2012, നവംബർ 5, തിങ്കളാഴ്‌ച

മഴയുടെ പശ്ചാത്തലത്തിലെ ചായകുടി ഓര്മ്മിപ്പിയ്ക്കുന്നത്

മഴ പെയ്യുമ്പോള് ഊതിയൂതിക്കുടിയ്ക്കുന്ന
കട്ടന്ചായയുടെ
ഓരോ കവിളിനിടയിലുമുണ്ട്
പണ്ട് പണ്ട് ആര്ത്തലച്ചുപെയ്ത
മഴകളില്
എത്രയോ പല്ലുകള്ക്കിടയില്
അമര്ന്നു ഞെരിഞ്ഞ
വറുത്ത കറിക്കടലകളുടെ മുറുമുറുപ്പ്........

അതിനിടയിലെവിടെയോ ഉണ്ടാകും
മഴത്തണുപ്പില്
നേര്യതിന് തലപിടിച്ച് മാറിലേയ്ക്കടുപ്പിച്ച്
ചൂടുകായുന്ന ചിത്രം ഉള്ളില് വരച്ച്
മടിച്ചിരിയ്ക്കാന് കൊതിച്ചിട്ടും
ആര്ക്കൊക്കെയോ
മഴ കൊഴുപ്പിയ്ക്കാനായി
തണുത്ത നിലത്ത്
ചെരുപ്പിടാതെ നിന്ന്
കടലവറുക്കേണ്ടിവന്ന വല്യമ്മയുടെ
നിരാശ, അമര്ഷങ്ങള്.......

നിരാശയെ ഊതിപ്പുകച്ചാവും
വല്ല്യമ്മ
പൂമുഖത്തെ വെടിവട്ടക്കാര്ക്ക്
കറുത്ത കുത്തുകളുള്ള
ചായപ്പാത്രത്തില്
മധുരം തെറ്റിച്ച്
കൊടുങ്കാറ്റുകളെക്കൂടി ആറ്റിച്ചേര്ത്ത്
തൊണ്ടപൊള്ളുമാറ് ചൂടുള്ള
കട്ടന്ചായകള്
പകര്ന്നത്.......

ചൂടോര്ക്കാതെ
അമര്ഷക്കൊടുങ്കാറ്റുകളുറങ്ങുന്ന
ചായ തിടുക്കത്തില് മൊത്തി-
യെത്രയോ നാവുകളാവും
ഓരോ മഴക്കിടയിലും
പൊള്ളിക്കുമിളിച്ചത്.....

ഉള്ളുകൊണ്ട് തിളച്ചുമറിയുന്നൊരു
രോഷലായനിയാണ്
പല്ലുകള്ക്കിടയില്
കിറുകിറെന്ന് പ്രതിഷേധിയ്ക്കുന്ന
കടലകള്ക്കൊപ്പം
ഇറങ്ങിയിറങ്ങിപ്പോകുന്നതെന്ന്
അവരിലാരെല്ലാം ആരെല്ലാം
തിരിച്ചറിഞ്ഞിട്ടുണ്ടാകും.........

2012, നവംബർ 1, വ്യാഴാഴ്‌ച

ഫോക്‌ലോറിസ്റ്റ് ഉണര്‍ന്നു... ഇനി രക്ഷയില്ല...പലപ്പോഴും പല കാര്യങ്ങളിലും നമ്മള്‍ വൈകിപ്പോയെന്ന് മനസ്സിലാക്കുക ഇനി മുന്നോട്ട് സെക്കന്റുകള്‍ പോലും ബാക്കിയില്ലാതിരിക്കുമ്പോഴായിരിയ്ക്കും. ഇത്തരത്തില്‍ വൈകിപ്പോയ പല സംഭവങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ചിലതുകൊണ്ടൊക്കെ വലിയ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ട്, ചിലത് വലിയ നഷ്ടങ്ങളൊക്കെ ഉണ്ടാക്കുമെന്ന് ഭയപ്പെടുത്തുമെങ്കിലും കുഴപ്പക്കാരല്ലാതെ ഒഴിഞ്ഞുപോവുകയും ചെയ്യും. ഇക്കഴിഞ്ഞ ദിവസം ശരിയ്ക്കും പറഞ്ഞാല്‍ അമേരിക്കയില്‍ ഹലോവീന്‍ ആഘോഷം നടന്ന ഒക്ടോബര്‍ 31ന് ഞാനിത്തരത്തില്‍ ഒരങ്കലാപ്പില്‍പ്പെട്ടുപോയി. ചിലയവസരങ്ങളിലെങ്കിലും നമ്മള്‍ നമ്മുടെതന്നെ ഇഷ്ടങ്ങളെ, താല്‍പര്യങ്ങളെ ഒക്കെ മറന്നുപോകാറുണ്ട്, ചില സംഭവങ്ങള്‍, ചിലപ്പോള്‍ വെറും ചില സ്പാര്‍ക്കുകളായിരിയ്ക്കും നമ്മളെ അതിലേയ്ക്ക് തിരിച്ചെത്തിക്കുക.

എന്റെ ആദ്യ ഹലോവീന്‍ അനുഭവം എന്നെയും ഇങ്ങനെ ഒന്നിലേയ്ക്ക് തിരിച്ചെത്തിച്ചു. ബ്ലോഗുകളില്‍ നിന്നും അമേരിക്കയില്‍ താമസിച്ച് തിരിച്ചെത്തിയ കൂട്ടുകാരില്‍ നിന്നുമൊക്കെയാണ് ഹലോവീനെക്കുറിച്ച് ഞാന്‍ മനസ്സിലാക്കിയത്. പലരില്‍ നിന്നായി കിട്ടിയ അറിവുകള്‍ മാത്രമായിരുന്നു ഈ ഒക്ടോബര്‍ 31വരെ ഹലോവീനെക്കുറിച്ച് എന്റെ മനസ്സിലുള്ള  ചിത്രം.

അമേരിക്കയിലുള്ള സ്ഥിതിയ്ക്ക് ഹലോവീന്‍ അനുഭവിച്ചുകളയണമെന്ന് തലേന്നുതന്നെ തീരുമാനിച്ചു. ഇതിനായി ഇരുട്ടും മുമ്പ് വരണമെന്ന് വീട്ടുകാരനോട് ചട്ടംകെട്ടുകയും ചെയ്തു. വൈകുന്നേരം നോക്കുമ്പോള്‍ താമസിയ്ക്കുന്ന അപാര്‍ട്‌മെന്റിനുള്ളില്‍ വലിയ മേളമൊന്നുമില്ല. അവിടവിടെ ബാല്‍ക്കണികളില്‍ ചില മത്തങ്ങകള്‍ പലഭാവത്തില്‍ ചിരിയ്ക്കുകയും കണ്ണുരുട്ടുകയും ചെയ്യുന്നു, വൈക്കോല്‍ കുട്ടപ്പന്മാരും കുട്ടപ്പികളും തോളില്‍ കാക്കകളും കയ്യില്‍ കോലുകളുമായി വാതില്‍പ്പുറങ്ങളില്‍ കാവല്‍ നില്‍ക്കുന്നു, ഇത്യാദി സീനുകളൊഴിച്ചാല്‍ അപാര്‍ട്‌മെന്റ് പറമ്പ് ശാന്തം.

ഇതിനിടെ പലവട്ടമായുള്ള യാത്രകളില്‍ ഇതേ അപാര്‍ട്‌മെന്റില്‍ ഹലോവീന്‍ കാലത്ത് താമസിച്ചിട്ടുള്ള അവനും സാക്ഷ്യപ്പെടുത്തുന്നു, 'ഈ അപാര്‍ട്‌മെന്റില്‍ ഇതില്‍ക്കൂടുതല്‍ ആഘോഷങ്ങളൊന്നും കണ്ടിട്ടില്ല'. 'എന്നാല്‍ എനിയ്ക്കിത് കണ്ടേപറ്റൂ' എന്ന് ഞാനും.

അപാര്‍ട്‌മെന്റ് ഗേറ്റിന് പുറത്തിറങ്ങിയാല്‍ ഒട്ടേറെ വീടുകളുണ്ട്. ചുറ്റുമതിലുകളൊന്നുമില്ലാതെയുള്ള വീടുകള്‍. വൈകുന്നേരങ്ങളില്‍ നടക്കാനിറങ്ങുമ്പോള്‍ ഇവിടിങ്ങളിലെല്ലാം കുട്ടികളുടെ മേളങ്ങള്‍ കാണാറുമുണ്ട്. എന്നാല്‍ അതിലൂടെ ഒന്ന് നടന്നുനോക്കാമെന്നായി, കണ്ടാല്‍ കണ്ടു ഇല്ലേ തിരിച്ചുപോരാം എന്ന കണ്ടീഷനില്‍ ഞങ്ങള്‍ ആറുമണിയോടെ നടക്കാനിറങ്ങി.

പുറത്തെത്തേണ്ട താമസം അതാ വരുന്നു ഹലോവീന്‍ സംഘങ്ങള്‍ പലതരം. ഡാകിനി മുത്തശ്ശിയെയും കുട്ടൂസനെയും ഓര്‍മ്മിപ്പിയ്ക്കുന്നവരും. ടാര്‍സനെയും മൗഗ്ലിയെയും ഓര്‍മ്മിപ്പിയ്ക്കുന്നവരും തുടങ്ങി പലവേഷക്കാരുണ്ട്. ഏറെയും ചെറിയ കുട്ടികളാണ്. എന്നാല്‍ ഇടയ്ക്ക് ടീനേജുകാരുടെയും ഇരുപത് കഴിഞ്ഞുവെന്ന് തോന്നിയ്ക്കുന്നവരുടെയും സംഘങ്ങളുണ്ട്. ഇവരിലെ ഡാകിനി അമ്മൂമ്മമാര്‍ പലരും നല്ല ഗ്ലാമറസായിട്ടാണ് വരവ്.

എല്ലാവരുടെയും കയ്യില്‍ സഞ്ചികളുണ്ട്. ചിലരുടെ കയ്യില്‍ മത്തങ്ങളുടെ ആകൃതിയിലുള്ള പ്ലാസ്റ്റിക് പാത്രങ്ങള്‍. സംഘങ്ങള്‍ മുന്‍വശത്തെ ലൈറ്റ് തെളിഞ്ഞുകിടക്കുന്ന വീടുകളില്‍ കയറുന്നു, വീട്ടുകാര്‍ വാതില്‍ തുറക്കുന്നു ട്രിക് ഓര്‍ ട്രീറ്റ് പറയുന്നു. വീട്ടുകാര്‍ കുട്ടികള്‍ക്ക് മിഠായികള്‍ കൊടുക്കുന്നു, അവര്‍ ചില ലൊട്ടുലൊടുക്ക് വേലകള്‍ കാണിയ്ക്കുന്നു. ആകെ ബഹളം, കണ്ടുനില്‍ക്കാന്‍ നല്ല രസം. പല വീടുകളിലും പ്രായമായവര്‍ വാതില്‍ക്കല്‍ കസേരകളിട്ട് മിഠായിപ്പാത്രങ്ങളുമായി കുട്ടികളെക്കാത്തിരിയ്ക്കുകയാണ്. കുട്ടികളെ വരവേറ്റ് അവര്‍ക്ക് മധുരം നല്‍കാന്‍. ചിലയിടത്ത് മുന്‍വശത്ത് മിഠായിപ്പാത്രങ്ങള്‍ അങ്ങനേ വച്ചിരിയ്ക്കുന്നു, ആരും കാവലില്ല, വേഷക്കാര്‍ക്ക് കയറാം, വേണ്ടുവോളമെടുത്ത് സഞ്ചി നിറയ്ക്കാം തിരിച്ചുപോരാം. ചില കൊച്ചുവിരുതന്മാര്‍ ആദ്യത്തെ പിടി വാരി തിരിച്ച് പോന്നാലും കാന്റിയുടെ ഗുണം തിരിച്ചറിഞ്ഞ് വീണ്ടും കയറി വാരുകയാണ്. എല്ലായിടത്തുമുമ്പ് മത്തങ്ങകള്‍, കണ്ണും മൂക്കും വരച്ചവയും കാര്‍വ്‌ചെയ്ത് എടുത്തവയും ഉള്ളില്‍ മെഴുകുതിരിവച്ച് സുന്ദരക്കുട്ടപ്പന്മാരായി ഇരിയ്ക്കുന്നു. ചിലവീടുകളില്‍ ചിലന്തിവലകള്‍ വലിച്ചുകെട്ടി ദീപാലങ്കാരം ചെയ്തിരിയ്ക്കുന്നു. ചിലേടത്ത് വമ്പര്‍ പാര്‍ട്ടികള്‍ തന്നെ നടക്കുകയാണ്. വീട്ടുകാര്‍ മുഴുവന്‍ പലവേഷങ്ങളില്‍ ഒരുങ്ങി പുറത്ത് വിരുന്നുകാരെ കാത്തിരിയ്ക്കുകയാണ്.

