2010, ഡിസംബർ 19, ഞായറാഴ്‌ച

വീട്ടിലേയ്ക്കുള്ള വഴി

വീട്ടിലേയ്ക്കുള്ള എന്റെ വഴിയില്‍,
തുരുന്പുമണം പൂണ്ടൊരു കാറ്റ്‍,
ഇടക്കിടെ നിന്നെയും കടന്ന്‍,
ഇവിടെ എനിയ്ക്കടുത്തെത്തി‍,
മോഹഭംഗങ്ങളുടെ താളത്തില്‍‍,
വെറുതെയെന്തോ മൂളുന്നുണ്ട്..........

ഞാനത് കേള്‍ക്കാതിരിക്കയാണ്,
കയറിയിരിക്കുന്ന
ഈ വേനല്‍ വണ്ടിയില്‍ നിന്നിറങ്ങി.
പോന്നുപോയെങ്കിലെന്നോര്‍ത്ത്......

ഇനിയൊരു രാത്രി തിളച്ചേറ്റുന്ന ഓര്‍മ്മകളില്‍,
പഴയൊരു പാട്ടിന്റെ താളത്തില്‍,
നീയില്ലാത്തൊരു യാത്രയായി,
തനിച്ചിരുന്നു ഞാനതിനിനെ രേഖപ്പെടുത്തും.......

ഇടക്കിടെ വീട്ടിലേയ്ക്കുള്ള വഴിയില്‍,
ഞാന്‍ തനിച്ചാവുന്നു....
നിന്നെ അകലെയിവിടെ കളഞ്ഞ്,
ഒരു രാത്രിയുടെ അകലത്തില്,
ഞാന്‍ മറ്റൊരു കാലത്തില്‍,
മറ്റൊരാളായി വേഷപ്പകര്‍ച്ച തേടുന്നു....

തിരികെയവിടെ ദുഖം ഘനീഭവിപ്പിച്ച്,
പടിയിറങ്ങുന്പോള്‍,
വീണ്ടും പഴയ തുരുന്പുമണം,
പിന്നെ ദൂരെയിവിടെ കാത്തിരിക്കുന്ന,
ഓര്‍മ്മകളില്‍ സ്വപ്നത്തെ ദത്തുനല്‍കി,
വീണ്ടുമൊരുരാത്രിയില്‍ ഒറ്റയായി,
ഞാന്‍ തിരികെ വന്നിടും,
നീ ഉറക്കംവിട്ടുണരുന്പൊഴേയ്ക്കും..........

2010, ഡിസംബർ 9, വ്യാഴാഴ്‌ച

വിഷം വിതയ്ക്കുന്നവര്‍

ഇവിടെയിന്നും ഒഴുകിപ്പരക്കുന്നു,
ഒരു വിഷപ്പുഴ......
പുതിയ കൈവഴികള്‍ ജനിപ്പിച്ച്,
മരണം വിതച്ച് തലമുറകളിലേയ്ക്ക്,
ഒഴുകിപ്പരക്കുന്ന, കാളകൂടം തോല്‍ക്കുന്ന,
കൊടും വിഷപ്പുഴ.........

തീരങ്ങളില്‍ വിഷം തീണ്ടി,
മുരടിച്ച ബാല്യങ്ങള്‍,
മുട്ടിലിഴയുന്ന യൗവ്വനം,
വെളിച്ചം കെട്ട കണ്ണുകള്‍.
വിഷദ്വാരം വീണ ഹൃദയങ്ങള്‍........

അവിടെയ-
വരെക്കാത്ത് ചുറ്റിലും കണ്ണുകള്‍,
നിറംകെട്ട് നീരുവറ്റി,
കവിളില്‍ കണ്ണീര്‍ച്ചാലുണങ്ങിയവര്‍,
ഇവരത്രേ ദുരന്തങ്ങള്‍ക്ക് ജന്മമേകിയോര്‍.....

തേങ്ങിത്തേങ്ങി,
നിറം കെട്ട് ചില സ്വപ്നങ്ങള്‍,
ഇന്നും ചുറ്റിയലയുന്നു,
വെറുതെ തെല്ലിട നേരത്തേ,
നിറപ്പകര്‍ച്ച , കണ്ട് മോഹിച്ച്.....

വാഗ്ദാനങ്ങള്‍,
ചൂണ്ടയില്‍ക്കുരുക്കി അധികാരമേറി,
ഇടക്കിടെ ശുഭ്രവേഷത്തില്‍ച്ചിലര്‍,
കവലപ്രസംഗത്തിനെത്തുന്നു.....
ഇവരുടെ നിഴലില്‍,
വീണ്ടും ചിലര്‍ നാടുകയറി,
വിഷം ചീറ്റിച്ച് മരണമാം ഭൂതത്തെ,
പുകയായ് പുറത്തേയ്ക്കയയ്ക്കുന്നു....

നീറുക മുന്നിലുള്ളൊരീ സത്യങ്ങളില്‍,
പിടഞ്ഞൊടുങ്ങുക വിഷം വിതയ്ക്കുന്ന ഭാവിയില്‍,
ഒടുവില്‍ ഓരോ വിഷം തീണ്ടിയ ജീവനും,
പൊലിഞ്ഞുതീരുന്പോള്‍,
രക്ഷയായെന്നുറച്ച് മറ്റൊരു തുള്ളി,
വിഷജലത്തിലൊടുങ്ങാം....

പിന്നെയവര്‍ നാടു കേറട്ടെ,
കാടുകേറട്ടെ,
അവിടെയാകെ,
മൃത്യുവിന്റെ വിത്തു വിതയ്ക്കട്ടെ,
വിഷപ്പുഴകള്‍ക്ക് കൈവഴി തീര്‍ക്കട്ടെ ..........

{മുന്പ് കൂട്ടുകാര്‍ക്കൊപ്പം എന്‍ഡോസള്‍ഫാന്‍ ദുരിതം വതയ്ക്കുന്ന കാസര്‍കോട്ടെ ചില ഗ്രാമങ്ങളില്‍ നടത്തിയ ഒരു യാത്ര, അന്ന് കണ്ട അംഗവൈകല്യം വന്ന ചില കുട്ടികള്‍, അവരുടെ അച്ഛനമമ്മമാര്‍, ഉത്തരംകിട്ടാതെ നില്‍ക്കുന്ന നാട്ടുകാര്‍........ഇപ്പോള്‍ എന്‍സള്‍ഫാന്‍ വിഷയത്തില്‍ നേതാക്കള്‍ പരസ്പരം വിഴുപ്പലക്കുന്പോള്‍ അന്നത്തെ അതേ നീറ്റലോടെ വീണ്ടും ആ ഓര്‍മ്മ.........ഓര്‍ത്തോര്‍ത്തിരുന്നപ്പോള്‍ വെറുതേ ഇങ്ങനെ തോന്നി............}

2010, നവംബർ 17, ബുധനാഴ്‌ച

മരുക്കാലം

ചില വരണ്ട മണല്‍ക്കാറ്റുകള്‍ക്കൊടുവിലാണ്
നീറ്റിപ്പുകയ്ക്കുന്ന,
ഒരു മണല്‍ത്തരിയായി,
നീ കണ്ണിലേയ്ക്കു കടന്നുവന്നത്.

അവിടെയിരുന്നൊരു ഒരു മരുഭൂമിയുടെ
കഥപറഞ്ഞെന്നെ,.
കരയിച്ച് ഒടുക്കമെന്റെ കണ്ണുനീരിലലിഞ്ഞൊ-
ഴുകിപ്പോയതെങ്ങോട്ടാണ്?

ഇനിയും ആഞ്ഞുവീശുന്നൊരു,
കാറ്റിനെക്കാത്തിരിക്കയാവാം,
മരുക്കാട്ടിലെ മണല്‍മഴയുടെ,
കള്ളക്കഥ പറഞ്ഞെന്റെ,
തേങ്ങലില്‍ ഊറിച്ചിരിക്കാന്‍....

നിന്റെ കഥകേട്ടൊടുക്ക-
മെന്റെയുള്ളിരൊരു,
മരൂഭൂമി പിറന്നുവീഴുന്നു.....
അവിടെ മരുക്കാറ്റുവീശി,
മണല്‍ പഴുത്തുഷ്ണം തിളയ്ക്കുന്നു....

ഇനിയും നീ വെറുതേ കാറ്റിലേറി,
വന്നു കണ്ണില്‍ വീഴാതിരിക്കുക.
വീണ്ടും മരുക്കഥകള്‍ പറ‍ഞ്ഞെന്റെയുള്ളില്‍,
വലിയ മരുക്കാലങ്ങള്‍ സൃഷ്ടിക്കാതിരിക്കുക......

കണ്ണടച്ചിരിക്കയാണ്,
മരുക്കാലത്തിനൊടുക്കമൊരു-
മഴക്കാലം വന്ന്,
മരുഭൂമി തളിര്‍ക്കുമെന്നാശിച്ച്........

അന്ന് നീ വരുക,
പതുക്കെ കാറ്റിലൂ-,
ളിയിട്ടെന്റെ കണ്ണില്‍ കടന്ന്,
നീറ്റിപ്പുകച്ചാ പഴയ,
മരുക്കാലത്തെയോര്‍മ്മിച്ച്,
അടഞ്ഞുപോയ കണ്ണില്‍,
അകലെയവിടെപ്പെയ്യുന്ന,
മണല്‍മഴയുടെ,
ചിത്രങ്ങളെഴുതുക......

2010, നവംബർ 9, ചൊവ്വാഴ്ച

നീ

തല്ലിയുടഞ്ഞുപോകുന്ന വേദനകളിലേയ്ക്ക്,
ഇടയ്ക്കു നീയിങ്ങനെ ,
കയറി വന്നുപോകുന്പോള്‍,
വീണ്ടും വര്‍ത്തമാനത്തിന്റെ-
ചടുലതകളിലേയ്ക്ക് ,
ഇന്നുകള്‍ ഒന്നു പിടഞ്ഞുണരുന്നു...

ഉറഞ്ഞുപോയ പഴയ മഞ്ഞുകാലത്തില്‍,
ഇലപൊഴിഞ്ഞു തീര്‍ന്ന്,
പിന്നെ വന്ന ഗ്രീഷ്മത്തില്‍,
കാട്ടുതീയ്ക്ക് പുല്‍കാന്‍ പാകത്തില്‍,
മരിച്ചു നിന്ന മരങ്ങളില്‍,
സ്വപ്നങ്ങളുടെ ചില പച്ചപ്പൊട്ടുകള്‍......

കടുത്ത ഗ്രീഷ്മമെന്നപോലെയാണ്,
നിന്റെ ചടുലപ്രവേശം, പിന്നെ....
വേഗത്തിലൊന്നു സ്വയം കുടഞ്ഞു
നീ വിതയ്ക്കുന്ന പൂക്കാലങ്ങള്‍.......
പഠിച്ചിരിക്കുന്നു, എന്റെ പക്ഷികള്‍,
നിനക്കുകേള്‍ക്കെമാത്രം,
പാട്ടുമൂളിപ്പറക്കാന്‍.....

അവിടെ താഴ്വാരത്തില്‍ നിലച്ച,
പുഴകള്‍ ഒഴുകാന്‍ തുടങ്ങുന്നു.
നരച്ചു നേര്‍ത്ത ഗ്രീഷ്മത്തെ മറന്ന്,
തെളി നീലിമയില്‍ അവര്‍,
അഗാധത തേടി പരക്കുന്നു,

പതുക്കെ വീണ്ടും,
ഇരുള്‍ കനക്കാന്‍ തുടങ്ങുന്നു....
നീ ഇറങ്ങാന്‍ സമയമായി,
ഞാന്‍ വീണ്ടും കണ്ണുകളടച്ച്,
പഴയ പാതിമയക്കത്തിലേയ്ക്ക്.....
ഇനി നിന്റെ കാലൊച്ച തിരികെയത്തുവോളം,
ഉണര്‍വ്വില്ല, പകലില്ല, വെളിച്ചവും......

പാതിവഴിയ്ക്ക് നീ,
പിന്‍തിരിയുമെന്നോര്‍ത്താണ്,
ഇവിടെ ഒളിഞ്ഞുനില്‍ക്കാറുള്ളത്
വെറുതെ, വെറുതേയാണാ തോന്നല്‍,
നീ പിന്‍തിരിയാറില്ല, ഒരാള്‍മാത്രം നടക്കുന്ന,
നേര്‍ത്ത നേര്‍രേഖകള്‍ മാത്രമാണു
നിന്റെ വഴികള്‍........
വെറും നേര്‍രേഖകള്‍.....

2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

പഴയവഴി

എന്നില്‍ നിന്നു നീയും
നിന്നില്‍ നിന്നു ഞാനും
അടര്‍ന്നു മാറുന്പോള്‍
നമ്മളില്ലാതാകുമെന്നോര്‍ക്കാതെ
ഞാനിന്നും ചില മിനുങ്ങുവെട്ടങ്ങളെത്തേടി
കാറ്റിനും മഴയ്ക്കുമൊപ്പം
പഴയവഴികളിയെ യാത്രക്കാരിയാകുന്നു...........

മതിലരികില്‍ എന്റെ കണ്ണിലെ നനവു തൊട്ടു,
നീ വരച്ചിട്ട ചിത്രങ്ങള്‍,
പായല്‍പിടിച്ച് മങ്ങിയ പച്ചനിറത്തില്‍,
ഇപ്പൊഴും കഥ പറഞ്ഞേയിരിക്കുന്നു......

