2011, ഫെബ്രുവരി 12, ശനിയാഴ്‌ച

സ്മരണകളിലെ ചിദംബരസ്മരണ......

പണ്ടെന്നോ മനസ്സില്‍ കൊണ്ടു നടക്കുകയും പിന്നീടെപ്പോഴോ മറക്കുകയും ചെയ്ത ഒരു പേരായിരുന്നു ചിദംബരസ്മരണ, അടുത്തിടെ സഹപ്രവര്‍ത്തകനാണ് വീണ്ടും ഈ വാക്ക് ഓര്‍മ്മയില്‍ കോറിയിട്ടത്.

സംസാരത്തിനിടയില്‍ എപ്പോഴോ കൂട്ടുകാരനോട് ഞാനതിനെക്കുറിച്ചു പറഞ്ഞു. വായിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് അവനും പറഞ്ഞു. പിന്നെ അത് വീണ്ടും മറവിയില്‍, പക്ഷേ അധികം വൈകാതെ, പിന്നീട് ഒന്ന് ഓര്‍മ്മപ്പെടുത്തുകകൂടി ചെയ്യാതെ പുതുവര്‍ഷസമ്മാനമായി അവനത് കൊണ്ടുവന്നിരിക്കുന്നു.

ചിദംബരസ്മരണ- ബാലചന്ദ്രന്‍ ചുള്ളിക്കാട്- കടുംചുവപ്പ് നിറത്തിലെ ഈ അക്ഷരങ്ങള്‍ കണ്ടപ്പോഴേ എന്തോ സ്വന്തമാക്കിയ സന്തോഷത്തിലായിരുന്നു മനസ്സ്.

വല്ലാത്ത ഒരാവേശത്തോടെ പുസ്തകം വായിച്ചുതീര്‍ന്നപ്പോള്‍ പ്രിയകവിയോട് പണ്ടേയുള്ള ആരാധന വീണ്ടും വാനോളം ഉയര്‍ന്നു . വെറുതെ സിനിമകളില്‍ കണ്ടു ശീലിച്ച ജീവിത്തത്തിന്റെ ഒരേട് ജീവിച്ചുതീര്‍ത്ത ഒരാള്‍...... എല്ലാം വിളിച്ചുപറയുന്ന ചിദംബരസ്മരണയിലെ തന്റേടം കൂടിയായതോടെ ആരാധന കത്തിപ്പടര്‍ന്നു............

ആരോടെങ്കിലുമൊക്കെ പറയാനുള്ള വെപ്രാളത്തില്‍, വായിച്ചുതീര്‍ത്തതും ഞാന്‍ ചിദംബരസ്മരണയെക്കുറിച്ച് സഹമുറിയത്തികളോട് പറഞ്ഞു( വായനയില്‍ അധികം താല്‍പര്യമില്ലാത്തവരാണെങ്കിലും). സ്വാഭാവികമായും പുസ്തകത്തിലെ ചില ഭാഗങ്ങളെ അവര്‍ അസന്മാര്‍ഗികമെന്ന് അടയാളപ്പെടുത്തി.

ഇതെഴുതിയാള്‍ തോന്ന്യാസിയെല്ലേ പിന്നെ നീയെങ്ങനെ ആരാധിക്കുന്നു എന്ന് ഒരാള്‍, ഇയാളാണോ ആരാധിക്കപ്പെടുന്ന കവിയെന്നായി മറ്റേയാള്‍. ഒടുക്കം ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആരാധികയെന്ന് സ്വയം വിശേഷിപ്പിക്കാറുള്ള എന്നെയവര്‍ അവജ്ഞയോടെ നോക്കുന്നു.

നിങ്ങളെല്ലാം വെറും പകല്‍ മാന്യര്‍ എന്ന മൂര്‍ച്ചയുള്ള ഒരു ആയുധം അവര്‍ക്കെതിരെ പ്രയോഗിച്ച് ഞാന്‍ നിരാശയോടെ തിരിഞ്ഞുകിടന്നുറങ്ങി.