പിശാചിന്റെ ഉത്സവമാണല്ലോ ഹലോവീന്‍, ഹലോവീനെതിരെ കത്തോലിക്കാസഭ കാര്യമായ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്, ഹലോവീന്‍ ആഘോഷങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് ചേര്‍ന്നതല്ലെന്നും ആഘോഷങ്ങളില്‍ പങ്കുചേരരുതെന്നും വൈദികന്മാര്‍ പറയുന്നുണ്ട്. ഉത്സവം പിശാചിന്റേതാണെങ്കിലും പുറത്തിറങ്ങി കാഴ്ചകള്‍ കാണുമ്പോള്‍  ചില ചിത്രങ്ങളും വേഷങ്ങളും വീടുകളില്‍ വച്ചിരിയ്ക്കുന്ന അസ്ഥിക്കൂടരൂപങ്ങളുമൊഴിച്ചാല്‍ പൈശാചികമായ ഒന്നും കാണാന്‍ കഴിഞ്ഞില്ല. എന്നുമാത്രല്ല, വല്ലപ്പോഴും മാത്രം അടുത്തുകാണാന്‍ കഴിയുന്ന അയല്‍ക്കാര്‍ക്കും കുട്ടികള്‍ക്കും ഈ കൂടിച്ചേരലും തമാശകളും നല്‍കുന്ന വ്യത്യസ്ത വലുതാണുതാനും. വീടുകളില്‍ തനിച്ചുകഴിയുന്ന പ്രായമായവര്‍ക്ക് മിന്നുന്ന തലപ്പാവുകളും മത്തങ്ങാ വിളക്കുകളുമായി ട്രിക്ക് ഓര്‍ ട്രീറ്റുമായി വന്നുകയറുന്ന കുട്ടികള്‍ ശരിയ്ക്കുമൊരു ആഘോഷം തന്നെയാണ് നല്‍കുന്നതെന്ന് അവരുടെ കാത്തിരിപ്പും ഒരുക്കങ്ങളും കണ്ടാലറിയാം.

കാഴ്ചകള്‍ കണ്ടിങ്ങനെ നടക്കുമ്പോഴാണ്. എനിയ്ക്ക് നാട്ടിലെ തിരുവാതിര രാവ് ഓര്‍മ്മവന്നത്. എല്ലാവീടുകളില്‍ നിരത്തിവച്ചിരിയ്ക്കുന്ന മത്തങ്ങ ഓര്‍മ്മിപ്പിച്ചതാകട്ടെ കണിവെള്ളരിയെയും. കുഞ്ഞായിരിയ്ക്കുമ്പോഴെല്ലാം തിരുവാതിര ദിവസം നട്ടപ്പാതിരിയ്ക്ക് പൊറാട്ടുനാടകക്കാര്‍ വീടുകള്‍ തോറും കയറിയിറങ്ങും. പുത്തന്‍ തിരുവാതിരയാര്‍പ്പേ എന്നും പറഞ്ഞ് അലറിക്കൊണ്ടാണ് പൊറാട്ടുകാരുടെ വരവ്, ഉറങ്ങിയവരെ ബഹളമുണ്ടാക്കി വിളിച്ചുണര്‍ത്തി പാട്ടും ഡാന്‍സും നാടകങ്ങളുമൊക്കെ കാണിച്ച് കിട്ടുന്ന പൈസയും വാങ്ങി അടുത്തവീട്ടിലേയ്ക്ക് പോകും. കുഞ്ഞുന്നാളില്‍ ഞാനും അനിയനും ഈ ആര്‍പ്പുവിളികേട്ട് എത്രയോ വട്ടം ഞെട്ടിയുണര്‍ന്നിരിയ്ക്കുന്നു, പാതിയുറക്കത്തില്‍ച്ചെന്നിരുന്ന് പൊറാട്ടുകാരുടെ പരിപാടികള്‍ കണ്ടിരിയ്ക്കുന്നു.

ഈ ഹലോവീന്‍ ആഘോഷത്തിന് തിരുവാതിരയുടെ ചെറിയൊരു ഛായയില്ലേയെന്നൊരു തോന്നല്‍. തീര്‍ത്തും ഉണ്ടെന്ന് പറയാനും വയ്യ എന്നാല്‍ ഇല്ലാതൊട്ടല്ലതാനും. നഴ്‌സറിയിലും ചെറിയ ക്ലാസുകളിലുമെല്ലാം പഠിയ്ക്കുന്ന കാലത്ത് പൊറാട്ടുനാടകക്കാര്‍ എത്തിയിരുന്നത് പെട്രോള്‍മാക്‌സും കത്തിച്ചായിരുന്നു, പിന്നീട് സൈക്കിളില്‍ ബാറ്ററിയും മറ്റും സെറ്റ് ചെയ്ത് കോലിന്മേല്‍ തൂക്കിയ ഒരു ചെറിയ ബള്‍ബായി വെളിച്ചം നല്‍കാന്‍. ആദ്യകാലത്തെ ഐറ്റങ്ങള്‍ മിക്കതും നല്ല തട്ടുപൊളിപ്പന്‍ ഹ്രസ്വനാടകങ്ങളായിരുന്നു, അതിന് മറ്റ് ശബ്ദസംവിധാനങ്ങളില്ല, നടീനടന്മാര്‍(നടിമാരാകുന്നത് ആണുങ്ങള്‍തന്നെ) തന്നെ ഡയലോഗുകള്‍ പറയണം. പിന്നീട് ടേപ്‌റിക്കോര്‍ഡര്‍ വച്ചുള്ള പരിപാടികളായി. പിന്നീട് ഇത് ചുരുങ്ങിച്ചരുങ്ങി ചില വഴിപാടുകളായി കളക്ഷന്‍ കിട്ടുന്ന പൈസ കൊണ്ട് പിറ്റേന്ന് വയറു നിറയും വരെ കള്ളുകുടിയ്ക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയുള്ള വെറും കാട്ടിക്കൂട്ടലുകള്‍, പിന്നിപ്പിന്നെ നാട്ടില്‍ പണിയില്ലാത്ത ചെറുപ്പക്കാര്‍ കുറയാന്‍ തുടങ്ങിയതോടെ ഇപ്പരിപാടികള്‍ തീരെ ഇല്ലാതെയുമായി. പഠിത്തം കഴിഞ്ഞ് ജോലികിട്ടി നാട്ടില്‍ നിന്നും മാറിനില്‍ക്കാന്‍ തുടങ്ങിയതോടെ തിരുവാതിര വരുന്നതുതന്നെ അറിയാതായി.

പക്ഷേ ഇവിടെ ലിക് മില്‍ റോഡിലൂടെ നടന്നപ്പോള്‍ പഴയ തിരുവാതിരക്കാലം തന്നെ മനസ്സില്‍. പെട്ടെന്നാണ് എന്നിലെ പഴയ ഫോക്‌ലോര്‍ പ്രേമി ഉണരുന്നത്. പെട്ടെന്നുണ്ടായ ബോധോദയത്തില്‍ ഞാന്‍ പറഞ്ഞു, ഇത് അമേരിക്കന്‍ ഫോക്‌ലോറാണ്, ഹലോവീന്‍ അമേരിക്കന്‍ ഫോക്‌ലോറാണ്.

അപ്പോള്‍ ചങ്ങാതി പറയുന്നു ആയിരിയ്ക്കും നെറ്റിലൊന്ന് തപ്പിയാല്‍ മതി. പിന്നാലെയാണ് ഞാനോര്‍ത്തത്. ഫോക്‌ലോറിനെ മറന്നേ പോയിരിയ്ക്കുന്നു. എത്ര ഇഷ്ടത്തോടെ പഠിച്ച ഒരു വിഷയമായിരുന്നു. ഏത് നാട്ടില്‍ച്ചെന്നാലും അവിടുത്തെ ജനതയുടെ സവിശേഷതകളും അവരുടെ ഫോക്‌ലോറുകളും നിരീക്ഷിച്ച് മനസ്സിലാക്കിവേണം അവരിലേയ്ക്ക് ചേരാനെന്ന ഫോക്‌ലോര്‍ ഗുരുക്കന്മാരുടെ വാക്കുകള്‍ പാടേ മറന്നുപോയിരിയ്ക്കുന്നു. ഫോക് ലോറിസ്റ്റില്‍ നിന്നും ജേര്‍ണലിസ്റ്റിലേയ്ക്കുള്ള രൂപാന്തരത്തിനിടയിലാണ് എന്നിലെ ഫോക്‌ലോര്‍ ഒബ്‌സര്‍വര്‍   മരിച്ചുപോയത്. ലോറുകളെല്ലാം ഒന്നൊന്നായി മാറിക്കൊണ്ടിരിയ്ക്കുന്നു, കരിയര്‍ ബില്‍ഡ് ചെയ്യാനുള്ള തത്രപ്പാടിനിടയില്‍ കണ്ടു മനസ്സിലാക്കിയും ചോദിച്ചറിഞ്ഞും ഡാറ്റ ശേഖരിച്ച് അപഗ്രഥിയ്ക്കാനുള്ള ശേഷിയൊക്കെ നഷ്ടപ്പെട്ടുപോയിരിയ്ക്കുന്നു.

ഇതുവരെ ജീവിച്ചതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു സംസ്‌കാരത്തിലാണ് പത്തുമാസമായി ജീവിയ്ക്കുന്നത്. എന്നിട്ടും ഒന്നും കാര്യമായി നിരീക്ഷിച്ചില്ല, മനുഷ്യനെ അറിയാനുള്ള നല്ലൊരു വിഷയം ഒരു തപസുപോലെ പഠിച്ചെടുത്തതിന്റെ ഒരു ഗുണവും ഞാന്‍ കാണിച്ചില്ല. ശരിയ്ക്കും പറഞ്ഞാല്‍ ഹലോവീന്‍ കാഴ്ചകള്‍ കണ്ട് ഞാന്‍ തിരിച്ചെത്തിയത് വല്ലാത്തൊരു നിരാശയോടെയായിരുന്നു. എത്രയെത്ര അവസരങ്ങള്‍  നഷ്ടപ്പെടുത്തി. ആരുമായും ഇടപഴകാതെ(അതിനുള്ള അവസരങ്ങള്‍ നന്നേ കുറവാണ് ഇവിടെ) ഒന്നും ചോദിച്ചറിയാതെ പത്തുമാസം വെറുതേ കളഞ്ഞു.

തിരിച്ച് വന്നിരുന്ന ഞാന്‍ അമേരിക്കന്‍ ഫോക് ലോര്‍ എന്ന് സെര്‍ച്ച് തുടങ്ങി. അമേരിക്കന്‍ ഫോക്‌ലോറിസ്റ്റുകളായ ഡാന്‍ ബെന്‍ ആമോസ്, റോജര്‍ എബ്രഹാംസ്, റിച്ചാര്‍ ബൗമാന്‍ എന്നിവരെക്കുറിച്ചെല്ലാം സെര്‍ച്ച് ചെയ്തുനോക്കി.

അപ്പോഴാണ് നാട്ടില്‍ എങ്ങും എത്താതെ നില്‍ക്കുന്ന ഫോക്‌ലോര്‍ എന്ന അക്കാദമിക വിഷയത്തിന്റെ ഇവിടുത്തെ സാധ്യതകള്‍ തിരിച്ചറിയുന്നത്. എന്തൊരു സുന്ദരമായ വിഷയമായിരുന്നു. പൊട്ടക്കിണറിലെ തവളയെപ്പോലെ ജീവിച്ചിരുന്ന ഞാന്‍ പലവിഷയങ്ങളെക്കുറിച്ചും മനസ്സിലാക്കിയതും പലതിലേയ്ക്കും എത്തിപ്പെട്ടതുമെല്ലാം ഈ വിഷയത്തിലൂടെയായിരുന്നു. ഇവിടെ എല്ലാ സര്‍വ്വകലാശാലകളിലുമുണ്ട് ഫോക്‌ലോര്‍ ഡിപാര്‍ട്‌മെന്റുകള്‍. ദത്തശേഖരണവും അപഗ്രഥനവുമെല്ലാം ഇവിടെ നടന്നുകൊണ്ടേരിയിരിയ്ക്കുന്നു. ഇവിടുത്തെ റെഡ് ഇന്ത്യന്‍സുമായി ബന്ധപ്പെട്ട ഫോക് ലോറിനൊപ്പം അര്‍ബന്‍ ഫോക് ലോറുകളിലും കാര്യമായ പഠനങ്ങള്‍ നടക്കുന്നുണ്ട്.

എന്നിലെ ഫോക്‌ലോറിസ്റ്റ് ഉണര്‍ന്നുകഴിഞ്ഞു, ഇനി രക്ഷയില്ല, ഇനി ഇന്നാട്ടില്‍ ആകെ 30 ദിവസമേ ബാക്കിയുള്ളു, അതിനിടെ ഞാനെന്തൊക്കെ ലോറുകളെക്കുറിച്ചറിയണം. എന്തൊക്കെ ഡാറ്റ ശേഖരിയ്ക്കണം, ഒരു രൂപവുമില്ല, ഒന്നുമാത്രമേയുള്ള അടക്കിവെയ്ക്കാനാകാത്ത ആഗ്രഹം…..

2012, ഒക്‌ടോബർ 23, ചൊവ്വാഴ്ച

പ്രണയിയ്ക്കുന്ന കണ്ണാടികള്‍ഒറ്റയ്ക്കാവുന്ന നേരങ്ങളില്‍ കണ്ണാടിയെ പ്രണയിയ്ക്കാത്തവര്‍ ആരെങ്കിലുമുണ്ടോ, കണ്ണാടിയെ പ്രണയിയ്ക്കലെന്ന് പറയുമ്പോള്‍ സ്വയം പ്രണയിയ്ക്കല്‍ തന്നെയല്ലേ? തനിച്ചിരിക്കുന്ന ചില നേരങ്ങളില്‍ പതിവ് തെറ്റിച്ച് കണ്ണുകള്‍ കടുപ്പിച്ചെഴുതി, സിന്ദൂരം കൊണ്ട് വലിയൊരു പൊട്ടിട്ട് മുടി വിടര്‍ത്തിയിട്ട് ഒരു തൂക്കുകമ്മലെടുത്തണിഞ്ഞ്, ഒരു കടും വര്‍ണ്ണത്തിലുള്ള സാരിയിലേയ്ക്ക് മാറി കുറേനേരം പലഭാവങ്ങളുമായി കണ്ണാടിയ്ക്കുമുന്നിലിരിയ്ക്കുക. അങ്ങനേ നോക്കിയിരിക്കുമ്പോള്‍ സ്വയം പ്രണയിയ്ക്കാതിരിയ്ക്കാന്‍ കഴിയുമോ?


