ലേഖനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലേഖനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 നവംബർ 1, വ്യാഴാഴ്‌ച

ഫോക്‌ലോറിസ്റ്റ് ഉണര്‍ന്നു... ഇനി രക്ഷയില്ല...







പലപ്പോഴും പല കാര്യങ്ങളിലും നമ്മള്‍ വൈകിപ്പോയെന്ന് മനസ്സിലാക്കുക ഇനി മുന്നോട്ട് സെക്കന്റുകള്‍ പോലും ബാക്കിയില്ലാതിരിക്കുമ്പോഴായിരിയ്ക്കും. ഇത്തരത്തില്‍ വൈകിപ്പോയ പല സംഭവങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ചിലതുകൊണ്ടൊക്കെ വലിയ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ട്, ചിലത് വലിയ നഷ്ടങ്ങളൊക്കെ ഉണ്ടാക്കുമെന്ന് ഭയപ്പെടുത്തുമെങ്കിലും കുഴപ്പക്കാരല്ലാതെ ഒഴിഞ്ഞുപോവുകയും ചെയ്യും. ഇക്കഴിഞ്ഞ ദിവസം ശരിയ്ക്കും പറഞ്ഞാല്‍ അമേരിക്കയില്‍ ഹലോവീന്‍ ആഘോഷം നടന്ന ഒക്ടോബര്‍ 31ന് ഞാനിത്തരത്തില്‍ ഒരങ്കലാപ്പില്‍പ്പെട്ടുപോയി. ചിലയവസരങ്ങളിലെങ്കിലും നമ്മള്‍ നമ്മുടെതന്നെ ഇഷ്ടങ്ങളെ, താല്‍പര്യങ്ങളെ ഒക്കെ മറന്നുപോകാറുണ്ട്, ചില സംഭവങ്ങള്‍, ചിലപ്പോള്‍ വെറും ചില സ്പാര്‍ക്കുകളായിരിയ്ക്കും നമ്മളെ അതിലേയ്ക്ക് തിരിച്ചെത്തിക്കുക.

എന്റെ ആദ്യ ഹലോവീന്‍ അനുഭവം എന്നെയും ഇങ്ങനെ ഒന്നിലേയ്ക്ക് തിരിച്ചെത്തിച്ചു. ബ്ലോഗുകളില്‍ നിന്നും അമേരിക്കയില്‍ താമസിച്ച് തിരിച്ചെത്തിയ കൂട്ടുകാരില്‍ നിന്നുമൊക്കെയാണ് ഹലോവീനെക്കുറിച്ച് ഞാന്‍ മനസ്സിലാക്കിയത്. പലരില്‍ നിന്നായി കിട്ടിയ അറിവുകള്‍ മാത്രമായിരുന്നു ഈ ഒക്ടോബര്‍ 31വരെ ഹലോവീനെക്കുറിച്ച് എന്റെ മനസ്സിലുള്ള  ചിത്രം.

അമേരിക്കയിലുള്ള സ്ഥിതിയ്ക്ക് ഹലോവീന്‍ അനുഭവിച്ചുകളയണമെന്ന് തലേന്നുതന്നെ തീരുമാനിച്ചു. ഇതിനായി ഇരുട്ടും മുമ്പ് വരണമെന്ന് വീട്ടുകാരനോട് ചട്ടംകെട്ടുകയും ചെയ്തു. വൈകുന്നേരം നോക്കുമ്പോള്‍ താമസിയ്ക്കുന്ന അപാര്‍ട്‌മെന്റിനുള്ളില്‍ വലിയ മേളമൊന്നുമില്ല. അവിടവിടെ ബാല്‍ക്കണികളില്‍ ചില മത്തങ്ങകള്‍ പലഭാവത്തില്‍ ചിരിയ്ക്കുകയും കണ്ണുരുട്ടുകയും ചെയ്യുന്നു, വൈക്കോല്‍ കുട്ടപ്പന്മാരും കുട്ടപ്പികളും തോളില്‍ കാക്കകളും കയ്യില്‍ കോലുകളുമായി വാതില്‍പ്പുറങ്ങളില്‍ കാവല്‍ നില്‍ക്കുന്നു, ഇത്യാദി സീനുകളൊഴിച്ചാല്‍ അപാര്‍ട്‌മെന്റ് പറമ്പ് ശാന്തം.

ഇതിനിടെ പലവട്ടമായുള്ള യാത്രകളില്‍ ഇതേ അപാര്‍ട്‌മെന്റില്‍ ഹലോവീന്‍ കാലത്ത് താമസിച്ചിട്ടുള്ള അവനും സാക്ഷ്യപ്പെടുത്തുന്നു, 'ഈ അപാര്‍ട്‌മെന്റില്‍ ഇതില്‍ക്കൂടുതല്‍ ആഘോഷങ്ങളൊന്നും കണ്ടിട്ടില്ല'. 'എന്നാല്‍ എനിയ്ക്കിത് കണ്ടേപറ്റൂ' എന്ന് ഞാനും.

അപാര്‍ട്‌മെന്റ് ഗേറ്റിന് പുറത്തിറങ്ങിയാല്‍ ഒട്ടേറെ വീടുകളുണ്ട്. ചുറ്റുമതിലുകളൊന്നുമില്ലാതെയുള്ള വീടുകള്‍. വൈകുന്നേരങ്ങളില്‍ നടക്കാനിറങ്ങുമ്പോള്‍ ഇവിടിങ്ങളിലെല്ലാം കുട്ടികളുടെ മേളങ്ങള്‍ കാണാറുമുണ്ട്. എന്നാല്‍ അതിലൂടെ ഒന്ന് നടന്നുനോക്കാമെന്നായി, കണ്ടാല്‍ കണ്ടു ഇല്ലേ തിരിച്ചുപോരാം എന്ന കണ്ടീഷനില്‍ ഞങ്ങള്‍ ആറുമണിയോടെ നടക്കാനിറങ്ങി.

