2010, ജൂൺ 27, ഞായറാഴ്‌ച

തീരം

കാതോര്‍ത്തിരിക്കയാണ് ഈ അനന്തതയ്ക്കരികെ,
ഇടയ്ക്കെങ്കിലും നീയൊന്ന്
ചിരിച്ചെങ്കിലെന്നോര്‍ത്ത്.....
വെറുതെയൊന്ന് വിതുന്പുകയെങ്കിലും
ചെയ്യുമെന്നോര്‍ത്ത്......
ഇന്നും ഓര്‍ക്കുന്നവെന്ന് കരുതിയൊരു
നെടുവീര്‍പ്പിടാന്‍....

അവിടെ അങ്ങേ അറ്റത്ത്
നോക്കിയാല്‍ കാണാത്തിടത്ത്
നിന്റെ പേര് നൂറാവര്‍ത്തി ഉരുവിട്ട്
ഞാനെന്റെ സ്വപ്നഭ്രൂണങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നു
വേലിയേറ്റങ്ങളില്‍ വെറുതെ ഒന്നു നനച്ചുപോന്നേയ്ക്കുക

ജനിയ്ക്കുന്പോള്‍ അവ നിന്നെത്തേടിയെത്തും,
നിന്റെ ഗാഡനീലിമയിലേയ്ക്കുതന്നെ വന്നിടും,
അവിടെവച്ചല്ലേ,
അമാവാസികളില്‍
നിന്റെ മൗനത്തിന്റെ വെളുത്തപൊട്ടുകളായി
ഞാനവരെ ഗര്‍ഭം ധരിച്ചത്.....

ഇടയ്ക്കൊന്ന് ആഞ്ഞടിച്ച് കയറി വന്നെങ്കില്‍,
ഉപ്പുപുളി പരത്തിയൊന്ന് നീറ്റിപ്പുകച്ചെങ്കില്‍
ശ്വാസത്തെ നെഞ്ചിലേയ്ക്കു തിരികെ വിളിച്ച്,
കണ്ണുകളിറുക്കിയടച്ച് അലിഞ്ഞുചേര്‍ന്നേയ്ക്കാം....

മൂന്നുനാള്‍ അപ്പുറം തിരികെ നീ ഈ
തീരമായ്ത്തന്നെ എറിഞ്ഞിട്ടുപോകുമെങ്കിലും,
കാതിലീ ഇരന്പവും കണ്ണിലീ അഗാധതയുമായി
ഞാന്‍ കാത്തിരിപ്പാണ്......

തീരമെന്ന, ഈ വിളി കേട്ട് മടുത്തിരിക്കുന്നു
ഈ വര്‍ഷത്തിലെങ്കിലും, കാറ്റുംകോളുമായി
എന്നിലേയ്ക്കുകൂടി ഒഴുകിപ്പരന്നേയ്ക്കുക...
ഇനിയും തീരമായിരിക്കേണ്ട.....
ആഴമില്ലാത്തൊരടിത്തട്ടെങ്കിലുമായ്ക്കി മാറ്റുക.....
അവളെ കടലെടുത്തുവെന്നവര്‍ വിളിച്ചുകൂവട്ടെ....

2010, ജൂൺ 16, ബുധനാഴ്‌ച

വീണ്ടും ഇതിഹാസ വായന

"മഴപെയ്യുന്നു മഴമാത്രമേയുള്ളു
കാലവര്‍ഷത്തിന്റെ വെളുത്തമഴ
മഴ ഉറങ്ങി, മഴ ചെറുതായി, രവി
ചാഞ്ഞുകിടന്നു, അയാള്‍ ചിരിച്ചു
അനാദിയായ മഴവെള്ളത്തിന്റെ സ്പര്‍ശം
ചുറ്റും പുല്‍ക്കൊടികള്‍ മുളപൊട്ടി
രോമകൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു
മുകളില്‍ വെളുത്ത കാലവര്‍ഷം
പെരുവിരലോളം ചുരുങ്ങി
ബസ് വരുവാനായി രവി കാത്തുകിടന്നു...."

വായിച്ചാലും വായിച്ചാലും മതിവരാത്ത ഈ ഇതിഹാസത്തിന്റെ പുതുമ മാറാതെ വീണ്ടും വീണ്ടുമുള്ള വായനകള്‍, ഓരോ വായനയിലും അനാവൃതമാകുന്ന പുതിയ പുതിയ താളുകള്‍, കഥകള്‍... ഈ മഴക്കാലത്തും പതിവു തെറ്റിക്കാന്‍ കഴിഞ്ഞില്ല, ഒരേയിരുപ്പിലിരുന്ന് നേര്‍ത്തും പേര്‍ത്തും പെയ്യുന്ന മഴയുടെ പശ്ചാത്തലത്തില്‍ വീണ്ടുമൊരു വായന. മഴനനഞ്ഞ് തസറാക്കിലൂടെ നടന്ന യാത്രയുടെ തണുപ്പോര്‍മ്മിപ്പിച്ച താളുകള്‍....