 പിന്നെ പതുക്കെ ഒരു സ്വാതിതിരുനാള്‍ കൃതി പ്ലേ ചെയ്ത്, ഒപ്പം മൂളി പതുക്കെ ചുവടുവച്ച്..... ഇതെല്ലാം ഇപ്പോഴും തന്നിലുണ്ടെന്ന് സ്വയം വിശ്വസിപ്പിച്ച് നീളന്‍ കണ്ണാടിയെ കാഴ്ചക്കാരിയാക്കുമ്പോള്‍ സമയം നീങ്ങുന്നത് തന്നെയറിയില്ല....എത്ര കണ്ടാലാണ് ഈ കണ്ണാടിക്ക് എന്നെ മതിയാവുക.........?

ആരെയും കാണിയ്ക്കാതെ ഒരുവളെ നമ്മുടെ ഉള്ളില്‍ സൂക്ഷിയ്ക്കുക, ആരെയും കാണിയ്ക്കാതെ അവളെ ഇടയ്ക്കു പുറത്തെടുക്കുക, നോക്കിനോക്കിയിരുന്ന് ഓരോ അണുകൊണ്ടും പ്രണയിയ്ക്കുക.  പിന്നെ അവളെ വീണ്ടും ഉറക്കിക്കിടത്തി, പതിവ് വേഷങ്ങളിലേയ്ക്ക് പ്രവേശിച്ച് ഒന്നുമറിയാത്തപോലെ  ഏറെ സന്തോഷം നല്‍കുന്നൊരു കള്ളത്തരം ഉള്ളില്‍ സൂക്ഷിച്ച് അടുത്ത കണ്ണാടിപ്രണയനിമിഷങ്ങള്‍വരെ ഇങ്ങനെ നടക്കുക....

ഇതിനെയാണോ ആത്മരതി ആത്മരതിയെന്ന് വിളിയ്ക്കുന്നത്? ഇത് ചെയ്യാന്‍ പാടില്ലാത്തത്രയും വലിയ തെറ്റാണോ, അങ്ങനെയാണെങ്കില്‍ ഇത്രയുംകാലത്തെ തെറ്റുകളുടെ ആവര്‍ത്തനത്തിന് എനിയ്ക്ക് ചാട്ടയടി തന്നെ വിധിയ്ക്കേണ്ടിവരും.

കുട്ടിക്കാലത്തൊക്കെ അച്ഛനും അമ്മയും അനിയനും വീട്ടിലില്ലാതാവുന്ന നേരം നോക്കിയായിരുന്നു ഞാന്‍ എന്നിലേയ്ക്കുതന്നെ ഇങ്ങനെ പ്രവേശിച്ചുകൊണ്ടിരുന്നത്.  ഇതിനായി ഒരുമിച്ച് പുറത്തുപോകാതെ എത്രയേറെ അവസരങ്ങളുണ്ടാക്കിയിരിക്കുന്നു. അതിനായി എത്ര പിണക്കങ്ങളും വഴക്കുകളുമുണ്ടാക്കിയിരിയ്ക്കുന്നു.................

പിന്നെപ്പിന്നെ സ്വന്തം മുറിയടച്ചിട്ടിരുന്ന് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമായതോടെ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായി, പക്ഷേ പെട്ടെന്ന് വാതില്‍ തുറക്കൂയെന്ന വിളികള്‍ വരുമ്പോള്‍ കണ്ണിലെ മഷിയും നെറ്റിയിലെ പൊട്ടും തിടുക്കപ്പെട്ട് മായ്ച് പതിവില്ലാതണിയുന്ന കുപ്പായങ്ങള്‍ അഴിച്ചൊളിപ്പിച്ച്  പതിവുകളിലേയ്ക്ക് മാറുകയെന്നത് വല്ലാത്ത സമ്മര്‍ദ്ദമുണ്ടാക്കുന്ന ഒരു കാര്യമായിരുന്നു.

പിന്നെയുള്ള ഏക ആശ്വാസം കുളിമുറിയിലെ ചെറിയ കണ്ണാടിയായിരുന്നു. അച്ഛന്‍ ഷേവ് ചെയ്യാനും മറ്റുമായി തൂക്കിവച്ചിരുന്ന കണ്ണാടി എനിയ്ക്കെപ്പോഴും സ്വയം കണ്ടെത്താനുള്ള ഒന്നായിരുന്നു. കുളിമുറികള്‍ പരിഷ്കാരികളായപ്പോള്‍ ആ കണ്ണാടി എവിടെപ്പോയോ എന്തോ.

ഹോസ്റ്റലുകളില്‍ താമസിച്ചിരുന്ന കുറേ നാളുകളില്‍ എത്രയാണ് വെമ്പിപ്പോയിട്ടുള്ളത് വലിയൊരു കണ്ണാടി കാണാന്‍, സ്വകാര്യമായൊന്ന് ഒരുങ്ങി സ്വയം നോക്കിയിരിയ്ക്കാന്‍.... എല്ലാവരും പങ്കുവെയ്ക്കുന്ന സ്വന്തമല്ലാത്ത ആ കണ്ണാടിയെ നോക്കാന്‍ കൂടി മടിയായിരുന്നു.  വാഷ്ബേസിനില്‍ നിന്നും തെറിയ്ക്കുന്ന വെള്ളത്തുള്ളികളിലെ ക്ലോറിന്‍ പിടിച്ച് എപ്പോഴും വൃത്തികേടായിരിക്കുന്ന ഒരു പൊതു കണ്ണാടി. എത്ര വൃത്തിയാക്കാന്‍ ശ്രമിച്ചാലും  എനിയ്ക്ക് കുളിച്ചൊരുങ്ങേണ്ട, എനിയ്ക്ക് നിന്നെ പ്രണയിയ്ക്കാനേ കഴിയില്ല, വേണമെങ്കില്‍ എന്നെ സ്വകാര്യതയിലേയ്ക്ക് കൊണ്ടുപോകൂ എന്ന് ഇടക്കിടെ ആ കണ്ണാടിയില്‍ നിന്നും വിലാപങ്ങളുതിരുമായിരുന്നു. 

ആണുങ്ങള്‍ക്കും ഉണ്ടാകുമോ പ്രണയിയ്ക്കുന്ന കണ്ണാടി ബിംബങ്ങള്‍? അതോ ഇത് പെണ്ണുങ്ങള്‍ക്ക് മാത്രമുള്ള തോന്നലുകളാണോ,  ഇന്നേവരെ അച്ഛനുമമ്മയും പോലും കണ്ടിട്ടില്ലാത്ത തരത്തില്‍ തോന്നിയമട്ടില്‍ ഒരുങ്ങി കണ്ണാടിയ്ക്ക് മുമ്പിലിരിയ്ക്കുമ്പോഴാണ് പെണ്ണായിരിക്കുകയെന്നതിന്‍റെ സുഖവും സന്തോഷവും ഏറ്റവുമധികം തോന്നുക.....

ഇപ്പോള്‍ ഈ വീടുനിറയെ നീണ്ട വലിയ കണ്ണാടികളാണ്, സ്വകാര്യമായ ഇടങ്ങളിലെല്ലാം എന്നെയൊന്ന് പ്രണയിയ്ക്കൂ എന്ന് പറഞ്ഞുകൊണ്ട് തെളിഞ്ഞു നില്‍ക്കുന്ന കണ്ണാടികള്‍.  കുളിമുറിയിലെ നിലക്കണ്ണാടിയ്ക്കാണ് സാധ്യതകളേറെ, കുളിയ്ക്ക് മുമ്പും ശേഷവുമുള്ള സ്വയമറിയലുകള്‍ എത്രനേരമാണ് നീളുക ! ഇനി നിലക്കണ്ണാടിയില്ലാത്ത ഒരു കുളിമുറിയെക്കുറിച്ച് ചിന്തിയ്ക്കാന്‍ കൂടി വയ്യ. കുളിമുറികള്‍ക്കെല്ലാം വേഷം മാറാനുള്ള സമയമായി.................................

2012, സെപ്റ്റംബർ 5, ബുധനാഴ്‌ച

യക്ഷി

ഇവിടെ പാലമരങ്ങളില്ല,

 ആടിയുലയുന്ന ഈ പനത്തലപ്പുകളെ

പ്രണയിയ്ക്കുന്നതില്‍ അടിയ്ക്കടി പരാജയപ്പെടുകയാണ്....

യക്ഷകിന്നരര്‍ക്കൊപ്പം പകല്‍കുടിച്ചുറങ്ങി,

രാവില്‍ പാലപ്പൂഗന്ധം തേടിത്തേടി അലയുകയാണ്.....

പാലകളില്ലാത്ത നാട്ടില്‍

 പനത്തലപ്പില്‍ പകലുറങ്ങി,

രാവില്‍ മായികമാളിക പണിത്,

 ചുണ്ണാമ്പു ചോദിച്ചിറങ്ങുന്ന

പഴയൊരു തേഞ്ഞ ബിംബമാ-

കുന്നതോര്‍ക്കവേ,

ഇരുമ്പാണിയില്‍ ആവാഹിച്ചു

തറച്ചുവച്ചാലെന്നപോലൊരു പിടച്ചിലാണ്....

 നീലിച്ച രാവില്‍

നിന്നെ പൂപ്പാലമരത്തിലേയ്ക്കാനയിച്ച്

 മടിയില്‍ കിടത്തി,

നീലമേലുടയാട വലിച്ചുകീറുമ്പോള്‍

 തെളിയുന്ന നീല ഞരമ്പുകളില്‍

 പല്ലുകള്‍ കടിച്ചിറക്കുക....! ഹാ!

ആ ചുടുനീല രക്തം നുകര്‍ന്ന്

 ആകെ നീലിച്ച് മൂര്‍ച്ഛിച്ച് വീഴുമ്പോള്‍

നീയെന്നെയാഞ്ഞാഞ്ഞു പുല്‍കി

നിശ്ചലനാകുന്നത്.....

ഇന്ന്,

രാവുകളില്‍ താവളമില്ലാത്തൊരു

 വെറും നിശാചരിയായി,

നേര്‍ത്തു വെളുത്തൊരു

വസ്ത്രത്തിന്‍റെ മറവില്‍,

യക്ഷിയെന്ന വിളികള്‍ വന്നു തുളച്ചുകയറുന്ന

ഒരു പഴങ്കഥ മാത്രമാകുന്നു......

2012, ഓഗസ്റ്റ് 8, ബുധനാഴ്‌ച

യൂണിവേഴ്‌സല്‍ സ്റ്റുഡിയോ -പേടിയ്ക്കാം അതിശയിയ്ക്കാം
യൂണിവേഴ്‌സല്‍ സ്റ്റുഡിയോ,  മലകയറിച്ചെല്ലുന്ന വഴിയില്‍ കാര്യമായ ഒരു ഓളമൊന്നും തോന്നില്ലെങ്കിലും അകത്ത് വിശാലമായ ഷോറൂം എന്ന് പറയുന്ന കണക്കാണ് ഇതിന്റെ കാര്യം, ഉള്ളിലെത്തിയാല്‍ എങ്ങോട്ട് ഓടിക്കയറണമെന്ന് തോന്നുന്ന തരത്തില്‍ ഒരു പങ്കപ്പാടില്‍പ്പെട്ടുപോകും ആരും, പ്രത്യേകിച്ച് കുട്ടികള്‍(കുട്ടികളുടെ മനസ്സുള്ളവരും).

നൂറുവര്‍ഷം പഴക്കമുണ്ട് യൂണിവേഴ്‌സല്‍ സ്റ്റുഡിയോയുടെ പെരുമയ്ക്ക്. ലോകസിനിമാ ചരിത്രത്തില്‍ മാറ്റിനിര്‍ത്താന്‍ കഴിയാത്ത സ്ഥാനമാണ് ഇതിനുള്ളത്. യൂണിവേഴ്‌സലിന്റെ ചരിത്രമെന്ന് പറഞ്ഞാല്‍ ഹോളിവുഡ് സിനിമയുടെ ചരിത്രംകൂടിയാണ്. തീംപാര്‍ക്കും, സ്റ്റുഡിയോയും ഹോട്ടലുകളും ഷോപ്പിങ് സ്ട്രീറ്റുമെല്ലാം ഉള്‍പ്പെടുന്ന ഈ സ്ഥലത്തെ യൂണിവേഴ്‌സല്‍ സിറ്റിയെന്നാണ് പറയുന്നത്(ചരിത്രം കൂടുതല്‍പറയാന്‍ എനിയ്ക്ക് മനസ്സില്ല, ഗൂഗിള്‍ ചെയ്താമതി)

കുന്നുകളുടെ പലതട്ടുകളിലായിട്ടാണ് യൂണിവേഴ്‌സല്‍ സ്റ്റുഡിയോ പണിതുയര്‍ത്തിയിരിക്കുന്നത്. നമ്മുടെ നാട്ടിലാണെങ്കില്‍ ആ കുന്നാ ഇടിച്ചുനിരത്തി സ്റ്റുഡിയോ ഇടാം എന്നേ ചിന്തിയ്ക്കൂ. ഇവിടെയാണെങ്കില്‍ ഇറങ്ങാനും കയറാനുമായി എലിവേറ്ററുകളും ഗോവണികളും തയ്യാറാക്കി, പ്രകൃതിയെ അധികം വേദനിപ്പിക്കാതെ സംഭവങ്ങള്‍ അടിപൊളിയായി ക്രമീകരിച്ചിരിക്കുകയാണ്.കാര്‍ പാര്‍ക്ക് ചെയ്ത് ടിക്കറ്റുമെടുത്ത് ഉള്ളില്‍ക്കയറിയപ്പോള്‍ എവിടെത്തുടങ്ങണം എന്നതായിരുന്നു സംശയം. ഒടുവില്‍ ട്രാസ്‌ഫോര്‍മേഴ്‌സ് റൈഡില്‍ കയറാനാണ് തീരുമാനമായത്. ക്യൂ നിന്ന് റൈഡിനുള്ളില്‍ കയറുമ്പോള്‍ പാവം ഞാനറിഞ്ഞതേയില്ല കാത്തിരിക്കുന്ന ഭീകരത എന്താണെന്ന്. പേടിയ്ക്കില്ലല്ലോ ഇല്ലല്ലോയെന്ന് ലവന്‍ ഇടക്കിടെ ചോദിക്കുമ്പോഴും ഞാന്‍ ഓര്‍ത്തതേയില്ല, ഹൃദയസ്തംഭനമുണ്ടാക്കാന്‍ പോകുന്ന ഒരു അനുഭവത്തിലേയ്ക്കാണ് ഞാന്‍ കാലെടുത്ത് വയ്ക്കുന്നതെന്ന്. പൊതുവേ യുദ്ധങ്ങളും, അക്രമങ്ങളും സ്‌ക്രീനില്‍പ്പോലും കാണാനുള്ള കെല്‍പ്പില്ലാത്ത ഞാന്‍ ഒരു യുദ്ധമുഖത്തേയ്ക്കാണ് പോകുന്നതെന്ന് അറിഞ്ഞതേയില്ല.

