2012, മേയ് 21, തിങ്കളാഴ്‌ച

കുളി, വിയര്‍പ്പ്, നാറ്റം അങ്ങനെ പലവിധം.......!

വിയര്‍പ്പുമണമാണത്രേ!

നാളേറെയായി മാറാത്ത അഴുക്കുടുപ്പുകളില്‍,

വിയര്‍പ്പ് ഉണങ്ങിപ്പൊടിയുന്നെന്ന്....

ലഹരി നല്‍കുന്ന മാല്‍ബറോ മണത്തിനും മീതേ,

ലാവണ്ടര്‍ നീരിന്‍റെ ഉന്മത്തഗന്ധത്തിനും മീതേ,
വിയര്‍പ്പു നാറ്റം പടരുന്നുവെന്ന്....!



ഇടയ്ക്ക് സംശയിയ്ക്കുന്നുമുണ്ട്,

വിയര്‍പ്പല്ലിത് ഏതോ വില കുറഞ്ഞ,

പഴയകാല ഫില്‍ട്ടറില്ലാ സിഗരറ്റിന്‍റെ ഗന്ധമാണെന്ന്...
...ഹാ!



ഇനിയുമൊന്ന് സ്വയം കഴുകിത്തുടച്ചില്ലെങ്കില്‍

കുളിയ്ക്കായ്മയുടെ ഈ

മധുരപ്പതിനേഴാം ദിനത്തില്‍

അവന്‍ കാലിന്‍റെ കത്രികപ്പൂട്ടില്‍ കുടുക്കി

ഞെരിച്ചമര്‍ത്തി പുറത്തേയ്ക്ക്
വലിച്ചെറിയും !



കുളിപ്പിയ്ക്കാനൊരു മഴപോലുമില്ല!

അതിനാല്‍

ഇനി ഞാന്‍ കുളിയ്ക്കട്ടെ

കുളിപ്പാത്രത്തില്‍ നിവര്‍ന്നുകിടന്ന്

വക്കിലെ പച്ചപ്പായലില്‍

വിയര്‍പ്പുകണത്തിന്‍റെ

രൂപങ്ങള്‍ നഖമുനയാല്‍ കണ്ടെടുത്ത്

ചൂടുവെള്ളത്തില്‍ സ്വയം കുതിര്‍ത്തെടുത്ത്

ചളി തുടച്ചകറ്റി

മാല്‍ബറോയ്ക്കും മീതെ

സുഗന്ധം പരത്തി ഞാന്‍ കിടപ്പറ പൂകട്ടെ....!

2012, മേയ് 2, ബുധനാഴ്‌ച

സ്വന്തം വീട്ടില്‍ വിരുന്നുകാരിയായപ്പോള്‍

വളരെപ്പണ്ടുമുതലേ തന്നെ എന്നു വച്ചാല്‍ തിരിച്ചറിവുണ്ടാകുന്നതിനും എത്രയോ മുമ്പേ കല്യാണമെന്ന സംഗതിയോട് വലിയ എതിര്‍പ്പു തോന്നിയിട്ടുണ്ട്. എന്നെ ഓമനിച്ചും ലാളിച്ചും കൊണ്ടുനടന്ന അമ്മയുടെ അനിയത്തി കല്യാണം കഴിഞ്ഞു പോയതോടെയാണ് യഥാര്‍ത്ഥത്തില്‍ ഈ എതിര്‍പ്പ് ഉള്ളിലുടലെടുത്തത്. ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിയ്ക്കുമ്പോഴായിരുന്നു ചേച്ചിയുടെ കല്യാണം കഴിഞ്ഞ് ചേച്ചിയെ ഭര്‍തൃവീട്ടിലാക്കി തിരികെ എല്ലാരും കൂടി വീട്ടിലെത്തിയപ്പോള്‍ ഞാനനുഭവിച്ച ശൂന്യത, കുഞ്ഞായിരുന്ന എനിയ്ക്കന്ന് തേങ്ങലടക്കാന്‍ കഴിഞ്ഞിരുന്നില്ല.

