2009, മാർച്ച് 28, ശനിയാഴ്‌ച

ഇരുട്ട്‌


നിഴലുപോലുമെത്തിനോക്കാന്‍ മടിക്കുന്ന
ഈ ഇരുട്ടില്‍ ഞാന്‍ തനിച്ചാണ്‌
ഇരുട്ടിനെ കണ്ട്‌, ഇരുട്ടിനെ അനുഭവിച്ച്‌
ഇരുട്ടിനെയറിഞ്ഞ്‌ വെളിച്ചം കാണാതെ

എന്തുകൊണ്ട്‌ ഈ ഇരുട്ടിങ്ങനെ
നിഴലുകളെപ്പോലും ഒളിപ്പിച്ച്‌
ഒരു നേര്‍ത്ത കാറ്റുപോലുമില്ലാതെ
ഇതാരോ നിശ്ചയിച്ച ശിക്ഷ
ഞാനിതു കടന്നെത്തണം

കടലുപോലെ പരന്നുകിടക്കുന്ന ഈ ഇരുള്‍
പതുക്കെ എന്റെ മനസ്സിന്റെ ഒരു പകുതിയില്‍
വെളിച്ചമകറ്റിയകറ്റി ചേക്കേറുന്നു കൂടൊരുക്കുന്നു
ഒരുനാള്‍ അച്ഛനില്ലാത്ത ഒരു ഇരുള്‍ക്കുഞ്ഞിനെ
വിരിയിച്ച്‌ ഇരുള്‍ കടന്നുകളഞ്ഞേയ്‌ക്കാം

എങ്കിലും ഇരുട്ടേ നിന്നെ ഞാന്‍ പ്രണയിക്കുന്നു
നീ തരുന്ന ഇരുള്‍ക്കുഞ്ഞിന്‌ ഞാനമ്മയായിരിക്കാം
അതിനെ നീയെന്റെ നെഞ്ചില്‍ നിന്നും
പറിച്ചെടുക്കാതിരിക്കുക

പറക്കമുറ്റുമ്പോള്‍ പറത്തിക്കൊണ്ടുപോകാതിരിക്കുക
നിന്റെ വെളിച്ചമുള്ള മുഖം കാണിച്ച്‌
അതിനെ വഴിതെറ്റിക്കാതിരിക്കുക
നീ മുട്ടയ്‌ക്ക്‌‌ അടയിരിക്കുമ്പോള്‍
നിന്നേക്കാള്‍ ഇരുട്ടും മനസ്സിലേറ്റി
ഞാന്‍ കാവലിരിക്കുന്നു

മുട്ട പരുന്തെടുക്കാതെ പാമ്പെടുക്കാതെ
തട്ടിയുടയാതെ വിരിഞ്ഞു വളരാന്‍
എന്റെ ഭാവിയെ മുഴുവന്‍ ഇരുട്ടാക്കി
വെളിച്ചത്തിന്റെ ഒരു കണം പോലും
കടത്തിവിടാതെ ആ ഇരുല്‍ക്കുഞ്ഞെനിക്ക്‌
തണലേകുമായിരിക്കും

2009, മാർച്ച് 24, ചൊവ്വാഴ്ച

അഴീക്കോട്‌ മാഷെന്താ ഇങ്ങനെ പറഞ്ഞത്‌ ?


നാട്ടിലെ ഫെമിനിസ്റ്റ്‌ പട്ടാളം അറിഞ്ഞിട്ടുണ്ടോ അതോ അറിഞ്ഞിട്ടും ഹാ പോട്ടേന്നും കരുതി അറിഞ്ഞില്ലെന്ന മട്ടിലിരിക്കുകയാണോ എന്നൊന്നും എനിക്കറിയില്ല.

പക്ഷേ കാര്യം അറിഞ്ഞപ്പോള്‍ എന്റെ കണ്ണു തള്ളിപ്പോയി, കരളു കിടുങ്ങിപ്പോയി. പിന്നല്ലാതെ ഇമ്മാതിരി കാര്യങ്ങളൊക്കെ ഇങ്ങനെ പറഞ്ഞാല്‍ അതും പ്രഗത്ഭരും പ്രശസ്‌തരും ഗുരുസ്ഥാനീയരുമൊക്കെ ആയവര്‍ പറഞ്ഞാല്‍ എന്നെപ്പോലുള്ള അല്‍പജ്ഞാനികള്‍ക്ക്‌ എങ്ങനെ ദഹിക്കും.