എത്രയോ സത്യമായിരിക്കുന്നു,
പഴയ വഴി വീണ്ടും വന്നിരിക്കുമെന്ന്,
എന്നെയോര്‍ത്തുനീ ആത്മഗതം കൊണ്ടത്,
ഒടുക്കം വാതുവച്ച് കരയിച്ചത്........

ഇനി പല മഴയത്തും
തനിച്ചായിരിക്കുമെന്നോര്‍മ്മിപ്പിച്ച്,
ഉള്ളംകയ്യിലേയ്ക്ക് ധൈര്യമാവാഹിച്ചുതന്ന്,
പഴയമഴക്കാലത്തില്‍ ചേര്‍ത്തുനടത്തിയത്,
ഇന്നലെ അതേ മഴയുടെ ആവര്‍ത്തനത്തില്‍
ഞാന്‍ കുതിര്‍ന്ന്, വിറകൊണ്ട് തനിയേ നടന്നു

ഒരിക്കലും ഒന്നുചേരില്ലെന്ന് ശഠിച്ച് ,
ചില ഒറ്റയടിപ്പാതകള്‍,
നീണ്ടു നനഞ്ഞു കിടക്കുകയാണ്....
ചില വഴുക്കിന്റെ പാടുകള്‍ കാണിച്ച്,
ഓര്‍മ്മകളില്‍ മുറുകെപ്പിടിച്ചുകൊള്ളുകയെന്ന്,
മൗനമായ്പ്പറഞ്ഞ്,
അരികിലുണ്ടെന്നോര്‍മ്മിപ്പിച്ച്,
വെറുതെയൊരു മഴപ്പാട്ട്......
കാലംതെറ്റിപ്പെയ്യുന്ന മഴയ്ക്കൊപ്പം,
ഈണം തെറ്റി ആരോ പാടുന്നു,
പഴയ അതേ മഴപ്പാട്ട് .......

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

പ്രണയം തീണ്ടി മരിച്ചവള്‍

ഞാന്‍ ഇതാ ഇവിടെയാണ്.
നിന്റെ കണ്ണിന്റെ നീലച്ച അഗാധത്തില്‍,
വെറുതെ പരന്നൊഴുകി,
പിന്നെ വറുമൊരു തണുത്ത തുള്ളിപോല്‍,
അലിഞ്ഞിറങ്ങി ശൂന്യമാവുകയാണ്.......

അവിടെയാ ശൂന്യ ബിന്ദുവില്‍,
എന്റെ പ്രണയം മുളയ്ക്കുന്നു......

വെറുതെ ആവാഹിച്ചെടുത്ത്,
അവിടെയാ അഗാധത്തില്‍,
ചുഴിയും മലരിയും സൃഷ്ടിച്ച്,
പുറംകാഴ്ചകളില്‍ നിന്നകറ്റി,
അകത്ത് ഗൂഡമായ് തീര്‍ത്തൊരറയില്‍,
നീലച്ചായത്തില്‍ കുതിര്‍ത്ത്,
ആത്മാവില്‍ ചേര്‍ത്ത് വച്ചേയ്ക്കുക.......

പിന്നെ ഞാന്‍ കണ്ടെടുക്കും,
നിലാവിന്റെ നീലപോലെ,
നിന്റെയുള്ളിലെ നേര്‍ത്ത നനവില്‍
ചേര്‍ന്നിരുന്ന്,
പെറ്റുപെരുകുന്ന എന്റെ പ്രണയം.......

വേനലില്‍ നിന്റെയുള്ളില്‍,
വലിയ വര്‍ഷമായ് പെയ്തുതിറങ്ങി,
ഒടുക്കമൊരു തുള്ളിമാത്രമായ്,
കണ്ണിലെ തിളങ്ങുന്ന നീലയായ്,
ഇറ്റുവീഴുന്ന ഒരു തുള്ളിതേങ്ങലായ്,
വീണ്ടും തിരികെയലിഞ്ഞു ചേരും.

ആവര്‍ത്തനങ്ങള്‍ക്കൊടുവില്‍,
എന്റെ ജീവന്‍, അവിടെ ,
നിന്റെ നെഞ്ചിന്റെ ആഗാധത്തിലേയ്ക്ക് ,
പതുക്കെ വീണിടറി, പ്രണയം തീണ്ടി മരിയ്ക്കും.
ഒടുക്കം പരക്കുന്ന നീല നിറം,
തനിയേ കുറിച്ചുവെയ്ക്കും,
ഇവള്‍ പ്രണയം തീണ്ടി മരിച്ചവള്‍.........

2010, സെപ്റ്റംബർ 8, ബുധനാഴ്‌ച

ഏകാന്തതയുടെ ഗന്ധങ്ങള്‍

നീയില്ലാതെ സായന്തനങ്ങള്‍,
നരച്ചു പഴകിയ കരിന്പടം കണക്കെ,
ഓര്‍മ്മകളുടെ ചൂരടിപ്പിച്ച്,
ഏകാന്തതയ്ക്കും ഗന്ധങ്ങളുണ്ടെന്ന്
വെളിപ്പെടുത്തി,
ഒറ്റപ്പെടലില്‍ തണുത്തുപോകുന്ന,
ദേഹത്ത് പറ്റിച്ചേര്‍ന്നിരിക്കുന്നു......

ഇവിടെ ഞാന്‍ തനിച്ചാണ്,
ഗന്ധങ്ങള്‍ കൂടിക്കലരുന്ന-
ഈ ഏകാന്തത,
കാറ്റുപോലുമില്ലാതെ നിശ്ചലം.
പലവഴികളില്‍ പലനേരത്ത്,
വെറുതെ നടന്നു,
ഒടുക്കം പിന്നെയും പഴയഗന്ധങ്ങളുടെ,
നടുക്കായ് വന്നു വീഴുന്നു........

കാറ്റിലലിഞ്ഞേയ്ക്കാവുന്ന നിശ്വാസങ്ങള്‍
പിടിച്ചെടുത്ത് ഇഴപിരിച്ചെടുക്കാമെന്ന്
വ്യാമോഹം കൊണ്ട്, ഒടുക്കം,
തോറ്റു പിന്‍വാങ്ങുകയാണ്.
കരയാനൊരുന്പെട്ടൊരു ഗദ്ഗദം,
തൊണ്ടയില്‍ വന്നു വിങ്ങി,
വീണ്ടും നെഞ്ചിലേയ്ക്ക തിരിച്ചിറങ്ങി,
ഇടറിയൊടുങ്ങുന്നു.........

ഇവിടെ, ഈ ഗന്ധങ്ങളുടെ
കരിന്പടക്കീഴില്‍ ഞാന്‍ തനിച്ചാണ്.
വന്നേയ്ക്കുക വേഗം തിരികെ,
ഏകാന്തതയുടെ ഗന്ധങ്ങള്‍,
ഇഴവേര്‍തിരിച്ച് പങ്കിട്ടെടുക്കാന്‍ .......

2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച

അമ്മ, ഞാനും

മൂര്‍ധാവില്‍ അച്ഛന്‍ ഉമ്മവച്ചേടത്തു-
നിന്നൊരു മിന്നല്‍പ്പിണര്‍ പുളഞ്ഞ്,
അടിവയറ്റില്‍ തൊട്ട് ,
ഒരു നിണപ്പുഴയൊഴുക്കി,
വേദനിപ്പിച്ച് , കരഞ്ഞ്. പിടഞ്ഞ്, വഴുക്കി
പുറത്തേയ്ക് വന്നതാണ് ഞാനെന്ന്,
അമ്മ........

ഇനിയും ജീവന്‍ കിളിര്‍പ്പിച്ച്,
വേദനിച്ച് പുളഞ്ഞൊടുവിലൊരു,
അമ്മ വിളികേട്ട്,
നിറവില്‍ ചിരിയ്ക്കേണ്ടവളാണ് ഞാനെന്ന്,
വെറുതേ വീണ്ടും വീണ്ടും,
അമ്മ പറഞ്ഞുകൊണ്ടേയിരിക്കുന്നു.....

ഒട്ടും പുതുമയില്ലെന്ന് പറഞ്ഞ്...
ചിറികോട്ടി ചിരിച്ചപ്പോള്‍,
ദേഷ്യം കനപ്പിച്ച് അമ്മ,
വീണ്ടും അടുക്കളച്ചൂടിലേയ്ക്ക്,
ഒന്നുമറിയാതെ അകത്ത് അച്ചന്റെ,
മുറിയില്‍ ഒരു നേര്‍ത്ത താരാട്ട് മുറിയുന്നു....

മനസ്സിലൊഴുകിപ്പരന്ന നിണപ്പുഴയില്‍
എത്ര പേര്‍ ജനിച്ചു മരിച്ചു......
കണക്കില്ലാത്ത സ്വപ്ന ബീജങ്ങള്‍,
കൈകാല്‍ മുളച്ചെഴുന്നേറ്റുവന്നു,
തൊട്ടടുത്ത ശൈത്യത്തില്‍ മരവിച്ചും,
പിന്നാലെ വന്ന വേനലില്‍,
പൊള്ളിയും മരിച്ചുപോയ്.......

ഇടര്‍ച്ച തളര്‍ത്തുന്ന,
ചില നേരങ്ങളില്‍,
അമ്മയ്ക്ക് മുഖം കൊടുക്കാതെ,
ചില ശുഭ്ര സ്വപ്നങ്ങളിനിയുമുണ്ടന്ന് ,
കള്ളം പറഞ്ഞ്, പ്രതീക്ഷയുടെ
ഒരു പിടി പാഴ്വാക്കുകളുച്ചരിച്ച്,
മടക്കയാത്രയ്ക്ക് ഭാണ്ഡം മുറുക്കുന്നു.....

അമ്മ വീണ്ടുമൊരു സ്വപ്നത്തിന്,
വെള്ളവും വളവും കോരി,
വീണ്ടും അടുക്കളവേവില്‍,
പലഹാരങ്ങള്‍ പൊതികെട്ടിയൊരുക്കി......

ഒടുവില്‍ ഞാന്‍ പടിയിറങ്ങുന്പോള്‍,
ഇവിടെ ഞങ്ങള്‍ രണ്ടുപേര്‍,
നിന്നിലൂടൊരു ജന്മപുണ്യത്തിന്,
കാത്തിരിക്കയാണെന്നോര്‍മ്മിപ്പിച്ച്,
അച്ഛന്റെ ഇടംചുമലില്‍ തലചേര്‍ത്തമ്മ
വീണ്ടും സാരിത്തലപ്പ് മുഖത്തേയ്ക്കടുപ്പിച്ചു........

2010, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

നിള

ഊഷരമായൊരു മടിത്തട്ടാണ് നീയിപ്പോള്‍,
പണ്ടൊരു നദിയൊഴുകിയ വഴിയെന്നാരോ,
പിറുപിറുത്തിരിക്കുന്നു,
മുഖഛായ മാറി നീ മുറിഞ്ഞുപോയിരിക്കുന്നു.

അന്ന്, ആ കര്‍ക്കിടകത്തില്‍
നീ മദിച്ചുപായുന്നതിനിടെ,
മുത്തശ്ശനെ ധ്യാനിച്ച്,
എള്ളും പൂവിമിട്ടൊരുക്കിയ
ഒരു പിടി വറ്റും ഇലച്ചീന്തില്‍ തന്ന്,
അച്ഛനെന്നെ നിന്നിലേയ്ക്കയച്ചിരുന്നു.

നീ നാഭിച്ചുഴിയിലേയ്ക്ക് വലിച്ചടുപ്പിച്ച്
ഓളക്കൈകള്‍ കഴുത്തില്‍ മുറക്കി
ഒരു വേള ശ്വാസം നിലപ്പിച്ചതാണ്
ആരോ കരയ്ക്കടുപ്പിച്ചിരുന്നു,
ജീവന്‍ തിരിച്ചെന്നിലേയ്ക്കുവന്ന്
തളര്‍ച്ചയിലേയ്ക്ക്,
തൊട്ടുണര്‍ത്തുകയായിരുന്നു.....

ഇന്ന്, ഇപ്പോഴിതാ വീണ്ടും,
നിന്നിലേയ്ക്കായ് വന്നിരിക്കുന്നു,
സ്വന്തം പേരുച്ചരിച്ച് എള്ളും പൂവിമിട്ട്
ഒരു പിടി വറ്റുണ്ട്.......
പക്ഷേ, മനംനിറഞ്ഞു
നീയേറ്റുവാങ്ങുവതെങ്ങനെ?

ആരോ ദുരയില്‍,
കീറിമുറിച്ചിട്ട നിന്റെ നെഞ്ചിടം.....
നടന്നു വലഞ്ഞുപോയിരിക്കുന്നു.
ദൂരെയൊരു പൊട്ടുപോല്‍,
ഒരുതുള്ളി വെള്ളം!

വെറുതെയൊരു മരീചികയാണ്,
ഒഴുക്കും ആഴവുമില്ലാതെ,
നീയെനിയ്ക്കെങ്ങനെ മരണമേകും?
മരണമില്ലാതെങ്ങനെ മോക്ഷമാവും?

തിരിച്ചിനി പിന്നോട്ടില്ല,
വെറുതെ നിന്നിലൂടെ മുന്നോട്ടു നടക്കട്ടെ
അടുത്ത വര്‍ഷംവരെ നടപ്പുനീളട്ടെ.....
മഴപെയ്തു കുളിര്‍ത്തു നീ പരന്നൊഴുകുന്പോള്‍
കൂടെയൊഴുക്കിയേക്കുക

ഇരുണ്ട ചുഴികളൊരുക്കി വലിച്ചടുപ്പിച്ച്
ഇനിയും ജനിമൃതികളില്ലാത്ത
അഗാധതതകളിലേയ്ക്ക്
പുണര്‍ന്നെടുത്തുകൊള്ളുക

നീ നിള, നിള മാത്രമെന്ന് മന്ത്രിച്ച് ,
കയ്യിലീ ആത്മപിണ്ഡവുമായി,
ഞാന്‍ നടക്കുകയാണ്,
ഊഷരമായ ഈ മണല്‍വഴിയില്‍
ഒരു തുള്ളി മോക്ഷത്തിന്റെ നനവു ദാഹിച്ച് .........

