പലപ്പോഴും
പല കാര്യങ്ങളിലും നമ്മള് വൈകിപ്പോയെന്ന് മനസ്സിലാക്കുക ഇനി മുന്നോട്ട് സെക്കന്റുകള്‍
പോലും ബാക്കിയില്ലാതിരിക്കുമ്പോഴായിരിയ്ക്കും. ഇത്തരത്തില്‍ വൈകിപ്പോയ പല സംഭവങ്ങളും
ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ചിലതുകൊണ്ടൊക്കെ വലിയ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ട്,
ചിലത് വലിയ നഷ്ടങ്ങളൊക്കെ ഉണ്ടാക്കുമെന്ന് ഭയപ്പെടുത്തുമെങ്കിലും കുഴപ്പക്കാരല്ലാതെ
ഒഴിഞ്ഞുപോവുകയും ചെയ്യും. ഇക്കഴിഞ്ഞ ദിവസം ശരിയ്ക്കും പറഞ്ഞാല്‍ അമേരിക്കയില്‍ ഹലോവീന്‍
ആഘോഷം നടന്ന ഒക്ടോബര്‍ 31ന് ഞാനിത്തരത്തില്‍ ഒരങ്കലാപ്പില്‍പ്പെട്ടുപോയി. ചിലയവസരങ്ങളിലെങ്കിലും
നമ്മള് നമ്മുടെതന്നെ ഇഷ്ടങ്ങളെ, താല്പര്യങ്ങളെ ഒക്കെ മറന്നുപോകാറുണ്ട്, ചില സംഭവങ്ങള്‍,
ചിലപ്പോള്‍ വെറും ചില സ്പാര്‍ക്കുകളായിരിയ്ക്കും നമ്മളെ അതിലേയ്ക്ക് തിരിച്ചെത്തിക്കുക.
എന്റെ
ആദ്യ ഹലോവീന്‍ അനുഭവം എന്നെയും ഇങ്ങനെ ഒന്നിലേയ്ക്ക് തിരിച്ചെത്തിച്ചു. ബ്ലോഗുകളില്‍
നിന്നും അമേരിക്കയില്‍ താമസിച്ച് തിരിച്ചെത്തിയ കൂട്ടുകാരില്‍ നിന്നുമൊക്കെയാണ് ഹലോവീനെക്കുറിച്ച്
ഞാന്‍ മനസ്സിലാക്കിയത്. പലരില്‍ നിന്നായി കിട്ടിയ അറിവുകള്‍ മാത്രമായിരുന്നു ഈ ഒക്ടോബര്‍
31വരെ ഹലോവീനെക്കുറിച്ച് എന്റെ മനസ്സിലുള്ള
ചിത്രം.
അമേരിക്കയിലുള്ള
സ്ഥിതിയ്ക്ക് ഹലോവീന്‍ അനുഭവിച്ചുകളയണമെന്ന് തലേന്നുതന്നെ തീരുമാനിച്ചു. ഇതിനായി ഇരുട്ടും
മുമ്പ് വരണമെന്ന് വീട്ടുകാരനോട് ചട്ടംകെട്ടുകയും ചെയ്തു. വൈകുന്നേരം നോക്കുമ്പോള്‍
താമസിയ്ക്കുന്ന അപാര്‍ട്മെന്റിനുള്ളില്‍ വലിയ മേളമൊന്നുമില്ല. അവിടവിടെ ബാല്‍ക്കണികളില്‍
ചില മത്തങ്ങകള്‍ പലഭാവത്തില്‍ ചിരിയ്ക്കുകയും കണ്ണുരുട്ടുകയും ചെയ്യുന്നു, വൈക്കോല്‍
കുട്ടപ്പന്മാരും കുട്ടപ്പികളും തോളില്‍ കാക്കകളും കയ്യില്‍ കോലുകളുമായി വാതില്‍പ്പുറങ്ങളില്‍
കാവല്‍ നില്ക്കുന്നു, ഇത്യാദി സീനുകളൊഴിച്ചാല്‍ അപാര്‍ട്മെന്റ് പറമ്പ് ശാന്തം.
ഇതിനിടെ
പലവട്ടമായുള്ള യാത്രകളില്‍ ഇതേ അപാര്ട്മെന്റില് ഹലോവീന്‍ കാലത്ത് താമസിച്ചിട്ടുള്ള
അവനും സാക്ഷ്യപ്പെടുത്തുന്നു, 'ഈ അപാര്ട്മെന്റില് ഇതില്‍ക്കൂടുതല്‍ ആഘോഷങ്ങളൊന്നും
കണ്ടിട്ടില്ല'. 'എന്നാല്‍ എനിയ്ക്കിത് കണ്ടേപറ്റൂ' എന്ന് ഞാനും.