കയറി ട്രോളിയില്‍ ഇരുന്നു, അത് പതിയെ നീങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ഇരുട്ട് പൊടുന്നതെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് ആരാന്നറിയേണ്ടേ ഒരു റോബോട്ടിക് ഭീകരന്‍, ലവന്‍ ഞങ്ങളുടെ വണ്ടിയെ എടുത്തിട്ടൊന്നു കുലുക്കി, അപ്പോള്‍ മാത്രമാണ് ഞാന്‍ അപകടം മനസ്സിലാക്കിയത്. അപ്പോഴേയ്ക്കും മറ്റൊരുവന്‍ വന്ന് വണ്ടി വലിച്ചോണ്ട് പോയി കറക്കിയെറിഞ്ഞു.  പിന്നാലെ മറ്റൊരുവന്‍ വിളിച്ചുപറയുന്നു, നമ്മള്‍ നമ്മുടെ ഗ്രഹത്തെ ട്രാന്‍സ്‌ഫോര്‍മേര്‍സില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി യുദ്ധമുഖത്തെത്തിയിരിക്കുന്നു, യുദ്ധം ചെയ്യുക വിജയിച്ചുവരുക.... പിന്നെ അങ്ങോട്ടൊരു കഥതന്നെയായിരുന്നു, യുദ്ധം എന്ന് പറഞ്ഞാപ്പോര ഗഡാഗഡിയന്‍ പോരായിരുന്നു. ഇടയ്ക്ക് ഒരു സമാധാനം കിട്ടാനായി ഞാന്‍ ത്രിഡി കണ്ണട മാറ്റിവയ്ക്കും. എന്താലും ട്രോളി എടുത്തെറിയുന്നതിനും കുലുക്കുന്നതിനുമൊന്നും ഒരു മനുഷ്യത്വമേയില്ല. എല്ലാവരും ആര്‍ക്കുന്നു, കൂവുന്നു, കരയുന്നു, ഞാന്‍ ദൂരെനാട്ടില്‍ കിടന്നുറങ്ങുന്ന അച്ഛനെയും അമ്മയെയും വിളിച്ചു കാറിക്കരഞ്ഞു. ധൈര്യം തരാനായി അവനെന്റെ കയ്യില്‍ മുറുകെ പിടിക്കുന്നുണ്ടായിരുന്നെങ്കിലും, ആ ധൈര്യമൊന്നും എനിയ്ക്കു മതിയായില്ല. ഇവിടെ വച്ചാണെന്റെ അവസാനമെന്നുവരെ ഞാന്‍ ചിന്തിച്ചുപോയി. പതിനഞ്ചുമിനിറ്റ് നീണ്ടു നിന്ന കറങ്ങലും തിരിയലും വെടിവെപ്പുമെല്ലാം കഴിഞ്ഞ് മറ്റൊരു അനൗണ്‍സ്‌മെന്റ് യു സേവ്ഡ് യുവര്‍ പ്ലാനറ്റ് ഗയ്‌സ്, വെല്‍ ഡണ്‍, ഹോ സമാധാനം കഴിഞ്ഞല്ലോ പണ്ടാരം, വണ്ടി പുറത്തെത്തിക്കഴിഞ്ഞിട്ട് തലകറക്കം കാരണം എനിയ്ക്ക് എഴുന്നേല്‍ക്കാല്‍ കഴിയുന്നില്ല. അവന്‍ ഒരു വിധം എന്നെ വലിച്ചു പുറത്തിട്ടു. പുറത്തിറങ്ങിക്കഴിഞ്ഞപ്പോള്‍ അകത്തേയ്ക്ക് കയറാനുള്ളവരുടെ ക്യൂ കണ്ട് ഞാന്‍ ഞെട്ടി, പേടിച്ച് വിറയ്ക്കാനായി ആളുകള്‍ പൊരിവെയിലത്ത് ക്യൂനില്‍ക്കുന്നു. വട്ട് എന്നല്ലാതെ എന്ത് പറയാനെന്നാണ് എനിയ്ക്ക് തോന്നിയത്(സാഹസികര്‍ ക്ഷമിയ്ക്കുക). പൈസ കൊടുത്ത് പേടിയ്ക്കുക, ചര്‍ദ്ദിയ്ക്കുക എന്തൊരു തമാശ!പുറത്തെത്തിയ ഉടനേ എന്റെ റിക്വസ്റ്റ് 'ഇനി ഈ ജാതി സംഗതികളില്‍ കയറണ്ട', അപ്പോളതാ അവന്റെ മുഖം വാടുന്നു, സാഹസികന്മാര്‍ക്ക് അങ്ങനെയാണല്ലോ. അവന്റെ മുഖത്തെ നിരാശ കണ്ടപ്പോള്‍ ഒരു നല്ല അടിപിടിയ്ക്കുള്ള സാധ്യത ഞാന്‍ മണത്തു. യൂണിവേഴ്‌സല്‍ സ്റ്റുഡിയോ മുറ്റത്ത് അങ്കം വേണ്ടെന്ന് കരുതി ഞാന്‍ മനസ്സുമാറ്റി. 'ഏതിലാച്ചാലും കയറാം, പ്രശ്‌നാക്കണ്ട, ഞാന്‍ അഡ്ജസ്റ്റ് ചെയ്യാം'. കേള്‍ക്കേണ്ട താമസം അവന്‍ എന്നേം കൂട്ടി പാഞ്ഞത് ഒരു വാട്ടര്‍ റൈഡിലേയ്ക്ക്, അതും  അവിടന്നും ഇവിടന്നുമായി കൂറ്റന്‍ ദിനോസറുകള്‍ പാഞ്ഞടുക്കുകയും ചീറുകയും ചെയ്യുന്നു. ആദ്യമാദ്യമൊന്നും വലിയ പ്രശ്‌നം തോന്നിയില്ല, ഞാന്‍ അല്‍പസ്വല്‍പം ആസ്വദിച്ചു. പെട്ടെന്നതാ വണ്ടി കുത്തനേ മുകളിലേയ്ക്ക് കയറുന്നു, അതോടെ എന്റെ ആറാമിന്ദ്രിയം പ്രവര്‍ത്തനം തുടങ്ങി, അത് പറഞ്ഞുകൊണ്ടേയിരുന്നു 'ജാഗ്രതൈ! ജാഗ്രതൈ! ഇതൊന്നും താങ്ങാനുള്ള ശക്തി നിനിക്കില്ല....' ഞാന്‍ ജാഗരൂകയായി, കൂറ്റന്‍ കയറ്റത്തിന്റെ മുകളിലെത്തിയപ്പോള്‍ ജൂറാസിക് പാര്‍ക്കിലെ പഴയ അതേ ഭീകരന്‍ ദിനോസര്‍ വണ്ടിയെ വിഴുങ്ങാന്‍ വായ തുറക്കുന്നു രക്ഷപ്പെടാനായി വണ്ടി ദിനോസറിന്റെ താടിയ്ക്കുകീഴിലൂടെ താഴേയ്ക്ക് ഒരു വീഴ്ചയാണ്. എന്റെ കുടല്‍മാല കയറി തൊണ്ടയിലെത്തി, അത് ഇറക്കാനും ചര്‍ദ്ദിക്കാനുമാവാതെ ഏതാനും സെക്കന്റുകള്‍..അപ്പോഴേയ്ക്കും വെള്ളം തെറിച്ച് ഉടുപ്പൊക്കെ ആകെ നനഞ്ഞ് കുതിര്‍ന്നിരുന്നു. അങ്ങനെ ആ മാരണവും കഴിഞ്ഞു.

ഓരോന്നും കഴിയുമ്പോള്‍ അവന്റെ എനര്‍ജി ലെവല്‍ കത്തിക്കയറുകയായിരുന്നു. ഞാനാണെങ്കില്‍ പതിവ് ലോ ബിപിയിലേയ്ക്ക് പോവുന്നു, തലപെരുക്കുന്നു. പക്ഷേ അത് പറഞ്ഞ്  നിരാശപ്പെടുത്താനും വയ്യ. ഇതൊക്കെ ആലോചിച്ച് ആലോചിച്ച് ഞാന്‍ നോക്കുമ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നത് മമ്മി റൈഡിലേയ്ക്കുള്ളു ക്യൂവിലാണ്. ഇതിന് മുമ്പേ കയ്യിലുള്ള എല്ലാ സാധനങ്ങളും ലോക്കറില്‍ വച്ച് പൂട്ടണമായിരുന്നു. അത് കണ്ടപ്പോത്തന്നെ കാത്തിരിക്കുന്നത് ചില്ലറക്കാര്യമൊന്നുമല്ലെന്ന് മനസ്സിലായി. എന്തായാലും വരുന്നത് വരട്ടെ തലകറങ്ങി വീഴുന്നെങ്കില്‍ ആവട്ടെയെന്നും കരുതി ഞാന്‍ അനുസരണയോടെ ക്യൂവില്‍ നിന്നു. ഒന്നു മിണ്ടാന്‍ കൂടിയുള്ള ത്രാണി എനിക്കില്ലായിരുന്നു, നേരത്തേയുള്ള വിട്ടുവീഴ്ചാ മനോഭാവം എന്നെ വിട്ടകലുന്നു, ഞാന്‍ ഒരു തല്ലിനുള്ള മൂഡിലേയ്ക്ക് വരുന്നു, അത് മനസ്സിലാക്കിയെന്നോണം അവന്‍-' കയറേണ്ടാ എന്നാണേ ക്യൂവില്‍ നിന്നും മാറാം' കിട്ടിയ അവസരമല്ലേ ഞാനത് മുതലാക്കി, ഒരു ചെറിയ ഔദാര്യവും കൊടുത്തു. 'വേണ്ട ഇതുംകൂടി ആകാം ഇനി ഞാന്‍ ഒന്നിലും കയറില്ല, പുറത്തിരിയ്ക്കും'.പറഞ്ഞുതീരും മുമ്പേ വണ്ടി വന്നു നിന്നു ഞങ്ങള്‍ കയറിയിരുന്നു. അടുത്ത സീറ്റിലിരിക്കുന്ന ആളിനെ നോക്കി ഞാനൊന്ന് ദയനീയമായി ചിരിച്ചു, വേണ്ടിവന്നാല്‍ ഞാന്‍ നിങ്ങളുടെ കയ്യിലും കയറിപ്പിടിക്കുമെന്നാണ് എന്റെ നോട്ടത്തിന്റെ അര്‍ത്ഥമെന്ന് ആ മനുഷ്യന് മനസ്സിലായില്ലെന്ന് തോന്നുന്നു. ചിന്തിച്ചുതീരും മുമ്പേ വണ്ടി ഓട്ടം തുടങ്ങി, മമ്മി സിനിമയിലെ കഥാപാത്രങ്ങള്‍ ഓരോരുത്തരായി വരുകയാണ്, എല്ലാവരും നമ്മളെ എടുത്തിട്ട് പെരുമാറുന്നു. ചിലപ്പോള്‍ ഇരുട്ട് ചിലപ്പോള്‍ പ്രകാശം എന്നുവേണ്ട പീഡനങ്ങള്‍ പലതരം, അവസാനം പ്രേതം വന്ന് നമ്മുടെ വണ്ടിയെ തൂക്കിയെടുത്തെറിയുന്നതോടെ ആ പാതകം അവസാനിയ്ക്കുന്നു. പുറത്തിറങ്ങുമ്പോഴേയ്ക്കും ബിപി വല്ലാതെ പിണങ്ങി. പിന്നെ കുറച്ചുസമയം അവിടെക്കണ്ട കസേരയില്‍ ഇരുന്ന് ഞാന്‍ സമനില വീണ്ടെടുത്തു.