2010, ജൂലൈ 28, ബുധനാഴ്‌ച

മരണം; അല്ല പ്രണയം

കറുത്തപക്ഷത്തില്‍,
ഉലഞ്ഞാടുന്ന,
മരത്തലപ്പുകള്‍ക്കിടയിലൂടെ,
നിന്നെ കാണുകയാണ്.
കുനിഞ്ഞിരുന്ന വിതുന്പുന്ന,
ഒരു നിഴല്‍പോലെ.....

പേരിഷ്ടമില്ലെന്ന നിന്റെ പിറുപിറുക്കല്‍,
കേള്‍ക്കുന്നുണ്ട്, ഇടയ്ക്കുയരുന്ന
നെടുവീര്‍പ്പിനുള്ളില്‍ ഉറഞ്ഞുകൂടുന്ന,
അമര്‍ഷധ്വനികളും....

പേരെന്തുമാവട്ടെ,
എത്രപേര്‍ നിന്നെ
പ്രണയിച്ച് അടുത്തുകൂടുന്നു,
ഒരുവട്ടം വന്നപ്പോള്‍
ഞാനോര്‍ക്കുന്നു,

പച്ച ജാലകവിരിയുള്ള മുറിയ്ക്കുള്ളില്‍
കടന്നുവന്ന് മോഹിപ്പിച്ച്
കൂടെവിളിച്ച്, പിന്നെ
നരച്ചൊരു വരാന്തയില്‍വച്ച് ,
പാതിവഴിയില്‍ കൈവിടുവിച്ച്,
കളഞ്ഞിട്ടു പോയത്......

‍ഞാനിനിയും വരുകയാണ്,
വീണ്ടും നീ ജാലകം തുറന്ന്,
നല്ലനേരംനോക്കി കൈപിടിച്ചേറ്റി...
കൂടെ ഇടതുഭാഗത്തായി,
ഇരുത്തുമെന്നോര്‍ത്ത്......

എന്തിനീ കണ്ണുനീര്‍?
മറന്നേയ്ക്കുക, മരണമെന്ന,
ആരോ തന്നൊരാ പേര്,
പ്രണയമെന്ന് ഞാനത് തിരുത്തുട്ടെ......
കറുത്തപക്ഷത്തില്‍
ചുവപ്പു കടുത്ത് കറുത്തുപോയ,
എന്റെ പ്രണയം........

2010, ജൂലൈ 16, വെള്ളിയാഴ്‌ച

വെളുത്ത രക്തം

വെളുത്ത രക്തബിന്ദുക്കളാണ്,
കുടിയിറക്കപ്പെട്ടവളെന്ന് അടയാളപ്പെടുത്തുന്നത്.
ഞാനറിയാതെയാണ്,
അടയാളങ്ങള്‍ വന്നുവീണത്.
അന്ന് ഇറക്കിവിട്ടപ്പോള്‍,
മുറിഞ്ഞ് പൊടിഞ്ഞിറ്റിയതാണിത്.....

വെറുതെയൊന്ന് താഴേയ്ക്ക് നോക്കു,
അവിടെ ആ വാതില്‍പ്പടിയിലുണ്ട്,
വെളുത്ത പൊട്ടുകളായി,
ഉണങ്ങിയൊട്ടിയിരിക്കുന്നു,
വെള്ളത്തിലലിയാത്തവിധം.....

അന്ന് അതിറ്റുവീണപ്പോള്‍,
വെള്ള നിറം കയ്യില്‍ തൊട്ടെടുത്ത്,
മുഖത്തു മിന്നിച്ച ഭാവങ്ങള്‍,
തേഞ്ഞുപഴകിയ,
ഒരു ക്ലീഷേയെ ഓര്‍മ്മപ്പെടുത്തി.....

പലവുരു കേട്ടുപഴക്കമേറിപ്പോയതാണ്,
ചെവി കൊടുക്കാതെ തിടുക്കത്തില്‍,
ഇറങ്ങാനൊരുങ്ങിയപ്പോഴാണ്,
കൈത്തലത്തില്‍ കുരുക്കി,
ഇറയത്ത് കെട്ടിയിട്ട ഇരുന്പു ചങ്ങല,
ഒരു ചോദ്യമെറിഞ്ഞു തന്നത്......

തന്നേ പൊട്ടിച്ചുകൊള്‍കെന്ന നിന്റെ,
ദുശ്ശാഠ്യത്തിന് മുന്നില്‍ വിറച്ചുകൊണ്ടീ,
വലം കൈ പകരം കൊടുത്താണ്,
ഒടുക്കം ഞാനിറങ്ങിയത്.....
അപ്പോഴാണ് അവിടമാകെ ഇറ്റുവീണത്,
ആ വെളുത്ത അടയാളങ്ങള്‍......

ഇപ്പോഴും പൊടിഞ്ഞു തൂവുകയാണ്,
കുടിയറക്കപ്പെട്ടുവെന്ന്,
എല്ലായിടത്തും അടയാളപ്പെടുത്തിക്കൊണ്ട്,
ഇറ്റുവീഴുകയാണ്....
ഈ വെളുത്ത രക്തബിന്ദുക്കള്‍.....

2010, ജൂലൈ 6, ചൊവ്വാഴ്ച

ഉടയുന്ന ചിത്രങ്ങള്‍

ഏറെ ആര്‍ദ്രമെന്ന് തോന്നിയ്ക്കുന്ന,
ചില പറച്ചിലുകള്‍ക്കൊടുവില്‍,
ഒരു വാക്കു തട്ടി,
പഴയൊരു ചിത്രം കണ്ണില്‍ നിന്നൂര്‍ന്ന്,
നെഞ്ചില്‍ വീണ് ചിതറിയുടയുന്നു.....

പിന്നെ പഴമണമുള്ളൊരു കാറ്റില്‍
വീണ്ടുമെത്തുന്നു
ചില ദിശതെറ്റിയ വാക്കുകള്‍
കല്ലുകളുടെ വേഗത്തില്‍
പഴയ ചിത്രങ്ങളില്‍ച്ചെന്ന് തറഞ്ഞ്
ചിതറിച്ചുടയ്ക്കുന്നു

പറയുന്നുണ്ട്, ചില വാക്കുകള്‍
ചില്ലിട്ടുവച്ചേയ്ക്കരുതെന്ന്,
കണ്ണിലും മനസ്സിലും,
വെറുതെ മാറാല തൂങ്ങുന്ന,
ഭിത്തിയില്‍പ്പോലും.....

വീണ്ടും വീണ്ടും പറയുന്നുണ്ട്,
വീണ്ടുമിങ്ങനെ പഴമണമേറ്റി,
കാറ്റടിയ്ക്കുമെന്ന്.....
ദിക്കറിയാതെയാവും കാറ്റെത്തുക
ദിശയറിയാതെ വാക്കുകളുമെന്ന്....

എന്നുമിങ്ങനെ, ഇതാ....
അലിഞ്ഞുതീര്‍ന്നേയ്ക്കുമെന്ന്,
തോന്നിയ്ക്കുന്ന ചില ആദ്രതകള്‍
അവയ്ക്കിടയിലാണ്
മുരള്‍ച്ചയുമായി വാക്കുകളെ
വേര്‍പെടുത്തിയെടുത്ത്
വീണ്ടും വീണ്ടും
കാറ്റുവന്നെത്തുന്നത്.................

2010, ജൂൺ 27, ഞായറാഴ്‌ച

തീരം

കാതോര്‍ത്തിരിക്കയാണ് ഈ അനന്തതയ്ക്കരികെ,
ഇടയ്ക്കെങ്കിലും നീയൊന്ന്
ചിരിച്ചെങ്കിലെന്നോര്‍ത്ത്.....
വെറുതെയൊന്ന് വിതുന്പുകയെങ്കിലും
ചെയ്യുമെന്നോര്‍ത്ത്......
ഇന്നും ഓര്‍ക്കുന്നവെന്ന് കരുതിയൊരു
നെടുവീര്‍പ്പിടാന്‍....

അവിടെ അങ്ങേ അറ്റത്ത്
നോക്കിയാല്‍ കാണാത്തിടത്ത്
നിന്റെ പേര് നൂറാവര്‍ത്തി ഉരുവിട്ട്
ഞാനെന്റെ സ്വപ്നഭ്രൂണങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നു
വേലിയേറ്റങ്ങളില്‍ വെറുതെ ഒന്നു നനച്ചുപോന്നേയ്ക്കുക

ജനിയ്ക്കുന്പോള്‍ അവ നിന്നെത്തേടിയെത്തും,
നിന്റെ ഗാഡനീലിമയിലേയ്ക്കുതന്നെ വന്നിടും,
അവിടെവച്ചല്ലേ,
അമാവാസികളില്‍
നിന്റെ മൗനത്തിന്റെ വെളുത്തപൊട്ടുകളായി
ഞാനവരെ ഗര്‍ഭം ധരിച്ചത്.....

ഇടയ്ക്കൊന്ന് ആഞ്ഞടിച്ച് കയറി വന്നെങ്കില്‍,
ഉപ്പുപുളി പരത്തിയൊന്ന് നീറ്റിപ്പുകച്ചെങ്കില്‍
ശ്വാസത്തെ നെഞ്ചിലേയ്ക്കു തിരികെ വിളിച്ച്,
കണ്ണുകളിറുക്കിയടച്ച് അലിഞ്ഞുചേര്‍ന്നേയ്ക്കാം....

മൂന്നുനാള്‍ അപ്പുറം തിരികെ നീ ഈ
തീരമായ്ത്തന്നെ എറിഞ്ഞിട്ടുപോകുമെങ്കിലും,
കാതിലീ ഇരന്പവും കണ്ണിലീ അഗാധതയുമായി
ഞാന്‍ കാത്തിരിപ്പാണ്......

തീരമെന്ന, ഈ വിളി കേട്ട് മടുത്തിരിക്കുന്നു
ഈ വര്‍ഷത്തിലെങ്കിലും, കാറ്റുംകോളുമായി
എന്നിലേയ്ക്കുകൂടി ഒഴുകിപ്പരന്നേയ്ക്കുക...
ഇനിയും തീരമായിരിക്കേണ്ട.....
ആഴമില്ലാത്തൊരടിത്തട്ടെങ്കിലുമായ്ക്കി മാറ്റുക.....
അവളെ കടലെടുത്തുവെന്നവര്‍ വിളിച്ചുകൂവട്ടെ....

2010, ജൂൺ 16, ബുധനാഴ്‌ച

വീണ്ടും ഇതിഹാസ വായന

"മഴപെയ്യുന്നു മഴമാത്രമേയുള്ളു
കാലവര്‍ഷത്തിന്റെ വെളുത്തമഴ
മഴ ഉറങ്ങി, മഴ ചെറുതായി, രവി
ചാഞ്ഞുകിടന്നു, അയാള്‍ ചിരിച്ചു
അനാദിയായ മഴവെള്ളത്തിന്റെ സ്പര്‍ശം
ചുറ്റും പുല്‍ക്കൊടികള്‍ മുളപൊട്ടി
രോമകൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു
മുകളില്‍ വെളുത്ത കാലവര്‍ഷം
പെരുവിരലോളം ചുരുങ്ങി
ബസ് വരുവാനായി രവി കാത്തുകിടന്നു...."

വായിച്ചാലും വായിച്ചാലും മതിവരാത്ത ഈ ഇതിഹാസത്തിന്റെ പുതുമ മാറാതെ വീണ്ടും വീണ്ടുമുള്ള വായനകള്‍, ഓരോ വായനയിലും അനാവൃതമാകുന്ന പുതിയ പുതിയ താളുകള്‍, കഥകള്‍... ഈ മഴക്കാലത്തും പതിവു തെറ്റിക്കാന്‍ കഴിഞ്ഞില്ല, ഒരേയിരുപ്പിലിരുന്ന് നേര്‍ത്തും പേര്‍ത്തും പെയ്യുന്ന മഴയുടെ പശ്ചാത്തലത്തില്‍ വീണ്ടുമൊരു വായന. മഴനനഞ്ഞ് തസറാക്കിലൂടെ നടന്ന യാത്രയുടെ തണുപ്പോര്‍മ്മിപ്പിച്ച താളുകള്‍....

ആദ്യവായനയില്‍ ഇതിഹാസം എന്നെനോക്കി കൊഞ്ഞനം കുത്തുകയായിരുന്നു, അറിയപ്പെടാത്ത കാലവും ലോകവും ചെതലിമലയേക്കാള്‍ വലുപ്പത്തില്‍ മുന്നിലങ്ങനെ നിന്നു. ഏഴാംക്ലാസിലെ ബുദ്ധി അതിന് പോരെന്ന് മനസ്സിലായപ്പോള്‍ വായന പലതവണയാവര്‍ത്തിച്ചു.

പത്താംക്ലാസ് പരീക്ഷയുടെ സ്റ്റഡി ലീവിനിടയിലും അമ്മയറിയാതെ പുസ്തകത്തിനിടയില്‍ വച്ച് വായിച്ചു, അന്നും അപ്പുക്കിളിമാത്രം കൂട്ടായി. എന്നാല്‍ പിന്നീട് അഞ്ചും ആറും വായിച്ചപ്പോള്‍ ഖസാക്കിലെ സൗന്ദര്യം എടുത്ത് മുന്നില്‍വച്ചപോലെ, പിന്നീടങ്ങോട്ട് വായനയുടെ വസന്തം.....

ഇപ്പോള്‍ ഈ മഴക്കാലത്ത് പത്താമത്തെ വായന. രവിയെന്ന് പലയാവര്‍ത്തി വായിക്കുമ്പോള്‍ മനസ്സിലെത്തുന്ന കഥാകാരന്റെ രൂപം. പണ്ടൊരു പഠനയാത്രക്കിടെ തസറാക്കിനെ കണ്ട ഓര്‍മ്മ, ആ വഴികളിലൂടെ കഥാകാരന്‍ നടക്കുന്നതിന്റെ താളം,

മുമ്പൊരിക്കല്‍ ടൗണ്‍ഹാളിലെ ഒരു പരിപാടിക്കിടെ അച്ഛന്‍ ഒവി വിജയനാണെന്ന് പറഞ്ഞ് സ്റ്റേജിലിരിക്കുന്നയാളിനെ ചൂണ്ടിക്കാണിച്ചുതന്ന ഓര്‍മ്മ, പിന്നീടൊരിക്കല്‍ നേരിട്ടുകണ്ടപ്പോള്‍ ഒരു പുസ്തകത്തില്‍ കയ്യൊപ്പു വാങ്ങിച്ചത്, അവസാനം മരണാനന്തരം അദ്ദേഹത്തിന് ലഭിച്ച ബഹുമതി ഏറ്റുവാങ്ങാന്‍ അദ്ദേഹത്തിന്റെ ഭാര്യ തെരേസ വിജയന്‍ കോഴിക്കോട് ടാഗോര്‍ ഹാളില്‍ വന്നത്.

ആ പരിപാടിയ്ക്കിടെ അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ കേട്ട അളകനന്ദയുടെ റൊമാന്റിക് ശബ്ദം എല്ലാമിങ്ങനെ ഒരു തീരശീലയിലെന്നപോലെ ഒഴുകിപ്പോയിക്കൊണ്ടിരുന്നു. രവി അദ്ദേഹം തന്നെയാണോ, എങ്കിലും ചില കൃത്യമായ അകലങ്ങള്‍, അവധൂതനും, ഈഡിപ്പസും, അസ്ഥിത്വവാദിയും, അരാജകനുമെല്ലാം ചേര്‍ന്ന നായകസങ്കല്‍പം.

ബന്ധങ്ങള്‍ പ്രകൃതി, എല്ലാമുണ്ട് ഈ ഇതിഹാസത്തില്‍. ഓരോ വായനയിലും പുതിയ അനുഭവമായി നിത്യമായി പ്രണയിക്കാന്‍ വേണ്ടത്രയും ബിംബങ്ങളുള്ള ഇതിഹാസം.

മഴക്കാലത്തെ വായനകളാണ് ഇതിഹാസത്തെ എന്റെ മനസ്സില്‍ ഒരു ദേശത്തിന്റെ സ്മാരകമാക്കി മാറ്റിയത്. മഴക്കാറുതൂങ്ങുമ്പോള്‍ വെറുതേ കയ്യിലീ പുസ്തകവും പിടിച്ചിരിക്കുമ്പോള്‍ പ്രിയ കഥാകാരാ ഞാനാ സാന്നിധ്യമറിയുന്നു, വരണ്ടുണങ്ങിയ തസറാക്കില്‍ മഴപെയ്യുമ്പോഴുള്ള ഗന്ധം നിറയുന്നു ഇവിടെ ഈ മുറി നിറയെ

2010, മേയ് 31, തിങ്കളാഴ്‌ച

പെയ്തുപോയവള്‍

അന്ന് ആ കത്തുന്ന,
വേനല്‍പ്പടവില്‍ നിന്നൊരമ്പയച്ച്,
മേഘത്തിന്റെ ഹൃദയം പിളര്‍ത്ത്,
നീ പെയ്യിച്ച മഴ,
തോരാതിരിക്കുന്നു.....

ഇറയം പെയ്തു കുളിര്‍ത്തുള്ളില്‍
ഈയാംപാറ്റപൊടിഞ്ഞ്
മഴമണം പരക്കുന്നു
അവിടെ ആ ഇറത്ത്
നീയുമുണ്ടെന്നോര്‍ത്തു...

പക്ഷേ.....
ആ വിട വാക്കു ഞാന്‍ കേട്ടില്ല
വെയില്‍ പരന്നപ്പോള്‍
ഇറയത്ത് തിരികെ നടന്ന
ചില മങ്ങിയ കാലടികള്‍......

അന്നാ മഴനാളിലെ സ്‌നേഹം
പൂത്തുലഞ്ഞൊരൊറ്റവാക്ക്
വീണ്ടുമീ മഴപ്പാട്ടിനിടെ ദുഖം
വിങ്ങുന്നൊരു വിട വാക്ക്......

അമാവാസികളില്‍
പറഞ്ഞുതീര്‍ത്ത കഥകളിലെ
പറയാതെ പോയ വാക്കുകളില്‍
മൂടി മൂടിയൊളിപ്പിച്ച വേദനയുമായി
നീയിതെവിടേയ്ക്കാണ്.....

ഇവിടെ,
ഈ പെയ്യുന്ന ഇറയത്തേയ്ക്ക്
തിരികെ വന്നേയ്ക്കുക
കാത്തിരിപ്പുണ്ട്, ഞാന്‍
കയ്യിലൊരു ഒറ്റമഴത്തുള്ളിയുമായി......

[തേജസ്വിനിയ്ക്ക്]

2010, മേയ് 25, ചൊവ്വാഴ്ച

വീടും നീയും ഞാനും

വീടിന്റെ ഹൃദയത്തിലേയ്കിറ്റിയ്ക്കാന്‍,
ഒരു തുള്ളി വിഷം കയ്യിലൊഴിച്ചുതന്നാണ്,
ആദ്യമായി നീ ഹൃദ്യമായി ചിരിച്ചത്.
പിന്നെ മറ്റൊരു തുള്ളി സിരയില്‍ പടര്‍ന്നപ്പോഴാണ്,
പ്രണയമെന്ന് ആദ്യമായി നീ,
കാതില്‍ മന്ത്രിച്ചത്.....

വിഷമേറ്റു നീലച്ച വീടിന്റെ ഹൃദയം,
നീലിമപടര്‍ന്നുകയറി വേച്ചുവീഴുന്ന,
എന്നെനോക്കിയാണ് പിടയുന്നത്....
പരസ്പരം താങ്ങാന്‍ കഴിയാതെ,
തളരുകയാണ് ഞാനമെന്റെ വീടും....

അവിടെയാണ്,
ഞാനാര്‍ത്തലച്ച് കരഞ്ഞത്,
തളര്‍ന്നുവീണുറങ്ങിയത്,
ഒടുക്കം ഒരു പിടി തീക്കനല്‍ വാരി,
വിതറി ഇറങ്ങിപ്പോന്നത്...

ഒടുവില്‍ നീ തന്ന വിഷത്തുള്ളികള്‍
നീലിമ പടര്‍ത്തി പതുക്കെ സിരകളി‍ല്‍
പടര്‍ന്നിറങ്ങുകയാണ്...
വീടിന്റെ ഹൃദയം തര്‍ത്ത കുറ്റത്തിന്
ആത്മഹത്യയായി
ഞാനിതിനെ സ്വന്തമാക്കുന്നു...

നിര്‍വ്വചനങ്ങളില്ലാത്ത മൗനത്തിന്റെ ഒടുക്കം.
രണ്ടു വിഷത്തുള്ളികളില്‍ ഉത്തരങ്ങള്‍ ചാലിച്ച്
പതുക്കെയത് നാവിലിറ്റിച്ച് ,
പ്രണയമെന്ന് നീ മന്ത്രിച്ചപ്പോള്‍
ജീവനിലേയ്ക്കുള്ള അവസാന ‍‍ഞരക്കവും
ഒതുക്കി കണ്ണുകളടയ്ക്കുകയാണ്

അല്ലായിരുന്നെങ്കില്‍, ഓര്‍ത്തുനോക്കൂ...
കൊലചെയ്യപ്പെട്ടവളായി ഞാനും,
വെറുമൊരു കൊലചെയ്തവനായി നീയും,
അവശേഷിച്ചുപോയേനെ,
വെറുതെയെന്തിനായിരുന്നു,
അവസാനമൊരു വാക്ക്?
ഒരു പഴകിത്തേഞ്ഞ വാക്ക്.......

2010, മേയ് 17, തിങ്കളാഴ്‌ച

പ്രണയത്തിന്റെ മാപിനി

പ്രണയത്തിന് ചില മാപിനികളുണ്ട്
വിഷയങ്ങളില്ലാത്ത ചില നേരങ്ങളില്‍
വികൃതമായ ആകാരം പൂണ്ട്,
മുന്നില്‍ വന്നു നിന്ന് പല്ലിളിയ്ക്കുന്ന.
ചില ചോദ്യങ്ങള്‍.....

നിര്‍വ്വികാരത ഉറഞ്ഞുണ്ടായ
ഒരു മലപോലെ, മറികടക്കാന്‍ കഴിയാതെ
വഴി തെളിയാതെ, കുഴികളൊരുക്കിവച്ച്
വീഴുക വീഴുകയെന്നുറക്കെപ്പറയുന്ന
ചില ചോദ്യങ്ങള്‍...

പ്രണയമോ അതെന്തെന്ന് ചോദിച്ച്
നെഞ്ചിലെ പ്രണയത്തെ വറ്റിച്ച്
പുല്ലുപോലും കിളിര്‍ക്കാത്തൊരു
ഊഷരനിലമാക്കുന്ന
ചില മാപിനികള്‍...

പ്രണയമളക്കാന്‍ പണിയിച്ചെടുത്ത
ഈ അളവുകോല്‍,
ആത്മഹത്യാക്കുരുക്കുപോല്‍.
ഭാവിയെ ഇരുട്ടുപോലവ്യക്തമാക്കി,
തൊട്ടുമുന്നില്‍ പെന്‍ഡുലം പോലെ,
ചലിച്ചു, പൊട്ടിച്ചിരിക്കുന്നു....

ഉറപ്പാണ് അളക്കാന്‍ കഴിയില്ല.
അതെന്റെ ചോരയിലും,
കണ്ണുനീരിലുമാണെന്ന്,
പറയാന്‍ കഴിയാതെ,
അതു ഞാന്‍ തന്നെയെന്ന്,
സ്വയം പറഞ്ഞ് തളരുകയാണ്....

അളക്കാന്‍ വിടില്ല,
പ്രണയം അതങ്ങനെയാണ്,
വരണ്ടുണങ്ങി വിണ്ടിരിക്കുന്പോള്‍,
ചെറുചാറ്റല്‍ മഴപോലെ.....
നനഞ്ഞെന്നും ഇല്ലെന്നും തോന്നിച്ച്,
മറ്റുചിലപ്പോള്‍ കാറ്റുംകോളുമായി വന്ന്,
കെട്ടിപ്പുണര്‍ന്ന് കുളിര്‍പ്പിച്ച്....

നിര്‍വ്വികാരമായ ഒരു സ്വപ്നമൂര്‍ച്ചയില്‍
കുടുങ്ങി മരിയ്ക്കുവാനൊരുങ്ങുന്ന
എന്റെ പ്രണയമേ....
നീ ഒടുങ്ങുവോളമേ എനിയ്ക്കീ ജീവനുള്ളു,
പ്രണയം മരിച്ച് നിര്‍വ്വികാരതയാകാരം
പൂണ്ടൊരു പഴയ സ്മാരകമായി
വെറുതെയെന്തിന് ജീവിച്ചൊടുങ്ങണം....

2010, മേയ് 14, വെള്ളിയാഴ്‌ച

എന്റെ മഞ്ചാടിമരം..........




മുറ്റത്ത് ചുവപ്പുരാശി പടര്‍ത്തി, മനസ്സില്‍ പ്രണയം മുളപ്പിയ്ക്കൂവെന്നും പറഞ്ഞ് കാറ്റിലുലഞ്ഞിരുന്ന എന്റെ മഞ്ചാടി, വിത്തിട്ട് മുളപ്പിച്ച് മഴയും വെയിലുമെടുത്തുപോകാതെ ഞാനും ചേച്ചിയും പോറ്റിവളര്‍ത്തിയ മഞ്ചാടി, ചേച്ചിയുടെ പ്രണയത്തിന്റെ മഞ്ചാടിമരം.....

ഇടനേരങ്ങളില്‍ ഞങ്ങള്‍ ചാരിയിരുന്ന് കഥപറയാറുണ്ടായിരുന്ന മഞ്ചാടി മരം...... മഴയിലും കാറ്റിലും അടുത്തവീടിന്റെ മുകളില്‍ മുറിഞ്ഞുവീഴുമെന്ന് പറഞ്ഞ് മുറ്റത്തെ പ്രണയമരം ഏട്ടനും വല്യച്ഛനും ചേര്‍ന്ന് മുറിച്ചുകളഞ്ഞു.

