2009, സെപ്റ്റംബർ 20, ഞായറാഴ്‌ച

മൗനം?



ചിന്തകളുടെ ഒരു കുത്തിയൊഴുക്കാണ്‌
ചിലപ്പോഴെങ്കിലും
ഒരു ഹര്‍ഷാരവം മറ്റു ചിലപ്പോള്‍
മദിച്ചുപെയ്യുന്ന ഒരു പേമഴയും
ഒരു വേള
ഒരു തുള്ളി കണ്ണുനീരായി
മറ്റൊരു കണ്ണിലിറ്റുവീണലിഞ്ഞ്‌
ഉള്ളു പൊള്ളിച്ച്‌ നീറിപ്പുകച്ച്‌
ചെറിയൊരു കനല്‍ച്ചിന്തുമാവാം


ഇനിയും ചിലപ്പോള്‍
ഇരമ്പുന്ന കടല്‍പോലെ
നിറഭേദങ്ങള്‍ കാണിച്ച്‌
കാഴ്‌ചക്കാരെ വിസ്‌മയിപ്പിച്ച്‌
കേള്‍വിക്കാരെ
ആകാംഷയുടെ മുള്‍മുനയേറ്റി
ചിന്തകളില്‍ വഴിതെറ്റിച്ച്‌
വ്യാഖ്യാനങ്ങള്‍ക്കും
വളച്ചൊടിക്കലുകള്‍ക്കും
പഴുതുകളൊളിപ്പിച്ച്‌
സത്യമെന്ന്‌ തോന്നിപ്പിക്കുന്ന
വലിയൊരു കള്ളത്തരവുമാകാം

വീണ്ടും നീളുമ്പോള്‍
അര്‍ത്ഥഗര്‍ഭമെന്ന്‌ തോന്നിച്ച്‌
അര്‍ത്ഥശൂന്യതയായി അവശേഷിച്ച്‌
നിഷേധവും പ്രതിഷേധവും കനപ്പിച്ച്‌
ആത്മനിന്ദയ്‌ക്ക്‌
പകര്‍ന്നാട്ട വേദിയൊരുക്കുകയുമാകാം

2009, സെപ്റ്റംബർ 15, ചൊവ്വാഴ്ച

തേങ്ങയില്‍ കൂടോത്രം!!!

ഇതാ കിട്ടിപ്പോയ് എന്ന് മനപ്പായസം കുടിച്ച് തിരകളിലൊഴുകിവരുന്ന തേങ്ങയെക്കാത്ത് എന്റെയൊരു കൂട്ടുകാരന്‍ .........
അടുത്തുവന്നപ്പോള്‍ അവന്‍ അകന്നുമാറി, തേങ്ങയില്‍ കൂടോത്രം!, കണ്ടില്ലേ തറച്ചുവച്ച ഒന്‍പത് ആണികള്‍. ആരോ ആര്‍ക്കിട്ടോ പണിത ഒരു കൂടോത്രം.....!

2009, സെപ്റ്റംബർ 6, ഞായറാഴ്‌ച

നീ ഇറങ്ങുക

കൂട്ടിമുട്ടാത്ത സമാന്തരങ്ങളായി
നമ്മള്‍ സ്വയം രേഖപ്പെടുത്തുന്നു
കാണാന്‍ കണ്ണില്ലെന്ന് സ്വയം
പറഞ്ഞു പഠിപ്പിച്ചിങ്ങനെ എത്രനാള്‍?

എന്തിന് നാമിങ്ങനെ
പരസ്പരം കളവിന്റെ പര്യായങ്ങളാവണം?
ഈ കാപട്യം പങ്കുവെയ്ക്കണം?

വേനലും വര്‍ഷവും കഴിഞ്ഞിട്ടും മനംമടുത്തിട്ടും
എന്റെ മടുക്കുന്ന ഗന്ധം സഹിച്ച്
പാതിരാച്ചിത്രങ്ങളിലെ നായികമാരെയോര്‍ത്ത്
പുറം തിരിഞ്ഞുകിടന്ന് ഉള്ളുകൊണ്ട് മദിച്ച്
നീയിങ്ങനെ എത്രനാള്‍?

ചിലനനേരത്ത് നിന്റെ നോട്ടങ്ങളില്‍
കൂരന്പുകള്‍ ഒളിച്ചിരിപ്പുണ്ട്
ശാപങ്ങള്‍ പെയ്യാനൊരുങ്ങുന്നുണ്ട്
മുഷ്ടി ചുരുട്ടുന്നൊരു നിരാശയുണ്ട്

ഞാന്‍ തളര്‍ച്ചയാണ്
ഉയര്‍ത്തെഴുന്നേല്‍പ്പില്ലാത്ത തളര്‍ച്ച
ഞാന്‍ മരവിപ്പാണ്
കുത്തിമുറിച്ചാല്‍പ്പോലും
അറിയാത്ത മരവിപ്പ്

പിന്നെ ഞാനെങ്ങനെ
കന്പളത്തിനടിയില്‍ നിനക്കിടം തരും?
മോഹം കൊണ്ട് നീ
അടുത്ത് വരുന്പോള്‍
ഞാന്‍ വിറച്ചുപോകുന്നു
നിന്റെ നിശ്വാസത്തിന്‍റെ ചൂടില്‍
എനിക്ക് പൊള്ളലേല്‍ക്കുന്നു

ഞാനൊരു തരിശാണ്
ഇനിയൊരിക്കലുമൊരു
മഴക്കാടാവാന്‍
എനിക്ക് കഴിയില്ല

പായയുടെ രണ്ടറ്റത്തും
ഒരിക്കലും സ്പര്‍ശിക്കാന്‍ കഴിയാത്ത
തീരങ്ങളായി നമുക്ക് പരസ്പരം രേഖപ്പെടുത്താം
വയ്യെങ്കില്‍ നീ ഇറങ്ങുക
ഞാനിവിടെക്കിടന്ന്
പുഴുവരിയ്ക്കട്ടെ