സ്‌ത്രീ-പുരുഷ സമത്വത്തിലും തുല്യതയിലും വിശ്വസിക്കുകയും നാടിനും വീടിനും അത്‌ ഗുണം ചെയ്യുമെന്ന്‌ കരുതുകയും ചെയ്യുന്ന എന്നെപ്പോലുള്ള ചില പാവം ഹ്യുമനിസ്റ്റുകളും സോഷ്യല്‍ ഫെമിനിസ്റ്റുകളും ഇതൊക്കെ കേട്ടാല്‍ നടുങ്ങുമെന്നുറപ്പ്‌.

എന്താണ്‌ കാര്യമെന്ന്‌ മനസ്സിലായോ സ്‌ത്രീയും പുരുഷനും തുല്യരായാല്‍ വംശം മുടിയും എന്ന്‌ ഞാന്‍ പത്രത്തില്‍ വായിച്ചു- ഇത്‌ പറഞ്ഞയാളെക്കൂടി അറിയുമ്പോഴേ എന്റെ ഷോക്കിന്റെ ഒരു കടുപ്പം എത്രയാണെന്ന്‌ മനസ്സിലാക്കാന്‍ കഴിയൂ സാക്ഷാന്‍ അഴീക്കോട്‌ മാഷ്‌ അതായത്‌ നമ്മുടെ സാഹിത്യ നിരൂപകനും പ്രാസംഗികനുമായ സാക്ഷാല്‍ സുകുമാര്‍ അഴീക്കോട്‌.

പല പത്രങ്ങളില്‍ നിന്നാണ്‌ വാര്‍ത്ത കണ്ടത്‌. ചിലേടത്ത്‌ വംശം മുടിയുമെന്നും ചിലേടത്ത്‌ സ്‌ത്രീ കുലം മുടിയുമെന്നുമാണ്‌ അച്ചടിച്ചു വന്നിരിക്കുന്നത്‌. കൊച്ചിയില്‍ തിങ്കളാഴ്‌ച ശിശുവികസന കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം യഥാര്‍ത്ഥത്തില്‍ പറഞ്ഞതെന്തെന്ന്‌ അറിയാന്‍ ചാനലുകളൊന്നും കാണാനും പറ്റിയില്ല.

പത്രങ്ങളില്‍ പറഞ്ഞതനുസരിച്ച്‌ പറഞ്ഞത്‌ ഇതുതന്നെയാണ്‌. എന്താണെങ്കിലും ഇതുകൊണ്ട്‌ എന്താണ്‌ അദ്ദേഹം ഉദ്ദേശിച്ചതെന്നും വ്യക്തമാകുന്നില്ല. പുരുഷനും സ്‌ത്രീയും മാസികമായും ശാരീരികമയും തുല്യതയിലെത്തിയാല്‍ പുരുഷന്‍ സ്‌ത്രീകളെപ്പോലെ പ്രസവിക്കാന്‍ തുടങ്ങുമെന്നും സ്‌ത്രീയ്‌ക്ക്‌ മാത്രമായി കിട്ടിയ ആ അവകാശം പുരുഷന്മാര്‍ തട്ടിയെടുക്കുമെന്നുമാണോ

പുരുഷന്‍ പ്രവിക്കുന്ന ഇക്കാലത്ത്‌ ഇത്തരമൊരു വാദത്തിന്‌ പ്രസക്തിയില്ലല്ലോ. ഇനി അല്ല രണ്ടുകൂട്ടരും കൂടി ഒന്നിച്ച്‌ തോളോടുതോള്‍ ചേര്‍ന്ന്‌ ജീവിച്ചാല്‍ വംശം മുടിയുമെന്നായിരിക്കുമോ. ആണെങ്കില്‍ അതെങ്ങനെയായിരിക്കും സംഭവകിക്കുക.

ഈ വാചകത്തിന്‌ പിന്നാലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുവെന്ന്‌ വച്ച്‌ സ്‌ത്രീകള്‍ പുരുഷനൊപ്പം എത്തില്ല. സ്‌ത്രീയുടെ ദുര്‍ബലത തന്നെയാണ്‌ അവളുടെ ഏറ്റവും വലിയ ശക്തി, പിന്നെ സ്‌ത്രീ നന്മയുടെ ഉറവിടമാണ്‌ , മാതൃത്വം ഇത്യാദി കാര്യങ്ങളെയൊക്കെ അദ്ദേഹം പൊക്കിപ്പറഞ്ഞിട്ടുണ്ട്‌.