അടുത്തിരുന്ന് അവന്റെ പിറുപിറുക്കല്‍ 'നിന്നെം കൊണ്ട് ഇത്തരം കാര്യങ്ങള്‍ക്ക് പോകരുതെന്ന് മനസ്സിലായി. ഇനിയില്ല..' അങ്ങനെ അങ്ങനെ നിരാശ മുറ്റുന്ന വാക്കുകള്‍. എന്തുചെയ്യാം ഇനി സ്വയം പീഡിപ്പിക്കാന്‍ എനിയ്ക്കുവയ്യ. ഞാന്‍ ഒരു പരിഹാരം പറഞ്ഞുകൊടുത്തു, 'ഞാന്‍ പുറത്തു കറങ്ങാം താന്‍ എല്ലാത്തിലും കയറി ഇറങ്ങി വാ.' പക്ഷേ അതവന് സ്വീകാര്യമായില്ല. കുറച്ചുപേര്‍ ഉത്തരവാദിത്തത്തോടെ കൊണ്ടുനടക്കണമെന്നും പറഞ്ഞ് ഏല്‍പ്പിച്ച സാധനം യൂണിവേഴ്‌സല്‍ സ്റ്റുഡിയോവില്‍ കളഞ്ഞുപോയി എന്ന് നാട്ടില്‍ പോയി പറയാനുള്ള ധൈര്യമില്ലാത്തോണ്ടാവണം, അവന്‍ റൈഡ് പ്രണയം മാറ്റിവച്ചു, അതോടെ ഞാന്‍ ഹാപ്പി.

അപ്പോഴേയ്ക്കും വയറു പൊരിയാന്‍ തുടങ്ങിയിരുന്നു, അസ്സലൊരു ചിക്കന്‍ സലാഡും കഴിച്ച് ഇനിയെന്ത് എന്നും നോക്കി നടക്കുമ്പോഴാണ് അനിമല്‍ ആക്ടേഴ്‌സ് എന്ന ഷോയ്ക്കുള്ള സമയമായെന്ന് അറിയുന്നത്. പരിശീലനം നല്‍കിയ പക്ഷികളും നായകളുമൊക്കെ പരിശീലകര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നു. സംഭവത്തില്‍ വലിയ പുതുമയൊന്നുമില്ലെങ്കിലും ഇത്തിരി വിശ്രമവും ഒപ്പം ഭീകരാനുഭവത്തില്‍ നിന്നുള്ള ഒരു ചേഞ്ചുമായി എനിയ്ക്കത്. അതുകഴിഞ്ഞപ്പോള്‍ സിനിമ ഷൂട്ടിങ്ങിന്റെ ചുരുള്‍ നിവര്‍ത്തുന്ന മറ്റൊരു ഷോയ്ക്കായിരുന്നു കയറിയത്. സിനിമയിലെ ബോട്ടുയാത്രകള്‍, ബഹിരാകാശയാത്ര, സ്രാവുകളുടെ ആക്രമണം, കാറ്റും മഴയും എന്നുവേണ്ട സിനിമയില്‍ നമ്മള്‍ കാണാറുള്ള അതിശയിപ്പിക്കുന്ന രംഗങ്ങളെല്ലാം വെറുമൊരു സ്റ്റേജില്‍ വച്ച് ചിത്രീകരിയ്ക്കുകയാണ് അത് സ്‌ക്രീനില്‍ കാണുന്നമ്പോള്‍ എല്ലാം യഥാര്‍ത്ഥ അന്തരീക്ഷത്തില്‍ ഷൂട്ട് ചെയ്തതാണെന്നല്ലാതെ മറിച്ച് ചിന്തിക്കാനേ കഴിഞ്ഞില്ല. നല്ല ഇന്‍ഫര്‍മേറ്റീവ് ആയ ഷോയായിരുന്നു അത്.

അതു കഴിഞ്ഞുകയറിയത് ഷ്രക്കിന്റെ 4 ഡി ഷോയ്ക്കാണ്. എന്റെ ആദ്യ 4 ഡി അനുഭവം. നായകന്‍ പ്രിയഷ്രെക്കും ഡോങ്കിയും ഫിയോണയും ഒക്കെ ആയതുകൊണ്ടുതന്നെ എനിയ്ക്ക് പെരുത്ത് സന്തോഷം. ഷ്രക്ക് കുതിരവണ്ടിയില്‍ക്കയറിപ്പോകാന്‍ തുടങ്ങുമ്പോള്‍ ഇരിയ്ക്കുന്ന സീറ്റും കുതിരവണ്ടിയുടെ താളത്തില്‍ ആടു. ഞാനാകെ ത്രില്ലടിച്ചുപോയി. നഴ്‌സറിയിലെ കുതിരയെയാണ് എനിയ്‌ക്കോര്‍മ്മവന്നത്. പിന്നെ ഇടയ്ക്ക് കാലുകളിലേയ്ക്ക് വെള്ളം ചീറ്റുന്നു സീറ്റ് കുലുങ്ങുന്നു ആടുന്നു- എന്തായാലും ഷ്രക്ക് 4 ഡി അടിപൊളിയായിരുന്നുവെന്ന് പറയാതെ വയ്യ.


അടുത്തത് സ്റ്റുഡിയോ ടൂറായിരുന്നു. മുന്‍കാല സിനിമകള്‍ക്കായി തയ്യാറാക്കിയ സെറ്റുകള്‍. സ്പീല്‍ബര്‍ഗ് ചിത്രമായ ജോസിലെ കൂറ്റന്‍ സ്രാവ്(സ്രാവ് പെട്ടെന്ന് വെള്ളത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന് വണ്ടിയുടെ നേര്‍ക്ക് വരുമ്പോള്‍ ഞെട്ടിപ്പോകുമെന്ന് ഉറപ്പ്) ജൂറാസിക് പാര്‍ക്കിന്റെ സെറ്റ്, കിംങ് കോങ്ങിന്റെ സെറ്റ് എന്നുവേണ്ട ചില സെറ്റുകളില്‍ കയറുമ്പോള്‍ നേരത്തേ കയറിയ ചില റൈഡുകള്‍ പോലെ വണ്ടി കുലുങ്ങുകയും ചാടുകയും അപകടഭീതി പരത്തുകയും ചെയ്യുന്നു. എന്നാലും ആദ്യ റൈഡുകളുടെ അത്ര സമ്മര്‍ദ്ദമില്ല എന്നുതന്നെ പറയാം. ഒരു റെയില്‍വേ സ്റ്റേഷനില്‍ വെള്ളപ്പൊക്കമുണ്ടാകുന്ന ഒരു സെറ്റ്, മലയോരഗ്രാമത്തില്‍ പൊടുന്നനേ വെള്ളപ്പാച്ചിലും മഴയുമുണ്ടാകുന്ന സെറ്റ് ഇതെല്ലാം മനോഹരമാണ്.

പിന്നെ സെറ്റിട്ടുവച്ചിരിക്കുന്ന ന്യൂയോര്‍ക്ക് നഗരം, പ്രശസ്ത സിനിമകളിലെ കഥാപാത്രങ്ങള്‍ ഉപയോഗിച്ച വീടുകള്‍, കാറുകളും മറ്റും നടുറോഡില്‍ കത്തിയമരുന്ന രംഗങ്ങളുടെ ഡെമോ, ഷൂട്ടിങിനായി തകര്‍ത്തിട്ടിരിക്കുന്ന ഒരു ഒറിജിനല്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ എന്നുവേണ്ട പലതരം വിസ്മയങ്ങളാണ് സ്റ്റുഡിയോ ടൂറില്‍ കാണാനുള്ളത്. വലിയ പേടിയോ പകപ്പോയില്ലാതെ മനസ്സമാധാനത്തോടെ ഇരുന്ന് കാണാന്‍ കഴിയുന്ന കാര്യങ്ങള്‍.


സ്റ്റുഡിയോ ടൂര്‍ കഴിഞ്ഞതോടെ ഞങ്ങളുടെ യൂണിവേഴ്‌സല്‍ സ്റ്റുഡിയോ അനുഭവം അവസാനിയ്ക്കുകയാണ്. പുറത്തിറങ്ങി, പ്രിയപ്പെട്ട പാണ്ഡ എക്‌സ്പ്രസ് കണ്ടുപിടിച്ച് എന്തൊക്കെയോ വലിച്ചുവാരി കഴിച്ച്, രാത്രി യാത്രക്കിടെ കഴിയ്ക്കാനുള്ള പാര്‍സലും സംഘടിപ്പിച്ച് സുവനീറുകളും വാങ്ങി ഞങ്ങള്‍ മടക്കയാത്ര തുടങ്ങി.

ലോസ് ആഞ്ജലസിലേയ്ക്ക് പോയ വഴിയില്‍ നിന്നും അല്‍പം മാറി പുതിയൊരു അനുഭവത്തിനായി മറ്റൊരു വഴിയിലൂടെയായിരുന്നു യാത്ര. തക്കാളി, ലെറ്റസ്, ലാവണ്ടര്‍ എന്നിവയുടെ പാടങ്ങള്‍. പിസ്ത, ചെറി തോട്ടങ്ങള്‍ എന്നുവേണ്ട കണ്ടാല്‍ കൊതിതീരാത്ത അമേരിക്കന്‍ വില്ലേജ് കാഴ്ചകള്‍. കുറേ ദൂരം കഴിഞ്ഞ് ഇന്ധനമടിയ്ക്കാനായി ഒരു പെട്രോള്‍ ബങ്കില്‍ കയറിയപ്പോള്‍ വണ്ടിയുടെ അടുത്തേയ്ക്ക് വന്നൊരാള്‍ കുറച്ച് ഡോളര്‍ നല്‍കണമെന്ന് അപേക്ഷിയ്ക്കുന്നു. അരിസോണയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭാര്യാമാതാവിന്റെ അടുത്തേയ്ക്കുള്ള യാത്രയിലാണ് അയാളും ഭാര്യയും പെട്രോളടിയ്ക്കാന്‍ പൈസ തികയില്ല. ബങ്കില്‍ വരുന്നവരോടെല്ലാം ചോദിച്ച് അയാള്‍ പൈസ ഒപ്പിയ്ക്കുകയാണ്. കേട്ടപ്പോള്‍ അവന്‍ എന്റെ മുഖത്തുനോക്കി, പാന്റ്‌സും ഷര്‍ട്ടുമിട്ട് കാറുമായിട്ട് വന്ന് കൈനീട്ടുന്നവരെ കണ്ട് പരിചയമില്ലാത്തതിനാല്‍ എനിയ്ക്ക് ഒരു സംശയം, സംഭവം സത്യമായിരിക്കുമോ, എന്റെ സംശയം മാറും മുമ്പേ അവന്‍ എന്തോ പൈസയെടുത്ത് അയാള്‍ക്ക് നേരെ നീട്ടുന്നു. പിന്നാലെ മറ്റൊരു സ്ത്രീ വന്ന് അയാളോട് പറയുന്നു 20 ഡോളര്‍ കൊടുത്തിട്ടുണ്ട് ഗ്യാസ് നിറച്ചോളൂയെന്ന്. അങ്ങനെ രണ്ട് മൂന്നാളുകല്‍ അയാളെ സഹായിക്കുന്നു.

ഇന്ധനം നിറച്ച് കഴിഞ്ഞ് ഞങ്ങളും പോന്നു, രണ്ട് മൂന്ന് ദിവസമായി നമ്മളെത്രയോ പൈസ വെറുതേയെന്നോണം ചെലവാക്കി, ആ സ്ഥാനത്ത് അയാള്‍ക്ക് കൊടുത്തത് വളരെ തുച്ഛമാണെന്ന് അവന്‍. അപ്പോഴാണ് ഞാനുമോര്‍ത്തത്. ഓരോ രാജ്യത്ത് ഓരോ ലൈഫ് സ്റ്റൈല്‍, നമ്മുടെ നാട്ടില്‍ രോഡരികിലിരുന്ന് മുഷിഞ്ഞ തുണിയിടുത്ത് യാചിയ്ക്കുന്നവരെ മാത്രമേ കണ്ടിട്ടുള്ളു, ഇവിടെ അതിന് വ്യത്യാസമുണ്ട്, അത്രമാത്രം.

അങ്ങനെ കാത്തുകാത്തിരുന്ന ഒരു യാത്ര അവസാനിയ്ക്കുകയായിരുന്നു. വീട്ടിലെത്തി ഗ്യാരേജ് തുറക്കുന്ന ശബ്ദം കേട്ടപ്പോഴാണ് എനിയ്ക്ക് സ്ഥലകാലബോധമുണ്ടായത്. പാവത്തെ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യാന്‍ വിട്ടിട്ട്. ഞാന്‍ പോത്തുപോലെ കിടന്നുറങ്ങുകയായിരുന്നു, ഓര്‍ത്തപ്പോള്‍ എനിയ്ക്കാകെ ചളിപ്പായി, ഒരു സോറിയും കാച്ചി ഞാന്‍ ഓടി വീട്ടില്‍ കയറി...

2012, ജൂലൈ 9, തിങ്കളാഴ്‌ച

ഞാനും കണ്ടേ ഹോളിവുഡ്

ചില കാര്യങ്ങളുണ്ട് ഒരിക്കലും നടക്കില്ലെന്നറിഞ്ഞിട്ടും നമ്മളതിനെക്കുറിച്ച് വെറുതേ പകല്‍ക്കിനാവ് കാണും, സങ്കല്‍പ്പങ്ങളിങ്ങനെ മെനഞ്ഞുമെനഞ്ഞെടുക്കും. പണികളൊന്നും ചെയ്യാനില്ലാതെ വെറുതേയിരിക്കുന്ന സമയങ്ങളില്‍ എന്റെയൊരു പ്രധാന ഹോബി ഇത്തരം പകല്‍ക്കിനാവ് കാണലായിരുന്നു. എന്നെ ഭയങ്കര സംഭവമായി സങ്കല്‍പ്പിച്ചും. പൊതുവേ ഞാന്‍ പിന്നോക്കം നില്‍ക്കുന്ന മേഖലകളില്‍(കണക്ക്, ഹിന്ദി പോലുള്ള ചില വിഷയങ്ങള്‍) ഞാന്‍ ഭയങ്കര പുലിയായി മാറുന്നതുമെല്ലാം സങ്കല്‍പ്പിച്ച് സുഖിയ്ക്കുക, അതല്ലെങ്കില്‍ സാങ്കല്‍പ്പികമായതും കേട്ടറിഞ്ഞതുമായ സ്ഥലങ്ങളിലേയ്ക്ക് യാത്രപോവുക അങ്ങനെയങ്ങനെ പലതരം പകല്‍ക്കിനാവുകള്‍.