അപാര്‍ട്മെന്റ്
ഗേറ്റിന് പുറത്തിറങ്ങിയാല്‍ ഒട്ടേറെ വീടുകളുണ്ട്. ചുറ്റുമതിലുകളൊന്നുമില്ലാതെയുള്ള
വീടുകള്‍. വൈകുന്നേരങ്ങളില്‍ നടക്കാനിറങ്ങുമ്പോള്‍ ഇവിടിങ്ങളിലെല്ലാം കുട്ടികളുടെ മേളങ്ങള്‍
കാണാറുമുണ്ട്. എന്നാല്‍ അതിലൂടെ ഒന്ന് നടന്നുനോക്കാമെന്നായി, കണ്ടാല്‍ കണ്ടു ഇല്ലേ
തിരിച്ചുപോരാം എന്ന കണ്ടീഷനില്‍ ഞങ്ങള്‍ ആറുമണിയോടെ നടക്കാനിറങ്ങി.
പുറത്തെത്തേണ്ട
താമസം അതാ വരുന്നു ഹലോവീന്‍ സംഘങ്ങള്‍ പലതരം. ഡാകിനി മുത്തശ്ശിയെയും കുട്ടൂസനെയും ഓര്‍മ്മിപ്പിയ്ക്കുന്നവരും.
ടാര്‍സനെയും മൗഗ്ലിയെയും ഓര്‍മ്മിപ്പിയ്ക്കുന്നവരും തുടങ്ങി പലവേഷക്കാരുണ്ട്. ഏറെയും
ചെറിയ കുട്ടികളാണ്. എന്നാല്‍ ഇടയ്ക്ക് ടീനേജുകാരുടെയും ഇരുപത് കഴിഞ്ഞുവെന്ന് തോന്നിയ്ക്കുന്നവരുടെയും
സംഘങ്ങളുണ്ട്. ഇവരിലെ ഡാകിനി അമ്മൂമ്മമാര് പലരും നല്ല ഗ്ലാമറസായിട്ടാണ് വരവ്.
എല്ലാവരുടെയും
കയ്യില്‍ സഞ്ചികളുണ്ട്. ചിലരുടെ കയ്യില്‍ മത്തങ്ങളുടെ ആകൃതിയിലുള്ള പ്ലാസ്റ്റിക് പാത്രങ്ങള്‍.
സംഘങ്ങള്‍ മുന്‍വശത്തെ ലൈറ്റ് തെളിഞ്ഞുകിടക്കുന്ന വീടുകളില്‍ കയറുന്നു, വീട്ടുകാര്‍
വാതില്‍ തുറക്കുന്നു ട്രിക് ഓര് ട്രീറ്റ് പറയുന്നു. വീട്ടുകാര്‍ കുട്ടികള്‍ക്ക് മിഠായികള്‍
കൊടുക്കുന്നു, അവര്‍ ചില ലൊട്ടുലൊടുക്ക് വേലകള്‍ കാണിയ്ക്കുന്നു. ആകെ ബഹളം, കണ്ടുനില്ക്കാന്
നല്ല രസം. പല വീടുകളിലും പ്രായമായവര്‍ വാതില്ക്കല് കസേരകളിട്ട് മിഠായിപ്പാത്രങ്ങളുമായി
കുട്ടികളെക്കാത്തിരിയ്ക്കുകയാണ്. കുട്ടികളെ വരവേറ്റ് അവര്‍ക്ക് മധുരം നല്കാന്. ചിലയിടത്ത്
മുന്‍വശത്ത് മിഠായിപ്പാത്രങ്ങള്‍ അങ്ങനേ വച്ചിരിയ്ക്കുന്നു, ആരും കാവലില്ല, വേഷക്കാര്‍ക്ക്
കയറാം, വേണ്ടുവോളമെടുത്ത് സഞ്ചി നിറയ്ക്കാം തിരിച്ചുപോരാം. ചില കൊച്ചുവിരുതന്മാര്‍
ആദ്യത്തെ പിടി വാരി തിരിച്ച് പോന്നാലും കാന്റിയുടെ ഗുണം തിരിച്ചറിഞ്ഞ് വീണ്ടും കയറി
വാരുകയാണ്. എല്ലായിടത്തുമുമ്പ് മത്തങ്ങകള്‍, കണ്ണും മൂക്കും വരച്ചവയും കാര്‍വ്ചെയ്ത്
എടുത്തവയും ഉള്ളില്‍ മെഴുകുതിരിവച്ച് സുന്ദരക്കുട്ടപ്പന്മാരായി ഇരിയ്ക്കുന്നു. ചിലവീടുകളില്‍
ചിലന്തിവലകള്‍ വലിച്ചുകെട്ടി ദീപാലങ്കാരം ചെയ്തിരിയ്ക്കുന്നു. ചിലേടത്ത് വമ്പര്‍ പാര്‍ട്ടികള്‍
തന്നെ നടക്കുകയാണ്. വീട്ടുകാര്‍ മുഴുവന്‍ പലവേഷങ്ങളില്‍ ഒരുങ്ങി പുറത്ത് വിരുന്നുകാരെ
കാത്തിരിയ്ക്കുകയാണ്.