പലരും പറയാന്‍ മടിയ്ക്കുന്നത് അദ്ദേഹമിങ്ങനെ തുറന്നെഴുതുന്പോള്‍ അവജ്ഞയുടേയോ അശ്ലീലത്തിന്റേതോ ആയ ഒരു കണം പോലും നമ്മുടെ മനസ്സിലേയ്ക്ക് വരില്ല. പച്ചയായ മനുഷ്യ മനസ്സ് ഇങ്ങനെയൊക്കെത്തന്നെയെന്ന് നമ്മള്‍ അടിവരയിടും.

ചിദംബരം ക്ഷേത്രത്തില്‍ അദ്ദേഹം കണ്ട വൃദ്ധ ദന്പതികള്‍, വിജലക്ഷ്മി ടീച്ചറെ ഗര്‍ഭച്ഛിദ്രം നടത്തിച്ചത്. ചൈനീസ് തിരുമ്മുകേന്ദ്രത്തില്‍ ശിശുവിന്റെ നിഷ്കളങ്കതയോടെ അദ്ദേഹം തിരുമ്മുകാരായ പെണ്ണുങ്ങള്‍ക്ക് മുന്നില്‍ നഗ്നനായി കിടന്നത്, തിരുവോണ ദിവസം വിശന്ന് വലഞ്ഞ് ഭക്ഷണം ഇരന്നത്....
മുലപ്പാല്‍ ഇരന്നകുടിച്ചത്.........അങ്ങനെ അങ്ങനെ അതിശയത്തിനപ്പുറം പലപ്പോഴും കണ്ണീരണിയിച്ച എത്രയെത്ര മുഹൂര്‍ത്തങ്ങള്‍............

ഭ്രൂണഹത്യ മുതല്‍ ഒഴിവുകാലം വരെയുള്ള 153 ഓര്‍മ്മയുടെ ശകലങ്ങള്‍ വായിച്ചുകഴിയുന്പോഴേയ്ക്കും എവിടെയൊക്കെയേ സഞ്ചരിച്ചുവന്നപോലൊരു പ്രതീതി, അതിശയിപ്പിച്ചും ആശങ്കപ്പെടുത്തിയും കരയിച്ചും കടന്നുപോകുന്ന താളുകള്‍.............

അവസാനം 'കൂട്ടുകാരിയ്ക്കെന്ന്' അവന്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന താളില്‍ എത്തിയപ്പോള്‍ വായന കഴിഞ്ഞുപോയെന്ന നിരാശ, സംശയിക്കാനില്ല തീര്‍ച്ചായായും നമ്മള്‍ നിരാശപ്പെടും വീണ്ടും ആ താളുകളിലേയ്ക്ക് തിരിച്ചുപോകും......

മലമുകളിലെ ക്ഷേത്രത്തിലേയ്ക്കുള്ള യാത്രക്കിടയിലാണ് ഞാനവന് ചിദംബരസ്മരണകളെക്കുറിച്ച് പറഞ്ഞുകൊടുത്തത്. നമുക്കിങ്ങനെ adventurous ആകാന്‍ കഴിഞ്ഞില്ലല്ലോയെന്ന് ഞാന്‍ നിരാശപ്പെട്ടു. മുട്ടില്ലാതെ ഉണ്ടും ഉടുത്തും പഠിച്ചും...... അവസാനം കൂട്ടുകാരനായി ഒരാളെകണ്ടുപിടിച്ചുവെന്ന് ചെന്ന് പറഞ്ഞപ്പോള്‍ സന്തോഷത്തോടെ അതും അംഗീകരിച്ച അച്ഛനും അമ്മയ്ക്കും മുന്നില്‍ എനിയ്ക്കൊരിക്കലും adventurous ആകാന്‍ കഴിഞ്ഞില്ല. ഒന്നിനുവേണ്ടിയും വിപ്ലവമുണ്ടാക്കാന്‍ കഴിഞ്ഞില്ല. അവനാകട്ടെ പ്രണയത്തെ എതിര്‍ത്താല്‍ വീട്ടില്‍ വിപ്ലവമുണ്ടാക്കാമെന്ന് കരുതിയിറങ്ങി, പക്ഷേ കേട്ടപ്പഴേ സമ്മതം മൂളി അമ്മ അവനെ തോല്‍പ്പിച്ചു.