ഇത്തരത്തില്‍ സ്വപ്‌നം കാണാറുള്ള സ്ഥലങ്ങളില്‍ ഹിമാലയന്‍ താഴ്‌വരയും സ്വിറ്റ്‌സര്‍ലാന്റിലെ പൂപ്പാടങ്ങളുമെന്നുവേണ്ട ഇന്നേവരെ നേരിട്ട് കണ്ടിട്ടില്ലാത്ത പലതുമുണ്ട്, ബിവര്‍ളി ഹില്‍സും, ഹോളിവുഡും കൂടിയുണ്ടായിരുന്നു അക്കൂട്ടത്തില്‍. പറഞ്ഞുവരുന്നത് അതിനെക്കുറിച്ചുതന്നെ, യുഎസിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ ലോസ്ആഞ്ജലസ് സിറ്റിയിലുള്ള ബിവര്‍ളിഹില്‍സും ഹോളിവുഡും തന്നെ. ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന സമയത്തോ മറ്റോ ആണ് ഞാന്‍ ഈ ലോകസിനിമയെ അടക്കിവാഴുന്ന ഹോളിവുഡ് എന്നത് ലോസ്ആഞ്ജലസ് നഗരത്തിലെ ഒരു നഗരമാണെന്ന് മനസ്സിലാക്കിയത്. സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ ഏതോ അധ്യാപകന്റെ വാക്കുകളില്‍ നിന്നാണ് ആ അറിവ് വീണുകിട്ടിയത്. അക്കാലത്തൊന്നും ഞാന്‍ ഹോളിവുഡിനെ പകല്‍ക്കിനാവിലേയ്ക്ക് കൊണ്ടുവന്നിട്ടില്ല.

പി.ജി പഠിത്തവും കഴിഞ്ഞാണ് ഇംഗ്ലീഷ് ചിത്രങ്ങള്‍ കൂടുതല്‍(എന്നുവച്ച് ഞാന്‍ ഇംഗ്ലീഷ് പടമേ കാണാറുള്ള എന്ന് വിചാരിക്കരുത്, കണ്ടവ വളരെ കുറവാണ്) കാണുകയും ചെയ്തിട്ടുള്ളത്. പിന്നീട് ജേര്‍ണലിസം കഴിഞ്ഞ് ബാംഗ്ലൂരില്‍ ജോലിയും കിട്ടിക്കഴിഞ്ഞപ്പോള്‍ ഈ താല്‍പര്യം കൂടുകയും അങ്ങനെ ആ സിനിമാ നഗരം ഒന്നുകാണാന്‍ കഴിഞ്ഞെങ്കിലെന്ന് വെറുതേ ആഗ്രഹിയ്ക്കുകും ചെയ്തുതുടങ്ങി. യാത്രാവിവരണ ബ്ലോഗുകളാണ് കാണാന്‍ സാധ്യതയില്ലാത്ത ഹോളിവുഡിനെ എന്റെ പകല്‍ക്കിനാവുകളിലേയ്ക്ക് തള്ളിക്കയറ്റിയത്.

ഹോളിവുഡിനോടുള്ള ഇഷ്ടത്തിനൊപ്പമാണ് പലപ്രമുഖ താരങ്ങളുടെയും വസതികളുള്ള ബിവര്‍ളി ഹില്‍സിനെയും ഇഷ്ടപ്പെട്ടുതുടങ്ങിയത്. ഇഷ്ടതാരമായ മൈക്കല്‍ ജാക്‌സണന്റെ വസതിയും ഇവിടെയുണ്ടെന്നും ജാക്‌സണ്‍ പഠിച്ചസ്‌കൂളും, പരിപാടികള്‍ നടത്തിയിരുന്ന ഓഡിറ്റോറിയവുമെല്ലാം ഇവിടെയാണെന്നുമൊക്കെയുള്ള വാര്‍ത്തകളും കാര്യങ്ങളും ബിവര്‍ളിയോടുള്ള ഇഷ്ടത്തെ കൂട്ടിക്കൊണ്ടിരുന്നു. ജോലിക്കിടെ ഹോളിവുഡ് കഥകള്‍ വാര്‍ത്തയാക്കേണ്ടിവന്നപ്പോള്‍ ഇവയെക്കുറിച്ച് കൂടുതലറിയേണ്ടതായി വന്നു. അങ്ങനെ ഗൂഗിള്‍ ചെയ്ത് ഗൂഗിള്‍ ചെയ്ത് ഞാന്‍ നിര്‍വൃതിയടഞ്ഞു.

ഹോളിവുഡും, ബിവര്‍ളി ഹില്‍സും പകല്‍ക്കിനാക്കളിലുണ്ടായിരുന്നെങ്കിലും ഒരു അമേരിക്കന്‍ യാത്രയെക്കുറിച്ച് ഞാന്‍ ആലോചിക്കാറുപോലുമില്ലായിരുന്നു. സ്വപ്‌നം കാണുമ്പോള്‍ ഞാന്‍ വെറുതെ ഹോളിവുഡില്‍ വന്നുനില്‍ക്കും, അങ്ങോട്ടും ഇങ്ങോട്ടും നടക്കും, ചിലപ്പോള്‍ പ്രിയതാരങ്ങളെ കണ്ടുമുട്ടും അത്രയൊക്കെയേ ഉണ്ടായിരുന്നുള്ളു. അപ്പോഴൊന്നും ഈ രണ്ടു സ്ഥലങ്ങളും അമേരിക്കയിലാണല്ലോ എന്നുപോലും ഞാന്‍ ചിന്തിക്കുമായിരുന്നില്ല. കുഞ്ഞുന്നാളില്‍ ഹിരോഷിമയില്‍ അണുബോംബിട്ട കഥ കേട്ടതുമുതല്‍ അമേരിക്കയോട് എനിയ്ക്ക് എന്തോ ഒരു വല്ലാത്ത അകല്‍ച്ചയും അനിഷ്ടവുമായിരുന്നു.

പക്ഷേ നിനച്ചിരിക്കാതെ പെട്ടെന്നൊരുനാള്‍ എനിക്ക് ബാംഗ്ലൂരും നാടുമെല്ലാം വിട്ട് ഇവിടേയ്ക്ക് വരേണ്ടിവരുന്നു, അതും കൂട്ടുകാരനൊപ്പം. കല്യാണം കഴിഞ്ഞ് രണ്ടാമത്തെമാസം ഭാണ്ഡം മുറുക്കി ഞങ്ങള്‍ പോന്നു. ആദ്യം കണ്ടപ്പോള്‍ത്തന്നെ അമേരിക്ക അമേരിക്കയെന്ന് ആളുകള്‍ വിളിച്ചുകൂവുന്ന സ്ഥലമിതാണോ എന്നതോന്നലായിരുന്നു എനിയ്ക്ക്, നാട്ടില്‍ എല്ലാവരെയും ഇട്ടിട്ടുപോന്നതിന്റെ സങ്കടം കൊണ്ടുതന്നെ ആദ്യമൊക്കെ ഇവിടം ഇഷ്ടപ്പെടാന്‍ ബുദ്ധിമുട്ടായി, അമേരിക്കന്‍ കാറ്റുകൊണ്ടാല്‍ ചര്‍ദ്ദിയ്ക്കുമെന്ന അവസ്ഥ. പിന്നെ എല്ലാം പതിവുപോലെ. ഇങ്ങോട്ട് കെട്ടുകെട്ടുമ്പോള്‍ അച്ഛനെ കാണാതിരിക്കുന്നതോര്‍ത്ത് പലപ്പോഴും ആശങ്കപ്പെട്ട എനിയ്ക്ക് അവന്‍ തന്നുകൊണ്ടിരുന്ന പ്രലോഭനം ഒരുപാട് യാത്രകള്‍ ചെയ്യാമെന്ന വാക്കായിരുന്നു.

വന്ന് സെറ്റിലായി അധികം കഴിയും മുമ്പേ യാത്രകള്‍ തുടങ്ങി, അങ്ങനെ പതിയെ ഇവിടത്തെ സ്ഥലങ്ങളെയും മനുഷ്യരെയും ഞാന്‍ ഇഷ്ടപ്പെടാന്‍ പഠിച്ചു. എങ്കിലും പുറത്തൊന്നു നടക്കാനിറങ്ങിയാല്‍ തൊട്ടുമുന്നില്‍ കാണുന്ന അപരിചിതര്‍ ഹായ്, ഹൗ ആര്‍ യു എന്ന് ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ ഇയാള്‍ക്ക് വട്ടാണോയെന്നോര്‍ത്ത് ഒരുമിനിറ്റ് താമസിക്കാതെ എനിയ്ക്ക് മറുപടി പറയാനും തിരിച്ച് വിഷ് ചെയ്യാനും ഇപ്പോഴും കഴിയുന്നില്ല എന്നത് അവന് വലിയ സങ്കടമുള്ള കാര്യമാണ്. ബേസിക്കലി ഐ ആം എ കണ്‍ട്രി എന്നു പറഞ്ഞ് ഞാനിക്കാര്യത്തില്‍ അവനെ സമാധാനിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

കാലിഫോര്‍ണിയയിലെ സിറ്റി ഓഫ് സാന്റ ക്ലാരയില്‍ താമസം തുടങ്ങി നാളുകള്‍ കഴിഞ്ഞിട്ടും ഹോളിവുഡ് കാണാന്‍ പോകാനുള്ളൊരു സാധ്യത എന്റെ മനസ്സില്‍ തെളിഞ്ഞില്ല. പക്ഷേ അഞ്ചാം മാസം ഓഫര്‍വന്നു, ഒരു ദിവസം ഓഫീസില്‍ നിന്നും വരുന്നത് വീക്ക് എന്‍ഡില്‍ എല്‍എയ്ക്കുപോകാം എന്നും പറഞ്ഞുകൊണ്ടാണ്. കേള്‍ക്കേണ്ടതാമസം ഞാന്‍ തയ്യാറെടുപ്പും തുടങ്ങി. അവിടെ ചെയ്യാനുള്ളതും കാണാനുള്ളതും എല്ലാം തപ്പിയെടുത്തു. മറ്റെന്തൊക്കെയുണ്ടെങ്കിലും ഹോളിവുഡും ബിവര്‍ളി ഹില്‍സും വിട്ട് ഒരു കളിയുമില്ലല്ലോ. മാത്രവുമല്ല, സാന്റ ക്ലാര സിറ്റി മുതല്‍ ലോസ്ആഞ്ജലസ് നഗരം വരെ ഡ്രൈവ് ചെയ്താണ് യാത്ര, അതും ഞങ്ങള്‍ രണ്ടും തനിച്ച്. ഹോ പ്രിയസ്ഥലത്തേയ്ക്കുള്ള യാത്ര വളരെ റൊമാന്റിക്കായിരിക്കുമെന്നോര്‍ത്ത് ഞാന്‍ പുളകം കൊണ്ടു.  

ലോസ്ആഞ്ജലസിലേയ്ക്കുള്ള വഴി

 ഉച്ചയ്ക്ക് രണ്ടുമണിയ്ക്കാണ് യാത്ര തുടങ്ങിയത്. പച്ചക്കറി വയലുകള്‍ക്കും പിസ്തത്തോട്ടങ്ങള്‍ക്കുമിടിയിലൂടെയും കുന്നുകയറിയും ഇറങ്ങിയുമുള്ളയാത്ര. ഇടയ്ക്ക് വിശപ്പുതീര്‍ക്കാനും വണ്ടിയില്‍ ഇന്ധനം നിറയ്ക്കാനുമായി രണ്ടിടത്ത് ഇറങ്ങിയതൊഴിച്ചാല്‍ വിശ്രമം അധികമില്ല, രാത്രി എട്ടരയോടെ ഞങ്ങള്‍ എല്‍എ നഗരം പൂകി, ഹോളിവുഡ് എന്ന പച്ചയില്‍ വെളുത്ത അക്ഷരങ്ങളുള്ള ബോര്‍ഡ് കണ്ടപ്പോള്‍ത്തന്നെ ആവേശം ഉച്ചിയിലെത്തി. പിന്നെ ഹോട്ടലിലെത്തി കുളിയുംകഴിഞ്ഞ് പിറ്റേന്നത്തെ യാത്രകളും പ്ലാന്‍ചെയ്ത് ഉറക്കം. അവന്‍ നേരത്തേ വന്നിട്ടുണ്ടെന്നതുകൊണ്ടുതന്നെ എവിടെപ്പോണം, എന്തുചെയ്യണമെന്നെല്ലാമുള്ള ആലോചനകള്‍ക്ക് വലിയ സ്ഥാനമില്ലായിരുന്നു.


