2010, ജനുവരി 30, ശനിയാഴ്‌ച

മൗനത്തിനും മരണത്തിനുമിടയില്‍

മൗനം ഘനീഭവിച്ചുറഞ്ഞ
ഇടനാഴിയിലേയ്ക്കാണ് നീ കടന്നുവന്നത്
ഒരു വാക്കുപോലും പ്രതിധ്വനിപ്പിക്കാതെ
ഈ മഞ്ഞ് ഉറഞ്ഞുറഞ്ഞിരിക്കയായിരുന്നു

എന്തോ നീ പറയുന്നുണ്ടായിരുന്നു,
ഇടനാഴിയുടെ ഇല്ലാത്ത
ജാലകപ്പാളിയില്‍ത്തട്ടി വാക്കുകള്‍
ചിതറി ധ്വനിക്കുന്നുണ്ടായിരുന്നു

അതില്‍നിന്നൊരു ചിന്തുപോലും
കണ്ടെടുക്കാന്‍ കഴിയാതെ
മൗനത്തേക്കാളുമേറെ
ഘനീഭവിച്ച് ഞാനുറഞ്ഞുപോയി

പതിയെ ഈ തണുപ്പും മൗനവും
നിന്നിലേയ്ക്കും പടരുകയായിരുന്നോ
പിന്നെയെന്നേക്കാള്‍ ഘനീഭവിച്ച്
നീ ഉറഞ്ഞിരുന്നതെങ്ങനെ?

മൗനം മരണമാകുന്നുവെന്ന ആ പഴയവരി
നീ മനസ്സില്‍ ഉരുവിടുന്നത്,
ഒടുക്കം അവ നിന്റെയുള്ളില്‍
തണുത്തുറഞ്ഞുപോയത്,
ഞാനറിയുന്നുണ്ടായിരുന്നു

മഞ്ഞിന്റെ മരവിപ്പു പടര്‍ന്ന
പടവുകളില്‍ എവിടെയാണ്
നമ്മള്‍ ഒരുമിച്ച് വഴുതിയത്
ഒരു കൈതാങ്ങാന്‍ കഴിയാതെ
വിറങ്ങലിച്ചത്?

മരണത്തിന്റെ തണുപ്പ്,
ബോധത്തിലേയ്ക്കും കിനിഞ്ഞിറങ്ങുകയാണ്
ആത്മാവുപോലും നിശ്ചലമാകുന്ന
തണുപ്പില്‍ ഞാന്‍ ഒറ്റയാകട്ടെ

വേനലും വര്‍ഷവും നോക്കി
ചേക്കേറിക്കൊള്‍ക
ഞാനിവിടെ മഞ്ഞിന്റെ വാത്മീകത്തിലുറഞ്ഞ്
വേനലും വര്‍ഷവുമറിയാതെ
മൗനമായി തീര‍ട്ടെ.....

[ഇന്നലെ ഞങ്ങളൊരുമിച്ച് വഴുതിവീണ മൗനത്തിന്റെ അഗാധ ഗര്‍ത്തത്തിന്റെ ഓര്‍മ്മയ്ക്ക് ]

വഴി

നീണ്ടുപുളഞ്ഞുപോകുന്ന
ഇരുണ്ട വഴികളില്‍ തനിയെ
തള്ളിവിട്ട് ഇരുട്ടിന്റെ
അര്‍ത്ഥം പഠിക്കാന്‍ പറഞ്ഞവര്‍

ആഴത്തിലേയ്ക്ക്
ഊര്‍ന്നു പോകുന്ന ചുഴിയില്‍
തള്ളിയിട്ട് ആഴമളന്നു
കുറിച്ചെടുക്കാന്‍ പറഞ്ഞവര്‍

ഒരു പൊടിമീനിനെ
കരയില്‍പ്പിടിച്ചിട്ട് പിടപ്പിച്ച്
ചുറ്റിലുമിരുന്ന്
തുള്ളിച്ചാടി മദിച്ചവര്‍