എന്നാലും ഈ വംശം മുടിയുന്നതെങ്ങനെയെന്ന്‌ എനിക്ക്‌ ഒരു പിടിയും കിട്ടുന്നില്ല. മാത്രമല്ല ഇത്‌ വായിച്ചിട്ട്‌ എനിക്കാതെ ചൊറിഞ്ഞ്‌ കയറി എന്നു പറഞ്ഞാല്‍ ഒട്ടും തെറ്റില്ല. പണ്ടത്തേപ്പോലെ അദ്ദേഹം എഡിറ്ററായിരുന്നകാലത്ത്‌ വര്‍ത്തമാനം ദിനപ്പത്രത്തില്‍ ജോലിചെയ്യുമ്പോഴായിരുന്നു ഈ സംഭവമെങ്കില്‍ ഇടക്കിടെ അദ്ദേഹം ഓഫീസില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഞാനിതിന്റെ അര്‍ത്ഥം വളരെ ഭവ്യയും വിനീതയുമായി നേരിട്ടു ചോദിച്ചു മനസ്സിലാക്കിയേനെ.

പക്ഷേ ഇപ്പോ എന്താ ചെയ്യാ. നേരിട്ട്‌ വിളിച്ചിട്ട്‌ അങ്ങെന്താണ്‌ ഇങ്ങനെയൊക്കെ സ്‌ത്രീ-പുരുഷ തുല്യതയെക്കുറിച്ച്‌ പറഞ്ഞതെന്ന്‌ ചോദിക്കാന്‍ പറ്റാത്ത ഒരു പരമകീടമായിപ്പോയസ്ഥിതിയ്‌ക്ക്‌ ഒന്നും സാധിയ്‌ക്കുകയുമില്ല.

സ്‌ത്രീയും പുരുഷനും മത്സരിച്ച്‌ സമത്വം കൈവരിക്കണമെന്നോ പുരുഷന്മാരെപ്പോയൊക്കെ സ്‌ത്രീകള്‍ക്ക്‌ നടക്കാന്‍ സാധിക്കണമെന്നോ ഒന്നുമല്ല എന്റെ വാദം. മറിച്ച്‌ സ്‌ത്രീ സമത്വം സ്‌ത്രീ സംവരണം എന്നൊക്കെപ്പറഞ്ഞ്‌ നമ്മളെത്രകാലമായി ഇങ്ങനെ സ്വപ്‌നം കാണാന്‍ തുടങ്ങിയിട്ട്‌.

അപ്പോള്‍ ഇത്രേം പ്രമുഖനായ ഒരാള്‍ അത്‌ വംശം മുടിപ്പിക്കുമെന്ന്‌ പറഞ്ഞത്‌ ഏതര്‍ത്ഥത്തില്‍ മനസ്സിലാക്കണം. തിരഞ്ഞെടുപ്പില്‍ സ്‌ത്രീകള്‍ മത്സരിക്കുന്നത്‌ പുരുഷനോളമെത്താന്‍ വേണ്ടിയാണോ, അല്ലല്ലോ സ്‌ത്രീയായത്തന്നെ തിരഞ്ഞെടുപ്പിന്‌ ശേഷം (ജയിച്ചാല്‍) പ്രവര്‍ത്തിക്കാന്‍ വേണ്ടിത്തന്നെയല്ലേ.

ജനപ്രതിനിധിയെന്ന രീതിയില്‍ ഒരു പുരുഷന്‌ ചെയ്യുന്നതൊക്കെ സ്‌ത്രീയ്‌ക്കും ചെയ്യാന്‍ കഴിയില്ലേ. ഇല്ലെങ്കില്‍ നമ്മുടെ വനിതാ നേതാക്കളൊക്കെ എങ്ങനെയുണ്ടായി. ഞങ്ങളോടൊപ്പം എത്തില്ല നിങ്ങള്‍ എന്നും പറഞ്ഞാണോ ഓരോ പാര്‍ട്ടിയിലെയും പുരുഷപ്രതിനിധികള്‍ വനിതാസ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുകയും അവര്‍ക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്യുന്നത്‌. എനിക്കിപ്പോള്‍ ഇതേ സംശയമുള്ള ഈ സ്‌ത്രീ-പുരുഷ സമത്വം എന്ന്‌ വച്ചാല്‍ എന്താ?

