കട്ടന്ചായയുടെ
ഓരോ കവിളിനിടയിലുമുണ്ട്
പണ്ട് പണ്ട് ആര്ത്തലച്ചുപെയ്ത
മഴകളില്
എത്രയോ പല്ലുകള്ക്കിടയില്
അമര്ന്നു ഞെരിഞ്ഞ
വറുത്ത കറിക്കടലകളുടെ മുറുമുറുപ്പ്........
അതിനിടയിലെവിടെയോ ഉണ്ടാകും
മഴത്തണുപ്പില്
നേര്യതിന് തലപിടിച്ച് മാറിലേയ്ക്കടുപ്പിച്ച്
ചൂടുകായുന്ന ചിത്രം ഉള്ളില് വരച്ച്
മടിച്ചിരിയ്ക്കാന് കൊതിച്ചിട്ടും
ആര്ക്കൊക്കെയോ
മഴ കൊഴുപ്പിയ്ക്കാനായി
തണുത്ത നിലത്ത്
ചെരുപ്പിടാതെ നിന്ന്
കടലവറുക്കേണ്ടിവന്ന വല്യമ്മയുടെ
നിരാശ, അമര്ഷങ്ങള്.......
നിരാശയെ ഊതിപ്പുകച്ചാവും
വല്ല്യമ്മ
പൂമുഖത്തെ വെടിവട്ടക്കാര്ക്ക്
കറുത്ത കുത്തുകളുള്ള
ചായപ്പാത്രത്തില്
മധുരം തെറ്റിച്ച്
കൊടുങ്കാറ്റുകളെക്കൂടി ആറ്റിച്ചേര്ത്ത്
തൊണ്ടപൊള്ളുമാറ് ചൂടുള്ള
കട്ടന്ചായകള്
പകര്ന്നത്.......
ചൂടോര്ക്കാതെ
അമര്ഷക്കൊടുങ്കാറ്റുകളുറങ്ങുന്ന
ചായ തിടുക്കത്തില് മൊത്തി-
യെത്രയോ നാവുകളാവും
ഓരോ മഴക്കിടയിലും
പൊള്ളിക്കുമിളിച്ചത്.....
ഉള്ളുകൊണ്ട് തിളച്ചുമറിയുന്നൊരു
രോഷലായനിയാണ്
പല്ലുകള്ക്കിടയില്
കിറുകിറെന്ന് പ്രതിഷേധിയ്ക്കുന്ന
കടലകള്ക്കൊപ്പം
ഇറങ്ങിയിറങ്ങിപ്പോകുന്നതെന്ന്
അവരിലാരെല്ലാം ആരെല്ലാം
തിരിച്ചറിഞ്ഞിട്ടുണ്ടാകും......