുകല്‍ ഉല്‍പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന ചില കടകളുണ്ട്, ഒറിജിനല്‍ തുകലിന്റെ മണം, തുകല്‍ ബാഗുകളും ചെരുപ്പുകളും അവിടെത്തന്നെ ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്നു. ചില സാധനങ്ങള്‍ തിരഞ്ഞ് ഈ തെരുവിലൂടെ രണ്ടുവട്ടം അങ്ങോട്ടുമിങ്ങോട്ടും നടന്നുകഴിഞ്ഞ് ചൈന ടൗണിന്റെ ദിശ കണ്ടുപിടിച്ച് അങ്ങോട്ട് നടന്നു.
ഒരു കൊച്ചു ചൈന സൃഷ്ടിച്ചെടുത്തപോലെയാണ് ചൈന ടൗണ്‍, ചൈനീസ് വസ്തുക്കള്‍കിട്ടുന്ന കടകള്‍, ഭക്ഷണശാലകള്‍, പലചരക്ക് കടകള്‍, കരകൗശലക്കടകള്‍. തുണിക്കടകളിലും മറ്റും അപ്രതീക്ഷിതമായ വിലക്കുറവ് കണ്ട് ഞാന്‍ ചിലതെല്ലാം സ്വന്തമാക്കുകയും ചെയ്തു. ഇവിടെവച്ചായിരുന്നു ഉച്ചഭക്ഷണം. പക്ഷേ ഭക്ഷണം ഞങ്ങളെ നിരാശപ്പെടുത്തി, ഞാന്‍ ചൈനീസ് ഫുഡ് കഴിച്ചിട്ടുള്ളത് നാട്ടിലെ ഇന്ത്യനൈസ്ഡ് ചൈനീസ് റസ്റ്റോറന്റുകളില്‍ നിന്നും പിന്നെ ഇവിടെ വന്നതില്‍പ്പിന്നെ പാണ്ഡ ഫുഡ്‌സ് പോലുള്ള അമേരിക്കനൈസ്ഡ് ചൈനീസ് റസ്‌റ്റോറണ്ടുകളില്‍ നിന്നുമാണ്. എന്നാല്‍ ആ രുചിയും പ്രതീക്ഷിച്ച് ചൈന ടൗണിലെ ഹോട്ടലില്‍ കയറിയ ഞങ്ങള്‍ക്ക് പലതരം സാധനങ്ങള്‍ വാങ്ങിച്ചെങ്കിലും നിരാശയായിരുന്നു ഫലം, അല്‍പമെങ്കിലും കഴിയ്ക്കാന്‍ കഴിഞ്ഞത് ഞണ്ടിന്റെ ഇറച്ചിയിട്ടുണ്ടാക്കിയ ഫ്രൈഡ്‌റൈസായിരുന്നു. ഭക്ഷണക്കാര്യം നിരാശതന്നുവെങ്കിലും അടുത്തത് ഹോളിവുഡിലേയ്ക്കാണല്ലോയെന്ന ചിന്ത എന്നെ സന്തോഷത്തിലേയ്ക്ക് തിരിച്ചെത്തിച്ചു.
അവിടെനിന്നും മെട്രോ തീവണ്ടിയില്‍ കയറി ഹോളിവുഡിന് ടിക്കറ്റെടുത്തു. കാലത്തു കയറിയ ബസില്‍ നിന്നും ഒരു ദിവസത്തെ യാത്രക്കുവേണ്ട ഒരു കാര്‍ഡ് എടുത്തിരുന്നതിനാല്‍ മറ്റ് പൊല്ലാപ്പൊന്നുമില്ല, കയറുന്നതിന് മുമ്പേ സ്റ്റേഷനിലുള്ള മോണിറ്ററില്‍ അത് സൈ്വപ്പ് ചെയ്യുക, തീവണ്ടി വരുമ്പോള്‍ കയറിയിരിക്കുക അത്രതന്നെ. ഹോളിവുഡില്‍ എത്തുന്നതുവരെ വളരെ കുറച്ചുദൂരം മാത്രമാണ് പുറംലോകത്തുകൂടി റെയില്‍ കടന്നുപോകുന്നത്, കൂടുതലും അണ്ടര്‍ഗ്രൗണ്ടിലൂടെയാണ് യാത്ര സ്‌റ്റേഷനുകളും അങ്ങനെതന്നെ മൂന്നും നാലും നിലകളിലായി ഭൂമിക്കടിയിലേയ്ക്ക് പണിതിരിക്കുന്ന സ്റ്റേഷനുകള്‍.