കഴിഞ്ഞ മഴക്കാലത്തേ ഏട്ടനതിന് മരണം നിശ്ചയിച്ചതായിരുന്നു, അന്ന് ഞാനും ചേച്ചിയും ചേച്ചീയെ വാവയും വട്ടം ചുറ്റിപ്പിടിച്ച് കരഞ്ഞ് സമരം ചെയ്തപ്പോള്‍ വേണ്ടെന്നു വച്ചതാണ്. ഇപ്പോള്‍ ഞാനും ചേച്ചിയും ഇല്ലാതിരുന്നപ്പോള്‍ മുറിച്ചുകളഞ്ഞു. വേദനിച്ചുതന്നെയാവണം ഏട്ടനും മഞ്ചാടിമരം വെട്ടിയത്. കാരണം ഞങ്ങളുടെ മഞ്ചാടിക്കൊതിയെ ഏട്ടന്‍ കളിയാക്കാറുണ്ടായിരുന്നു, വാവ മണികള്‍ വിഴുങ്ങുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.

കുട്ടികളെയെല്ലാം മഞ്ചാടിപെറുക്കാന്‍ പഠിപ്പിയ്ക്കണമന്ന് ഞാനും ചേച്ചിയും പറയുമായിരുന്നു, ഇനിയും പിറക്കാനിരിക്കുന്നവരും ഇപ്പോള്‍ പിച്ചവയ്ക്കുന്നവരും കൂട്ടമായിരുന്ന് മുറ്റത്തും പറന്പിലും വീണ മഞ്ചാടി പെറുക്കുന്നത് ഞങ്ങള്‍ സ്വപ്നം കണ്ടു. വലിയ വലിയ പളുങ്കു പാത്രങ്ങളില്‍ ഞങ്ങള്‍ മഞ്ചാടിമണികള്‍ പെറുക്കി സൂക്ഷിച്ചു. സ്വപ്നങ്ങളുടെ തുള്ളിപോലെ മുറ്റത്ത് വീണുകിടന്ന മഞ്ചാടിമണികള്.........

പാതിരാത്രിയ്ക്ക് തൊണ്ടയിടറിക്കൊണ്ട് ചേച്ചിയുടെ എസ്എംഎസ് മഞ്ചാടി മരം മുറിച്ചു........... ഇങ്ങകലെ ഓര്‍മ്മകളില്‍ മഞ്ചാടിമണിയുടെ നിറവും ഗന്ധവും പേറി ഉള്ളുപിടഞ്ഞ് ഉറങ്ങാന്‍ കഴിയാതെ ഞാന്‍......

പ്രണയത്തിന്റെ വേവുകാലത്തെന്നോ ചേച്ചിയ്ക്ക് കൂട്ടുകാരന്‍ കൊടുത്ത പ്രണയസമ്മാനം, ഒരു മഞ്ചാടിമണി, നട്ടുമുളപ്പിച്ച് കാവലിരുന്ന് ചേച്ചി വളര്‍ത്തിയ മരം, അവരുടെ പ്രണയത്തിനൊപ്പം വളര്‍ന്ന് പൂവിട്ട മരം....അതു പൂവിട്ട് ആദ്യമായി ചെമന്ന മണികളുണ്ടായപ്പോള്‍ ചേച്ചിയും ചേട്ടനും കൂടി കാണാന്‍ വന്നത്, ഓടിവന്ന് ചേച്ചിയെന്നെ കെട്ടിപ്പിടിച്ച് ഉമ്മവച്ചത്......എല്ലാം ഒരു ഫ്രെയിമില്‍ മിന്നിമാഞ്ഞു

അച്ഛന്റെയും അമ്മയുടെയും പ്രണയമരത്തിന്റെ മണികള്‍ പെറുക്കാന്‍ വാവയും ശീലിച്ചിരുന്നു.രണ്ടാമത്തെ വയസ്സില്‍ മഞ്ചാടി സൂക്ഷിച്ചുവയ്ക്കേണ്ട ഒന്നാണെന്ന് അമ്മയ്ക്ക് പ്രിയപ്പെട്ടതാണെന്നും അവന്‍ പഠിച്ചുവച്ചിരിക്കുന്നു.

ആര്‍ക്കും കൊടുക്കാതെ ചേച്ചി തീരാത്ത കൊതിയോടെ സ്വന്തമാക്കുന്ന ഒരേയൊരു കാര്യം മഞ്ചാടിമണികള്‍മാത്രമായിരുന്നു. ആര്‍ക്കെങ്കിലും കൊടുക്കുന്നുവെങ്കില്‍ അതെനിയ്ക്കുമാത്രമായിരുന്നു. എന്നെ പ്രണയിയ്ക്കാന്‍ പഠിപ്പിച്ച ചേച്ചിയുടെ ചോരച്ച പ്രണയത്തിന്റെ തുള്ളികള്‍...

മുറിഞ്ഞ് നിലത്തേയ്ക്കു വീഴുന്പോള്‍ എന്റെ മരം എന്നെയോര്‍ത്ത് ആത്മഗതം കൊണ്ടുകാണും നിന്റെ പ്രണയം ചുവപ്പിക്കാന്‍ മഞ്ചാടി മണികള്‍ തരാന്‍ കഴിയാതെ ഞാന്‍ വിടപറയുകയാണെന്ന്.

ഞാനും സ്വപ്നം കണ്ടിരുന്നു വലിയൊരു പളുങ്കുപാത്രത്തില്‍ നിറയെ മഞ്ചാടിമണികള്‍ എന്റെ പ്രണയത്തിന് സമ്മാനിയ്ക്കുന്നത് ....... അവനത് നിധിപോലെ സൂക്ഷിയ്ക്കുന്നത്........ സ്വരുക്കൂട്ടിയവയെല്ലാം ആര്‍ക്കെന്നില്ലാതെ കൊടുത്തുപോതിനാല്‍ ഇനിയും എനിക്ക് മഞ്ചാടിമണികള്‍പെറുക്കിക്കൂട്ടേണ്ടിയിരുന്നു, എല്ലാം ഭ്രാന്തന്‍ കാറ്റിന്റെ മറപറ്റി വന്ന ഈ മഴക്കാലത്തോടെ.....

എല്ലാര്‍ക്കും പറയാം ഇനിയുമൊരു മഞ്ചാടിമരം നടാല്ലോന്ന് പക്ഷേ സ്വപ്നങ്ങളുടെ ശോണിമ നഷ്ടപ്പെട്ട് അതു നരയ്ക്കുന്നകാലത്തേയ്ക്കെങ്കിലും ആ മരം പൂവിടുമോയെന്ന് ആരുകണ്ടു.

2010, മേയ് 7, വെള്ളിയാഴ്‌ച

ഒറ്റയടിപ്പാത

നീണ്ടുപുളഞ്ഞ് അനന്തതയില്‍,
അവ്യക്തമാകുന്ന ചില ഒറ്റയടിപ്പാതകള്‍...
അങ്ങേയറ്റത്ത് ആരോ,
കാത്തിരിപ്പുണ്ടെന്നൊരു,
കളിവാക്കുകേട്ട്,
ഇറങ്ങിപ്പോന്നതാണ്.....

പോകെപ്പോകെ, ഇന്നലെകളില്‍പ്പെയ്ത,
മ‍ഞ്ഞുറഞ്ഞ് അവ്യക്തമായ വഴിത്താരകള്‍
മുന്പേ നടന്ന്,
മഞ്ഞില്‍ മറഞ്ഞുപോയവരുടെ,
ചിതറിവീണു, മരവിച്ച സ്വപ്നങ്ങള്‍.....

ചിലയിടങ്ങളില്‍ മുനിഞ്ഞുകത്തുന്ന,
ചില പ്രതീക്ഷകള്‍,
ചില കയറ്റിറക്കങ്ങളില്‍,
തൊണ്ടയിലേക്കടിച്ചുകയറി,
രസമുകുളങ്ങളെ മടുപ്പിച്ച ,
കരിന്തിരിപ്പുകമണം...

ഇന്നും നാളയുമില്ലാതെ
ഇന്നലെയില്‍ ഉറഞ്ഞുപോയ കാലം,
ലക്ഷ്യമില്ലാത്തവരുടെ മാത്രം വഴിയാണെ-
ന്നോര്‍മ്മിപ്പിച്ച് ഇടക്കിടെ,
ചുഴിയുമായി വന്നലയ്ക്കുന്ന കാറ്റ്...
ഇന്നലെകളില്‍ പെയ്തു തീര്‍ന്ന,
മ‍ഞ്ഞിന്‍കണങ്ങളുടെ തണുപ്പ്..

പിന്നെയും പിന്നെയും മാടിവിളിയ്ക്കുന്ന
നരച്ച തണുപ്പ് ....
വേഗം വേഗം അവസാനത്തിലേയ്ക്കെത്തുകെന്നോതി,
മനമിരുന്നു പിടിയ്ക്കുന്നു,
മഞ്ഞില്‍പ്പുതഞ്ഞാരോ,
കാത്തിരിപ്പുണ്ടെന്ന് കാതിലോതി,
വാരിയെടുത്തുകൊണ്ടുപോകാനൊരുങ്ങിയീ കാറ്റ്....
പിന്നെയും.....

2010, ഏപ്രിൽ 24, ശനിയാഴ്‌ച

കാറ്റ്

കാറ്റാണ്........
കാതടപ്പിച്ചലയ്ക്കുന്ന കാറ്റ്
മഴക്കണങ്ങള്‍ കശക്കി ദൂരേയ്ക്കെറിഞ്ഞ്
വരണ്ട ഭൂതകാലത്തിലേയ്ക്കാഞ്ഞുവീശുന്ന
മരുക്കാറ്റ് ...........

നേര്‍ത്തൊരു സീല്‍ക്കാരത്തില്‍
മോഹിപ്പിച്ചടുത്തെത്തി
ഞൊടിയിടെ കറുത്തകാലത്തെ
പേക്കൂത്തുകളുടെ വേഗംപൂണ്ട്
പെരുവിരലില്‍ നിന്നുച്ചിയിലേയ്ക്കു
പിണഞ്ഞ് ചുറ്റി
മനസ്സറുത്ത് ചുഴിയിലേയ്ക്കെറിഞ്ഞ്
തിമിര്‍ത്താടി കടന്നുപോകുന്ന
വരണ്ട കാറ്റ് ........

പെയ്യാനൊരുങ്ങി തണുപ്പേറ്റി,
ഒളിച്ചുവരുന്പൊഴും,
പിന്നാലെയകന്പടി സേവിച്ച്,
പെയ്തൊഴിയാന്‍ വിടില്ലെന്നുറപ്പിച്ച്,
തണുപ്പുപോലും തുടച്ചെടുത്ത്,
വിങ്ങല്‍ വിതച്ചിതിങ്ങനെയെത്രനാള്‍?

തണുപ്പായിറങ്ങി,
പച്ചയായ് പരന്നൊഴുകി.
പഴയ വഴുക്കൊന്ന് നനയ്ക്കാന്‍,
തെല്ലിട നല്‍കുക.......
ഒഴുകിപ്പരൊന്നു മായാത്ത മഴപ്പച്ചയാകാന്‍,
വെറുതെയൊരിട നല്‍കുക......

2010, ഏപ്രിൽ 8, വ്യാഴാഴ്‌ച

സമ്മാനപ്പൊതി

ഒരു സമ്മാനപ്പൊതി,
മനസ്സില്‍ മാറാലപിടിച്ചൊരു മൂലയില്‍,
ഒറ്റയ്ക്കിരുന്നു തിടിക്കമേറ്റുന്നു.....
കൈമാറുകയെന്ന് നിശബ്ദം പറയുന്നു.......

പലനാളായി കടന്നുപോകുന്നു
നോക്കാതെ കാണാതെയന്നപോല്‍
ജാലകവിരിക്കുള്ളില്‍
മറച്ചുവച്ചിരിക്കയാണ്.....

എന്നേ സ്വയം പൊതിഞ്ഞൊരുങ്ങി
നിറമണിഞ്ഞ് ,
ആശംസകള്‍ തുന്നി,
മറന്നുപോകരുതെന്ന് ഓര്‍മ്മിപ്പിച്ച്,
ഗാഢമായിടക്കിടെ നോക്കി,
മറവിയിലേയ്ക്കെടുത്തെറിയരുതെന്ന്
ലോലലോലം മന്ത്രിച്ച് ,
ഇരവിലും പകലിലും,
മഞ്ഞും മഴയുമേറ്റ് നരച്ചിരിക്കുന്നു.....

പൊടിതട്ടിയെടുക്കാമെന്നോര്‍ത്ത്
പലവട്ടം ഞാന്‍ വന്നതോര്‍മ്മയില്ലേ?
പിണക്കം ഭാവിച്ച് അകന്നകന്നിരുന്ന്
ക്രൂരമായി പരിഹസിച്ച്,
ചിരിച്ചതോര്‍മ്മയില്ലേ?

അന്നേ തടവിലാക്കിയതാണ്
ഒരു ജന്മദിനത്തിന്റെ ഓര്‍മ്മയ്ക്ക് ......
എത്രരക്ത രൂഷിത വിപ്ലവങ്ങള്‍ നടത്തിയാലും
തുറന്നുവിടില്ലെന്നുറപ്പിച്ചതാണ്.....
ഈ മാറാലപിടിച്ച മൂലയില്‍,
നീ തടവിലാണ്..............

വെറുതെ പൊതിഞ്ഞൊരുങ്ങേണ്ട,
ഒരു സമ്മാനപ്പൊതിമാത്രമാവാനാണ് വിധി,
ഒരിക്കലും കൈപ്പറ്റാത്ത,
മേല്‍വിലാസക്കാരനില്ലാത്ത,
വെറുമൊരു സമ്മാനപ്പൊതി............


