2009, ഫെബ്രുവരി 28, ശനിയാഴ്‌ച

ചിതറിപ്പോയ നിന്‍റെ ചിത്രംഅമ്മ വിളന്പിത്തന്ന ചോറ്
കണ്ണീരിന്‍റെ തിളക്കത്തില്‍ അതില്‍ നിന്‍റെ മുഖം തെളിയുന്നു
ഒന്നുറക്കെ കരയാന്‍ കഴിയാതെ
കരച്ചില്‍ എന്‍റെ തൊണ്ടയെ പിളര്‍ക്കുന്നു

ചോറില്‍ തറ, പറ വരച്ച് തലകുനിച്ച് ഞാനിരുന്നു
പിന്നില്‍ നിന്നും അമ്മയുടെ കൈ
എന്‍റെ ശിരസ്സില്‍ തൊട്ട് പതിയെ ചുമലിലേയ്ക്ക്
വീണ്ടുമെന്‍റെ മുടിയിഴകളില്‍ തഴുകി
നെറ്റിയില്‍ വിരലുകളമര്‍ത്തി

വീണ്ടും പാത്രത്തിലെ‍ ചോറില്‍ നിന്‍റെ ചിത്രം
കറിയ്ക്ക് നിന്‍റെ ചുംബനത്തിന്‍റെ സിഗരറ്റുചുവ
ഓക്കാനം വന്നു ഞാന്‍ എഴുന്നേല്‍ക്കാനോങ്ങി
അമ്മ പിടിച്ചിരുത്തി, മുഴുവന്‍ കഴിയ്ക്കാന്‍

അവസാനം കരച്ചില്‍ വന്നടഞ്ഞ തൊണ്ടയെ
വേദനിപ്പിച്ചുകൊണ്ട് ഞാന്‍ വറ്റുകളെ ചവയ്കാതെ വിഴുങ്ങി
ഒഴിഞ്ഞ പാത്രത്തിലേയ്ക്ക് എന്‍റെ കണ്ണില്‍ നിന്നും
നിന്‍റെ രൂപം അടര്‍ന്നുവീണു ചിതറി

എന്‍റെ കണ്ണീരില്‍ കുതിര്‍ന്ന നിന്‍റെ ചിത്രം
ചിതറിയ നിന്‍റെ കഷണങ്ങള്‍
അമ്മ കാണാതെ ചേര്‍ത്ത് ഞാന്‍ ചില്ലിട്ടുവച്ചു
അവസാനം നെഞ്ചിന്‍റെ ഭിത്തിയില്‍ ആണിയടിച്ച് തൂക്കിയിട്ടു

ഇപ്പോള്‍ നീ അവിടെക്കിടന്ന് ചെറുകാറ്റില്‍പ്പോലും ആടുന്നു
സിഗരറ്റില്ലാതെ മദ്യമില്ലാതെ നീ ശുഷ്കിച്ചുപോയിരിക്കുന്നു
ഇത് നിനക്കുള്ള എന്‍റെ വിധിയാണ്

ചിത്രമിളകിപ്പോരുന്പോള്‍ ആണി വീണ്ടും വീണ്ടും ഞാനാഞ്ഞു തറയ്ക്കുന്നു
ചുടുചോര തൂവുന്നത് നിനക്ക് കാണാമോ, രുചിയ്ക്കാമോ
കാണാം.... അതുകണ്ട് നിന്‍റെ മുഖം അറപ്പാല്‍ ചുളിയുന്നു
അത് കണ്ട് ആത്മനിന്ദകൊള്ളാന്‍ എനിക്ക് അഭിമാനം തോന്നുന്നു

11 അഭിപ്രായങ്ങൾ:

 1. ചിത്രമിളകിപ്പോരുന്പോള്‍ ആണി വീണ്ടും വീണ്ടും ഞാനാഞ്ഞു തറയ്ക്കുന്നു
  ചുടുചോര തൂവുന്നത് നിനക്ക് കാണാമോ, രുചിയ്ക്കാമോ
  ഈ വരികൾ ഏറെ ഇഷ്ടമായി. നല്ല കവിത.

