നെഞ്ചില്‍ച്ചേര്‍ത്തു കാത്തുവയ്ക്കവയ്യിനി,
വിരല്‍ത്തുന്പിലൊട്ടു പിടിച്ചിരിക്കയുമില്ല
നീ....വളര്‍ന്നിരിയ്ക്കുന്നു.....
മകളേ, നിന്നെ ഞാനെങ്ങനെ കാത്തുവെയ്ക്കേണ്ടു?
സ്വപ്നങ്ങളിലുണ്ട് നിന്റെ വളര്‍ച്ചയുടെ വഴികള്‍,
ഉള്ളില്‍ കരുത്തൂതിയിരുക്കിത്തന്നാണ്,
നിന്നെ ഞാന്‍ യാത്രയാക്കുന്നത്,
നിനക്കു നീ തന്നെ കാവലാള്‍....
വൈകീട്ട്, അമ്മയെന്നൊരു വിളി കേള്‍ക്കുവോളം,
പിന്നെ ഇരുട്ടിന്റെ മറ നീങ്ങും വരേയ്ക്കും,
വീണ്ടും പകലിന് നീളം കൂടിയെന്ന് ശപിച്ച്,
ഉരുകിയുരുകി കാത്തിരിക്കയാണമ്മ...........
പത്രത്തലക്കെട്ടുകള്‍, ചാനലില്‍ തത്സമയം....
പിച്ചിയെറിയപ്പെട്ടവരില്‍,
നിന്നെപ്പോലെയെത്രമക്കള്‍...
നീ വൈകുകയാണെന്നറിയേ,
അമ്മ നെഞ്ചിടറിച്ചെല്ലുന്നത്,
അലമാരയിലെ ഉഗ്രവിഷക്കുപ്പിയുടെ,
പാതിവഴിയോളം......
വയ്യ, അമ്മയ്ക്കിനിയും വയ്യ,
ദുസ്വപ്നങ്ങളില്‍,
ഭയത്തിന്റെയീ കട്ടപിടിച്ചോരിരുട്ടിലേയ്ക്ക്,
നീ തനിയെ പടിയിറങ്ങിപ്പോകുന്നു,
പിന്നെയെപ്പോഴോ കീറിപ്പറിഞ്ഞ് നീ,
തിരികെയെത്താനാവാതെ......
ഇനി നീ പതിയെ മടിയിലേയ്ക്ക് ചായുക,
അമ്മ നാവിലിറ്റിയ്ക്കാം ഒരു തുള്ളി വിഷം,
അമ്മിഞ്ഞപ്പാലെന്നുകരുതി നീ,
മധുരമായ് കുടിച്ചിറക്കുക....
നമുക്കൊരുമിച്ച് നടക്കാം...
ഒരുമിച്ച് ദഹിച്ചൊടുങ്ങാം...
സ്വപ്നങ്ങള്‍ നഷ്ടമായെങ്കിലെന്ത്?
നമ്മള്‍ ഇനി മാനഭംഗപ്പെടാത്തവര്‍....
മൃത്യുകൊണ്ട് മാനം മുറുകെപ്പിടിച്ചവര്‍.......