പുറത്തെത്തേണ്ട താമസം അതാ വരുന്നു ഹലോവീന്‍ സംഘങ്ങള്‍ പലതരം. ഡാകിനി മുത്തശ്ശിയെയും കുട്ടൂസനെയും ഓര്‍മ്മിപ്പിയ്ക്കുന്നവരും. ടാര്‍സനെയും മൗഗ്ലിയെയും ഓര്‍മ്മിപ്പിയ്ക്കുന്നവരും തുടങ്ങി പലവേഷക്കാരുണ്ട്. ഏറെയും ചെറിയ കുട്ടികളാണ്. എന്നാല്‍ ഇടയ്ക്ക് ടീനേജുകാരുടെയും ഇരുപത് കഴിഞ്ഞുവെന്ന് തോന്നിയ്ക്കുന്നവരുടെയും സംഘങ്ങളുണ്ട്. ഇവരിലെ ഡാകിനി അമ്മൂമ്മമാര്‍ പലരും നല്ല ഗ്ലാമറസായിട്ടാണ് വരവ്.

എല്ലാവരുടെയും കയ്യില്‍ സഞ്ചികളുണ്ട്. ചിലരുടെ കയ്യില്‍ മത്തങ്ങളുടെ ആകൃതിയിലുള്ള പ്ലാസ്റ്റിക് പാത്രങ്ങള്‍. സംഘങ്ങള്‍ മുന്‍വശത്തെ ലൈറ്റ് തെളിഞ്ഞുകിടക്കുന്ന വീടുകളില്‍ കയറുന്നു, വീട്ടുകാര്‍ വാതില്‍ തുറക്കുന്നു ട്രിക് ഓര്‍ ട്രീറ്റ് പറയുന്നു. വീട്ടുകാര്‍ കുട്ടികള്‍ക്ക് മിഠായികള്‍ കൊടുക്കുന്നു, അവര്‍ ചില ലൊട്ടുലൊടുക്ക് വേലകള്‍ കാണിയ്ക്കുന്നു. ആകെ ബഹളം, കണ്ടുനില്‍ക്കാന്‍ നല്ല രസം. പല വീടുകളിലും പ്രായമായവര്‍ വാതില്‍ക്കല്‍ കസേരകളിട്ട് മിഠായിപ്പാത്രങ്ങളുമായി കുട്ടികളെക്കാത്തിരിയ്ക്കുകയാണ്. കുട്ടികളെ വരവേറ്റ് അവര്‍ക്ക് മധുരം നല്‍കാന്‍. ചിലയിടത്ത് മുന്‍വശത്ത് മിഠായിപ്പാത്രങ്ങള്‍ അങ്ങനേ വച്ചിരിയ്ക്കുന്നു, ആരും കാവലില്ല, വേഷക്കാര്‍ക്ക് കയറാം, വേണ്ടുവോളമെടുത്ത് സഞ്ചി നിറയ്ക്കാം തിരിച്ചുപോരാം. ചില കൊച്ചുവിരുതന്മാര്‍ ആദ്യത്തെ പിടി വാരി തിരിച്ച് പോന്നാലും കാന്റിയുടെ ഗുണം തിരിച്ചറിഞ്ഞ് വീണ്ടും കയറി വാരുകയാണ്. എല്ലായിടത്തുമുമ്പ് മത്തങ്ങകള്‍, കണ്ണും മൂക്കും വരച്ചവയും കാര്‍വ്‌ചെയ്ത് എടുത്തവയും ഉള്ളില്‍ മെഴുകുതിരിവച്ച് സുന്ദരക്കുട്ടപ്പന്മാരായി ഇരിയ്ക്കുന്നു. ചിലവീടുകളില്‍ ചിലന്തിവലകള്‍ വലിച്ചുകെട്ടി ദീപാലങ്കാരം ചെയ്തിരിയ്ക്കുന്നു. ചിലേടത്ത് വമ്പര്‍ പാര്‍ട്ടികള്‍ തന്നെ നടക്കുകയാണ്. വീട്ടുകാര്‍ മുഴുവന്‍ പലവേഷങ്ങളില്‍ ഒരുങ്ങി പുറത്ത് വിരുന്നുകാരെ കാത്തിരിയ്ക്കുകയാണ്.

പിശാചിന്റെ ഉത്സവമാണല്ലോ ഹലോവീന്‍, ഹലോവീനെതിരെ കത്തോലിക്കാസഭ കാര്യമായ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്, ഹലോവീന്‍ ആഘോഷങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് ചേര്‍ന്നതല്ലെന്നും ആഘോഷങ്ങളില്‍ പങ്കുചേരരുതെന്നും വൈദികന്മാര്‍ പറയുന്നുണ്ട്. ഉത്സവം പിശാചിന്റേതാണെങ്കിലും പുറത്തിറങ്ങി കാഴ്ചകള്‍ കാണുമ്പോള്‍  ചില ചിത്രങ്ങളും വേഷങ്ങളും വീടുകളില്‍ വച്ചിരിയ്ക്കുന്ന അസ്ഥിക്കൂടരൂപങ്ങളുമൊഴിച്ചാല്‍ പൈശാചികമായ ഒന്നും കാണാന്‍ കഴിഞ്ഞില്ല. എന്നുമാത്രല്ല, വല്ലപ്പോഴും മാത്രം അടുത്തുകാണാന്‍ കഴിയുന്ന അയല്‍ക്കാര്‍ക്കും കുട്ടികള്‍ക്കും ഈ കൂടിച്ചേരലും തമാശകളും നല്‍കുന്ന വ്യത്യസ്ത വലുതാണുതാനും. വീടുകളില്‍ തനിച്ചുകഴിയുന്ന പ്രായമായവര്‍ക്ക് മിന്നുന്ന തലപ്പാവുകളും മത്തങ്ങാ വിളക്കുകളുമായി ട്രിക്ക് ഓര്‍ ട്രീറ്റുമായി വന്നുകയറുന്ന കുട്ടികള്‍ ശരിയ്ക്കുമൊരു ആഘോഷം തന്നെയാണ് നല്‍കുന്നതെന്ന് അവരുടെ കാത്തിരിപ്പും ഒരുക്കങ്ങളും കണ്ടാലറിയാം.