പിശാചിന്റെ
ഉത്സവമാണല്ലോ ഹലോവീന്‍, ഹലോവീനെതിരെ കത്തോലിക്കാസഭ കാര്യമായ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്,
ഹലോവീന്‍ ആഘോഷങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് ചേര്‍ന്നതല്ലെന്നും ആഘോഷങ്ങളില്‍ പങ്കുചേരരുതെന്നും
വൈദികന്മാര് പറയുന്നുണ്ട്. ഉത്സവം പിശാചിന്റേതാണെങ്കിലും പുറത്തിറങ്ങി കാഴ്ചകള്‍ കാണുമ്പോള്‍ ചില ചിത്രങ്ങളും വേഷങ്ങളും വീടുകളില്‍ വച്ചിരിയ്ക്കുന്ന
അസ്ഥിക്കൂടരൂപങ്ങളുമൊഴിച്ചാല്‍ പൈശാചികമായ ഒന്നും കാണാന്‍ കഴിഞ്ഞില്ല. എന്നുമാത്രല്ല,
വല്ലപ്പോഴും മാത്രം അടുത്തുകാണാന്‍ കഴിയുന്ന അയല്‍ക്കാര്‍ക്കും കുട്ടികള്‍ക്കും ഈ കൂടിച്ചേരലും
തമാശകളും നല്കുന്ന വ്യത്യസ്ത വലുതാണുതാനും. വീടുകളില്‍ തനിച്ചുകഴിയുന്ന പ്രായമായവര്‍ക്ക്
മിന്നുന്ന തലപ്പാവുകളും മത്തങ്ങാ വിളക്കുകളുമായി ട്രിക്ക് ഓര് ട്രീറ്റുമായി വന്നുകയറുന്ന
കുട്ടികള്‍ ശരിയ്ക്കുമൊരു ആഘോഷം തന്നെയാണ് നല്‍കുന്നതെന്ന് അവരുടെ കാത്തിരിപ്പും ഒരുക്കങ്ങളും
കണ്ടാലറിയാം.
കാഴ്ചകള്‍
കണ്ടിങ്ങനെ നടക്കുമ്പോഴാണ്. എനിയ്ക്ക് നാട്ടിലെ തിരുവാതിര രാവ് ഓര്‍മ്മവന്നത്. എല്ലാവീടുകളില്‍
നിരത്തിവച്ചിരിയ്ക്കുന്ന മത്തങ്ങ ഓര്‍മ്മിപ്പിച്ചതാകട്ടെ കണിവെള്ളരിയെയും. കുഞ്ഞായിരിയ്ക്കുമ്പോഴെല്ലാം
തിരുവാതിര ദിവസം നട്ടപ്പാതിരിയ്ക്ക് പൊറാട്ടുനാടകക്കാര്‍ വീടുകള്‍ തോറും കയറിയിറങ്ങും.
പുത്തന്‍ തിരുവാതിരയാര്‍പ്പേ എന്നും പറഞ്ഞ് അലറിക്കൊണ്ടാണ് പൊറാട്ടുകാരുടെ വരവ്, ഉറങ്ങിയവരെ
ബഹളമുണ്ടാക്കി വിളിച്ചുണര്‍ത്തി പാട്ടും ഡാന്‍സും നാടകങ്ങളുമൊക്കെ കാണിച്ച് കിട്ടുന്ന
പൈസയും വാങ്ങി അടുത്തവീട്ടിലേയ്ക്ക് പോകും. കുഞ്ഞുന്നാളില്‍ ഞാനും അനിയനും ഈ ആര്‍പ്പുവിളികേട്ട്
എത്രയോ വട്ടം ഞെട്ടിയുണര്‍ന്നിരിയ്ക്കുന്നു, പാതിയുറക്കത്തില്‍ച്ചെന്നിരുന്ന് പൊറാട്ടുകാരുടെ
പരിപാടികള്‍ കണ്ടിരിയ്ക്കുന്നു.