ഇരുളിനും കയത്തിനും ജീവനും
നാനാര്‍ത്ഥങ്ങള്‍ ആരോപിച്ച്
അവര്‍ നടന്നുപോയപ്പോള്‍
അവശേഷിച്ചത്
വെറും ഇരുളം കയങ്ങളും മാത്രം

ഓര്‍ത്തില്ല, ഇരുട്ടില്‍
കൈനീണ്ടു
കഴുത്തിന് നേര്‍ക്ക് വന്നത്
ഞെരിച്ചുകൊല്ലാനായിരുന്നെന്ന്

അറിഞ്ഞില്ല, കയത്തിലേക്കിറക്കി
ആഴമളക്കാന്‍ വിട്ടത്
മുങ്ങിനിവരുന്പോള്‍
മുക്കിക്കൊല്ലാനായിരുന്നെന്ന്

പരല്‍മീന്‍ പിടയും പോല്‍
നിന്റെ നാള്‍വരുമെന്ന്
ആര്‍ത്ത് വിളിച്ചതും കേട്ടില്ല
ഒടുവിലവര്‍ നടന്നുപോയത്
ലക്ഷ്യമെത്താതെയാണെന്നുമറിഞ്ഞില്ല

വരുകയാണ് ഇരുളും
കയങ്ങളും മാറി മാറി
കരയില്‍ ഒരു പരല്‍മീന്‍ കൂടി
പിടഞ്ഞ് പിടഞ്ഞ്
ജീവനായി കേണു കേണ്
തളര്‍ന്നു മരിക്കുന്നു

കണ്ണില്‍ ഇരുട്ടുവന്ന് മൂടുന്പോഴും
കടും നീലിമയാര്‍ന്ന
ആഴക്കയങ്ങളില്‍
ഒരു വഴിതേടുകയാണ്
വെളിച്ചത്തിലേയ്ക്കുള്ള വഴി...

2010, ജനുവരി 27, ബുധനാഴ്‌ച

നിന്നിലേയ്ക്ക്

നിന്നിലേയ്ക്ക് നടക്കുകയാണ്.....
അസ്വസ്ഥതകളുടെ
നിഴല്‍മഴപ്പെയ്ത്തൊഴിഞ്ഞ്
മരംപെയ്യുന്ന നേര്‍ത്ത തണുപ്പില്‍
വിറയ്ക്കുന്നൊരു പതര്‍ച്ചയെ കൂട്ടുപിടിച്ച്
നിന്നിലേയ്ക്ക് നടക്കുകയാണ്.....

നിഴലുകള്‍ ചോദിക്കുന്നുണ്ട്
അറിയാത്ത വഴികളെക്കുറിച്ച്
അടക്കം പറയുന്നുണ്ട്
ഇടക്കിടെ പിടിച്ച് പിന്നോട്ട് വിളിച്ച്
ഉലച്ചെരിയ്ക്കുന്നുണ്ട് ഉള്ളിനെ.......

അനാദിയാകുന്ന ഇരുട്ടായിരുന്നു
കാഴ്ചയെത്തുവോളം....
വെറും ഇരുട്ട് പുതച്ച കാലം
ഏതോ മാറ്റൊലിയില്‍ത്തട്ടി
കാല്‍വഴുതി വീണപ്പൊഴെന്നോ
തണുത്തൊരു കൈവന്നു താങ്ങി

ഇപ്പോള്‍ നിഴല്‍ക്കൂത്തുകളില്ല
നേര്‍ത്ത പ്രകാശം....
ഇരുട്ടുകണ്ടു മരവിച്ച കണ്ണുകള്‍
മ‍ഞ്ഞളിച്ചു ചിമ്മുകയാണ്
പലവേള പഴകിപ്പോയെങ്കിലും
ഈ ഇരുട്ടും വെളിച്ചമാകുന്നു......

ഇരുട്ടിന്റെ പൊരുളളന്ന്
പകല്‍ മറന്ന കാലം....
എങ്ങിനെയാണ് നീ വെളിച്ചം വിതച്ചത്
കയ്യില്‍ ഇരുട്ടിന്റെ വിത്തുകളും ഒളിപ്പിച്ചിരിയ്ക്കുന്നോ?