പിന്നീട് വീട്ടില്‍ നിന്നും പലരും കല്യാണം കഴിഞ്ഞ് പോയി, ചിലരെ കല്യാണം കഴിച്ച് കൊണ്ടുവന്നു. അതിന്‍റെ ആഘോഷങ്ങള്‍ക്കിടയിലെല്ലാം ഞാനിങ്ങനെ തിത്തയ്യം വച്ച് നടക്കാറുണ്ടായിരുന്നെങ്കിലും എന്‍റെ ജീവിത്തതില്‍ ഇങ്ങനെയൊരു ദിവസം വന്നുചേരുകയില്ലെന്നും ഞാനൊരിക്കലും അതിനോളം വലുതാവുകയില്ലെന്നുമുള്ള കുറേ ധാരണകളും കൊണ്ടായിരുന്നു സ്കൂള്‍ കാലത്ത് നടന്നിരുന്നത്. പിന്നെ പതിയെ പത്താം ക്ലാസ് കഴിയുമ്പോഴേയ്ക്കും കല്യാണം കഴിയ്ക്കേണ്ട എന്ന് ഞാനങ്ങ് തീരുമാനിയ്ക്കുകയും ചെയ്തു. ഇതിനെന്തെങ്കിലും പ്രത്യേക കാരണമുണ്ടോയെന്ന് ചോദിച്ചാല്‍ തലവേദനപിടിച്ച ഒരുതരം ഏര്‍പ്പാടാണ് ഈ കല്യാണമെന്ന തോന്നലില്‍ക്കൂടുതല്‍ ഒന്നുമുണ്ടായിരുന്നില്ലതാനം. എന്നാല്‍ പ്രണയത്തിന് ഞാനൊട്ട് എതിരായിരുന്നുമില്ല.

പിന്നീട് പഠിപ്പിനിടെ വരുന്ന കല്യാണാലോചനകള്‍ തലവേദനയായി മാറിയപ്പോള്‍ ഞാന്‍ വീട്ടില്‍ നടത്തിയ സമരങ്ങള്‍ക്ക് കണക്കില്ല. വേണ്ടതിലേറെ സ്വാതന്ത്ര്യം തന്നാണ് വളര്‍ത്തിയതെങ്കിലും ഞാന്‍ കല്യാണം കഴിച്ചു കാണമെന്നുള്ള പരന്പരാഗത മോഹത്തില്‍ നിന്നും എന്‍റെ അച്ഛനും അമ്മയും ബാക്കിയുള്ളവരും മുക്തരായിരുന്നില്ല.ഞാന്‍ തിരിച്ചറിവെത്തിയപ്പോള്‍ കുടുംബത്തില്‍ വീണ്ടും കല്യാണങ്ങള്‍ നടന്നു കസിന്‍ ചേച്ചിമാരില്‍ ഒരാളുടെ കല്യാണം കഴിഞ്ഞപ്പോള്‍ അതുണ്ടാക്കിയ വേദനയ്ക്കും കണക്കില്ല. വളര്‍ന്നുകഴിഞ്ഞിട്ടും കുഞ്ഞുന്നാളിലുള്ള അതേ വാത്സല്യം എനിയ്ക്ക് തന്നിരുന്നു ചേച്ചി, കല്യാണം കഴിഞ്ഞിട്ടും അതിന് മാറ്റമൊന്നുമുണ്ടായില്ലെങ്കിലും, എന്തോ ഒരു മാറ്റമുണ്ടെന്നകാര്യം തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നു. ഇതിനിടെ ഞാന്‍ കെട്ടേണ്ടിവരുമെന്ന പല അവസ്ഥകളില്‍ നിന്നും ബുദ്ധിപൂര്‍വ്വം തടിയൂരിപ്പോന്നുകൊണ്ടിരുന്നു. തീര്‍ത്തും അസാധാരണമായ എന്‍റെ തീരുമാനത്തിന്‍റെ ഗുട്ടന്‍സ് പിടികിട്ടാതെ വീട്ടുകാര്‍ പകച്ചിരിക്കെ ഞാന്‍ ഒരു ജോലിയും സംഘടിപ്പിച്ച് ബാംഗ്ലൂരിലേയ്ക്ക് പോയി.