ഒരിക്കല്‍,
ഒരു സ്ഥിരം മേല്‍വിലാസത്തിലേയ്ക്കയച്ച്
നിന്നെ സ്വതന്ത്രമാക്കാം,
അതുവരെ ജാലകവിരിയ്ക്കുള്ളില്‍
ഒളിഞ്ഞുതന്നെയിരിക്കുക......

2010, മാർച്ച് 31, ബുധനാഴ്‌ച

കണ്ണുനീര്‍










ചിലന്പിച്ച മൗനങ്ങള്‍ക്കിടയില്‍
എവിടെയായിരുന്നു
ഈ ഒരു തുള്ളി തേങ്ങല്‍ ഒളിച്ചിരുന്നത്
നെഞ്ചിലിരുന്നു വിങ്ങുകയാണ്
നേര്‍ത്തു നേര്‍ത്തു മരിക്കുന്ന വിതുന്പലുകള്‍

നിലാവിന്റെ നിറമാണെന്ന് പറഞ്ഞ്
നെഞ്ചിലേയ്ക്ക് ചേര്‍ത്ത് അന്ന്
നീ കണ്ണീലേയ്ക്കിറ്റിച്ചു തന്നൊരു തുള്ളി,
തിരഞ്ഞുതിരഞ്ഞു മടുത്തിരുന്നു....

ഇന്ന്, ഇപ്പോള്‍, ഇതാ
വീണ്ടുമെന്റെ കണ്ണില്‍
പിന്നെ നേര്‍ത്തൊരു രേഖയായി കവിളില്‍
പിന്നെയൊടുക്കം കടല്‍ക്കാറ്റിലെ
ഉപ്പിനെയോര്‍മ്മിപ്പിച്ച്
ചുണ്ടിലേയ്ക്ക് വീണ് മൃതിയടഞ്ഞു

നഷ്ടമായിരിക്കുന്നു
ആ അവസാനതുള്ളിയും
ഇനിയാ പഴയ ഉപ്പുകാറ്റില്ല
അതില്‍ ചെറുവില്‍ തൊട്ട്
കണ്ണെഴുതിക്കാന്‍ നീയില്ല

എരിവായിരുന്നു
നീയൊരുക്കിയ മഷിക്കൂട്ടിന്
തിളങ്ങട്ടെയെന്നാശിച്ച്
ഉപ്പുകുറുക്കി
ചെറുവിരല്‍ തൊട്ട്
കണ്ണെഴുതിച്ച വികൃതികള്‍

ഇപ്പോള്‍, കണ്‍തടത്തില്‍
നേര്‍ത്ത ഉപ്പുപരലുകള്‍ പരന്ന്
വികൃതമാകുന്നു.....
വിരല്‍തൊട്ടു ഞാന്‍ രുചിച്ചു
നിന്റെ കണ്ണുനീര്‍......

എന്റെ കണ്ണിലേയ്ക്കന്ന് ഇറ്റു വീണ
നിന്റെ കണ്ണുനീര്‍...
ഞാന്‍ സൂക്ഷിച്ചുവച്ച ആ
ഒരു തുള്ളി കണ്ണുനീര്‍....

2010, മാർച്ച് 28, ഞായറാഴ്‌ച

വേനല്‍




ആരാണ് നിനക്കീ പേരിട്ടത്?
നാനാര്‍ത്ഥങ്ങള്‍ക്കിടമില്ലാതെ
മൂന്നക്ഷരങ്ങള്‍ കൊണ്ട്
കൊടുംചൂടെന്ന്
കടുത്ത നിറത്തില്‍ വരച്ചിട്ട്
ഋതുക്കളില്‍ വെറുക്കപ്പെടാന്‍
മാത്രമായി നിന്നെ പേരിട്ടുവിളിച്ചത്?

അറിയുന്നുണ്ടോ?
നീ വരാതിരുന്നെങ്കിലെന്ന്
ചുറ്റിലുമിരുന്ന് പറയുന്നവര്‍
നീ കടന്നുപോയെങ്കിലെന്ന് കൊതിയ്ക്കുന്നവര്‍
നിന്നെ ശപിയ്ക്കുന്നവര്‍
ഭയക്കുന്നവര്‍
അളന്നു രേഖപ്പെടുത്തുന്നവര്‍
വൃഥാ തടുക്കാന്‍ ശ്രമിയ്ക്കുന്നവര്‍

എങ്കിലും,
പ്രണയമാണെനിയ്ക്ക്
നെറ്റിത്തടത്തില്‍ കരുവാളിപ്പുകള്‍ തന്ന്
ദേഹമാകെ വിയര്‍പ്പില്‍ കുളിപ്പിച്ച്
ഇടക്ക് ബോധം കട്ടെടുത്ത്
തളര്‍ത്തിക്കിടത്തുന്പോഴും
ഞാന്‍ പ്രണയിക്കുകയാണ്......

പ്രണയമാണ്,
നിന്റെ ചൂടിനെ
തീഷ്ണമാകുന്ന നിന്റെ നോട്ടങ്ങളെ
കല്ലിലും ചരളിലും കാറ്റിലും
അഗ്നിയാവാഹിച്ചുവച്ച്
നീ സമ്മാനിയ്ക്കുന്ന പൊള്ളലുകള്‍
പിന്നെ വ്രണങ്ങള്‍, വരള്‍ച്ച.....

കേള്‍ക്കുക,
എന്നെപ്പോലെയാവാം വസന്തവും
നിന്നെ പ്രണയിയ്ക്കുന്നത്
നിറങ്ങള്‍ മുഴുവന്‍ നിനക്കു സമ്മാനിച്ച്
വരും ഋതുക്കളില്‍
ഇലകളും
വെറും ഒഴിഞ്ഞ ചില്ലകളുമായിത്തീരുന്നത്

അറിയാം,
നിന്റെ നെഞ്ചിലുമിരുന്ന് തപിയ്ക്കുകയാണ്
വിരഹത്തിന്റെയൊരു നെരിപ്പോട്
ഒളിച്ചുവയ്ക്കാന്‍ ശ്രമിയ്ക്കുന്പൊഴും
അനാവൃതമാകുന്നൊരു
നേര്‍ത്ത വേദന.....

ഓര്‍ക്കുക.
കാത്തിരിയ്ക്കയാണ് ഞാന്‍
ഒരു ഋതു ചക്രം കഴിഞ്ഞ്
നെരിപ്പോടിലെന്നപോല്‍
നീറ്റാന്‍ നീ വരുന്നതും കാത്ത്
വേനലായിത്തന്നെ വരുക
ചൂട്ടുപൊള്ളിയ്ക്കുന്ന വേനല്‍ .....

2010, മാർച്ച് 13, ശനിയാഴ്‌ച

പ്രണയം പലനേരത്ത്

ചിലപ്പോഴീ പ്രണയം,
ചില്ലുപാത്രം വിട്ട് പുറത്തുചാടാനൊരുങ്ങുന്ന
ഒരു സ്വര്‍ണമത്സ്യത്തിന്റെ വ്യഗ്രതപോലെ
പുറത്തേയ്ക്ക് വഴികള്‍ തിരഞ്ഞ് .....

പലവട്ടം വന്യഭാവത്തില്‍
കറുത്തകണ്ണുകള്‍ തിളക്കിത്തിളക്കി,
ഭൂതകാലത്തിലേയ്ക്ക് കണ്ണാടികള്‍ തിരിച്ചുവച്ച്
നോക്കാന്‍ പറയുന്നു.....

മഴക്കാലത്ത് കിളിയൊഴിഞ്ഞുപോയ
ഒരു കൂടുപോലെ,ആര്‍ക്കും ചേക്കേറാന്‍ പാകത്തില്‍,
ഇനിയുമൊരു മഴക്കാലത്തെ അതിജീവിക്കുമെന്ന് ,
നിശബ്ദം പറഞ്ഞാവും ചിലപ്പോള്‍
കാത്തിരിക്കുന്നത്.......

അപൂര്‍വ്വം ചിലനേരത്ത്
ആര്‍ദ്രമായ ഒരു ഗസല്‍ ഗീതം പോലെ....
വീണ്ടും കേള്‍ക്കാന്‍ കൊതിപ്പിച്ച്,
മുഴുവനും മൂളിത്തീരാതെ ,
മുറിഞ്ഞ് മുറിഞ്ഞ് നിശബ്ദമാകുന്നു.....

അതിലും അപൂര്‍വ്വമായി ചിലപ്പോള്‍
ഇരുട്ട് പതിയേ പരക്കവെ ‍
വിളക്കുകാലുകള്‍ക്ക് കീഴെ
വായിച്ചെടുക്കാന്‍ വിടാത്ത
ഭാവങ്ങളുമായി ഉള്ളം കയ്യില്‍
നിന്റെ വിരലുകളുടെ ചെറുചൂടുപോലെ

പലപ്പോഴും യാത്രപറഞ്ഞ്,
പതിയെ അകന്നുപോകുന്ന,
നിന്റെ പദനിസ്വനമാണതിന്....
അപൂര്‍വ്വം ചിലപ്പോഴൊക്കെ,
നിന്റെ തിരിഞ്ഞുനോട്ടങ്ങളും.....

2010, മാർച്ച് 5, വെള്ളിയാഴ്‌ച

ഒഴുക്ക്

സ്വപ്നങ്ങള്‍ ഒഴുകിപ്പോകുന്ന
ചില നീര്‍ച്ചാലുകള്‍
കാറ്റിലുംകോളിലും കലിതുള്ളുമൊരു
നദിയെ ഓര്‍മ്മയിലേയ്ക്കിട്ടുതന്ന്
പറിച്ചെടുത്ത്
എന്നേയ്ക്കുമായകറ്റുകയാണ്
സ്വപ്നങ്ങളെ...

കരയിലിരിക്കയാണ്
നേര്‍ത്തതെങ്കിലും ഒരു വരള്‍ച്ചകാത്ത്
ചെളിപറ്റിയതെങ്കിലും പതിയെ
നോവേറ്റുന്ന സ്വപ്നങ്ങള്‍ പെറുക്കാന്‍

കൊടും വേനലിലും
വഴിയും നേരവും തെറ്റി
ജാലകത്തിലീ പേമഴ
വീണ്ടും സ്വപ്നങ്ങള്‍ കശക്കിയെടുത്ത്
ഒഴുക്കിലിട്ട് ആര്‍ത്തുചിരിക്കാന്‍

ഒഴുക്കിനൊപ്പം
ഓടിയെത്താന്‍ കഴിയാതെ
തളരുകയാണ്
രക്ഷിയ്ക്കയെന്ന് കേണ്
നേര്‍ത്ത ചുഴിയിലും മലരയിലും അകപ്പെട്ട്
ദൂരേക്ക് ഒഴുകിപ്പോകുകയാണ്
സ്വപ്നങ്ങള്‍

ഒഴുക്കില്‍പ്പെട്ട
തിരികെയില്ലാത്ത
വെറുമൊരു സ്വപ്നമായി
അവശേഷിക്കാന്‍......
കാത്തിരിപ്പാണ്
വെറുമൊരു സ്വപ്നമായി
അവശേഷിയ്ക്കാന്‍

2010, ഫെബ്രുവരി 22, തിങ്കളാഴ്‌ച

ചിലനേരത്ത്








ഇടക്കിടെ ഒരെത്തിനോട്ടം പോലെ
വാതില്‍പ്പാളികള്‍ ശബ്ദമില്ലാതെ തുറന്ന്
ഓര്‍മ്മകള്‍ തപിയ്ക്കുന്ന
ഈ വിശാലതയിലൂടെ
മാറാലകള്‍ നീക്കി
വെറുതെ നടക്കട്ടെ.....

കോണുകളിലിരന്നാരോ പിറുപിറുക്കുന്നു
മാറ്റൊലികൊണ്ട് കാറ്റിനൊപ്പം
അലിഞ്ഞില്ലാതാവുന്ന ചില നെടുവീര്‍പ്പുകള്‍
നേര്‍ത്തു നനഞ്ഞ ചില നിശ്വാസങ്ങള്‍

നേരംകെട്ട നേരത്ത്
അപഥസഞ്ചാരമെന്ന് പിറുപിറുത്ത്
അമ്മ തിരിഞ്ഞുകിടന്നു
സമയമേറെയായെന്ന് അച്ഛന്‍ ചുമച്ചറിയിച്ചു
പക്ഷേ സഞ്ചരിക്കാതെയെങ്ങനെ?

ഓര്‍മ്മകളുടെ നേര്‍ത്ത നൂലുകള്‍
ഇഴപിരിച്ചെടുത്ത് ഊഞ്ഞാല്‍കെട്ടിയാടി
മഴക്കാലങ്ങളില്‍ നിന്നും വേനലിലൂടെ
ശിശിരത്തിലേയ്ക്കും വസന്തത്തിലേയ്ക്കും
കാറ്റിനേക്കാള്‍ വേഗത്തിലാടിയെത്തി
വീണ്ടും ഇവിടെ ഈ ഇടനാഴിയില്‍
കിതച്ചിരിക്കയാണ്

പേരറിയാത്ത ഭൂരൂപങ്ങളില്‍
വെയിലും മഴയുമേല്‍ക്കാതെ
ചില ഭൂതകാലങ്ങള്‍
നിര്‍വ്വികാരം പൊഴിച്ച്
നിഴലനക്കം പോലുമില്ലാതെ
വര്‍ത്തമാനത്തിലും നിശ്ചലമായിരിക്കുന്നു

മാറാലതട്ടി അടുക്കിവെയ്ക്കുകയാണ്
കാറ്റു കടന്നുവരാത്തകോണുകളില്‍
മഴച്ചാറ്റലെത്താത്ത അകത്തളങ്ങളില്‍
മാറ്റമില്ലാതെ സൂക്ഷിച്ചു വയ്ക്കുകയാണ്

ഇടക്കിടെ അസമയങ്ങളില്‍
വിരുന്നെത്തിടാമെന്നൊരു
വാക്കുമാത്രം പകര്‍ത്തിവച്ച്
ഇപ്പോഴിറങ്ങുകയാണ്

ഇടയ്ക്കീ തപിയ്ക്കുന്ന കൊടുമുടികള്‍
തനിയെ കയറിയിറങ്ങി
വീണ്ടും ഓര്‍മ്മകളുടെ
ഈ വിജന താഴ്വാരങ്ങളില്‍
തനിച്ച് നടക്കാതെ
എങ്ങനെ കാലം കഴിയ്ക്കാന്‍?