എങ്കില്‍, വിതറുക
പകലറിയും മുന്പേ വിതറുക
പകലിന്റെ പകുതിയില്‍ വീണ്ടും
പരക്കുന്ന ഇരുട്ടിനെക്കുടിച്ച്.....
ഇവിടെ വീണുറങ്ങട്ടെ....
ഒരിക്കയ്ക്കും ഉണരാതെ.......

2010, ജനുവരി 21, വ്യാഴാഴ്‌ച

നോവ്

പതിവിലേറെ ഇരുണ്ട രാത്രികളാണ്
ചര്‍ദ്ദിച്ച് കളഞ്ഞിട്ടും തൊണ്ടയില്‍
കുരുങ്ങി നില്‍ക്കുന്ന ഗദ്ഗദം
ധമനികളില്‍ നീ പിടയുകയാണ്
ഓര്‍മ്മകളില്‍ നീ
വെറുമൊരു നോവിന്റെ പൊട്ടാവുകയാണ്

ഒരു തീഗോളം തൊണ്ടയില്‍വന്ന് തിങ്ങി
നെഞ്ചകം നുറുക്കി
കണ്ണിലൂടെ എരിഞ്ഞിറങ്ങുന്പോള്‍
അവിടെ നീ ഇരുട്ടിലാണെന്ന്
ഞാനോര്‍ക്കുന്നു
തനിച്ചാണെന്നറിയുന്നു

ഏതോ ഭൂതകാലത്തിന്റെ നോവുപേറി
ഇരുളടഞ്ഞുപോയ നിന്റെയുള്ളില്‍
ഒരു തിരിതെളിക്കാന്‍ കഴിയാതെപോയി
അടച്ചിട്ട വാതായനങ്ങളില്‍
അങ്ങുദൂരെനിന്ന്
നിന്റെ ഗദ്ഗദം വന്നലയ്ക്കുന്നത്
ഞാനറിയുന്നുണ്ട്
ദുഖം ഘനീഭവിച്ച താഴ്വാരങ്ങളില്‍
നീ ദാഹിച്ചലയുന്നതോര്‍ത്ത്
എരിയുകയാണ്

കരയരുതെന്ന് പറയാന്‍
ഒരിയ്ക്കലെങ്കിലും സ്വയം കരയാതിരിയ്ക്കണം
കരഞ്ഞുകൊള്ളുക
ഇനിയെങ്കിലും ജാലകപ്പാളി തുറന്നിട്ട്
നീ ആര്‍ത്തു കരഞ്ഞുകൊള്ളുക
ഞാനിവിടെ അരികിലുണ്ട്
അന്നെന്ന പോലെ ഇന്നും

ഒരു വാക്കെങ്കിലും പറയുക
കത്തുന്ന ഒരു നോട്ടമെങ്കിലും എറിയുക
ഞാനെന്റെ അപരാധത്തെ
അതില്‍ അലിയിച്ചു കളയട്ടെ
ഇവിടെ ഞാന്‍ നിരായുധയാണ്
നിന്നെച്ചിരിപ്പിക്കാന്‍ കഴിയാതെ
ഞാന്‍ കീഴടങ്ങുകയാണ്

എന്ത് നീഗൂഡതയാണ് നീ മുഖമറയാക്കിയത്
ഏതഗ്നിയിട്ടെരിച്ചാണ് നീയിങ്ങനെ
സ്വയം തനിച്ചാകുന്നത്
ഒരുവേളയെങ്കിലും ഈ വാതില്‍ തുറക്കുക
വെറുതെ അടുത്തു വന്നൊന്നിരിയ്ക്കാന്‍

[ഭൂതകാലത്തിന്റെ ഇരുട്ടറയില്‍ മനസ്സിന്റെ തടവുകാരിയായിപ്പോയ, ലോകത്തോട് സംവദിക്കാന്‍ കഴിയാതെപോയ എന്റെ കൂട്ടുകാരിയ്ക്കുവേണ്ടി]

