2010 ജനുവരി 21, വ്യാഴാഴ്‌ച

നോവ്

പതിവിലേറെ ഇരുണ്ട രാത്രികളാണ്
ചര്‍ദ്ദിച്ച് കളഞ്ഞിട്ടും തൊണ്ടയില്‍
കുരുങ്ങി നില്‍ക്കുന്ന ഗദ്ഗദം
ധമനികളില്‍ നീ പിടയുകയാണ്
ഓര്‍മ്മകളില്‍ നീ
വെറുമൊരു നോവിന്റെ പൊട്ടാവുകയാണ്

ഒരു തീഗോളം തൊണ്ടയില്‍വന്ന് തിങ്ങി
നെഞ്ചകം നുറുക്കി
കണ്ണിലൂടെ എരിഞ്ഞിറങ്ങുന്പോള്‍
അവിടെ നീ ഇരുട്ടിലാണെന്ന്
ഞാനോര്‍ക്കുന്നു
തനിച്ചാണെന്നറിയുന്നു

ഏതോ ഭൂതകാലത്തിന്റെ നോവുപേറി
ഇരുളടഞ്ഞുപോയ നിന്റെയുള്ളില്‍
ഒരു തിരിതെളിക്കാന്‍ കഴിയാതെപോയി
അടച്ചിട്ട വാതായനങ്ങളില്‍
അങ്ങുദൂരെനിന്ന്
നിന്റെ ഗദ്ഗദം വന്നലയ്ക്കുന്നത്
ഞാനറിയുന്നുണ്ട്
ദുഖം ഘനീഭവിച്ച താഴ്വാരങ്ങളില്‍
നീ ദാഹിച്ചലയുന്നതോര്‍ത്ത്
എരിയുകയാണ്

കരയരുതെന്ന് പറയാന്‍
ഒരിയ്ക്കലെങ്കിലും സ്വയം കരയാതിരിയ്ക്കണം
കരഞ്ഞുകൊള്ളുക
ഇനിയെങ്കിലും ജാലകപ്പാളി തുറന്നിട്ട്
നീ ആര്‍ത്തു കരഞ്ഞുകൊള്ളുക
ഞാനിവിടെ അരികിലുണ്ട്
അന്നെന്ന പോലെ ഇന്നും

ഒരു വാക്കെങ്കിലും പറയുക
കത്തുന്ന ഒരു നോട്ടമെങ്കിലും എറിയുക
ഞാനെന്റെ അപരാധത്തെ
അതില്‍ അലിയിച്ചു കളയട്ടെ
ഇവിടെ ഞാന്‍ നിരായുധയാണ്
നിന്നെച്ചിരിപ്പിക്കാന്‍ കഴിയാതെ
ഞാന്‍ കീഴടങ്ങുകയാണ്

എന്ത് നീഗൂഡതയാണ് നീ മുഖമറയാക്കിയത്
ഏതഗ്നിയിട്ടെരിച്ചാണ് നീയിങ്ങനെ
സ്വയം തനിച്ചാകുന്നത്
ഒരുവേളയെങ്കിലും ഈ വാതില്‍ തുറക്കുക
വെറുതെ അടുത്തു വന്നൊന്നിരിയ്ക്കാന്‍

[ഭൂതകാലത്തിന്റെ ഇരുട്ടറയില്‍ മനസ്സിന്റെ തടവുകാരിയായിപ്പോയ, ലോകത്തോട് സംവദിക്കാന്‍ കഴിയാതെപോയ എന്റെ കൂട്ടുകാരിയ്ക്കുവേണ്ടി]

9 അഭിപ്രായങ്ങൾ:

  1. അകന്നുപോകുമ്പോള്‍
    സുഖനൊമ്പരത്തിന്റെ ഭാഗം പേറി നിന്നിട്ടുണ്ടാവും...
    ഉള്ളിലെ വിങ്ങലുകള്‍
    സ്വയമടക്കി മേല്‍ക്കൂരകളോട്‌
    സ്വകാര്യം പറഞ്ഞിട്ടുണ്ടാവും...

    പക്ഷേ,
    മറുവശത്തെ ഭീതിദസ്വപ്‌നങ്ങള്‍
    നിന്റെ കണ്ണിമകള്‍ക്കുമപ്പുറത്തുള്ള
    കാഴ്‌ചയായിരുന്നു.
    നിന്റെ മുന്നില്‍ വന്നുവീണ നൊമ്പരത്തിന്റെയാ മറയായിരുന്നു
    അകല്‍ച്ചയുടെ ആദ്യപാഠം...
    കാലം മാറ്റിവരച്ച നിന്റെ രൂപത്തെ
    ഇന്ന്‌ തിരിച്ചറിയാന്‍ പോലുമായിട്ടുണ്ടാവില്ല
    ആ ഇടറിയ ഗദ്‌ഗധങ്ങള്‍ക്ക്‌...