എന്നെ മനസ്സിലാക്കാന്‍ കഴിയുന്നയാളെ കിട്ടുമെന്നുറപ്പുണ്ടോ? പെട്ടെന്നൊരു ദിവസം ഒരാളെ എങ്ങനെ സ്നേഹിക്കാന്‍ കഴിയും? എന്നു തുടങ്ങി, അച്ഛനും അമ്മയ്ക്കും വ്യക്തമായി ഉത്തരം തരാന്‍ കഴിയില്ലെന്നറിയാവുന്ന ചോദ്യങ്ങള്‍ ചോദിച്ച് ഞാന്‍ പലപ്പോഴും വിപ്ലവക്കൊടിയുയര്‍ത്തി. പിന്നെ ഒടുക്കം അവരെ സമാധാനിപ്പിക്കാനായി കല്യാണം കഴിയ്ക്കണമെന്ന് തോന്നുമ്പോള്‍ തീര്‍ച്ചയായും വീട്ടില്‍ വന്നു പറയുമെന്ന് ഒരു ഉറപ്പം കൊടുത്തു. പിന്നെപ്പിന്നെ പറഞ്ഞിട്ട് കാര്യമില്ലെന്ന് വന്നതോടെ അച്ഛന്‍റെയും അമ്മയുടെയും നിര്‍ബ്ബന്ധങ്ങളുടെ ശക്തികുറഞ്ഞു. ബാംഗ്ലൂരില്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരൊക്കെ പലവഴിയ്ക്കായതോടെ ഒറ്റപ്പെടലും സങ്കടവും എന്നുവേണ്ട ആകെക്കൂടി പ്രശ്നങ്ങള്‍. ഈ ഒറ്റപ്പെടലിനിടെ പഴയ എഴുത്തുപരിപാടി പൊടിതട്ടിയെടുത്ത് ഞാനൊരു ബ്ലോഗറായി. പതിവായി ബ്ലോഗാന്‍ തുടങ്ങിയതോടെ ഒരു കൂട്ടം പുതിയ കൂട്ടുകാരെക്കിട്ടി.



അങ്ങനെയിരിക്കെയാണ് എന്‍റെ തല്ലിപ്പൊളി കവിതകള്‍ നന്നാവുന്നുണ്ടെന്ന അഭിപ്രായവുമായി ബ്ലോഗ് വിട്ട് മെയില്‍ ഇന്‍ബോക്സിലേയ്ക്ക് ഒരു സന്ദേശം വരുന്നത്. പതിവായുള്ള വിലയിരുത്തലുകള്‍, പതിയെ അങ്ങോട്ടുമിങ്ങോട്ടുമുള്ള മെയിലുകളുടെ എണ്ണം കൂടി. ഒടുവില്‍ പ്രതീതിയാഥാര്‍ത്ഥ്യത്തില്‍ നിന്നും ആളതാ ഒരു ദിവസം എന്‍റെ ഓഫീസിന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. നേരിട്ട് പരിചയപ്പെട്ടപ്പോ കുഴപ്പമില്ലെന്ന് പരസ്പരം തോന്നിയതോടെ, മെയിലുകള്‍ കുറയുകയും കൂടിക്കാഴ്ചകള്‍ കൂടുകയും ചെയ്തു. എന്‍റെ ഏകാന്തത എവിടേയ്ക്കോ പോയൊളിച്ചു. പതുക്കെ സൗഹൃദമതാ പ്രണയത്തിന് വഴിമാറുന്നു, എന്തു ചെയ്യാന്‍ ഞങ്ങള്‍ നിസ്സഹായരായി നോക്കിനിന്നു. പ്രണയപ്പനിയുടെ ആദ്യലക്ഷണം കണ്ടുതുടങ്ങിയനാള്‍ തന്നെ ഞാന്‍ അച്ഛന് ഫോണ്‍ ചെയ്ത് ചെലപ്പോ ഞാന്‍ ഒരാളെ പ്രണയിക്കാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചു.