കാഴ്ചകള്‍ കണ്ടിങ്ങനെ നടക്കുമ്പോഴാണ്. എനിയ്ക്ക് നാട്ടിലെ തിരുവാതിര രാവ് ഓര്‍മ്മവന്നത്. എല്ലാവീടുകളില്‍ നിരത്തിവച്ചിരിയ്ക്കുന്ന മത്തങ്ങ ഓര്‍മ്മിപ്പിച്ചതാകട്ടെ കണിവെള്ളരിയെയും. കുഞ്ഞായിരിയ്ക്കുമ്പോഴെല്ലാം തിരുവാതിര ദിവസം നട്ടപ്പാതിരിയ്ക്ക് പൊറാട്ടുനാടകക്കാര്‍ വീടുകള്‍ തോറും കയറിയിറങ്ങും. പുത്തന്‍ തിരുവാതിരയാര്‍പ്പേ എന്നും പറഞ്ഞ് അലറിക്കൊണ്ടാണ് പൊറാട്ടുകാരുടെ വരവ്, ഉറങ്ങിയവരെ ബഹളമുണ്ടാക്കി വിളിച്ചുണര്‍ത്തി പാട്ടും ഡാന്‍സും നാടകങ്ങളുമൊക്കെ കാണിച്ച് കിട്ടുന്ന പൈസയും വാങ്ങി അടുത്തവീട്ടിലേയ്ക്ക് പോകും. കുഞ്ഞുന്നാളില്‍ ഞാനും അനിയനും ഈ ആര്‍പ്പുവിളികേട്ട് എത്രയോ വട്ടം ഞെട്ടിയുണര്‍ന്നിരിയ്ക്കുന്നു, പാതിയുറക്കത്തില്‍ച്ചെന്നിരുന്ന് പൊറാട്ടുകാരുടെ പരിപാടികള്‍ കണ്ടിരിയ്ക്കുന്നു.

ഈ ഹലോവീന്‍ ആഘോഷത്തിന് തിരുവാതിരയുടെ ചെറിയൊരു ഛായയില്ലേയെന്നൊരു തോന്നല്‍. തീര്‍ത്തും ഉണ്ടെന്ന് പറയാനും വയ്യ എന്നാല്‍ ഇല്ലാതൊട്ടല്ലതാനും. നഴ്‌സറിയിലും ചെറിയ ക്ലാസുകളിലുമെല്ലാം പഠിയ്ക്കുന്ന കാലത്ത് പൊറാട്ടുനാടകക്കാര്‍ എത്തിയിരുന്നത് പെട്രോള്‍മാക്‌സും കത്തിച്ചായിരുന്നു, പിന്നീട് സൈക്കിളില്‍ ബാറ്ററിയും മറ്റും സെറ്റ് ചെയ്ത് കോലിന്മേല്‍ തൂക്കിയ ഒരു ചെറിയ ബള്‍ബായി വെളിച്ചം നല്‍കാന്‍. ആദ്യകാലത്തെ ഐറ്റങ്ങള്‍ മിക്കതും നല്ല തട്ടുപൊളിപ്പന്‍ ഹ്രസ്വനാടകങ്ങളായിരുന്നു, അതിന് മറ്റ് ശബ്ദസംവിധാനങ്ങളില്ല, നടീനടന്മാര്‍(നടിമാരാകുന്നത് ആണുങ്ങള്‍തന്നെ) തന്നെ ഡയലോഗുകള്‍ പറയണം. പിന്നീട് ടേപ്‌റിക്കോര്‍ഡര്‍ വച്ചുള്ള പരിപാടികളായി. പിന്നീട് ഇത് ചുരുങ്ങിച്ചരുങ്ങി ചില വഴിപാടുകളായി കളക്ഷന്‍ കിട്ടുന്ന പൈസ കൊണ്ട് പിറ്റേന്ന് വയറു നിറയും വരെ കള്ളുകുടിയ്ക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയുള്ള വെറും കാട്ടിക്കൂട്ടലുകള്‍, പിന്നിപ്പിന്നെ നാട്ടില്‍ പണിയില്ലാത്ത ചെറുപ്പക്കാര്‍ കുറയാന്‍ തുടങ്ങിയതോടെ ഇപ്പരിപാടികള്‍ തീരെ ഇല്ലാതെയുമായി. പഠിത്തം കഴിഞ്ഞ് ജോലികിട്ടി നാട്ടില്‍ നിന്നും മാറിനില്‍ക്കാന്‍ തുടങ്ങിയതോടെ തിരുവാതിര വരുന്നതുതന്നെ അറിയാതായി.

