2010, ജനുവരി 30, ശനിയാഴ്‌ച

വഴി

നീണ്ടുപുളഞ്ഞുപോകുന്ന
ഇരുണ്ട വഴികളില്‍ തനിയെ
തള്ളിവിട്ട് ഇരുട്ടിന്റെ
അര്‍ത്ഥം പഠിക്കാന്‍ പറഞ്ഞവര്‍

ആഴത്തിലേയ്ക്ക്
ഊര്‍ന്നു പോകുന്ന ചുഴിയില്‍
തള്ളിയിട്ട് ആഴമളന്നു
കുറിച്ചെടുക്കാന്‍ പറഞ്ഞവര്‍

ഒരു പൊടിമീനിനെ
കരയില്‍പ്പിടിച്ചിട്ട് പിടപ്പിച്ച്
ചുറ്റിലുമിരുന്ന്
തുള്ളിച്ചാടി മദിച്ചവര്‍

ഇരുളിനും കയത്തിനും ജീവനും
നാനാര്‍ത്ഥങ്ങള്‍ ആരോപിച്ച്
അവര്‍ നടന്നുപോയപ്പോള്‍
അവശേഷിച്ചത്
വെറും ഇരുളം കയങ്ങളും മാത്രം

ഓര്‍ത്തില്ല, ഇരുട്ടില്‍
കൈനീണ്ടു
കഴുത്തിന് നേര്‍ക്ക് വന്നത്
ഞെരിച്ചുകൊല്ലാനായിരുന്നെന്ന്

അറിഞ്ഞില്ല, കയത്തിലേക്കിറക്കി
ആഴമളക്കാന്‍ വിട്ടത്
മുങ്ങിനിവരുന്പോള്‍
മുക്കിക്കൊല്ലാനായിരുന്നെന്ന്

പരല്‍മീന്‍ പിടയും പോല്‍
നിന്റെ നാള്‍വരുമെന്ന്
ആര്‍ത്ത് വിളിച്ചതും കേട്ടില്ല
ഒടുവിലവര്‍ നടന്നുപോയത്
ലക്ഷ്യമെത്താതെയാണെന്നുമറിഞ്ഞില്ല

വരുകയാണ് ഇരുളും
കയങ്ങളും മാറി മാറി
കരയില്‍ ഒരു പരല്‍മീന്‍ കൂടി
പിടഞ്ഞ് പിടഞ്ഞ്
ജീവനായി കേണു കേണ്
തളര്‍ന്നു മരിക്കുന്നു

കണ്ണില്‍ ഇരുട്ടുവന്ന് മൂടുന്പോഴും
കടും നീലിമയാര്‍ന്ന
ആഴക്കയങ്ങളില്‍
ഒരു വഴിതേടുകയാണ്
വെളിച്ചത്തിലേയ്ക്കുള്ള വഴി...

4 അഭിപ്രായങ്ങൾ:

 1. കണ്ണില്‍ ഇരുട്ടുവന്ന് മൂടുന്പോഴും
  കടും നീലിമയാര്‍ന്ന
  ആഴക്കയങ്ങളില്‍
  ഒരു വഴിതേടുകയാണ്
  വെളിച്ചത്തിലേയ്ക്കുള്ള വഴി...

  മറുപടിഇല്ലാതാക്കൂ
 2. വെളിച്ചം ചിലപ്പോള്‍ അസഹനീയമാകാം
  പെയ്യാന്‍ കൊതിക്കുന്ന കണ്ണുകളെ ഒളിക്കാന്‍ പോലുമാകാതെ
  വെളിച്ചം പരിഹസിച്ച് കളയും.

  ബ്ലോഗിലെ കറുപ്പ് പോലെ കവിതകളിലും..!

  (എന്റെ വരികള്‍ വായിച്ച് പലരും പറയുന്ന അഭിപ്രായമാണിത്.
  ആദ്യമായി ഞാനും ഒരാളോട് അത് തന്നെ പറയട്ടെ.. )

  കമന്റ് സെറ്റിങ്ങില്‍ പോയി,
  കമന്റ് ബോക്സ് ഫുള്‍ പേജ് ആക്കിയാല്‍ നന്നായിരിക്കും

  മറുപടിഇല്ലാതാക്കൂ
 3. പരല്‍മീന്‍ പിടയും പോല്‍
  നിന്റെ നാള്‍വരുമെന്ന്
  ആര്‍ത്ത് വിളിച്ചതും കേട്ടില്ല
  ഒടുവിലവര്‍ നടന്നുപോയത്
  ലക്ഷ്യമെത്താതെയാണെന്നുമറിഞ്ഞില്ല

  മറുപടിഇല്ലാതാക്കൂ
 4. സിജി സുരേന്ദ്രന്‍
  നിങ്ങളുടെ കവിതയില്‍ മരണം ,വേര്‍പ്പാട് ,
  ഒറ്റപ്പെടല്‍ ,അങ്ങനെ വിപരീതമായ (അങ്ങനെ ഒരു അര്‍ഥം
  കൊടുക്കാന്‍ കഴിയില്ല യെങ്കിലും ) വിഷയങ്ങള്‍ക്ക്
  മുന്തുക്കം നല്‍കുന്നതായി കാണാന്‍ കഴിയുന്നു
  ജീവിതത്തോട് ഭയമാണോ ,അതോ വെറുപ്പോ
  വിരക്തികള്‍ മാത്രമാണോ കവിത .
  കവിത കൊള്ളാം വല്ലപ്പോഴും ഒന്ന് ചിരിക്കുക
  കവിതകളിലുടെ ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