പതിയെ പനിയങ്ങനെ അസ്ഥിയിലേയ്ക്ക് വ്യാപിയ്ക്കാന്‍ തുടങ്ങി. പക്ഷേ കല്യാണത്തെക്കുറിച്ചൊന്നും ഞങ്ങള്‍ ചിന്തിച്ചതേയില്ല. സിനിമയ്ക്ക് പോവുക, പുറത്ത് കഴിയ്ക്കാന്‍ പോവുക, അവധി ദിവസങ്ങളില്‍ നീളന്‍ ഡ്രൈവിന് പോവുക തുടങ്ങിയ ഹോബികള്‍. എന്തായാലും അധികം വൈകിയില്ല, ജീവിതത്തില്‍ ഒരുമിച്ചാവാമെന്ന തീരുമാനത്തിലേയ്ക്ക് ഞങ്ങള്‍ എത്തിപ്പെടാന്‍. പിന്നെ 2വര്‍ഷം ഒരുമിച്ച് നടന്നു. എന്നും കൂട്ടുകൂടി നടക്കാമെന്നാണെങ്കിലും രണ്ടുപേര്‍ക്കും കല്യാണമെന്ന സാഹസത്തോട് വലിയ താല്‍പര്യമില്ല. എന്ന് വച്ച് 'ലിവിങ് ടുഗതറി'നോട് ഒരിതും. വീട്ടില്‍ പറയാതെ ആ പണി പറ്റില്ല, പറഞ്ഞാല്‍ സമ്മതവും കിട്ടില്ല. പലനാള്‍ ആലോചിച്ചിട്ടും വഴിയൊന്നും കണ്ടില്ല, ഒടുക്കം ഒരുമിച്ച് പോവണമെങ്കില്‍ ആ സാഹസം തന്നെ വേണമെന്ന് വന്നു, കല്യാണം. എന്‍റെയൊരു കാര്യം നോക്കണേ, പലതും മനസ്സില്‍ കൊണ്ടു നടന്നിട്ട്, ഒടുവില്‍.. പിന്നെ രണ്ടാളും പരസ്പരം പറയുന്നത് ഇങ്ങനെയായി. വീട്ടുകാരുടെ സമാധാനത്തിന് കല്യാണം, നമുക്ക് കല്യാണം കഴിച്ചിട്ടില്ലെന്ന് വിചാരിയ്ക്കാം, ഭാര്യയും ഭര്‍ത്താവുമായി സ്വയം കണക്കാക്കേണ്ട, എന്നും സുഹൃത്തുക്കള്‍ മാത്രമായിരിക്കാം- ഓകെ എന്നാല്‍ അങ്ങനെ.



