2012, ഒക്‌ടോബർ 23, ചൊവ്വാഴ്ച

പ്രണയിയ്ക്കുന്ന കണ്ണാടികള്‍



ഒറ്റയ്ക്കാവുന്ന നേരങ്ങളില്‍ കണ്ണാടിയെ പ്രണയിയ്ക്കാത്തവര്‍ ആരെങ്കിലുമുണ്ടോ, കണ്ണാടിയെ പ്രണയിയ്ക്കലെന്ന് പറയുമ്പോള്‍ സ്വയം പ്രണയിയ്ക്കല്‍ തന്നെയല്ലേ? തനിച്ചിരിക്കുന്ന ചില നേരങ്ങളില്‍ പതിവ് തെറ്റിച്ച് കണ്ണുകള്‍ കടുപ്പിച്ചെഴുതി, സിന്ദൂരം കൊണ്ട് വലിയൊരു പൊട്ടിട്ട് മുടി വിടര്‍ത്തിയിട്ട് ഒരു തൂക്കുകമ്മലെടുത്തണിഞ്ഞ്, ഒരു കടും വര്‍ണ്ണത്തിലുള്ള സാരിയിലേയ്ക്ക് മാറി കുറേനേരം പലഭാവങ്ങളുമായി കണ്ണാടിയ്ക്കുമുന്നിലിരിയ്ക്കുക. അങ്ങനേ നോക്കിയിരിക്കുമ്പോള്‍ സ്വയം പ്രണയിയ്ക്കാതിരിയ്ക്കാന്‍ കഴിയുമോ?


 പിന്നെ പതുക്കെ ഒരു സ്വാതിതിരുനാള്‍ കൃതി പ്ലേ ചെയ്ത്, ഒപ്പം മൂളി പതുക്കെ ചുവടുവച്ച്..... ഇതെല്ലാം ഇപ്പോഴും തന്നിലുണ്ടെന്ന് സ്വയം വിശ്വസിപ്പിച്ച് നീളന്‍ കണ്ണാടിയെ കാഴ്ചക്കാരിയാക്കുമ്പോള്‍ സമയം നീങ്ങുന്നത് തന്നെയറിയില്ല....എത്ര കണ്ടാലാണ് ഈ കണ്ണാടിക്ക് എന്നെ മതിയാവുക.........?

ആരെയും കാണിയ്ക്കാതെ ഒരുവളെ നമ്മുടെ ഉള്ളില്‍ സൂക്ഷിയ്ക്കുക, ആരെയും കാണിയ്ക്കാതെ അവളെ ഇടയ്ക്കു പുറത്തെടുക്കുക, നോക്കിനോക്കിയിരുന്ന് ഓരോ അണുകൊണ്ടും പ്രണയിയ്ക്കുക.  പിന്നെ അവളെ വീണ്ടും ഉറക്കിക്കിടത്തി, പതിവ് വേഷങ്ങളിലേയ്ക്ക് പ്രവേശിച്ച് ഒന്നുമറിയാത്തപോലെ  ഏറെ സന്തോഷം നല്‍കുന്നൊരു കള്ളത്തരം ഉള്ളില്‍ സൂക്ഷിച്ച് അടുത്ത കണ്ണാടിപ്രണയനിമിഷങ്ങള്‍വരെ ഇങ്ങനെ നടക്കുക....

ഇതിനെയാണോ ആത്മരതി ആത്മരതിയെന്ന് വിളിയ്ക്കുന്നത്? ഇത് ചെയ്യാന്‍ പാടില്ലാത്തത്രയും വലിയ തെറ്റാണോ, അങ്ങനെയാണെങ്കില്‍ ഇത്രയുംകാലത്തെ തെറ്റുകളുടെ ആവര്‍ത്തനത്തിന് എനിയ്ക്ക് ചാട്ടയടി തന്നെ വിധിയ്ക്കേണ്ടിവരും.

കുട്ടിക്കാലത്തൊക്കെ അച്ഛനും അമ്മയും അനിയനും വീട്ടിലില്ലാതാവുന്ന നേരം നോക്കിയായിരുന്നു ഞാന്‍ എന്നിലേയ്ക്കുതന്നെ ഇങ്ങനെ പ്രവേശിച്ചുകൊണ്ടിരുന്നത്.  ഇതിനായി ഒരുമിച്ച് പുറത്തുപോകാതെ എത്രയേറെ അവസരങ്ങളുണ്ടാക്കിയിരിക്കുന്നു. അതിനായി എത്ര പിണക്കങ്ങളും വഴക്കുകളുമുണ്ടാക്കിയിരിയ്ക്കുന്നു.................