  മറുപടിഇല്ലാതാക്കൂ
 2. .... അറപ്പാല്‍ ആയിരിക്കില്ല വേദനകൊണ്ടയിരിക്കും .......
  ഒന്ന് കൂടി സുക്ഷിച്ചു നോക്കു.....

  [മനോഹരമായിരിക്കുന്നു കവിത :) ]

  മറുപടിഇല്ലാതാക്കൂ
 3. വരച്ചു തന്ന മൂന്നു ചിത്രങ്ങള്‍ക്കും നന്ദി.. നോവുന്ന സംവേദനം നന്നായി പടരുന്നുണ്ട്.ആശംസകള്‍....‍

  മറുപടിഇല്ലാതാക്കൂ
 4. അവസാനം കരച്ചില്‍ വന്നടഞ്ഞ തൊണ്ടയെ
  വേദനിപ്പിച്ചുകൊണ്ട് ഞാന്‍ വറ്റുകളെ ചവയ്കാതെ വിഴുങ്ങി
  ഒഴിഞ്ഞ പാത്രത്തിലേയ്ക്ക് എന്‍റെ കണ്ണില്‍ നിന്നും
  നിന്‍റെ രൂപം അടര്‍ന്നുവീണു ചിതറി

  നന്നായിട്ടുണ്ട്...

  മറുപടിഇല്ലാതാക്കൂ
 5. അജ്ഞാതന്‍2009, മാർച്ച് 1 3:05 AM

  നല്ല വരികൾ...ചിന്തകൾ....

  മറുപടിഇല്ലാതാക്കൂ
 6. ചില ഇമേജുകൾ സൂക്ഷ്മമായി സംവദിയ്ക്കുന്നു,പകൽ മുകളിലെഴുതിയ പോലുള്ളവ.
  ചിലയിടങ്ങളിൽ ആകെ പരന്നുപോവുകയും ചെയ്യുന്നു.
  സിജി വിചാരിച്ചാൽ അതു നേരെയാക്കാവുന്നതേയുള്ളൂ എന്നു തോന്നുന്നതുകൊണ്ടാണ് പറഞ്ഞത്.
  ആശംസകൾ!

  മറുപടിഇല്ലാതാക്കൂ
 7. അമ്മ വിളമ്പി തന്ന ചോറില്‍
  അവന്‍റെ കണ്ണീരിന്‍റെ ഉപ്പും
  സിഗരറ്റീന്‍റെ ചുവയും

  അവസാനം കരച്ചില് വന്നടഞ്ഞ തൊണ്ടയെ
  വേദനിപ്പിച്ചുകൊണ്ട് ഞാന് വറ്റുകളെ ചവയ്കാതെ വിഴുങ്ങി

  ഒഴിവാക്കാമായിരുന്നു ഇഷ്ടമല്ലാത്തത് നിരസിക്കുക തന്നെ
  സ്വീകരിച്ചപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടു , ആത്മാവും

  മറുപടിഇല്ലാതാക്കൂ
 8. ഞാന്‍ ജീവിതത്തെ അറിഞ്ഞുകൊണ്ടിരിക്കുകയാണ് ഒപ്പം നിന്ന് എന്നെ വായിക്കുന്നവര്‍ക്കും തിരുത്തുന്നവര്‍ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 9. ചിത്രമിളകിപ്പോരുന്പോള്‍ ആണി വീണ്ടും വീണ്ടും ഞാനാഞ്ഞു തറയ്ക്കുന്നു...
  athu veno siji... oakkanam varaththa kanner kanjiyil veezhikkatha nalla nalla chithrangal athu mathi manassinte bhiththiyil...
  kavitha nannairikkunnu... ethupole okke shakthamayi ezhuthan kazhiyunnath daivanugraham aanu.

  മറുപടിഇല്ലാതാക്കൂ
 10. ഇതൊക്കെ ഞാന്‍ അനുഭവിക്കുന്നത് ഇപ്പോളാണ്.
  എന്റെ നെഞ്ചിന്റെ ഭിത്തിയില്‍ ആണിയടിച്ചു തൂക്കിയ ആ ചിത്രം ഒരിക്കലും മായിക്കാനാവില്ലെന്നു ഞാന്‍ തിരിച്ചറിഞ്ഞത് ഇത് വായിച്ചപ്പോളാണ്.

  മറുപടിഇല്ലാതാക്കൂ