2009, ഫെബ്രുവരി 3, ചൊവ്വാഴ്ച

എന്‍റെ ഇടം

ഓര്‍മ്മകളില്‍ ഓടിയോടി മടുക്കുന്പോള്‍
എനിക്ക് തിരിച്ചുപോകാനൊരിടം
ഓര്‍മ്മകളുടെ നുള്ളലും പിച്ചലും ഏല്‍ക്കാതെ
എനിക്ക് ഒളിച്ചിരിയ്ക്കാനൊരിടം

പക്ഷേ മറ്റുള്ളവര്‍ക്കെങ്ങനെ നമുക്കുള്ള
ഒരിടമായിരിക്കാന്‍ കഴിയും
കഴിയില്ല, അങ്ങനെ ഒരിടം കണ്ടെത്തിയെന്ന് ഞാന്‍ അഹങ്കരിച്ചു
ആ ഇടം മറ്റുള്ളവര്‍ വിലയ്ക്കെടുത്തിട്ടും
ആധാരവും പ്രമാണവുമില്ലാതിരുന്നിട്ടും
ഞാനതിനായി വാശിയില്‍ വ്യവഹാരം നടത്തുന്നു

അവളെന്നോട് ചോദിയ്ക്കാറുണ്ട്
എന്തിനാണ് നിനക്കൊരു ഇടം?
എനിയ്ക്കും തോന്നിയിട്ടുണ്ട്
എന്തിനാണ് എനിയ്ക്കൊരിടം?

പക്ഷേ എനിക്കൊരിടം വേണ്ടേ?
അങ്ങനെ ചോദിച്ചപ്പോള്‍ അവളെന്നോട് പറഞ്ഞു
കാശ് കൂട്ടിവച്ച് അഞ്ച് സെന്‍റ് ഭൂമി വാങ്ങിച്ച്
അവിടെയിരുന്ന് ഓര്‍മ്മകളെ ആട്ടിയോടിയ്ക്കാന്‍

എന്നിട്ടവള്‍ ഉറക്കെ ചിരിച്ചു
കാരണം അവള്‍ക്കൊര് അഞ്ച് സെന്‍റ് സ്വന്തമായിട്ടുണ്ട്
എനിയ്ക്കതില്ല, അതോര്‍ത്തപ്പോള്‍ എനിയ്ക്ക് ഭ്രാന്തുവന്നു
ഞാനവളുടെ കഴുത്തു പിടിച്ചമര്‍ത്തി

പ്രാണന്‍ കണ്ണില്‍ കിടന്ന് പിടയ്ക്കവേ അവള്‍ വാക്കു തന്നു
നിന്‍റെ ഇടത്തിനായി നമുക്കൊരുമിച്ച് യുദ്ധം ചെയ്യാമെന്ന്
പിന്നെ ഞങ്ങള്‍‍ അതിനായി
ഒരു കള്ളപ്രമാണവും ആധാരവും എഴുതാന്‍ കൊടുത്തു
പ്രാണനില്‍ കൊതിച്ച് അവള്‍ എന്‍റെയൊപ്പം നില്‍ക്കുന്നു

8 അഭിപ്രായങ്ങൾ:

 1. ഇനി അവളുടെ പ്രാണനില്‍ ഒരിടം ചോദിച്ചു കൂടെ... അവള്‍ അതും തരുമായിരിക്കും...നിന്റെ നഖങ്ങളെ പേടിച്ച്...!!

  മറുപടിഇല്ലാതാക്കൂ
 2. ഓര്‍മ്മകളില്‍ ഓടിയോടി മടുക്കുമ്പോള്‍
  എനിക്ക് തിരിച്ചുപോകാനൊരിടം....

  ഓര്‍മ്മകള്‍ അത്ര ശല്യക്കാരനാണോ...എന്തായ്യാലും അതില്‍നിന്നും ഒളിച്ചിരിക്കല്‍ ആവില്ല .

  മറുപടിഇല്ലാതാക്കൂ
 3. ബ്ളോഗിലെ ഈ ഇടം ഉണ്ടല്ലോ. അത്‌ പോരേ?

  മറുപടിഇല്ലാതാക്കൂ
 4. അഞ്ചുസെന്റിനേക്കാൾ എന്തായാലും വലിയ ഇടങ്ങൾ ലോകത്തുണ്ട്,മനുഷ്യമനസ്സുകളിൽ.

  മറുപടിഇല്ലാതാക്കൂ
 5. നമ്മുടെ ഇടം കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ മറ്റുള്ളവര്‍ എത്ര വില പറഞ്ഞാലും അത് നമ്മുടേത് തന്നെയായിരിക്കും.... നല്ലൊരിടം കണ്ടെത്തട്ടെ :)

  മറുപടിഇല്ലാതാക്കൂ
 6. പുതിയ ഇടം നേടുന്നതിനേക്കാള്‍
  ബുദ്ധിമുട്ടാണ് ഉള്ളയിടം നഷ്ടപ്പെടാതെ സൂക്ഷിക്കല്‍.

  മറുപടിഇല്ലാതാക്കൂ
 7. ore manasikavastha ullathu kondavam... thante posts enikku valare ishtam aayi.. anubhavichavarkke ariyan pattoo....

  മറുപടിഇല്ലാതാക്കൂ
 8. ithra nannai ezhuthan kazhiyathathukondu bloging paripadi upekshicha aalanu njan......... thanne njan orupadu snehikkunnooo

  മറുപടിഇല്ലാതാക്കൂ