പിന്നെപ്പിന്നെ സ്വന്തം മുറിയടച്ചിട്ടിരുന്ന് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമായതോടെ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായി, പക്ഷേ പെട്ടെന്ന് വാതില്‍ തുറക്കൂയെന്ന വിളികള്‍ വരുമ്പോള്‍ കണ്ണിലെ മഷിയും നെറ്റിയിലെ പൊട്ടും തിടുക്കപ്പെട്ട് മായ്ച് പതിവില്ലാതണിയുന്ന കുപ്പായങ്ങള്‍ അഴിച്ചൊളിപ്പിച്ച്  പതിവുകളിലേയ്ക്ക് മാറുകയെന്നത് വല്ലാത്ത സമ്മര്‍ദ്ദമുണ്ടാക്കുന്ന ഒരു കാര്യമായിരുന്നു.

പിന്നെയുള്ള ഏക ആശ്വാസം കുളിമുറിയിലെ ചെറിയ കണ്ണാടിയായിരുന്നു. അച്ഛന്‍ ഷേവ് ചെയ്യാനും മറ്റുമായി തൂക്കിവച്ചിരുന്ന കണ്ണാടി എനിയ്ക്കെപ്പോഴും സ്വയം കണ്ടെത്താനുള്ള ഒന്നായിരുന്നു. കുളിമുറികള്‍ പരിഷ്കാരികളായപ്പോള്‍ ആ കണ്ണാടി എവിടെപ്പോയോ എന്തോ.

ഹോസ്റ്റലുകളില്‍ താമസിച്ചിരുന്ന കുറേ നാളുകളില്‍ എത്രയാണ് വെമ്പിപ്പോയിട്ടുള്ളത് വലിയൊരു കണ്ണാടി കാണാന്‍, സ്വകാര്യമായൊന്ന് ഒരുങ്ങി സ്വയം നോക്കിയിരിയ്ക്കാന്‍.... എല്ലാവരും പങ്കുവെയ്ക്കുന്ന സ്വന്തമല്ലാത്ത ആ കണ്ണാടിയെ നോക്കാന്‍ കൂടി മടിയായിരുന്നു.  വാഷ്ബേസിനില്‍ നിന്നും തെറിയ്ക്കുന്ന വെള്ളത്തുള്ളികളിലെ ക്ലോറിന്‍ പിടിച്ച് എപ്പോഴും വൃത്തികേടായിരിക്കുന്ന ഒരു പൊതു കണ്ണാടി. എത്ര വൃത്തിയാക്കാന്‍ ശ്രമിച്ചാലും  എനിയ്ക്ക് കുളിച്ചൊരുങ്ങേണ്ട, എനിയ്ക്ക് നിന്നെ പ്രണയിയ്ക്കാനേ കഴിയില്ല, വേണമെങ്കില്‍ എന്നെ സ്വകാര്യതയിലേയ്ക്ക് കൊണ്ടുപോകൂ എന്ന് ഇടക്കിടെ ആ കണ്ണാടിയില്‍ നിന്നും വിലാപങ്ങളുതിരുമായിരുന്നു. 

ആണുങ്ങള്‍ക്കും ഉണ്ടാകുമോ പ്രണയിയ്ക്കുന്ന കണ്ണാടി ബിംബങ്ങള്‍? അതോ ഇത് പെണ്ണുങ്ങള്‍ക്ക് മാത്രമുള്ള തോന്നലുകളാണോ,  ഇന്നേവരെ അച്ഛനുമമ്മയും പോലും കണ്ടിട്ടില്ലാത്ത തരത്തില്‍ തോന്നിയമട്ടില്‍ ഒരുങ്ങി കണ്ണാടിയ്ക്ക് മുമ്പിലിരിയ്ക്കുമ്പോഴാണ് പെണ്ണായിരിക്കുകയെന്നതിന്‍റെ സുഖവും സന്തോഷവും ഏറ്റവുമധികം തോന്നുക.....

ഇപ്പോള്‍ ഈ വീടുനിറയെ നീണ്ട വലിയ കണ്ണാടികളാണ്, സ്വകാര്യമായ ഇടങ്ങളിലെല്ലാം എന്നെയൊന്ന് പ്രണയിയ്ക്കൂ എന്ന് പറഞ്ഞുകൊണ്ട് തെളിഞ്ഞു നില്‍ക്കുന്ന കണ്ണാടികള്‍.  കുളിമുറിയിലെ നിലക്കണ്ണാടിയ്ക്കാണ് സാധ്യതകളേറെ, കുളിയ്ക്ക് മുമ്പും ശേഷവുമുള്ള സ്വയമറിയലുകള്‍ എത്രനേരമാണ് നീളുക ! ഇനി നിലക്കണ്ണാടിയില്ലാത്ത ഒരു കുളിമുറിയെക്കുറിച്ച് ചിന്തിയ്ക്കാന്‍ കൂടി വയ്യ. കുളിമുറികള്‍ക്കെല്ലാം വേഷം മാറാനുള്ള സമയമായി.................................