ഈ
ഹലോവീന്‍ ആഘോഷത്തിന് തിരുവാതിരയുടെ ചെറിയൊരു ഛായയില്ലേയെന്നൊരു തോന്നല്‍. തീര്‍ത്തും
ഉണ്ടെന്ന് പറയാനും വയ്യ എന്നാല്‍ ഇല്ലാതൊട്ടല്ലതാനും. നഴ്സറിയിലും ചെറിയ ക്ലാസുകളിലുമെല്ലാം
പഠിയ്ക്കുന്ന കാലത്ത് പൊറാട്ടുനാടകക്കാര്‍ എത്തിയിരുന്നത് പെട്രോള്‍മാക്സും കത്തിച്ചായിരുന്നു,
പിന്നീട് സൈക്കിളില്‍ ബാറ്ററിയും മറ്റും സെറ്റ് ചെയ്ത് കോലിന്മേല് തൂക്കിയ ഒരു ചെറിയ
ബള്‍ബായി വെളിച്ചം നല്കാന്. ആദ്യകാലത്തെ ഐറ്റങ്ങള്‍ മിക്കതും നല്ല തട്ടുപൊളിപ്പന്‍
ഹ്രസ്വനാടകങ്ങളായിരുന്നു, അതിന് മറ്റ് ശബ്ദസംവിധാനങ്ങളില്ല, നടീനടന്മാര്(നടിമാരാകുന്നത്
ആണുങ്ങള്‍തന്നെ) തന്നെ ഡയലോഗുകള്‍ പറയണം. പിന്നീട് ടേപ്റിക്കോര്‍ഡര്‍ വച്ചുള്ള പരിപാടികളായി.
പിന്നീട് ഇത് ചുരുങ്ങിച്ചരുങ്ങി ചില വഴിപാടുകളായി കളക്ഷന്‍ കിട്ടുന്ന പൈസ കൊണ്ട് പിറ്റേന്ന്
വയറു നിറയും വരെ കള്ളുകുടിയ്ക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയുള്ള വെറും കാട്ടിക്കൂട്ടലുകള്‍,
പിന്നിപ്പിന്നെ നാട്ടില്‍ പണിയില്ലാത്ത ചെറുപ്പക്കാര്‍ കുറയാന്‍ തുടങ്ങിയതോടെ ഇപ്പരിപാടികള്‍
തീരെ ഇല്ലാതെയുമായി. പഠിത്തം കഴിഞ്ഞ് ജോലികിട്ടി നാട്ടില്‍ നിന്നും മാറിനില്ക്കാന്
തുടങ്ങിയതോടെ തിരുവാതിര വരുന്നതുതന്നെ അറിയാതായി.
പക്ഷേ
ഇവിടെ ലിക് മില്‍ റോഡിലൂടെ നടന്നപ്പോള്‍ പഴയ തിരുവാതിരക്കാലം തന്നെ മനസ്സില്‍. പെട്ടെന്നാണ്
എന്നിലെ പഴയ ഫോക്ലോര് പ്രേമി ഉണരുന്നത്. പെട്ടെന്നുണ്ടായ ബോധോദയത്തില്‍ ഞാന്‍ പറഞ്ഞു,
ഇത് അമേരിക്കന്‍ ഫോക്ലോറാണ്, ഹലോവീന്‍ അമേരിക്കന്‍ ഫോക്ലോറാണ്.
അപ്പോള്‍
ചങ്ങാതി പറയുന്നു ആയിരിയ്ക്കും നെറ്റിലൊന്ന് തപ്പിയാല്‍ മതി. പിന്നാലെയാണ് ഞാനോര്‍ത്തത്.
ഫോക്ലോറിനെ മറന്നേ പോയിരിയ്ക്കുന്നു. എത്ര ഇഷ്ടത്തോടെ പഠിച്ച ഒരു വിഷയമായിരുന്നു.
