2009, മാർച്ച് 5, വ്യാഴാഴ്‌ച

കടപ്പെട്ടിരിക്കുന്നു


തിരിച്ചറിവുകളുടെ ഒരു ലോകത്താണ്‌ ഞാന്‍, പലതും മൂര്‍ച്ചയേറിയതാണ്‌ പലതും ഒളിച്ചുവയ്‌ക്കാന്‍ കഴിയാത്തവയാണ്‌. എങ്കിലും തിരിച്ചറിവുകളുടെ ബലത്തില്‍ ഞാനിങ്ങനെ സ്വയം കണ്ടെത്തുന്നു.

അര്‍ത്ഥവും വ്യാപ്‌തിയുമില്ലാത്തതാണെങ്കിലും ഞാനെഴുതിവയ്‌ക്കുന്ന തോന്ന്യാക്ഷരങ്ങള്‍ ചിലരെങ്കിലും വായിക്കുന്നുവെന്നത്‌ പലപ്പോഴും എനിക്ക്‌ എന്നെ തിരിച്ചുതരുന്നു.

ഇതൊരു തേഞ്ഞുമായാറായ വാക്കാണ്‌ എങ്കിലും പകരം പറയാന്‍ മറ്റൊന്നില്ല അതുകൊണ്ട്‌.......കടപ്പെട്ടിരിക്കുന്നു..... എന്നെ വായിക്കുന്നവരോട്‌, സ്‌നേഹംവും സ്വാതന്ത്ര്യവും തന്ന്‌ എന്നെ അതിശയിപ്പിച്ച അച്ഛനോട്‌, തളര്‍ച്ചകളില്‍ ശക്തിതന്ന്‌ നിഴലായി കൂടെനടക്കുന്ന അമ്മയോട്‌, ഞാനില്ലേടീ എന്നു ചേട്ടനെപ്പോലെ ചോദിക്കുന്ന അനിയന്‍കുട്ടിയോട്‌ എനിക്ക്‌ വേണ്ടിയുള്ള പ്രാര്‍ത്ഥനകളുമായി അമ്പലങ്ങള്‍ കയറിയിറങ്ങുന്ന മുത്തശ്ശിയോട്‌,

അവധിക്ക്‌ ചെല്ലുമ്പോള്‍ മാങ്ങയും ചക്കയും എനിക്ക്‌ വേണ്ടി കാത്തുവയ്‌ക്കുന്ന അയല്‍ക്കാരോട്‌, ജോലിയില്‍ വീഴ്‌ച വരുത്തുമ്പോഴും കനപ്പിച്ച്‌ ഒരു വാക്കുപോലും പറയാത്ത സാറിനോട്‌, അസാധാരണമാം വിധം ആത്മനിയന്ത്രണം നഷ്ടപ്പെടുമ്പോള്‍ തമാശയില്‍ അതിനെ അലിയിച്ചുകളയുന്ന സഹപ്രവര്‍ത്തകരോട്‌, കൂട്ടുകാരോട്

ചിലപ്പോഴൊക്കെ ഒന്നിനും കൊള്ളാത്ത ഒരു ജന്മമായിപ്പോയെന്ന തിരിച്ചറിവ്‌ പകര്‍ന്നുതന്ന്‌ ക്രൂരമായി മുറിവേല്‍പ്പിച്ചവരോട്‌. നിങ്ങളോട്‌ ഓരോരുത്തരോടും.

പതിയെ ഞാനെന്നെ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുന്നു......വിമര്‍ശിച്ച്‌ വിമര്‍ശിച്ച്‌ നിങ്ങള്‍ എന്നെ ഒരു പഴുത്തിരുമ്പാക്കുക

12 അഭിപ്രായങ്ങൾ:

  1. നല്ലവരികള്‍.
    “ചിലപ്പോഴൊക്കെ ഒന്നിനും കൊള്ളാത്ത ഒരു ജന്മമായിപ്പോയെന്ന തിരിച്ചറിവ്‌ പകര്‍ന്നുതന്ന്‌ ക്രൂരമായി മുറിവേല്‍പ്പിച്ചവരോട്‌“ ഇവരോടാണു നാം കൂടുതല്‍ കടപ്പെട്ടിരിക്കുന്നത്.
    -സുല്‍

    മറുപടിഇല്ലാതാക്കൂ
  2. സിജിയുടെ എല്ലാ പോസ്റ്റുകളും വായിച്ചിട്ടുണ്ട്...
    വേദനകളും വിങ്ങലുകളുമെല്ലാം ഓരോന്നായി ഉപേക്ഷിച്ചു, പുതിയോരളായിത്തീരില്ലേ..?
    അതിന് സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. ഇത്രയൊക്കെ ആള്‍ക്കാര്‍ കരുതാനുള്ളപ്പോള്‍ മുറിവേല്‍പ്പിക്കുന്നവരോട് പോയ്‌പണിനോക്കാന്‍ പറയ് :-)