വാര്‍ത്ത മാതൃഭൂമിയില്, കൗമുദിയില്‍

2009, മാർച്ച് 21, ശനിയാഴ്‌ച

സ്വപ്നം


അവിടെ എന്താണ് വിശേഷം?
ഇവിടെ ഇരുട്ടുന്നു വെളുക്കുന്നു
വീണ്ടും ഇരുട്ടും വെളുപ്പും
ഇതിനിടെ എന്‍റെ സൂര്യനെയാരോ തട്ടിയെടുത്തോ?

തരികയെനിയ്ക്കെന്‍റെ സൂര്യനെത്തിരികെ
എന്‍റെ താരകളെ
എന്‍റെ ആകാശക്കീറിനെ
എന്‍റെ ചക്രവാളത്തെ

സൂര്യനില്ലാതെയെന്‍റെ പകല്‍ ഇരുളുന്നു
എനിക്ക് വിടരാന്‍ കഴിയാതെ പോകുന്നു
ആരോ പറഞ്ഞു സൂര്യനെ അവകാശപ്പെടാന്‍
നീയൊരു സൂര്യകാന്തിയല്ല
നീയൊരു ചെന്താമരയല്ല

എങ്കിലും അനാദികാതം അകലെനിന്ന്
എന്‍റെ സൂര്യന്‍ എന്‍റെ നേര്‍ക്ക് ജ്വലിക്കുന്നു
ലോകം മുഴുവന്‍ ഇരുട്ടിലാഴുന്പോള്‍
പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ജ്വലിച്ചുണരുന്നു
കനല്‍ക്കിരണങ്ങള്‍ തന്നെന്നെ കുളിര്‍പ്പിക്കുന്നു
ഇരുള്‍ വഴികളിലെനിക്കു കൂട്ടായി നിഴലിനെത്തരുന്നു

സൂര്യാ നീ ജ്വലിക്കുക
ഇനിയും ചക്രവാളത്തില്‍ ജ്വലിച്ചുണരുക
എനിക്കെന്‍റെ നിഴലിനെ
നിഴലിന്‍റെ നിഴലിനെ തിരികെത്തരിക

ഇല്ല സ്വപ്നം മാത്രമായി എനിക്കിനിയും വയ്യ
കട്ടെടുത്തവരേ എനിക്കെന്‍റെ സൂര്യനെത്തരിക
ഞാനൊന്നുണരട്ടെ ഞാനൊന്നു വിടരട്ടെ
ഞാനൊന്നുറങ്ങട്ടെ ഇനിയെന്നുമുണരാതെ

2009, മാർച്ച് 13, വെള്ളിയാഴ്‌ച

മഴ പെയ്തില്ല...



രാവില്‍ മഴനൂലുകളെണ്ണി
ഇരിക്കുമ്പോള്‍
ഓര്‍മ്മകളുടെ പാളം മുറിച്ചുകടന്ന്‌
വിദൂരതയിലേയ്‌ക്ക്‌ പോയവരെക്കുറിച്ച്‌
ഞാനോര്‍ക്കാറുണ്ട്‌

മഴകഴിഞ്ഞ്‌ മരം പെയ്യാന്‍ തുടങ്ങുമ്പോള്‍
ജാലകങ്ങള്‍ തുറന്നിട്ട്‌ ഞാന്‍ സ്വപ്‌നങ്ങള്‍ നെയ്യുന്നു
മഴ മുളയ്‌ക്കുന്നത്‌, മഴ തളിര്‍ക്കുന്നത്‌
മഴ വളരുന്നത്‌, മഴ പെയ്യുന്നത്‌,

നിലാവില്‍പ്പെയ്യുന്ന മഴയില്‍ ഒരു സാന്ത്വനമുണ്ട്‌
നേര്‍ത്ത തലോടലിന്റെ നനുനനുപ്പ്‌
ഇനിയും വരാത്ത വര്‍ഷത്തെ
സ്വപ്‌നം കണ്ടുറങ്ങാന്‍
മഴനനഞ്ഞുണരാന്‍
ഞാന്‍ കൊതിച്ചുപോകുന്നു

സന്ധ്യയ്‌ക്ക്‌ മഴക്കാറുവന്നെന്നെ
കൊതിപ്പിച്ച്‌ കടന്നുപോകുന്നു
മഴയൊന്നു പെയ്‌തു തീര്‍ന്നെങ്കില്‍
എങ്കിലെനിക്കൊന്നു കരയാന്‍ കഴിഞ്ഞേനെ

മഴതിമര്‍ത്തുപെയ്യുമ്പോള്‍
മിന്നല്‍ ഭൂമിയിലേയ്‌ക്കിറങ്ങുമ്പോള്‍
അച്ഛനുമമ്മയ്‌ക്കുമിടയില്‍ പതുങ്ങി ഉറങ്ങാന്‍
ഇനിയെന്നാണ്‌ ഞാനൊരു കുഞ്ഞാവുക?