പക്ഷേ ഇവിടെ ലിക് മില്‍ റോഡിലൂടെ നടന്നപ്പോള്‍ പഴയ തിരുവാതിരക്കാലം തന്നെ മനസ്സില്‍. പെട്ടെന്നാണ് എന്നിലെ പഴയ ഫോക്‌ലോര്‍ പ്രേമി ഉണരുന്നത്. പെട്ടെന്നുണ്ടായ ബോധോദയത്തില്‍ ഞാന്‍ പറഞ്ഞു, ഇത് അമേരിക്കന്‍ ഫോക്‌ലോറാണ്, ഹലോവീന്‍ അമേരിക്കന്‍ ഫോക്‌ലോറാണ്.

അപ്പോള്‍ ചങ്ങാതി പറയുന്നു ആയിരിയ്ക്കും നെറ്റിലൊന്ന് തപ്പിയാല്‍ മതി. പിന്നാലെയാണ് ഞാനോര്‍ത്തത്. ഫോക്‌ലോറിനെ മറന്നേ പോയിരിയ്ക്കുന്നു. എത്ര ഇഷ്ടത്തോടെ പഠിച്ച ഒരു വിഷയമായിരുന്നു. ഏത് നാട്ടില്‍ച്ചെന്നാലും അവിടുത്തെ ജനതയുടെ സവിശേഷതകളും അവരുടെ ഫോക്‌ലോറുകളും നിരീക്ഷിച്ച് മനസ്സിലാക്കിവേണം അവരിലേയ്ക്ക് ചേരാനെന്ന ഫോക്‌ലോര്‍ ഗുരുക്കന്മാരുടെ വാക്കുകള്‍ പാടേ മറന്നുപോയിരിയ്ക്കുന്നു. ഫോക് ലോറിസ്റ്റില്‍ നിന്നും ജേര്‍ണലിസ്റ്റിലേയ്ക്കുള്ള രൂപാന്തരത്തിനിടയിലാണ് എന്നിലെ ഫോക്‌ലോര്‍ ഒബ്‌സര്‍വര്‍   മരിച്ചുപോയത്. ലോറുകളെല്ലാം ഒന്നൊന്നായി മാറിക്കൊണ്ടിരിയ്ക്കുന്നു, കരിയര്‍ ബില്‍ഡ് ചെയ്യാനുള്ള തത്രപ്പാടിനിടയില്‍ കണ്ടു മനസ്സിലാക്കിയും ചോദിച്ചറിഞ്ഞും ഡാറ്റ ശേഖരിച്ച് അപഗ്രഥിയ്ക്കാനുള്ള ശേഷിയൊക്കെ നഷ്ടപ്പെട്ടുപോയിരിയ്ക്കുന്നു.

ഇതുവരെ ജീവിച്ചതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു സംസ്‌കാരത്തിലാണ് പത്തുമാസമായി ജീവിയ്ക്കുന്നത്. എന്നിട്ടും ഒന്നും കാര്യമായി നിരീക്ഷിച്ചില്ല, മനുഷ്യനെ അറിയാനുള്ള നല്ലൊരു വിഷയം ഒരു തപസുപോലെ പഠിച്ചെടുത്തതിന്റെ ഒരു ഗുണവും ഞാന്‍ കാണിച്ചില്ല. ശരിയ്ക്കും പറഞ്ഞാല്‍ ഹലോവീന്‍ കാഴ്ചകള്‍ കണ്ട് ഞാന്‍ തിരിച്ചെത്തിയത് വല്ലാത്തൊരു നിരാശയോടെയായിരുന്നു. എത്രയെത്ര അവസരങ്ങള്‍  നഷ്ടപ്പെടുത്തി. ആരുമായും ഇടപഴകാതെ(അതിനുള്ള അവസരങ്ങള്‍ നന്നേ കുറവാണ് ഇവിടെ) ഒന്നും ചോദിച്ചറിയാതെ പത്തുമാസം വെറുതേ കളഞ്ഞു.

തിരിച്ച് വന്നിരുന്ന ഞാന്‍ അമേരിക്കന്‍ ഫോക് ലോര്‍ എന്ന് സെര്‍ച്ച് തുടങ്ങി. അമേരിക്കന്‍ ഫോക്‌ലോറിസ്റ്റുകളായ ഡാന്‍ ബെന്‍ ആമോസ്, റോജര്‍ എബ്രഹാംസ്, റിച്ചാര്‍ ബൗമാന്‍ എന്നിവരെക്കുറിച്ചെല്ലാം സെര്‍ച്ച് ചെയ്തുനോക്കി.

അപ്പോഴാണ് നാട്ടില്‍ എങ്ങും എത്താതെ നില്‍ക്കുന്ന ഫോക്‌ലോര്‍ എന്ന അക്കാദമിക വിഷയത്തിന്റെ ഇവിടുത്തെ സാധ്യതകള്‍ തിരിച്ചറിയുന്നത്. എന്തൊരു സുന്ദരമായ വിഷയമായിരുന്നു. പൊട്ടക്കിണറിലെ തവളയെപ്പോലെ ജീവിച്ചിരുന്ന ഞാന്‍ പലവിഷയങ്ങളെക്കുറിച്ചും മനസ്സിലാക്കിയതും പലതിലേയ്ക്കും എത്തിപ്പെട്ടതുമെല്ലാം ഈ വിഷയത്തിലൂടെയായിരുന്നു. ഇവിടെ എല്ലാ സര്‍വ്വകലാശാലകളിലുമുണ്ട് ഫോക്‌ലോര്‍ ഡിപാര്‍ട്‌മെന്റുകള്‍. ദത്തശേഖരണവും അപഗ്രഥനവുമെല്ലാം ഇവിടെ നടന്നുകൊണ്ടേരിയിരിയ്ക്കുന്നു. ഇവിടുത്തെ റെഡ് ഇന്ത്യന്‍സുമായി ബന്ധപ്പെട്ട ഫോക് ലോറിനൊപ്പം അര്‍ബന്‍ ഫോക് ലോറുകളിലും കാര്യമായ പഠനങ്ങള്‍ നടക്കുന്നുണ്ട്.