2010, ജനുവരി 20, ബുധനാഴ്‌ച

അന്നും ഇന്നും

അന്നും അങ്ങനെ തന്നെ
സ്വപ്നങ്ങള്‍ പിച്ചിച്ചീന്തുന്പോള്‍
നേര്‍ത്ത ഇരുട്ടായിരുന്നു മറ
ഇന്നും അതങ്ങനെ
ഇവിടെയിപ്പോള്‍ നേര്‍ത്തൊരു
പ്രകാശരേണുവുണ്ട്
മറ്റെല്ലാം മാറ്റങ്ങളില്ലാതെ......

ക്രമേണ ഇരുണ്ടുപോകാവുന്ന
ഒരു കൊച്ചു പ്രകാശ രേണു
ചിലപ്പോള്‍ നെറുകയിലെടുത്തുവച്ച്
സിന്ദൂരമാക്കാവുന്ന
മറ്റുചിലപ്പോള്‍
ഉള്ളിലൊരു ചോരപൊടിയുന്ന
ഓര്‍മ്മയാക്കാവുന്ന
ഒരു കുഞ്ഞു രേണു

ഒരു ചെറു ചാറ്റല്‍ മഴയില്‍
അലിഞ്ഞലിഞ്ഞില്ലാതായേക്കാം
അതുമല്ല, ചിലപ്പോള്‍
ഒരു കൊടുങ്കാറ്റിന്റെ രൂപമെടുത്ത്
മുടിയഴിച്ചിട്ടാര്‍ത്ത് ‍
പേടിപ്പിക്കയുമാകാം.....

ഒരിട മണ്ണിലേയ്ക്കു വീണ്
നീറി നീറി തീയ്യായി
ആര്‍ത്തിയേറി കാലിലേയ്ക്കിഴഞ്ഞുകയറി
ചെന്നിറമാര്‍ന്ന് മുറുകെ പുണര്‍ന്ന്
മെല്ലെ ആത്മാവിലേയ്ക്കാവാഹിച്ച്
പഞ്ചഭൂതത്തിലലിയിക്കാനുമാവാം......

എങ്കിലും കൈത്തലത്തില്‍
ഇറുകെപ്പിടിക്കുകയാണ്......
ഉള്ളു പൊള്ളിനീറ്റല്‍ പടരുന്പൊഴും
സൂക്ഷിച്ചുവയ്ക്കുകയാണ്.......
മറ്റൊരു കൈ വന്നു നീളുന്നതുവരെ...

2010, ജനുവരി 17, ഞായറാഴ്‌ച

ആവര്‍ത്തനം

നീ നീട്ടി വിളിച്ചപ്പോള്‍
ചാരം തേച്ചിട്ട പാത്രങ്ങള്‍ക്കിടയിലായിരുന്നു
ഇന്നലെ നീ കനല്‍പ്പെട്ടികൊണ്ട്
പൊള്ളിച്ച കൈത്തലം
പഴം തുണികൊണ്ട് വരിഞ്ഞുകെട്ടിവച്ചിരിയ്ക്കയാണ്

നീറ്റലുണ്ട് ജീവന്‍ വിറങ്ങലിയ്ക്കുന്ന നീറ്റല്‍
പക്ഷേ ഈ പാത്രങ്ങള്‍.....?
പച്ചവെള്ളംവീണാലും നീറ്റുന്ന മുറിവ്
നീ ആര്‍ദ്രനായി കൈപിടിച്ചു
മുറിവിന്റെ കെട്ടഴിച്ചുകളഞ്ഞപ്പോള്‍
കാറ്റുകടന്നുവന്ന സുഖം

മുറിവു കണ്ട നിന്റെ കണ്ണുകള്‍ വിടരുകയായിരുന്നു
പതിയെ അതില്‍ ഉമ്മവച്ച്
കൈത്തലം പിടിച്ച് നീ കണ്ണോടടുപ്പിച്ചു
നീറിപ്പുകഞ്ഞപ്പോഴാണറിഞ്ഞത്
കണ്ണുനീരായിരുന്നു അതിലിറ്റു വീണത്