ഏത് നാട്ടില്‍ച്ചെന്നാലും അവിടുത്തെ ജനതയുടെ സവിശേഷതകളും അവരുടെ ഫോക്ലോറുകളും നിരീക്ഷിച്ച്
മനസ്സിലാക്കിവേണം അവരിലേയ്ക്ക് ചേരാനെന്ന ഫോക്ലോര് ഗുരുക്കന്മാരുടെ വാക്കുകള്‍ പാടേ
മറന്നുപോയിരിയ്ക്കുന്നു. ഫോക് ലോറിസ്റ്റില്‍ നിന്നും ജേര്‍ണലിസ്റ്റിലേയ്ക്കുള്ള രൂപാന്തരത്തിനിടയിലാണ്
എന്നിലെ ഫോക്ലോര് ഒബ്സര്‍വര്‍ മരിച്ചുപോയത്.
ലോറുകളെല്ലാം ഒന്നൊന്നായി മാറിക്കൊണ്ടിരിയ്ക്കുന്നു, കരിയര്‍ ബില്‍ഡ് ചെയ്യാനുള്ള തത്രപ്പാടിനിടയില്‍
കണ്ടു മനസ്സിലാക്കിയും ചോദിച്ചറിഞ്ഞും ഡാറ്റ ശേഖരിച്ച് അപഗ്രഥിയ്ക്കാനുള്ള ശേഷിയൊക്കെ
നഷ്ടപ്പെട്ടുപോയിരിയ്ക്കുന്നു.
ഇതുവരെ
ജീവിച്ചതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു സംസ്കാരത്തിലാണ് പത്തുമാസമായി ജീവിയ്ക്കുന്നത്.
എന്നിട്ടും ഒന്നും കാര്യമായി നിരീക്ഷിച്ചില്ല, മനുഷ്യനെ അറിയാനുള്ള നല്ലൊരു വിഷയം ഒരു
തപസുപോലെ പഠിച്ചെടുത്തതിന്റെ ഒരു ഗുണവും ഞാന്‍ കാണിച്ചില്ല. ശരിയ്ക്കും പറഞ്ഞാല്‍ ഹലോവീന്‍
കാഴ്ചകള്‍ കണ്ട് ഞാന്‍ തിരിച്ചെത്തിയത് വല്ലാത്തൊരു നിരാശയോടെയായിരുന്നു. എത്രയെത്ര
അവസരങ്ങള്‍ നഷ്ടപ്പെടുത്തി. ആരുമായും ഇടപഴകാതെ(അതിനുള്ള അവസരങ്ങള്‍ നന്നേ കുറവാണ്
ഇവിടെ) ഒന്നും ചോദിച്ചറിയാതെ പത്തുമാസം വെറുതേ കളഞ്ഞു.
തിരിച്ച്
വന്നിരുന്ന ഞാന്‍ അമേരിക്കന്‍ ഫോക് ലോര്‍ എന്ന് സെര്‍ച്ച് തുടങ്ങി. അമേരിക്കന്‍ ഫോക്ലോറിസ്റ്റുകളായ
ഡാന്‍ ബെന്‍ ആമോസ്, റോജര്‍ എബ്രഹാംസ്, റിച്ചാര് ബൗമാന് എന്നിവരെക്കുറിച്ചെല്ലാം സെര്‍ച്ച്
ചെയ്തുനോക്കി.
അപ്പോഴാണ്
നാട്ടില്‍ എങ്ങും എത്താതെ നില്ക്കുന്ന ഫോക്ലോര് എന്ന അക്കാദമിക വിഷയത്തിന്റെ ഇവിടുത്തെ
സാധ്യതകള്‍ തിരിച്ചറിയുന്നത്. എന്തൊരു സുന്ദരമായ വിഷയമായിരുന്നു. പൊട്ടക്കിണറിലെ തവളയെപ്പോലെ
ജീവിച്ചിരുന്ന ഞാന്‍ പലവിഷയങ്ങളെക്കുറിച്ചും മനസ്സിലാക്കിയതും പലതിലേയ്ക്കും എത്തിപ്പെട്ടതുമെല്ലാം
ഈ വിഷയത്തിലൂടെയായിരുന്നു. ഇവിടെ എല്ലാ സര്‍വ്വകലാശാലകളിലുമുണ്ട് ഫോക്ലോര് ഡിപാര്‍ട്മെന്റുകള്‍.