എന്നിലെ ഫോക്‌ലോറിസ്റ്റ് ഉണര്‍ന്നുകഴിഞ്ഞു, ഇനി രക്ഷയില്ല, ഇനി ഇന്നാട്ടില്‍ ആകെ 30 ദിവസമേ ബാക്കിയുള്ളു, അതിനിടെ ഞാനെന്തൊക്കെ ലോറുകളെക്കുറിച്ചറിയണം. എന്തൊക്കെ ഡാറ്റ ശേഖരിയ്ക്കണം, ഒരു രൂപവുമില്ല, ഒന്നുമാത്രമേയുള്ള അടക്കിവെയ്ക്കാനാകാത്ത ആഗ്രഹം…..

2012 ഒക്‌ടോബർ 23, ചൊവ്വാഴ്ച

പ്രണയിയ്ക്കുന്ന കണ്ണാടികള്‍



ഒറ്റയ്ക്കാവുന്ന നേരങ്ങളില്‍ കണ്ണാടിയെ പ്രണയിയ്ക്കാത്തവര്‍ ആരെങ്കിലുമുണ്ടോ, കണ്ണാടിയെ പ്രണയിയ്ക്കലെന്ന് പറയുമ്പോള്‍ സ്വയം പ്രണയിയ്ക്കല്‍ തന്നെയല്ലേ? തനിച്ചിരിക്കുന്ന ചില നേരങ്ങളില്‍ പതിവ് തെറ്റിച്ച് കണ്ണുകള്‍ കടുപ്പിച്ചെഴുതി, സിന്ദൂരം കൊണ്ട് വലിയൊരു പൊട്ടിട്ട് മുടി വിടര്‍ത്തിയിട്ട് ഒരു തൂക്കുകമ്മലെടുത്തണിഞ്ഞ്, ഒരു കടും വര്‍ണ്ണത്തിലുള്ള സാരിയിലേയ്ക്ക് മാറി കുറേനേരം പലഭാവങ്ങളുമായി കണ്ണാടിയ്ക്കുമുന്നിലിരിയ്ക്കുക. അങ്ങനേ നോക്കിയിരിക്കുമ്പോള്‍ സ്വയം പ്രണയിയ്ക്കാതിരിയ്ക്കാന്‍ കഴിയുമോ?


 പിന്നെ പതുക്കെ ഒരു സ്വാതിതിരുനാള്‍ കൃതി പ്ലേ ചെയ്ത്, ഒപ്പം മൂളി പതുക്കെ ചുവടുവച്ച്..... ഇതെല്ലാം ഇപ്പോഴും തന്നിലുണ്ടെന്ന് സ്വയം വിശ്വസിപ്പിച്ച് നീളന്‍ കണ്ണാടിയെ കാഴ്ചക്കാരിയാക്കുമ്പോള്‍ സമയം നീങ്ങുന്നത് തന്നെയറിയില്ല....എത്ര കണ്ടാലാണ് ഈ കണ്ണാടിക്ക് എന്നെ മതിയാവുക.........?

ആരെയും കാണിയ്ക്കാതെ ഒരുവളെ നമ്മുടെ ഉള്ളില്‍ സൂക്ഷിയ്ക്കുക, ആരെയും കാണിയ്ക്കാതെ അവളെ ഇടയ്ക്കു പുറത്തെടുക്കുക, നോക്കിനോക്കിയിരുന്ന് ഓരോ അണുകൊണ്ടും പ്രണയിയ്ക്കുക.  പിന്നെ അവളെ വീണ്ടും ഉറക്കിക്കിടത്തി, പതിവ് വേഷങ്ങളിലേയ്ക്ക് പ്രവേശിച്ച് ഒന്നുമറിയാത്തപോലെ  ഏറെ സന്തോഷം നല്‍കുന്നൊരു കള്ളത്തരം ഉള്ളില്‍ സൂക്ഷിച്ച് അടുത്ത കണ്ണാടിപ്രണയനിമിഷങ്ങള്‍വരെ ഇങ്ങനെ നടക്കുക....

ഇതിനെയാണോ ആത്മരതി ആത്മരതിയെന്ന് വിളിയ്ക്കുന്നത്? ഇത് ചെയ്യാന്‍ പാടില്ലാത്തത്രയും വലിയ തെറ്റാണോ, അങ്ങനെയാണെങ്കില്‍ ഇത്രയുംകാലത്തെ തെറ്റുകളുടെ ആവര്‍ത്തനത്തിന് എനിയ്ക്ക് ചാട്ടയടി തന്നെ വിധിയ്ക്കേണ്ടിവരും.

കുട്ടിക്കാലത്തൊക്കെ അച്ഛനും അമ്മയും അനിയനും വീട്ടിലില്ലാതാവുന്ന നേരം നോക്കിയായിരുന്നു ഞാന്‍ എന്നിലേയ്ക്കുതന്നെ ഇങ്ങനെ പ്രവേശിച്ചുകൊണ്ടിരുന്നത്.  ഇതിനായി ഒരുമിച്ച് പുറത്തുപോകാതെ എത്രയേറെ അവസരങ്ങളുണ്ടാക്കിയിരിക്കുന്നു. അതിനായി എത്ര പിണക്കങ്ങളും വഴക്കുകളുമുണ്ടാക്കിയിരിയ്ക്കുന്നു.................