2010, ഫെബ്രുവരി 11, വ്യാഴാഴ്‌ച

വേനല്‍മഴ










നെഞ്ചില്‍ കനല്‍ നീറ്റിയാണീ ഇരിപ്പ്
മറഞ്ഞുപോകുന്ന പോക്കുവെയില്‍
നോക്കി മോഹിച്ചിരിയ്ക്കവേ,
നടന്നുപോയതാണ്, യാത്ര പറയാതെ

ഇരുളിറങ്ങിപ്പരന്നപ്പോഴും
വെറുതെയൊരു പിന്‍വിളി മോഹിച്ചെത്രനാള്‍
ഇരുളിനും പകലിനുമുണ്ടായിരുന്നു പറയാന്‍
നാനാര്‍ത്ഥങ്ങള്‍ പേറുന്ന വാക്കുകള്‍
വെയിലില്‍ തിളച്ചുരുകി,
മഴയില്‍ പടര്‍ന്നൊലിയ്ക്കുന്ന,
പഴയ വെറുംവാക്കുകള്‍....

ഇപ്പോഴിവിടെ ഇരുളം പകലും
മിണ്ടാന്‍ കഴിയാതെ നിശ്ചലം
പഴയ പാഴ്വാക്കുകളുടെ സഞ്ചി
ദൂരെ വലിച്ചെറിഞ്ഞിവിടെ
തനിച്ചിരിക്കുന്പോഴാണ്
വീണ്ടും നിനച്ചിരിക്കാതെ ഈ മഴ,
ഒരു വേനല്‍മഴ.....

ആകെ നനച്ച് കുളിര്‍കോരി
തണുപ്പു പരക്കുന്ന
നാട്ടിടവഴികളില്‍ കൂട്ടുനടന്ന്
പഴയ കനല്‍ക്കടലുകള്‍ ഓര്‍ത്തെടുത്ത്
ഇപ്പോഴുമെരിയുന്ന കനലുകളില്‍
മഴത്തുള്ളികള്‍ കുടഞ്ഞ് , കെടുത്തി

എന്നെ നീ നിന്നിലേയ്ക്ക് പടര്‍ത്തുകയാണ്
ചായക്കൂട്ടുകളുടെ അകന്പടികളില്ലാതെ
വെറും കറുപ്പിലും വെളുപ്പിലും ചാലിച്ച
ഒരു നേര്‍രേഖയായി, പകര്‍ത്തിവയ്ക്കുകയാണ്

വീണ്ടും തണുപ്പേറ്റി
മഴപെയ്തുവരുന്നുണ്ട്
ഈ മരത്തണലിലും
മഴ പെയ്യുകയാണ് എങ്കിലും
കൈകളാല്‍ കാത്തുവച്ചിട്ടുണ്ടീ
നേര്‍ത്ത ഒറ്റവരയെ...
പടര്‍ന്നലിഞ്ഞു പെയ്തുപോകാതെ...
പെയ്തൊഴിഞ്ഞുപോകാതെ...

2010, ജനുവരി 30, ശനിയാഴ്‌ച

മൗനത്തിനും മരണത്തിനുമിടയില്‍

മൗനം ഘനീഭവിച്ചുറഞ്ഞ
ഇടനാഴിയിലേയ്ക്കാണ് നീ കടന്നുവന്നത്
ഒരു വാക്കുപോലും പ്രതിധ്വനിപ്പിക്കാതെ
ഈ മഞ്ഞ് ഉറഞ്ഞുറഞ്ഞിരിക്കയായിരുന്നു

എന്തോ നീ പറയുന്നുണ്ടായിരുന്നു,
ഇടനാഴിയുടെ ഇല്ലാത്ത
ജാലകപ്പാളിയില്‍ത്തട്ടി വാക്കുകള്‍
ചിതറി ധ്വനിക്കുന്നുണ്ടായിരുന്നു

അതില്‍നിന്നൊരു ചിന്തുപോലും
കണ്ടെടുക്കാന്‍ കഴിയാതെ
മൗനത്തേക്കാളുമേറെ
ഘനീഭവിച്ച് ഞാനുറഞ്ഞുപോയി

പതിയെ ഈ തണുപ്പും മൗനവും
നിന്നിലേയ്ക്കും പടരുകയായിരുന്നോ
പിന്നെയെന്നേക്കാള്‍ ഘനീഭവിച്ച്
നീ ഉറഞ്ഞിരുന്നതെങ്ങനെ?

മൗനം മരണമാകുന്നുവെന്ന ആ പഴയവരി
നീ മനസ്സില്‍ ഉരുവിടുന്നത്,
ഒടുക്കം അവ നിന്റെയുള്ളില്‍
തണുത്തുറഞ്ഞുപോയത്,
ഞാനറിയുന്നുണ്ടായിരുന്നു

മഞ്ഞിന്റെ മരവിപ്പു പടര്‍ന്ന
പടവുകളില്‍ എവിടെയാണ്
നമ്മള്‍ ഒരുമിച്ച് വഴുതിയത്
ഒരു കൈതാങ്ങാന്‍ കഴിയാതെ
വിറങ്ങലിച്ചത്?

മരണത്തിന്റെ തണുപ്പ്,
ബോധത്തിലേയ്ക്കും കിനിഞ്ഞിറങ്ങുകയാണ്
ആത്മാവുപോലും നിശ്ചലമാകുന്ന
തണുപ്പില്‍ ഞാന്‍ ഒറ്റയാകട്ടെ

വേനലും വര്‍ഷവും നോക്കി
ചേക്കേറിക്കൊള്‍ക
ഞാനിവിടെ മഞ്ഞിന്റെ വാത്മീകത്തിലുറഞ്ഞ്
വേനലും വര്‍ഷവുമറിയാതെ
മൗനമായി തീര‍ട്ടെ.....

[ഇന്നലെ ഞങ്ങളൊരുമിച്ച് വഴുതിവീണ മൗനത്തിന്റെ അഗാധ ഗര്‍ത്തത്തിന്റെ ഓര്‍മ്മയ്ക്ക് ]

വഴി

നീണ്ടുപുളഞ്ഞുപോകുന്ന
ഇരുണ്ട വഴികളില്‍ തനിയെ
തള്ളിവിട്ട് ഇരുട്ടിന്റെ
അര്‍ത്ഥം പഠിക്കാന്‍ പറഞ്ഞവര്‍

ആഴത്തിലേയ്ക്ക്
ഊര്‍ന്നു പോകുന്ന ചുഴിയില്‍
തള്ളിയിട്ട് ആഴമളന്നു
കുറിച്ചെടുക്കാന്‍ പറഞ്ഞവര്‍

ഒരു പൊടിമീനിനെ
കരയില്‍പ്പിടിച്ചിട്ട് പിടപ്പിച്ച്
ചുറ്റിലുമിരുന്ന്
തുള്ളിച്ചാടി മദിച്ചവര്‍

ഇരുളിനും കയത്തിനും ജീവനും
നാനാര്‍ത്ഥങ്ങള്‍ ആരോപിച്ച്
അവര്‍ നടന്നുപോയപ്പോള്‍
അവശേഷിച്ചത്
വെറും ഇരുളം കയങ്ങളും മാത്രം

ഓര്‍ത്തില്ല, ഇരുട്ടില്‍
കൈനീണ്ടു
കഴുത്തിന് നേര്‍ക്ക് വന്നത്
ഞെരിച്ചുകൊല്ലാനായിരുന്നെന്ന്

അറിഞ്ഞില്ല, കയത്തിലേക്കിറക്കി
ആഴമളക്കാന്‍ വിട്ടത്
മുങ്ങിനിവരുന്പോള്‍
മുക്കിക്കൊല്ലാനായിരുന്നെന്ന്

പരല്‍മീന്‍ പിടയും പോല്‍
നിന്റെ നാള്‍വരുമെന്ന്
ആര്‍ത്ത് വിളിച്ചതും കേട്ടില്ല
ഒടുവിലവര്‍ നടന്നുപോയത്
ലക്ഷ്യമെത്താതെയാണെന്നുമറിഞ്ഞില്ല

വരുകയാണ് ഇരുളും
കയങ്ങളും മാറി മാറി
കരയില്‍ ഒരു പരല്‍മീന്‍ കൂടി
പിടഞ്ഞ് പിടഞ്ഞ്
ജീവനായി കേണു കേണ്
തളര്‍ന്നു മരിക്കുന്നു

കണ്ണില്‍ ഇരുട്ടുവന്ന് മൂടുന്പോഴും
കടും നീലിമയാര്‍ന്ന
ആഴക്കയങ്ങളില്‍
ഒരു വഴിതേടുകയാണ്
വെളിച്ചത്തിലേയ്ക്കുള്ള വഴി...

2010, ജനുവരി 27, ബുധനാഴ്‌ച

നിന്നിലേയ്ക്ക്

നിന്നിലേയ്ക്ക് നടക്കുകയാണ്.....
അസ്വസ്ഥതകളുടെ
നിഴല്‍മഴപ്പെയ്ത്തൊഴിഞ്ഞ്
മരംപെയ്യുന്ന നേര്‍ത്ത തണുപ്പില്‍
വിറയ്ക്കുന്നൊരു പതര്‍ച്ചയെ കൂട്ടുപിടിച്ച്
നിന്നിലേയ്ക്ക് നടക്കുകയാണ്.....

നിഴലുകള്‍ ചോദിക്കുന്നുണ്ട്
അറിയാത്ത വഴികളെക്കുറിച്ച്
അടക്കം പറയുന്നുണ്ട്
ഇടക്കിടെ പിടിച്ച് പിന്നോട്ട് വിളിച്ച്
ഉലച്ചെരിയ്ക്കുന്നുണ്ട് ഉള്ളിനെ.......

അനാദിയാകുന്ന ഇരുട്ടായിരുന്നു
കാഴ്ചയെത്തുവോളം....
വെറും ഇരുട്ട് പുതച്ച കാലം
ഏതോ മാറ്റൊലിയില്‍ത്തട്ടി
കാല്‍വഴുതി വീണപ്പൊഴെന്നോ
തണുത്തൊരു കൈവന്നു താങ്ങി

ഇപ്പോള്‍ നിഴല്‍ക്കൂത്തുകളില്ല
നേര്‍ത്ത പ്രകാശം....
ഇരുട്ടുകണ്ടു മരവിച്ച കണ്ണുകള്‍
മ‍ഞ്ഞളിച്ചു ചിമ്മുകയാണ്
പലവേള പഴകിപ്പോയെങ്കിലും
ഈ ഇരുട്ടും വെളിച്ചമാകുന്നു......

ഇരുട്ടിന്റെ പൊരുളളന്ന്
പകല്‍ മറന്ന കാലം....
എങ്ങിനെയാണ് നീ വെളിച്ചം വിതച്ചത്
കയ്യില്‍ ഇരുട്ടിന്റെ വിത്തുകളും ഒളിപ്പിച്ചിരിയ്ക്കുന്നോ?

എങ്കില്‍, വിതറുക
പകലറിയും മുന്പേ വിതറുക
പകലിന്റെ പകുതിയില്‍ വീണ്ടും
പരക്കുന്ന ഇരുട്ടിനെക്കുടിച്ച്.....
ഇവിടെ വീണുറങ്ങട്ടെ....
ഒരിക്കയ്ക്കും ഉണരാതെ.......

