ചില സ്വപ്നങ്ങള്‍,
ചാരം മാറി തിളങ്ങുന്ന,
പകയുടെ കനല്‍പോലെ.....
സമ്മതം തേടാതെ,
തുറന്നിട്ട ജാലകപ്പാളിയിലൂടെ,
അകത്തേയ്ക്ക്.....
പതുക്കെ ഒരു നിഴലുപോലെ,
അടുത്ത് വന്നിരിക്കുന്പോള്‍,
ശരിയ്ക്കും ഒരു സുന്ദരസ്വപ്നത്തിന്റെ ഭാവം.....
വൈകാതെ പുറത്തേയ്ക്കു നീളുന്ന കൂര്‍ത്തനഖം!
പുതിയ മുറിവുകള്‍ എഴുതിച്ചേര്‍ക്കാനുള്ള
ഒരുക്കം കൂട്ടല്‍!
രക്ഷതേടിഓടുന്പോള്‍ പിന്നാലെ കൂടി,
ഓടിയാലെത്താത്ത
വഴികളില്‍
പഴയമുറിവുകളുടെ
പൊറ്റപൊളിച്ചിട്ട്
തടസ്സപ്പെടുത്തുന്നു....
അടര്‍ന്നുവീഴുന്ന പൊറ്റകള്‍
അകത്തിപ്പോഴും
ചോരപൊടിയുന്നുവെന്നോര്‍മ്മിപ്പിച്ച്
ഇരുട്ടില്‍ ചുവന്നു തിളങ്ങുന്നു.......
ഹൃദയം പകുത്തെടുത്ത്
ചോരനനവുള്ള
നഖം കൊണ്ട് വീണ്ടും വീണ്ടും കോറിവരച്ച്
ഒടുക്കം തളര്‍ന്നുവീഴുന്പോള്‍
കയ്യൊഴിഞ്ഞ്,
യാത്രപറച്ചില്‍പോലുമില്ലാതെ, സ്വപ്നം
അതേ ജാലകപ്പാളിയിലൂടെ
തിടുക്കത്തില്‍ കടന്നു പോകുന്നു
പിന്നില്‍ ചോരതൂവന്ന പുതിയ മുറിവും,
നഗ്നമാക്കപ്പെട്ട പഴയ മുറിവുമായി,
ഉഷ്ണം തിളയ്ക്കുന്ന വേനലില്‍,
ഉറക്കമില്ലാതെ........