മഴവിത്തുകള്‍ പാകിമുളപ്പിക്കാന്‍
കഴിയുമെന്ന്‌ പറഞ്ഞ്‌ എന്നെ പറ്റിച്ചതാരാണ്‌?
മഴത്തുള്ളികല്‍ കൈക്കുമ്പിളില്‍ കോരിയെടുത്ത്‌
ഞാന്‍ കുപ്പികളിലാക്കി അടച്ചുവച്ചു
മഴ മുളച്ചില്ല, മനം നിറച്ച്‌ പെയ്‌തില്ല

പെയ്‌തൊഴിയാന്‍ കാത്ത്‌ ഞാനിരിക്കുന്നു
കാറുമൂടുന്ന ഈ ആകാശത്തിന്‌ താഴെ

2009, മാർച്ച് 10, ചൊവ്വാഴ്ച

ഇനി നീയില്ല ഞാന്‍ മാത്രം


ഇനിയില്ല ഞാന്‍ തിരികെ
നിന്റെ നിഴലിന്റെ നിഴലാകാന്‍
വെന്തുനീറുന്ന നെഞ്ചില്‍ ഞാന്‍ നിന്റെ
ചിത തീര്‍ത്ത്‌ അഗ്നിപകര്‍ന്നിരിക്കുന്നു

നീയറിയുക, നീ പറഞ്ഞ പാഴ്‌ വാക്കുകള്‍
നന്റെ മുഖം മൂടികള്‍
നീ പറഞ്ഞ കള്ളങ്ങളത്രയും
ഞാനീ ചിതയിലെറിഞ്ഞിരിക്കുന്നു
നീയുരുകുന്ന ചിതയില്‍ സതിയനുഷ്‌ഠിച്ച്‌
ഞാന്‍ പുനര്‍ജന്മം തേടി

ഇനി ഞാന്‍ തനിച്ചാണ്‌
വരും ജന്മത്തില്‍ നീ വിഷം
തേച്ചൊരുക്കുന്ന അസ്‌ത്രമുനകള്‍
ഞാനെന്റെ ഇമയനക്കംകൊണ്ട്‌ ഒടിച്ചുകളയും
സ്‌നേഹം വിതച്ചുനീ എന്നെ കൊയ്യാന്‍ വരുമ്പോള്‍
നിന്റെ അരിവാളിനെ
ഞാനെന്റെ വാക്കുകള്‍ കൊണ്ട്‌ ഖണ്ഡിച്ചിടും

നീ കാത്തിരിക്കുക, നിന്നെക്കാത്തിരിക്കുന്ന വിധിക്കായ്‌
കാറ്റുകള്‍ ഇടക്കിടെ ഗതിമാറി വീശാറുണ്ട്‌
നദികള്‍ ഇടക്കെപ്പോഴെങ്കിലും ഗതി മാറിയൊഴുകാറുണ്ട്‌
ചെറിയ ചെറിയ ചലനങ്ങള്‍ ഭൂമിയെ പിളര്‍ത്താറുണ്ട്‌
ഇവിടെ തീമഴപെയ്യുമ്പോള്‍
അവിടെയൊരു കൊടുങ്കാറ്റെങ്കിലും ഇല്ലാതിരിക്കില്ല

ഞാനോര്‍ക്കുന്നു
പ്രണയം കൊണ്ട്‌ പ്രളയം തീര്‍ത്ത്‌
നീയെന്നെ മുക്കിക്കൊല്ലാന്‍ ശ്രമിച്ചത്‌
ചുംബനത്തില്‍ വിഷം കലര്‍ത്തിയും
ഉള്‍ക്കയ്യില്‍ ഉമിത്തീ വച്ചുതന്നും നീയെന്നെ സ്‌നേഹിച്ചത്‌