    മറുപടിഇല്ലാതാക്കൂ
  4. നാം നമ്മെ അറിയുന്നതാണ് കലാധർമ്മം എന്ന് ഒരു പൌരസ്ത്യസിദ്ധാന്തമുണ്ട്.
    ബ്ലോഗിങ്ങ് എന്ന കലക്കും അത്തരമൊരു ധർമ്മമുണ്ട്.
    നമ്മുടെ നവീകരണത്തെ,മനഃസംസ്കരണത്തെ,ദർശനങ്ങളെ-എല്ലാം കൂടുതൽ ആർജ്ജവമുള്ളതാക്കുന്ന ഒരു കലാപ്രവർത്തനമായി മാറുന്നിടത്താണ് ബ്ലോഗിങ്ങിന്റെ വൈയക്തികമായ നേട്ടങ്ങളുള്ളത് എന്നാണെന്റെ വിശ്വാസം.
    എന്നാൽ,അതിലുപരിയായി,പുതിയൊരു സാമൂഹ്യ ഉപകരണമെന്ന നിലയിലും ബ്ലോഗ് എന്ന മാദ്ധ്യമത്തിന്റെ സാധ്യതകളെ കാണണം.
    ഓരോ രചനയിലും സ്വയം നവീകരിക്കാനും,പുതിയ വെളിച്ചങ്ങൾ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളിലേക്ക് സിജി എത്തിപ്പെടട്ടെ!
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  5. മൊളെ, മറക്കേണ്ടത്‌ മറക്കണം... പക്ഷെ അതിൽ നിന്നും പഠിച്ച പാഠങ്ങൾ ഉൾകൊണ്ടു മുന്നെറുക.ദൈവം അനുഗ്രഹിക്കട്ടെ.നല്ല എഴുതുകരി ആവട്ടെ...നല്ലതു വരും

    മറുപടിഇല്ലാതാക്കൂ
  6. പെട്ടേന്നു നന്നാവാന്‍ ശ്രമിക്കൂ .. അല്ലേങ്കില്‍ നല്ല അടി തരാനും മടിയില്ലാ എനിക്കു ;) ധാരാളം അടി-ഇടി എന്റെ പെങ്ങളും ആയിട്ട് നടത്തി ശീലമാണെനിക്കു - പക്ഷെ അവളുടെ കല്യാണം കഴിഞ്ഞ് അവള്‍ പോയതോടെ ആ ഒരു സുഖം ജീവിത്തില്‍ ഇല്ലാണ്ടായി. :(

    മറുപടിഇല്ലാതാക്കൂ
  7. ചിലപ്പോഴൊക്കെ ഒന്നിനും കൊള്ളാത്ത ഒരു ജന്മമായിപ്പോയെന്ന തിരിച്ചറിവ്‌ പകര്‍ന്നുതന്ന്‌ "ക്രൂരമായി മുറിവേല്‍പ്പിച്ചവരോട്‌." നിങ്ങളോട്‌ ഓരോരുത്തരോടും.ഇത് ഞങ്ങളെ മാത്രം ഉദ്ദേശിച്ചാണോ

    മറുപടിഇല്ലാതാക്കൂ
  8. അയ്യോ അല്ലേ നിങ്ങളാരും എന്നെ മുറിവേല്‍പ്പച്ചിട്ടില്ല. കയത്തില്‍ നിന്നും കയറാന്‍ ശ്രമിക്കുന്പോള്‍ ഒരു കൈ തന്നു സഹായിച്ചു എന്നല്ലാതെ....

    മറുപടിഇല്ലാതാക്കൂ
  9. ഇരുട്ടില്‍ കയമെന്നു തോന്നുന്ന പല സംഭവങ്ങളും വെളിച്ചത്തില്‍ ഒന്നുമൊന്നും ആവില്ല .. കണ്ണടച്ചിരുട്ടാക്കാതിരിക്കൂ, കണ്ണു തുറക്കൂ, വെളിച്ചം കടന്നു വരട്ടെ. സിജിക്കു കയമെന്നു തോന്നുന്ന പല സംഭവങ്ങളും ഇവിടെ വായിക്കുന്നവര്‍ക്ക് വെറും കൈത്തോടുകള്‍ മാത്രമായിട്ടു തോന്നുന്നുണ്ടാവാം, എനിക്ക് തോന്നുന്നുന്ന പോലെ. ഇതൊന്നും ഒന്നും അല്ലാ സോദരി :) ഇതിലും വലുതു വരാനിരിക്കുന്നതേ ഉള്ളൂ ..

    മറുപടിഇല്ലാതാക്കൂ