കണ്ണടച്ചുതുറക്കും മുമ്പേ ഹോളിവുഡിലെ സ്‌റ്റേഷനില്‍ വണ്ടിയെത്തി. ഹോളിവുഡിലേയ്ക്കാണല്ലോ എന്നോര്‍ത്ത് ഞാനിങ്ങനെ തുള്ളിച്ചാടി നടക്കുകയായിരുന്നു. സ്റ്റേഷനില്‍ നിന്നും കയറി പുറത്തേയ്ക്കു വന്നപ്പോള്‍ത്തന്നെ അതാ ഫുട്പാത്തില്‍ ആള്‍ക്കൂട്ടം, നോക്കുമ്പോള്‍ ഒരു പെരുമ്പാമ്പിനെയും തോളത്തിട്ട് ഒരു ചങ്ങാതി നില്‍ക്കുന്നു. പിന്നെയും മുന്നോട്ടെത്തിയപ്പോള്‍ പാമ്പാശാന്മാന്‍ ഒന്നും രണ്ടുമല്ല, മസിലുകള്‍ കാണിച്ച് കഴുത്തില്‍ പാമ്പിനെ ചുറ്റിയിട്ടും മറ്റും അവരങ്ങനെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ റെഡിയായി നില്‍ക്കുന്നു. കൂട്ടത്തില്‍ മര്‍ലിന്‍ മണ്‍റോയുണ്ട്, അര്‍നോള്‍ഡ് ഷാസ്‌നഗറുണ്ട്, എന്റെ പ്രിയതാരം മൈക്കല്‍ ജാക്‌സണുണ്ട്, കുട്ടികളെ പാട്ടിലാക്കാനായി പ്രശസ്തമായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും റോബോട്ടുകളുമുണ്ട്. ഇവരെയൊക്കെ നന്നായിട്ടൊന്ന് കാണണമെന്നും ഇത്തിര ഡോളര്‍ പോയാലും ജാക്‌സണ്‍ ഫിഗറിന്റെ കൂടെ നിന്നൊരു ഫോട്ടോ എടുക്കണമെന്നുമൊക്കെ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവിടെയും ഇവിടെയുമായി കറങ്ങി നില്‍ക്കുന്ന പാമ്പിനെ തോളിലിട്ടവര്‍ എനിയ്ക്കതിനുള്ള അവസരം തന്നില്ല, രാത്രി പാമ്പിനെ സ്വപ്‌നം കാണാനുള്ള മനക്കരുത്തില്ലാത്തതിനാല്‍ എത്രയും പെട്ടെന്ന് ആ തിരക്കില്‍ നിന്നും അവനെയും പിടിച്ചുവലിച്ച് ഞാന്‍ കടന്നു.
തലേരാത്രി ഹോളിവുഡിലെ പ്രധാന വിനോദപരിപാടികള്‍ എന്താണെന്ന് തിരയുന്നതിനിടയില്‍ കണ്ട പ്രധാനപ്പെട്ടകാര്യം ബിവര്‍ളി ഹില്‍സിലെ സ്റ്റാര്‍ ഹോംസ് കണ്ടുകൊണ്ടുള്ള ഒരു റൈഡായിരുന്നു. നെറ്റില്‍ നോക്കിയപ്പോള്‍ മുടിഞ്ഞ ഫീസ്. സംഗതി പറഞ്ഞപ്പോള്‍ നല്ല കോസ്റ്റ്‌ലിയാണെന്ന അവന്റെ കമന്റും. ഹോളിവുഡിലൂടെ നടക്കുമ്പോഴും ആ യാത്രതന്നെയായിരുന്നു എന്റെ മനസ്സില്‍ കാര്യം മറ്റൊന്നുമല്ല, സ്റ്റാര്‍ ഹോംസ് ട്രിപ്പില്‍ മൈക്കല്‍ ജാക്‌സണ്‍ താമസിച്ച വീടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അങ്ങനെ തെരുവിലൂടെ ഓരോന്ന് കണ്ട് നടക്കുന്നതിനിടയില്‍ അവനെന്നേം പിടിച്ചുവലിച്ച് മറുഭാഗത്തേയ്ക്ക് നടക്കുന്നു. ചില ചെറുക്കന്മാരുമായി സംസാരിക്കുന്നു സ്റ്റാര്‍ ഹോംസ് റൈഡിന്റെ ടിക്കറ്റെടുക്കുന്നു. അങ്ങനെ എന്റെ മറ്റൊരാഗ്രഹം കൂടി സാധിയ്ക്കുന്നു. പിന്നെ വണ്ടിവരാനുള്ള കാത്തിരിപ്പായി. ഇതിനിടെ ഇവന്മാര്‍ പറ്റിയ്ക്കുമോ, വണ്ടി വരാതിരിക്കുമോയെന്നുള്ള എന്റെ പതിവ് സംശയങ്ങള്‍. എന്തായാലും വണ്ടി വന്നു. എല്ലാവരും അനുസരണയുള്ള ആട്ടിന്‍കുട്ടികളെപ്പോലെ ടിക്കറ്റെടുത്ത മുറയ്ക്ക് വണ്ടിയില്‍ കയറിയിരുന്നു. വണ്ടി കുന്നുകയറിപ്പോകുന്നു, ആദ്യം നിര്‍ത്തിയത് ഹോളിവുഡ് സൈന്‍ കാണാനാണ്. ദൂരെ മലയുടെ ചരിവിലായി എഴുതിവച്ച ഹോളിവുഡ് എന്ന സൈന്‍ വ്യക്തമായി കാണുക, ഫോട്ടോ എടുക്കുക എന്നിവയാണ് ലക്ഷ്യം. മാത്രമല്ല ഈ ഉയരത്തില്‍ കയറി നില്‍ക്കുമ്പോള്‍ താഴെ എല്‍എ ഡൗണ്‍ ടൗണിന്റെ ദൃശ്യം മനോഹരമായി കാണുകയും ചെയ്യാം. ഫോട്ടോയെടുക്കലും മറ്റും കഴിഞ്ഞ് എല്ലാവരും വീണ്ടും വണ്ടിയില്‍.
സ്റ്റാര്‍ ഹോം ടൂര്‍ എന്നാണ് പേരെങ്കിലും ഒരു സ്റ്റാര്‍ ഹോമും ശരിയ്ക്കു കാണാന്‍ അവസരമില്ലെന്നതാണ് സത്യം. ആദ്യം കണ്ടത് ജന്നിഫര്‍ അനിസ്റ്റണ്‍ന്റെ വീടാണ്. ഇതാ എന്റെ ഇടതുവശത്തായി അകലെ ആ കുന്നിന്‍ പുറത്ത് കാണുന്നതാണ് ഇന്നാരുടെ വീട്. എന്റെ വലതുവശത്തായി നീല പെയിന്റടിച്ച വീടാണ് മറ്റേയാളുടെ വീട് എന്നിങ്ങനെ ഗൈഡ് കൂടിയായ ഡ്രൈവര്‍ പറയുമ്പോള്‍ നമ്മള്‍ ചാഞ്ഞും ചരിഞ്ഞും നോക്കണം. എന്തായാലും മിന്നായം പോലെ എന്തൊക്കെയോ കാണാം. കൂട്ടത്തില്‍ ടോം ക്രൂസ്, ജാക്കി ചാന്‍ തുടങ്ങിയ വമ്പന്മാരുടെയും ചില സാധാരണ നടീനടന്മാരുടെയുമൊക്കെ വീടുകളുണ്ടായിരുന്നു. കുറേക്കഴിഞ്ഞാണ് ജാക്‌സണ്‍ താമസിച്ചിരുന്ന വീടിനടുത്തെത്തിയത്. വലിയ ചുറ്റുമതിലുള്ള വീട് വണ്ടിയിലിരുന്ന് കാണുക പ്രയാസമാണ് എന്നാലും ഗേറ്റും മുകള്‍ നിലയും മൂടിവച്ചിരിക്കുന്ന ഒരു കാറുമെല്ലാം ഞാന്‍ ക്യാമറയില്‍ പകര്‍ത്തി.