2010, ജനുവരി 21, വ്യാഴാഴ്‌ച

നോവ്

പതിവിലേറെ ഇരുണ്ട രാത്രികളാണ്
ചര്‍ദ്ദിച്ച് കളഞ്ഞിട്ടും തൊണ്ടയില്‍
കുരുങ്ങി നില്‍ക്കുന്ന ഗദ്ഗദം
ധമനികളില്‍ നീ പിടയുകയാണ്
ഓര്‍മ്മകളില്‍ നീ
വെറുമൊരു നോവിന്റെ പൊട്ടാവുകയാണ്

ഒരു തീഗോളം തൊണ്ടയില്‍വന്ന് തിങ്ങി
നെഞ്ചകം നുറുക്കി
കണ്ണിലൂടെ എരിഞ്ഞിറങ്ങുന്പോള്‍
അവിടെ നീ ഇരുട്ടിലാണെന്ന്
ഞാനോര്‍ക്കുന്നു
തനിച്ചാണെന്നറിയുന്നു

ഏതോ ഭൂതകാലത്തിന്റെ നോവുപേറി
ഇരുളടഞ്ഞുപോയ നിന്റെയുള്ളില്‍
ഒരു തിരിതെളിക്കാന്‍ കഴിയാതെപോയി
അടച്ചിട്ട വാതായനങ്ങളില്‍
അങ്ങുദൂരെനിന്ന്
നിന്റെ ഗദ്ഗദം വന്നലയ്ക്കുന്നത്
ഞാനറിയുന്നുണ്ട്
ദുഖം ഘനീഭവിച്ച താഴ്വാരങ്ങളില്‍
നീ ദാഹിച്ചലയുന്നതോര്‍ത്ത്
എരിയുകയാണ്

കരയരുതെന്ന് പറയാന്‍
ഒരിയ്ക്കലെങ്കിലും സ്വയം കരയാതിരിയ്ക്കണം
കരഞ്ഞുകൊള്ളുക
ഇനിയെങ്കിലും ജാലകപ്പാളി തുറന്നിട്ട്
നീ ആര്‍ത്തു കരഞ്ഞുകൊള്ളുക
ഞാനിവിടെ അരികിലുണ്ട്
അന്നെന്ന പോലെ ഇന്നും

ഒരു വാക്കെങ്കിലും പറയുക
കത്തുന്ന ഒരു നോട്ടമെങ്കിലും എറിയുക
ഞാനെന്റെ അപരാധത്തെ
അതില്‍ അലിയിച്ചു കളയട്ടെ
ഇവിടെ ഞാന്‍ നിരായുധയാണ്
നിന്നെച്ചിരിപ്പിക്കാന്‍ കഴിയാതെ
ഞാന്‍ കീഴടങ്ങുകയാണ്

എന്ത് നീഗൂഡതയാണ് നീ മുഖമറയാക്കിയത്
ഏതഗ്നിയിട്ടെരിച്ചാണ് നീയിങ്ങനെ
സ്വയം തനിച്ചാകുന്നത്
ഒരുവേളയെങ്കിലും ഈ വാതില്‍ തുറക്കുക
വെറുതെ അടുത്തു വന്നൊന്നിരിയ്ക്കാന്‍

[ഭൂതകാലത്തിന്റെ ഇരുട്ടറയില്‍ മനസ്സിന്റെ തടവുകാരിയായിപ്പോയ, ലോകത്തോട് സംവദിക്കാന്‍ കഴിയാതെപോയ എന്റെ കൂട്ടുകാരിയ്ക്കുവേണ്ടി]

2010, ജനുവരി 20, ബുധനാഴ്‌ച

അന്നും ഇന്നും

അന്നും അങ്ങനെ തന്നെ
സ്വപ്നങ്ങള്‍ പിച്ചിച്ചീന്തുന്പോള്‍
നേര്‍ത്ത ഇരുട്ടായിരുന്നു മറ
ഇന്നും അതങ്ങനെ
ഇവിടെയിപ്പോള്‍ നേര്‍ത്തൊരു
പ്രകാശരേണുവുണ്ട്
മറ്റെല്ലാം മാറ്റങ്ങളില്ലാതെ......

ക്രമേണ ഇരുണ്ടുപോകാവുന്ന
ഒരു കൊച്ചു പ്രകാശ രേണു
ചിലപ്പോള്‍ നെറുകയിലെടുത്തുവച്ച്
സിന്ദൂരമാക്കാവുന്ന
മറ്റുചിലപ്പോള്‍
ഉള്ളിലൊരു ചോരപൊടിയുന്ന
ഓര്‍മ്മയാക്കാവുന്ന
ഒരു കുഞ്ഞു രേണു

ഒരു ചെറു ചാറ്റല്‍ മഴയില്‍
അലിഞ്ഞലിഞ്ഞില്ലാതായേക്കാം
അതുമല്ല, ചിലപ്പോള്‍
ഒരു കൊടുങ്കാറ്റിന്റെ രൂപമെടുത്ത്
മുടിയഴിച്ചിട്ടാര്‍ത്ത് ‍
പേടിപ്പിക്കയുമാകാം.....

ഒരിട മണ്ണിലേയ്ക്കു വീണ്
നീറി നീറി തീയ്യായി
ആര്‍ത്തിയേറി കാലിലേയ്ക്കിഴഞ്ഞുകയറി
ചെന്നിറമാര്‍ന്ന് മുറുകെ പുണര്‍ന്ന്
മെല്ലെ ആത്മാവിലേയ്ക്കാവാഹിച്ച്
പഞ്ചഭൂതത്തിലലിയിക്കാനുമാവാം......

എങ്കിലും കൈത്തലത്തില്‍
ഇറുകെപ്പിടിക്കുകയാണ്......
ഉള്ളു പൊള്ളിനീറ്റല്‍ പടരുന്പൊഴും
സൂക്ഷിച്ചുവയ്ക്കുകയാണ്.......
മറ്റൊരു കൈ വന്നു നീളുന്നതുവരെ...

2010, ജനുവരി 17, ഞായറാഴ്‌ച

ആവര്‍ത്തനം

നീ നീട്ടി വിളിച്ചപ്പോള്‍
ചാരം തേച്ചിട്ട പാത്രങ്ങള്‍ക്കിടയിലായിരുന്നു
ഇന്നലെ നീ കനല്‍പ്പെട്ടികൊണ്ട്
പൊള്ളിച്ച കൈത്തലം
പഴം തുണികൊണ്ട് വരിഞ്ഞുകെട്ടിവച്ചിരിയ്ക്കയാണ്

നീറ്റലുണ്ട് ജീവന്‍ വിറങ്ങലിയ്ക്കുന്ന നീറ്റല്‍
പക്ഷേ ഈ പാത്രങ്ങള്‍.....?
പച്ചവെള്ളംവീണാലും നീറ്റുന്ന മുറിവ്
നീ ആര്‍ദ്രനായി കൈപിടിച്ചു
മുറിവിന്റെ കെട്ടഴിച്ചുകളഞ്ഞപ്പോള്‍
കാറ്റുകടന്നുവന്ന സുഖം

മുറിവു കണ്ട നിന്റെ കണ്ണുകള്‍ വിടരുകയായിരുന്നു
പതിയെ അതില്‍ ഉമ്മവച്ച്
കൈത്തലം പിടിച്ച് നീ കണ്ണോടടുപ്പിച്ചു
നീറിപ്പുകഞ്ഞപ്പോഴാണറിഞ്ഞത്
കണ്ണുനീരായിരുന്നു അതിലിറ്റു വീണത്

കണ്ണില്‍ത്തന്നെ നോക്കി
നീ നീണ്ട നഖങ്ങള്‍ കൊണ്ട്
മുറിവില്‍ മെല്ലെയൊന്ന് തൊട്ടപ്പോഴും
വേദനകൊണ്ട് പുളഞ്ഞിരുന്നുപോയി

പതിയെ നീ മുറിവില്‍
നഖം കൊണ്ട് കോറി ലോകത്തിന്റെ
മുഴുവന്‍ ഭൂപടവും വരച്ചതീര്‍ന്നപ്പോഴേയ്ക്കും
ബോധം നശിച്ചിരുന്നു

ഇടക്കിടെ ഉണര്‍ത്താനായി
ആഴ്ത്തി വരച്ചപ്പോള്‍ പിടച്ചിലിനിടയില്‍
കേള്‍ക്കുന്നുണ്ടായിരുന്നു
സ്വര്‍ഗത്തിന്റെ കവാടം തുറക്കുന്നുവെന്ന്
നീ പേപറയുന്നത്
എപ്പോഴാണ് അവിടേയ്ക്ക് കയറിപ്പോയത്?
അറിഞ്ഞില്ല.....
വെറുതെയൊന്ന് വിളിച്ചുപോലുമില്ല
വിളിച്ചെങ്കിലും എങ്ങനെ വരാന്‍?

ചാരവും കണ്ണീരും നഖമൂര്‍ച്ചയുമേറ്റ്
വ്രണമാക്കപ്പെട്ട മുറിവുമായി....
പാത്രങ്ങളുമിരിക്കുന്നു ചാരമുണങ്ങി
കഴുകാന്‍ കാത്ത്.....
നീ കാത്തിരിക്കയില്ല....
എങ്കിലും പറയട്ടെ
വരാന്‍ കഴിയില്ല, ഒരിയ്ക്കലും...

2010, ജനുവരി 9, ശനിയാഴ്‌ച

നീലനദി



മലമുകളിലേയ്ക്കൊഴുകി
മൃതിയടയുന്ന വെറുമൊരു നീലനദി
ആഴമില്ലെന്ന പഴി കേട്ട്
പരപ്പില്ലെന്ന കുറ്റം കേട്ട്
പതിഞ്ഞ് മുറിഞ്ഞൊഴുകുന്ന
വെറും നീലനദി

മലമുകളില്‍ നിന്നുത്ഭവിച്ച്
മുകളിലേയ്ക്ക് തന്നെ ഒഴുകാന്‍
വൃഥാ ശ്രമിക്കുന്ന
ചെറുവേനലില്‍ വറ്റിവരളുന്ന
വെറുമൊരു നീല നീര്‍ച്ചാല്‍

പച്ചയാവാന്‍ കൊതിച്ചിട്ടെന്ത്
മദിച്ചു തുള്ളിയൊഴുകാന്‍ കൊതിച്ചിട്ടെന്ത്
കടല്‍ ഗാഡനീലിമയാല്‍ മുഖം മറച്ച്
അപരിചിതത്വം നടിയ്ക്കുന്നു

പാതിവഴികളില്‍ സ്വപ്നങ്ങളഴിച്ചുവച്ച്
മലമുകളിലെത്തി താഴേയ്ക്കൊഴുകി
വീണ്ടുമൊരുത്ഭവമാകാനാണ് കൊതി
വീണ്ടും പച്ചനിറത്തില്‍ ഒഴുകാന്‍

മോഹങ്ങള്‍ ഉള്ളില്‍ വരണ്ട് വിള്ളുന്നു
സ്വപ്ന ഭംഗങ്ങളുടെ രാസമാലിന്യം
ഒഴുകിച്ചേര്‍ന്ന് നുരയും പതയുമൊടുങ്ങാതെ
കല്ലിലും മുള്ളിലും ഒഴുകി,
കൊണ്ടുകോറി മുറിഞ്ഞ്,
നീലിച്ച് നീലിച്ച്,
ഉടല്‍ വേച്ചുവീഴുന്നു.....

മുകളിലേയ്ക്കെത്തില്ല,
ഒരു കുതിപ്പില്‍ കിതച്ചുപോകുന്നു,
ചോരവറ്റിയ ഒരു നേര്‍ത്ത,
നീലഞരന്പുപോല്‍, ‍
പിടഞ്ഞ് മൃതി പൂകുന്നു....
രക്തഗന്ധം വമിയ്ക്കുന്ന,
വെറുമൊരു സ്വപ്നഭംഗം പോലെ.....

2010, ജനുവരി 3, ഞായറാഴ്‌ച

തോല്‍വി...










പലപ്പോഴും ക്ഷണിയ്ക്കപ്പെടാത്ത
ഒരതിഥിയുടെ പരിവേഷമാണ് നിനക്ക്
വിഷയങ്ങള്‍ക്കുള്ള എന്റെ തിരച്ചില്‍
തിരിഞ്ഞു മറിഞ്ഞും
പലപ്പോഴും നിന്നില്‍ത്തന്നെ
എത്തിനില്‍ക്കുന്നു

നേര്‍ത്ത തണുപ്പു പരക്കുന്ന
സായാഹ്നങ്ങളില്‍
നീയിങ്ങനെ വിളിയ്ക്കപ്പെടാത്തവനായി വന്ന്
ഉരുകിയൊലിക്കാത്ത മഞ്ഞുപോലെ
ഉറഞ്ഞുനില്‍ക്കുന്നു

പറഞ്ഞു പറഞ്ഞ്.....
വീണ്ടും പറഞ്ഞ് ഞാന്‍
പുറകോട്ട് നടക്കുന്പോള്‍
അവന്‍ അസ്വസ്ഥനായി
നീണ്ടു നിവരുന്നു

ചുവന്ന രാശി പടരുന്ന കണ്ണുകളില്‍
ഉത്കണ്ഠ പരക്കുന്നു
പിന്നെ എന്റെ വാക്കുകളുടെ
തീവ്രതയില്‍
ഒരു ചോദ്യചിഹ്നം കൊളുത്തി
ചിലപ്പോള്‍ ഒരു അര്‍ധവിരാമത്തിലേയ്ക്ക്
വലിച്ചുകൊണ്ടെത്തിച്ച്
അസ്വസ്ഥതയുടെ കന്പളം പിഞ്ഞിക്കളയുന്നു

വെയിലു താണ് മഞ്ഞ് പരക്കുന്പോള്‍
മുന്നോട്ട് നടക്കുന്ന അവന്റെ
കൈകളില്‍ അമര്‍ത്തിപ്പിടിച്ച്
ഞാന്‍ വീണ്ടും പിന്‍നടത്തത്തിനൊരുങ്ങുന്നു

ഇടയ്ക്കൊരോര്‍മ്മയില്‍
കണ്ണുകൊണ്ടൊന്ന് മാപ്പപേക്ഷിച്ച്
തലകുനിക്കുന്പോള്‍
പറഞ്ഞുകൊള്ളുക
ഞാന്‍ കേട്ടുകൊണ്ടിരിക്കാമെന്ന്
വിതുന്പിപ്പറഞ്ഞ്
കണ്ണുകളിലേയ്ക്കൊരു നിസ്സഹായതയെ
പകര്‍ന്നുതന്ന്
സ്വതന്ത്രമായി പറക്കാന്‍ വിട്ട്
തോല്‍ക്കുകയാണ്
തോല്‍വി സമ്മതിക്കുകയാണ്.........
എന്റെ തോല്‍വിയെ അതിലോലമായി
അവന്‍ ഏറ്റുവാങ്ങുകയാണ്
തീര്‍ത്തും നിശബ്ദനായി.....
തീര്‍ത്തും.......