ആദ്യവായനയില്‍ ഇതിഹാസം എന്നെനോക്കി കൊഞ്ഞനം കുത്തുകയായിരുന്നു, അറിയപ്പെടാത്ത കാലവും ലോകവും ചെതലിമലയേക്കാള്‍ വലുപ്പത്തില്‍ മുന്നിലങ്ങനെ നിന്നു. ഏഴാംക്ലാസിലെ ബുദ്ധി അതിന് പോരെന്ന് മനസ്സിലായപ്പോള്‍ വായന പലതവണയാവര്‍ത്തിച്ചു.

പത്താംക്ലാസ് പരീക്ഷയുടെ സ്റ്റഡി ലീവിനിടയിലും അമ്മയറിയാതെ പുസ്തകത്തിനിടയില്‍ വച്ച് വായിച്ചു, അന്നും അപ്പുക്കിളിമാത്രം കൂട്ടായി. എന്നാല്‍ പിന്നീട് അഞ്ചും ആറും വായിച്ചപ്പോള്‍ ഖസാക്കിലെ സൗന്ദര്യം എടുത്ത് മുന്നില്‍വച്ചപോലെ, പിന്നീടങ്ങോട്ട് വായനയുടെ വസന്തം.....

ഇപ്പോള്‍ ഈ മഴക്കാലത്ത് പത്താമത്തെ വായന. രവിയെന്ന് പലയാവര്‍ത്തി വായിക്കുമ്പോള്‍ മനസ്സിലെത്തുന്ന കഥാകാരന്റെ രൂപം. പണ്ടൊരു പഠനയാത്രക്കിടെ തസറാക്കിനെ കണ്ട ഓര്‍മ്മ, ആ വഴികളിലൂടെ കഥാകാരന്‍ നടക്കുന്നതിന്റെ താളം,

മുമ്പൊരിക്കല്‍ ടൗണ്‍ഹാളിലെ ഒരു പരിപാടിക്കിടെ അച്ഛന്‍ ഒവി വിജയനാണെന്ന് പറഞ്ഞ് സ്റ്റേജിലിരിക്കുന്നയാളിനെ ചൂണ്ടിക്കാണിച്ചുതന്ന ഓര്‍മ്മ, പിന്നീടൊരിക്കല്‍ നേരിട്ടുകണ്ടപ്പോള്‍ ഒരു പുസ്തകത്തില്‍ കയ്യൊപ്പു വാങ്ങിച്ചത്, അവസാനം മരണാനന്തരം അദ്ദേഹത്തിന് ലഭിച്ച ബഹുമതി ഏറ്റുവാങ്ങാന്‍ അദ്ദേഹത്തിന്റെ ഭാര്യ തെരേസ വിജയന്‍ കോഴിക്കോട് ടാഗോര്‍ ഹാളില്‍ വന്നത്.

ആ പരിപാടിയ്ക്കിടെ അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ കേട്ട അളകനന്ദയുടെ റൊമാന്റിക് ശബ്ദം എല്ലാമിങ്ങനെ ഒരു തീരശീലയിലെന്നപോലെ ഒഴുകിപ്പോയിക്കൊണ്ടിരുന്നു. രവി അദ്ദേഹം തന്നെയാണോ, എങ്കിലും ചില കൃത്യമായ അകലങ്ങള്‍, അവധൂതനും, ഈഡിപ്പസും, അസ്ഥിത്വവാദിയും, അരാജകനുമെല്ലാം ചേര്‍ന്ന നായകസങ്കല്‍പം.

ബന്ധങ്ങള്‍ പ്രകൃതി, എല്ലാമുണ്ട് ഈ ഇതിഹാസത്തില്‍. ഓരോ വായനയിലും പുതിയ അനുഭവമായി നിത്യമായി പ്രണയിക്കാന്‍ വേണ്ടത്രയും ബിംബങ്ങളുള്ള ഇതിഹാസം.

മഴക്കാലത്തെ വായനകളാണ് ഇതിഹാസത്തെ എന്റെ മനസ്സില്‍ ഒരു ദേശത്തിന്റെ സ്മാരകമാക്കി മാറ്റിയത്. മഴക്കാറുതൂങ്ങുമ്പോള്‍ വെറുതേ കയ്യിലീ പുസ്തകവും പിടിച്ചിരിക്കുമ്പോള്‍ പ്രിയ കഥാകാരാ ഞാനാ സാന്നിധ്യമറിയുന്നു, വരണ്ടുണങ്ങിയ തസറാക്കില്‍ മഴപെയ്യുമ്പോഴുള്ള ഗന്ധം നിറയുന്നു ഇവിടെ ഈ മുറി നിറയെ