അങ്ങനെ ഇക്കാര്യം ഞാന്‍ വീട്ടില്‍ പറഞ്ഞു. ആളും തരവും ഒക്കെ അന്വേഷിച്ചപ്പോള്‍ അച്ഛനും അമ്മയ്ക്കും സമ്മതക്കുറവില്ല, പക്ഷേ ഒറ്റ കണ്ടീഷന്‍ ലവന്‍റെ വീട്ടില്‍ സമ്മതിക്കണം, അല്ലേല്‍ ബുദ്ധിമുട്ടാകുമെന്ന് അച്ഛന്‍. അവരുടെ കാര്യത്തില്‍ ചില ആശങ്കകള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കിലും ആരും സമ്മതക്കുറവ് പറഞ്ഞില്ല, ഏകമകന് വേണ്ടി അവര്‍ സമ്മതം മൂളി എന്ന് പറയുന്നതാവും ശരി. പിന്നെ വീട്ടുകാരുടെ ചര്‍ച്ചകള്‍, പോക്കുവരവുകള്‍ തുടങ്ങി പതിവ് കലാപരിപാടികള്‍. ഇതിനിടെ കല്യാണം കഴിയ്ക്കാന്‍ പോകുന്നുവെന്ന ചിന്ത തരുന്ന അസ്വസ്ഥകളുമായി ഞാന്‍, കല്യാണശേഷം ഉണ്ടായേയ്ക്കാവുന്ന ഉത്തരവാദിത്തങ്ങളെക്കുറിച്ച് ചിന്തിച്ച് തലപുകച്ച് അവനും. ഇടക്ക് പലപ്പോഴും ഇനി കല്യാണം കഴിയ്ക്കുമ്പോഴേയ്ക്കും പ്രണയം മരിയ്ക്കുമോയെന്ന് ഞങ്ങള്‍ സംശയിക്കുകപോലുമുണ്ടായി. കാരണം ഞാന്‍ കല്യാണമെന്ന ഇഷ്ടക്കേടിലേയ്ക്ക് കാലെടുത്തുവെയ്ക്കുന്നതിന്‍റെ ഫ്രസ്ട്രേഷന്‍ തീര്‍ക്കുന്നത് അവന്‍റെ മേല്‍. അവന്‍ തിരിച്ചും. പിന്നെ പറയണോ പൂരം, ഒരാള്‍ യുഎസിലും മറ്റേയാള്‍ ബാംഗ്ലൂരിലുമാണെങ്കിലും ഫോണിലൂടെയും ചാറ്റിലൂടെയുമെല്ലാം അടിയോടടി.



വീട്ടുകാരെ വിളിച്ച് കല്യാണം വേണ്ടെന്ന് വെയ്ക്കാന്‍ പറഞ്ഞാലോയെന്ന ചിന്തവരെയെത്തി പലപ്പോഴും കാര്യങ്ങള്‍. ഒടുവില്‍ കല്യാണമടുത്തുവരുന്നു. എനിയ്ക്കാണെങ്കില്‍ ഒരിടത്തും സ്വസ്ഥത കിട്ടാതായി ജോലിയില്‍ ശ്രദ്ധയില്ല, ഉറക്കമില്ല. കല്യാണം കഴിഞ്ഞാല്‍ കഥയെന്താവുമെന്ന് ഓര്‍ത്ത് പേടി. സ്വാതന്ത്ര്യങ്ങള്‍ നഷ്ടപ്പെടുമോ, മറ്റുള്ളവരുടെ ഇഷ്ടത്തിന് നടക്കേണ്ടിവരുമോ എന്നിങ്ങനെ ഉള്ളില്‍ ഒരായിരം ചോദ്യങ്ങള്‍. പിന്നെ അച്ഛന്‍, അമ്മ, അനിയന്‍ , എന്‍റെ വീട്, എന്‍റെ മുറി അങ്ങിനെ സെന്‍റിമെന്‍റ്സ് പലവിധം. പിന്നെ കല്യാണം അച്ഛന് സാമ്പത്തിക ബാധ്യത വല്ലതും വരുത്തിവച്ചേയ്ക്കുമോ, കാര്യങ്ങള്‍ എങ്ങനെ നടക്കുന്നുവെന്നു തുടങ്ങിയുള്ള ആശങ്കകള്‍. കല്യാണത്തലേന്നുരാത്രിവരെ കെട്ടുന്നതിന്‍റെ പിറ്റേമാസം വേര്‍പിരിയുമെന്ന ലൈനിലായിരുന്നു ഞങ്ങളുടെ തല്ലുകളുടെ പോക്ക്. ഇതിനിടെ ഐഡന്‍റിറ്റി ക്രൈസിസ്, അവിടത്തെ വീട്ടുകാര്‍ എങ്ങനെ പെരുമാറുമെന്ന ആലോചനയുണ്ടാക്കുന്ന അരക്ഷിതാവസ്ഥ. വീട്ടിലുള്ളവരെ ഞാനിതിനകം പരിചയപ്പെടുകയും അടുത്തറിയുകയും ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും എന്തോ ഒരു പേടി.



