2011, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

പൂര്‍ണവിരാമത്തിലേയ്ക്ക്

ഇരുണ്ട അകത്തളങ്ങളില്‍,
തേങ്ങി വിറച്ചൊരു കാറ്റ്....
പഴയ മാറാലകളില്‍,
മുഖം ചേര്‍ത്തു വിതുന്പുന്ന,
മൃത സ്മരണകളില്‍
ഒരു ചെറുതലോടലായി
വെറുതേ വേച്ചു വീശുന്നു.....

ദിക്കറിയാതെയലഞ്ഞൊ-
ടുക്കമീ പ്രണയം,
ഉള്‍ച്ചൂടേറ്റ്, മരണവേദനയില്‍,
കണ്ണീരായൊഴുകി,
ഉപ്പു പൊടിഞ്ഞ,
ചാലായുണങ്ങിക്കിടക്കുന്നു....

ഇനിയുമുണ്ട് വേപഥുപൂണ്ട
അടയാളങ്ങള്‍,
നിനക്കൊരിക്കലും വഴിതെറ്റാതിരിക്കാന്‍
നിരനിരയായി ഒരുക്കിവച്ചിരിക്കുന്നു.....
മുറ്റത്തുണ്ട് വേദനകളുടെ
ചില പടുമുളകള്‍,
മഴകാത്ത് വാടിക്കിടക്കുന്നു...

തെക്കേത്തൊടിയില്‍,
സ്വപ്നങ്ങളുടെ ചുടുകാട്...
അവിടെ ഇപ്പോഴുമുണ്ട്,
മുഴുവന്‍ മരിയ്ക്കാത്ത,
ചില സ്വപ്ന ശകലങ്ങള്‍....
വെറുതേ നീ വരുന്നതും കാത്ത്
കാലങ്ങളായി,
ചാരത്തില്‍ ഇടയ്ക്കൊന്ന് തിളങ്ങി,
ജീവനുണ്ടെന്ന് ഉറപ്പുവരുത്തുന്നു.....

ഇനി വെറുമൊരു തേങ്ങലിനു
മാത്രമേ ത്രാണിയുള്ളു
അതു ഞാനടക്കിപ്പിടിക്കുകയാണ്....
വെറുമൊരു തുള്ളിക്കണ്ണീരായി
എന്റെ പ്രണയം നിനക്ക് കൈമാറി
ഒന്നു ദീര്‍ഘമായ് തേങ്ങി
പിടച്ചിലില്ലാത്തൊരു പൂര്‍ണവിരാമത്തിലേയ്ക്ക്
ഞാന്‍ കാത്തിരിക്കയാണ്....

6 അഭിപ്രായങ്ങൾ:

  1. Superb..Siji...!!!Kidu aayitundu....Anyway congrats dear...

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2011, നവംബർ 2 1:40 AM

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  3. മുഴുവന്‍ മരിയ്ക്കാത്ത,
    ചില സ്വപ്ന ശകലങ്ങള്‍.
    നന്നായിരിക്കുന്നു,ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  4. നല്ല കവിത ...."ഇനി വെറുമൊരു തേങ്ങലിനു
    മാത്രമേ ത്രാണിയുള്ളു
    അതു ഞാനടക്കിപ്പിടിക്കുകയാണ്....
    വെറുമൊരു തുള്ളിക്കണ്ണീരായി "

    മനസ്സില്‍ തട്ടുന്നു വരികള്‍ ....

    മറുപടിഇല്ലാതാക്കൂ
  5. നല്ലൊരു കവിത...
    വേപഥുപൂണ്ട അടയാളങ്ങളിലൂടെ കുറച്ചു വരികളില്‍ കുറേയേറെ കാര്യങ്ങള്‍ പറഞ്ഞു.
    അഭിനന്ദനങ്ങള്‍.......

    മറുപടിഇല്ലാതാക്കൂ
  6. കവിത വളരെ ഇഷ്ടമായി..
    പൂര്‍ണ്ണവിരാമാമില്ലാത്ത പ്രണയത്തിന്റെ അനന്തകാലമാശംസിക്കുന്നു

    മറുപടിഇല്ലാതാക്കൂ