കണ്ണില്‍ത്തന്നെ നോക്കി
നീ നീണ്ട നഖങ്ങള്‍ കൊണ്ട്
മുറിവില്‍ മെല്ലെയൊന്ന് തൊട്ടപ്പോഴും
വേദനകൊണ്ട് പുളഞ്ഞിരുന്നുപോയി

പതിയെ നീ മുറിവില്‍
നഖം കൊണ്ട് കോറി ലോകത്തിന്റെ
മുഴുവന്‍ ഭൂപടവും വരച്ചതീര്‍ന്നപ്പോഴേയ്ക്കും
ബോധം നശിച്ചിരുന്നു

ഇടക്കിടെ ഉണര്‍ത്താനായി
ആഴ്ത്തി വരച്ചപ്പോള്‍ പിടച്ചിലിനിടയില്‍
കേള്‍ക്കുന്നുണ്ടായിരുന്നു
സ്വര്‍ഗത്തിന്റെ കവാടം തുറക്കുന്നുവെന്ന്
നീ പേപറയുന്നത്
എപ്പോഴാണ് അവിടേയ്ക്ക് കയറിപ്പോയത്?
അറിഞ്ഞില്ല.....
വെറുതെയൊന്ന് വിളിച്ചുപോലുമില്ല
വിളിച്ചെങ്കിലും എങ്ങനെ വരാന്‍?

ചാരവും കണ്ണീരും നഖമൂര്‍ച്ചയുമേറ്റ്
വ്രണമാക്കപ്പെട്ട മുറിവുമായി....
പാത്രങ്ങളുമിരിക്കുന്നു ചാരമുണങ്ങി
കഴുകാന്‍ കാത്ത്.....
നീ കാത്തിരിക്കയില്ല....
എങ്കിലും പറയട്ടെ
വരാന്‍ കഴിയില്ല, ഒരിയ്ക്കലും...

2010, ജനുവരി 9, ശനിയാഴ്‌ച

നീലനദി



മലമുകളിലേയ്ക്കൊഴുകി
മൃതിയടയുന്ന വെറുമൊരു നീലനദി
ആഴമില്ലെന്ന പഴി കേട്ട്
പരപ്പില്ലെന്ന കുറ്റം കേട്ട്
പതിഞ്ഞ് മുറിഞ്ഞൊഴുകുന്ന
വെറും നീലനദി

മലമുകളില്‍ നിന്നുത്ഭവിച്ച്
മുകളിലേയ്ക്ക് തന്നെ ഒഴുകാന്‍
വൃഥാ ശ്രമിക്കുന്ന
ചെറുവേനലില്‍ വറ്റിവരളുന്ന
വെറുമൊരു നീല നീര്‍ച്ചാല്‍

പച്ചയാവാന്‍ കൊതിച്ചിട്ടെന്ത്
മദിച്ചു തുള്ളിയൊഴുകാന്‍ കൊതിച്ചിട്ടെന്ത്
കടല്‍ ഗാഡനീലിമയാല്‍ മുഖം മറച്ച്
അപരിചിതത്വം നടിയ്ക്കുന്നു

പാതിവഴികളില്‍ സ്വപ്നങ്ങളഴിച്ചുവച്ച്
മലമുകളിലെത്തി താഴേയ്ക്കൊഴുകി
വീണ്ടുമൊരുത്ഭവമാകാനാണ് കൊതി
വീണ്ടും പച്ചനിറത്തില്‍ ഒഴുകാന്‍

മോഹങ്ങള്‍ ഉള്ളില്‍ വരണ്ട് വിള്ളുന്നു
സ്വപ്ന ഭംഗങ്ങളുടെ രാസമാലിന്യം
ഒഴുകിച്ചേര്‍ന്ന് നുരയും പതയുമൊടുങ്ങാതെ
കല്ലിലും മുള്ളിലും ഒഴുകി,
കൊണ്ടുകോറി മുറിഞ്ഞ്,
നീലിച്ച് നീലിച്ച്,
ഉടല്‍ വേച്ചുവീഴുന്നു.....