ഒടുക്കം പിറ്റേന്ന് രാവിലെയായപ്പോഴേയ്ക്കും വല്ലാത്തൊരു നിസ്സംഗതയിലേയ്ക്ക് ഞാനെത്തിയിരുന്നു. പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത് ആ നിസ്സംഗത ഞാന്‍ സ്വയം അഭിനയച്ചതായിരുന്നുവെന്ന് കല്യാണവും സദ്യയും കഴിഞ്ഞ് ഞങ്ങള്‍ പടിയിറങ്ങിയപ്പോള്‍ അച്ഛന്‍റെ കണ്ണിലുണ്ടായിരുന്ന വേദന, അമ്മയുടെ മുഖത്തെ അങ്കലാപ്പ്, സങ്കടം പുറത്തുകാണിക്കാതിരിക്കാന്‍ പാടുപെടുന്ന അനിയന്‍, സകല നിയന്ത്രവും വിട്ട് ഞാന്‍ കരഞ്ഞപ്പോള്‍ അന്തിച്ചുപോയത് പാവം അവനാണ്.കാറിലിരുന്ന് വീടെത്തുന്നതുവരെ പിന്നേം ഞാന്‍ കരഞ്ഞു, ശരിയ്ക്കും പറഞ്ഞാല്‍ കൊല്ലാന്‍ കൊണ്ടുപോകുന്ന ഒരു അവസ്ഥയുണ്ടായിരുന്നു മനസ്സില്‍. അവനോട് തീര്‍ത്താല്‍ തീരാത്ത ദേഷ്യവും തോന്നിത്തുടങ്ങി. കരച്ചിലടങ്ങുന്ന ചില നേരങ്ങളില്‍ ഇത് പ്രണയവിവാഹം തന്നെയാണോയെന്നുപോലും എനിയ്ക്ക് സംശയമുണ്ടായി. പിന്നെ അവിടുത്തെ സ്വീകരണം ആനയിക്കല്‍, വിരുന്നുസല്‍ക്കാരം ... ഞങ്ങളാണെങ്കില്‍ പരസ്പരം അറിയാത്ത രണ്ടാളുകളെപ്പോലെ വരുന്നവരോട് ചിരിച്ച് കാണിച്ച് മണിക്കൂറുകള്‍ തള്ളിനീക്കി.



ഒടുവില്‍ എല്ലാ കല്യാണരാത്രികളിലും സംഭവിക്കാറുള്ളതുപോലെ ഞങ്ങള്‍ രണ്ടുപേരും ഒരേ മുറിയില്‍. അന്നുവരെയുള്ള തല്ലുകളുടെ കൊട്ടിക്കലാശം പൊടിപൊടിച്ചു ആദ്യരാത്രിയില്‍, പുറത്തുള്ളവര്‍ വല്ലവരും രണ്ടുപേരുടെയും ഡയലോഗുകള്‍ കേട്ടോയെന്ന് എനിയ്ക്കറിയില്ല. ഒക്കെക്കൂടെ സഹിയ്ക്കാന്‍ വയ്യാതെ ഞാന്‍ വീട്ടിലേയ്ക്ക് വിളിച്ച് അച്ഛനോട് പറയുന്നു, എനിയ്ക്ക് നമ്മടെ വീട്ടില്‍ വരണം, ഇവിടെ നിക്കണ്ടാ..... മേമ്പൊടിയായി കരച്ചിലും. പിന്നെ അച്ഛന്‍റെ സമാധാനിപ്പിക്കല്‍, നാളെ വരാം മോള് സമാധാനമായിരിക്കൂ. എന്താണിത് കുട്ടിക്കളിയോ, കല്യാണം കഴിഞ്ഞാല്‍ അവിടെയാണ് നിക്കേണ്ടത്, കുട്ടികളെപ്പോലെ വാശിപിടിക്കരുത്- എന്നിങ്ങനെ അമ്മ. അടികൂടി അടികൂടി ഒടുക്കം എപ്പോഴോ രണ്ടുപേരും ഉറങ്ങിപ്പോയി. ഞാനറിയാത്ത കുറേയാളുകള്‍ ആ വീട്ടിലുണ്ടായിരുന്നു, അറിയാത്തയാളുകള്‍ക്കിടയില്‍ പരിചയമില്ലാത്ത വീട്ടില്‍ എനിയ്ക്കായൊരിടം കണ്ടെത്താന്‍ കഴിയാതെ ഞാന്‍ തീന്‍ മേശയിലും അടുക്കളയിലും എന്നുവേണ്ട ആ വീടിന്‍റെ പല മൂലകളിലുമായി നിന്നും ഇരുന്നും വലഞ്ഞു. അവരെല്ലാം വലിയ സ്നേഹത്തോടെ കാര്യങ്ങള്‍ തിരക്കുകയും സംസാരിക്കുകയുമെല്ലാം ചെയ്യുന്നുണ്ടെങ്കിലും ഒന്നിനോടും ആത്മാര്‍ത്ഥമായി പ്രതികരിക്കാന്‍ പോലും എനിയ്ക്ക് കഴിഞ്ഞില്ല.