കാലത്ത് ആദ്യത്തെ ലക്ഷ്യം എല്‍എ ഡൗണ്‍ടൗണ്‍ ആയിരുന്നു. ഞങ്ങള്‍ താമസിക്കുന്ന സാന്റ ക്ലാരയിലെപ്പോലെയല്ല, ആളുകളുണ്ട് നിറയെ, ബസുകളും മറ്റ് വാഹനങ്ങളുമുണ്ട് നിരത്തില്‍ , സാന്റ ക്ലാരയില്‍ ഒരു ബസ് കണ്ടുകിട്ടണമെങ്കില്‍ ചുരുങ്ങിയത് ഒരുമണിക്കൂര്‍ നടക്കണം, സിറ്റിയെന്നാണ് പറച്ചിലെങ്കിലും ചില്ലറ ഷോപ്പുകളും അപ്പാര്‍ട്‌മെന്റുകളുമൊഴിച്ചാല്‍ സാന്റ ക്ലാര എപ്പോഴും ഉറങ്ങിക്കിടക്കുന്നതുപോലെയാണ്. ആളനക്കം കേള്‍ക്കണമെങ്കില്‍ അപ്പുറത്ത് സാന്‍ ഹോസെയിലെത്തണം., ഡൗണ്‍ ടൗണിലേയ്ക്കുള്ള വഴിയില്‍ ഡിസ്‌നി കണ്‍സേര്‍ട്ട് ഹാളും, മ്യൂസിക് സെന്ററും അടുത്തുള്ള കാത്തലിക് ചര്‍ച്ചും കണ്ടു. പള്ളിയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ സന്ദര്‍ശനം നടത്തിയകാലത്ത് ഇട്ട കോട്ടും ഇരുന്ന കസേരയുമെല്ലാം സൂക്ഷിച്ച് വച്ചിട്ടുണ്ട്. പള്ളിയിലെ ചിത്രങ്ങളും ശില്‍പങ്ങളുമെല്ലാം ഗംഭീരമാണ്.
പിന്നെ പോയത് ടോക്കിയോ ടൗണിലേയ്ക്കാണ്. ജപ്പാന്‍കാര്‍ ഏറെയുള്ള സ്ഥലമാണിത്. ജപ്പാന്‍ ശൈലിയിലുള്ള കെട്ടിടങ്ങളും ജപ്പാനീസ് ഭക്ഷണവും വസ്ത്രങ്ങളും കിട്ടുന്ന കടകളുമെല്ലാം ഏറെയുണ്ടിവിടെ. അടുത്തലക്ഷ്യം ഈ ഭാഗത്തുള്ള ചൈന ടൗണ്‍അന്വേഷിച്ചായിരുന്നു. പക്ഷേ ചെന്നെത്തിയത് പഠിച്ച മാപ്പിലൊന്നും അധികം കാണാതിരുന്ന ഒരു ഭാഗത്ത്. മെക്‌സിക്കോക്കാരുടെ ഒരു പരമ്പരാഗത വീഥിലിയേക്കാണ്. അവിടെ മെക്‌സിക്കന്‍ വസ്ത്രങ്ങളും, തുകല്‍ ഉല്‍പ്പന്നങ്ങളും കരകൗശലവസ്തുക്കളുമെല്ലാം വില്‍ക്കുന്ന ചെറിയചെറിയ കടകള്‍(നമ്മുടെ നാട്ടിലെ പെട്ടിക്കടപോലെ)നിരനിരയായി കിടക്കുന്നു. പിന്നെ മെക്‌സിക്കന്‍ ഭക്ഷണം കിട്ടുന്ന റസ്റ്റോറന്റുകള്‍ എല്ലാമുണ്ട്. കണ്ടാല്‍ ഇഷ്ടപ്പെടുന്ന എന്തൊക്കേയോ ഉണ്ട്, ചിലതെല്ലാം ഞാന്‍ വാങ്ങി, ചിലതില്‍ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറിലുള്ള ഡോളര്‍ കണ്ട് ഞെട്ടി ഞാനതുപോലെതന്നെ തിരിച്ചുവച്ചു. കൂട്ടത്തില്‍ തുകല്‍ ഉല്‍പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന ചില കടകളുണ്ട്, ഒറിജിനല്‍ തുകലിന്റെ മണം, തുകല്‍ ബാഗുകളും ചെരുപ്പുകളും അവിടെത്തന്നെ ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്നു. ചില സാധനങ്ങള്‍ തിരഞ്ഞ് ഈ തെരുവിലൂടെ രണ്ടുവട്ടം അങ്ങോട്ടുമിങ്ങോട്ടും നടന്നുകഴിഞ്ഞ് ചൈന ടൗണിന്റെ ദിശ കണ്ടുപിടിച്ച് അങ്ങോട്ട് നടന്നു.

ഒരു കൊച്ചു ചൈന സൃഷ്ടിച്ചെടുത്തപോലെയാണ് ചൈന ടൗണ്‍, ചൈനീസ് വസ്തുക്കള്‍കിട്ടുന്ന കടകള്‍, ഭക്ഷണശാലകള്‍, പലചരക്ക് കടകള്‍, കരകൗശലക്കടകള്‍. തുണിക്കടകളിലും മറ്റും അപ്രതീക്ഷിതമായ വിലക്കുറവ് കണ്ട് ഞാന്‍ ചിലതെല്ലാം സ്വന്തമാക്കുകയും ചെയ്തു. ഇവിടെവച്ചായിരുന്നു ഉച്ചഭക്ഷണം. പക്ഷേ ഭക്ഷണം ഞങ്ങളെ നിരാശപ്പെടുത്തി, ഞാന്‍ ചൈനീസ് ഫുഡ് കഴിച്ചിട്ടുള്ളത് നാട്ടിലെ ഇന്ത്യനൈസ്ഡ് ചൈനീസ് റസ്റ്റോറന്റുകളില്‍ നിന്നും പിന്നെ ഇവിടെ വന്നതില്‍പ്പിന്നെ പാണ്ഡ ഫുഡ്‌സ് പോലുള്ള അമേരിക്കനൈസ്ഡ് ചൈനീസ് റസ്‌റ്റോറണ്ടുകളില്‍ നിന്നുമാണ്. എന്നാല്‍ ആ രുചിയും പ്രതീക്ഷിച്ച് ചൈന ടൗണിലെ ഹോട്ടലില്‍ കയറിയ ഞങ്ങള്‍ക്ക് പലതരം സാധനങ്ങള്‍ വാങ്ങിച്ചെങ്കിലും നിരാശയായിരുന്നു ഫലം, അല്‍പമെങ്കിലും കഴിയ്ക്കാന്‍ കഴിഞ്ഞത് ഞണ്ടിന്റെ ഇറച്ചിയിട്ടുണ്ടാക്കിയ ഫ്രൈഡ്‌റൈസായിരുന്നു. ഭക്ഷണക്കാര്യം നിരാശതന്നുവെങ്കിലും അടുത്തത് ഹോളിവുഡിലേയ്ക്കാണല്ലോയെന്ന ചിന്ത എന്നെ സന്തോഷത്തിലേയ്ക്ക് തിരിച്ചെത്തിച്ചു.

അവിടെനിന്നും മെട്രോ തീവണ്ടിയില്‍ കയറി ഹോളിവുഡിന് ടിക്കറ്റെടുത്തു. കാലത്തു കയറിയ ബസില്‍ നിന്നും ഒരു ദിവസത്തെ യാത്രക്കുവേണ്ട ഒരു കാര്‍ഡ് എടുത്തിരുന്നതിനാല്‍ മറ്റ് പൊല്ലാപ്പൊന്നുമില്ല, കയറുന്നതിന് മുമ്പേ സ്റ്റേഷനിലുള്ള മോണിറ്ററില്‍ അത് സൈ്വപ്പ് ചെയ്യുക, തീവണ്ടി വരുമ്പോള്‍ കയറിയിരിക്കുക അത്രതന്നെ. ഹോളിവുഡില്‍ എത്തുന്നതുവരെ വളരെ കുറച്ചുദൂരം മാത്രമാണ് പുറംലോകത്തുകൂടി റെയില്‍ കടന്നുപോകുന്നത്, കൂടുതലും അണ്ടര്‍ഗ്രൗണ്ടിലൂടെയാണ് യാത്ര സ്‌റ്റേഷനുകളും അങ്ങനെതന്നെ മൂന്നും നാലും നിലകളിലായി ഭൂമിക്കടിയിലേയ്ക്ക് പണിതിരിക്കുന്ന സ്റ്റേഷനുകള്‍.
കണ്ണടച്ചുതുറക്കും മുമ്പേ ഹോളിവുഡിലെ സ്‌റ്റേഷനില്‍ വണ്ടിയെത്തി. ഹോളിവുഡിലേയ്ക്കാണല്ലോ എന്നോര്‍ത്ത് ഞാനിങ്ങനെ തുള്ളിച്ചാടി നടക്കുകയായിരുന്നു. സ്റ്റേഷനില്‍ നിന്നും കയറി പുറത്തേയ്ക്കു വന്നപ്പോള്‍ത്തന്നെ അതാ ഫുട്പാത്തില്‍ ആള്‍ക്കൂട്ടം, നോക്കുമ്പോള്‍ ഒരു പെരുമ്പാമ്പിനെയും തോളത്തിട്ട് ഒരു ചങ്ങാതി നില്‍ക്കുന്നു. പിന്നെയും മുന്നോട്ടെത്തിയപ്പോള്‍ പാമ്പാശാന്മാന്‍ ഒന്നും രണ്ടുമല്ല, മസിലുകള്‍ കാണിച്ച് കഴുത്തില്‍ പാമ്പിനെ ചുറ്റിയിട്ടും മറ്റും അവരങ്ങനെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ റെഡിയായി നില്‍ക്കുന്നു. കൂട്ടത്തില്‍ മര്‍ലിന്‍ മണ്‍റോയുണ്ട്, അര്‍നോള്‍ഡ് ഷാസ്‌നഗറുണ്ട്, എന്റെ പ്രിയതാരം മൈക്കല്‍ ജാക്‌സണുണ്ട്, കുട്ടികളെ പാട്ടിലാക്കാനായി പ്രശസ്തമായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും റോബോട്ടുകളുമുണ്ട്. ഇവരെയൊക്കെ നന്നായിട്ടൊന്ന് കാണണമെന്നും ഇത്തിര ഡോളര്‍ പോയാലും ജാക്‌സണ്‍ ഫിഗറിന്റെ കൂടെ നിന്നൊരു ഫോട്ടോ എടുക്കണമെന്നുമൊക്കെ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവിടെയും ഇവിടെയുമായി കറങ്ങി നില്‍ക്കുന്ന പാമ്പിനെ തോളിലിട്ടവര്‍ എനിയ്ക്കതിനുള്ള അവസരം തന്നില്ല, രാത്രി പാമ്പിനെ സ്വപ്‌നം കാണാനുള്ള മനക്കരുത്തില്ലാത്തതിനാല്‍ എത്രയും പെട്ടെന്ന് ആ തിരക്കില്‍ നിന്നും അവനെയും പിടിച്ചുവലിച്ച് ഞാന്‍ കടന്നു.


തലേരാത്രി ഹോളിവുഡിലെ പ്രധാന വിനോദപരിപാടികള്‍ എന്താണെന്ന് തിരയുന്നതിനിടയില്‍ കണ്ട പ്രധാനപ്പെട്ടകാര്യം ബിവര്‍ളി ഹില്‍സിലെ സ്റ്റാര്‍ ഹോംസ് കണ്ടുകൊണ്ടുള്ള ഒരു റൈഡായിരുന്നു. നെറ്റില്‍ നോക്കിയപ്പോള്‍ മുടിഞ്ഞ ഫീസ്. സംഗതി പറഞ്ഞപ്പോള്‍ നല്ല കോസ്റ്റ്‌ലിയാണെന്ന അവന്റെ കമന്റും. ഹോളിവുഡിലൂടെ നടക്കുമ്പോഴും ആ യാത്രതന്നെയായിരുന്നു എന്റെ മനസ്സില്‍ കാര്യം മറ്റൊന്നുമല്ല, സ്റ്റാര്‍ ഹോംസ് ട്രിപ്പില്‍ മൈക്കല്‍ ജാക്‌സണ്‍ താമസിച്ച വീടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അങ്ങനെ തെരുവിലൂടെ ഓരോന്ന് കണ്ട് നടക്കുന്നതിനിടയില്‍ അവനെന്നേം പിടിച്ചുവലിച്ച് മറുഭാഗത്തേയ്ക്ക് നടക്കുന്നു. ചില ചെറുക്കന്മാരുമായി സംസാരിക്കുന്നു സ്റ്റാര്‍ ഹോംസ് റൈഡിന്റെ ടിക്കറ്റെടുക്കുന്നു. അങ്ങനെ എന്റെ മറ്റൊരാഗ്രഹം കൂടി സാധിയ്ക്കുന്നു. പിന്നെ വണ്ടിവരാനുള്ള കാത്തിരിപ്പായി. ഇതിനിടെ ഇവന്മാര്‍ പറ്റിയ്ക്കുമോ, വണ്ടി വരാതിരിക്കുമോയെന്നുള്ള എന്റെ പതിവ് സംശയങ്ങള്‍. എന്തായാലും വണ്ടി വന്നു. എല്ലാവരും അനുസരണയുള്ള ആട്ടിന്‍കുട്ടികളെപ്പോലെ ടിക്കറ്റെടുത്ത മുറയ്ക്ക് വണ്ടിയില്‍ കയറിയിരുന്നു. വണ്ടി കുന്നുകയറിപ്പോകുന്നു, ആദ്യം നിര്‍ത്തിയത് ഹോളിവുഡ് സൈന്‍ കാണാനാണ്. ദൂരെ മലയുടെ ചരിവിലായി എഴുതിവച്ച ഹോളിവുഡ് എന്ന സൈന്‍ വ്യക്തമായി കാണുക, ഫോട്ടോ എടുക്കുക എന്നിവയാണ് ലക്ഷ്യം. മാത്രമല്ല ഈ ഉയരത്തില്‍ കയറി നില്‍ക്കുമ്പോള്‍ താഴെ എല്‍എ ഡൗണ്‍ ടൗണിന്റെ ദൃശ്യം മനോഹരമായി കാണുകയും ചെയ്യാം. ഫോട്ടോയെടുക്കലും മറ്റും കഴിഞ്ഞ് എല്ലാവരും വീണ്ടും വണ്ടിയില്‍.
സ്റ്റാര്‍ ഹോം ടൂര്‍ എന്നാണ് പേരെങ്കിലും ഒരു സ്റ്റാര്‍ ഹോമും ശരിയ്ക്കു കാണാന്‍ അവസരമില്ലെന്നതാണ് സത്യം. ആദ്യം കണ്ടത് ജന്നിഫര്‍ അനിസ്റ്റണ്‍ന്റെ വീടാണ്. ഇതാ എന്റെ ഇടതുവശത്തായി അകലെ ആ കുന്നിന്‍ പുറത്ത് കാണുന്നതാണ് ഇന്നാരുടെ വീട്. എന്റെ വലതുവശത്തായി നീല പെയിന്റടിച്ച വീടാണ് മറ്റേയാളുടെ വീട് എന്നിങ്ങനെ ഗൈഡ് കൂടിയായ ഡ്രൈവര്‍ പറയുമ്പോള്‍ നമ്മള്‍ ചാഞ്ഞും ചരിഞ്ഞും നോക്കണം. എന്തായാലും മിന്നായം പോലെ എന്തൊക്കെയോ കാണാം. കൂട്ടത്തില്‍ ടോം ക്രൂസ്, ജാക്കി ചാന്‍ തുടങ്ങിയ വമ്പന്മാരുടെയും ചില സാധാരണ നടീനടന്മാരുടെയുമൊക്കെ വീടുകളുണ്ടായിരുന്നു. കുറേക്കഴിഞ്ഞാണ് ജാക്‌സണ്‍ താമസിച്ചിരുന്ന വീടിനടുത്തെത്തിയത്. വലിയ ചുറ്റുമതിലുള്ള വീട് വണ്ടിയിലിരുന്ന് കാണുക പ്രയാസമാണ് എന്നാലും ഗേറ്റും മുകള്‍ നിലയും മൂടിവച്ചിരിക്കുന്ന ഒരു കാറുമെല്ലാം ഞാന്‍ ക്യാമറയില്‍ പകര്‍ത്തി.