കുഞ്ഞായിരുന്നപ്പോള്‍ ജാക്‌സണ്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ചിരുന്ന ഒരു ഓഡിറ്റോറിയം യാത്രയുടെ തുടക്കത്തില്‍ത്തന്നെ കണ്ടിരുന്നു. ജാക്‌സണ്‍ന്റെ വീട് കണ്ടതോടെ എന്റെ ആക്രാന്തം അവസാനിച്ചു. പിന്നെയുള്ള ഒരു പ്രലോഭനം ഡേവിഡ് ബക്കാമിന്റെ വീടായിരുന്നു, അതിനെപ്പറ്റി ഡ്രൈവര്‍ ഒന്നും മിണ്ടിയില്ല, ആരും ചോദിച്ചുമില്ല. ഇടക്ക് അയാള്‍ യാത്രയുടെ ഓപ്പറേറ്റര്‍മാരുടെ ഫോണ്‍വിളികള്‍ക്ക് മറുപടി നല്‍കുന്നുണ്ടായിരുന്നു. വേഗം തിരിച്ചെത്തുക അടുത്തസംഘം അക്ഷമരായി കാത്തുനില്‍ക്കുന്നു എന്നതു തന്നെയായിരുന്നു ഫോണ്‍ വിളികളുടെ ഉള്ളടക്കം, തിരക്കായതുകൊണ്ടാകാം അയാള്‍ ബക്കാമിന്റെ വീട് കാണിച്ചില്ല.
പിന്നെ തിരികെ വീണ്ടു ഹോളിവുഡിലേയ്ക്ക്, അപ്പോഴേയ്ക്കും വേകുന്നേരമായിരുന്നു. തെരുവില്‍ നല്ല തിരക്ക്. യാത്രാക്ഷീണം തീര്‍ക്കാന്‍ ഭക്ഷണം കഴിച്ചശേഷം വീണ്ടും തെരുവ് തെണ്ടല്‍. ഓസ്‌കാര്‍ അവാര്‍ഡ് ദാനച്ചടങ്ങ് നടക്കുന്ന ഡോള്‍ബി തിയേറ്റര്‍, തൊട്ടടുത്തായുള്ള മാഡം തുസ്സേഡ് മെഴുകു മ്യൂസിയം ഇതെല്ലാം കണ്ടിറങ്ങിക്കഴിഞ്ഞപ്പോള്‍ ഞാന്‍ പുതിയൊരു താല്‍ക്കാലിക ഹോബി കണ്ടുപിടിച്ചു. ഹോളിവുഡ് വീഥിയിലെ ഫുട്പാത്തുകളിലെല്ലാം കറുത്ത ഗ്രാനൈറ്റ് പതിച്ചിട്ടുണ്ട്, അതിന് മുകളിലായി ചുവന്ന നിറത്തിലുള്ള നക്ഷത്രങ്ങളാണ് ഈ നക്ഷത്രങ്ങളിലെല്ലാം പുകള്‍പെറ്റ അഭിനേതാക്കള്‍, കാര്‍ട്ടൂണ്‍, അനിമേഷന്‍ കഥാപാത്രങ്ങള്‍, ഗായകര്‍, വാദ്യോപകരണവിദഗ്ധര്‍, ടെലിവിഷന്‍ താരങ്ങള്‍ തുടങ്ങിയവരുടെ പേരുകള്‍ സ്വര്‍ണനിറത്തില്‍ പതിച്ചിരിക്കുകയാണ്. വാക്ക് ഓഫ് ഫെയിം എന്നാണിതിന് പേര്. ഇക്കൂട്ടത്തില്‍ അറിയാവുന്നവരുടെയൊക്കെ പേരുകള്‍ കണ്ടുപിടിച്ച് ആ നക്ഷത്രങ്ങള്‍ ക്യാമറയിലാക്കുകയായിരുന്നു പിന്നത്തെ പരിപാടി. ടോം ക്രൂസിനെയും ഷാസ്‌നഗറിനെയും ഷ്രക്കിനെയുമൊക്കെ ഞാനങ്ങനെ സ്വന്തമാക്കി. ഹോളിവുഡിലെ തിരക്കുള്ള ഭാഗം കഴിഞ്ഞ് പുറത്തേയ്ക്കും നീളുന്നുണ്ട് വാക്ക് ഓഫ് ഫെയിം.