പിന്നെപ്പിന്നെ സ്വന്തം മുറിയടച്ചിട്ടിരുന്ന് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമായതോടെ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായി, പക്ഷേ പെട്ടെന്ന് വാതില്‍ തുറക്കൂയെന്ന വിളികള്‍ വരുമ്പോള്‍ കണ്ണിലെ മഷിയും നെറ്റിയിലെ പൊട്ടും തിടുക്കപ്പെട്ട് മായ്ച് പതിവില്ലാതണിയുന്ന കുപ്പായങ്ങള്‍ അഴിച്ചൊളിപ്പിച്ച്  പതിവുകളിലേയ്ക്ക് മാറുകയെന്നത് വല്ലാത്ത സമ്മര്‍ദ്ദമുണ്ടാക്കുന്ന ഒരു കാര്യമായിരുന്നു.

പിന്നെയുള്ള ഏക ആശ്വാസം കുളിമുറിയിലെ ചെറിയ കണ്ണാടിയായിരുന്നു. അച്ഛന്‍ ഷേവ് ചെയ്യാനും മറ്റുമായി തൂക്കിവച്ചിരുന്ന കണ്ണാടി എനിയ്ക്കെപ്പോഴും സ്വയം കണ്ടെത്താനുള്ള ഒന്നായിരുന്നു. കുളിമുറികള്‍ പരിഷ്കാരികളായപ്പോള്‍ ആ കണ്ണാടി എവിടെപ്പോയോ എന്തോ.

ഹോസ്റ്റലുകളില്‍ താമസിച്ചിരുന്ന കുറേ നാളുകളില്‍ എത്രയാണ് വെമ്പിപ്പോയിട്ടുള്ളത് വലിയൊരു കണ്ണാടി കാണാന്‍, സ്വകാര്യമായൊന്ന് ഒരുങ്ങി സ്വയം നോക്കിയിരിയ്ക്കാന്‍.... എല്ലാവരും പങ്കുവെയ്ക്കുന്ന സ്വന്തമല്ലാത്ത ആ കണ്ണാടിയെ നോക്കാന്‍ കൂടി മടിയായിരുന്നു.  വാഷ്ബേസിനില്‍ നിന്നും തെറിയ്ക്കുന്ന വെള്ളത്തുള്ളികളിലെ ക്ലോറിന്‍ പിടിച്ച് എപ്പോഴും വൃത്തികേടായിരിക്കുന്ന ഒരു പൊതു കണ്ണാടി. എത്ര വൃത്തിയാക്കാന്‍ ശ്രമിച്ചാലും  എനിയ്ക്ക് കുളിച്ചൊരുങ്ങേണ്ട, എനിയ്ക്ക് നിന്നെ പ്രണയിയ്ക്കാനേ കഴിയില്ല, വേണമെങ്കില്‍ എന്നെ സ്വകാര്യതയിലേയ്ക്ക് കൊണ്ടുപോകൂ എന്ന് ഇടക്കിടെ ആ കണ്ണാടിയില്‍ നിന്നും വിലാപങ്ങളുതിരുമായിരുന്നു. 

ആണുങ്ങള്‍ക്കും ഉണ്ടാകുമോ പ്രണയിയ്ക്കുന്ന കണ്ണാടി ബിംബങ്ങള്‍? അതോ ഇത് പെണ്ണുങ്ങള്‍ക്ക് മാത്രമുള്ള തോന്നലുകളാണോ,  ഇന്നേവരെ അച്ഛനുമമ്മയും പോലും കണ്ടിട്ടില്ലാത്ത തരത്തില്‍ തോന്നിയമട്ടില്‍ ഒരുങ്ങി കണ്ണാടിയ്ക്ക് മുമ്പിലിരിയ്ക്കുമ്പോഴാണ് പെണ്ണായിരിക്കുകയെന്നതിന്‍റെ സുഖവും സന്തോഷവും ഏറ്റവുമധികം തോന്നുക.....

ഇപ്പോള്‍ ഈ വീടുനിറയെ നീണ്ട വലിയ കണ്ണാടികളാണ്, സ്വകാര്യമായ ഇടങ്ങളിലെല്ലാം എന്നെയൊന്ന് പ്രണയിയ്ക്കൂ എന്ന് പറഞ്ഞുകൊണ്ട് തെളിഞ്ഞു നില്‍ക്കുന്ന കണ്ണാടികള്‍.  കുളിമുറിയിലെ നിലക്കണ്ണാടിയ്ക്കാണ് സാധ്യതകളേറെ, കുളിയ്ക്ക് മുമ്പും ശേഷവുമുള്ള സ്വയമറിയലുകള്‍ എത്രനേരമാണ് നീളുക ! ഇനി നിലക്കണ്ണാടിയില്ലാത്ത ഒരു കുളിമുറിയെക്കുറിച്ച് ചിന്തിയ്ക്കാന്‍ കൂടി വയ്യ. കുളിമുറികള്‍ക്കെല്ലാം വേഷം മാറാനുള്ള സമയമായി.................................

2011 ഫെബ്രുവരി 12, ശനിയാഴ്‌ച

സ്മരണകളിലെ ചിദംബരസ്മരണ......

പണ്ടെന്നോ മനസ്സില്‍ കൊണ്ടു നടക്കുകയും പിന്നീടെപ്പോഴോ മറക്കുകയും ചെയ്ത ഒരു പേരായിരുന്നു ചിദംബരസ്മരണ, അടുത്തിടെ സഹപ്രവര്‍ത്തകനാണ് വീണ്ടും ഈ വാക്ക് ഓര്‍മ്മയില്‍ കോറിയിട്ടത്.