    സിജി...
    കവിത മനോഹരം
    വാക്കുകള്‍ കത്തിജ്വലിക്കുന്നതറിയുന്നുണ്ട്‌..
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  2. ഇവിടെ ഞാന്‍ നിരായുധയാണ്
    നിന്നെച്ചിരിപ്പിക്കാന്‍ കഴിയാതെ
    ഞാന്‍ കീഴടങ്ങുകയാണ് .

    ഈ പ്രയോഗം തെറ്റല്ലേ സുഹൃത്തെ ....? ചിരിപ്പിക്കാന്‍ ഒരു ആയുധമുണ്ടങ്കില്‍ അത് നമുക്ക് പോക്കറ്റില്‍ ഇട്ടു നടന്നു കൂടെ..? ചിരിക്കണം എന്ന് തോന്നുമ്പോള്‍ പുറത്ത് എടുത്താല്‍ മതിയല്ലോ ..അപ്പോള്‍ ഒരു കാര്യം വ്യക്തമായി നിരാധര്‍ക്ക് ചിരിക്കാന്‍ കഴിയില്ല ...സന്തോഷം
    കണ്ണിലൂടെ എരിഞ്ഞിറങ്ങുന്പോള്‍ (ഇവിടെ എരിഞ്ഞിറങ്ങുമ്പോള്‍ എന്നാക്കികൂടെ )

    മറുപടിഇല്ലാതാക്കൂ
  3. ആയുധമെന്ന് ഉദ്ദേശിച്ചത് കത്തിയേയോ കത്രികയെയോ പോലെയുള്ള ആയുധത്തെക്കുറിച്ചില്ല, ചിരിക്കാന്‍ വയ്യാതെ ദുഖിച്ചിരിക്കുന്ന ചിലരെ ചിരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്പോള്‍ നമ്മള്‍ എന്തെങ്കിലും ഒരു ഉപാധിയെക്കുറിച്ച് ചിന്തിച്ച് പോകാറില്ലേ അത്തരം ഒരു ഉപാധിയും കയ്യിലില്ലെന്നേ പറഞ്ഞുള്ളു.

    രണ്ടാമത് പറഞ്ഞ തിരുത്ത് മനസ്സിലായില്ല കണ്ണിലൂടെ എരിഞ്ഞിറങ്ങുന്പോള്‍ (ഇവിടെ എരിഞ്ഞിറങ്ങുമ്പോള്‍ എന്നാക്കികൂടെ ) ???? രണ്ടും ഒന്നുതന്നെയല്ലേ?
    അഭിപ്രായത്തിന് നന്ദി :))

    മറുപടിഇല്ലാതാക്കൂ
  4. കവയത്രി ഉദ്യേശിച്ചത്‌ ശരിയായിരിക്കാം അങ്ങനെ നര്‍മ്മത്തിന്‍റെ ഒരു സരളപ്രയോഗത്തിലൂടെ അതിനെ ശരികരിക്കാം .
    പക്ഷേ രണ്ടാമത് പറഞ്ഞത് എങ്ങനെ ശരിയാകും...? പോളും മ്പോളും രണ്ടും ശബ്ദത്തില്‍ ഒരേപോലെ ആണങ്കിലും
    അതിന്‍റെ പ്രയോഗത്തില്‍ വകതിരിവില്ലേ ....?

    മറുപടിഇല്ലാതാക്കൂ
  5. പക്ഷേ,
    മറുവശത്തെ ഭീതിദസ്വപ്‌നങ്ങള്‍
    നിന്റെ കണ്ണിമകള്‍ക്കുമപ്പുറത്തുള്ള
    കാഴ്‌ചയായിരുന്നു.

    please JOIN
    www.tomskonumadam.blogspot.com

    മറുപടിഇല്ലാതാക്കൂ
  6. എന്ത് നീഗൂഡതയാണ് നീ മുഖമറയാക്കിയത്
    ഏതഗ്നിയിട്ടെരിച്ചാണ് നീയിങ്ങനെ
    സ്വയം തനിച്ചാകുന്നത്
    ഒരുവേളയെങ്കിലും ഈ വാതില്‍ തുറക്കുക
    വെറുതെ അടുത്തു വന്നൊന്നിരിയ്ക്കാന്‍

    മറുപടിഇല്ലാതാക്കൂ
  7. why dont you try google translation.. athu kurachoode easy ayittu thonnunnu..

    മറുപടിഇല്ലാതാക്കൂ
  8. കരയരുതെന്ന് പറയാന്‍
    ഒരിയ്ക്കലെങ്കിലും സ്വയം കരയാതിരിയ്ക്കണം
    കരഞ്ഞുകൊള്ളുക
    ഇനിയെങ്കിലും ജാലകപ്പാളി തുറന്നിട്ട്
    നീ ആര്‍ത്തു കരഞ്ഞുകൊള്ളുക
    ഞാനിവിടെ അരികിലുണ്ട്
    അന്നെന്ന പോലെ ഇന്നും
    Nalla varikal....... Aaashamsakalode.

    മറുപടിഇല്ലാതാക്കൂ