പകരമായിത്തരാന്‍ എനിക്കിതെയുള്ളു
നിന്റെ മരണം
കൊതി തീരും വരെ ഞാന്‍ നിന്നെ ചുട്ടെരിച്ചിരിക്കുന്നു
കൊതിതീരുവോളം
മതിവരുന്നത്രയും

ആ ചിതയ്‌ക്കപ്പുറത്ത്‌ എനിക്കുവേണ്ടി കരഞ്ഞവര്‍
എന്നെപ്പിടിച്ചുയര്‍ത്തിയവര്‍
എന്റെ മനസ്സിലെ കറുപ്പുനുള്ളിക്കളഞ്ഞവര്‍
ഞാന്‍ പോവുകയാണ്‌ എന്റെസ്വന്തങ്ങള്‍ക്കൊപ്പം
നിന്റെ ചിത മറികടന്ന്‌ ചുവടുകളിടറാതെ

2009, മാർച്ച് 5, വ്യാഴാഴ്‌ച

കടപ്പെട്ടിരിക്കുന്നു


തിരിച്ചറിവുകളുടെ ഒരു ലോകത്താണ്‌ ഞാന്‍, പലതും മൂര്‍ച്ചയേറിയതാണ്‌ പലതും ഒളിച്ചുവയ്‌ക്കാന്‍ കഴിയാത്തവയാണ്‌. എങ്കിലും തിരിച്ചറിവുകളുടെ ബലത്തില്‍ ഞാനിങ്ങനെ സ്വയം കണ്ടെത്തുന്നു.

അര്‍ത്ഥവും വ്യാപ്‌തിയുമില്ലാത്തതാണെങ്കിലും ഞാനെഴുതിവയ്‌ക്കുന്ന തോന്ന്യാക്ഷരങ്ങള്‍ ചിലരെങ്കിലും വായിക്കുന്നുവെന്നത്‌ പലപ്പോഴും എനിക്ക്‌ എന്നെ തിരിച്ചുതരുന്നു.

ഇതൊരു തേഞ്ഞുമായാറായ വാക്കാണ്‌ എങ്കിലും പകരം പറയാന്‍ മറ്റൊന്നില്ല അതുകൊണ്ട്‌.......കടപ്പെട്ടിരിക്കുന്നു..... എന്നെ വായിക്കുന്നവരോട്‌, സ്‌നേഹംവും സ്വാതന്ത്ര്യവും തന്ന്‌ എന്നെ അതിശയിപ്പിച്ച അച്ഛനോട്‌, തളര്‍ച്ചകളില്‍ ശക്തിതന്ന്‌ നിഴലായി കൂടെനടക്കുന്ന അമ്മയോട്‌, ഞാനില്ലേടീ എന്നു ചേട്ടനെപ്പോലെ ചോദിക്കുന്ന അനിയന്‍കുട്ടിയോട്‌ എനിക്ക്‌ വേണ്ടിയുള്ള പ്രാര്‍ത്ഥനകളുമായി അമ്പലങ്ങള്‍ കയറിയിറങ്ങുന്ന മുത്തശ്ശിയോട്‌,

അവധിക്ക്‌ ചെല്ലുമ്പോള്‍ മാങ്ങയും ചക്കയും എനിക്ക്‌ വേണ്ടി കാത്തുവയ്‌ക്കുന്ന അയല്‍ക്കാരോട്‌, ജോലിയില്‍ വീഴ്‌ച വരുത്തുമ്പോഴും കനപ്പിച്ച്‌ ഒരു വാക്കുപോലും പറയാത്ത സാറിനോട്‌, അസാധാരണമാം വിധം ആത്മനിയന്ത്രണം നഷ്ടപ്പെടുമ്പോള്‍ തമാശയില്‍ അതിനെ അലിയിച്ചുകളയുന്ന സഹപ്രവര്‍ത്തകരോട്‌, കൂട്ടുകാരോട്

ചിലപ്പോഴൊക്കെ ഒന്നിനും കൊള്ളാത്ത ഒരു ജന്മമായിപ്പോയെന്ന തിരിച്ചറിവ്‌ പകര്‍ന്നുതന്ന്‌ ക്രൂരമായി മുറിവേല്‍പ്പിച്ചവരോട്‌. നിങ്ങളോട്‌ ഓരോരുത്തരോടും.

പതിയെ ഞാനെന്നെ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുന്നു......വിമര്‍ശിച്ച്‌ വിമര്‍ശിച്ച്‌ നിങ്ങള്‍ എന്നെ ഒരു പഴുത്തിരുമ്പാക്കുക