ഓര്‍മ്മകളില്‍ നിന്നടര്‍ന്നുമാറി സീറ്റില്‍ ചാരിക്കിടന്ന് വീണ്ടും ഞാന്‍ ചിദംബരസ്മരകളിലേയ്ക്ക് മടങ്ങി. പുസ്തകത്തില്‍ പലേടത്തും എഴുത്തുകാരന്റെ മനസ്സിനൊപ്പം നമുക്ക് ശക്തിയുള്ള സാന്നിധ്യമായി കണ്ടെത്താന്‍ കഴിയുന്ന ഒരാളുണ്ട്, അദ്ദേഹത്തിന്റെ ഭാര്യ വിജയലക്ഷ്മിട്ടീച്ചര്‍. പുസ്തകം നിറയെ ഇരുവരുടെയും സാന്നിധ്യം അര്‍ധനാരീശ്വരശക്തി പോലെയാണ് തോന്നിയത്.

അവസാനം ചിന്തകള്‍ക്കൊടുവില്‍ ഈ വിജയലക്ഷ്മി ടീച്ചറെ സമ്മതിയ്ക്കണം എന്ന് പറഞ്ഞപ്പോള്‍ നിനക്കും ഭാവിയില്‍ വിജയലക്ഷ്മിട്ടീച്ചറെപ്പോലെ ഒരു മാതൃകാഭാര്യയാകാമെന്ന് അവന്റെ കമന്റ്, എന്നിലെ സ്വാര്‍ത്ഥ ഞെട്ടി, മനസ്സില്‍ ആധി കയറി......ആശങ്ക മറച്ച് ഞാന്‍ തട്ടിവിട്ടു. അതിന് താന്‍ ആരാധ്യനായ ബാലചന്ദ്രന്‍ ചുള്ളിക്കാട് അല്ലല്ലോ? ചോദ്യം തീരും മുന്പേ ഗിയറിന് മുകളില്‍ അവന്റെ കൈക്കുള്ളില്‍ക്കിടന്ന് എന്റെ വലംകൈ ഞെരിഞ്ഞമര്‍ന്നു...........

ആ സുഖമുള്ള വേദനയില്‍ ഞാന്‍ വീണ്ടും ചിദംബരസ്മരണകളില്‍ക്കുരുങ്ങി. മെലിഞ്ഞുനീണ്ട് മുഷിഞ്ഞ വസ്ത്രം ധരിച്ച് മദ്യക്കുപ്പിസൂക്ഷിച്ച തോള്‍സഞ്ചിയും തൂക്കി ഒരാള്‍ ഓര്‍മ്മകളുടെ പടലങ്ങളില്‍ കവിതചൊല്ലി നടക്കുന്നു.............. എന്റെ പ്രിയകവി..........

ക്ഷേത്രത്തിനടുത്ത് വണ്ടി നിര്‍ത്തി അവനെന്നെ തട്ടിവിളിച്ചു.......ആകാശം അപ്പോള്‍ ചിദംബരസ്മരണകളുടെ പുറം ചട്ടപോലെ ചുവന്നു തുടുത്തിരുന്നു.......

നിൻ തുറമുഖത്തിലണയുകയാണെൻ
ക്ഷുഭിതയൗവ്വനത്തിൻ ലോഹനൗകകൾ ............. കവിതാശകലം ഞങ്ങള്‍ക്കുചുറ്റും സ്വയം മൂളിക്കൊണ്ടിരുന്നു....

ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങള്‍ക്കായി എപ്പോഴും കാത്തു വെക്കുന്നു- അദ്ദേഹം പറഞ്ഞതെത്രസത്യമാണ്.