സംസാരത്തിനിടയില്‍ എപ്പോഴോ കൂട്ടുകാരനോട് ഞാനതിനെക്കുറിച്ചു പറഞ്ഞു. വായിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് അവനും പറഞ്ഞു. പിന്നെ അത് വീണ്ടും മറവിയില്‍, പക്ഷേ അധികം വൈകാതെ, പിന്നീട് ഒന്ന് ഓര്‍മ്മപ്പെടുത്തുകകൂടി ചെയ്യാതെ പുതുവര്‍ഷസമ്മാനമായി അവനത് കൊണ്ടുവന്നിരിക്കുന്നു.

ചിദംബരസ്മരണ- ബാലചന്ദ്രന്‍ ചുള്ളിക്കാട്- കടുംചുവപ്പ് നിറത്തിലെ ഈ അക്ഷരങ്ങള്‍ കണ്ടപ്പോഴേ എന്തോ സ്വന്തമാക്കിയ സന്തോഷത്തിലായിരുന്നു മനസ്സ്.

വല്ലാത്ത ഒരാവേശത്തോടെ പുസ്തകം വായിച്ചുതീര്‍ന്നപ്പോള്‍ പ്രിയകവിയോട് പണ്ടേയുള്ള ആരാധന വീണ്ടും വാനോളം ഉയര്‍ന്നു . വെറുതെ സിനിമകളില്‍ കണ്ടു ശീലിച്ച ജീവിത്തത്തിന്റെ ഒരേട് ജീവിച്ചുതീര്‍ത്ത ഒരാള്‍...... എല്ലാം വിളിച്ചുപറയുന്ന ചിദംബരസ്മരണയിലെ തന്റേടം കൂടിയായതോടെ ആരാധന കത്തിപ്പടര്‍ന്നു............

ആരോടെങ്കിലുമൊക്കെ പറയാനുള്ള വെപ്രാളത്തില്‍, വായിച്ചുതീര്‍ത്തതും ഞാന്‍ ചിദംബരസ്മരണയെക്കുറിച്ച് സഹമുറിയത്തികളോട് പറഞ്ഞു( വായനയില്‍ അധികം താല്‍പര്യമില്ലാത്തവരാണെങ്കിലും). സ്വാഭാവികമായും പുസ്തകത്തിലെ ചില ഭാഗങ്ങളെ അവര്‍ അസന്മാര്‍ഗികമെന്ന് അടയാളപ്പെടുത്തി.

ഇതെഴുതിയാള്‍ തോന്ന്യാസിയെല്ലേ പിന്നെ നീയെങ്ങനെ ആരാധിക്കുന്നു എന്ന് ഒരാള്‍, ഇയാളാണോ ആരാധിക്കപ്പെടുന്ന കവിയെന്നായി മറ്റേയാള്‍. ഒടുക്കം ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആരാധികയെന്ന് സ്വയം വിശേഷിപ്പിക്കാറുള്ള എന്നെയവര്‍ അവജ്ഞയോടെ നോക്കുന്നു.

നിങ്ങളെല്ലാം വെറും പകല്‍ മാന്യര്‍ എന്ന മൂര്‍ച്ചയുള്ള ഒരു ആയുധം അവര്‍ക്കെതിരെ പ്രയോഗിച്ച് ഞാന്‍ നിരാശയോടെ തിരിഞ്ഞുകിടന്നുറങ്ങി.

പലരും പറയാന്‍ മടിയ്ക്കുന്നത് അദ്ദേഹമിങ്ങനെ തുറന്നെഴുതുന്പോള്‍ അവജ്ഞയുടേയോ അശ്ലീലത്തിന്റേതോ ആയ ഒരു കണം പോലും നമ്മുടെ മനസ്സിലേയ്ക്ക് വരില്ല. പച്ചയായ മനുഷ്യ മനസ്സ് ഇങ്ങനെയൊക്കെത്തന്നെയെന്ന് നമ്മള്‍ അടിവരയിടും.

ചിദംബരം ക്ഷേത്രത്തില്‍ അദ്ദേഹം കണ്ട വൃദ്ധ ദന്പതികള്‍, വിജലക്ഷ്മി ടീച്ചറെ ഗര്‍ഭച്ഛിദ്രം നടത്തിച്ചത്. ചൈനീസ് തിരുമ്മുകേന്ദ്രത്തില്‍ ശിശുവിന്റെ നിഷ്കളങ്കതയോടെ അദ്ദേഹം തിരുമ്മുകാരായ പെണ്ണുങ്ങള്‍ക്ക് മുന്നില്‍ നഗ്നനായി കിടന്നത്, തിരുവോണ ദിവസം വിശന്ന് വലഞ്ഞ് ഭക്ഷണം ഇരന്നത്....
മുലപ്പാല്‍ ഇരന്നകുടിച്ചത്.........അങ്ങനെ അങ്ങനെ അതിശയത്തിനപ്പുറം പലപ്പോഴും കണ്ണീരണിയിച്ച എത്രയെത്ര മുഹൂര്‍ത്തങ്ങള്‍............

ഭ്രൂണഹത്യ മുതല്‍ ഒഴിവുകാലം വരെയുള്ള 153 ഓര്‍മ്മയുടെ ശകലങ്ങള്‍ വായിച്ചുകഴിയുന്പോഴേയ്ക്കും എവിടെയൊക്കെയേ സഞ്ചരിച്ചുവന്നപോലൊരു പ്രതീതി, അതിശയിപ്പിച്ചും ആശങ്കപ്പെടുത്തിയും കരയിച്ചും കടന്നുപോകുന്ന താളുകള്‍.............