ഞാനിറങ്ങിപ്പോന്ന എന്‍റെ വീട്ടില്‍ ഒന്നു പോയിനോക്കണമെന്ന അടക്കാനാകാത്ത ആഗ്രഹം. കല്യാണം ഒരു വ്യാഴാഴ്ച, വെള്ളിയാഴ്ച ആദ്യ വിരുന്നിന് പോകാന്‍ പറ്റില്ലെന്ന് പ്രായമുള്ളവര്‍ ആരോ പറഞ്ഞപ്പോള്‍ അത് ഞായറാഴ്ച ത്തേയ്ക്ക് മാറ്റി. ഒരുതരത്തില്‍ വെള്ളിയും ശനിയും തള്ളിനീക്കി, ഞായറാഴ്ച കാലത്ത് വീട്ടിലേയ്ക്ക് തിരിച്ചു. 'നീ വല്ലാതെ ഇന്‍ഡിഫറന്‍റ് ആകുന്നു'വെന്ന് ഡ്രൈവിങ്ങിനിടെ അവന്‍റെ കമന്‍റ്. എനിയ്ക്ക് മറുപടിയില്ല. വീട്ടില്‍ എത്താറാകുന്നതിനനുസരിച്ച് ഉള്ളിലിങ്ങനെ എന്തൊക്കെയോ കാര്യങ്ങള്‍. വീട്ടിലേയ്ക്ക് കയറിയതോടെ സന്തോഷത്തിന് പകരം എന്‍റെ ഉള്ളിടറുകയായിരുന്നു. വീട്ടില്‍ എല്ലാവരുമുണ്ട്, പക്ഷേ ഒരു അതിഥി വരുന്നതുപോലെ സ്വീകരണം. ബാംഗ്ലൂരില്‍ നിന്നും ലീവിന് വരുന്നപോലെ എനിയ്ക്ക് ഓടി അടുക്കളയിലും എന്‍റെ മുറിയിലും പോകാന്‍ പറ്റുന്നില്ല. എല്ലാവരും വിശേഷങ്ങള്‍ ചോദിച്ച് എന്‍റെ വഴിമുടക്കുന്നു. കഴിയ്ക്കാന്‍ ഇരിയ്ക്കാന്‍ പറയുന്നു. എല്ലാവരും അവനോട് സംസാരിക്കുന്നതിനിടെ കിട്ടിയ ഇത്തിരി സമയത്ത് ഞാന്‍ കുളിമുറിയില്‍ കയറി വെള്ളത്തിനൊപ്പം എന്‍റെ സങ്കടങ്ങളെയും തുറന്നുവിട്ടു.