കുഞ്ഞായിരുന്നപ്പോള്‍ ജാക്‌സണ്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ചിരുന്ന ഒരു ഓഡിറ്റോറിയം യാത്രയുടെ തുടക്കത്തില്‍ത്തന്നെ കണ്ടിരുന്നു. ജാക്‌സണ്‍ന്റെ വീട് കണ്ടതോടെ എന്റെ ആക്രാന്തം അവസാനിച്ചു. പിന്നെയുള്ള ഒരു പ്രലോഭനം ഡേവിഡ് ബക്കാമിന്റെ വീടായിരുന്നു, അതിനെപ്പറ്റി ഡ്രൈവര്‍ ഒന്നും മിണ്ടിയില്ല, ആരും ചോദിച്ചുമില്ല. ഇടക്ക് അയാള്‍ യാത്രയുടെ ഓപ്പറേറ്റര്‍മാരുടെ ഫോണ്‍വിളികള്‍ക്ക് മറുപടി നല്‍കുന്നുണ്ടായിരുന്നു. വേഗം തിരിച്ചെത്തുക അടുത്തസംഘം അക്ഷമരായി കാത്തുനില്‍ക്കുന്നു എന്നതു തന്നെയായിരുന്നു ഫോണ്‍ വിളികളുടെ ഉള്ളടക്കം, തിരക്കായതുകൊണ്ടാകാം അയാള്‍ ബക്കാമിന്റെ വീട് കാണിച്ചില്ല.
പിന്നെ തിരികെ വീണ്ടു ഹോളിവുഡിലേയ്ക്ക്, അപ്പോഴേയ്ക്കും വേകുന്നേരമായിരുന്നു. തെരുവില്‍ നല്ല തിരക്ക്. യാത്രാക്ഷീണം തീര്‍ക്കാന്‍ ഭക്ഷണം കഴിച്ചശേഷം വീണ്ടും തെരുവ് തെണ്ടല്‍. ഓസ്‌കാര്‍ അവാര്‍ഡ് ദാനച്ചടങ്ങ് നടക്കുന്ന ഡോള്‍ബി തിയേറ്റര്‍, തൊട്ടടുത്തായുള്ള മാഡം തുസ്സേഡ് മെഴുകു മ്യൂസിയം ഇതെല്ലാം കണ്ടിറങ്ങിക്കഴിഞ്ഞപ്പോള്‍ ഞാന്‍ പുതിയൊരു താല്‍ക്കാലിക ഹോബി കണ്ടുപിടിച്ചു. ഹോളിവുഡ് വീഥിയിലെ ഫുട്പാത്തുകളിലെല്ലാം കറുത്ത ഗ്രാനൈറ്റ് പതിച്ചിട്ടുണ്ട്, അതിന് മുകളിലായി ചുവന്ന നിറത്തിലുള്ള നക്ഷത്രങ്ങളാണ് ഈ നക്ഷത്രങ്ങളിലെല്ലാം പുകള്‍പെറ്റ അഭിനേതാക്കള്‍, കാര്‍ട്ടൂണ്‍, അനിമേഷന്‍ കഥാപാത്രങ്ങള്‍, ഗായകര്‍, വാദ്യോപകരണവിദഗ്ധര്‍, ടെലിവിഷന്‍ താരങ്ങള്‍ തുടങ്ങിയവരുടെ പേരുകള്‍ സ്വര്‍ണനിറത്തില്‍ പതിച്ചിരിക്കുകയാണ്. വാക്ക് ഓഫ് ഫെയിം എന്നാണിതിന് പേര്. ഇക്കൂട്ടത്തില്‍ അറിയാവുന്നവരുടെയൊക്കെ പേരുകള്‍ കണ്ടുപിടിച്ച് ആ നക്ഷത്രങ്ങള്‍ ക്യാമറയിലാക്കുകയായിരുന്നു പിന്നത്തെ പരിപാടി. ടോം ക്രൂസിനെയും ഷാസ്‌നഗറിനെയും ഷ്രക്കിനെയുമൊക്കെ ഞാനങ്ങനെ സ്വന്തമാക്കി. ഹോളിവുഡിലെ തിരക്കുള്ള ഭാഗം കഴിഞ്ഞ് പുറത്തേയ്ക്കും നീളുന്നുണ്ട് വാക്ക് ഓഫ് ഫെയിം.
പിന്നത്തെ ലക്ഷ്യം ഇവിടത്തെ സുവനീര്‍ കടകളായിരുന്നു. പലേടത്തായി കയറിയിറങ്ങി കുറേ സുവനീറുകളും സംഘടിപ്പിച്ചു. അപ്പോഴേയ്ക്കും ഏതാണ്ട് ഇരുട്ടായിത്തുടങ്ങി. അതോടെ വിശപ്പിന്റെ വിളിയും തുടങ്ങി, ബ്രഡിനുള്ളില്‍ ഇറച്ചി വച്ചുകഴിയ്ക്കുന്ന ഇടപാടിനോട് എനിയ്ക്ക് വലിയ താല്‍പര്യമില്ലാത്തതിനാല്‍ത്തന്നെ ഹോളിവുഡില്‍വച്ച് എന്ത് കഴിയ്ക്കുമെന്ന് ആലോചിച്ച് കണ്‍ഫ്യൂഷനായി നടക്കുകയാണ് ഞങ്ങള്‍. അപ്പോഴതാ പെട്ടെന്ന് ഒരു ബോര്‍ഡ് തിളങ്ങുന്നു അര്‍ബന്‍ മസാലയെന്ന പേരില്‍ ഒരു ഇന്ത്യന്‍ റസ്‌റ്റോറന്റ്, പിന്നെ അമാന്തിച്ചില്ല കയറിച്ചെല്ലുന്നു ഓര്‍ഡര്‍ ചെയ്യുന്നു, വെജും നോണ്‍വെജുമെല്ലാമുണ്ട്. അമേരിക്കയിലെത്തി കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ ഇത്രയും രുചിയോടെ നമ്മുടെ സ്വന്തം ചിക്കന്‍ കറിയും റൈസും വേറെ എവിടെയും കിട്ടിയിട്ടില്ല.

വയറിന്റെകാര്യം തരപ്പെട്ടസന്തോഷത്തില്‍ ഞങ്ങള്‍ വീണ്ടുംകുറച്ച് നടന്ന് ഹോളിവുഡ് വീഥിയുടെ കവാടത്തിലെത്തി പടങ്ങളൊക്കെയെടുത്തു. കുറച്ച് ഇരുട്ടുന്നതുവരെ അവിടെ കറങ്ങിനടക്കാമെന്നുവച്ചത് രാത്രിയിലെ ഹോളിവുഡ് കാണുകയെന്ന ഉദ്ദേശത്തോടെയായിരുന്നു. എന്നാല്‍ എട്ടുമണിയായതോടെ കടകളെല്ലാം അടച്ചുതുടങ്ങി, പിന്നെ ചില ഹോട്ടലുകളും ബാറുകളും മാത്രമേ തുറന്നുകിക്കകുന്നുള്ളു, ആളുകളൊഴിയുകയും ചെയ്തു. എന്നാല്‍പ്പിന്നെ നിന്നിട്ടുകാര്യമില്ലെന്ന് തോന്നിയതോടെ എട്ടരമണിയോടെ ബസ് പിടിച്ച് ഞങ്ങള്‍ വീണ്ടും ഹോട്ടലിലേയ്ക്ക്. ഒട്ടും പ്രതീക്ഷിക്കാതെ ഏറെ ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങള്‍ കാണാന്‍ കഴിഞ്ഞുവെന്ന യാഥാര്‍ത്ഥ്യം എനിയ്ക്കപ്പോഴും അവിശ്വസനീയമായി തോന്നുകയായിരുന്നു.

അടുത്ത ദിവസത്തെ ലക്ഷ്യം യൂണിവേഴ്‌സല്‍ സ്റ്റുഡിയോ കാണുകയെന്നതായിരുന്നു. പലതരം റൈഡുകളുണ്ട് റൈഡുകളുണ്ട് എന്ന് അവന്‍ ഉറങ്ങുന്നതിന് മുമ്പായി ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. എന്തായിരിക്കും ഈ സംഭവങ്ങള്‍ എന്നോര്‍ത്ത് ആകാംഷയോടൊപ്പം ചെറിയ പേടിയുമുണ്ടായി. നാട്ടിലെ തീം പാര്‍ക്കുകളിലെ ചില വാട്ടര്‍ റൈഡുകളൊക്കെ എനിയ്ക്ക് വല്ലാത്ത പേടിയാണ്, ഇനി അതുപോലെ വല്ലതുമാവുമോയെന്ന് സംശയം എന്തായാലും വേണ്ടില്ല വരുന്നേടത്ത് വച്ച് കാണാം എന്ന് വിചാരിച്ച് ഞാനും ഉറക്കത്തിലേയ്ക്ക് പോയി.

2012, മേയ് 21, തിങ്കളാഴ്‌ച

കുളി, വിയര്‍പ്പ്, നാറ്റം അങ്ങനെ പലവിധം.......!

വിയര്‍പ്പുമണമാണത്രേ!

നാളേറെയായി മാറാത്ത അഴുക്കുടുപ്പുകളില്‍,

വിയര്‍പ്പ് ഉണങ്ങിപ്പൊടിയുന്നെന്ന്....

ലഹരി നല്‍കുന്ന മാല്‍ബറോ മണത്തിനും മീതേ,

ലാവണ്ടര്‍ നീരിന്‍റെ ഉന്മത്തഗന്ധത്തിനും മീതേ,
വിയര്‍പ്പു നാറ്റം പടരുന്നുവെന്ന്....!ഇടയ്ക്ക് സംശയിയ്ക്കുന്നുമുണ്ട്,

വിയര്‍പ്പല്ലിത് ഏതോ വില കുറഞ്ഞ,

പഴയകാല ഫില്‍ട്ടറില്ലാ സിഗരറ്റിന്‍റെ ഗന്ധമാണെന്ന്...
...ഹാ!ഇനിയുമൊന്ന് സ്വയം കഴുകിത്തുടച്ചില്ലെങ്കില്‍

കുളിയ്ക്കായ്മയുടെ ഈ

മധുരപ്പതിനേഴാം ദിനത്തില്‍

അവന്‍ കാലിന്‍റെ കത്രികപ്പൂട്ടില്‍ കുടുക്കി

ഞെരിച്ചമര്‍ത്തി പുറത്തേയ്ക്ക്
വലിച്ചെറിയും !കുളിപ്പിയ്ക്കാനൊരു മഴപോലുമില്ല!

അതിനാല്‍

ഇനി ഞാന്‍ കുളിയ്ക്കട്ടെ

കുളിപ്പാത്രത്തില്‍ നിവര്‍ന്നുകിടന്ന്

വക്കിലെ പച്ചപ്പായലില്‍

വിയര്‍പ്പുകണത്തിന്‍റെ

രൂപങ്ങള്‍ നഖമുനയാല്‍ കണ്ടെടുത്ത്

ചൂടുവെള്ളത്തില്‍ സ്വയം കുതിര്‍ത്തെടുത്ത്

ചളി തുടച്ചകറ്റി

മാല്‍ബറോയ്ക്കും മീതെ

സുഗന്ധം പരത്തി ഞാന്‍ കിടപ്പറ പൂകട്ടെ....!