-------------------------
ഇത്
എന്റെ പ്രണയത്തില്‍ രക്തച്ചുവപ്പ് ചാലിക്കുന്നവന്

11 അഭിപ്രായങ്ങൾ:

  1. അവനെ ഞാനറിയില്ലെന്റെ ദൈവമേ
    അവനു കാവലാള്‍ ഞാനല്ല ദൈവമേ

    മറുപടിഇല്ലാതാക്കൂ
  2. മറുപടികൾ
    1. അജ്ഞാതന്‍2014, മേയ് 28 6:57 AM

      that's why everyone like short stories than a novel.
      Photos are better than Videos

      ഇല്ലാതാക്കൂ
  3. ഒരു വേള നിശബ്ദമിരുന്നു...
    അകം അലകടല്‍ പോലെ.......
    പ്രിയ കവേ,
    ഞാനിതാ അങ്ങയുടെ പാദങ്ങളില്‍.....
    ഒരനുഗ്രഹം കൊതിച്ച്.......

    മറുപടിഇല്ലാതാക്കൂ
  4. Oh ....great...you got a comment from Chullikkadu !!!!! what else you need????

    anyway all d best for u and ur koottukaran....

    മറുപടിഇല്ലാതാക്കൂ
  5. എന്തിലും ഏതിലും കാമവും അശ്ലീലവും കാനുന്നവര്‍ക്ക് മാത്രമേ ചിദംബരസ്മരണയെ നിന്ദിക്കാനും പുഛ്ച്ചിക്കാനും കഴിയൂ..ഇന്ന് പകല്‍ മാന്യന്‍ മാരുടെ ലോകമാണ്.ബാലചന്ദ്രന്‍ എന്ന ആ മഹാപ്രതിഭയെ അവഗണിക്കുന്നവര്‍ സത്യസന്ധമായി അവരുടെ ജീവിതം പച്ചയായി ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കാന്‍ തയ്യാറാകുമോ..?എങ്കില്‍ ഈ ലോകം എപ്പോള്‍ ചീഞ്ഞു നാറിയെന്നു ചോദിച്ചാല്‍ മതിയാകും...

    മറുപടിഇല്ലാതാക്കൂ
  6. അച്ചടിമഷി പുരണ്ട നാളുകളില്‍ വായിച്ചലിഞ്ഞുു മറന്ന ആ പുസ്തകത്തെ ഓര്‍മ്മ കൊണ്ട് പ്രിയപുസ്തകമാക്കുന്ന
    ഈ വരികള്‍ക്ക് നന്ദി.

    മറുപടിഇല്ലാതാക്കൂ
  7. ormayilennum nilanilkkunna oru vakkund-jeevikkan prerippikkunna 'jeevithampru mahatbuthamanu,orikkalum prateekshikkatha onnu athu ningalkki eppozhum kaathu vaikkunnu'.ivdeum athe sambavichollu checai.nallla santhoshmai

    മറുപടിഇല്ലാതാക്കൂ
  8. ചിദംബരസ്മരണ ഒരിക്കൽ വായിച്ചാൽ പിന്നെ മറക്കില്ല.

    മറുപടിഇല്ലാതാക്കൂ
  9. എടാ, കടമ്മനിട്ടേം സച്ചിദാനന്ദനും ശങ്കരപിള്ളേംഒക്കെ ഓണത്തിന് കുടുംബസമേതം പപ്പടോം പഴോം പായസോം കൂട്ടി സുഖമായിട്ട് സദ്യയുണ്ണും. അവരൊന്നും അപ്പൊ നിന്നെ പറ്റി ഓർക്കൂല. പക്ഷെ ഓണത്തിന് ഉണ്ണാനിരിക്കുമ്പോ എനിക്ക് നിന്നെ ഓർമ്മവരും. നീ വല്ലേടത്തും വിശന്നു നടക്കുമ്പൊ എനിക്ക് എനിക്ക് ചോറ് ഇറങ്ങൂല ബാല-രാധൻ ഈ ഒരൊറ്റ ഡയലോഗ് കൊണ്ട് തന്നെ നമ്മുടെ മനസ്സിൽ pathiyunnu😍🌸🔥

    മറുപടിഇല്ലാതാക്കൂ