മുകളിലേയ്ക്കെത്തില്ല,
ഒരു കുതിപ്പില്‍ കിതച്ചുപോകുന്നു,
ചോരവറ്റിയ ഒരു നേര്‍ത്ത,
നീലഞരന്പുപോല്‍, ‍
പിടഞ്ഞ് മൃതി പൂകുന്നു....
രക്തഗന്ധം വമിയ്ക്കുന്ന,
വെറുമൊരു സ്വപ്നഭംഗം പോലെ.....

2010, ജനുവരി 3, ഞായറാഴ്‌ച

തോല്‍വി...










പലപ്പോഴും ക്ഷണിയ്ക്കപ്പെടാത്ത
ഒരതിഥിയുടെ പരിവേഷമാണ് നിനക്ക്
വിഷയങ്ങള്‍ക്കുള്ള എന്റെ തിരച്ചില്‍
തിരിഞ്ഞു മറിഞ്ഞും
പലപ്പോഴും നിന്നില്‍ത്തന്നെ
എത്തിനില്‍ക്കുന്നു

നേര്‍ത്ത തണുപ്പു പരക്കുന്ന
സായാഹ്നങ്ങളില്‍
നീയിങ്ങനെ വിളിയ്ക്കപ്പെടാത്തവനായി വന്ന്
ഉരുകിയൊലിക്കാത്ത മഞ്ഞുപോലെ
ഉറഞ്ഞുനില്‍ക്കുന്നു

പറഞ്ഞു പറഞ്ഞ്.....
വീണ്ടും പറഞ്ഞ് ഞാന്‍
പുറകോട്ട് നടക്കുന്പോള്‍
അവന്‍ അസ്വസ്ഥനായി
നീണ്ടു നിവരുന്നു

ചുവന്ന രാശി പടരുന്ന കണ്ണുകളില്‍
ഉത്കണ്ഠ പരക്കുന്നു
പിന്നെ എന്റെ വാക്കുകളുടെ
തീവ്രതയില്‍
ഒരു ചോദ്യചിഹ്നം കൊളുത്തി
ചിലപ്പോള്‍ ഒരു അര്‍ധവിരാമത്തിലേയ്ക്ക്
വലിച്ചുകൊണ്ടെത്തിച്ച്
അസ്വസ്ഥതയുടെ കന്പളം പിഞ്ഞിക്കളയുന്നു

വെയിലു താണ് മഞ്ഞ് പരക്കുന്പോള്‍
മുന്നോട്ട് നടക്കുന്ന അവന്റെ
കൈകളില്‍ അമര്‍ത്തിപ്പിടിച്ച്
ഞാന്‍ വീണ്ടും പിന്‍നടത്തത്തിനൊരുങ്ങുന്നു

ഇടയ്ക്കൊരോര്‍മ്മയില്‍
കണ്ണുകൊണ്ടൊന്ന് മാപ്പപേക്ഷിച്ച്
തലകുനിക്കുന്പോള്‍
പറഞ്ഞുകൊള്ളുക
ഞാന്‍ കേട്ടുകൊണ്ടിരിക്കാമെന്ന്
വിതുന്പിപ്പറഞ്ഞ്
കണ്ണുകളിലേയ്ക്കൊരു നിസ്സഹായതയെ
പകര്‍ന്നുതന്ന്
സ്വതന്ത്രമായി പറക്കാന്‍ വിട്ട്
തോല്‍ക്കുകയാണ്
തോല്‍വി സമ്മതിക്കുകയാണ്.........
എന്റെ തോല്‍വിയെ അതിലോലമായി
അവന്‍ ഏറ്റുവാങ്ങുകയാണ്
തീര്‍ത്തും നിശബ്ദനായി.....
തീര്‍ത്തും.......