അവസാനം 'കൂട്ടുകാരിയ്ക്കെന്ന്' അവന്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന താളില്‍ എത്തിയപ്പോള്‍ വായന കഴിഞ്ഞുപോയെന്ന നിരാശ, സംശയിക്കാനില്ല തീര്‍ച്ചായായും നമ്മള്‍ നിരാശപ്പെടും വീണ്ടും ആ താളുകളിലേയ്ക്ക് തിരിച്ചുപോകും......

മലമുകളിലെ ക്ഷേത്രത്തിലേയ്ക്കുള്ള യാത്രക്കിടയിലാണ് ഞാനവന് ചിദംബരസ്മരണകളെക്കുറിച്ച് പറഞ്ഞുകൊടുത്തത്. നമുക്കിങ്ങനെ adventurous ആകാന്‍ കഴിഞ്ഞില്ലല്ലോയെന്ന് ഞാന്‍ നിരാശപ്പെട്ടു. മുട്ടില്ലാതെ ഉണ്ടും ഉടുത്തും പഠിച്ചും...... അവസാനം കൂട്ടുകാരനായി ഒരാളെകണ്ടുപിടിച്ചുവെന്ന് ചെന്ന് പറഞ്ഞപ്പോള്‍ സന്തോഷത്തോടെ അതും അംഗീകരിച്ച അച്ഛനും അമ്മയ്ക്കും മുന്നില്‍ എനിയ്ക്കൊരിക്കലും adventurous ആകാന്‍ കഴിഞ്ഞില്ല. ഒന്നിനുവേണ്ടിയും വിപ്ലവമുണ്ടാക്കാന്‍ കഴിഞ്ഞില്ല. അവനാകട്ടെ പ്രണയത്തെ എതിര്‍ത്താല്‍ വീട്ടില്‍ വിപ്ലവമുണ്ടാക്കാമെന്ന് കരുതിയിറങ്ങി, പക്ഷേ കേട്ടപ്പഴേ സമ്മതം മൂളി അമ്മ അവനെ തോല്‍പ്പിച്ചു.

ഓര്‍മ്മകളില്‍ നിന്നടര്‍ന്നുമാറി സീറ്റില്‍ ചാരിക്കിടന്ന് വീണ്ടും ഞാന്‍ ചിദംബരസ്മരകളിലേയ്ക്ക് മടങ്ങി. പുസ്തകത്തില്‍ പലേടത്തും എഴുത്തുകാരന്റെ മനസ്സിനൊപ്പം നമുക്ക് ശക്തിയുള്ള സാന്നിധ്യമായി കണ്ടെത്താന്‍ കഴിയുന്ന ഒരാളുണ്ട്, അദ്ദേഹത്തിന്റെ ഭാര്യ വിജയലക്ഷ്മിട്ടീച്ചര്‍. പുസ്തകം നിറയെ ഇരുവരുടെയും സാന്നിധ്യം അര്‍ധനാരീശ്വരശക്തി പോലെയാണ് തോന്നിയത്.

അവസാനം ചിന്തകള്‍ക്കൊടുവില്‍ ഈ വിജയലക്ഷ്മി ടീച്ചറെ സമ്മതിയ്ക്കണം എന്ന് പറഞ്ഞപ്പോള്‍ നിനക്കും ഭാവിയില്‍ വിജയലക്ഷ്മിട്ടീച്ചറെപ്പോലെ ഒരു മാതൃകാഭാര്യയാകാമെന്ന് അവന്റെ കമന്റ്, എന്നിലെ സ്വാര്‍ത്ഥ ഞെട്ടി, മനസ്സില്‍ ആധി കയറി......ആശങ്ക മറച്ച് ഞാന്‍ തട്ടിവിട്ടു. അതിന് താന്‍ ആരാധ്യനായ ബാലചന്ദ്രന്‍ ചുള്ളിക്കാട് അല്ലല്ലോ? ചോദ്യം തീരും മുന്പേ ഗിയറിന് മുകളില്‍ അവന്റെ കൈക്കുള്ളില്‍ക്കിടന്ന് എന്റെ വലംകൈ ഞെരിഞ്ഞമര്‍ന്നു...........

ആ സുഖമുള്ള വേദനയില്‍ ഞാന്‍ വീണ്ടും ചിദംബരസ്മരണകളില്‍ക്കുരുങ്ങി. മെലിഞ്ഞുനീണ്ട് മുഷിഞ്ഞ വസ്ത്രം ധരിച്ച് മദ്യക്കുപ്പിസൂക്ഷിച്ച തോള്‍സഞ്ചിയും തൂക്കി ഒരാള്‍ ഓര്‍മ്മകളുടെ പടലങ്ങളില്‍ കവിതചൊല്ലി നടക്കുന്നു.............. എന്റെ പ്രിയകവി..........

ക്ഷേത്രത്തിനടുത്ത് വണ്ടി നിര്‍ത്തി അവനെന്നെ തട്ടിവിളിച്ചു.......ആകാശം അപ്പോള്‍ ചിദംബരസ്മരണകളുടെ പുറം ചട്ടപോലെ ചുവന്നു തുടുത്തിരുന്നു.......

നിൻ തുറമുഖത്തിലണയുകയാണെൻ
ക്ഷുഭിതയൗവ്വനത്തിൻ ലോഹനൗകകൾ ............. കവിതാശകലം ഞങ്ങള്‍ക്കുചുറ്റും സ്വയം മൂളിക്കൊണ്ടിരുന്നു....

ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങള്‍ക്കായി എപ്പോഴും കാത്തു വെക്കുന്നു- അദ്ദേഹം പറഞ്ഞതെത്രസത്യമാണ്.

-------------------------
ഇത്
എന്റെ പ്രണയത്തില്‍ രക്തച്ചുവപ്പ് ചാലിക്കുന്നവന്