2010, ഡിസംബർ 9, വ്യാഴാഴ്‌ച

വിഷം വിതയ്ക്കുന്നവര്‍

ഇവിടെയിന്നും ഒഴുകിപ്പരക്കുന്നു,
ഒരു വിഷപ്പുഴ......
പുതിയ കൈവഴികള്‍ ജനിപ്പിച്ച്,
മരണം വിതച്ച് തലമുറകളിലേയ്ക്ക്,
ഒഴുകിപ്പരക്കുന്ന, കാളകൂടം തോല്‍ക്കുന്ന,
കൊടും വിഷപ്പുഴ.........

തീരങ്ങളില്‍ വിഷം തീണ്ടി,
മുരടിച്ച ബാല്യങ്ങള്‍,
മുട്ടിലിഴയുന്ന യൗവ്വനം,
വെളിച്ചം കെട്ട കണ്ണുകള്‍.
വിഷദ്വാരം വീണ ഹൃദയങ്ങള്‍........

അവിടെയ-
വരെക്കാത്ത് ചുറ്റിലും കണ്ണുകള്‍,
നിറംകെട്ട് നീരുവറ്റി,
കവിളില്‍ കണ്ണീര്‍ച്ചാലുണങ്ങിയവര്‍,
ഇവരത്രേ ദുരന്തങ്ങള്‍ക്ക് ജന്മമേകിയോര്‍.....

തേങ്ങിത്തേങ്ങി,
നിറം കെട്ട് ചില സ്വപ്നങ്ങള്‍,
ഇന്നും ചുറ്റിയലയുന്നു,
വെറുതെ തെല്ലിട നേരത്തേ,
നിറപ്പകര്‍ച്ച , കണ്ട് മോഹിച്ച്.....

വാഗ്ദാനങ്ങള്‍,
ചൂണ്ടയില്‍ക്കുരുക്കി അധികാരമേറി,
ഇടക്കിടെ ശുഭ്രവേഷത്തില്‍ച്ചിലര്‍,
കവലപ്രസംഗത്തിനെത്തുന്നു.....
ഇവരുടെ നിഴലില്‍,
വീണ്ടും ചിലര്‍ നാടുകയറി,
വിഷം ചീറ്റിച്ച് മരണമാം ഭൂതത്തെ,
പുകയായ് പുറത്തേയ്ക്കയയ്ക്കുന്നു....

നീറുക മുന്നിലുള്ളൊരീ സത്യങ്ങളില്‍,
പിടഞ്ഞൊടുങ്ങുക വിഷം വിതയ്ക്കുന്ന ഭാവിയില്‍,
ഒടുവില്‍ ഓരോ വിഷം തീണ്ടിയ ജീവനും,
പൊലിഞ്ഞുതീരുന്പോള്‍,
രക്ഷയായെന്നുറച്ച് മറ്റൊരു തുള്ളി,
വിഷജലത്തിലൊടുങ്ങാം....

പിന്നെയവര്‍ നാടു കേറട്ടെ,
കാടുകേറട്ടെ,
അവിടെയാകെ,
മൃത്യുവിന്റെ വിത്തു വിതയ്ക്കട്ടെ,
വിഷപ്പുഴകള്‍ക്ക് കൈവഴി തീര്‍ക്കട്ടെ ..........

{മുന്പ് കൂട്ടുകാര്‍ക്കൊപ്പം എന്‍ഡോസള്‍ഫാന്‍ ദുരിതം വതയ്ക്കുന്ന കാസര്‍കോട്ടെ ചില ഗ്രാമങ്ങളില്‍ നടത്തിയ ഒരു യാത്ര, അന്ന് കണ്ട അംഗവൈകല്യം വന്ന ചില കുട്ടികള്‍, അവരുടെ അച്ഛനമമ്മമാര്‍, ഉത്തരംകിട്ടാതെ നില്‍ക്കുന്ന നാട്ടുകാര്‍........ഇപ്പോള്‍ എന്‍സള്‍ഫാന്‍ വിഷയത്തില്‍ നേതാക്കള്‍ പരസ്പരം വിഴുപ്പലക്കുന്പോള്‍ അന്നത്തെ അതേ നീറ്റലോടെ വീണ്ടും ആ ഓര്‍മ്മ.........ഓര്‍ത്തോര്‍ത്തിരുന്നപ്പോള്‍ വെറുതേ ഇങ്ങനെ തോന്നി............}

6 അഭിപ്രായങ്ങൾ:

  1. വര്‍ത്തമാന കാല യാഥാര്ത്യങ്ങളോട് സംവദിക്കുന്ന കവിത .
    കവിയുടെ നന്മ നിറഞ്ഞ മനസ് കാണുന്നു ..ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  2. nannai chechi kavitha.ippolukm aa kanal kedathe sookshikkunnu eannathil snthosham.oru padu nalai valayil kayariyittu.adhayam nookiyathu ee thonnayasiye aanu annu asugamai orupadu naal illathe irunna samayam njan innum orkkunnu...nanmakal

    മറുപടിഇല്ലാതാക്കൂ
  3. നല്ല സമയോചിതമായ കവിത.
    വിഴുപ്പലക്കാൻ നാടുനന്നാക്കുന്നവർക്ക് കിട്ടിയ അവസരം.
    ഇന്നലെ കണ്ട വാർത്ത് : തമിഴ്നാട്ടിൽ 200+ രൂപയ്ക്കു കിട്ടുന്ന സിമന്റ് 300+ നു കേരളത്തിൽ - കൊള്ളയ്ക് കൂട്ടു നില്ക്കുന്നത് 12.5% ടാക്സ് കൊയ്യാൻ.
    മൗനം വിദ്വാനു ഭൂഷണം.

    മറുപടിഇല്ലാതാക്കൂ
  4. നന്നായി ഈ ചിന്തകള്‍.
    കുറച്ചേറെ കവിതകള്‍ വായിച്ചു ഈ പ്രശ്നത്തില്‍.
    അധികാരി വര്‍ഗ്ഗവും പണമോഹികളും മനസ്സ് മാറ്റുമെന്ന് ആശിക്കാം.

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. സര്‍ഗശേഷിയെ സമൂഹത്തിനു സമര്‍പ്പിച്ചതില്‍ അഭിനന്ദിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  6. പുഴയൊഴുകുന്ന വരികളില്‍ മനുഷ്യപ്പറ്റിന്റെ നനവ്.

    മറുപടിഇല്ലാതാക്കൂ