2009, മാർച്ച് 28, ശനിയാഴ്‌ച

ഇരുട്ട്‌


നിഴലുപോലുമെത്തിനോക്കാന്‍ മടിക്കുന്ന
ഈ ഇരുട്ടില്‍ ഞാന്‍ തനിച്ചാണ്‌
ഇരുട്ടിനെ കണ്ട്‌, ഇരുട്ടിനെ അനുഭവിച്ച്‌
ഇരുട്ടിനെയറിഞ്ഞ്‌ വെളിച്ചം കാണാതെ

എന്തുകൊണ്ട്‌ ഈ ഇരുട്ടിങ്ങനെ
നിഴലുകളെപ്പോലും ഒളിപ്പിച്ച്‌
ഒരു നേര്‍ത്ത കാറ്റുപോലുമില്ലാതെ
ഇതാരോ നിശ്ചയിച്ച ശിക്ഷ
ഞാനിതു കടന്നെത്തണം

കടലുപോലെ പരന്നുകിടക്കുന്ന ഈ ഇരുള്‍
പതുക്കെ എന്റെ മനസ്സിന്റെ ഒരു പകുതിയില്‍
വെളിച്ചമകറ്റിയകറ്റി ചേക്കേറുന്നു കൂടൊരുക്കുന്നു
ഒരുനാള്‍ അച്ഛനില്ലാത്ത ഒരു ഇരുള്‍ക്കുഞ്ഞിനെ
വിരിയിച്ച്‌ ഇരുള്‍ കടന്നുകളഞ്ഞേയ്‌ക്കാം

എങ്കിലും ഇരുട്ടേ നിന്നെ ഞാന്‍ പ്രണയിക്കുന്നു
നീ തരുന്ന ഇരുള്‍ക്കുഞ്ഞിന്‌ ഞാനമ്മയായിരിക്കാം
അതിനെ നീയെന്റെ നെഞ്ചില്‍ നിന്നും
പറിച്ചെടുക്കാതിരിക്കുക

പറക്കമുറ്റുമ്പോള്‍ പറത്തിക്കൊണ്ടുപോകാതിരിക്കുക
നിന്റെ വെളിച്ചമുള്ള മുഖം കാണിച്ച്‌
അതിനെ വഴിതെറ്റിക്കാതിരിക്കുക
നീ മുട്ടയ്‌ക്ക്‌‌ അടയിരിക്കുമ്പോള്‍
നിന്നേക്കാള്‍ ഇരുട്ടും മനസ്സിലേറ്റി
ഞാന്‍ കാവലിരിക്കുന്നു

മുട്ട പരുന്തെടുക്കാതെ പാമ്പെടുക്കാതെ
തട്ടിയുടയാതെ വിരിഞ്ഞു വളരാന്‍
എന്റെ ഭാവിയെ മുഴുവന്‍ ഇരുട്ടാക്കി
വെളിച്ചത്തിന്റെ ഒരു കണം പോലും
കടത്തിവിടാതെ ആ ഇരുല്‍ക്കുഞ്ഞെനിക്ക്‌
തണലേകുമായിരിക്കും

7 അഭിപ്രായങ്ങൾ:

 1. വെളിച്ചം കൂടെയുണ്ട്
  ഇരുളിനെ തൊട്ടുരുമ്മി
  വെളിച്ചമില്ലാതെ ഇരുളില്ല
  ഇരുളില്ലാതെ വെളിച്ചവും

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍2009, മാർച്ച് 28 8:57 AM

  എത്ര മനോഹരം ഈ ഇരുട്ട് ....
  പോയ്മുഖങ്ങള്‍ കണ്ടു മടുത്തു ...
  വേഷങ്ങള്‍ കെട്ടി മടുത്തു ...
  എനിക്കും കൂട്ടു നീ തന്നെ ....

  siji ... superb!!!

  മറുപടിഇല്ലാതാക്കൂ
 3. എന്തുകൊണ്ട്‌ ഈ ഇരുട്ടിങ്ങനെ
  നിഴലുകളെപ്പോലും ഒളിപ്പിച്ച്‌....

  മറുപടിഇല്ലാതാക്കൂ
 4. ഇരുട്ടിനെ പറ്റി പെട്ടെന്ന് നിര്‍ത്തി കളഞ്ഞല്ലോ., എല്ലാത്തിനും ഈ ഇരുട്ട് കാവലാണ് ഇരുടില്ലായിരുന്നെങ്കില്‍ ഹോ ഓര്‍ക്കാന്‍ .......

  മറുപടിഇല്ലാതാക്കൂ
 5. എല്ലാ കപടതയും ഈ ഇരുട്ടിലേക്കാണു മറയുന്നതും, മറഞ്ഞതും .വെളിച്ചത്തിനു നമുക്ക് മറയറ്റ സമരത്തിനിറങ്ങാം .മനോഹരം ആശംസകള്‍

  മറുപടിഇല്ലാതാക്കൂ