ദത്തശേഖരണവും അപഗ്രഥനവുമെല്ലാം ഇവിടെ നടന്നുകൊണ്ടേരിയിരിയ്ക്കുന്നു. ഇവിടുത്തെ റെഡ്
ഇന്ത്യന്‍സുമായി ബന്ധപ്പെട്ട ഫോക് ലോറിനൊപ്പം അര്‍ബന്‍ ഫോക് ലോറുകളിലും കാര്യമായ പഠനങ്ങള്‍
നടക്കുന്നുണ്ട്.
തിരുവാതിരക്ക് നമ്മുടെ നാട്ടിലിറങ്ങുന്ന പൊറാട്ട് സംഘങ്ങള്‍ തന്നെ. അത്ര മാത്രം.പിന്നെ ആഘോഷങ്ങളില്‍ എല്ലാവരെയും പങ്കാളികളാക്കുന്നു.
മറുപടിഇല്ലാതാക്കൂപക്ഷേ, നമ്മുടെ കലിയനു കൊടുക്കലുമായും സാമ്യമുണ്ട്. കര്‍ക്കടകം ഒന്നിലെ ചില വിശ്വാസങ്ങളുമായാണ് ഇതിനു കൂടുതല്‍ ബന്ധം.
മറ്റൊരു പ്രധാന വ്യത്യാസം...'വാതില്‍ തുറക്കണ ഒച്ചയുണ്ട്.. കേക്കണ്...തീപ്പെട്ടിയുരതണ ഒച്ചയുണ്ട്...കേക്കണ്..' എന്നു പാടുന്ന സംഘങ്ങള്‍ പിരിഞ്ഞു പോകുന്നത് പണം കിട്ടിയാലാണ്. പക്ഷേ, അമേരിക്ക, കാനഡ തുടങ്ങിയ സ്ഥലങ്ങളിലെ ഭൂരിഭാഗം ഹലോവീന്‍ സംഘങ്ങളും മിഠായികളാണ് പ്രതീക്ഷിക്കുന്നത്. അവര്‍ക്ക് പണമല്ല മുഖ്യം.
എല്ലാ വീട്ടുകാരം ഈ ആഘോഷത്തില്‍ പങ്കെടുക്കണം. വേഷം കെട്ടി ഹാലോവിന് സംഘങ്ങളെ കാത്തിരിക്കണം. വരുന്ന സംഘങ്ങള്‍ക്ക് മധുരം നല്‍കണം. വേഷം കെട്ടിയില്ലെങ്കില്‍ മരുന്ന സംഘത്തിന് മുഴുവന്‍ ഭക്ഷണം നല്‍കാനുള്ള ബാധ്യത ആ വീട്ടുകാരുടെതാണ്...... വേഷം കെട്ടിയാല്‍ മിഠായി കൊണ്ട് രക്ഷപ്പെടാം.
കലിയന് ആഘോഷം ശരിയാംവിധം ഞാന്‍ കണ്ടിട്ടില്ല, ചോറിന് നിറം നല്കി പ്ലാവിലകൊണ്ടും മറ്റും പശുക്കളെയൊക്കെയുണ്ടാക്കി മരത്തിന് ചുവട്ടില്‍ വെയ്ക്കുന്നത് കണ്ടിട്ടുണ്ട്, അതും വളരെ ചെറുപ്പത്തില്‍, വളര്‍ന്നുകഴിഞ്ഞ് ഈ സംഭവം കണ്ടിട്ടേയില്ല, ഇത് പല സ്ഥലങ്ങളിലും പലതരത്തിലാണെന്നാണ് തോന്നുന്നത്.
മറുപടിഇല്ലാതാക്കൂഹലോവീന്റെ ചരിത്രവും മിത്തുമൊക്കെ ഞാന്‍ ചികഞ്ഞുകൊണ്ടിരിയ്ക്കുകയാണ് :D
വായനയ്ക്കും കമന്റിനും നന്ദി...
ട്രിക് ഓര് ട്രീറ്റ്
മറുപടിഇല്ലാതാക്കൂhttp://www.youtube.com/watch?v=2VU3m7-SODM&feature=fvsr
ഇത് കണ്ടിട്ടുണ്ട്, രസകരമാണ് .... ഗ്രിഗറിയുടെ 'വീണ മത്തന്‍' കേട്ട് ചിരിച്ച് മണ്ണുകപ്പിയിട്ടുമുണ്ട് :D
ഇല്ലാതാക്കൂനല്ല കുറിപ്പ് ആശംസകൾ
മറുപടിഇല്ലാതാക്കൂ