2010, ജൂൺ 27, ഞായറാഴ്‌ച

തീരം

കാതോര്‍ത്തിരിക്കയാണ് ഈ അനന്തതയ്ക്കരികെ,
ഇടയ്ക്കെങ്കിലും നീയൊന്ന്
ചിരിച്ചെങ്കിലെന്നോര്‍ത്ത്.....
വെറുതെയൊന്ന് വിതുന്പുകയെങ്കിലും
ചെയ്യുമെന്നോര്‍ത്ത്......
ഇന്നും ഓര്‍ക്കുന്നവെന്ന് കരുതിയൊരു
നെടുവീര്‍പ്പിടാന്‍....

അവിടെ അങ്ങേ അറ്റത്ത്
നോക്കിയാല്‍ കാണാത്തിടത്ത്
നിന്റെ പേര് നൂറാവര്‍ത്തി ഉരുവിട്ട്
ഞാനെന്റെ സ്വപ്നഭ്രൂണങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നു
വേലിയേറ്റങ്ങളില്‍ വെറുതെ ഒന്നു നനച്ചുപോന്നേയ്ക്കുക

ജനിയ്ക്കുന്പോള്‍ അവ നിന്നെത്തേടിയെത്തും,
നിന്റെ ഗാഡനീലിമയിലേയ്ക്കുതന്നെ വന്നിടും,
അവിടെവച്ചല്ലേ,
അമാവാസികളില്‍
നിന്റെ മൗനത്തിന്റെ വെളുത്തപൊട്ടുകളായി
ഞാനവരെ ഗര്‍ഭം ധരിച്ചത്.....

ഇടയ്ക്കൊന്ന് ആഞ്ഞടിച്ച് കയറി വന്നെങ്കില്‍,
ഉപ്പുപുളി പരത്തിയൊന്ന് നീറ്റിപ്പുകച്ചെങ്കില്‍
ശ്വാസത്തെ നെഞ്ചിലേയ്ക്കു തിരികെ വിളിച്ച്,
കണ്ണുകളിറുക്കിയടച്ച് അലിഞ്ഞുചേര്‍ന്നേയ്ക്കാം....

മൂന്നുനാള്‍ അപ്പുറം തിരികെ നീ ഈ
തീരമായ്ത്തന്നെ എറിഞ്ഞിട്ടുപോകുമെങ്കിലും,
കാതിലീ ഇരന്പവും കണ്ണിലീ അഗാധതയുമായി
ഞാന്‍ കാത്തിരിപ്പാണ്......

തീരമെന്ന, ഈ വിളി കേട്ട് മടുത്തിരിക്കുന്നു
ഈ വര്‍ഷത്തിലെങ്കിലും, കാറ്റുംകോളുമായി
എന്നിലേയ്ക്കുകൂടി ഒഴുകിപ്പരന്നേയ്ക്കുക...
ഇനിയും തീരമായിരിക്കേണ്ട.....
ആഴമില്ലാത്തൊരടിത്തട്ടെങ്കിലുമായ്ക്കി മാറ്റുക.....
അവളെ കടലെടുത്തുവെന്നവര്‍ വിളിച്ചുകൂവട്ടെ....

6 അഭിപ്രായങ്ങൾ:

  1. സ്നേഹത്തിന്റെ കടലിരമ്പങ്ങള്‍ നിന്നെ തേടി വരാതിരിക്കില്ല...
    മൂന്നാം പക്കം വരെയെങ്കിലും ഒരു അടിത്തട്ടായി...

    മറുപടിഇല്ലാതാക്കൂ
  2. സിജി നന്നായി എഴുതി. പ്രത്യേകിച്ചൂം അവസാനവരികള്‍
    :-)

    മറുപടിഇല്ലാതാക്കൂ
  3. വരും .. വരാതിരിക്കില്ല അല്ലെ.. !!

    മറുപടിഇല്ലാതാക്കൂ
  4. നന്നായിട്ടുണ്ട് സിജി..
    "ഇനിയും തീരമായിരിക്കേണ്ട.....
    ആഴമില്ലാത്തൊരടിത്തട്ടെങ്കിലുമായ്ക്കി മാറ്റുക.....
    അവളെ കടലെടുത്തുവെന്നവര്‍ വിളിച്ചുകൂവട്ടെ...."
    തുടരുക ..



    സമയ ലഭ്യക്കനുസരിച്ചു ഇത് വായിക്കുമല്ലോ...
    http://madwithblack.blogspot.com/2010/03/blog-post.html

    മറുപടിഇല്ലാതാക്കൂ
  5. തീരമെന്ന, ഈ വിളി കേട്ട് മടുത്തിരിക്കുന്നു
    ഈ വര്‍ഷത്തിലെങ്കിലും, കാറ്റുംകോളുമായി
    എന്നിലേയ്ക്കുകൂടി ഒഴുകിപ്പരന്നേയ്ക്കുക...
    ഇനിയും തീരമായിരിക്കേണ്ട.....
    ആഴമില്ലാത്തൊരടിത്തട്ടെങ്കിലുമായ്ക്കി മാറ്റുക.....
    അവളെ കടലെടുത്തുവെന്നവര്‍ വിളിച്ചുകൂവട്ടെ....

    മറുപടിഇല്ലാതാക്കൂ
  6. തീരമെന്ന, ഈ വിളി കേട്ട് മടുത്തിരിക്കുന്നു
    ഈ വര്‍ഷത്തിലെങ്കിലും, കാറ്റുംകോളുമായി
    എന്നിലേയ്ക്കുകൂടി ഒഴുകിപ്പരന്നേയ്ക്കുക...
    ഇനിയും തീരമായിരിക്കേണ്ട.....
    ആഴമില്ലാത്തൊരടിത്തട്ടെങ്കിലുമായ്ക്കി മാറ്റുക.....
    അവളെ കടലെടുത്തുവെന്നവര്‍ വിളിച്ചുകൂവട്ടെ....

    മറുപടിഇല്ലാതാക്കൂ