സ്വന്തം വീട്ടില്‍ ഞാനൊരു വിരുന്നുകാരിയായിക്കഴിഞ്ഞു. ഇനിയൊരിക്കലും എനിയ്ക്ക് പഴയ സ്റ്റാറ്റസ് ഇല്ല, ലീവിന് വരുമ്പോള്‍ ടൗണില്‍ ഞാന്‍ ബസ്സിറങ്ങുന്നതും കാത്ത് അച്ഛന് വരേണ്ടിവരില്ല. ഇടയ്ക്ക് മിഠായിത്തെരുവില്‍ ഒറ്റയ്ക്ക് അലഞ്ഞു തിരിയാന്‍ കഴിയില്ല. മതിലുകള്‍ കൊണ്ട് മറയ്ക്കാത്ത അയല്‍ വീടുകളില്‍ എനിയ്ക്ക് ഓടിച്ചാടി നടക്കാന്‍ കഴിയില്ല. സ്വന്തമെന്ന് ഞാന്‍ അഹങ്കരിച്ചിരുന്ന ഈ ഇടവും ഞാനും തമ്മില്‍ ഒരു അകലമുണ്ടായിക്കഴിഞ്ഞു, പകരം കിട്ടിയ ഇടത്തിന് പാകമായി ഞാനെന്നെ മാറ്റണം....... അന്ന് വീട്ടില്‍ താമസിച്ച് പിറ്റേന്ന് തിരിച്ചുപോരുമ്പോള്‍ കണ്ണീര് പുറത്തുവരാതിരിക്കാന്‍ ഞാനെന്‍റെ വേദനയെ തൊണ്ടയിലിട്ട് ഞെരിച്ചമര്‍ത്തി. പിന്നീട് ഓരോ വട്ടവും വീട്ടിലേയ്ക്ക് ചെല്ലുമ്പോള്‍ പഴയ ഇഷ്ട വസ്ത്രങ്ങള്‍ക്കുള്ളില്‍ കയറിക്കൂടി ഞാന്‍ വെറുതേ ഞാനാവാന്‍ ശ്രമിയ്ക്കുന്നു. ഞാനെന്ന യാഥാര്‍ത്ഥ്യത്തിന് മുകളില്‍ നാളേറെ കഴിയുന്പോള്‍ പുതിയ യാഥാര്‍ത്ഥ്യമാകാനുള്ള മറ്റൊരു വേഷം വന്നു വീണു കഴിഞ്ഞു. കല്യാണം കഴിഞ്ഞ് പടിയിറങ്ങിപ്പോയിട്ടുള്ള ഓരോ പെണ്ണും ഈ പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടുണ്ടാകുമോ? ഉണ്ടായിരിക്കാം, എല്ലാവരും ആ വേദനകളെ ഉള്ളില്‍ സൂക്ഷിക്കുകയായിരിക്കും ചെയ്തിട്ടുണ്ടാവുക.



ഇപ്പോള്‍ നാലുമാസം പിന്നിട്ടിട്ടും ഇടക്ക് കല്യാണത്തിന് മുമ്പുള്ള എന്നെയും എന്‍റെ വീടിനെയും കുറിച്ചാലോചിയ്ക്കുമ്പോള്‍ സങ്കടപ്പെടാതിരിക്കാന്‍ എനിയ്ക്ക് കഴിയുന്നില്ല. പുതിയൊരു ലോകം ലഭിയ്ക്കുന്നതിനൊപ്പം പഴയ പ്രിയലോകം നഷ്ടമാവുകയാണ്. എങ്ങനെയാണ് അത് നഷ്ടപ്പെടുന്നതെന്ന് ചോദിച്ച് പലരും പലന്യായങ്ങള്‍ പറയുമെങ്കിലും കല്യാണത്തോടെ ചെറുക്കന്‍റെ വീട്ടില്‍ ജീവിക്കേണ്ടിവരുന്ന ഓരോ പെണ്‍കുട്ടിയും സ്വന്തം വീട്ടില്‍ നിന്നും കുടിയിറക്കപ്പെടുകതന്നെയാണ്. അത് അച്ഛനമ്മമാരുടെ സ്വപ്ന സാക്ഷാത്കാരമാകാം, പ്രണയികളുടെ കൂടിച്ചേരലാവാം, രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം രൂഡമൂലമാകുന്നതിന്‍റെ ആദ്യപടിയാവാം എന്തായാലും ആ കുടിയിറങ്ങലിന് വേദനയില്ലെന്ന് മാത്രം പറയാന്‍ കഴിയില്ല.