2010, മാർച്ച് 31, ബുധനാഴ്‌ച

കണ്ണുനീര്‍


ചിലന്പിച്ച മൗനങ്ങള്‍ക്കിടയില്‍
എവിടെയായിരുന്നു
ഈ ഒരു തുള്ളി തേങ്ങല്‍ ഒളിച്ചിരുന്നത്
നെഞ്ചിലിരുന്നു വിങ്ങുകയാണ്
നേര്‍ത്തു നേര്‍ത്തു മരിക്കുന്ന വിതുന്പലുകള്‍

നിലാവിന്റെ നിറമാണെന്ന് പറഞ്ഞ്
നെഞ്ചിലേയ്ക്ക് ചേര്‍ത്ത് അന്ന്
നീ കണ്ണീലേയ്ക്കിറ്റിച്ചു തന്നൊരു തുള്ളി,
തിരഞ്ഞുതിരഞ്ഞു മടുത്തിരുന്നു....

ഇന്ന്, ഇപ്പോള്‍, ഇതാ
വീണ്ടുമെന്റെ കണ്ണില്‍
പിന്നെ നേര്‍ത്തൊരു രേഖയായി കവിളില്‍
പിന്നെയൊടുക്കം കടല്‍ക്കാറ്റിലെ
ഉപ്പിനെയോര്‍മ്മിപ്പിച്ച്
ചുണ്ടിലേയ്ക്ക് വീണ് മൃതിയടഞ്ഞു

നഷ്ടമായിരിക്കുന്നു
ആ അവസാനതുള്ളിയും
ഇനിയാ പഴയ ഉപ്പുകാറ്റില്ല
അതില്‍ ചെറുവില്‍ തൊട്ട്
കണ്ണെഴുതിക്കാന്‍ നീയില്ല

എരിവായിരുന്നു
നീയൊരുക്കിയ മഷിക്കൂട്ടിന്
തിളങ്ങട്ടെയെന്നാശിച്ച്
ഉപ്പുകുറുക്കി
ചെറുവിരല്‍ തൊട്ട്
കണ്ണെഴുതിച്ച വികൃതികള്‍

ഇപ്പോള്‍, കണ്‍തടത്തില്‍
നേര്‍ത്ത ഉപ്പുപരലുകള്‍ പരന്ന്
വികൃതമാകുന്നു.....
വിരല്‍തൊട്ടു ഞാന്‍ രുചിച്ചു
നിന്റെ കണ്ണുനീര്‍......

എന്റെ കണ്ണിലേയ്ക്കന്ന് ഇറ്റു വീണ
നിന്റെ കണ്ണുനീര്‍...
ഞാന്‍ സൂക്ഷിച്ചുവച്ച ആ
ഒരു തുള്ളി കണ്ണുനീര്‍....

6 അഭിപ്രായങ്ങൾ:

 1. എരിവായിരുന്നു
  നീയൊരുക്കിയ മഷിക്കൂട്ടിന്
  തിളങ്ങട്ടെയെന്നാശിച്ച്
  ഉപ്പുകുറുക്കി
  ചെറുവിരല്‍ തൊട്ട്
  കണ്ണെഴുതിച്ച വികൃതികള്‍...........

  മറുപടിഇല്ലാതാക്കൂ
 2. വായിച്ചിട്ട് സങ്കടം വരുന്നു

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2010, ഏപ്രിൽ 1 8:48 PM

  ഇന്ന്, ഇപ്പോള്‍, ഇതാ
  വീണ്ടുമെന്റെ കണ്ണില്‍
  പിന്നെ നേര്‍ത്തൊരു രേഖയായി കവിളില്‍
  പിന്നെയൊടുക്കം കടല്‍ക്കാറ്റിലെ
  ഉപ്പിനെയോര്‍മ്മിപ്പിച്ച്
  ചുണ്ടിലേയ്ക്ക് വീണ് മൃതിയടഞ്ഞു

  Nice.....................

  മറുപടിഇല്ലാതാക്കൂ
 4. എന്താപ്പോ ഇത് ഫുള്‍ ടൈം സെന്റി :(

  മറുപടിഇല്ലാതാക്കൂ
 5. ആദ്യത്തെ രന്ണ്ടു വരി ഉണ്ടാക്കിയ പ്രതീക്ഷ ഒരുപാടു വിശദീകരിച്ചു തകര്‍ത്തു. ഒരുപാട് ആവര്‍ത്തനങ്ങള്‍. ആശയങ്ങളും വാക്കുകളും. ടൈപ്പിംഗ് ഒന്നുകൂടി സൂക്ഷിച്ച്. കവിതക്കു വേരോടാന്‍ പറ്റിയ ഒരു ഹൃദയം സ്വന്തമായുണ്ട്. ഉരുകിയുരുകി തിളക്കട്ടെ അത്.

  മറുപടിഇല്ലാതാക്കൂ