2010, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

നിള

ഊഷരമായൊരു മടിത്തട്ടാണ് നീയിപ്പോള്‍,
പണ്ടൊരു നദിയൊഴുകിയ വഴിയെന്നാരോ,
പിറുപിറുത്തിരിക്കുന്നു,
മുഖഛായ മാറി നീ മുറിഞ്ഞുപോയിരിക്കുന്നു.

അന്ന്, ആ കര്‍ക്കിടകത്തില്‍
നീ മദിച്ചുപായുന്നതിനിടെ,
മുത്തശ്ശനെ ധ്യാനിച്ച്,
എള്ളും പൂവിമിട്ടൊരുക്കിയ
ഒരു പിടി വറ്റും ഇലച്ചീന്തില്‍ തന്ന്,
അച്ഛനെന്നെ നിന്നിലേയ്ക്കയച്ചിരുന്നു.

നീ നാഭിച്ചുഴിയിലേയ്ക്ക് വലിച്ചടുപ്പിച്ച്
ഓളക്കൈകള്‍ കഴുത്തില്‍ മുറക്കി
ഒരു വേള ശ്വാസം നിലപ്പിച്ചതാണ്
ആരോ കരയ്ക്കടുപ്പിച്ചിരുന്നു,
ജീവന്‍ തിരിച്ചെന്നിലേയ്ക്കുവന്ന്
തളര്‍ച്ചയിലേയ്ക്ക്,
തൊട്ടുണര്‍ത്തുകയായിരുന്നു.....

ഇന്ന്, ഇപ്പോഴിതാ വീണ്ടും,
നിന്നിലേയ്ക്കായ് വന്നിരിക്കുന്നു,
സ്വന്തം പേരുച്ചരിച്ച് എള്ളും പൂവിമിട്ട്
ഒരു പിടി വറ്റുണ്ട്.......
പക്ഷേ, മനംനിറഞ്ഞു
നീയേറ്റുവാങ്ങുവതെങ്ങനെ?

ആരോ ദുരയില്‍,
കീറിമുറിച്ചിട്ട നിന്റെ നെഞ്ചിടം.....
നടന്നു വലഞ്ഞുപോയിരിക്കുന്നു.
ദൂരെയൊരു പൊട്ടുപോല്‍,
ഒരുതുള്ളി വെള്ളം!

വെറുതെയൊരു മരീചികയാണ്,
ഒഴുക്കും ആഴവുമില്ലാതെ,
നീയെനിയ്ക്കെങ്ങനെ മരണമേകും?
മരണമില്ലാതെങ്ങനെ മോക്ഷമാവും?

തിരിച്ചിനി പിന്നോട്ടില്ല,
വെറുതെ നിന്നിലൂടെ മുന്നോട്ടു നടക്കട്ടെ
അടുത്ത വര്‍ഷംവരെ നടപ്പുനീളട്ടെ.....
മഴപെയ്തു കുളിര്‍ത്തു നീ പരന്നൊഴുകുന്പോള്‍
കൂടെയൊഴുക്കിയേക്കുക

ഇരുണ്ട ചുഴികളൊരുക്കി വലിച്ചടുപ്പിച്ച്
ഇനിയും ജനിമൃതികളില്ലാത്ത
അഗാധതതകളിലേയ്ക്ക്
പുണര്‍ന്നെടുത്തുകൊള്ളുക

നീ നിള, നിള മാത്രമെന്ന് മന്ത്രിച്ച് ,
കയ്യിലീ ആത്മപിണ്ഡവുമായി,
ഞാന്‍ നടക്കുകയാണ്,
ഊഷരമായ ഈ മണല്‍വഴിയില്‍
ഒരു തുള്ളി മോക്ഷത്തിന്റെ നനവു ദാഹിച്ച് .........

7 അഭിപ്രായങ്ങൾ:

  1. നദിയുടെയും തന്റെ തന്നേയും അന്ത്യം തിരിച്ചറിയുന്ന ഈ കവിത നമ്മെ ശക്തമായി പലതും ഓര്‍മിപ്പിക്കുന്നു. കവിത ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  2. പണ്ട് ഇതിലെ ഒരു പുഴയൊഴുകിയിരുന്നു..!!

    മറുപടിഇല്ലാതാക്കൂ
  3. നീ നിള, നിള മാത്രമെന്ന് മന്ത്രിച്ച് ,
    കയ്യിലീ ആത്മപിണ്ഡവുമായി,
    ഞാന്‍ നടക്കുകയാണ്,
    ഊഷരമായ ഈ മണല്‍വഴിയില്‍
    ഒരു തുള്ളി മോക്ഷത്തിന്റെ നനവു ദാഹിച്ച് .........

    നല്ല വരികള്‍ ....
    ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  4. ആരോ ദുരയില്‍,
    കീറിമുറിച്ചിട്ട നിന്റെ നെഞ്ചിടം.....
    നടന്നു വലഞ്ഞുപോയിരിക്കുന്നു.
    ദൂരെയൊരു പൊട്ടുപോല്‍,
    ഒരുതുള്ളി വെള്ളം!

    കവിത ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  5. കവിത നിളയുടെ ദുരന്തവാഹിയായി, സരസ്വതി പോലെ ഇല്ലെന്നാവുമോ ഈ പുഴ?

    മറുപടിഇല്ലാതാക്കൂ
  6. സ്വന്തം പേരുച്ചരിച്ചു എള്ളും പൂവും ഇടണമെങ്കില്‍ തിരുനെല്ലിയിലോ ഗംഗയിലോ തന്നെ പോവണം.....സ്വന്തം ബലിയിടാന്‍ ഈ രണ്ടു സ്ഥലത്തെ പറ്റൂ എന്നാണു കേട്ടത്.......സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  7. മലയാളിയുടെ ഗൃഹാതുര സ്മരണകളില്‍ നിള ഇന്നൊരു നൊമ്പരത്തിന്റെ നൂലായി അവശേഷിക്കുന്നു... ഇത്തവണ നാട്ടില്‍ വന്നപ്പോള്‍ കുറ്റിപ്പുറം പാലത്തിനോട് ചേര്‍ന്ന് വണ്ടി നിര്‍ത്തി കുറച്ചു നേരം നിളയെതന്നെ നോക്കി നിന്നു, നഗനയായി കിടക്കുന്ന നിളയെ! അപ്പോള്‍ എം.ടി.യെകുറിച്ചല്ല ഞാന്‍ ചിന്തിച്ചത്, ഇടശ്ശേരിയെ കുറിച്ചാണ്, കുറ്റിപ്പുറം പാലം അവിടെ തന്നെ തലുയത്തി നില്‍ക്കുന്നു.. താഴെ മെലിഞ്ഞുണങ്ങി ഒരു പാവം പുഴയും... കവിത കാലികപ്രസക്തം.. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