പിന്നത്തെ ലക്ഷ്യം ഇവിടത്തെ സുവനീര്‍ കടകളായിരുന്നു. പലേടത്തായി കയറിയിറങ്ങി കുറേ സുവനീറുകളും സംഘടിപ്പിച്ചു. അപ്പോഴേയ്ക്കും ഏതാണ്ട് ഇരുട്ടായിത്തുടങ്ങി. അതോടെ വിശപ്പിന്റെ വിളിയും തുടങ്ങി, ബ്രഡിനുള്ളില്‍ ഇറച്ചി വച്ചുകഴിയ്ക്കുന്ന ഇടപാടിനോട് എനിയ്ക്ക് വലിയ താല്‍പര്യമില്ലാത്തതിനാല്‍ത്തന്നെ ഹോളിവുഡില്‍വച്ച് എന്ത് കഴിയ്ക്കുമെന്ന് ആലോചിച്ച് കണ്‍ഫ്യൂഷനായി നടക്കുകയാണ് ഞങ്ങള്‍. അപ്പോഴതാ പെട്ടെന്ന് ഒരു ബോര്‍ഡ് തിളങ്ങുന്നു അര്‍ബന്‍ മസാലയെന്ന പേരില്‍ ഒരു ഇന്ത്യന്‍ റസ്‌റ്റോറന്റ്, പിന്നെ അമാന്തിച്ചില്ല കയറിച്ചെല്ലുന്നു ഓര്‍ഡര്‍ ചെയ്യുന്നു, വെജും നോണ്‍വെജുമെല്ലാമുണ്ട്. അമേരിക്കയിലെത്തി കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ ഇത്രയും രുചിയോടെ നമ്മുടെ സ്വന്തം ചിക്കന്‍ കറിയും റൈസും വേറെ എവിടെയും കിട്ടിയിട്ടില്ല.
വയറിന്റെകാര്യം തരപ്പെട്ടസന്തോഷത്തില്‍ ഞങ്ങള്‍ വീണ്ടുംകുറച്ച് നടന്ന് ഹോളിവുഡ് വീഥിയുടെ കവാടത്തിലെത്തി പടങ്ങളൊക്കെയെടുത്തു. കുറച്ച് ഇരുട്ടുന്നതുവരെ അവിടെ കറങ്ങിനടക്കാമെന്നുവച്ചത് രാത്രിയിലെ ഹോളിവുഡ് കാണുകയെന്ന ഉദ്ദേശത്തോടെയായിരുന്നു. എന്നാല്‍ എട്ടുമണിയായതോടെ കടകളെല്ലാം അടച്ചുതുടങ്ങി, പിന്നെ ചില ഹോട്ടലുകളും ബാറുകളും മാത്രമേ തുറന്നുകിക്കകുന്നുള്ളു, ആളുകളൊഴിയുകയും ചെയ്തു. എന്നാല്‍പ്പിന്നെ നിന്നിട്ടുകാര്യമില്ലെന്ന് തോന്നിയതോടെ എട്ടരമണിയോടെ ബസ് പിടിച്ച് ഞങ്ങള്‍ വീണ്ടും ഹോട്ടലിലേയ്ക്ക്. ഒട്ടും പ്രതീക്ഷിക്കാതെ ഏറെ ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങള്‍ കാണാന്‍ കഴിഞ്ഞുവെന്ന യാഥാര്‍ത്ഥ്യം എനിയ്ക്കപ്പോഴും അവിശ്വസനീയമായി തോന്നുകയായിരുന്നു.
അടുത്ത ദിവസത്തെ ലക്ഷ്യം യൂണിവേഴ്‌സല്‍ സ്റ്റുഡിയോ കാണുകയെന്നതായിരുന്നു. പലതരം റൈഡുകളുണ്ട് റൈഡുകളുണ്ട് എന്ന് അവന്‍ ഉറങ്ങുന്നതിന് മുമ്പായി ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. എന്തായിരിക്കും ഈ സംഭവങ്ങള്‍ എന്നോര്‍ത്ത് ആകാംഷയോടൊപ്പം ചെറിയ പേടിയുമുണ്ടായി. നാട്ടിലെ തീം പാര്‍ക്കുകളിലെ ചില വാട്ടര്‍ റൈഡുകളൊക്കെ എനിയ്ക്ക് വല്ലാത്ത പേടിയാണ്, ഇനി അതുപോലെ വല്ലതുമാവുമോയെന്ന് സംശയം എന്തായാലും വേണ്ടില്ല വരുന്നേടത്ത് വച്ച് കാണാം എന്ന് വിചാരിച്ച് ഞാനും ഉറക്കത്തിലേയ്ക്ക് പോയി.